രണ്ടേ രണ്ടു മൊഴിയിൽ
പ്രതീക്ഷയർപ്പിച്ച് മധു വധക്കേസ്
രണ്ടേ രണ്ടു മൊഴിയിൽ പ്രതീക്ഷയർപ്പിച്ച് മധു വധക്കേസ്
മധു വധക്കേസിൽ രണ്ടു സാക്ഷികള്‍ മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായ മൊഴി നല്‍കിയിട്ടുള്ളത്. അവരുടെ മൊഴി സി.സി.ടി.വി ദൃശ്യങ്ങളുമായി ഒത്തുപോകുന്നതാണ്. എത്രപേര്‍ മൊഴി മാറ്റിയാലും വിശ്വാസയോഗ്യമായ ഒരു സാക്ഷിമൊഴി മതി കോടതിക്ക് യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍. അതിലാണ് ഇനി പ്രതീക്ഷ.
31 Aug 2022, 06:07 PM
2018 ഫെബ്രുവരി 23ന് പാലക്കാട് ജില്ലയില്‍ ഇറങ്ങിയ പത്രങ്ങളുടെ പ്രാദേശിക പേജുകളില്‍ ‘പൊലീസ് വാഹനത്തില്‍ വെച്ചുണ്ടായ ദേഹാസ്വസ്ഥ്യത്തെത്തുടര്‍ന്ന് മോഷണക്കേസ് പ്രതി മരിച്ചു' എന്ന തരത്തില്‍ ഒരുകോളം വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ പിറ്റേദിവസമായപ്പോഴേക്കും സകല പത്രങ്ങളുടെയും ഒന്നാം പേജിൽ ഈ വാര്‍ത്ത മറ്റൊരു തരത്തില്‍ നിറഞ്ഞുനിന്നു. ടെലിവിഷനുകള്‍ ദിവസങ്ങളോളം ഈ വിഷയം ചര്‍ച്ച ചെയ്തു. ‘മോഷ്ടാവ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടു' എന്ന ആദ്യ ഭാഷ്യത്തെ ‘ആള്‍ക്കൂട്ടം ആദിവാസി യുവാവിനെ മര്‍ദിച്ചുകൊന്നു' എന്ന തരത്തില്‍ മാധ്യമങ്ങള്‍ക്ക് തിരുത്തേണ്ടി വന്നു. കടകളില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ മോഷ്ടിച്ചതിന്റെ പേരില്‍ അട്ടപ്പാടിയിലെ ചിണ്ടക്കി ഊരിലെ ആദിവാസി യുവാവ് മധുവിനെയാണ് നാട്ടുകാരില്‍ ചിലര്‍ പിടികൂടി കെട്ടിയിട്ട് മര്‍ദിച്ച് കൊലപ്പെടുത്തിയത്. മധുവിന്റെ കൊലപാതകം കേരളം മുഴുവന്‍ ചര്‍ച്ചയായി മാറി. തെരുവുകളിലും സൈബര്‍ ലോകത്തും പ്രതിഷേധങ്ങളിരമ്പി. പ്രാദേശിക ഹര്‍ത്താലുകള്‍ നടന്നു. വിവിധ സാമൂഹിക രാഷ്ട്രീയ സംഘടനകളും കൂട്ടായ്മകളും വ്യാപകമായ പ്രതിഷേധങ്ങള്‍ നടത്തി. നിരവധി മേഖലകളിലെ പ്രമുഖര്‍ പ്രസ്താവനകളുമായി രംഗത്ത് വന്നു.
