കേന്ദ്ര ബജറ്റ് മഹാ സംഭവമാണ്,
50 ലക്ഷം വിലയുള്ള കാറില്‍
യാത്ര ചെയ്യുന്നവര്‍ക്ക്
കേന്ദ്ര ബജറ്റ് മഹാ സംഭവമാണ്, 50 ലക്ഷം വിലയുള്ള കാറില്‍ യാത്ര ചെയ്യുന്നവര്‍ക്ക്
സാധാരണ ജനത്തിന് കിട്ടുന്ന നിക്ഷേപ ഇളവുകള്‍ ഇല്ലാതാക്കി, ആ പണം വിപണിയിലെത്തിക്കുക എന്നതാണ് കേന്ദ്ര ബജറ്റിലെ പുതിയ നികുതി വ്യവസ്ഥയുടെ ഉദ്ദേശ്യം. ചുരുക്കത്തില്‍, സര്‍ക്കാര്‍ ഇനി കാര്യമായി ഒന്നും ചെയ്യുന്നില്ല, ജി.എസ്.ടി വര്‍ദ്ധിപ്പിക്കാന്‍ കച്ചവടം നടക്കണം, അതിന് ജനം തങ്ങളുടെ വാര്‍ധക്യ കാലത്തേക്കും, മറ്റാവശ്യങ്ങൾക്കുമായി സ്വരൂപിക്കുന്ന പണം വിപണിയില്‍ ഇറക്കണം. അതുവഴി സാധനങ്ങളുടെ ചെലവ് വർധിക്കും, നികുതി വര്‍ദ്ധിക്കും, തൊഴില്‍ വര്‍ദ്ധിക്കും എന്നാണ് ധനമന്ത്രിയും കൂട്ടരും കണക്കുകൂട്ടുന്നത്. അസമത്വത്തെ അടിയുറപ്പിക്കുന്ന നയരേഖയാണ് 2023 -24 വര്‍ഷത്തെ കേന്ദ്ര ബജറ്റ്.
3 Feb 2023, 09:41 AM
കേന്ദ്ര ബജറ്റ് അവലോകനം ടെലിവിഷന്‍ ചാനലില്‍ നടക്കുന്നു. ഗംഭീരം, പുരോഗതിയില്‍ ഊന്നിയ ബജറ്റ് എന്ന് വിദഗ്ദര്‍ വാദിക്കുന്നു, ധനമന്ത്രിയെ അനുമോദിക്കുന്നു. അതുകേട്ട പത്താം ക്ലാസ് പാസ്സായ, തൊഴിലുറപ്പിന് പോകുന്ന ഒരു സാധാരണക്കാരിക്കുണ്ടായ ചില ചോദ്യങ്ങൾ:
- ഈ ഏഴ് ലക്ഷം നികുതിയിളവ് കൊടുത്തതുകൊണ്ട് എനിക്കെന്തു പ്രയോജനം?
- തൊഴിലുറപ്പ് പദ്ധതിയുടെ ഭക്ഷ്യ സബ്സിഡിയുടെ തുക ഇത്ര കുറച്ചാല്‍, - ഞങ്ങളെ പോലുള്ളവര്‍ എങ്ങനെ പട്ടിണിയില്ലാതെ കിടക്കും?
- ഞങ്ങള്‍ ഈ നാട്ടുകാരല്ലേ, ടെലിവിഷനില്‍ വന്നിരുന്ന് ധനമന്ത്രിയെ അഭിനന്ദിച്ചവര്‍ ഈ ബജറ്റ് രാജ്യത്തെ ബഹുഭൂരിപക്ഷത്തെ മറന്നത് എന്തുകൊണ്ട് കാണുന്നില്ല?
ആം ആദ്മി, സാധാരണ ജനം, ഇത്തരം നിരവധി ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്, ബജറ്റിനെക്കുറിച്ച്.
