SC/ST sub-classification:
എന്തുകൊണ്ട് സുപ്രീംകോടതി വിധി
നിർണായകമാകുന്നു?

പട്ടികജാതി– പട്ടികവർഗ വിഭാഗങ്ങളിൽ ഉപവിഭാഗങ്ങളെ തരംതിരിക്കാനും അതീവ പിന്നാക്കവിഭാഗങ്ങളുടെ പ്രാതിനിധ്യക്കുറവ് പരിഹരിക്കാൻ ക്രീമിലെയർ നടപ്പാക്കാനുമുള്ള സുപ്രീംകോടതി വിധി വ്യാപക സംവാദങ്ങൾക്ക് വിധേയമാകേണ്ട ഒന്നാണ്. ദലിത്- ആദിവാസി സംഘടനകൾ ഉന്നയിക്കുന്ന ആശങ്കകൾ പരിഗണിച്ചും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ ലംഘിക്കപ്പെടാതെയും അതേസമയം, പ്രാതിനിധ്യത്തിലെ അസന്തുലിതാവസ്ഥ എന്ന യാഥാർഥ്യം അഭിമുഖീകരിച്ചും വേണം ഈയൊരു വിധിയുടെ സാംഗത്യം പരിശോധിക്കാൻ.

ട്ടികജാതി– പട്ടികവർഗ വിഭാഗങ്ങളിൽ ഉപവിഭാഗങ്ങളെ തരംതിരിക്കാനും അതീവ പിന്നാക്കവിഭാഗങ്ങളുടെ പ്രാതിനിധ്യക്കുറവ് പരിഹരിക്കാൻ ക്രീമിലെയർ നടപ്പാക്കാനും ആഗസ്റ്റ് ഒന്നിന് സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാബഞ്ച് പുറപ്പെടുവിച്ച വിധി (sub-classify Scheduled Castes notified in the Presidential List) ഏറെ നിർണായകമാണ്. വിധിക്കെതിരായും അനുകൂലമായും ആദിവാസി– ദലിത് സംഘടനകൾ രംഗത്തുണ്ട്. വിധിയിൽ ചൂണ്ടിക്കാട്ടിയ ക്രീമിലെയർ നടപ്പാക്കില്ലെന്ന് കേന്ദ്ര സർക്കാർ പറഞ്ഞൊഴിഞ്ഞിട്ടുണ്ടെങ്കിലും, എസ്.സി- എസ്.ടി ലിസ്റ്റിലെ ഉപ വർഗീകരണം (Sub-classification Of Castes) സംസ്ഥാനങ്ങൾക്ക് വിട്ടുകൊടുക്കുന്നത് അപകടകരമാണ് എന്നാണ് ഒരു വിമർശനം. കാരണം, പ്രാ​ദേശിക രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ചാകും ഉപജാതി വർഗീകരണം എന്ന ആശങ്കയാണ് ഈ വിമർശനത്തിനാധാരം.

മറ്റൊരു പ്രശ്നം, സമീപകാലത്ത് ജാതി സെൻസസ് റിപ്പോർട്ട് പുറത്തുവിട്ട ബീഹാർ ഒഴികെയുള്ള സംസ്​ഥാനങ്ങളിൽ പിന്നാക്കാവസ്​ഥയെയും പ്രാതിനിധ്യത്തിലെ വിവേചനങ്ങളെയും ബന്ധപ്പെടുത്താൻ കഴിയുന്ന ഡാറ്റയില്ല എന്നതാണ്. സുപ്രീംകോടതി വിധിയിലൂടെ സംസ്​ഥാനങ്ങൾക്ക് ലഭിക്കുന്ന അധികാരം കൃത്യമായി വിനിയോഗിക്കാൻ തക്ക ഡാറ്റ അനിവാര്യമാണ്. ഒരുതരം ഡാറ്റയുടെയും പിൻബലമില്ലാതെ കേരളത്തിലടക്കം നടപ്പാക്കിയ 10 ശതമാനം മുന്നാക്ക സംവരണം, പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ- തൊഴിൽ സംവരണത്തിലുണ്ടാക്കിയ അട്ടിമറികൾ ഉദാഹരണമാണ്. അതുകൊണ്ട്, കൃത്യമായ ഡാറ്റയ്ക്ക് ജാതി സെൻസസ് (Caste census) ആണ് പരിഹാരമായി ദലിത് സംഘടനകൾ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ, ജാതിസെൻസസിന് എതിരായ നിലപാടുള്ള സർക്കാറാണ് കേന്ദ്രത്തിലുള്ളത് എന്നത് കടുത്ത ആശയക്കുഴപ്പവുമുണ്ടാക്കുന്നു.

ഏഴംഗ ബഞ്ചിൽ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും മനോജ് മിശ്രയുമാണ്, ജാതികളുടെയും ഉപജാതികളുടെയും അടിസ്ഥാനത്തിൽ പട്ടികജാതി ലിസ്റ്റിൽ സബ് ക്ലാസിഫിക്കേഷൻ വേണം എന്ന് വിധിച്ചത്.
ഏഴംഗ ബഞ്ചിൽ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും മനോജ് മിശ്രയുമാണ്, ജാതികളുടെയും ഉപജാതികളുടെയും അടിസ്ഥാനത്തിൽ പട്ടികജാതി ലിസ്റ്റിൽ സബ് ക്ലാസിഫിക്കേഷൻ വേണം എന്ന് വിധിച്ചത്.

കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വേണം Sub-classification എന്ന് സുപ്രീംകോടതി വിധിയിൽ ഊന്നിപ്പറയുന്നതുകൊണ്ട്, ജാതി സെൻസസ് അടക്കമുള്ള ഡാറ്റാശേഖരത്തിന് ഭരണകൂടങ്ങൾ നിർബന്ധിതമാകും എന്നൊരു അനുകൂല സാഹചര്യവും ഈ വിധി സാധ്യമാക്കുന്നുണ്ട്.

സുപ്രീംകോടതി ഇടപെടലും ചില വസ്തുതകളും

ചരിത്രപരമായ കാരണങ്ങളാൽ അയിത്തം അടക്കമുള്ള അനീതി നേരിടുന്ന വിഭാഗങ്ങളെയാണ് ഭരണഘടനയുടെ ആർട്ടിക്കിൾ 341 അനുസരിച്ച് രാഷ്ട്രപതി പട്ടികജാതി- വർഗങ്ങളായി നോട്ടിഫൈ ചെയ്യുന്നത്. പട്ടികജാതി വിഭാഗങ്ങൾക്ക് വിദ്യാഭ്യാസത്തിലും തൊഴിലിലും 15 ശതമാനം സംവരണവും ഏർപ്പെടുത്തി. എന്നാൽ, പിന്നീട് എസ്.സി ലിസ്റ്റിലെ ചില വിഭാഗങ്ങൾ പിന്തള്ളപ്പെടുകയും കൂടുതൽ പിന്നാക്കക്കാരായി മാറുകയും ചെയ്ത വിഷയം കോടതികളുടെയും സർക്കാറുകളുടെയും മുന്നിലെത്തി.

