കെട്ടിയൊരുക്കുന്നവർ അറിയാൻ, ഞങ്ങളുടെ വിദ്യാഭ്യാസവും തൊഴിലും പ്രതിസന്ധിയിലാണ്; ആദിവാസി ഗവേഷക വിദ്യാർഥി എഴുതുന്നു

‘‘ഞങ്ങളുടെ മണ്ണും വിദ്യാഭ്യാസവും തൊഴിലുമെല്ലാം പ്രതിസന്ധിയിലാവുന്നിടത്ത്, ഞങ്ങളെ കെട്ടിയൊരുക്കിക്കൊണ്ടുവന്ന് നിർത്തി, ഞങ്ങളുടെ ചിത്രങ്ങൾ കൗതുകങ്ങളായി പകർത്തുന്നവരോട് ഒന്നേ പറയാനുള്ളൂ, ഞങ്ങൾ മരിച്ചുതീർന്നവരല്ല, ഞങ്ങൾക്കുവേണ്ടത് മ്യൂസിയങ്ങളല്ല, മറിച്ച് വിദ്യാഭ്യാസവും ആരോഗ്യവും അടിസ്ഥാന സൗകര്യങ്ങളുമാണ്.’’- ഊരാളി ആദിവാസി വിഭാഗത്തിൽനിന്നുള്ള ഗവേഷക വിദ്യാർഥി അജിത്ത് ശേഖരൻ എഴുതുന്നു.

മേളകൾ, സംസ്‍കാരിക ഇടങ്ങൾ എന്നിവയിൽ ഗോത്ര ജനതയുടെ അറിവുൽപ്പാദനത്തിന്റെ വിവിധ തലങ്ങളെ ഉൾക്കൊള്ളിക്കാൻ പ്രാപ്തമാണ് ഈ കാലഘട്ടം. എന്നിട്ടും, കൗതുകകരമായ കാഴ്ചകളുടെ, നോട്ടങ്ങളുടെ അപരവത്ക്കരണത്തിൽനിന്ന് ഈയൊരു ജനതയെ മുക്തമാക്കുന്നത്തിനുള്ള പ്രയത്നത്തിനായി ഏത് പ്രത്യയശാസ്ത്രത്തിന്റെ പുസ്തകവുമായാണ് ഞങ്ങൾ തെരുവിലിറങ്ങേണ്ടത്?

അനന്തമായ സാധ്യതകളെ പരിപോഷിപ്പിക്കുന്നതിൽ നിന്ന് ഭിന്നമായി, ആദിവാസി ശരീരങ്ങളെയും അവരുടെ കുടിലുകളെയും ടൂറിസവത്ക്കരിച്ചും മ്യൂസിയം പീസുകളാക്കിയും കണ്ട് ആസ്വദിക്കുന്ന സമീപനം മാറേണ്ടതുണ്ട്. മണ്ണിനും, വിദ്യാഭ്യാസത്തിനും, തൊഴിലിനും വേണ്ടി ഒരു വിഭാഗം തെരുവിൽ അവകാശസമരവുമായി നിൽക്കുമ്പോൾ മറുവശത്ത് മ്യൂസിയങ്ങൾക്കുള്ളിൽ വെക്കാനുള്ള ശരീരങ്ങളെ കണ്ടെത്തുക എന്ന ദൗത്യമാണ് നടക്കുന്നത്.

ആദിവാസി ശരീരങ്ങളെയും അവരുടെ കുടിലുകളെയും ടൂറിസവത്ക്കരിച്ചും മ്യൂസിയം പീസുകളാക്കിയും കണ്ട് ആസ്വദിക്കുന്ന സമീപനം മാറേണ്ടതുണ്ട്

