ഭൂമിക്കായി 27 വ‍ർഷം കാത്തിരിപ്പ്, കോടതിവിധി വന്നിട്ടും ഈ ആദിവാസി കുടുംബത്തിന് നീതിയില്ല

1998-ൽ പട്ടയം ലഭിച്ച ഭൂമിക്കായി വയനാട്ടിലെ ആദിവാസി കുടുംബം കയറാത്ത സർക്കാർ ഓഫീസുകളില്ല. ഹൈക്കോടതിയിൽ നിന്ന് അനുകൂലവിധി വന്നിട്ടും ഉദ്യോഗസ്ഥർക്ക് അനക്കമില്ല. 27 വർഷമായിട്ടും ഇവർക്ക് ഭൂമി ഒന്ന് കാണിച്ചുകൊടുക്കാൻ പോലും സർക്കാർ അധികൃതർ തയ്യാറായിട്ടില്ല…

1998-ൽ പട്ടയം ലഭിച്ചിട്ടും ഭൂമി എവിടെയെന്നറിയാതെ സർക്കാർ ഓഫീസുകൾ കയറിറങ്ങി മടുത്ത ആദിവാസി കുടുംബത്തിന് ഒടുവിൽ ആശ്വാസമായിരിക്കുകയാണ് ഹൈക്കോടതിയുടെ വിധി. കേരള ഭൂപരിഷ്കരണ നിയമപ്രകാരം 1996-ൽ പേര്യ വില്ലജിൽ അളവിൽ കവിഞ്ഞ സ്വകാര്യ ഭൂമി സർക്കാർ പിടിച്ചെടുത്തിരുന്നു. മിച്ച ഭൂമിയായി കണക്കാക്കിയ ഈ ഭൂമി പട്ടികവർഗ കുടുംബങ്ങൾക്ക് പതിച്ചു നൽകിയിരുന്നെങ്കിലും 2025-ലും ആ ഭൂമി എവിടെയാണെന്ന് കാണിച്ച് കൊടുക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. വയനാട് മാനന്തവാടിയിലെ തോൽപ്പെട്ടി നെടുന്തന ഊരിലെ കാളന്റെ മകൻ എൻ. ദിനേശനാണ് തനിക്ക് അവകാശപ്പെട്ട ഭൂമി ലഭിക്കാനായി ഓഫീസുകൾ കയറിയിറങ്ങുകയും ഒടുവിൽ ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി നേടുകയും ചെയ്തത്.

പേര്യ വില്ലേജിൽ റീസർവേ 65 \1 ൽ 4.94 ഏക്കറും റീസർവേ 25/1 ൽ ഏഴ് ഏക്കറും മിച്ചഭൂമി മാനന്തവാടി താലൂക്കിലെ കാരുന്തുള്ളിൽ മറിയത്തിൽ നിന്നും സർക്കാർ പിടിച്ചെടുത്തിരുന്നു. 1996 ജൂൺ മൂന്നിന് ജില്ലാ കളക്ടർ പരസ്യം ചെയ്ത് അപേക്ഷ ക്ഷണിച്ചിട്ടാണ് 15 സെന്റ് വീതം 45 പട്ടികവർഗ കുടുംബങ്ങൾക്കും 26 സെന്റ് വീതം 17 പട്ടിക വർഗ കുടുംബങ്ങൾക്കുമായി അന്ന് പട്ടയം നൽകിയിരുന്നത്. 1998-ൽ കിട്ടിയ പട്ടയമനുസരിച്ച് തങ്ങൾക്കവകാശപ്പെട്ട ഭൂമി എവിടെയെന്നറിയാൻ ദിനേശൻ ഒരുപാട് തവണ സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും ഫലമില്ലാതെ വന്നതോടെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ദിനേശന് 1998 ൽ ലഭിച്ച പട്ടയം
ദിനേശന് 1998 ൽ ലഭിച്ച പട്ടയം

തങ്ങൾക്ക് അവകാശപ്പെട്ട ഭൂമി ലഭിക്കാതെ ദിനേശനെ പോലെ അനേകം ആദിവാസികൾ ഇപ്പോഴും കേരളത്തിൽ കഴിയുന്നുണ്ട്. മുത്തങ്ങയിലും ചെങ്ങറയിലും അരിപ്പയിലും നടന്ന ആദിവാസി ഭൂസംഘർഷങ്ങൾക്ക് പരിഹാരം കാണാൻ കേരളത്തിനിനിയും സാധിച്ചിട്ടില്ലെന്നാണ് ദിനേശൻ ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസ് തെളിയിക്കുന്നത്. തങ്ങളുടെ ന്യായമായ അവകാശത്തിന് വേണ്ടി സർക്കാർ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥർക്ക് മുന്നിൽ വർഷങ്ങളോളം യാചിച്ചു നിൽക്കേണ്ടിവരുന്നു എന്നത് അങ്ങേയറ്റം അപഹാസ്യമാണ്.

