കേരള യൂണിവേഴ്​സിറ്റിയിലെ ദുരിത ഗവേഷണം, വിദ്യാർഥി തുറന്നെഴുതുന്നു

ജെ. ആർ. എഫ് ലഭിക്കാത്ത ഗവേഷകരെ സംബന്ധിച്ച്, കേരള യൂണിവേഴ്​സിറ്റിയിൽ ഫെലോഷിപ്പ് എന്ന നിലയിൽ ലഭിക്കുന്നത് 13000 രൂപ മാത്രമാണ്. നെറ്റ് ഹോൾഡറാണെങ്കിൽ മാത്രമാണ് ഈ തുക ലഭിക്കുന്നത്, അല്ലെങ്കിൽ 11000 രൂപ മാത്രമാണ് ലഭിക്കുക. ഗവേഷണത്തിന് ഫുൾ ടൈമായി ജോയിൻ ചെയ്യുന്ന വിദ്യാർഥികളെ സംബന്ധിച്ച് അവർക്ക് മറ്റ് ജോലികൾക്കൊന്നും പോകാൻ സാധിക്കില്ല, ജോയിൻ ചെയ്യുന്ന ഒരു വലിയ ഭൂരിപക്ഷം വിദ്യാർഥികൾ നെറ്റ്/എൻട്രൻസ് യോഗ്യത എന്ന നിലയിൽ ഗവേഷണം തുടരുമ്പോഴും, ഫെലോഷിപ്പ് എന്ന നിലയിൽ ലഭിക്കുന്നത് വളരെ തുച്ഛമായ തുകയാണ്. കേരള യൂണിവേഴ്​സിറ്റിയിലെ ഗവേഷക വിദ്യാർഥികളുടെ ദുരിതം എഴുതുകയാണ്​, ജെ. വിഷ്ണുനാഥ്.

കേരള യൂണിവേഴ്സിറ്റിയിൽ ഗവേഷണം എന്നത്​ ഒരു ദുരിതക്കയമായി മാറുകയാണ്​. ഗവേഷണ വിദ്യാർഥികൾക്ക്​ തുച്​ഛമായ ഫെലോഷിപ്പ് തുക ലഭിക്കുന്നതിന്​ എടുക്കുന്ന കാലതാമസം ഒരു പരിഹാരവുമില്ലാതെ തുടരുകയാണ്​.

ജെ. ആർ. എഫ് ലഭിക്കാത്ത ഗവേഷകരെ സംബന്ധിച്ച്, ഫെലോഷിപ്പ് ആയി ലഭിക്കുന്നത് 13,000 രൂപ മാത്രമാണ്. ഇവിടെയും, നെറ്റ് ഹോൾഡറാണെങ്കിൽ മാത്രമാണ് ഈ തുക ലഭിക്കുന്നത്, അല്ലെങ്കിൽ 11,000 രൂപ മാത്രമാണ് ലഭിക്കുക. ഗവേഷണത്തിന് ഫുൾ ടൈമായി ജോയിൻ ചെയ്യുന്ന വിദ്യാർഥികൾക്ക് മറ്റ് ജോലിക്ക്​ പോകാനാകില്ല. ജോയിൻ ചെയ്യുന്ന ഭൂരിപക്ഷം വിദ്യാർഥികളും നെറ്റ്/എൻട്രൻസ് യോഗ്യത എന്ന നിലയിൽ ഗവേഷണം തുടരുമ്പോഴും, ഫെലോഷിപ്പ് എന്ന നിലയിൽ ലഭിക്കുന്നത് തുച്ഛമായ തുകയാണ്. ഗവേഷകരെ സംബന്ധിച്ച് ആ കാലയളവിൽ വിവിധതരത്തിലുള്ള അക്കാദമിക്ക് ചെലവുകൾ അവർ വഹിക്കേണ്ടതായി വരുന്നു.