2004-ൽ ജസ്റ്റിസ് എൻ. സന്തോഷ് ഹെഗ്‌ഡേ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് പട്ടികജാതി വിഭാഗത്തിൽ ഉപവിഭാഗം തിരിച്ച് സംവരണം പാടില്ല എന്ന ഉത്തരവ് പുറപ്പെടുവിച്ചത്. ആന്ധ്ര സർക്കാറിനെതിരായ ഇ.വി. ചിന്നയ്യ കേസിലായിരുന്നു ഈ വിധി. എസ്.സി- എസ്.ടി ലിസ്റ്റ് homogenous ഗ്രൂപ്പാണെന്നും അതിനെ ഇനിയും വിഭജിക്കാനാകില്ല എന്നുമായിരുന്നു 2004-ലെ വിധി.

ജസ്റ്റിസ് എൻ. സന്തോഷ് ഹെഗ്‌ഡേ
ജസ്റ്റിസ് എൻ. സന്തോഷ് ഹെഗ്‌ഡേ

1975-ൽ പഞ്ചാബ് സർക്കാർ, സംസ്ഥാനത്ത് ഏറ്റവും പിന്നാക്കക്കാരായ ബാൽമീകി, മഹ്ഹാബി സിഖ് സമുദായങ്ങൾക്ക് പട്ടികജാതി സംവരണത്തിൽ ആദ്യ മുൻഗണന നൽകി വിജ്ഞാപനം പുറപ്പെടുവിച്ചു. 2004-ൽ സുപ്രീംകോടതി, ഇ.വി. ചിന്നയ്യ കേസ് പരിഗണിക്കുന്നതിനൊപ്പം ഈ നടപടി റദ്ദാക്കി. ആർട്ടിക്കിൾ 341 അനുസരിച്ച് പാർലമെന്റിന്റെ ശുപാർശയനുസരിച്ച് രാഷ്ട്രപതിക്കേ ഇത്തരമൊരു സബ് ക്ലാസിഫിക്കേഷൻ നടത്താൻ അധികാരമുള്ളൂ എന്നായിരുന്നു വിധി. ഈ വിധിയുടെ അടിസ്ഥാനത്തിൽ 2006-ൽ പഞ്ചാബ്- ഹരിയാന ഹൈകോടതി, 1975-ലെ പഞ്ചാബ് സർക്കാർ വിജ്ഞാനം റദ്ദാക്കി. അതേവർഷം പഞ്ചാബ് സർക്കാർ പഞ്ചാബ് ഷെഡ്യൂൾഡ് കാസ്റ്റ് ആന്റ് ബാക്ക്‌വേഡ് ക്ലാസസ് നിയമം കൊണ്ടുവന്നു. (Punjab Scheduled Caste and Backward Classes (Reservation in Services) Act, 2006). ഇതനുസരിച്ച്, വീണ്ടും ബാൽമീകി, മഹ്ഹാബി സിഖ് സമുദായങ്ങൾക്ക് സംവരണത്തിൽ പ്രഥമ പരിഗണന നൽകി. ഇത് കോടതിയിൽ വീണ്ടും ചോദ്യം ചെയ്യപ്പെട്ടു. 2010-ൽ ഹൈകോടതി ഈ നിയമം റദ്ദാക്കിയതിനെതുടർന്ന് സുപ്രീംകോടതിയിൽ അപ്പീൽ നൽകി. 2014-ൽ ഈ കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിനുവിട്ടു. 2004-ലെ ഇ.വി. ചിന്നയ്യ കേസിലെ തീരുമാനം പുനഃപരിശോധിക്കേണ്ടതുണ്ടോ എന്നായിരുന്നു ജസ്റ്റിസ് അരുൺമിശ്രയുടെ നേതൃത്വത്തിലുണ്ടായിരുന്ന ഭരണഘടനാബെഞ്ചിനുമുന്നിലുണ്ടായിരുന്നത്. പട്ടികജാതി- പട്ടികവർഗ ലിസ്റ്റിലുള്ളവർക്കിടയിലും സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കിടയിലും തുല്യതയുടെ പ്രശ്‌നങ്ങളുണ്ടെന്ന് ഈ ബെഞ്ച് നിരീക്ഷിച്ചു. ഇ.വി. ചിന്നയ്യ കേസിലേതുപോലെ, ഇതും അഞ്ചംഗ ബെഞ്ചായതിനാൽ കേസ് ഇപ്പോഴത്തെ ഏഴംഗ ബെഞ്ചിന് വിടുകയായിരുന്നു.

ഭരണഘടനാ ബെഞ്ചിന്റെ വിധിയിൽ പറയുന്നത്

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ഭരണഘടനാബെഞ്ചിൽ ബി.ആർ. ഗവായ്, വിക്രം നാഥ്, ബേലാ എം. ത്രിവേദി, പങ്കജ് മിത്തൽ, മനോജ് മിശ്ര, സതീഷ് ചന്ദ്ര ശർമ എന്നിവരാണ് അംഗങ്ങൾ. ഭൂരിപക്ഷ വിധിയോട് ജസ്റ്റിസ് ബേല എം. ത്രിവേദി വിയോജിക്കുകയും ഭിന്നവിധി പുറപ്പെടുവിക്കുകയും ചെയ്തു.

രാഷ്ട്രപതി വിജ്ഞാപനം ചെയ്യുന്ന എസ്.സി പട്ടിക നിയമപരമായ ആവശ്യത്തിനുവേണ്ടിയുള്ളതാണെന്നും അത് അതേ അർഥത്തിൽ തന്നെ നിലനിൽക്കുന്ന ഒന്നായിരിക്കണമെന്നില്ലെന്നും ഏഴംഗ ഭരണഘടനാബെഞ്ചിനെ നയിച്ച ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
രാഷ്ട്രപതി വിജ്ഞാപനം ചെയ്യുന്ന എസ്.സി പട്ടിക നിയമപരമായ ആവശ്യത്തിനുവേണ്ടിയുള്ളതാണെന്നും അത് അതേ അർഥത്തിൽ തന്നെ നിലനിൽക്കുന്ന ഒന്നായിരിക്കണമെന്നില്ലെന്നും ഏഴംഗ ഭരണഘടനാബെഞ്ചിനെ നയിച്ച ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

ഏഴംഗ ബഞ്ചിൽ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും മനോജ് മിശ്രയുമാണ്, ജാതികളുടെയും ഉപജാതികളുടെയും അടിസ്ഥാനത്തിൽ പട്ടികജാതി ലിസ്റ്റിൽസബ് ക്ലാസിഫിക്കേഷൻ വേണം എന്ന് വിധിച്ചത്. ഇവരുടെ വിധിയിൽ ക്രീമിലെയർ നിർദേശം ഇല്ല. ബേല എം. ത്രിവേദി ഒഴികെയുള്ള നാലുപേരാണ്, സബ് ക്ലാസിഫിക്കേഷനൊപ്പം ക്രീമിലെയർ കൂടി നടപ്പാക്കണം എന്ന് വിധിച്ചത്.