ഗവേഷണ പഠനത്തിന് ലഭിക്കേണ്ട ഇ- ഗ്രാൻ്സ് തുകക്ക് സർവകലാശാലാ വിദ്യാർത്ഥികൾ നടത്തിയ ‘പയ്ക്കിഞ്ചന’ സമരവും സ്കൂൾ- കോളേജ് വിദ്യാർഥികളെ ഉൾക്കൊള്ളിച്ച് ആദി സമ്മർ സ്കൂൾ നടത്തിയ സമരവും ഇവിടെ പ്രസക്തമാണ്.
ഇ -ഗ്രാന്റ്സ് വിതരണത്തിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന ഗവേഷകർ നടത്തിയ സെക്രട്ടേറിയറ്റു സമരത്തിന്റെ ഭാഗമായി മന്ത്രി കെ.രാധാകൃഷ്ണനെ കണ്ട, ഈ ലേഖകനടക്കമുള്ള വിദ്യാർഥികളെ മന്ത്രി ചില കാര്യങ്ങൾ ‘ബോധ്യപ്പെടുത്തുക’യുണ്ടായി. എട്ടും ഒൻപതും മാസത്തോളം ഫെല്ലോഷിപ്പ് കിട്ടാതെ വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും അധ്യാപകരുടെയും കയ്യിൽ നിന്ന് കടം വാങ്ങി തിരിച്ചുകൊടുക്കാൻ പറ്റാത്ത അവസ്ഥയിലായ ആ വിദ്യാർഥികൾ മന്ത്രിയെ കണ്ട അനുഭവം തുറന്നെഴുതിയിട്ടുണ്ട്.

തങ്ങളുടെ ഭീകരമായ സാമ്പത്തിക പ്രതിസന്ധി, അക്കാദമിക രംഗത്ത് അനുഭവിക്കുന്ന മാറ്റിനിർത്തൽ, മാനസിക പ്രയാസങ്ങൾ എന്നിവ മന്ത്രിയുമായി ചർച്ച ചെയ്യാനാണ് ഞങ്ങൾ പോയതെങ്കിലും അദ്ദേഹം വിദ്യാർഥികളുടെ പേരുവിവരങ്ങൾ, ഭൂമി വിവരങ്ങൾ, അതിൽനിന്നുള്ള വരുമാനം, രക്ഷിതാക്കളുടെ തൊഴിൽ വിവരങ്ങൾ, അതിൽ നിന്നുള്ള വരുമാനം തുടങ്ങിയ കാര്യങ്ങളാണ് കൃത്യമായി ചോദിച്ച് മനസ്സിലാക്കിയത്.

ഗവേഷണ പഠനത്തിന് ലഭിക്കേണ്ട ഇ- ഗ്രാൻ്സ് തുകക്ക് സർവകലാശാലാ വിദ്യാർത്ഥികൾ നടത്തിയ പയ്ക്കിഞ്ചന സമരം

