എന്നവസാനിക്കും ഈ വംശീയത?

അട്ടപ്പാടിയിൽ മധു കൊല്ലപ്പെട്ടിട്ട് അഞ്ച് വർഷം തികയാനിരിക്കെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് വയനാട്ടിൽ നിന്നുള്ള ആദിവാസി യുവാവ് വിശ്വനാഥനെ ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങളുണ്ടാകുന്നത്. നിലനിൽക്കുന്ന സാമൂഹ്യശ്രേണിയുടെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരോട്, അവരുടെ ഇരുണ്ട ശരീരങ്ങളോട് മുഖ്യധാരാ സമൂഹം കാണിക്കുന്ന ക്രൂരതകൾ അവസാനിക്കുന്നേയില്ല. കേരളീയ സാമൂഹികതയിൽ ഉൾച്ചേർന്നിരിക്കുന്ന വംശീയതയുടെ പലവിധ മാനങ്ങളെ പരിശോധിക്കുകയാണ് കെ.കെ. സുരേന്ദ്രൻ, ബിജു കാക്കത്തോട്, പ്രമോദ് പുഴങ്കര, ഡോ. രാജേഷ് കോമത്ത് എന്നിവർ.

Think

മുത്തങ്ങ സമരത്തിന് നേരെ നടന്ന പൊലീസ് നായാട്ടുകൾക്ക് ഇരുപത് വർഷം പിന്നിടുന്ന, അട്ടപ്പാടിയിൽ മധു എന്ന ആദിവാസി യുവാവിനെ മോഷണക്കുറ്റമാരോപിച്ച് കൊലപ്പെടുത്തിയിട്ട് അഞ്ച് വർഷം പിന്നിടുന്ന നാളുകളിലാണ് വിശ്വനാഥൻ എന്ന ആദിവാസി യുവാവിൻറെ ദാരുണമായ മരണത്തിലേക്ക് നയിച്ച ആൾക്കൂട്ട വംശഹത്യയെപ്പറ്റി നാം ചർച്ച ചെയ്യേണ്ടി വരുന്നത്. പുതിയ കാലത്തിനും ലോകക്രമങ്ങൾക്കുമനുസരിച്ച് നമ്മുടെ സമൂഹം സഞ്ചരിക്കുമ്പോഴും ഓരങ്ങളിൽ ജീവിക്കുന്ന മനുഷ്യരെ ഉൾക്കൊള്ളാനോ, ചേർത്തുപിടിക്കാനോ നമ്മുടെ പൊതുഇടങ്ങൾക്കിനിയും സാധിച്ചിട്ടില്ലെന്ന് മാത്രമല്ല, അവരെ ഭീതിയോടെയും സംശയത്തോടെയും കാണുന്ന സാഹചര്യങ്ങൾക്ക് മാറ്റമുണ്ടായിട്ടുമില്ല. സാധാരണക്കാരായ യുവാക്കൾ അവർ ആദിവാസികളായി ജനിച്ചു എന്ന ഒറ്റക്കാരണത്താൽ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ജയിലിൽ അടക്കപ്പെടുകയും ചെയ്യുന്നത്, സാമൂഹ്യപുരോഗതിയിൽ ഏറെ മുന്നിൽ നിൽക്കുന്നതായി വിലയിരുത്തപ്പെടുന്ന കേരളത്തിലാണ്. ആദിവാസികൾക്കുനേരെയുള്ള ഹത്യകളും പാതകങ്ങളും കേരളത്തിൽ നിറയുകയാണെന്നാണ് അധ്യാപകനും സാമൂഹിക പ്രവർത്തകനുമായകെ.കെ. സുരേന്ദ്രൻ പറയുന്നത്