ആദ്യ വർഷം റിസർച്ച് ഫീ, അഫിലിയേഷൻ ഫീ, ഓപ്പൺ ഡിഫൻസ് ഫീ എന്ന നിലയിലും, പിന്നീടുള്ള ഓരോ വർഷങ്ങളിലും റിസർച്ച് ഫീ, ഓപ്പൺ ഡിഫൻസ് ഫീ എന്ന നിലയിലും അടയ്ക്കേണ്ട സാഹചര്യമുണ്ട്. അതിനോടൊപ്പം ഗവേഷണം മുന്നോട്ട് കൊണ്ടുപോകുന്നതിനായി വേണ്ടിവരുന്ന, അക്കാദമിക് വർക്ക് ഷോപ്പുകളിൽ പങ്കെടുക്കേണ്ടിവരുന്നതുൾപ്പെടെയുള്ള ചെലവുകൾ, സെമിനാറുകളിൽ തങ്ങളുടെ പേപ്പർ അവതരിപ്പിക്കുന്നതിനും ഒപ്പം അവ പ്രസിദ്ധീകരിക്കുന്നതിനുമായി വരുന്ന ഭീമമായ ചെലവുകൾ, കോമേഴ്‌സ് , മാനേജ്മെൻറ്​, ഇക്കണോമിക്സ് വിഷയങ്ങളിൽ പേപ്പറുകൾ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട അനാലിസിസിനായി വേണ്ടിവരുന്ന മറ്റ് ചെലവുകൾ എല്ലാം വിദ്യാർഥികളിൽ അധിക ബാധ്യത സൃഷ്ടിക്കുന്നു.

ആദ്യ രണ്ട് വർഷങ്ങളിൽ ജെ. ആർ. എഫ് എന്ന നിലയിൽ ലഭിക്കുന്ന 13,000 രൂപ, അതെ നിലയിൽ തന്നെ എസ്. ആർ. എഫ് എന്ന പേരുമാറ്റത്തോടെ മാത്രം തുകയിൽ വ്യത്യാസം വരുത്താതെ തന്നെ ഗവേഷകർക്ക് ലഭിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ജെ. ആർ. എഫ് വിദ്യാർഥികൾക്ക് ലഭിക്കുന്ന HRA, Contingency Fund എന്നീ പ്രിവിലേജുകളൊന്നും യൂണിവേഴ്സിറ്റി ഫെലോഷിപ്പ് ലഭിക്കുന്ന ഗവേഷകർക്കില്ല.

ഫെലോഷിപ്പ് ഓർഡർ, ഫെലോഷിപ്പ് ലഭിക്കാനുള്ള കാലതാമസം, അഡ്മിനിസ്‌ട്രേറ്റിവ് സംവിധാനങ്ങളുടെ പോരായ്മ എന്നിവയാണ് മറ്റു ഗുരുതര പ്രശ്​നങ്ങൾ. രണ്ടാം വർഷം ഫെലോഷിപ്പ് ഓർഡർ ലഭിക്കേണ്ട ഗവേഷണ വിദ്യാർഥി സമർപ്പിക്കേണ്ട ഡോക്യുമെന്റുകളാണിവ:

Application forwarded by the Supervisor, Center Head & Chairman Doctoral Committee Copy of registration order Copy of the fellowship order last issued Fees statement Undertaking from the Supervisor Proforma of the Supervisor Course Work Examination Mark list and Certificate One publication in any academically established journal or one paper presentation on a theme related to the Research work in Seminars. Assessment Report certified by the Research Supervisor, countersigned by the Head of the Research Center and recommended by the Doctoral Committee Chairman