തനിക്ക് പതിച്ചു കിട്ടിയ ഭൂമി എവിടെയെന്നറിയാൻ ദിനേശനും മകൻ എൻ.ഡി വിനയനും ചേർന്ന് നിയമനടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു. അച്ഛനോടൊപ്പം ഈ ഭൂമി എവിടെയെന്നറിയാൻ ഒരുപാട് തവണ സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും തങ്ങൾക്കനുകൂലമായ മറുപടി ലഭിച്ചിരുന്നില്ലെന്ന് ദിനേശന്റെ മകൻ വിനയൻ ട്രൂ കോപ്പിതിങ്കിനോട് പറഞ്ഞു.

എൻ. ദിനേശൻ
എൻ. ദിനേശൻ

“1996-ലാണ് മാനന്തവാടി താലൂക്ക് പേര്യ വില്ലേജിൽ സർവ്വേ നമ്പർ 25/1 (65/1) പ്രകാരം മിച്ചഭൂമി പിടിച്ചെടുത്തത്. ഈ മിച്ചഭൂമിയാണ് അന്ന് സർക്കാർ എന്റെ അച്ഛനുൾപ്പെടെയുള്ളവർക്ക് വീതിച്ചു നൽകിയത്. അന്ന് കൃത്യമായി രേഖകൾ കൈമാറിയെങ്കിലും ഭൂമി എവിടെയെന്ന് കാണിച്ചു തന്നിട്ടില്ലായിരുന്നു. കുറെ നാളുകളായി ഒരുപാട് ആളുകൾ ഇതിന്റെ പുറകെ നടന്നിട്ടുണ്ട്. വില്ലേജ് ഓഫീസർമാരും തഹസിൽദാറും കൃത്യമായി ഭൂമി കാണിച്ചു കൊടുത്തില്ല. വയനാടിന്റെ പല ഭാഗത്തുള്ള ആളുകൾക്കാണ് അന്ന് പട്ടയം ലഭിച്ചത്. എവിടെയാണ് ഭൂമി എന്ന് കാണിച്ചു കൊടുത്താൽ മാത്രമല്ലേ അവർക്ക് അവിടെ താമസമാക്കി കൃഷി ചെയ്യാനോ വേറെ എന്തെങ്കിലും ചെയ്യാനോ പറ്റുകയുള്ളൂ. ഒരുപാട് വർഷം അച്ഛൻ നടന്നു. പിന്നീട് ഞാനും ഇതിന്റെ പുറകെ പോകാൻ തീരുമാനിച്ചു. കാരണം ഒരു 15 സെന്റ് ഭൂമി കിട്ടുക എന്നത് ഞങ്ങളെ സംബന്ധിച്ച് വലിയ കാര്യം തന്നെയാണ്. ഒരുപാട് തവണ ഞാൻ വില്ലേജ് ഓഫീസിലും മറ്റും പോയി നോക്കി. ഉദ്യോഗസ്ഥരിൽ നിന്ന് ഒരിക്കലും പോസിറ്റീവായ മറുപടിയല്ല ലഭിച്ചത്. ഇന്നുവാ, നാളെ വാ, ഞങ്ങൾക്കറിയില്ല എന്ന് തുടങ്ങുന്ന മറുപടികളാണ് നിരന്തരം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായത്. പേര്യ വില്ലേജിൽ പോയാലും കാര്യങ്ങൾക്ക് വ്യത്യാസമുണ്ടായിരുന്നില്ല. ഏകദേശം 60 കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് ഞങ്ങൾ സർക്കാർ ഓഫീസുകളിലെത്തിയത്. ഇത്രയും ദൂരം പോവുമ്പോൾ ഒരു ദിവസത്തെ പണിമുടങ്ങും. വലിയ സാമ്പത്തിക ചെലവാണിത്. എന്നിട്ടും നിരവധി തവണ പേര്യ വില്ലജ് ഓഫീസിലും മാനന്തവാടി താലൂക്കിലും ഈ ആവശ്യത്തിനായി പോയിട്ടുണ്ട്. എന്നിട്ടും ഈ ഭൂമി കൈവശമാക്കി തരാനുള്ള ശ്രമം തഹസിൽദാറിന്റെ ഭാഗത്ത് നിന്നോ പേര്യ വില്ലേജ് ഓഫീസറുടെ ഭാഗത്തുനിന്നോ ഉണ്ടായിട്ടില്ല. അങ്ങനെയാണ് കേസിന് പോകുന്നത്.” - വിനയൻ പറഞ്ഞു.

