‘അതിദരിദ്രരില്ലാത്ത
കേരള’ത്തോട്
ആദിവാസികളും
ദലിതരും പറയുന്നത്…

തൊഴിലില്ലായ്മയും ഭൂരാഹിത്യവും വികലമായ വികസനനയങ്ങളും മുതൽ പ്രകൃതിക്ഷോഭവും കാലാവസ്ഥാ വ്യതിയാനവുമെല്ലാം അതിദാരിദ്ര്യവൽക്കരണത്തിന് വഴിവെക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, അതിദാരിദ്ര്യനിർമ്മാർജനത്തിനുള്ള മാനദണ്ഡങ്ങൾ ഏതാനും ഘടകങ്ങളിലേക്ക് ചുരുക്കുകയല്ല, ശാസ്ത്രീയമായി വികസിപ്പിക്കുകയാണ് വേണ്ടത്.

News Desk

കേരളം അതിദാരിദ്രമുക്തമായി നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. വിശദമായ മാർഗരേഖയുടെ പാശ്ചാത്തലത്തിൽ, ജനകീയ പങ്കാളിത്തത്തോടെയുള്ള സർവേ നടത്തിയാണ് അതിദരിദ്രരുടെ പട്ടിക തയ്യാറാക്കിയത് എന്നാണ് സർക്കാർ അവകാശവാദം. തദ്ദേശ വിവരശേഖരണത്തിലൂടെ 1,18,309 കുടുംബങ്ങളെ കണ്ടെത്തുകയും വാർഡുതല സമിതികളുടെ ശുപാർശയോടെ ഇത് 87,158 കുടുംബങ്ങളായി ചുരുക്കുകയും സൂക്ഷ്മപരിശോധനയിൽ 73,747 കുടുംബങ്ങളുടെ മുൻഗനണാപട്ടിക തയ്യാറാക്കുകയും ഇത് ഗ്രാമസഭയിൽ അവതരിപ്പിച്ച് 64,006 കുടുംബങ്ങളെ ഗുണഭോക്താക്കളാക്കുകയും ചെയ്തു എന്നാണ് തദ്ദേശസ്വയംഭരണവകുപ്പുമന്ത്രി എം.ബി. രാജേഷ് വിശദീകരിച്ചത്.

എന്നാൽ, കേരളത്തിലെ വലിയൊരു വിഭാഗം ദരിദ്രജന വിഭാഗങ്ങളുടെ യഥാർത്ഥ ജീവിത സാഹചര്യത്തെ മറച്ചുവെക്കുന്നതാണ് ഈ പ്രഖ്യാപനം എന്നാണ് വിമർശനം. സർവേയുടെയും ഡാറ്റയുടെയും ശാസ്ത്രീയതയും ആധികാരികതയുമാണ് വിമർശകർ ചോദ്യം ചെയ്യുന്നത്. അതിദരിദ്രമുക്ത പ്രഖ്യാപനത്തിന് ഉപയോഗിച്ച സാമ്പത്തിക മാനദണ്ഡങ്ങളുടെ കൃത്യത, സർവേയുടെ രീതിശാസ്ത്രം, അതിദാരിദ്ര്യാവസ്ഥ മറികടന്നു എന്നതിനുള്ള വസ്തുതാപരമായ പിൻബലം എന്താണ്, അതിദാരിദ്ര്യം അനുഭവിക്കുന്ന മറ്റു ജനവിഭാഗങ്ങളുടെ യഥാർഥ ജീവിതസ്ഥിതിയടങ്ങിയ സർവേ റിപ്പോർട്ട് ലഭ്യമാണോ തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിക്കപ്പെടുന്നു.

അടിസ്ഥാന ജനവിഭാഗങ്ങളിൽ- ആദിവാസികൾ, ദലിത്, മത്സ്യത്തൊഴിലാളികൾ തുടങ്ങിയവർ- വലിയൊരു ശതമാനം വിശദമായ സാമ്പത്തിക- സാമൂഹിക ഡാറ്റയുടെ അഭാവത്തിൽ അതിദരിദ്രർ എന്ന കാറ്റഗറൈസേഷനിൽനിന്ന് മാറ്റിനിർത്തപ്പെട്ടു എന്ന വിമർശനവുമുയരുന്നുണ്ട്. ഭക്ഷണം, വരുമാനം, ആരോഗ്യം, പാർപ്പിടം എന്നീ ഘടകങ്ങളിലെ ഇല്ലായ്മയെ അടിസ്ഥാനമാക്കിയുള്ള അതിദാരിദ്ര നിർണ്ണയ പ്രക്രിയയിൽ നിന്നുതന്നെ നിരവധി ആദിവാസി കുടുംബങ്ങൾ ഒഴിവാക്കപ്പെട്ടതായി ആദിവാസി സംഘടനകൾ ആരോപിക്കുന്നു.