സമീപകാല കേരളം ഇത്രമേല്‍ ചര്‍ച്ച ചെയ്ത മറ്റൊരു കൊലപാതകവുമുണ്ടാവില്ല. കേസന്വേഷണം അതിവേഗം പൂര്‍ത്തിയാവുകയും ചെയ്തു. എന്നിട്ടും നാല് വര്‍ഷങ്ങള്‍ക്കിപ്പുറം മധുവിന്റെ കുടുംബത്തിന് നീതി ലഭിക്കുമെന്ന് യാതൊരു പ്രതീക്ഷയുമില്ലാത്ത തരത്തില്‍ കേസ് അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കേസില്‍ സാക്ഷികളുടെ കൂട്ട കൂറുമാറ്റമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതുവരെ കോടതിയില്‍ വിസ്തരിച്ച 26 സാക്ഷികളില്‍ 2 പേര്‍ മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായ മൊഴി നല്‍കിയത്. പ്രതികളുടെ സ്വാധീനത്തെ തുടര്‍ന്നുള്ള സാക്ഷികളുടെ നിരന്തര കൂറുമാറ്റവും പ്രോസിക്യൂഷന്റെ പിന്‍മാറ്റവുമെല്ലാം കേസിന്റെ തുടര്‍നടപടികളെ വലിയ രീതിയില്‍ ബാധിച്ചിരിക്കുകയാണ്. നിലവില്‍ ജാമ്യത്തിലുള്ള പ്രതികള്‍ സാക്ഷികളെ ഓരോരുത്തരെയായി സ്വാധീനിക്കുന്നതിന്റെയും മധുവിന്റെ കുടുംബത്തെ ഇടനിലക്കാര്‍ വഴി ഭീഷണിപ്പെടുത്തുന്നതിന്റെയും വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതേത്തുടര്‍ന്ന് 12 പ്രതികളുടെയും ജാമ്യം റദ്ദാക്കിയ മണ്ണാര്‍ക്കാട് എസ്.സി-എസ്.ടി പ്രത്യേക കോടതിയുടെ നടപടി ആശാവഹമായിരുന്നെങ്കിലും അതിന്‍മേലുള്ള ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ വീണ്ടും മധുവിന്റെ കുടുംബത്തിന്റെ നീതിക്കായുള്ള പരിശ്രമങ്ങളെ പ്രതിസന്ധിയിലാക്കുകയാണ്. എങ്കിലും എല്ലാ പ്രതിബന്ധങ്ങള്‍ക്കിടയിലും മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും അവരുടെ പോരാട്ടം തുടരുകയാണ്.

ആരായിരുന്നു മധു
സൈലൻറ് വാലി വനമേഖലയോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന മുഡുഗര്‍ വിഭാഗത്തില്‍പ്പെട്ട ആദിവാസികള്‍ താമസിക്കുന്ന ഊരായ ചിണ്ടക്കിയിലെ മല്ലിയമ്മയുടെയും മല്ലന്റെയും മകനാണ് മധു. മാനസികഅസ്വസ്ഥതകളുണ്ടായിരുന്ന മധു ഒരിക്കലും വീട്ടിലോ ചിണ്ടക്കി ഊരിലോ ഉണ്ടാകാറുണ്ടായിരുന്നില്ല. മല്ലീശ്വരന്‍ മുടിക്ക് സമീപത്തുള്ള അജുമുടി എന്ന് വിളിക്കപ്പെടുന്ന വനത്തിനകത്തായിരുന്നു മധുവിന്റെ താമസം. പാറക്കൂട്ടങ്ങളോട് ചേര്‍ന്നുള്ള ഒരു ഗുഹ പോലെയുള്ള സ്ഥലത്ത് അത്യാവശ്യം പാത്രങ്ങളും ഭക്ഷ്യവസ്തുക്കളുമൊക്കെ കരുതിയായിരുന്നു മധു ജീവിച്ചിരുന്നത്. കാട്ടില്‍ നിന്ന് ശേഖരിക്കുന്ന വസ്തുക്കള്‍ കടകളില്‍ വില്‍ക്കാനായി വല്ലപ്പോഴും തൊട്ടടുത്തുള്ള കവലയായ മുക്കാലിയില്‍ എത്തുമായിരുന്നു. ഇടക്ക് ഊരിലെത്തി ബന്ധുക്കളെയെല്ലാം കാണുകയും ചെയ്തിരുന്നു.
അന്ന് സംഭവിച്ചത്
മുക്കാലിയിലെ ചില കടകളില്‍ നിന്ന് ഏതാനും ഭക്ഷ്യ വസ്തുക്കള്‍ മോഷണം പോയതിനെത്തുടര്‍ന്ന് മധുവാണ് മോഷണം നടത്തിയത് എന്ന നിഗമനത്തില്‍ പ്രദേശവാസികളുടെ ഒരു സംഘം വനത്തിനകത്തെത്തി മധുവിനെ ആക്രമിക്കുകയായിരുന്നു. ഉടുതുണിയഴിച്ച് ഇരു കൈകളും ബന്ധിച്ച ശേഷം ക്രൂരമായി മര്‍ദിച്ചു. ‘കള്ളനെ പിടിച്ചേ...' എന്ന ആരവത്തോടെ മര്‍ദനങ്ങളുടെ അകമ്പടിയുമായി മുക്കാലി കവലയിലേക്ക് മധുവിനെ വലിച്ചിഴച്ചു. അക്രമികള്‍ തന്നെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഗളി പൊലീസ് എത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴിയാണ് മധു മരണപ്പെട്ടത്.