ബജറ്റിന് മുന്നോടിയായി ധനമന്ത്രിയും കൂട്ടരും ഒരുപാട് മീറ്റിംഗുകളും സെമിനാറുകളും പഠനങ്ങളും നടത്തും. ഇക്കണോമിക് സര്‍വേ രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹിക- വ്യാവസായിക- കാര്‍ഷിക- സേവന രംഗത്ത് നടക്കുന്ന ഓരോ വ്യതിയാനങ്ങളും പഠിച്ച് അവലോകനം ചെയ്യുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ബജറ്റിന്റെ രാഷ്ട്രീയം രൂപപ്പെടുത്തുന്നത്, സാമൂഹിക-വ്യാവസായിക- കാര്‍ഷിക-സേവന മേഖലകളുടെ വളര്‍ച്ചാലക്ഷ്യവും അജണ്ടയും തീരുമാനിക്കുന്നത്, വിഭവങ്ങൾ സ്വരൂപിക്കുന്നതിനെക്കുറിച്ചും വിതരണം ചെയ്യുന്നതിനെക്കുറിച്ചും തീരുമാനിക്കുന്നത്.
2014 നുമുന്‍പ് ഇന്ത്യ വികസന നയരൂപീകരണം നടത്തിയത് രണ്ടുതരത്തിലാണ്. ആദ്യം, പഞ്ചവത്സര പദ്ധതിയുടെ നയരേഖയും, വിശദമായ വികസന അജണ്ടയും തീരുമാനിക്കും. പിന്നെ, അതിനനുസരിച്ച് വാര്‍ഷിക ബജറ്റില്‍ നീക്കിയിരുപ്പ് നടത്തും. എന്നാല്‍, 2014 ല്‍ 12 -ാം പഞ്ചവത്സര പദ്ധതി പാതി വഴിയില്‍ ഉപേക്ഷിച്ചശേഷം ഇന്ത്യന്‍ സാമ്പത്തിക വികസനത്തിന്റെ നയരേഖ എന്നത് വാര്‍ഷിക ബജറ്റ് മാത്രമായി. (ഓര്‍ക്കേണ്ട ഒരു കാര്യം, പല സ്റ്റേറ്റുകള്‍ ഇന്നും പഞ്ചവത്സര പദ്ധതികള്‍ അവരുടെ നിലയില്‍ മുന്നോട്ട് കൊണ്ടു പോകുന്നുണ്ട്, അതിനുള്ള ആസൂത്രണവും വിഭവനയങ്ങളും കേരളവും തമിഴ്‍നാടും അടക്കമുള്ള സംസ്ഥാനങ്ങള്‍ കൃത്യതതയോടെ നടത്തുന്നുണ്ട്).
ഇത്രയും പറഞ്ഞത്, 2023-24 ലെ കേന്ദ്ര ബജറ്റ് മുന്നോട്ടുവക്കുന്ന സാമൂഹിക-സാമ്പത്തിക വികസനത്തിനുള്ള പ്രാധാന്യം എന്തെന്ന് പറയാനും, അതിനെ എത്ര കാര്യഗൗരവത്തോടെയാണ് കേന്ദ്ര ധനമന്ത്രിയും കൂട്ടരും സമീപിച്ചിരിക്കുന്നത് എന്ന് പരിശോധിക്കാനുമാണ്.
2023 -24 ലെ ബജറ്റ് തീര്‍ത്തും വിപണിക്ക്, പ്രത്യേകിച്ച് ഓഹരി വിപണിക്കുവേണ്ടി കൊണ്ടുവന്ന ബജറ്റാണ്. നേരത്തെ ചോദ്യം ചോദിച്ച ഇന്ത്യന്‍ അടിസ്ഥാന വര്‍ഗവും ഗ്രാമീണമേഖലയും ഈ ബജറ്റില്‍ കേന്ദ്രത്തില്‍ വരുന്നുപോലുമില്ല. ഒന്നുകൂടി വ്യക്തമാക്കിയാല്‍, അന്‍പത് ലക്ഷം രൂപ വിലയുള്ള കാറില്‍ യാത്ര ചെയ്യുന്നവർക്കേ ഈ ബജറ്റിനെ മഹാസംഭവം എന്ന് പറയാന്‍ പറ്റൂ. കാരണം, വ്യക്തി നികുതിയുടെ അടിസ്ഥാന സ്ലാബ് ഏഴ് ലക്ഷമാക്കി ഉയര്‍ത്തുകയും ഇപ്പോഴുള്ള നിക്ഷേപ പ്രോത്സാഹനങ്ങൾ എടുത്തുകളയുകയും ചെയ്തപ്പോള്‍ മോദി സര്‍ക്കാര്‍ ഒരു കാര്യം വ്യക്തമാക്കി: ജനം ഇനി ഇന്‍ഷുറന്‍സ്- ബാങ്ക്-പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളിലൊന്നും നിക്ഷേപിക്കണ്ട. എന്തിന്, ഗാര്‍ഹിക കടം പോലും എടുത്ത് നികുതിയിളവ് മേടിക്കേണ്ട, പകരം മുഴുവന്‍ ചെലവാക്കിക്കോളൂ.