കേരളം അതിദാരിദ്രമുക്തമായി നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. വിശദമായ മാർഗരേഖയുടെ പാശ്ചാത്തലത്തിൽ, ജനകീയ പങ്കാളിത്തത്തോടെയുള്ള സർവേ നടത്തിയാണ് അതിദരിദ്രരുടെ പട്ടിക തയ്യാറാക്കിയത് എന്നാണ് സർക്കാർ അവകാശവാദം.
കേരളം അതിദാരിദ്രമുക്തമായി നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. വിശദമായ മാർഗരേഖയുടെ പാശ്ചാത്തലത്തിൽ, ജനകീയ പങ്കാളിത്തത്തോടെയുള്ള സർവേ നടത്തിയാണ് അതിദരിദ്രരുടെ പട്ടിക തയ്യാറാക്കിയത് എന്നാണ് സർക്കാർ അവകാശവാദം.

‘‘കേരളത്തിലെ അതിദുർബല ജനവിഭാഗങ്ങളായി കണ്ടെത്തിയത് 64,000 കുടുംബങ്ങളെയാണ്. ഇവരിൽ 5% മാത്രമേ ആദിവാസികളുള്ളൂ. 20% ദലിതരും 75% ഇതരവിഭാഗങ്ങളുമാണ്. ഒറ്റനോട്ടത്തിൽ തന്നെ കണക്കുകൾ വ്യാജമാണെന്ന് കാണാം. ഗോത്രവർഗ്ഗ വിഭാഗങ്ങൾ ഏറെയുള്ള വയനാട്ടിൽ പണിയ, അടിയ, കാട്ടുനായ്ക്ക, വേട്ടക്കുറുമ തുടങ്ങിയവരിൽ ബഹുഭൂരിപക്ഷവും ഭൂരഹിതരും, ഭവനരഹിതരും, തൊഴിൽരഹിതരുമാണ്. നൂറുകണക്കിന് കുടുംബങ്ങൾ പുഴയോരങ്ങളിലും പുറമ്പോക്കുകളിലും വനാതിർത്തികളിലുമുള്ള ചോർന്നൊലിക്കുന്ന കൂരകളിൽ താമസിക്കുന്നവരാണ്. സിക്കിൾ സെൽ അനീമിയ രോഗികൾ നിരവധിയാണ് (1234). പോഷകാഹാരക്കുറവുള്ള കുട്ടികൾ നിരവധിയാണ്. പണിയ, കുറിച്ച്യ വിഭാഗങ്ങൾക്കിടയിൽ 2020- ൽ നടത്തിയ പഠനമനുസരിച്ച്, 59% കുട്ടികൾക്കും അണ്ടർവെയ്റ്റാണ്. 52.3% കുട്ടികൾ വളർച്ച മുരടിച്ചവരാണ്. 2022- ൽ അഞ്ചു വയസ്സിന് താഴെയുള്ള 54.8% കുട്ടികൾക്കും പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളു​ണ്ടെന്ന് കണ്ടെത്തിയിരുന്നു’’- ആദിവാസി ഗോത്രമഹാസഭ പറയുന്നു.

അതിദാരിദ്ര്യവൽക്കരണത്തിന് ചില അടിസ്ഥാന കാരണങ്ങളുണ്ടെന്ന് ആദിവാസി ഗോത്ര മഹാസഭ സ്റ്റേറ്റ് കോ- ഓർഡിനേറ്റർ എം. ഗീതാനന്ദൻ പറയുന്നു. തൊഴിലുമായും ഭൂമിയുമായും കാർഷികമേഖലയുമായും ബന്ധപ്പെട്ട് സമീപകാലത്തുണ്ടായ മാറ്റങ്ങളാണ് ഈ പ്രതിസന്ധി രൂക്ഷമാക്കിയത്.