ഗുരുതരമായി മര്‍ദനമേറ്റ മധു ആന്തരിക രക്തസ്രാവം മൂലമാണ് മരണപ്പെട്ടതെന്നാണ് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മര്‍ദനത്തെത്തുടര്‍ന്ന് വാരിയെല്ല് തകര്‍ന്നതായും തലയ്ക്ക് മാരകക്ഷതം സംഭവിച്ചതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൂടാതെ തുട, നെഞ്ച്, പുറംഭാഗം എന്നിവിടങ്ങളില്‍ ശക്തമായ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടെന്നും ഒട്ടേറെ പേര്‍ ചേര്‍ന്ന് നടത്തിയ മര്‍ദനത്തിന്റെ സൂചനകളാണ് ശരീരത്തിലുണ്ടായിരുന്നതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. മധുവിനെ ആക്രമിക്കുന്ന ഘട്ടത്തില്‍ പ്രതികളില്‍ ചിലര്‍ തന്നെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച സെല്‍ഫിയിലൂടെയും വീഡിയോകളിലൂടെയുമാണ് സംഭവം പുറംലോകമറിയുന്നത്.

കേസില്‍ അഗളി പൊലീസ് ആദ്യം 87/18 ക്രൈം നമ്പറില്‍ സി.ആര്‍.പി.സി 174 വകുപ്പ് അനുസരിച്ച് അസ്വാഭാവിക മരണത്തിനായിരുന്നു കേസെടുത്തിരുന്നത്. എന്നാല്‍ മധുവിന്റെ മരണം കേരളത്തില്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടുകയും പൊലീസിന് വലിയ സമ്മര്‍ദങ്ങള്‍ ഉണ്ടാവുകയും ചെയ്തതോടെ കേസില്‍ 16 പ്രതികളെ ഉള്‍പ്പെടുത്തി എഫ്.ഐ.ആറില്‍ മാറ്റം വരുത്തി 143,147,148 &323, 325, 364, 365, 367, 368, 302, r/w 149 ഐ.പി.സി & എസ്.സി.എസ്.ടി.പി.ഒ.എ ആക്ട് 3(1),(d)(r)3(2) തുടങ്ങിയ സെഷനുകള്‍ ചേര്‍ക്കുകയുമായിരുന്നു. കൃത്യം മൂന്ന് മാസത്തിനുള്ളില്‍ തന്നെ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷ മണ്ണാര്‍ക്കാട് എസ്.സി എസ്.ടി സ്പെഷ്യല്‍ കോടതി നിരസിച്ചെങ്കിലും ഇതിനെതിരെ ഹൈക്കോടതിയില്‍ അപ്പീലിന് പോയ പ്രതികള്‍ 2018 മെയ് 30ന് ഹൈക്കോടതിയില്‍ നിന്നും ജാമ്യം നേടുകയായിരുന്നു. ജാമ്യം ലഭിച്ച് പുറത്തുവന്ന പ്രതികള്‍ സാക്ഷികളെ ഓരോരുത്തരെയായി സ്വാധീനിച്ചും മധുവിന്റെ കുടുംബത്തിന് സഹായം നല്‍കുന്നവരെ ഭീഷണിപ്പെടുത്തിയും കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നു.
സാക്ഷികളെവിടെ?