പട്ടിക വിഭാഗങ്ങളിലെ കൂടുതൽ പിന്നാക്കം നിൽക്കുന്നവർക്ക് പ്രത്യേക സംവരണത്തിന് അർഹതയുണ്ടെന്നാണ് വിധിയിൽ പറയുന്നത്. ഈ വിഭാഗങ്ങൾക്ക് തുല്യതയും പ്രാതിനിധ്യവും ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് ഉപവർഗീകരണം നടത്താം. പട്ടികജാതി, പട്ടികവർ​ഗ വിഭാ​ഗത്തിലെ മേൽത്തട്ടുകാരെ കണ്ടെത്തി സംവരണ ആനുകൂല്യത്തിൽ നിന്ന് ഒഴിവാക്കാൻ നയം രൂപീകരിക്കണമെന്നും വിധി നിർദേശിക്കുന്നു.

പട്ടികജാതിക്കുള്ളിലെ കൂടുതൽ പിന്നാക്കക്കാർക്കായി പ്രത്യേക ഇടപെടലുകൾ നടത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന് ജസ്റ്റിസ് ബി. ആർ. ഗവായ് പ്രത്യേക വിധിന്യായത്തിൽ പറഞ്ഞു. അതേസമയം, പട്ടികജാതിയിലെ ഏതെങ്കിലും ഉപവിഭാഗത്തിനുമാത്രം 100 ശതമാനം സംവരണം അനുവദിക്കാൻ പാടില്ല. എസ്‌സി, എസ്‌ടി വിഭാഗങ്ങളിലെ മേൽത്തട്ടിനെ കണ്ടെത്തി ഉപവർഗീകരണത്തിന്റെ ആനുകൂല്യങ്ങളിൽനിന്ന് ഒഴിവാക്കാനുള്ള നയം രൂപീകരിക്കണം. എങ്കിലേ ഭരണഘടന വിഭാ​വനം ചെയ്ത തുല്യത എന്ന സങ്കൽപം യാഥാർഥ്യമാകു. എസ്‌സി, എസ്‌ടി മേൽത്തട്ട് നിശ്ചയിക്കാനുള്ള മാനദണ്ഡം ഒ ബി സി മേൽത്തട്ട് നിശ്ചയിക്കുന്നതിൽ നിന്ന് വ്യത്യസ്തമായിരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

പട്ടികജാതി ലിസ്റ്റിലെ ഉപ വർഗീകരണത്തിന് സംസ്ഥാനങ്ങൾക്ക് കൃത്യമായ മാനദണ്ഡങ്ങൾവേണമെന്ന് വിധിയിലുണ്ട്. അതായത്, വെറും എണ്ണക്കണക്കിൽ മാത്രമല്ല പ്രാതിനിധ്യത്തെ വിലയിരുത്തേണ്ടത്. ഉന്നത സ്ഥാനങ്ങളിൽ പ്രാതിനിധ്യം ഉറപ്പുവരുത്തുംവിധം അത് ഫലപ്രദവുമായിരിക്കണം.

പട്ടികജാതി ലിസ്റ്റിലെ വിഭാഗങ്ങളെ, പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തിൽ പ്രത്യേകമായി പരിഗണിക്കാതെ, ഒരേതരത്തിൽ വേണം നേട്ടങ്ങൾ ലഭ്യമാക്കാൻ എന്നായിരുന്നു ഇ.വി. ചിന്നയ്യ കേസിലെ വിധി. ഈ വിധിയാണ് ഏഴംഗ ഭരണഘടനാബെഞ്ച് റദ്ദാക്കിയത്‌:‘‘പട്ടികവിഭാഗത്തിൽ സാമൂഹികമായി ഭിന്നജാതികൾ ഉള്ളതിനാൽ ഭരണഘടനയുടെ 15(4), 16(4) അനുച്ഛേദങ്ങൾ നൽകുന്ന അധികാരം ഉപയോഗിച്ച് സർക്കാരുകൾക്ക് പട്ടികജാതികളെ വർഗീകരിക്കാം. ഉപവർഗീകരണത്തിനുള്ള അധികാരം പാർലമെന്റിനുള്ള അധികാരങ്ങൾക്ക് എതിരല്ല. ഏതെങ്കിലും ജാതിക്ക് മതിയായ പ്രാതിനിധ്യമില്ലെങ്കിൽ ആ വസ്‌തുത ആധികാരികമായി സ്ഥാപിച്ച് സർക്കാരുകൾക്ക് ഉപവർഗീകരണം നടത്താം. കൃത്യമായ സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തിലാകണം ഉപവർഗീകരണം’’- ഭരണഘടനാബെഞ്ചിന്റെ വിധിയിൽ പറയുന്നു.

രാഷ്ട്രപതി വിജ്ഞാപനം ചെയ്യുന്ന എസ്.സി പട്ടിക നിയമപരമായ ആവശ്യത്തിനുവേണ്ടിയുള്ളതാണെന്നും അത് അതേ അർഥത്തിൽ തന്നെ നിലനിൽക്കുന്ന ഒന്നായിരിക്കണമെന്നില്ലെന്നും ഏഴംഗ ഭരണഘടനാബെഞ്ചിനെ നയിച്ച ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറയുന്നു.
രാഷ്ട്രപതി വിജ്ഞാപനം ചെയ്യുന്ന എസ്.സി പട്ടിക നിയമപരമായ ആവശ്യത്തിനുവേണ്ടിയുള്ളതാണെന്നും അത് അതേ അർഥത്തിൽ തന്നെ നിലനിൽക്കുന്ന ഒന്നായിരിക്കണമെന്നില്ലെന്നും ഏഴംഗ ഭരണഘടനാബെഞ്ചിനെ നയിച്ച ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറയുന്നു.