ആദിവാസി മേഖലയിൽ, കാർഷിക തൊഴിലുകൾ - പ്രത്യേകിച്ച് സ്ത്രീകൾക്ക് - ഇല്ലാതായത് ദാരിദ്ര്യത്തിനും പോഷകാഹാരക്കുറവിനും കാരണമായിട്ടുണ്ട്. നെൽവയലുകളിൽ കൊയ്ത്തിനും നടീലിനും യന്ത്രങ്ങൾ വന്നു. ഉള്ള തൊഴിലുകളിൽ അന്തർ സംസ്ഥാന തൊഴിലാളികൾ വന്നു. വിദ്യാഭ്യാസമുള്ളവർ തൊഴിൽരഹിതരാണ്, പാതിവഴിയിൽ പഠനം നിർത്തിയവർക്ക് നഗരങ്ങളിലെ തൊഴിലുകളിൽ പ്രവേശിക്കാനുള്ള കഴിവുകൾ ഇല്ല, തൊഴിൽ രഹിതർ ആയിരക്കണക്കിനാണ്. ഐക്യരാഷ്ട്രസഭ കണക്കാക്കിയ പ്രതിദിന വേതനമായ 157 രൂപ പോലും ലഭിക്കാത്തവരാണിവർ. സൗജന്യറേഷന് സർക്കാരിനെ ആശ്രയിച്ചു ജീവിക്കുന്ന അതിദരിദ്രരാണിവർ. ശിശുമരണം വ്യാപകമായി നടന്ന അട്ടപ്പാടിയിലെയും സ്ഥിതി വ്യത്യസ്ഥമല്ല. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യൻ 20 ഊരുകൾ, 480 വീടുകൾ, 523 കൂട്ടികൾ, 40 ഗർഭിണികൾ, 110 മുലയൂട്ടുന്ന അമ്മമാർ തുടങ്ങിയവരെ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിൽ, 48% കുട്ടികൾക്ക് ഭാരക്കുറവും, 40% കുട്ടികൾ വളർച്ച മുരടിച്ചവരുമാണ്. 91% കുട്ടികൾക്കും, 96% കൗമാരക്കാരായ പെൺകുട്ടികൾക്കും, 80% ഗർഭിണികൾക്കും രക്തക്കുറവാണ്. ഇവരിൽ 10% പേരും ഭൂരഹിതരാണ്.

അതിദരിദ്രർ എന്ന് തീരുമാനിക്കേണ്ടത്, മറ്റൊരു വിഭാഗവുമായുള്ള താരതമ്യത്തിലൂടെയാണെന്നും അതിന് വിശദമായ സാമൂഹിക- സാമ്പത്തിക ഡാറ്റ ആവശ്യമാണെന്നും ഗീതാനനന്ദൻ പറയുന്നു:

‘‘64,006 കുടുംബങ്ങളാണ് അതിദരിദ്രരുടെ പട്ടികയിലുള്ളത്. ഇവരിൽ അഞ്ചു ശതമാനമാണ് ആദിവാസികൾ. ഇവരിൽ 2900 പേരും വയനാട്ടിൽനിന്നുള്ളവരാണ്. ബാക്കി മൂവായിരത്തോളം പേരാണ് മറ്റു ജില്ലകളിലുള്ളത്. ഇവരിൽ അതിദരിദ്രർ കൂടുതലും തിരുവനന്തപുരത്താണുള്ളത് എന്നു പറയുന്നു. ഏത് ജനവിഭാഗങ്ങൾ, ഏതുതരം ജോലി ചെയ്യുന്നവർ, ഏതുതരം സാമൂഹിക ശ്രേണിയിലുള്ളവർ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചിട്ടില്ല. ആദിവാസികളിൽ 80 ശതമാനവും ദരിദ്രരാണ്. അവരിൽ അതിദരിദ്രരെ വേണമെങ്കിൽ കണ്ടെത്താം. വയനാട്ടിൽ സിക്കിൾ സെൽ അനീമിയ രോഗബാധിതരുടെ എണ്ണം മുമ്പ് 1344 ആയിരുന്നു. ഇപ്പോൾ 2000 - 3000 പേരുണ്ടാകാനിടയുണ്ട്. ഇവരെ അതിദരിദ്രവിഭാഗങ്ങളിൽ പെടുത്താനുള്ള ഘടകമായി എടുത്തിട്ടില്ല’’- ഗീതാനന്ദൻ പറയുന്നു.

