4 Jul 2020, 03:00 PM
When people are over one hundred years old, it’s highly probable that they’ll die at any moment, but as several friends have said, we were used to Nicanor’s presumed immortality.
Alejandro zambra
റൊബര്‍ട്ടോ ബൊലാനോ കൂട്ടുകാരനൊപ്പം നികനോര്‍ പാര്‍റയുടെ വീട്ടില്‍ എത്തുമ്പോള്‍ ഞാന്‍ ജനിച്ചിട്ട് പോലുമില്ലായിരുന്നു. എന്നിട്ടും ഞാന്‍ അവരുടെ കൂടെ അവര്‍ പോലുമറിയാതെ പാര്‍റയെ കാണാന്‍ ചെന്നത് ഇന്നലെയാണ്. പാര്‍റ മരിക്കും മുന്‍പേ ബൊലാനോ മരിച്ചു. പാര്‍റയാവട്ടെ ഒരു വലിയ മരം ആകാശത്തിലേക്ക് വേരു നീട്ടും പോലെ തല തിരിഞ്ഞ് വളര്‍ന്ന്, പടര്‍ന്ന്, ഒട്ടും ക്ഷീണമില്ലാതെ ഒരു ദിവസം ഭൂമിയിലേക്ക് തിരിച്ച് പോയി. ബൊലാനോ അത്ഭുതത്തോടെ, അതിലേറെ അമ്പരപ്പോടെ കൂട്ടുകാരനൊപ്പം പാര്‍റയുടെ വീട്ടില്‍ ചെല്ലുമ്പോള്‍ അകത്തെ മുറിയില്‍ നിന്നും വന്ന കാലൊച്ച ഞാനും കേട്ടു.

ബൊലാനോയ്ക്ക് പിന്നില്‍ നിന്ന് ഞാനും കണ്ടു : കവികളിലെ ശംബൂകനെ!
ഞങ്ങളെ അഭിവാദ്യം ചെയ്തതിന് ശേഷം ആദ്യം സംസാരിച്ചത് ഇംഗ്ലീഷിലാണ്. അത് ഡെന്മാര്‍ക്കിലെ ചില കര്‍ഷകര്‍ ഹാംലെറ്റിനെ സ്വീകരിച്ചത് പോലെയായിരുന്നു. അത് കഴിഞ്ഞ് നികനോര്‍ സംസാരിച്ചു തുടങ്ങി, വാര്‍ദ്ധക്യത്തെക്കുറിച്ച്, ഷേക്‌സ്പിയറിന്റെ വിധിയെക്കുറിച്ച്, പൂച്ചകളെക്കുറിച്ച്, ലാ ക്രൂസിലെ കത്തി നശിച്ച അദ്ദേഹത്തിന്റെ ആദ്യ ഭവനത്തെക്കുറിച്ച്, ഏര്‍നെസ്റ്റോ കാര്‍ഡിനലിനെക്കുറിച്ച്, ഒരു കവിയെന്നതിനേക്കാള്‍, പ്രബന്ധകാരന്‍ എന്നദ്ദേഹം കരുതുന്ന പാസിനെക്കുറിച്ച്, സംഗീതജ്ഞനായിരുന്ന അച്ഛനെക്കുറിച്ച്, വെട്ടുകഷണങ്ങള്‍ കൊണ്ട് അദ്ദേഹത്തിനും സഹോദരങ്ങള്‍ക്കും കുപ്പായം തയ്ച്ചു കൊടുത്തിരുന്ന തയ്യല്‍ക്കാരിയായ അമ്മയെക്കുറിച്ച്, ബാല്‍ക്കണിയില്‍ നിന്ന് കടലിടുക്കിനപ്പുറം, കാടിനു മുകളിലായി പക്ഷിക്കാഷ്ടം പോലെ വെളുത്തു കാണുന്ന ശവകുടീരത്തിലെ ഹിഡോബ്രോയെക്കുറിച്ച്, അദ്ദേഹത്തിന്റെ സഹോദരി വ്യോലേറ്റയെയും അവരുടെ മകള്‍ കോലോംബിനയെയും കുറിച്ച്, ഏകാന്തതയെക്കുറിച്ച്, ന്യൂയോര്‍ക്കിലെ ഏതാനും സായാഹ്നങ്ങളെക്കുറിച്ച്, കാര്‍ അപകടങ്ങളെക്കുറിച്ച്, ഇന്ത്യയെക്കുറിച്ച്, മരണപ്പെട്ട സുഹൃത്തുക്കളെക്കുറിച്ച്, തെക്കന്‍ നാട്ടില്‍ ചിലവഴിച്ച കുട്ടിക്കാലത്തെപ്പറ്റി, കോറിറ്റ നല്ലവണ്ണം പാചകം ചെയ്യുന്ന കക്കയിറച്ചിയെക്കുറിച്ച്, ഉടച്ച ഉരുളക്കിഴങ്ങ് ചേര്‍ത്ത മീന്‍ വിഭവത്തെക്കുറിച്ച്.