രാഷ്ട്രപതി വിജ്ഞാപനം ചെയ്യുന്ന എസ്.സി പട്ടിക നിയമപരമായ ആവശ്യത്തിനുവേണ്ടിയുള്ളതാണെന്നും അത് അതേ അർഥത്തിൽ തന്നെ നിലനിൽക്കുന്ന ഒന്നായിരിക്കണമെന്നില്ലെന്നും ഏഴംഗ ഭരണഘടനാബെഞ്ചിനെ നയിച്ച ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ഭരണഘടന നിലവിൽവരുന്നതിനുമുമ്പ് പട്ടികജാതി എന്നത് നിലവിലുണ്ടായിരുന്ന ഒന്നല്ല എന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ, പട്ടികജാതികൾക്കിടയിൽ ആഭ്യന്തരമായ വ്യത്യസ്തതകൾ ഇല്ല എന്ന അവകാശവാദവുമായി നിയമപരമായ ഈ നടപടിയെ കൂട്ടിക്കെട്ടാനാകില്ല.

പട്ടികജാതിക്കാരുടെ ഉന്നമനത്തിനായി പ്രത്യേക നടപടികൾ സ്വീകരിക്കാൻ ഭരണഘടനയുടെ 15(4) ആർട്ടിക്കിൾ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്നുണ്ട്. 16(4)-ാം ആർട്ടിക്കിളാകട്ടെ, സംസ്ഥാന സർവീസുകളിൽ ആവശ്യത്തിന് പ്രാതിനിധ്യമില്ലാത്ത പിന്നാക്കവിഭാഗങ്ങളിൽ പെട്ടവർക്ക് നിയമനങ്ങളിലോ തസ്തികകളിലോ സംവരണം നൽകാൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക അധികാരം നൽകുന്നു. സാമൂഹികമായി പിന്നാക്കാവസ്ഥയിലുള്ള വിവിധ ശ്രേണികളിലുള്ളവരെ കണ്ടെത്തി സംവരണം അടക്കമുള്ള പ്രത്യേക ആനുകൂല്യങ്ങൾ ഏർപ്പെടുത്താനുള്ള സംസ്ഥാനങ്ങളുടെ ഈ അവകാശത്തെ ഭരണഘടനാബെഞ്ചിലെ ഭൂരിപക്ഷം അംഗങ്ങളും അനുകൂലിച്ചു.

പട്ടികജാതി ലിസ്റ്റിലെ ഉപ വർഗീകരണത്തിന് സംസ്ഥാനങ്ങൾക്ക് കൃത്യമായ മാനദണ്ഡങ്ങൾവേണമെന്നും വിധിയിലുണ്ട്. അതായത്, വെറും എണ്ണക്കണക്കിൽ മാത്രമല്ല പ്രാതിനിധ്യത്തെ വിലയിരുത്തേണ്ടത്. ഉന്നത സ്ഥാനങ്ങളിൽ പ്രാതിനിധ്യം ഉറപ്പുവരുത്തുംവിധം അത് ഫലപ്രദവുമായിരിക്കണം.

ജസ്റ്റിസ് ബേലാ എം. ത്രിവേദിയുടെ ഭിന്നവിധി

പാർലമെന്റിനുമാത്രമേ പട്ടികജാതി പട്ടികയിൽ കൂട്ടിച്ചേർക്കാനും ഒഴിവാക്കാനുമുള്ള അധികാരമുള്ളൂ എന്ന് ഭിന്നിവിധയിൽ ജസ്റ്റിസ് ബേലാ എം. ത്രിവേദി വ്യക്തമാക്കി. പട്ടികജാതികളായി സ്‌പെസിഫൈ ചെയ്ത ട്രൈബുകളെയോ ജാതികളെയോ വിഭാഗങ്ങളെയോ ഉപവിഭാഗങ്ങളായി തരംതിരിക്കാനോ സബ് ക്ലാസിഫൈ ചെയ്യാനോ സംസ്ഥാന നിയമസഭകൾക്ക് ഭരണപരമോ നിയമപരമോ ആയ അധികാരമില്ല.

പാർലമെന്റിനുമാത്രമേ പട്ടികജാതി പട്ടികയിൽ കൂട്ടിച്ചേർക്കാനും ഒഴിവാക്കാനുമുള്ള അധികാരമുള്ളൂ എന്ന് ഭിന്നിവിധയിൽ ജസ്റ്റിസ് ബേലാ എം. ത്രിവേദി വ്യക്തമാക്കുന്നു.
പാർലമെന്റിനുമാത്രമേ പട്ടികജാതി പട്ടികയിൽ കൂട്ടിച്ചേർക്കാനും ഒഴിവാക്കാനുമുള്ള അധികാരമുള്ളൂ എന്ന് ഭിന്നിവിധയിൽ ജസ്റ്റിസ് ബേലാ എം. ത്രിവേദി വ്യക്തമാക്കുന്നു.

സംസ്ഥാനങ്ങൾ നല്ല ഉദ്ദേശ്യത്തോടെയും വ്യക്തതയോടെയുമാണ് ഇത് ചെയ്യുന്നതെന്നിരിക്കട്ടെ, എങ്കിലും അത് ഭരണഘടനാതത്വങ്ങൾക്ക് എതിരായതുകൊണ്ടുതന്നെ, സുപ്രീംകോടതിക്ക് അംഗീകരിക്കാനാകില്ല. അസമത്വങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ, ഭരണഘടനയുടെ പ്രത്യേക വകുപ്പുകൾ ലംഘിച്ചാകരുത് എന്നും അവർ ചൂണ്ടിക്കാട്ടി.

ഭരണഘടനാലംഘനമെന്ന് വിമർശനം

സുപ്രീംകോടതി വിധി ഭരണഘടനാലംഘനമാകയാൽ, അത് മറികടക്കാൻ നിയമനിർമാണം വേണമെന്നാണ് ചില ദലിത്– ആദിവാസി സംഘടനകളുടെ ആവശ്യം.

പട്ടികവിഭാഗക്കാരുടെയും ഒ.ബി.സിക്കാരുടെയും പ്രാതിനിധ്യത്തിന്റെ കൃത്യമായ അവസ്ഥ മനസ്സിലാക്കാൻ, യൂണിയൻ സർക്കാറിനുകീഴീലുള്ള ജീവനക്കാരുടെ ജാതി സംബന്ധിച്ച ഡാറ്റ ഉടൻ പ്രസിദ്ധീകരിക്കണമെന്ന് ദലിത്- ആദിവാസി സംഘടനകളുടെ ദേശീയ കോൺഫെഡറേഷൻ (The National Confederation of Dalit and Adivasi Organisations -NACDAOR) പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. പട്ടികവിഭാഗങ്ങളെ ഉപവിഭാഗങ്ങളായി തിരിച്ച് ക്വാട്ട സിസ്റ്റം അനുവദിക്കാനുള്ള വിധി ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്ന് കൂട്ടായ്മ ചൂണ്ടിക്കാട്ടി.