അതിദരിദ്രർ എന്ന് തീരുമാനിക്കേണ്ടത്, മറ്റൊരു വിഭാഗവുമായുള്ള താരതമ്യത്തിലൂടെയാണെന്നും അതിന് വിശദമായ സാമൂഹിക- സാമ്പത്തിക ഡാറ്റ ആവശ്യമാണെന്നും ഗീതാനനന്ദൻ പറയുന്നു.
അതിദരിദ്രർ എന്ന് തീരുമാനിക്കേണ്ടത്, മറ്റൊരു വിഭാഗവുമായുള്ള താരതമ്യത്തിലൂടെയാണെന്നും അതിന് വിശദമായ സാമൂഹിക- സാമ്പത്തിക ഡാറ്റ ആവശ്യമാണെന്നും ഗീതാനനന്ദൻ പറയുന്നു.

ഭൂരാഹിത്യം എന്ന പ്രശ്‌നത്തെ ഭവനരാഹിത്യമെന്ന നിലയ്ക്ക് ചുരുക്കുന്നത് വിവേചനം രൂക്ഷമാക്കുമെന്ന് ഗീതാനനന്ദൻ പറയുന്നു. വിഭവങ്ങൾ ലഭ്യമാകുന്ന മണ്ണിൽ ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നിടത്താണ് ദാരിദ്ര്യവൽക്കരണം ആരംഭിക്കുന്നത്. ഇനി, ഭൂമിയുണ്ടെങ്കിൽ തന്നെ കൃഷി ചെയ്ത് ജീവിക്കാൻ കഴിയാത്തവരുമുണ്ട്.

വയനാട്ടിലെ തൊഴിൽ പ്രതിസന്ധിയും ഗീതാനന്ദൻ ചൂണ്ടിക്കാട്ടുന്നു: ‘‘വയനാട്ടിലെ തൊഴിൽ സാഹചര്യത്തിൽ കഴിഞ്ഞ പത്തുവർഷത്തിനിടെ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. പുരുഷന്മാരായ ചെറിയ വിഭാഗത്തിനുമാത്രമാണ് ദൈനംദിന വരുമാനത്തിനുള്ള ജോലിയുള്ളൂ. കാപ്പി, കുരുമുളക് സീസണിലുള്ള പണി, തടി മുറിക്കലുമായി ബന്ധപ്പെട്ട പണി, കുടകിൽ പോകുന്നവർ എന്നിങ്ങനെ ആദിവാസികളുടെ ജോലി പരിമിതപ്പെട്ടിരിക്കുന്നു. വയലുമായി ബന്ധപ്പെട്ട എല്ലാ പണികളിൽനിന്നും ആദിവാസികൾ പുറത്തായി. വരമ്പുവെക്കൽ പോലും അപൂർവമേയുള്ളൂ. സ്ത്രീകളായിരുന്നു ഇവരിൽ ഭൂരിപക്ഷവും’’.

തൊഴിലുറപ്പ് പദ്ധതി ആദിവാസി മേഖലയിലുണ്ടാക്കിയത് യഥാർഥത്തിൽ തൊഴിൽരാഹിത്യമാണ്. പദ്ധതി ആദ്യം നടപ്പാക്കിയത് വയനാട്ടിലും പാലക്കാട്ടുമാണ്. ആദ്യ വർഷം 1,14,000 പേർ രജിസ്റ്റർ ചെയ്തതിൽ 10,000 ഓളം ആദിവാസികളുണ്ടായിരുന്നു. അതിനുശേഷം എണ്ണം കൂടിയിട്ടില്ല. പണിക്കൂലി വല്ലപ്പോഴുമേ അക്കൗണ്ടിൽ വരൂ എന്നതാണ് പ്രധാന പ്രശ്നം. പണിയരെ പോലുള്ളവർക്ക്, അന്നന്നത്തെ സാധനങ്ങൾ വാങ്ങാൻ അന്നന്നുതന്നെ കൂലി കിട്ടണം. തൊഴിലുറപ്പിന് മറ്റൊരു പരോക്ഷ ​പ്രത്യാഘാതമുണ്ടായി. പരമ്പരാഗതമായി, ഒരു മുതലാളിയുടെയോ എസ്റ്റേറ്റ് ഉടമയുടെയോ പറമ്പിൽ പണി ചെയ്യുന്നവരുടെ തൊഴിൽ നഷ്ടമായി. വിളിപ്പാടകലെ കോളനിയിലുള്ള സ്ഥിരം കൂലിപ്പണിക്കാർ ഏതെങ്കിലും മുതലാളിയുടെ പണികളുമായി ബന്ധപ്പെടുന്നവരായിരിക്കും. ഇവർക്കാണ് തൊഴിൽ നഷ്ടമായത്. ട്രൈബൽ ഏരിയയിൽ വനപ്രദേശത്തുമാത്രമാണ് ആദിവാസികൾക്ക് തൊഴിലുറപ്പ് ഗുണകരമായിട്ടുള്ളൂ. ഇവർക്ക് കാടുവെട്ടൽ, ട്രഞ്ചിംഗ് ക്ലീനിങ് തുടങ്ങിയ പണികളുണ്ട്.