ഇവയെല്ലാം സംയോജിപ്പിച്ച്​ റിസർച്ച് സെന്ററിലും, കാര്യവട്ടത്തെ ഡിപ്പാർട്ടുമെന്റിലും, യൂണിവേഴ്സിറ്റിയിലുമായി ഗവേഷകർ പോകേണ്ട സ്ഥിതിവിശേഷമാണ്. ഈ നടപടിക്രമം കംപ്യൂട്ടറൈസ്ഡ് ചെയ്‌താൽ തീരാവുന്ന പ്രശ്നം മാത്രമാണിത്​. ഗവേഷണത്തിന്​ എൻട്രോൾ ചെയ്യുന്ന സമയത്ത്, കേരള യൂണിവേഴ്സിറ്റിയിൽ റിസർച്ച് പോർട്ടൽ സിസ്റ്റം വെച്ച് ഓരോ ഗവേഷകരുടെയും പ്രൊഫൈൽ രൂപീകരിക്കുന്നുണ്ട്. ഇവ ആക്സസ്സ് ചെയ്യുന്നതിന്​ User Name, Password സിസ്റ്റം എന്നിവ ഓരോ ഗവേഷണ വിദ്യാർഥിക്കും ലഭിക്കുന്നുണ്ട്. എന്നാൽ, റിസർച്ച് പോർട്ടലിന്റെ പ്രവർത്തനം കാര്യക്ഷമല്ല, ഒപ്പം ഗവേഷകരുടെ കറൻറ് സ്റ്റാറ്റസ് അടക്കം ഒന്നും അവിടെ അപ്ഡേറ്റ് ചെയ്യപ്പെടുന്നില്ല. നിലവിൽ ഫെലോഷിപ്പിന്റെ അടക്കം വിവിധ ഓപ്‌ഷനുകൾ പ്രൊഫൈലിൽ ഉണ്ടെങ്കിലും, അപ്‌ഡേഷൻ നടക്കാത്തതിനാൽ പലതും ഡിസബ്​ൾഡ് ആണ്. ഈ സിസ്റ്റം പൂർണരീതിയിൽ സജ്ജീകരിച്ചാൽ, ഇത്തരം ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്‌താൽ വിദ്യാർഥികളെ സംബന്ധിച്ച് അതൊരു ആശ്വാസമാകുമെന്ന് തീർച്ച.

CSIR NET ഇല്ലാതെ എൻട്രൻസ് എഴുതി ഗവേഷണത്തിനെത്തിയ സയൻസ് വിദ്യാർഥികളും ദുരിതത്തിലാണ്. 11,000 രൂപയാണ് പ്രതിമാസം ഫെലോഷിപ്പായി ലഭിക്കുന്നത്. അതിൽ അവർക്ക് കെമിക്കൽ വാങ്ങുന്നതിനും, ഹോസ്റ്റൽ ഫീസ് അടയ്ക്കുന്നതിനും, പുസ്തകങ്ങളും, മറ്റ് ആവശ്യങ്ങൾക്കുമായി വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. കേരളത്തിലെ മറ്റ് യൂണിവേഴ്സിറ്റികളിലെയും സ്ഥിതി സമാനമാണ്. എം.ജി യൂണിവേഴ്സിറ്റിയിലും ഈ അടുത്തുണ്ടായ സമരങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ശേഷമാണ് ഫെലോഷിപ്പ് പ്രശ്നത്തിൽ ചില മാറ്റങ്ങളുണ്ടായത്.

നിലവിലെ ഫെലോഷിപ്പ് തുക വർധിപ്പിക്കുക എന്നതാണ്, വിദ്യാർഥികളെ സംബന്ധിച്ച് പ്രാഥമിക ആവശ്യം. ജെ. ആർ. എഫ് ലഭിക്കാത്തവർക്ക്‌, മിനിമം അവരുടെ അക്കാദമിക ആവശ്യങ്ങൾ നിറവേറുന്നതിന് ഉതകുന്ന രീതിയിൽ ഫെലോഷിപ്പ് തുക ഉയർത്തുന്നത് അനിവാര്യമാണ്.

രണ്ടാമത്തെ പ്രധാന ആവശ്യം നിലവിലെ സ്ഥിതിയിൽ നിന്ന് മാറി, ഫെലോഷിപ്പ് ഓർഡർ, തുക ലഭിക്കുന്ന കാലതാമസം ഒഴിവാക്കി, അതായത് മാസങ്ങളെടുക്കുന്ന ഇത്തരം രീതികളെ പൂർണമായും ഒഴിവാക്കുന്ന തരത്തിൽ സിൻണ്ടിക്കേറ്റ് കൂടി ഉചിതമായ തീരുമാനങ്ങൾ അധികാര കേന്ദ്രങ്ങളിൽ നിന്ന് ഉണ്ടാകുക.

Comments