പട്ടികവിഭാഗങ്ങളെ ‘വിഭജിച്ച് ഭരിക്കുക’ ന്ന രാഷ്ട്രീയതന്ത്രം നന്നായി പയറ്റിക്കൊണ്ടിരുക്കുന്ന ഒരു സാഹചര്യം രാജ്യത്തുണ്ടെന്ന് ചന്ദ്രശേഖർ ആസാദ് ചൂണ്ടിക്കാട്ടുന്നു. ഏറെ കാലത്തിനുശേഷമാണ്, പട്ടികജാതിക്കാരും പട്ടികവർഗക്കാരും യോജിച്ച നിലപാടെടുക്കുന്നത്.

സർക്കാർ ജീവനക്കാരിൽ 60 ശതമാനവും പട്ടികജാതി- പട്ടികവർഗം, ഒ.ബി.സി ഇതര വിഭാഗക്കാരാണെന്ന് NACDAOR ചെയർമാൻ അശോക് ഭാർതി പറഞ്ഞു. ഹൈകോടതികളിലും സുപ്രീംകോടതികളിലും എസ്.സി- എസ്.ടി, ഒ.ബി.സി വിഭാഗങ്ങളിൽനിന്നുള്ള 50 ശതമാനം ജഡ്ജിമാരുടെ പ്രതിനിധ്യം ഉറപ്പുവരുത്താൻ സർക്കാർ അടിയന്തര നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 50 ശതമാനം പ്രാതിനിധ്യം ഉറപ്പാക്കുന്നതുവരെ, ഇപ്പോൾ, അമിതമായി പ്രാതിനിധ്യമുള്ള സമുദായങ്ങളിൽനിന്നുള്ളവരുടെ നിയമനം നിർത്തിവക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണഘടനാബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് NACDAOR സുപ്രീംകോടതിയെ സമീപിക്കും. എന്നിട്ടും നടപടിയുണ്ടായില്ലെങ്കിൽ പാർലമെന്റിൽ ബിൽ കൊണ്ടുവരുന്നതിന് തെരുവിലിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

എസ്​.സി– എസ്​.ടി ലിസ്​റ്റിനെ സബ് കാറ്റഗറൈസ് ചെയ്യാനുള്ള അധികാരം പാർലമെൻറിനുമാത്രമാണുള്ളതെന്നും അത് സംസ്​ഥാന നിയമസഭകളടക്കമുള്ള മറ്റ് ഏജൻസികൾക്ക് വിട്ടുകൊടുക്കുന്നത് അപകടകരമാണെന്നുമാണ് വാഞ്ചിത് ബഹുജൻ അഗാഡി പ്രസിഡൻറ് പ്രകാശ് അംബേദ്കർ പറയുന്നത്.

സോഷ്യോ– ഇക്കണോമിക് ജാതി സർവേയുടെ അടിസ്​ഥാനത്തിലല്ലാതെ ഉപവിഭാഗനിർണയം നടത്താൻ പാടില്ലെന്നാണ് ഭീം ആർമി നേതാവും ആസാദ് സമാജ് പാർട്ടി (കാൻഷിറാം) പ്രസിഡൻറുമായ ചന്ദ്രശേഖർ ആസാദ് എം.പി പറയുന്നത്.
സോഷ്യോ– ഇക്കണോമിക് ജാതി സർവേയുടെ അടിസ്​ഥാനത്തിലല്ലാതെ ഉപവിഭാഗനിർണയം നടത്താൻ പാടില്ലെന്നാണ് ഭീം ആർമി നേതാവും ആസാദ് സമാജ് പാർട്ടി (കാൻഷിറാം) പ്രസിഡൻറുമായ ചന്ദ്രശേഖർ ആസാദ് എം.പി പറയുന്നത്.

ഭരണഘടനയുടെ 341ാം വകുപ്പ് അനുസരിച്ച് പട്ടികജാതി വിഭാഗങ്ങളെ ലിസ്​റ്റ് ചെയ്യാനുള്ള അധികാരം, പാർലമെൻറുവഴി രാഷ്ട്രപതിയിൽ നിക്ഷിപ്തമാണ്. സോഷ്യോ– ഇക്കണോമിക് ജാതി സർവേയുടെ അടിസ്​ഥാനത്തിലല്ലാതെ ഉപവിഭാഗനിർണയം നടത്താൻ പാടില്ലെന്നാണ് ഭീം ആർമി നേതാവും ആസാദ് സമാജ് പാർട്ടി (കാൻഷിറാം) പ്രസിഡൻറുമായ ചന്ദ്രശേഖർ ആസാദ് എം.പി പറയുന്നത്: ‘ഇതുസംബന്ധിച്ച് ഭരണഘടനാ അസംബ്ലിയിൽ നടന്ന ചർച്ചകൾ വായിച്ചുനോക്കാവുന്നതാണ്. ഒരു പോസ്​റ്റ് കിട്ടിയതുകൊണ്ടുമാത്രം ദലിതുകളുടെ സാമൂഹികപദവിയിൽ ഒരു മാറ്റവുമുണ്ടാകുന്നില്ല’’– ആസാദ് പറയുന്നു.

‘‘പട്ടികവിഭാഗങ്ങളെ ‘വിഭജിച്ച് ഭരിക്കുക’ ന്ന രാഷ്ട്രീയതന്ത്രം നന്നായി പയറ്റിക്കൊണ്ടിരുക്കുന്ന ഒരു സാഹചര്യം രാജ്യത്തുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഏറെ കാലത്തിനുശേഷമാണ്, പട്ടികജാതിക്കാരും പട്ടികവർഗക്കാരും യോജിച്ച നിലപാടെടുക്കുന്നത്. ഈ വിധിയും കേസുമായി ബന്ധപ്പെട്ട നിയമനടപടികളിൽ പങ്കാളികളായ ജഡ്ജിമാരിലും അഭിഭാഷകരിലും എസ്​.സി– എസ്​.ടി വിഭാഗത്തിൽനിന്നുള്ള എത്ര പേരുണ്ട്? ഈ വിഭാഗങ്ങൾ നേരിടുന്ന വിവേചനത്തിന്റെ വേദന നിയമസംവിധാനത്തിന് മനസ്സിലാക്കാനാകുമോ? മായാവതി യു.പി മുഖ്യമന്ത്രിയായിരുന്നു, എന്നിട്ടും അവർ ഒരു ദലിത് നേതാവാണ് അറിയപ്പെടുന്നത്’’– ഇന്ത്യൻ എക്സ്​പ്രസിനു നൽകിയ അഭിമുഖത്തിൽ ആസാദ് പറഞ്ഞു.