യഥാര്‍ഥത്തില്‍ ഇത്തവണത്തെ ബജറ്റാണ് ഇന്ത്യന്‍ സാമ്പത്തിക രംഗത്ത്, പ്രശ്‌നങ്ങളുണ്ട് എന്നാദ്യമായി 2016 നുശേഷം പറഞ്ഞത്. ഇത്ര കാലവും, എല്ലാം നല്ല നിലയിലാണ് എന്നാവര്‍ത്തിക്കുകയായിരുന്നു. ഇപ്പോഴും സമ്പത്തിക പ്രതിസന്ധിയുടെ കാതലായ പ്രശ്‌നം സാധനങ്ങള്‍ക്ക് ആവശ്യക്കാരില്ലാത്തതാണ് എന്ന് അംഗീകരിക്കാന്‍ തയ്യാറാവുന്നില്ല, പകരം പണപ്പെരുപ്പത്തെയാണ് പ്രശ്‌നമാക്കി കാണിക്കുന്നത്. അതിനുകാരണം, ആഗോള വിപണിയിലെ പ്രശ്‌നങ്ങളും, റഷ്യന്‍- യുക്രെയ്ൻ പ്രശ്നങ്ങളുമാണ്എന്നാണ്. സാധാരണ ജനങ്ങൾക്ക് കിട്ടുന്ന നിക്ഷേപ ഇളവുകള്‍ ഇല്ലാതാകുമ്പോള്‍ ആ പണം വിപണിയിലെത്തും എന്നതാണ് പുതിയ നികുതി വ്യവസ്ഥ കൊണ്ട് ഉദ്ദേശിക്കുന്നത്. ചുരുക്കത്തില്‍, സര്‍ക്കാര്‍ ഇനി കാര്യമായി ഒന്നും ചെയ്യുന്നില്ല. ജി.എസ്.ടി വര്‍ദ്ധിപ്പിക്കാന്‍ കച്ചവടം നടക്കണം, അതിന് ജനം തങ്ങളുടെ വാര്‍ധക്യ കാലത്തേക്കും, മറ്റാവശ്യങ്ങള്‍ക്കുമായി സ്വരൂപിക്കുന്ന പണം വിപണിയിലിറക്കണം. അതുവഴി സാധനങ്ങളുടെ ചെലവ് വര്‍ദ്ധിക്കും, നികുതി വര്‍ദ്ധിക്കും, തൊഴില്‍ വര്‍ദ്ധിക്കും (ഉദാരവത്ക്കരണത്തിലൂടെ trickle down മൂലം തൊഴില്‍ വര്‍ദ്ധിക്കും എന്നു പറഞ്ഞത് വെറുതെയാണ് എന്ന് ഡോ. മന്‍മോഹന്‍ സിംഗ് തന്നെ സമ്മതിച്ചു.) എന്നാണ് ധനമന്ത്രിയും കൂട്ടരും കണക്കുകൂട്ടുന്നത്. ഈ ബുദ്ധിയെ ‘പിച്ചച്ചട്ടിയില്‍ കൈയിടുക’ എന്നേ വിശേഷിപ്പിക്കാനാകൂ. ഒപ്പം, ഗാര്‍ഹിക നിക്ഷേപത്തിലെ കുറവ് കാലാന്തരത്തില്‍ ദേശീയ സുരക്ഷയെ വരെ ചോദ്യം ചെയ്യുന്ന വിധത്തില്‍ രാജ്യത്തിന്റെ മൂലധന നിക്ഷേപത്തെ ബാധിക്കും.