മധുവിനെ ആക്രമിക്കുന്നതിനിടയില്‍ അക്രമികള്‍ അവരുടെ തന്നെ ഫോണില്‍ പകര്‍ത്തിയ ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവയില്‍ നിന്നാണ് കേസിലെ 16 പ്രതികളെ പൊലീസ് കണ്ടെത്തിയത്. മുക്കാലിയിലെ കടകളിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് 122 സാക്ഷികളെയും തിരിച്ചറിഞ്ഞു. എന്നാല്‍ കേസില്‍ 26 സാക്ഷികളെ വിസ്തരിച്ചു കഴിഞ്ഞപ്പോള്‍ ആകെ രണ്ട് സാക്ഷികള്‍ മാത്രമാണ് മധുവിന്റെ കുടുംബത്തിന് അനുകൂലമായി മൊഴി പറഞ്ഞത്. ബാക്കിയുള്ളവരെല്ലാം കൂട്ടമായി കൂറു മാറി.
മധു ആക്രമിക്കപ്പെടുന്നതിന് സാക്ഷികളായ മധുവിന്റെ ബന്ധുക്കളടക്കമുള്ളവര്‍ കോടതിയില്‍ സത്യം തുറന്നുപറയാന്‍ ഭയക്കുകയാണ്. മുക്കാലിയിലും പരിസരങ്ങളിലുമുള്ള, ഉന്നത ബന്ധങ്ങളും സാമ്പത്തികശേഷിയുമുള്ള പ്രതികള്‍ കേസില്‍ നിന്ന് രക്ഷപ്പെടുന്നതിനായി പലവിധ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണിപ്പോള്‍. വള്ളിയമ്മാള്‍ ഗുരുകുലം എന്ന പ്രദേശത്തെ സ്വകാര്യ ഒറ്റമൂലി ചികിത്സാ കേന്ദ്രത്തിന്റെ ഉടമ അബ്ബാസ് എന്നയാള്‍ കേസില്‍ നിന്ന് നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തിയതായി മധുവിന്റെ അമ്മ പൊലീസിനെ അറിയിക്കുകയും ഇതുപ്രകാരം പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ കേസിലെ അന്വേഷണത്തിന്റെ ഭാഗമായി വള്ളിയമ്മാള്‍ ഗുരുകുലത്തില്‍ അഗളി പൊലിസ് നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 36 ലക്ഷം രൂപയാണ് കണ്ടെടുത്തത്. കേസിലെ പ്രതികളെ സ്വാധീനിക്കാനായി കൊണ്ടുവന്ന പണമാണിതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.
'ഇവിടെയുള്ള ആദിവാസികളെല്ലാം ചെറിയ കൂലിപ്പണിയെടുത്ത് ജീവിക്കുന്നവരോ വനംവകുപ്പില്‍ താത്കാലിക ജോലിയെടുത്ത് ജീവിക്കുന്നവരോ ഒക്കെയാണ്. സാമ്പത്തികമായി അങ്ങേയറ്റം ബുദ്ധിമുട്ടുകള്‍ ഉള്ളവരാണ് എല്ലാവരും. അവരുടെയടുത്ത് വന്ന്, കേസില്‍ സാക്ഷി പറയാതിരുന്നാല്‍ ലക്ഷങ്ങള്‍ നല്‍കാമെന്ന് ഓഫര്‍ കൊടുക്കുമ്പോള്‍ ആളുകള്‍ അതില്‍ വീണുപോകുന്നത് സ്വാഭാവികമാണ്. പണത്തിന്റെ മുന്നില്‍ വീഴാത്തവരെ ഭീഷണിപ്പെടുത്തിയും കൂറുമാറ്റുന്നുണ്ട്. ഞങ്ങളുടെ ബന്ധുക്കള്‍ പോലും കൂറുമാറിയത് അങ്ങനെയാണ്. കേസിലെ മുഴുവന്‍ പേരും കൂറുമാറിയാലും ഞങ്ങള്‍ നിയമത്തിന്റെ വഴിയില്‍ തന്നെ മുന്നോട്ടുപോകും'', മധുവിന്റെ സഹോദരി സരസു ട്രൂകോപ്പിയോട് പറഞ്ഞു.