സുപ്രീംകോടതി വിധി പുറപ്പെടുവിച്ച ബഞ്ചിൽ ജസ്​റ്റിസ് ബി.ആർ. ഗവായ് മാത്രമാണ് പട്ടികജാതി വിഭാഗത്തിൽനിന്നുള്ളത്.

ദലിത് -ആദിവാസി-സ്ത്രീ പൗരാവകാശ കൂട്ടായ്മ ചെയർപേഴ്സൺ എം. ഗീതാനന്ദൻ: ‘‘പട്ടികജാതി വിഭാഗങ്ങളെ ഉപവിഭാഗങ്ങളായി തിരിക്കുന്നതിന്റെ ന്യായമായി കോടതി പറയുന്നത്, പട്ടികജാതി- വർഗ വിഭാഗങ്ങൾ heterogenous ആയ ഒരു കൂട്ടമാണ് എന്നതാണ്. പട്ടികജാതി വിഭാഗങ്ങൾക്കിടയിൽ ജാതീയ അസമത്വം നിലനിൽക്കുന്നു. ചില ജാതികൾ മറ്റു ജാതികളുടെ അവസരം കവരുന്നു എന്നെല്ലമാണ് വിധിയിലെ സൂചനകൾ. ഗുജറാത്തിൽ നടത്തിയ ഒരു അക്കാദമിക് പഠനത്തിലെ കാര്യങ്ങളാണ് ഇതിനാധാരമായി വിധിയിൽ പറയുന്നത്. പട്ടികജാതി- വർഗ ലിസ്റ്റിന് ഏകതാനമായ സ്വഭാവമുണ്ട്, അത് ജാതിശ്രേണിക്കുപുറത്തുള്ളവരും അയിത്തത്തിന് വിധേയരായവരും എന്ന അർഥത്തിലാണ്.

പട്ടികജാതിക്കാർക്കിടയിൽ, ജാതിശ്രേണിയിൽ കാണുന്നതുപോലെ മേലാളരും കീഴാളരും ഉയർന്നവരും താഴ്ന്നവരും എന്ന മട്ടിലുള്ള പദവികളില്ല. അതുകൊണ്ടുതന്നെ ഈ വിധി ചരിത്രവിരുദ്ധമാണ് എന്ന്  എം. ഗീതാനന്ദൻ.
പട്ടികജാതിക്കാർക്കിടയിൽ, ജാതിശ്രേണിയിൽ കാണുന്നതുപോലെ മേലാളരും കീഴാളരും ഉയർന്നവരും താഴ്ന്നവരും എന്ന മട്ടിലുള്ള പദവികളില്ല. അതുകൊണ്ടുതന്നെ ഈ വിധി ചരിത്രവിരുദ്ധമാണ് എന്ന് എം. ഗീതാനന്ദൻ.

അങ്ങനെ, സാമൂഹികമായും സാമ്പത്തികമായും പിന്തള്ളപ്പെട്ടതുകൊണ്ടാണ് അവരെ പൊതുവായ ഒരു ജനത എന്ന നിലക്ക് കണ്ട് പട്ടികജാതിക്കാർ എന്നു പറയുന്നത്. ആ വിഭാഗത്തിനിടയിൽ, ജാതിശ്രേണിയിൽ കാണുന്നതുപോലെ മേലാളരും കീഴാളരും ഉയർന്നവരും താഴ്ന്നവരും എന്ന മട്ടിലുള്ള പദവികളില്ല. അതുകൊണ്ടുതന്നെ ഈ വിധി ചരിത്രവിരുദ്ധമാണ്. അയിത്ത ജനവിഭാഗങ്ങൾക്കുള്ള സംരക്ഷിത വകുപ്പുകളുടെ ഉറവിടം ആർട്ടിക്കിൾ 17 ആണ്. കൂടാതെ, അവരുടെ പ്രത്യേക അവകാശങ്ങൾങ്ങൾക്കായി 15 (4), 16 (4) എന്നീ വകുപ്പുകളുണ്ട്. കൂടാതെ കമീഷനുകളും പ്രത്യേക പദ്ധതികളുമെല്ലാമുണ്ട്. ഈ നിയമങ്ങളെല്ലാം ഈ ജനവിഭാഗങ്ങളുടെ സവിശേഷ സംരക്ഷണം ഉറപ്പാക്കുന്നവയാണ്. ഇവ പ്രയോഗവൽക്കരിക്കാൻ ആരാണ് പട്ടികജാതിക്കാർ / പട്ടിക വർഗക്കാർ എന്ന് വളരെ കർക്കശമായി തന്നെ നിർണയിക്കേണ്ടതുണ്ട്. അതിനുള്ള മെത്തഡോളജി ദശകങ്ങളായി നിലനിൽക്കുന്നുണ്ട്. ഈ പട്ടികയിൽ കൂട്ടിച്ചേർക്കലുകൾ വരുത്തണമെങ്കിൽ സംസ്ഥാനങ്ങൾക്ക് അഭിപ്രായം പറയാം. കമീഷനുകൾക്ക് നിർദേശം പറയാം. ഇവയെല്ലാം പാർലമെന്റ് പരിശോധിക്കും. ഇതിനുശേഷമാണ്, തീരുമാനമെടുക്കുക. ഈ സംവിധാനം അട്ടിമറിക്കപ്പെട്ടാൽ, പട്ടികവിഭാഗങ്ങൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന സുരക്ഷിത കവചമെല്ലാം തകർന്നുവീഴും’’.

പട്ടികജാതി വിഭാഗങ്ങൾക്കിടയിൽ ജാതികളെ സൃഷ്​ടിച്ച് പരസ്​പര ശത്രുത വളർത്താനേ ഈ വിധി ഉപകരിക്കൂ എന്നും ചില സംഘടനകൾ വിമർശിക്കുന്നുണ്ട്. ബീഹാറിലെ ജാതി സെൻസസ് ഡാറ്റ പ്രകാരം മുസാഹർ, മെഹ്താർ വിഭാഗങ്ങൾ, മറ്റു വിഭാഗങ്ങളേക്കാൾ പിന്നാക്കമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇതി​ന്റെ അടിസ്​ഥാനത്തിൽ മാത്രം ഒരു സബ് ക്ലാസിഫിക്കേഷൻ നടത്താനാകില്ല എന്നാണ് ചില ദലിത് സംഘടനകളുടെ വാദം. രാജസ്​ഥാനിലെ അലഞ്ഞുതിരിഞ്ഞുനടന്ന് ജീവിക്കുന്ന ഗുമന്തു എന്ന ആദിവാസി വിഭാഗങ്ങൾ, തങ്ങളുടെ മക്കളെ ഭിക്ഷയെടുക്കാൻ പഠിപ്പിക്കുന്നവരാണ്. അവർക്ക് ഇത്തരം അവകാശങ്ങളെക്കുറിച്ച് അറിയില്ലെന്നുമാത്രമല്ല, എല്ലാതരം ക്ഷേമപദ്ധതികൾക്കും പുറത്തുമാണുള്ളത്. ഇത്തരം സാമൂഹിക യാഥാർഥ്യങ്ങൾ, ഈ വിഭാഗങ്ങളിലെ സബ് ക്ലാസിഫിക്കേഷനെ അസാധ്യമാക്കുന്നു.

