മന്ത്രിമാരേ, മാറ്റുവിൻ ചട്ടങ്ങളെ...

ഏതെങ്കിലുമൊരു ദന്ത ഡോക്ടറുടെയോ ആശുപത്രിയുടെയോ കാരുണ്യം കൊണ്ടല്ല, മുത്തുവിനുമേൽ ചുമത്തപ്പെട്ട അയോഗ്യതയെ യോഗ്യതയാക്കേണ്ടത്. അദ്ദേഹത്തെപ്പോലെ നിരന്തരം പുറന്തള്ളപ്പെടുന്ന മനുഷ്യർക്കുവേണ്ടിയുള്ള നീതിയുടെ പ്രയോഗത്തിലൂടെയായിരിക്കണം. അത് ഒരു ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്.

ട്ടപ്പാടി ആനവായ് ഊരിലെ വനാശ്രിത വിഭാഗത്തിൽ പെട്ട മുത്തു എന്ന യുവാവിന് ഉന്തിയ പല്ലുണ്ട് എന്ന കാരണത്താൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജോലി നിഷേധിക്കപ്പെട്ടത് വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. ഒരുപക്ഷെ, ബ്രിട്ടീഷുകാലം മുതൽ പിന്തുടരുന്ന ഒരു വ്യവസ്ഥ, ഒരുതരം നവീകരണത്തിനും വിധേയമാക്കാതെ മനുഷ്യവിരുദ്ധമായി പിന്തുടരുന്നതിലെ അനീതിയാണ് ഈ ചർച്ചകളിൽ ഉയർന്നുകേട്ടത്.

എന്നാൽ, ഈ ചർച്ചകളൊന്നും നമ്മുടെ ഭരണാധികാരികളുടെ കാതിലെത്തിയിട്ടില്ല എന്നാണ് അവരുടെ സമീപനം വ്യക്തമാക്കുന്നത്. വനംവകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ മുത്തുവിനും കുടുംബത്തിനും ആവോളം സഹതാപം വാരിക്കോരി നൽകി. മുത്തുവിന് ജോലി നൽകുന്ന കാര്യത്തിലുള്ള നിസ്സഹായതയും മന്ത്രി പ്രകടിപ്പിച്ചു. പിന്നാക്കക്ഷേമ വകുപ്പുമന്ത്രിയായ കെ. രാധാകൃഷ്ണൻ ഒരു പടി കൂടി കടന്ന്, ഈ നീതികേടിനെ ന്യായീകരിക്കുകയാണ് ചെയ്തത്. സേനാവിഭാഗങ്ങളിലേക്കുള്ള റിക്രൂട്ടുമെന്റിൽ ഇളവ് അനുവദിക്കുന്നത് മികവിനെയും അച്ചടക്കത്തെയും ബാധിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായം.

മുത്തുവിന്റെ പല്ലിനുള്ള പ്രശ്‌നം ബീറ്റ് ഫോറസ്റ്റ് ഓഫീസർ എന്ന ജോലിക്ക് എങ്ങനെയാണ് തടസമാകുക എന്നതുസംബന്ധിച്ച് പി.എസ്.സിയോ മെഡിക്കൽ വിദഗ്ധരോ സംശയരഹിതമായ ഒരു വിശദീകരണം ഇതുവരെ നൽകിയിട്ടില്ല. തനിക്കുമുന്നിലെത്തിയ ഒരു മാന്വൽ ചട്ടപ്പടി പാസാക്കിവിടുക മാത്രമാണ്, മുത്തുവിനെ പരിശോധിച്ച ഡോക്ടർ ചെയ്തത്. ചികിത്സയിലൂടെ ശരിയാക്കാവുന്ന താൽക്കാലികമായ ഒരു ശാരീരികാവസ്ഥയെ പ്രതിയാക്കി ഒരു യുവാവിനെ ശിക്ഷിക്കുക എന്ന അനീതിയാണ് ഈ വ്യവസ്ഥ പാലിച്ചതിലൂടെ നടപ്പാക്കപ്പെട്ടത്.

വിവേകരഹിതമായി പാലിച്ചുവരുന്ന ഒരു ചട്ടത്തെ മനുഷ്യവകാശപരമായി നവീകരിക്കാനുള്ള അവസരമായി എടുക്കേണ്ടതിനുപകരം, മികവിന്റെയും അച്ചടക്കത്തിന്റെയും ദംഷ്ട്ര പുറത്തെടുക്കുകയാണ് മന്ത്രി ചെയ്തത്. പി.എസ്.എസി മാന്വലിൽ ചൂണ്ടിക്കാട്ടുന്ന ഇത്തരം ശാരീരികപ്രശ്‌നങ്ങൾ എന്തടിസ്ഥാനത്തിലാണ് അതാതുജോലികൾക്കുള്ള അയോഗതായി പരിഗണിക്കപ്പെടുന്നത് എന്ന കാര്യം ശാസ്ത്രീയവും നീതിയുക്തവുമായ ഒരു വീണ്ടുവിചാരത്തിന് വിധേയമാക്കണമെന്ന ആവശ്യമാണ് ഈ മന്ത്രിമാരുടെ പ്രതികരണങ്ങളിലൂടെ റദ്ദാക്കപ്പെട്ടത്.