കെ.കെ. സുരേന്ദ്രൻ

""വലിയ വകുപ്പുകൾ ഉൾക്കൊള്ളുന്ന പട്ടികവർഗ പീഡന നിരോധന നിയമമുണ്ട്. അടുത്ത കാലത്തതിന്റെ കരചരണങ്ങളരിയാനുള്ള കോടതിയുടെ ശ്രമത്തിനെതിരെ വലിയ പ്രതിഷേധമുയർന്നിരുന്നു. കേരളത്തിലെ എസ്.എം.എസ് സംവിധാനം (പട്ടിക വർഗക്കാർക്കെതിരെയുള്ള അതിക്രമം അന്വേഷിക്കാൻ ചുമതലപ്പെട്ട പൊലീസ് സേന) ഇരകൾക്കുവേണ്ടിയാണോ പ്രതികൾക്കു വേണ്ടിയാണോ പ്രവർത്തിക്കുന്നതെന്നു സംശയം തോന്നും. വയനാട്ടിലെ ശോഭയെന്ന ആദിവാസി സ്ത്രീയുടെ മരണം അവരും ക്രൈം ബ്രാഞ്ചും അന്വേഷിച്ചിട്ടും, നാളേറെയായിട്ടും, ഇതുവരെ തുമ്പ് കിട്ടിയിട്ടില്ലെന്നാണറിയുന്നത്. പട്ടിക വർഗ കമീഷൻ, എം.എൽ.എമാർ, മന്ത്രി, മറ്റു ജനപ്രതിനിധികൾ, പ്രത്യേക കോടതികൾ, പ്രോസിക്യൂഷൻ, ഭരണഘടന നൽകുന്ന പ്രത്യേക പരിഗണന, കോടിക്കണക്കിന് ഫണ്ട്... എന്നിട്ടും മധുവും വിശ്വനാഥനും ശോഭയുമൊക്കെ കൊല്ലപ്പെടുന്നു, നവോത്ഥാനാനന്തര കേരളത്തിൽ.''

മലയാളികൾ ഉള്ളിലിപ്പോഴും പഴയ ജാതിവെറിയൻ തന്നെയാണെന്നും അവർക്ക് ആദിവാസികളും പട്ടികജാതിക്കാരനുമൊക്കെ കോളനികളിൽ ഒതുങ്ങിക്കൂടേണ്ട അടിമകളാണെന്നും അഖിലേന്ത്യ പണിയ മഹാസഭ ജനറൽ സെക്രട്ടറി ബിജു കാക്കത്തോട് പറയുന്നു.

ബിജു കാക്കത്തോട്

"" വിശ്വനാഥൻ, മധു- കേൾക്കുമ്പോൾ പരിഷ്‌കരിച്ച പേരുകൾ. പക്ഷെ ആ പേരു സ്വീകരിച്ച മനുഷ്യർക്ക്, മറ്റുള്ളവരിൽനിന്ന് അവരെ വേർതിരിച്ചു നിർത്തുന്ന, ജന്മനാ ലഭിച്ച ശാരീരിക പ്രത്യേകതകളെ അങ്ങനെ പരിഷ്‌കരിക്കാൻ കഴിയില്ലല്ലോ. അതുകൊണ്ടുതന്നെ പൊതുബോധത്തിന് ഞാനുൾപ്പെടെയുള്ള ആദിവാസി സമൂഹം അകറ്റി നിർത്തപ്പെടേണ്ടവരാണ്, പരിഹസിക്കപ്പെടേണ്ടവരാണ്, ആൾക്കൂട്ടത്തിൽ സംശയമുനയിൽ നിരത്തിനിർത്തി കൈത്തരിപ്പ് തീർക്കേണ്ട കറുത്ത ശരീരങ്ങളാണ്. ഇന്നും ഇന്നലെയും തുടങ്ങിയതല്ല, മധുവും വിശ്വനാഥനും ആദ്യപേരുകളുമല്ല. അവസാന പേരുകാരും ആയിരിക്കുകയില്ല. അറിഞ്ഞതിൽ എത്രയോ ഇരട്ടി അറിയാത്ത പേരുകളുണ്ട്. കാമം തീർക്കാൻ ഉപയോഗിച്ച് വലിച്ചെറിഞ്ഞ ഗോത്രസമൂഹത്തിലെ പെൺശരീരങ്ങളുടെ എണ്ണം കണക്കുകൾക്കപ്പുറമാണ്''

പാലക്കാട് ജില്ലയിലെ അട്ടപ്പാടി ആദിവാസി ക്ഷേമരാജ്യത്തിന്റെ കേരള മാതൃകയായി കാലങ്ങളായി വളർത്തിക്കൊണ്ടുവരുന്ന സ്ഥലമാണെന്നും അട്ടപ്പാടിയിലെ ആദിവാസികളുടെ പേരിൽ കേരളത്തിലെ രാഷ്ട്രീയ കക്ഷികൾ നടത്തുന്ന പൊറാട്ട് നാടകങ്ങൾ അസഹനീയമാണെന്നുംഅഭിഭാഷകനും എഴുത്തുകാരനുമായ പ്രമോദ് പുഴങ്കര പറയുന്നു