വിനയൻ
വിനയൻ

ദിനേശനെയും വിനയനെയും പോലെ നിരവധി പേർ തങ്ങൾക്കവകാശപ്പെട്ട ഭൂമി എവിടെയെന്നറിയാതെ ഉദ്യോഗസ്ഥ തലത്തിലുള്ള അവഗണനയും മോശം സമീപനവും കാരണം ഇപ്പോഴും മൂന്നും നാലും സെന്റിലെ കൂരകളിൽ കഴിയുന്നുണ്ട്. കേരളം വലിയ തോതിൽ മാറിയെന്നും കേരളീയരുടെ ജീവിത നിലവാരം ഉയർന്നെന്നും രാഷ്ട്രീയ നേതാക്കൾ നിരന്തരം പറയുമ്പോഴും ഇവിടുത്തെ ആദിവാസി സമൂഹം ഇപ്പോഴും അവരുടെ അവകാശങ്ങൾക്കായുള്ള ഓട്ടത്തിലാണ്. ദിനേശന്റെ കേസ് കണ്ട ഹൈക്കോടതി ജഡ്ജി പോലും തനിക്ക് ഈ സംഭവം കേട്ടപ്പോൾ സങ്കടമാണ് ഉണ്ടായതെന്നും എന്തിനാണ് ഈ വകുപ്പുകളെന്ന് സർക്കാർ വക്കീലിനോട് ചോദിക്കുകയുമാണ് ചെയ്തതെന്ന് ഹൈക്കോടതിയിൽ ഹാജരായ അഡ്വ. പി.കെ ശാന്തമ്മ ട്രൂ കോപ്പിതിങ്കിനോട് പറഞ്ഞു.

ദിനേശനടക്കമുള്ളവർക്ക് പിടിച്ചെടുത്ത മിച്ച ഭൂമി പതിച്ചു നല്കുന്നതിനായി 1996 ൽ ഇറക്കിയ സർക്കുലർ
ദിനേശനടക്കമുള്ളവർക്ക് പിടിച്ചെടുത്ത മിച്ച ഭൂമി പതിച്ചു നല്കുന്നതിനായി 1996 ൽ ഇറക്കിയ സർക്കുലർ