ഈ ചെരിഞ്ഞുകിടക്കുന്നതെല്ലാം ബൊലാനോയുടേതാണ്. ആ ചെരിവിലൂടെ ഞാനൊന്ന് കയറി എന്നു മാത്രം.
സ്റ്റാലിന്‍ നീണാള്‍ വാഴട്ടെ എന്ന കവിത ഒന്നാന്തരം തെറിയോടെയാണ് തുടങ്ങുന്നത്, മദര്‍ ഫക്കര്‍ എന്ന്. സഖാക്കള്‍ കേള്‍ക്കണ്ട. മരിച്ചാലും ക്യാപിറ്റല്‍ പണിഷ്‌മെന്റിന് അവര്‍ മടിക്കില്ല. അത്ര ശുദ്ധാത്മാക്കളാണ്. കണ്ണടച്ച് ചുവന്ന പാല്‍ കുടിക്കുന്നവര്‍! ഞാന്‍ നിശ്ശബ്ദനായി അമ്പരപ്പോടെ അവര്‍ക്ക് പിന്നില്‍ നില്‍ക്കുകയാണ്. ബൊലാനോയ്ക്ക് പാര്‍റ തന്റെ പുസ്തകം കൊടുക്കുന്നു. ആ പുസ്തകത്തിന്റെ ഒന്നാം പ്രതി കൈയ്യിലുണ്ടായിട്ടും ആറാം പതിപ്പ് ഇരുകൈയ്യും നീട്ടി ബൊലാനോ വാങ്ങുന്നു.

പാര്‍റയുടെ വീട്ടില്‍ നിന്നിറങ്ങുമ്പോഴേക്ക് ബൊലാനോ മനസ്സില്‍ എഴുതിയിരുന്നു:
ഗബ്രിയേലാ മിസ്ട്രല്‍, നെരൂദ, ദെ രോഖ, വിഒലേറ്റ പാറാ എന്നിവരുടെ പ്രേതങ്ങള്‍ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ചുറ്റി നടന്നു പുറത്ത് കടക്കാന്‍ വൃഥാ ശ്രമിക്കുന്ന ഈ ഇടനാഴി ദ്വീപിലെ ഏറ്റവും ആഴക്കാഴ്ചയുള്ള താമസക്കാരനാണ് നികനോര്‍ പാര്‍റയെന്ന്.
പാര്‍റയ്ക്ക് അറിയില്ല ഇന്നലെ വീണ്ടും ജനിച്ചത്. തന്റെ വീട്ടില്‍ ബൊലാനോയേയും മാര്‍ഷല്‍ കോര്‍ട്ടസ് മോണ്‍റോയ്യേയും സ്വീകരിച്ചത്. കൊറീറ്റോ വീടിനുള്ളില്‍ റേഡിയോ കേട്ട് പൊട്ടിച്ചിരിച്ചത്. പ്രതി കവിത പോലൊരു പ്രതി ജീവിതം ജീവിക്കുന്നത്!
Navya Raveendran
6 Jul 2020, 06:12 PM
Lovely
T g kannan
5 Jul 2020, 10:42 PM
Beautiful... Provoking
എൻ.സി.ഹരിദാസൻ
5 Jul 2020, 02:41 PM
എന്നത്തെയും പോലെ ഉണ്ണി ആർ.കഥയിൽ കവിത ഒളിപ്പിച്ചു വയ്ക്കുന്നു. ...നിക്കനോർ പാർറെ , കവികളിൽ ശംബൂകൻ എന്ന് വെറെയാരാണ് പറയാൻ! ഈ താന്തോന്നിയല്ലാതെ!! ... മരിച്ചു കഴിഞ്ഞാലും അവർ കാപിറ്റൽ പണിഷ് മെന്റ് വിധിക്കാതിരിക്കില്ല , അത്രയും നിഷ്കളങ്കരാണവർ എന്ന് പറയാൻ ആർക്കാണ് ധൈര്യം? അതും ഈ കേരളത്തിലിരുന്ന്? വല്ലാത്തൊരു സാധനം തന്നെ!!
പി.എൻ.ഗോപീകൃഷ്ണൻ
4 Jul 2020, 07:43 PM
ഉണ്ണീ , നമ്മുടെ കാലത്തെ ഏറ്റവും വലിയ കവികളിൽ ഒരാളെപ്പറ്റി എഴുതിയതിന് നന്ദി. ബൊലാനോ രണ്ടിൽ കൂടുതൽ കുറിപ്പുകൾ എഴുതിയിട്ടുണ്ട് പാർറയെപ്പറ്റി. രണ്ടായിരാമാണ്ട് പിറന്നപ്പോൾ പാർറ എഴുതിയ കവിത ഇപ്പോൾ ഓർമ്മ വരുന്നു " രണ്ടായിരം വർഷത്തെ നുണകൾ തന്നെ ധാരാളം "
ബിന്ദു കൃഷ്ണൻ
Dec 23, 2020
5 Minutes Listening
Suresh Nellikode
7 Jul 2020, 09:06 AM
''In the end We are only left with tomorrow. I raise my glass To the day that never arrives.'' *** Tip my hat to you, Unni!