സ്വതന്ത്ര്യാനന്തര ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിസന്ധി ദേശീയ നിക്ഷേപം എന്നൊന്ന് ഇല്ലായിരുന്നു എന്നതാണ്. ഗാര്‍ഹിക നിക്ഷേപം വളര്‍ത്തുക എന്നത് പഞ്ചവത്സര പദ്ധതികളുടെ ലക്ഷ്യമായിരുന്നു. ദേശത്തിന്റെ നിലനില്‍പ് സുരക്ഷിതമായ നിക്ഷേപങ്ങളിലാണെന്ന് തിരിച്ചറിഞ്ഞ ധനകാര്യ വിദഗ്ദരും ഒരു പ്രധാനമന്ത്രിയും ഉണ്ടായിരുന്നു. ഇന്ന് ലോകത്തിൽ ഏറ്റവുമധികം ഗാര്‍ഹിക നിക്ഷേപമുള്ള ഒരു രാജ്യമാണ് ഇന്ത്യ. മൊത്തം നിക്ഷേപത്തിന്റെ 27 ശതമാനത്തിനടുത്തുണ്ട് ഗാര്‍ഹിക നിക്ഷേപം. ഇത് 33 ശതമാനം വരെ പോയ കാലമുണ്ടായിരുന്നു. അതിന്റെ കടക്കുള്ള കോടാലിയായി വരും ഈ പുതിയ നികുതി പ്രഖ്യാപനം.
ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിസന്ധി, ഏകദേശം 50 കോടിക്കടുത്ത് വരുന്ന യുവജനതയാണ്. അവരുടെ കഴിവുകളെ വേണ്ടവിധം ഉപയോഗിക്കാന്‍ സര്‍ക്കാരിന് എന്തെങ്കിലും പദ്ധതിയുണ്ടോ, അവരുടെ സ്വപ്നങ്ങളെ എങ്ങനെയാണ് 2023-24 ലെ കേന്ദ്ര ബജറ്റ് ഉള്‍ക്കൊണ്ടിരിക്കുന്നത് എന്ന് നോക്കാം. യുവ ജനത ഏതൊരു രാജ്യത്തിന്റേയും ഏറ്റവും വലിയ വിഭവം ആണ്. ആരോഗ്യവും, വിദ്യാഭ്യാസവും, കഴിവുമുള്ള യുവജനങ്ങള്‍ ഇല്ലാത്തതിനാലാണ് കാനഡയും, പല യൂറോപ്യന്‍ രാജ്യങ്ങളും ആളുകളെ അവിടങ്ങളിലേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ കൊണ്ടുവരുന്നത്. ഇന്ത്യയെ സംബന്ധിച്ച് ധാരാളമുള്ള ഒരു വിഭവം മനുഷ്യര്‍ തന്നെയാണ്. ബൗദ്ധികശേഷിയും ശാരീരിക- മാനസിക ആരോഗ്യവുമുള്ള ഒരു ജനതയെ വാര്‍ത്തെടുക്കേണ്ടത് രാജ്യത്തിന്റെ പരമപ്രധാന ലക്ഷ്യവും ആവശ്യവുമാണ്. മൂന്നാം പഞ്ചവത്സര പദ്ധതി മുതലുള്ള ഒരു ആവശ്യമാണ് ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും കുറഞ്ഞ പക്ഷം ജി.ഡി.പിയുടെ ഒന്‍പത് ശതമാനം (3+6) കൊടുക്കണമെന്നത്. വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും ഉന്നത നിലവാരം പുലര്‍ത്തിയ രാജ്യങ്ങള്‍ തങ്ങളുടെ വളര്‍ച്ചയുടെ തുടക്കത്തില്‍ 12- 20 ശതമാനം വരെ മാനുഷിക വിഭവ വികസനത്തിന് നീക്കിവെച്ചിട്ടുണ്ട്. ഇത്തവണത്തെ ബജറ്റ് ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനുമായി ഏകദേശം 5.6 ശതമാനം നീക്കിവെച്ചിട്ടുണ്ട്. ആരോഗ്യത്തിനുള്ള നീക്കിയിരുപ്പ് കോവിഡിന് മുന്‍പുള്ള കാലത്തെവച്ച് ഇരട്ടിച്ചിട്ടുണ്ട് എന്നത് ഒരു മാറ്റമാണ്. എന്നാല്‍ വിദ്യഭ്യാസത്തിനുള്ള നീക്കിയിരുപ്പ് യു.പി.എ സര്‍ക്കാര്‍ നല്‍കിയതിലും കുറവാണെന്ന് മാത്രമല്ല, 2020 ലെ പുതിയ ദേശീയ വിദ്യാഭ്യാസ നയപ്രകാരം മൂന്ന് വയസ് മുതലുള്ള കുട്ടികള്‍ സ്‌കൂളിലെത്തുകയാണ്. അപ്പോള്‍ ഏറ്റവും കുറഞ്ഞത് ജി.ഡി.പിയുടെ 8 ശതമാനമെങ്കിലും വകയിരുത്തിയില്ലെങ്കില്‍, ഇപ്പോഴുള്ള സ്ഥാപനങ്ങളുടെ നടത്തിപ്പ് പോലും പ്രശ്‌നമാകും.