വയനാട്ടിനെ സംബന്ധിച്ച് 15 വർഷം മുമ്പുവരെ അനിവാര്യമായിരുന്ന ആദിവാസി ലേബർ ഫോഴ്‌സ് ഇപ്പോൾ ഇല്ലാതായെന്ന് ഗീതാനന്ദൻ പറയുന്നു: ‘‘മുത്തങ്ങ സമരത്തിന്റെ സമയത്ത്, ആദിവാസികളുമായി പോകുമ്പോൾ മൂന്നിടത്ത് സ്ത്രീകളുൾപ്പൈടെയുള്ള സംഘങ്ങൾ ഞങ്ങളെ തടഞ്ഞുവെച്ചു. വളരെ ശാന്തമായി അവർ കുത്തിയിരിപ്പ് സത്യഗ്രഹം നടത്തി. കാരണം, അവരെ സംബന്ധിച്ച് ആദിവാസികൾ ഇവിടെനിന്ന് പോയിക്കഴിഞ്ഞാൽ അവരുടെ പണി ചെയ്യാൻ ആളില്ലാതാകും. ഇഞ്ചി, വാഴ കൃഷിയെല്ലാം ആദിവാസി ലേബർ ഫോഴ്‌സിനെ മാത്രം മുന്നിൽ കണ്ടാണ് അവർ ചെയ്തിരുന്നത്. മണിക്കൂറുകളോളം ഇവരോട് തർക്കിച്ചിട്ടാണ് ഞങ്ങൾക്ക് അവിടെനിന്ന് പോരാനായത്. മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് നടന്ന പൊലീസ് വെടിവെപ്പുകഴിഞ്ഞ് ആദിവാസികൾ തിരിച്ചുവന്നപ്പോൾ അവരെ ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. ഈയൊരു ആദിവാസി ലേബർ ഫോഴ്സ് ഇപ്പോൾ ഇല്ലാതായിരിക്കുന്നു’’.

വയനാട്ടിലെ ആദിവാസികൾ പൂർണമായും റേഷനെ ആശ്രയിക്കുന്നവരാണ്. ഇപ്പോൾ റേഷന്റെ അളവ് കുറഞ്ഞിട്ടുണ്ട്. ശരാശരി കുടുംബത്തിന് 30 കിലോ അരി വരെ കിട്ടിയിരുന്നത് 20-22 കിലോ വരെ മാത്രമാണ് കിട്ടുന്നത്. ഇനിയും വെട്ടിക്കുറവ് വരികയാണെങ്കിൽ സ്ഥിതി രൂക്ഷമാകുമെന്ന് ഗീതാനന്ദൻ പറയുന്നു: ‘‘സൗജന്യ റേഷൻ എന്നത് ഇൻസ്റ്റിറ്റ്യൂഷനൽ പരിപാടിയായി മാറിയത് 2001-ലെ കുടിൽകെട്ടൽ സമരത്തോടെയാണ്. അതിനുമുമ്പ് പഞ്ഞമാസത്തിലോ മറ്റോ ഉള്ള പരിപാടിയായിരുന്നു ഇത്. കുടിൽകെട്ടൽ സമരത്തിന്റെ കാരണം പട്ടിണിമരണങ്ങളായിരുന്നു. ആ സമരത്തിന്റെ തീരുമാനമായിട്ടാണ് ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ പതിവായി സൗജന്യ റേഷൻ കൊടുത്തുതുടങ്ങിയത്. ക്രമേണ അത് കിറ്റിന്റെ രൂപത്തിലായി. അരി നിന്നുപോയൽ ആദിവാസികൾ വീണ്ടും പട്ടിണിയിലേക്ക് പോകും. അതുകൊണ്ട് ആദിവാസികളുടെ കാര്യത്തിൽ ഭക്ഷ്യസുരക്ഷയും ആരോഗ്യവുമാണ് അതിദാരിദ്ര്യത്തിന്റെ ഘടകമായി പരിഗണിക്കേണ്ടത്’’.

