ഒരേ ചോര; മുത്തങ്ങയുടെയും വിശ്വനാഥന്റെയും

കേരളത്തിന്റെ ജനാധിപത്യ രാഷ്ട്രീയത്തെയും അധഃസ്ഥിത സമരചരിത്രത്തെയും ഏറെ സ്വാധീനിച്ച മുത്തങ്ങ സമരത്തിന് രണ്ട് പതിറ്റാണ്ട് തികയുകയാണ്. ഭരണകൂടം അതിക്രൂരമായി അടിച്ചമർത്തിയ ആ പോരാട്ടത്തിന്റെ ഓർമ "സമുചിതം' പുതുക്കുകയാണ് കേരളം, വിശ്വനാഥൻ എന്ന ആദിവാസി യുവാവിന്റെ കൊലപാതകത്തിലൂടെ.

കേരളത്തെ സംബന്ധിച്ച് വിഭവാധികാര രാഷ്ട്രീയം ഏറ്റവും ശക്തമായി മുന്നോട്ടുവക്കുകയും അതിനുവേണ്ടിയുള്ള സംഘാടനശേഷി സ്വയമാർജിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ നമ്മുടെ പൊളിറ്റിക്കൽ സിസ്റ്റവും സോഷ്യൽ സിസ്റ്റവും ഇങ്ങനെയൊക്കെയാണ് കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നത്.

കാൽനൂറ്റാണ്ടിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ മനുഷ്യവകാശലംഘനങ്ങളിൽ ഒന്നുകൂടിയായിരുന്നു മുത്തങ്ങയിലെ ഭരണകൂട അടിച്ചമർത്തൽ. സമരത്തിന് നേതൃത്വം നൽകിയ സി.കെ. ജാനു അടക്കമുള്ളവരെ പൊലീസ് തീയിട്ട് കൊല്ലാൻ ശ്രമിച്ചതും ആദിവാസി സ്ത്രീകൾക്കെതിരെ നടന്ന ലൈംഗികാക്രമണങ്ങളും കുട്ടികൾക്കുനേരെ നടന്ന പൊലീസ് അതിക്രമവുമെല്ലാം ഒരുവിധ അന്വേഷണവുമില്ലാതെ തമസ്‌കരിക്കപ്പെട്ടു. പൊലീസ് നടപടിക്കിടെ, കാലിൽ മുറിവുമായി വീണുകിടന്ന പൊലീസുകാരൻ വിനോദിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ ആദിവാസികൾ വാഹനം കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ പൊലീസ് തടഞ്ഞ് തിരിച്ചയച്ചതും അങ്ങനെ രക്തം വാർന്ന് വിനോദ് മരിക്കാനിടയായതും ട്രൂ കോപ്പിയിൽ പ്രസിദ്ധീകരിച്ചുവരുന്ന അടിമമക്ക എന്ന ആത്മകഥയിൽ സി.കെ. ജാനു വെളിപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന- ദേശീയ മനുഷ്യവകാശ കമീഷനുകളുടെ ശുപാർശകളും റിപ്പോർട്ടുകളും അട്ടിമറിച്ചും പട്ടിക വർഗ കമീഷൻ ശുപാർശ വളച്ചൊടിച്ചുമാണ് സമരം ചെയ്ത ആദിവാസികളെ മാത്രം പ്രതികളാക്കി സി.ബി.ഐ അന്വേഷണം നടത്തിയത്. ഒരു സമൂഹം നേരിട്ട വംശീയമായ ആക്രമണം നമ്മുടെ രാഷ്ട്രീയ, സാമൂഹിക സംവിധാനങ്ങളെ ഒരുതരത്തിലും അലോസരപ്പെടുത്താതെയാണ് ഈ രണ്ടു പതിറ്റാണ്ടുകൾ കടന്നുപോകുന്നത്. എന്നിട്ടും, ഇന്നും ആദിവാസി സമൂഹം ഭൂമിക്കുവേണ്ടി മുദ്രാവാക്യം മുഴക്കിക്കൊണ്ടിരിക്കുന്നു.