“1998-ലാണ് ഭൂമി ഇവരുടെ പേരിലാക്കിയുള്ള പട്ടയം നൽകിയത്. എന്നാൽ ഇത്രയും വർഷമായിട്ടും ഇവർക്ക് ഭൂമി കാണിച്ചു കൊടുക്കുകയോ ഒന്നും ചെയ്തിട്ടില്ല. തഹസിൽദാറിന്റെ ഓഫീസിലും വില്ലേജ് ഓഫീസിലുമാണ് പിന്നീട് ബന്ധപ്പെടേണ്ടത്. ഓഫീസുകൾ കയറിയിറങ്ങിയിട്ടും ഒന്നും നടക്കാതായതോടെ പട്ടയം ലഭിച്ചവരെല്ലാം ശ്രമം ഉപേക്ഷിക്കുകയാണ് ഉണ്ടായത്. ഇപ്പോൾ ഹൈക്കോടതിയിൽ കേസുമായെത്തിയ എൻ. ദിനേശൻ മാത്രമാണ് പിന്തിരിയാതെ മുന്നോട്ട് പോയത്. വളരെ മോശം അനുഭവമാണ് അദ്ദേഹത്തിനുണ്ടായത്. ഇത്രയും വർഷം അവരെ ഉദ്യോഗസ്ഥർ നടത്തിക്കുകയായിരുന്നു. അങ്ങനെയാണ് അവർ എന്റെ അടുത്ത് എത്തുന്നത്. ആദ്യ ഘട്ടത്തിൽ കളക്ടർക്കും തഹസിൽദാർക്കും വില്ലേജ് ഓഫീസർക്കും അപേക്ഷ നൽകാൻ പറഞ്ഞു. 2024 ഏപ്രിൽ മാസത്തിൽ അപേക്ഷ നൽകുകയും ചെയ്തു. അതിനും ഒരു മറുപടിയും ലഭിക്കാതായതോടെ വീണ്ടും കത്ത് അയച്ചു. രണ്ടാം തവണ 2024 ഒക്ടോബർ പത്തിന് സർക്കാർ റവന്യൂ വകുപ്പിലേക്കും കൂടി കത്തയച്ചു. കളക്ടർക്കും തഹസിൽദാർക്കും വില്ലേജ് ഓഫീസർക്കും വീണ്ടും കത്തയച്ചു. അതിനിടെ ദിനേശനെ പാമ്പു കടിക്കുകയും ജോലിക്ക് പോകാൻ കഴിയാതാവുകയും ചെയ്തു. എന്നിട്ടും ഭൂമി അന്വേഷിച്ച് ഓഫീസുകളിൽ പോകുമ്പോഴെല്ലാം ഉദ്യോഗസ്ഥരിൽ നിന്ന് മനുഷ്യത്വപരമായ ഒരു സമീപനവും ഉണ്ടായില്ല. അങ്ങനെയാണ് 2025 ജനുവരി 16 ന് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുന്നത്. ഈ കേസ് കണ്ടിട്ട് വളരെ സങ്കടം തോന്നുന്നുവെന്നാണ് ആദ്യ ഹിയറിങ്ങിൽ തന്നെ ജഡ്ജി പറഞ്ഞത്. എന്തിനാണ് ഈ വകുപ്പെന്നും ജഡ്ജി സർക്കാർ വക്കീലിനോട് ചോദിച്ചു. അന്ന് കോടതി, സർക്കാർ വക്കീലിന് രണ്ടാഴ്ച സമയം നൽകുകയും രണ്ടാഴ്ച കൊണ്ട് പോസിറ്റീവായ ഉത്തരം ലഭിക്കണമെന്ന് പറയുകയും ചെയ്തു. പിന്നീട് ഫെബ്രുവരി മൂന്നിന് കേസ് വീണ്ടും എത്തിയപ്പോഴും വക്കീലിന് കാര്യമായ മറുപടിയൊന്നുമില്ലായിരുന്നു. അപ്പോഴാണ് ജഡ്ജി മൂന്നാഴ്ചക്കുള്ളിൽ ഈ ഭൂമി അളന്ന് പരാതിക്കാരന് നൽകണമെന്ന് പറഞ്ഞത്. അഥവാ മൂന്നാഴ്ചക്കുള്ളിൽ അളന്ന് നൽകിയില്ലെങ്കിൽ തഹസിൽദാർ കോടതിയിൽ നേരിട്ട് ഹാജരാകണമെന്നും നിർദേശിച്ചു. ഒരാൾക്ക് പോലും ഭൂമി കിട്ടിയില്ലെന്നതാണ് സങ്കടകരം. ഭൂമി കിട്ടുകയെന്നത് ഇവരുടെ അവകാശമായിട്ട് കൂടി വളരെ മോശമായാണ് ഉദ്യോഗസ്ഥർ പെരുമാറിയത്. - അഡ്വ. പി.കെ ശാന്തമ്മ വിശദീകരിച്ചു.

ദിനേശനോടൊപ്പം 45 പേർക്ക് 15 സെന്റ് വീതവും 17 പേർക്ക് 26 സെന്റ് വീതവും അന്ന് പട്ടയം നൽകിയിട്ടുണ്ട്. അവരിൽ ദിനേശൻ മാത്രമാണ് അവകാശപ്പെട്ട ഭൂമി എവിടെയെന്ന് അന്വേഷിച്ച് കോടതിയിലെത്തിയത്. ബാക്കിയുള്ള മനുഷ്യരത്രയും ഉദ്യോഗസ്ഥരുടെ മോശം സമീപനം കാരണം ഭൂമി വേണ്ടെന്ന് വെച്ചതാകാമെന്നും അഡ്വ. പി.കെ ശാന്തമ്മ പറഞ്ഞു. ഇനിയും അവർക്ക് പോലെ വില്ലജ് ഓഫീസുമായി ബന്ധപ്പെടാമെന്നും ഉദ്യോഗസ്ഥർ മോശം സമീപനം തുടർന്നാൽ ദിനേശന്റെ കേസ് കാണിച്ച് കോടതിയിൽ സമാന ഉത്തരവിന് കേസ് ഫയൽ ചെയ്യാമെന്നും അഡ്വ. പി.കെ ശാന്തമ്മ കൂട്ടിച്ചേർത്തു.