വിദ്യാഭ്യാസത്തിൽ വേണ്ടരീതിയില്‍ നിക്ഷേപം നടത്താത്തതുകൊണ്ടാണ് ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്ക് കിട്ടാത്തതും, ഐ.ഐ.ടി ബിരുദധാരികള്‍ പോലും തൊഴിലിന് പ്രാപ്തരാവാതെ വരുന്നതും. സ്കിൽ ഡവലപ്മെൻറ് പദ്ധതികളുണ്ടായാലും, അടിസ്ഥാന വിദ്യാഭ്യാസ നിലവാരവും ബൗദ്ധിക വളര്‍ച്ചയും വേണ്ടരീതിയില്‍ കിട്ടാത്ത യുവതയ്ക്ക്, അതിന്റെ പ്രയോജനം വേണ്ടരീതിയില്‍ അനുഭവിക്കാന്‍ സാധ്യമാവില്ല.
ആരോഗ്യ വികസനത്തെ കുറിച്ച് പറയുമ്പോള്‍ ശ്രദ്ധിക്കേണ്ടത് പട്ടിണിമാറാന്‍ എന്തെങ്കിലുമുണ്ടോ എന്നതാണ്. പോഷകാഹാരവും പട്ടിണിയില്ലായ്മയുമാണ് മാനസിക-ശാരീരിക അനാരോഗ്യത്തിന്റെ അടിസ്ഥാന ഘടകം. സ്വയം തൊഴില്‍ പദ്ധതികളും സ്റ്റാര്‍ട്ട് അപ്പ് പദ്ധതികളും കാര്‍ഷിക മേഖലയില്‍ വരെ പ്രഖ്യാപിച്ചിട്ടുണ്ട്, എന്നാല്‍ അതിനുള്ള നീക്കിയിരിപ്പ് വളരെ ശുഷ്‌കമാണ്. കൂടാതെ, പട്ടിണി മാറ്റാന്‍ ഏറ്റവും ആവശ്യം ഭക്ഷണമാണ്. എന്നാല്‍ ഭക്ഷണത്തിനായുള്ള സബ്‌സിഡി വളരെ കുറച്ചിട്ടുണ്ട് ഈ ബജറ്റില്‍. 2021-22 ല്‍ 2,88,969 കോടി രൂപയായിരുന്നത്, 2023-24 ല്‍ 1,97,350 കോടി രൂപയായി കുറഞ്ഞു. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയ്ക്കുള്ള സബ്‌സിഡിയില്‍ ഏകദേശം 70,000 കോടിയും procurement നായുള്ള ഫണ്ടില്‍ 20,000 കോടിയും ഈ കാലയളവില്‍ കുറഞ്ഞു. ഈ കാലയളവില്‍ തന്നെയാണ് 80 കോടി പേർ ഭക്ഷ്യ ലബ്ധിക്കായി പൊതുവിതരണമേഖലയെ ആശ്രയിച്ചതും. ഇന്ത്യയിലെ 25 ശതമാനം പേർ, അതായത് ഏകദേശം 35 കോടി, അതിദരിദ്രര്‍ ആണ്. അതുപോലെ പ്രധാനമന്ത്രിയുടെ പ്രിയപ്പെട്ട പദ്ധതിയായ ‘ഉജ്ജ്വല’ പദ്ധതിയിലെ ശരാശരി വാര്‍ഷിക എല്‍.പി.ജി സിലിണ്ടര്‍ ഉപയോഗം നാലിൽ താഴെയാണ്. അതിനൊപ്പം, പെട്രോളിയം സബ്‌സിഡി നാമമാത്രമാക്കിയതിനാല്‍ ജനത്തിന് ഈ പദ്ധതി കൊണ്ട് കാര്യമായ പ്രയോജനമുണ്ടാവാന്‍ സാധ്യതയില്ല. ചുരുക്കത്തില്‍ പൊതുവിതരണം പരിമിതമാകും, അരി കിട്ടിയാല്‍ കഞ്ഞിവയ്ക്കാന്‍ ഇന്ധനത്തിന് ഒന്നുകിൽ കാട് കയറേണ്ടിവരും, ഗ്യാസ് നോക്കിയിരുന്നിട്ട് കാര്യമില്ല.