തുടര്‍ച്ചയില്ലാത്ത പ്രോസിക്യൂഷന്‍
മധു കേസില്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സംഭവ സമയത്ത് തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് കാര്യമായ വീഴ്ചകളാണ് പിന്നീട് സംഭവിച്ചത്. കേസില്‍ ഒരു പ്രത്യേക പ്രോസിക്യൂട്ടറെ വയ്ക്കാന്‍ തുടക്കത്തില്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. നിരവധി സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് അഡ്വ. പി ഗോപിനാഥിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചെങ്കിലും അധികം വൈകാതെ അദ്ദേഹം ഒഴിവായിപ്പോവുകയായിരുന്നു. പിന്നീട് 2019ല്‍ ചുമതലയേറ്റ അഡ്വ. വി.ടി. രഘുനാഥ് കോടതിയില്‍ തുടര്‍ച്ചയായി ഹാജരായിരുന്നില്ല. ഇതിനിടയില്‍ കോടതിയ്ക്ക് തന്നെ പ്രോസിക്യൂട്ടര്‍ എവിടെയെന്ന് ചോദിക്കേണ്ട സാഹചര്യമുണ്ടായി.
ഇതിനുശേഷം വി.ടി. രഘുനാഥിനെ മാറ്റി അഡ്വ. സി രാജേന്ദ്രന്‍ പ്രോസിക്യൂട്ടറായി നിയമിക്കപ്പെട്ടെങ്കിലും വാദം ഫലപ്രദമല്ല എന്ന് മധുവിന്റെ കുടുംബം സര്‍ക്കാരില്‍ പരാതി നല്‍കിയതിനാല്‍ സി. രാജേന്ദ്രന്‍ രാജിവെക്കുകയായിരുന്നു. ഇതിനും ശേഷമാണ് നാലാമത്തെ പ്രോസിക്യൂട്ടറായി നിലവിലെ പ്രോസിക്യൂട്ടര്‍ രാജേഷ് എം. മേനോന്‍ നിയമിതനാകുന്നത്. അതിവേഗം തന്നെ അന്വേഷണം പൂര്‍ത്തിയായിട്ടും കേസില്‍ വിചാരണ വൈകുന്നതിനും പ്രോസിക്യൂഷന്‍ നടപടികള്‍ അങ്ങേയറ്റം ദുര്‍ബലമാകുന്നതിനും പ്രോസിക്യൂട്ടര്‍മാരുടെ തുടര്‍ച്ചയായ മാറ്റം കാരണമായിട്ടുണ്ടെന്നാണ് മധു ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകനായ വി.എം. മാര്‍സന്‍ ട്രൂകോപ്പിയോട് പറഞ്ഞത്.
കേസില്‍ വിചാരണ ഇത്ര വൈകുകയും പ്രതികള്‍ക്ക് നേരത്തെ തന്നെ ജാമ്യം ലഭിക്കുകയും ചെയ്തതാണ് സാക്ഷികളുടെ ഈ കൂട്ട കൂറുമാറ്റത്തിന് കാരണമായത് എന്നാണ് ഇപ്പോഴത്തെ പ്രോസിക്യൂട്ടര്‍ അഡ്വ. രാജേഷ് മേനോന്‍ അഭിപ്രായപ്പെടുന്നത്: ‘‘നിലവില്‍ രണ്ടു സാക്ഷികള്‍ മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായ മൊഴി നല്‍കിയിട്ടുള്ളത്. അവരുടെ മൊഴി സി.സി.ടി.വി ദൃശ്യങ്ങളുമായി ഒത്തുപോകുന്നതാണ്. എത്രപേര്‍ മൊഴി മാറ്റിയാലും വിശ്വാസയോഗ്യമായ ഒരു സാക്ഷിമൊഴി മതി കോടതിക്ക് യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍. അതിലാണ് ഇനി പ്രതീക്ഷ. കൂറുമാറുന്നവര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോടതിയോട് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും'', അഡ്വ. രാജേഷ് മേനോന്‍ പറയുന്നു.
പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ്, ട്രൂകോപ്പി തിങ്ക്
എം. കുഞ്ഞാമൻ
Jan 26, 2023
10 Minutes Read
ഷഫീഖ് താമരശ്ശേരി
Jan 14, 2023
11 Minutes Watch
എം.സുല്‍ഫത്ത്
Jan 12, 2023
10 Minutes Read
കെ. കണ്ണന്‍
Jan 08, 2023
15 Minutes Watch
സല്‍വ ഷെറിന്‍
Jan 03, 2023
6 Minutes Read
Truecopy Webzine
Nov 22, 2022
7 Minutes Read
ഷഫീഖ് താമരശ്ശേരി
Oct 20, 2022
10 Minutes Watch