ഒരു വിദ്യാർത്ഥിയു​ടെ അച്ഛൻ മുമ്പ് ഗൾഫിൽ ഡ്രൈവറായിരുന്നു. അതു കേട്ടപ്പോൾ, അച്ഛൻ ഗൾഫിലായിരുന്നതുകൊണ്ട് നിങ്ങൾക്ക് ഭൂമിയുണ്ടാകും, അതിൽ കൃഷിയുമുണ്ടാകുമല്ലോ എന്ന് മന്ത്രി അനുമാനിച്ചു​.
41 സെന്റ് ഭൂമിയുണ്ട് ഈ വിദ്യാർഥിക്ക്.
'തെങ്ങ് നട്ടിട്ടുണ്ട് എന്നും വരുമാനം കിട്ടുന്ന തരത്തിൽ വളർന്നിട്ടില്ല' എന്നും അവൻ ഉത്തരം പറഞ്ഞു.
'അതിൽ കൃഷി ചെയ്യണം, അതിലൂടെ നല്ല വരുമാനം ലഭിക്കും’ എന്നായിരുന്നു മന്ത്രിയുടെ ഉപദേശം.
ഒരു വിദ്യാർത്ഥിനിയുടെ അച്ഛൻ ബി.എസ്.എൻ.എല്ലിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ്. ‘അച്ഛന് നല്ല പെൻഷൻ കിട്ടുന്നില്ലേ’ എന്നാണ് മന്ത്രി ആ വിദ്യാർഥിനിയോട് ചോദിച്ചത്.
അച്ഛൻ രോഗിയായതിനാൽ ചികിത്സയ്ക്ക് പെൻഷൻ പണം തികയുന്നില്ല എന്ന് അവർ പറഞ്ഞപ്പോൾ, അമ്മയെക്കുറിച്ചായി ചോദ്യം. അമ്മ പാരമ്പര്യമായി സർപ്പക്കളത്തിന് പോകുന്നയാളാണ്, ഇപ്പോൾ, വല്ലപ്പോഴും മാത്രം ലഭിക്കുന്ന സർപ്പപാട്ടിന് പോകുന്നു. കളമെഴുത്തുപാട്ടിന് പോയാൽ നല്ല പൈസ കിട്ടുമല്ലോ എന്നായി അപ്പോൾ മന്ത്രി.
അച്ഛന് കൂലിപ്പണി, അമ്മ പണിക്ക് പോകുന്നില്ല, ഏട്ടൻ റെയിൽവേ ഉദ്യോഗസ്ഥൻ ആണെന്ന് മറ്റൊരു വിദ്യാർഥി പറഞ്ഞപ്പോൾ, റെയിൽവേയിലെ ലോക്കോ പൈലറ്റിന് നല്ല ശമ്പളം കിട്ടില്ലേ, ധൈര്യമായി പൈസ ചോദിച്ച് വാങ്ങണം എന്നായിരുന്നു മന്ത്രിയുടെ ഉപദേശം.
വർഷങ്ങളായി പണമില്ലാത്തതുമൂലം പല ഗവേഷക വിദ്യാർത്ഥികളും കടുത്ത മാനസിക ബുദ്ധിമുട്ടിലാണെന്ന് പറഞ്ഞപ്പോൾ, 'അങ്ങനെ​യൊന്നുമില്ല, അങ്ങനെയൊക്കെ മാനസിക സമ്മർദ്ദങ്ങളുണ്ടാകുമോ, ഇതൊക്കെ എന്ത് മാനസിക പ്രയാസം' എന്ന മറുപടിയാണ് ലഭിച്ചത്.
വിദ്യാർഥികളുടെ കുടുംബപരിസരവും സാമ്പത്തിക സ്ഥിതിയുമെല്ലാം ചോദിച്ചറിഞ്ഞ്, നിങ്ങൾക്ക് വലിയ പ്രശ്നങ്ങൾ ഇല്ല എന്ന് വിധിയെഴുതുകയായിരുന്നു മന്ത്രി. ‘ജോലിയുള്ള വീട്ടുകാർ നമ്മളെ സഹായിക്കില്ലേ’ എന്നാണ് അദ്ദേഹം ചോദിച്ചത്.

മന്ത്രി കെ. രാധാകൃഷ്ണൻ

കുടുംബസാഹചര്യം അളന്ന്, ഗവേഷണം തീരുന്ന പക്ഷം നിങ്ങളും എങ്ങനെ അഴിമതി ചെയ്യാം എന്ന ആലോചനയിലെത്താമെന്നും ധൂർത്തിനു വേണ്ടിയാണ് അധിക പണവും ചെലവഴിക്കുന്നത് എന്നുമുള്ള വകുപ്പ് മന്ത്രിയുടെ ആലോചന തീർത്തും നിരാശാജനകമായ അനുഭവമാണ് ഞങ്ങൾക്ക് സമ്മാനിച്ചത്. ഇതിൽനിന്ന് ഒരു കാര്യം വ്യക്തമായിരുന്നു; ഗവേഷകർ അടക്കമുള്ള വിദ്യാർഥികളുടെ മേലുള്ള അനിശ്ചിതത്വം നിറഞ്ഞ ഇടപെടൽ താഴെക്കിടയിലെ അധികാരശ്രണിയിൽ നിന്ന് രൂപപ്പെടുന്നതല്ല. മറിച്ച് പൊതുവായ ധാരണകളിൽ നിന്ന് രൂപപ്പെട്ടുവരുന്നതാണ്. ഒരു ജന സമൂഹത്തെ കാടുമായി ബന്ധപ്പെടുത്തി കാണാനും നിലനിർത്താനും വ്യഗ്രത കാണിക്കുന്ന അധികാരരൂപീകരണത്തെ ഭയത്തോടെയല്ലാതെ നോക്കിക്കാണാനാവുന്നില്ല.