അധഃസ്ഥിതരെ പിന്തള്ളുന്ന "കേരള മോഡൽ' വികസനപ്രക്രിയയെ തുറന്നുകാട്ടിയത് ആദിവാസികളുടെ നേതൃത്വത്തിൽ നടന്ന ഭൂസമരങ്ങളാണ്. അട്ടിമറിക്കപ്പെട്ട ഭൂപരിഷ്‌കരണത്തിന്റെ ഇരകളായിരുന്നു അവർ. അന്യാധീനപ്പെട്ട ഭൂമി ഏറ്റെടുക്കാനുള്ള നിയമം അട്ടിമറിച്ചത് കമ്യൂണിസ്റ്റ് പാർട്ടികളുടെയും കോൺഗ്രസിന്റെയുമൊക്കെ അംഗങ്ങൾ ഭരിച്ചിരുന്ന നിയമസഭ ഒന്നടങ്കമാണ്. 2001ലെ കുടിൽകെട്ടൽ സമരം ഈയൊരു രാഷ്ട്രീയ വഞ്ചനയുടെ അനിവാര്യമായ പ്രതികരണമായിരുന്നു. ആദിവാസികളെ പുനരധിവസിപ്പിക്കാനുള്ള ഭൂമിയുടെ കണക്കുവരെ സർക്കാറിനുമുന്നിൽ സമർപ്പിച്ചുകൊണ്ട്, കൃത്യമായ പ്രായോഗിക നിലപാടുള്ള ഒരു സമരമായിരുന്നു അത്. ഓരോ കുടുംബത്തിനും അഞ്ചേക്കറിൽ കുറയാത്ത ഭൂമി നൽകുമെന്ന സർക്കാർ ഉറപ്പിലാണ് ആ സമരം തീർന്നത്. ആ ഉറപ്പ് ലംഘിക്കപ്പെട്ടപ്പോഴാണ് മുത്തങ്ങ ഒരു സമരഭൂമിയായി മാറിയത്.

മുത്തങ്ങക്കുശേഷമുള്ള രണ്ട് പതിറ്റാണ്ടുകളിൽ എന്തു സംഭവിച്ചു? ആദിവാസികളടക്കമുള്ള ഭൂരഹിതരുടെ എണ്ണം കൂടി. രണ്ടും നാലും സെന്റുകളിലേക്കും സെറ്റിൽമെന്റുകളിലേക്കും പുറമ്പോക്കുകളിലേക്കും ആട്ടിയിറക്കപ്പെട്ടവരുടെ എണ്ണം കൂടി. ഭൂമിയുടെ കേന്ദ്രീകരണം ഏറ്റവും ശക്തമായ സംസ്ഥാനം കൂടിയാണ് കേരളം. ജാതി- മത സംഘങ്ങളും കുത്തക മൂലധനശക്തികളുമൊക്കെയാണ് പുതിയ ഭൂവുമാവർഗത്തെ നിയന്ത്രിക്കുന്നത്. അങ്ങനെ, വെറുമൊരു ഊഹക്കച്ചവട വസ്തുവായി ഭൂമി മാറിയിരിക്കുന്നു. തോട്ടമുടമകളും കുത്തക കമ്പനികളും നിയമവിരുദ്ധമായി കൈവശം വച്ചുകൊണ്ടിരിക്കുന്ന ഭൂമിയുടെ കണക്ക് എം.ജി. രാജമാണിക്യം എന്ന ഉദ്യോഗസ്ഥൻ വർഷങ്ങൾക്കുമുമ്പേ സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. ഇവ നിയമനിർമാണത്തിലൂടെ തിരിച്ചുപിടിക്കാനും വഴികളുണ്ട്. എന്നാൽ, ഭൂരാഹിത്യം എന്ന അടിസ്ഥാന പ്രശ്‌നത്തെ പാർപ്പിട പ്രശ്‌നമായി ചുരുക്കി ജാതിക്കോളനികൾ വീണ്ടെടുക്കുന്ന 'നവകേരള'സൃഷ്ടിയിലാണ് ഭരണകൂടം. ഭൂമിക്കുവേണ്ടിയുള്ള സമരങ്ങളുടെ ഭാവി അതുകൊണ്ടുതന്നെ വലിയ ചോദ്യചിഹ്‌നമായി അവശേഷിക്കുന്നു. അതായത്, അന്യാധീനപ്പെട്ട ഭൂമി തിരിച്ചുകിട്ടാനുള്ള ഒരു നിയമനിർമാണം ഇനി ഉണ്ടാകാനിടയില്ല.