മുംബൈയിലെ മൂവ്മെൻറ് ഫോർ സ്​കാവഞ്ചർ കമ്യൂണിറ്റിയുടെ നേതാവായ ഡോ. വിമൽ കുമാർ പറയുന്നത്, പട്ടികജാതിക്കാർക്ക് പുറത്തുനിന്നുള്ളവരിൽനിന്നുമാത്രമല്ല, സ്വന്തം വിഭാഗങ്ങളിൽനിന്നും അയിത്തം നേരിടേണ്ടിവരുന്നുണ്ടെന്നാണ്.

2011–ലെ സെൻസസ് അനുസരിച്ച് ഇന്ത്യൻ ജനസംഖ്യയിൽ 16.6 ശതമാനം പട്ടികജാതിക്കാരും 8.6 ശതമാനം പട്ടികവർഗക്കാരുമാണുള്ളത്. ആചാരാനുഷ്ഠാനങ്ങൾ, ഭാഷ, വിശ്വാസരീതികൾ എന്നിവയിൽ വൈവിധ്യമുണ്ടാകാമെങ്കിലും അയിത്തത്തിന് വിധേയമായതിനാൽ സാമൂഹികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്നു എന്നതുകൊണ്ടാണ് ഇവരെ ഏകതാന സ്വാഭാവമുള്ളവരായി കണക്കാക്കുന്നത്. ഈ വസ്തുത പരിഗണിച്ചാൽ ഈ വിഭാഗങ്ങൾക്കിടയിൽ മേൽതട്ടും കീഴിത്തട്ടുമില്ല. എന്നാൽ, ഈ യാഥാർഥ്യം പരിഗണിക്കാതെ പട്ടികജാതി–വർഗ്ഗക്കാർ വൈവിധ്യമാർന്ന സ്വഭാവമുള്ളവരാണെന്നും അവർക്കിടയിൽ ജാതിവിവേചനം നിലനില്ക്കുന്നുണ്ടെന്നും തെറ്റായി വിലയിരുത്തിയാണ് ജാതിവിഭാഗങ്ങളായി തരംതിരിക്കണമെന്ന് കോടതിവിധി പറയുന്നത് എന്നാണ് ദലിത്- ആദിവാസി സംഘടനകളുടെ വാദം.

വിധി സ്വാഗതം ചെയ്തും ദലിത് സംഘടനകൾ

എന്നാൽ, ഉപ വർഗീകരണം, പ്രാതിനിധ്യം ലഭിക്കാത്ത വിഭാഗങ്ങൾക്ക് ഗുണകരമാകുമെന്ന് വാദിക്കുന്ന ദലിത് നേതാക്കളുമുണ്ട്.

മുംബൈയിലെ മൂവ്മെൻറ് ഫോർ സ്​കാവഞ്ചർ കമ്യൂണിറ്റിയുടെ നേതാവായ ഡോ. വിമൽ കുമാർ പറയുന്നത്, പട്ടികജാതിക്കാർക്ക് പുറത്തുനിന്നുള്ളവരിൽനിന്നുമാത്രമല്ല, സ്വന്തം വിഭാഗങ്ങളിൽനിന്നും അയിത്തം നേരിടേണ്ടിവരുന്നുണ്ടെന്നാണ്. മഹാരാഷ്രട്രയിൽ മാലിന്യം നീക്കുന്ന പണിയിലേർപ്പെടുന്ന ജാതിവിഭാഗങ്ങളുടെ കാര്യം ഡോ. വിമൽ കുമാർ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് മഹാരാഷ്ട്രയിലേക്ക് കുടിയേറി ഈ പണിയെടുക്കുന്ന നിരവധി പേരുണ്ട്. മുനിസിപ്പാലിറ്റികളിൽ പണിയെടുക്കുന്ന ഇവർ പട്ടികജാതി സർട്ടിഫിക്കറ്റിനായി അലയുകയാണിപ്പോഴും. ഇത്തരം വിഭാഗങ്ങൾക്ക് പുതിയ വിധി ഗുണകരമാകുമെന്നാണ് ഡോ. വിമൽ കുമാർ പറയുന്നത്. കൂടാതെ, പ്രാതിനിധ്യത്തിൽനിന്ന് ബഹിഷ്കൃതരായ പഞ്ചാബിലെയും ഹരിയാനയിലെയും ബാസിഗർ, സപേര വിഭാഗങ്ങൾക്കും രാജസ്​ഥാനിലെ സ്വീപ്പർ കമ്യൂണിറ്റികൾക്കും സുപ്രീംകോടതി വിധി ഗുണം ചെയ്യുമെന്നും അദ്ദേഹം പറയുന്നു.

കർണാടകയിലെ ദലിത് സമുദായമായ മാഡിഗ വിഭാഗം മൂന്നു പതിറ്റാണ്ടായി കാത്തിരിക്കുന്ന വിധിയാണിത് എന്നാണ്, സമുദായത്തിലെ ആക്റ്റിവിസ്റ്റായ അംബണ്ണ അരോലികർ പറഞ്ഞത്.
കർണാടകയിലെ ദലിത് സമുദായമായ മാഡിഗ വിഭാഗം മൂന്നു പതിറ്റാണ്ടായി കാത്തിരിക്കുന്ന വിധിയാണിത് എന്നാണ്, സമുദായത്തിലെ ആക്റ്റിവിസ്റ്റായ അംബണ്ണ അരോലികർ പറഞ്ഞത്.

കർണാടകയിലെ ദലിത് സമുദായമായ മാഡിഗ വിഭാഗം മൂന്നു പതിറ്റാണ്ടായി കാത്തിരിക്കുന്ന വിധിയാണിത് എന്നാണ്, സമുദായത്തിലെ ആക്റ്റിവിസ്റ്റായ അംബണ്ണ അരോലികർ പറഞ്ഞത്. കർണാടകയിലും ആന്ധ്രപ്രദേശിലുമുള്ള ദലിത് സമുദായങ്ങളായ ഹൊലേയ, മാലാ വിഭാഗങ്ങൾ എസ്.സി സംവരണത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരാണെന്ന് അദ്ദേഹം പറയുന്നു. ജാർഖണ്ഢിൽ 42 പട്ടികവർഗ വിഭാഗങ്ങളുള്ളതിൽ അംഗബലമുള്ള സാന്താൾ, മുണ്ട, ഒറയോൺ, ഹോ വിഭാഗങ്ങൾ സംവരണത്തിന്റെ ഏറിയ പങ്കും കൈവശപ്പെടുത്തുന്നതായി അസുർ സമുദായത്തിലെ കവിയായ സുഷ്മ അസുർ പറയുന്നു.

