കെ - റെയിലിനെക്കുറിച്ചുള്ള ചില സംശയങ്ങൾ കുറിച്ചിട്ടതിന് (അതൊരു കവിതയോ കുറിപ്പോ എന്നുള്ള സംശയത്തെ നീക്കിനിർത്തുന്നു) കവി റഫീക്ക്അഹമ്മദിനെതിരെ സൈബർ സ്ഥലങ്ങളിൽ വാക്കുകൾ കൊണ്ടുള്ള ദ്രോഹങ്ങൾ നടക്കുന്നു എന്ന് വാർത്തയിൽ നിന്നറിഞ്ഞു.
ഒരാൾക്ക്, അവളോ അയാളോ, കവിയോ സാധാരണ പൗരനോ ആരുമായിക്കൊള്ളട്ടെ, ചില കാര്യങ്ങളോട് സംശയം തോന്നിയാൽ അത് ചോദിക്കുവാനുള്ള അവകാശം ഒരു ജനാധിപത്യ രാജ്യത്തുണ്ടെന്ന് വിശ്വസിക്കുന്നു. എന്റെ അറിവിൽ റഫീക്ക് അഹമ്മദ് ഇടതുപക്ഷ ചിന്തകളോട് ചേർന്ന് നിൽക്കുന്ന വ്യക്തിയാണ്. യുക്തിപൂർവ്വം ഇടപെടലുകൾ നടത്തുന്നതിൽ ശ്രദ്ധാലുവാണ്. മാറി വരുന്ന ഭരണങ്ങൾക്കനുസരിച്ച് ചുവടു വെക്കാത്ത വ്യക്തിയാണ്. അധികാര മോഹത്തിനനുസരിച്ച് മൗനിയാവാൻ മിടുക്ക് കാട്ടാറുമില്ല. തീവ്ര ഇസ്ലാം മത അടയലുകളോട് ഒരു തുറവിനായി നിരന്തരം കലഹിക്കുകയും ചെയ്യുന്നു. അങ്ങനെയൊരാൾ ചില ചോദ്യങ്ങൾ ചോദിക്കുമ്പോൾ സഹിഷ്ണുതയോടെ അതിനെ കേൾക്കുകയും അതിനോട് പ്രതികരിക്കുകയും ചെയ്യുക എന്നതല്ലേ ജനാധിപത്യപരമായ ശരി?
ഇടതുപക്ഷത്തോട് നിരന്തരമായി ചോദ്യങ്ങൾ ചോദിച്ചിരുന്നു ഒ.വി. വിജയൻ. വിജയന്റെ ചോദ്യങ്ങൾക്ക് ഇ. എം.എസ് മറുപടിയും നൽകിയിരുന്നു. സംവാദാത്മകതയിലാണ് ആരോഗ്യപരമായ ഒരു സമൂഹം വേരുകൾ പടർത്തുക. എവിടെ അധികാരത്തിന്റെ നെറുകയിൽ നിന്ന് ശാസനകൾ പുറപ്പെടുന്നുവോ അവിടെ ഒരു സമൂഹം വേരറ്റ് നിപതിക്കുകയാണ് ചെയ്യുക.
എന്തുകൊണ്ട് ശാസ്ത്രസാഹിത്യ പരിഷത്ത് കെ- റെയിലിനെതിരായി സംശയിച്ചു? എന്തുകൊണ്ട് മേധാ പട്ക്കർ തൊഴു കൈയ്യോടെ യാചിച്ചു? എന്തുകൊണ്ട് ഒരു കവി തന്റെ സംശയങ്ങൾ കുറിച്ചു? അൽപ്പം ക്ഷമയോടെ ഇതെല്ലാം ചർച്ച ചെയ്യാൻ നമുക്കാവില്ലേ? അതല്ല, തങ്ങൾക്ക് അഹിതമായത് പറയുന്നവരെ ഉന്മൂലനം ചെയ്യുകയാണ് വേണ്ടതെങ്കിൽ അത് ഫാസിസത്തിൽ നിന്ന്വ്യത്യസ്തമാവില്ല.
ഒരാളും ഒന്നിനേയും സംശയിക്കാതെ, ഭയത്തോടെ, നിശ്ശബ്ദമായി ഇരിക്കുന്നിടത്ത്, ഒരു കവി ഈ ദേശത്തിനായി സങ്കടപ്പെടുമ്പോൾ അത് കേൾക്കാൻ നമുക്കൊരു കാതില്ലെങ്കിൽ അത് കഷ്ടമാണ്. ഇടതുപക്ഷ സ്ഥാനാർത്ഥികൾക്കായി നാടുനീളെ പ്രചാരണം നടത്തിയ എന്റെ സഹ എഴുത്തുകാരേ, നിങ്ങൾക്ക് റഫീക്ക് അഹമ്മദ് എന്ന കവിയെ അറിയില്ല എന്നുണ്ടോ? അതോ നിങ്ങൾ സൗകര്യപൂർവ്വമായ മൗനത്തിലാണോ?
സുഗതകുമാരിയും അയ്യപ്പപ്പണിക്കരും കടമ്മനിട്ടയും വിഷ്ണുനാരായണൻ നമ്പൂതിരിയുമെല്ലാം പാടിയും പറഞ്ഞും സമരം ചെയ്താണ് സൈലൻറ് വാലിയെ തിരിച്ചെടുത്തത്. അവർ കൊണ്ട വെയിലാണ് നമ്മുടെ തണൽ. അതു മറക്കരുത്.