ഭൂമി നിഷേധിച്ച് സാമൂഹികമായി നടപ്പാക്കുന്ന ഒരുതരം വംശഹത്യയുമായി വിശ്വനാഥന്റെ കൊലപാതകത്തെ കണ്ണി ചേർക്കാം. വിശ്വനാഥനെ ആൾക്കൂട്ടം ആക്രമിച്ചത് അദ്ദേഹത്തിന്റെ നിറവും വസ്ത്രവും മുൻനിർത്തിയാണ്. അതൊരു സ്വഭാവിക ആത്മഹത്യയായിരുന്നു എന്ന് വരുത്തിത്തീർക്കാൻ പൊലീസ് സംവിധാനം ശ്രമിക്കുന്നതും, അതേ ആൾക്കൂട്ട യുക്തിയിലാണ്. നിറവും വസ്ത്രവും ഒരു മനുഷ്യനെ ആക്രമിക്കാനുള്ള അവകാശമായി ഏറ്റെടുക്കുന്ന മനുഷ്യരുള്ളിടത്ത്, സിസ്റ്റവും അതേ മനോഭാവം പിന്തുടരുന്നു. ആക്രമണത്തിന് ശക്തമായ തെളിവുണ്ടായിട്ടും പട്ടികജാതി- പട്ടികവർഗ പീഡന നിരോധന നിയമം ചുമത്താൻ പൊലീസ് മടിച്ചുനിൽക്കുന്നു. പരാതി പറയാൻ പൊലീസ് സ്‌റ്റേഷനിലെത്തിയ വിശ്വനാഥന്റെ സഹോദരനെ മദ്യപാനിയാക്കുന്നു. 'നിസാര കേസു'കളുമായി വന്ന് ബുദ്ധിമുട്ടിക്കുന്നുവെന്ന് പൊലീസ് ആക്രോശിക്കുന്നു.

അഞ്ചുവർഷം മുമ്പ്, ഇതുപോലൊരു ഫെബ്രുവരിയിൽ, ഇതേപോലൊരു ആൾക്കൂട്ടം ഇതേ കുറ്റം ചുമത്തി അടിച്ചുകൊന്ന അട്ടപ്പാടിയിലെ മധുവിന്റെ കേസിൽ കഴിഞ്ഞദിവസമാണ് സാക്ഷി വിസ്താരം പൂർത്തിയായത്. വിശ്വനാഥന്റെ കൊലപാതകത്തിലും, മധുവിന്റെ കേസിനുസമാനമായ അട്ടിമറികൾ പ്രതീക്ഷിക്കാം. കാരണം, ആദിവാസികളുടെ കാര്യത്തിൽ നിയമത്തിന്റെയും നീതിന്യായത്തിന്റെയും വിവേചനസംവിധാനം പിഴയ്ക്കാതെ ഇടപെടാറുണ്ട്. ഭൂമിക്കുവേണ്ടിയുള്ള സമരം അടിച്ചമർത്തുന്നതിലും ഒരു മനുഷ്യനെ തല്ലിക്കൊന്ന കേസ് അട്ടിമറിക്കുന്നതിലും നമ്മുടെ സംവിധാനങ്ങൾ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കും. ആ സംവിധാനത്തെ ചെറുക്കാൻ ആദിവാസികൾക്കൊപ്പം കേരളത്തിലെ പൗരസമൂഹവും ഉണ്ടാകേണ്ടതുണ്ട് എന്ന് പ്രതീക്ഷിക്കുകയേ നിവൃത്തിയുള്ളൂ.

Comments