ബീഹാറിലും ഇതേ പ്രശ്‌നമുണ്ട്. ആകെയുള്ള 22 ദലിത് സമുദായങ്ങളിൽ നാലോ അഞ്ചോ വിഭാഗങ്ങൾക്കാണ് പ്രാതിനിധ്യമുള്ളത്. മുഷാറകളെപ്പോലുള്ള വിഭാഗങ്ങൾ എവിടെയുമെത്തുന്നില്ല.

വയനാട്ടിൽ ആദിവാസികൾക്കിടയിലെ അയിത്താചരണത്തെക്കുറിച്ച് സി.കെ. ജാനു 'അടിമമക്ക' എന്ന ആത്മകഥയിൽ പറയുന്നുണ്ട്: ‘‘കാട്ടുനായ്ക്കർ വിഭാഗത്തിലെ ചിലർ മറ്റു ജാതിക്കാരെ ഇപ്പോഴും അവരുടെ അടുക്കളയിൽ കയറ്റില്ല. വേറെ ജാതിക്കാരുടെ വീട്ടിൽ പോയാൽ അവരുടെ അടുക്കളയിൽ ഇവരും കയറില്ല’’. ‘‘വയനാട്ടിലാണ് ഏറ്റവും കൂടുതൽ പണിയ സമുദായക്കാരുള്ളത്. എണ്ണത്തിൽ കൂടുതലുള്ള ഇവരുടെ തലയെണ്ണിയാണ് പട്ടികവർഗ സംവരണതോത് പോലും വർദ്ധിപ്പിക്കുന്നത്’’.

വയനാട്ടിൽ ഭൂമിയുള്ള ആദിവാസി വിഭാഗങ്ങൾ വിദ്യാഭ്യാസപരമായി മുന്നോട്ടുവരികയും സംവരണത്തിന്റെ ആനുകൂല്യം ഇവരിൽ കേന്ദ്രീകരിക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ട്. അതുവഴി ഇവർക്ക് സാമൂഹ്യപരമായി ഉയരാനായി. അതോടെ, സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയപരവുമായ പ്രാതിനിധ്യം ഈ വിഭാഗങ്ങളിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു. ഇതുവരെ മന്ത്രിമാരായ രണ്ട് ആദിവാസി വിഭാഗക്കാരും- പി.കെ. ജയലക്ഷ്മിയും ഒ.ആർ. കേളുവും- കുറിച്യ വിഭാഗക്കാരായിരുന്നു. അതേസമയം, വനവിഭവങ്ങളെ ആശ്രയിച്ചുകഴിയുന്ന പണിയ, അടിയ വിഭാഗങ്ങൾ ഇപ്പോഴും കൂലിത്തൊഴിലാളികളും അടിമപ്പണിക്കാരുമായി തുടരുന്നു. കുടകിലേക്കും മറ്റും അടിമപ്പണിക്കായി പോകേണ്ടിവരുന്നവരിലേറെയും ഈ വിഭാഗക്കാരാണ്. വിദ്യാഭ്യാസത്തിലും തൊഴിലിലും ഇവരുടെ പ്രാതിനിധ്യം പരിശോധിച്ചാൽ, പിന്നാക്കാവസ്ഥ ഒരു പ്രധാന ഘടകമായി പരിഗണിക്കേണ്ടിവരുമെന്ന് ആദിവാസി വിഭാഗത്തിലെ ആക്റ്റിവിസ്റ്റുകൾ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

വയനാട്ടിൽ ആദിവാസികൾക്കിടയിലെ അയിത്താചരണത്തെക്കുറിച്ച് സി.കെ. ജാനു 'അടിമമക്ക' എന്ന ആത്മകഥയിൽ പറയുന്നുണ്ട്: ‘‘കാട്ടുനായ്ക്കർ വിഭാഗത്തിലെ ചിലർ മറ്റു ജാതിക്കാരെ ഇപ്പോഴും അവരുടെ അടുക്കളയിൽ കയറ്റില്ല. വേറെ ജാതിക്കാരുടെ വീട്ടിൽ പോയാൽ അവരുടെ അടുക്കളയിൽ ഇവരും കയറില്ല’’
വയനാട്ടിൽ ആദിവാസികൾക്കിടയിലെ അയിത്താചരണത്തെക്കുറിച്ച് സി.കെ. ജാനു 'അടിമമക്ക' എന്ന ആത്മകഥയിൽ പറയുന്നുണ്ട്: ‘‘കാട്ടുനായ്ക്കർ വിഭാഗത്തിലെ ചിലർ മറ്റു ജാതിക്കാരെ ഇപ്പോഴും അവരുടെ അടുക്കളയിൽ കയറ്റില്ല. വേറെ ജാതിക്കാരുടെ വീട്ടിൽ പോയാൽ അവരുടെ അടുക്കളയിൽ ഇവരും കയറില്ല’’

ഇത്തരം യാഥാർഥ്യങ്ങൾ കൂടി പരിഗണിച്ചാൽ, സുപ്രീംകോടതി വിധി വ്യാപകമായ സംവാദങ്ങൾക്ക് വിധേയമാകേണ്ട ഒന്നാണ്. ദലിത്- ആദിവാസി സംഘടനകൾ ഉന്നയിക്കുന്ന ആശങ്കകൾ പരിഗണിച്ചും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ ലംഘിക്കപ്പെടാതെയും അതേസമയം, പ്രാതിനിധ്യത്തിലെ അസന്തുലിതാവസ്ഥ എന്ന യാഥാർഥ്യം അഭിമുഖീകരിച്ചും വേണം ഈയൊരു വിധിയുടെ സാംഗത്യം പരിശോധിക്കാൻ. അതിന്, രാജ്യത്തെ അധഃസ്ഥിത ജനതയുടെ അവകാശങ്ങ​ളെ സ്വന്തം രാഷ്ട്രീയനേട്ടങ്ങൾക്കായി മുതലെടുക്കാത്ത ഭരണകൂടനേതൃത്വങ്ങളും രാഷ്ട്രീയ സംവിധാനങ്ങളും ആവശ്യമാണ്.

Comments