പ്രമോദ് പുഴങ്കര

""അട്ടപ്പാടിയിൽ 'നാട്ടുകാർ' എന്നറിയപ്പെടുന്നവരിൽപ്പെട്ടവർ മോഷണക്കുറ്റമാരോപിച്ച് തല്ലിക്കൊന്ന മധു എന്ന ആദിവാസിയുടെ മരണാനന്തരജീവിതം നാം കണ്ടുകൊണ്ടിരിക്കുകയാണ്. തങ്ങളുടെ ക്ഷേമത്തിന് സ്വന്തമായൊരു മന്ത്രിയും വകുപ്പുമുള്ള ഒരു വിഭാഗത്തിൽപ്പെട്ട ഒരു ആദിവാസിയെ ആൾക്കൂട്ടം തല്ലിക്കൊന്നശേഷം ആ കേസ് കോടതിയിൽ നടക്കുന്നതിന്റെ രീതിയും നാം കണ്ടുകൊണ്ടിരിക്കുകയാണ്. മാറിമാറി വരികയും പോവുകയും ചെയ്യുന്ന പബ്ലിക് പ്രോസിക്യൂട്ടർമാർ, നിരന്തരം കൂറു മാറുന്ന സാക്ഷികൾ, സാക്ഷികളെ ഭീഷണിപ്പെടുത്തുന്ന, പ്രാദേശികമായി മിക്ക കക്ഷികളിലും നിന്നുള്ളവരായ പ്രതികളും അവർക്ക് വേണ്ടപ്പെട്ടവരും, കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് നേരെയുള്ള ഭീഷണികൾ എന്നിങ്ങനെയായാണ് കേരളം മുഴുവൻ ശ്രദ്ധിക്കുകയും വലിയ ചർച്ചകളുയരുകയും ചെയ്ത ഒരു ആദിവാസി കൊലപാതകത്തിനു മേലുണ്ടായ തുടർനടപടികൾ ''

സാമൂഹ്യവിവേചനത്തിന്റെ ചരിത്രത്തിൽ ദുർബലരാക്കപ്പെട്ട ജനതയ്ക്ക് നീതി പ്രദാനം ചെയ്യാൻ പറ്റുന്ന ഭരണകൂട സംവിധാനം കേരളത്തിൽ ഇല്ലാത്തതിനാൽ, മധുവിനും ജോഗിക്കും വിശ്വനാഥനും നീതി ലഭിക്കില്ലെന്നും നഷ്ടപരിഹാരം മാത്രമേ ലഭിക്കുകയുള്ളുവെന്നും മഹാത്മാഗാന്ധി സർവകലാശാലയിൽ സാമൂഹ്യശാസ്ത്ര വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസറായ ഡോ. രാജേഷ് കോമത്ത് പറയുന്നു

ഡോ. രാജേഷ് കോമത്ത്

""1.5 ശതമാനം മാത്രമുള്ള കേരളത്തിലെ ആദിവാസികളുടെ സാമൂഹിക- സാമ്പത്തിക ഉന്നതി ഉയർത്താൻ കഴിയാത്ത ഒന്നായി, ലോകം മുഴുവൻ കൊട്ടിഘോഷിക്കുന്ന കേരള വികസന മാതൃക ഇന്നും 'തുടരുന്നു'. ശരിയാംവിധം ഇല്ലാത്ത ഒന്നിനെ കെട്ടിപ്പൊക്കിയെടുക്കാൻ എന്നും കേരളം ശ്രമിച്ചിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികൾ പ്രത്യയശാസ്ത്രം പറഞ്ഞ് നടന്നപ്പോൾ ആദിവാസി വിഭാഗങ്ങളുടെ സാംസ്‌കാരിക വ്യതിരിക്തത മനസ്സിലാക്കാൻ കഴിയാതെ പോയി. വിദ്യാഭ്യാസം, ഭൂമി, വരുമാനം എന്നിവയുടെ പുനർവിതരണത്തിൽ കേരള മാതൃക ഗുണം ചെയ്തത് മധ്യവർത്തി ജാതി- വർഗങ്ങൾക്കാണെന്ന വിമർശനം ശക്തമായി ഉയർന്നുവന്നപ്പോഴും, കേരളം ഒന്നാമതാണെന്ന ആഖ്യാനത്തിന്റെ ആനന്ദത്തിൽ, ആദിവാസി ജീവിതങ്ങളുടെ അടിവേരുകൾ തേടാൻ പുരോഗമന കേരളത്തിന് കഴിഞ്ഞില്ല എന്നതാണ് മുത്തങ്ങ സംഭവം, മധുവിന്റെ കൊലപാതകം, കുട്ടികളുടെ മരണം, ഗർഭിണികളുടെ അനാരോഗ്യം എന്നിവ വെളിവാക്കുന്നത്.''

ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 116 ൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ വായിക്കാം

Comments