1998ൽ പട്ടയം ലഭിച്ചിട്ടും രണ്ട് വർഷത്തോളം നികുതിയടച്ചിട്ടും ഭൂമി എവിടെയെന്നറിയാതെ സർക്കാർ ഓഫീസുകൾ കയറിറങ്ങി മടുത്ത ആദിവാസി കുടുംബത്തിന് ആശ്വാസമായിരിക്കുകയാണ് ഹൈക്കോടതിയുടെ വിധി. കേരള ഭൂപരിഷ്കരണ നിയമപ്രകാരം 1996-ൽ പേര്യ വില്ലജിൽ അളവിൽ കവിഞ്ഞ സ്വകാര്യ ഭൂമി സർക്കാർ പിടിച്ചെടുത്തിരുന്നു. മിച്ച ഭൂമിയായി കണക്കാക്കിയ ഈ ഭൂമി പട്ടികവർഗ കുടുംബങ്ങൾക്ക് പതിച്ചു നൽകിയിരുന്നെങ്കിലും 2025-ലും ആ ഭൂമി എവിടെയാണെന്ന് കാണിച്ച് കൊടുക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.സർക്കാർ ഓഫീസുകൾ കയറിയിറങ്ങി മടുത്തതോടെയാണ് 2025 ജനുവരി 16-ന് തോൽപ്പെട്ടി നെടുന്തന ഊരിലെ കാളന്റെ മകൻ എൻ. ദിനേശൻ ഹൈക്കോടതിയെ സമീപിച്ചത്.
മൂന്നാഴ്ചക്കുള്ളിൽ ഭൂമി എവിടെയെന്ന് കാണിച്ചു കൊടുക്കണമെന്നാണ് ഹൈക്കോടതി വിധി. അതായത് ഫെബ്രുവരി 24-നുള്ളിൽ ദിനേശന് അവകാശപ്പെട്ട ഭൂമി അളന്ന് എവിടെയാണെന്ന് കാണിച്ചു കൊടുക്കണം. അങ്ങനെ കൊടുക്കാനായില്ലെങ്കിൽ തഹസിൽദാറക്കം കോടതിയിൽ നേരിട്ട് ഹാജരാവുകയും വേണം. എന്നാൽ ഫെബ്രുവരി മൂന്നിന് അനുകൂല വിധി വന്നിട്ടും ഭൂമി കാണിച്ചു കൊടുക്കാനോ അനുകൂല നടപടി സ്വീകരിക്കാനോ ഉദ്യോഗസ്ഥർ ഇപ്പോഴും തയ്യാറായിട്ടില്ല.