വനസംരക്ഷണ സേനാനിയമങ്ങളുടെ അടിമുടി പൊളിച്ചെഴുത്തല്ല ഇവിടുത്തെ പ്രശ്‌നം. ആർക്കെങ്കിലും അനർഹമായ ഒരിളവ് നൽകുന്നതുമല്ല. മറിച്ച്, ഒരാളുടെ അർഹത നിഷേധിക്കപ്പെടാനിടയാക്കുന്ന ഒരു വ്യവസ്ഥ പൊളിച്ചെഴുതണം എന്നാണ് ആവശ്യം. അതിലൂടെ, ഭാവിയിലുണ്ടാകാനിടയുള്ള എക്‌സ്‌ക്ലൂഷനുകളെ ഇല്ലാതാക്കുകയും ചെയ്യാം. നിയമന ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നതിലുള്ള നയപരമായ തീരുമാനമാണ് പരിഹാരം. അതേക്കുറിച്ച് ആലോചിക്കുന്നതിനുപകരം, മികവും അച്ചടക്കവും പ്രതിനിധാനം ചെയ്യാൻ മുത്തുവിൻേറതുപോലുള്ള ശരീരങ്ങൾ അയോഗ്യരാണ് എന്ന വരേണ്യപൊതുബോധം നിസ്സംശയം പങ്കിടുകയാണ് മന്ത്രി രാധാകൃഷ്ണനും.

ഇവിടെ, ഒരു വ്യവസ്ഥയാൽ ബഹിഷ്‌കൃതനാക്കപ്പെട്ടിരിക്കുന്നത് ഒരു ആദിവാസി കൂടിയാണ് എന്നതും മറ്റൊരു പ്രധാന പ്രശ്‌നമാണ്. മുത്തുവിന് നിഷേധിക്കപ്പെട്ട ജോലി അതേ വിഭാഗത്തിൽ പെട്ട മറ്റൊരാൾക്കാണ് ലഭിക്കുക എന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറയുന്നത് ഒരു ക്രൂര ഫലിതം കൂടിയാകുന്നുണ്ട്. അനീതി നിറഞ്ഞ ഒരു വ്യവസ്ഥയെ സംരക്ഷിച്ചുനിർത്തുകയെന്ന ഭരണകൂട കൗശലമാണ് മന്ത്രിയുടെ വിശദീകരണത്തിലൊളിഞ്ഞിരിക്കുന്നത്. കീഴാള വിഭാഗങ്ങളുടെ കാര്യത്തിൽ മൗലികമായ പരിഷ്‌കാരങ്ങളുടെ വിഷയം ഉന്നയിക്കപ്പെടുമ്പോഴെല്ലാം, മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും ഭരണകൂടങ്ങളും പ്രകടിപ്പിക്കുക സഹതാപമായിരിക്കും. വ്യവസ്ഥകളെ അതേപടി നിലനിർത്താനുള്ള തന്ത്രങ്ങളാകും അവർ ആരായുക. അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിനും വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മയ്ക്കുമെല്ലാം ഭരണകൂടങ്ങൾ വാരിക്കോരി നൽകിയ സഹതാപം തന്നെ മുത്തുവിനും യഥേഷ്ടം ലഭിച്ചുകൊണ്ടിരിക്കുന്നു. ഏതെങ്കിലുമൊരു ദന്ത ഡോക്ടറുടെയോ ആശുപത്രിയുടെയോ കാരുണ്യം കൊണ്ടല്ല, മുത്തുവിനുമേൽ ചുമത്തപ്പെട്ട അയോഗ്യതയെ യോഗ്യതയാക്കേണ്ടത്. അദ്ദേഹത്തെപ്പോലെ നിരന്തരം പുറന്തള്ളപ്പെടുന്ന മനുഷ്യർക്കുവേണ്ടിയുള്ള നീതിയുടെ പ്രയോഗത്തിലൂടെയായിരിക്കണം. അത് ഒരു ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. സർക്കാർ ജോലി കാരുണ്യമല്ല, തന്റെ അവകാശം തന്നെയാണ് എന്ന് ഉറച്ച വിശ്വാസമുള്ള മുത്തുവിനെപ്പോലുള്ള യുവാക്കളുടെ മുൻകൈയിൽ വേണം അധികാരപ്രയോഗത്തിന്റെ ചട്ടങ്ങൾ തിരുത്തിക്കാനുള്ള സമ്മർദം രൂപപ്പെടേണ്ടത്.

Comments