ദിനേശന് മൂന്നാഴ്ചക്കുള്ളിൽ ഭൂമി നൽകണമെന്ന ഹൈക്കോടതി വിധി
ദിനേശന് മൂന്നാഴ്ചക്കുള്ളിൽ ഭൂമി നൽകണമെന്ന ഹൈക്കോടതി വിധി

“ഭൂമി പതിച്ചു കൊടുക്കുകയും പട്ടയം കൊടുക്കുകയും ചെയ്തിട്ടും ഭൂമി കാണിച്ചു കൊടുക്കാൻ പറ്റില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. മിച്ചഭൂമിയായി ഭൂമി പിടിച്ചിട്ടുണ്ടെങ്കിൽ അത് അവിടെ തന്നെ ഉണ്ടാവണമല്ലോ, അതൊന്ന് അളന്നെടുത്ത് കൊടുക്കാനാണ് ഈ ഉദ്യോഗസ്ഥർക്ക് ബുദ്ധിമുട്ട്. ഭൂമി കിട്ടുമെന്നറിഞ്ഞ് ഈ മനുഷ്യർ എത്ര തവണ നടന്നിട്ടുണ്ടാകും. ഗതികെട്ടാണ് ഇവരിൽ പലരും ശ്രമം ഉപേക്ഷിച്ചത്. സർക്കാർ ശമ്പളം വാങ്ങി ഓഫീസുകളിൽ ഇരിക്കുന്ന ഉദ്യോഗസ്ഥരുടെ ജോലിയാണ് പട്ടയം ലഭിച്ച ഭൂമി കാണിച്ചു കൊടുക്കുക എന്നുള്ളത്. അവർ എന്തുകൊണ്ടാണ് ഭൂമി കാണിച്ചു കൊടുക്കാത്തതെന്ന് മനസ്സിലാകുന്നില്ല. ഇതിപ്പോ വ്യക്തമായ കേസാണ്. 1991-ൽ ആരംഭിച്ച സംഭവമാണിത്. 1992-ലാണ് ഭൂമി നൽകുന്നതിന്റെ ആദ്യ നടപടികൾ ആരംഭിക്കുന്നത്. 1998-ൽ ഭൂമി പതിച്ചു കൊടുക്കകയും പട്ടയം കൊടുക്കുകയും ചെയ്തിട്ടും ഭൂമി കാണിച്ചു കൊടുക്കാൻ പറ്റില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. ഒരാൾ മാത്രമാണ് പട്ടയം ലഭിച്ച ഭൂമി കിട്ടണമെന്ന് കാണിച്ച് കോടതിയെ സമീപിച്ചതെങ്കിലും അന്ന് പട്ടയം ലഭിച്ചവർക്കെല്ലാം തങ്ങളുടെ ഭൂമി കാണിച്ചു തരണമെന്ന് കാണിച്ച് വില്ലേജ് ഓഫിസുമായി ബന്ധപ്പെടാനാകും. അവരെയും ഇത് പോലെ നടത്തിക്കുകയാണെങ്കിൽ അവർക്ക് കോടതിയെ സമീപിക്കാനാകും.” - അഡ്വ.പി.കെ ശാന്തമ്മ പറഞ്ഞു.

നിലവിൽ കോടതി മൂന്നാഴ്ച സമയമാണ് നൽകിയിരിക്കുന്നത്. അതായത് ഫെബ്രുവരി 24-നുള്ളിൽ ദിനേശന് അവകാശപ്പെട്ട ഭൂമി അളന്ന് എവിടെയാണെന്ന് കാണിച്ചു കൊടുക്കണം. അങ്ങനെ കൊടുക്കാനായില്ലെങ്കിൽ തഹസിൽദാറക്കം കോടതിയിൽ നേരിട്ട് ഹാജരാവുകയും വേണം. കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് ലഭിച്ചെങ്കിലും ഫെബ്രുവരി മൂന്ന് കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടെങ്കിലും ഇപ്പോഴും തഹസിൽദാറോ മറ്റ് ഉദ്യോഗസ്ഥരോ തങ്ങളെ ബന്ധപ്പെട്ടില്ലെന്നും വിനയൻ പറഞ്ഞു.

“മൂന്നാം തീയതിയിലെ ഹൈക്കോടതി വിധിപ്രകാരം, വിധി നടപ്പിലാക്കി കൊണ്ട് പേര്യ വില്ലേജ് (25/1) നമ്പർ പ്രകാരമുള്ള ഭൂമി എന്റെ പേരിൽ അളന്ന് തിട്ടപ്പെടുത്തി രേഖകൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഞങ്ങൾ വില്ലേജിൽ പുതിയൊരു അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ ഇതുവരെയും അനുകൂല നടപടി ഉണ്ടായിട്ടില്ല,” വിനയൻ പറഞ്ഞു.

Comments