ഗവേഷണം കഴിഞ്ഞിട്ടും തൊഴിൽ ലഭിക്കാത്തതിനെക്കുറിച്ച് ഒരു ഗവേഷക വിദ്യാർത്ഥി ‘കേരളീയ’ത്തിൽ ചോദിച്ചതിനുള്ള മ​ന്ത്രി കെ. രാധാകൃഷ്ണന്റെ ഉത്തരം ഇതിൽ നിന്ന് വിഭിന്നമായിരുന്നില്ല: ‘‘എസ്.സി- എസ്.ടി മാത്രമല്ലല്ലോ പിഎച്ച്.ഡി കഴിഞ്ഞത്, പിഎച്ച്.ഡി കഴിഞ്ഞ മറ്റു ആളുകൾക്കെല്ലാം ജോലി കിട്ടിയോ, നമ്മുടെ സമൂഹത്തെക്കുറിച്ചും ചിന്തിക്കണം.’’

ഗവേഷണ പഠനത്തിന് ലഭിക്കേണ്ട ഇ ഗ്രാൻ്സ് തുകക്ക് സർവകലാശാലാ വിദ്യാർത്ഥികൾ നടത്തിയ പൈക്കിഞ്ചന സമരം

ഗവേഷണം കഴിഞ്ഞവർക്കെല്ലാം ജോലി കിട്ടിയ മാത്രമേ ആ ഗവേഷക ഉന്നയിച്ച ചോദ്യം പ്രസകതമാവുകയുള്ളൂ എന്ന മന്ത്രിയുടെ കണ്ടെത്തൽ ഞെട്ടിപ്പിക്കുന്നതാണ്. ജാതി വാലും ലക്ഷങ്ങളുടെ കണക്കും വെച്ച് നിയമനം നടത്തുകയും സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം കൈപ്പറ്റുകയും ചെയ്യുന്ന എയ്ഡഡ് മേഖലയിൽ എസി. എസ്. ടി, മറ്റ് അർഹവിഭാഗങ്ങൾക്ക് പ്രാതിനിധ്യം കൊടുത്താൽ തീരുന്ന ഒരു പ്രശ്നം മാത്രമണിതെന്ന തിരിച്ചറിവ് എന്നാണുണ്ടാവുക? എന്നാണ്, അതിനൊരു പരിഹാരമുണ്ടാകുക? ഇവിടെ ആ തിരിച്ചറിവും പരിഹാരവുമുണ്ടാകുന്നില്ല എന്നുമാത്രമല്ല, ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികളുടെ ആവശ്യങ്ങൾ കാണാതിരിക്കുകയും അതേസമയം, പൂർവിക ശരീരങ്ങളെന്ന നിലയിൽ അവരെ പ്രദർശന വസ്തുക്കളാക്കുകയും അത് പാരമ്പര്യമാണെന്നും പൈത്രികമാണെന്നും വിശ്വസിപ്പിക്കുകയും അതിൽ അഭിരമിക്കുകയും ചെയ്യുന്നു. വ്യവസ്ഥാപിതമായ ഇത്തരം ഹൈറാർക്കികളെ ചോദ്യം ചെയ്യേണ്ടതുണ്ട്. ഒപ്പം, ഫോക് ലോർ അക്കാദമിയോടുള്ള പ്രതിഷേധവും അറിയിക്കുന്നു.

ഞങ്ങളുടെ മണ്ണും വിദ്യാഭ്യാസവും തൊഴിലുമെല്ലാം പ്രതിസന്ധിയിലാവുന്നിടത്ത്, ഞങ്ങളെ കെട്ടിയൊരുക്കിക്കൊണ്ടുവന്ന് നിർത്തി, ഞങ്ങളുടെ ചിത്രങ്ങൾ കൗതുകങ്ങളായി പകർത്തുന്നവരോട് ഒന്നേ പറയാനുള്ളൂ, ഞങ്ങൾ മരിച്ചുതീർന്നവരല്ല, ഞങ്ങൾക്കുവേണ്ടത് മ്യൂസിയങ്ങളല്ല, മറിച്ച് വിദ്യാഭ്യാസവും ആരോഗ്യവും അടിസ്ഥാന സൗകര്യങ്ങളുമാണ്.

Comments