മറ്റൊരു പ്രധാന പ്രശ്‌നം, തൊഴിലുറപ്പ് പദ്ധതിക്കുളള നീക്കിയിരിപ്പില്‍ 2020-21 കാലത്തെ വച്ച് ഏകദേശം 40,000 കോടി രൂപയുടെ കുറവാണുള്ളത്. ഗ്രാമീണ ഇന്ത്യയില്‍ ദാരിദ്ര ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതിലും മിനിമം കൂലി ഉറപ്പാക്കുന്നതിലും തൊഴിലുറപ്പിന് അതി പ്രധാന സ്ഥാനമുണ്ട്. ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ തൊഴില്‍ ദിനത്തെ ഇത് കാര്യമായി ബാധിക്കും.
നോട്ടുനിരോധനത്തെയും കോവിഡിനെയും തുടര്‍ന്ന് തൊഴിലില്ലായ്മ 1970 കളുടെ നിലയിലേക്ക് വീഴുകയും ഇപ്പോൾ അതിൽനിന്ന് ഉയർന്നുവരുന്ന സാഹചര്യവുമുണ്ട്. ഇത് മുന്നിൽ കണ്ട്, സ്വയംതൊഴില്‍ സംരംഭങ്ങൾക്കും സ്ത്രീ തൊഴില്‍ പോഷണത്തിനുള്ള നടപടികളും യുവതയെ ആകര്‍ഷിക്കാന്‍ കാര്‍ഷിക മേഖല അടക്കമുള്ള മേഖലകളില്‍ ഡിജിറ്റല്‍ സാധ്യതകളും നിര്‍മിത ബുദ്ധിയും ഉപയോഗിച്ച് സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള പ്രഖ്യാപനങ്ങളുമുണ്ട്. എന്നാൽ, ഇതിന് പ്രത്യേക നീക്കിയിരിപ്പ് കാണുന്നില്ല. ടൂറിസം വികസനത്തെ കുറിച്ച് പറയുന്നുണ്ടെങ്കിലും, അതിനനുസരണമായ നീക്കിയിരിപ്പില്ല.
ഭക്ഷണത്തിലും വസ്ത്രത്തിലും ഇടപെടുന്ന സാംസ്‌കാരിക പൊലീസും അരക്ഷിത ഇടങ്ങളും ഇന്ത്യയിലെ പല പ്രമുഖ വിനോദ സഞ്ചാര പ്രദേശങ്ങളിൽ നിന്നും സഞ്ചാരികളെ അകറ്റുന്നുണ്ട്. പണം മാത്രമല്ല, അതിനുള്ള സാമൂഹിക അന്തരീക്ഷവും പ്രദാനം ചെയ്താലേ വിനോദ സഞ്ചാരം വികസിക്കുകയുള്ളൂ.
ബജറ്റിലെ മാനുഷിക പരിഗണനയുള്ള ഒരു കാര്യം, പിഴ അടയ്ക്കാന്‍ പണമില്ലാതെ ഇന്ത്യന്‍ ജയിലുകളില്‍ കിടക്കുന്ന ദരിദ്രക്ക് സഹായം നല്‍കാന്‍ ധനമന്ത്രി കുറച്ച് പണം നീക്കി വച്ചിട്ടുണ്ട് എന്നതാണ്.