ദലിത് കോളനികളിലും സമാന പ്രശ്‌നമുണ്ടെന്ന് ഗീതാനന്ദൻ പറയുന്നു: ‘‘ഭൂപരിഷ്‌കരത്തിനുശേഷം 1961, 71, 81, 91 വർഷങ്ങളിലെ ഡാറ്റ നോക്കിയാലറിയാം, ദലിത് വിഭാഗക്കാരായ കർഷക തൊഴിലാളികളുടെ എണ്ണം സ്ഥിരമായിരുന്നു. എന്നാൽ, 2001 ആയപ്പോൾ ഇവർ നിർമാണതൊഴിൽ പോലുള്ള മേഖലയിലേക്ക് മാറി. ഇത്തരം പണികളുടെ സ്ഥിരതയില്ലായ്മ ഈ വിഭാഗത്തെ ബാധിക്കുന്നുണ്ട്. പുതിയ തലമുറ കൂടുതലും അവിദഗ്ധരാണ്. അവർക്ക് ഡിമാന്റില്ല’’.

വയനാട്ടിലെ ആദിവാസികൾ പൂർണമായും റേഷനെ ആശ്രയിക്കുന്നവരാണ്. ഇപ്പോൾ റേഷന്റെ അളവ് കുറഞ്ഞിട്ടുണ്ട്. ശരാശരി കുടുംബത്തിന് 30 കിലോ അരി വരെ കിട്ടിയിരുന്നത് 20-22 കിലോ വരെ മാത്രമാണ് കിട്ടുന്നത്. ഇനിയും വെട്ടിക്കുറവ് വരികയാണെങ്കിൽ സ്ഥിതി രൂക്ഷമാകുമെന്ന് ഗീതാനന്ദൻ പറയുന്നു
വയനാട്ടിലെ ആദിവാസികൾ പൂർണമായും റേഷനെ ആശ്രയിക്കുന്നവരാണ്. ഇപ്പോൾ റേഷന്റെ അളവ് കുറഞ്ഞിട്ടുണ്ട്. ശരാശരി കുടുംബത്തിന് 30 കിലോ അരി വരെ കിട്ടിയിരുന്നത് 20-22 കിലോ വരെ മാത്രമാണ് കിട്ടുന്നത്. ഇനിയും വെട്ടിക്കുറവ് വരികയാണെങ്കിൽ സ്ഥിതി രൂക്ഷമാകുമെന്ന് ഗീതാനന്ദൻ പറയുന്നു

ദലിതർ, മത്സ്യതൊഴിലാളികൾ, തോട്ടം തൊഴിലാളികൾ തുടങ്ങിയ മേഖലകളിൽ അതിദാരിദ്ര്യവൽക്കരണത്തിലേക്ക് നയിക്കുന്ന സാഹചര്യം രൂക്ഷമാണ്. തൊഴിലില്ലായ്മയും ഭൂരാഹിത്യവും വികലമായ വികസനനയങ്ങളും മുതൽ പ്രകൃതിക്ഷോഭവും കാലാവസ്ഥാ വ്യതിയാനവുമെല്ലാം അതിദാരിദ്ര്യത്തിന് വഴിവെക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, അതിദാരിദ്ര്യനിർമ്മാർജനത്തിനുള്ള മാനദണ്ഡങ്ങൾ ഏതാനും ഘടകങ്ങളിലേക്ക് ചുരുക്കുകയല്ല, ശാസ്ത്രീയമായി വികസിപ്പിക്കുകയാണ് വേണ്ടത് എന്ന് വ്യക്തം. ദുർബ്ബല വിഭാഗക്കാരുടെ സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയെക്കുറിച്ച് സമഗ്ര സർവ്വെ നടത്തുകയും, പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള പദ്ധതികളുമാണ് യഥാർഥ പരിഹാരം.

Comments