ചുരുക്കത്തില്‍, ബജറ്റ് എപ്പോഴും സ്വപ്നങ്ങള്‍ വില്‍ക്കുന്ന ഒരു പരിപാടിയാണ്. ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ ആവര്‍ത്തിച്ച് പറഞ്ഞത് ഇത് ‘ഇന്ത്യ@100’ ലേക്കുള്ള നയരേഖയാണെന്നാണ്. ആ സ്വപ്നം വില്‍ക്കാനുള്ള ശ്രമം വാക്കുകളില്‍ നിറഞ്ഞു, പക്ഷേ ബാലന്‍സ് ഷീറ്റിലെ ഡീറ്റൈല്‍സില്‍ കണ്ടില്ല. മിനിമം ജനസംഖ്യാപരമായ ലാഭവിഹിതം വരും കാലങ്ങളിലുണ്ടാക്കാനുള്ള അവസാന അവസരവും വേണ്ടരീതിയില്‍ ഉപയോഗിക്കാന്‍ ധനമന്ത്രിയും സംഘവും ശ്രമിച്ചില്ല എന്നത് ഇന്ത്യയുടെ 10 trillion ഡോളര്‍ സമ്പദ് വ്യവസ്ഥയെന്ന സ്വപ്നത്തെ മാത്രമല്ല, 21-ാം നൂറ്റാണ്ടില്‍ ജനിച്ച ഒരു വ്യക്തിയുടെ വികസനത്തെ പോലും പ്രതിസന്ധിയിലാക്കും.
ഇതിനപ്പുറം, തീര്‍ത്തും വിപണിവ്യവസ്ഥയിലൂന്നിയ ഒരു വിദ്യാഭ്യാസവും ആരോഗ്യ പരിപാലനവും പൊതുവിതരണവും, എന്തിന് ദേശീയ സുരക്ഷയുടെ അടിത്തറയായ പ്രതിരോധ മേഖലയും ഇന്ത്യയുടെ വികസന സ്വപ്ങ്ങളെ ഒരു പ്രഹേളികയാക്കുകയാണ്. ഇതിലൂടെ, ഇന്നത്തെ ഇന്ത്യയിലെ അസമത്വം ഒന്നു കൂടി വലുതാകും. രാജ്യത്തിന്റെ കാതലായ മേഖലകളില്‍ 2014 നുശേഷം ഘട്ടം ഘട്ടമായ നിക്ഷേപമുണ്ടായിട്ടുണ്ടെങ്കിലും പണപ്പെരുപ്പം കണക്കിലാക്കിയാല്‍, അത് അത്രമാത്രമില്ല എന്ന് മനസ്സിലാക്കാം. കഴിഞ്ഞ നൂറ്റാണ്ടില്‍ സംഭവിച്ചതു പോലെ 21 -ാംനൂറ്റാണ്ടിലും പദ്ധതികളും അവയുടെ നടപ്പിലാക്കലും പണമില്ലാത്തതിനാല്‍ വേണ്ട രീതിയില്‍ നടക്കാതെ പോയാല്‍ അത് രാജ്യത്തിന്റെ പുരോഗതിയെ മാത്രമല്ല ബാധിക്കുക, സാമൂഹിക അരക്ഷിതത്വത്തിനും ഇടയാക്കും എന്ന് ഓർത്താൽ നല്ലത്.
Policy Analyst
പിണറായി വിജയൻ
Mar 24, 2023
3 Minutes Read
ടി.എന്‍. പ്രതാപന്‍
Mar 23, 2023
3 Minutes Read
എസ്. മുഹമ്മദ് ഇര്‍ഷാദ്
Mar 14, 2023
3 Minutes Read
പ്രമോദ് പുഴങ്കര
Feb 12, 2023
3 Minute Read
കെ. അരവിന്ദ്
Feb 11, 2023
10 Minutes Read
ഡോ. ജയകൃഷ്ണന്‍ ടി.
Feb 05, 2023
8 minutes read
അജയ കുമാർ വി.ബി.
Feb 04, 2023
8 minutes read