truecoppy
MORE
Truecopy Home
Readers
are
Thinkers

Friday, 31 March 2023

truecoppy
Truecopy Logo
Readers are Thinkers

Friday, 31 March 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
sarojini

Life Sketch

Photo: ശാന്തികുടി സരോജിനി

ശാന്തികുടി സരോജിനി:
സ്വയം നൂറ്റ നൂലില്‍
ജീവിതം അവസാനിപ്പിച്ച
സ്വാതന്ത്ര്യസമരപോരാളി

ശാന്തികുടി സരോജിനി: സ്വയം നൂറ്റ നൂലില്‍ ജീവിതം അവസാനിപ്പിച്ച സ്വാതന്ത്ര്യസമരപോരാളി

ഏകാന്ത ജീവിതത്തിലെ മടുപ്പ്, സ്വാതന്ത്ര്യസമരസേനാനിയായിട്ടുകൂടി, സര്‍ക്കാരിന്റെ കണക്കില്‍ സ്വാതന്ത്ര്യസമരസേനാനിയെന്ന വിളിപ്പേരു കേള്‍ക്കാതെയുള്ള ജീവിതം. അതല്ലാതെ മറ്റൊരു കാരണം കാണുന്നില്ല ആര്‍ക്കും ആ ആത്മഹത്യയ്ക്ക് കാരണമായി. മരണത്തിനു മുമ്പ് അവര്‍ എഴുതി: "എന്റെയീ കണ്ണുകളും ഹൃദയവും ജീവനുള്ളതെല്ലാം ആര്‍ക്കെങ്കിലും ഉപകാരപ്പെടുമെങ്കില്‍ അത് അവര്‍ക്ക് കൊടുക്കണം. ബാക്കി വരുന്ന എന്റെ ശരീരം കുട്ടികള്‍ക്ക് പഠിക്കാന്‍ നല്‍കണം.''

8 Feb 2022, 10:15 AM

കെ. സജിമോൻ

പ്രശ്‌നങ്ങളോ ആത്മഹത്യ പ്രവണതയോ അലട്ടുന്നവര്‍ക്ക്  ‘ദിശ’യില്‍ നിന്ന് സഹായം തേടാവുന്നതാണ്. കൗണ്‍സിലിംഗിനായി താഴെ കാണുന്ന ഏത് നമ്പറിലും ബന്ധപ്പെടാം. കേരള സംസ്ഥാന ആരോഗ്യ ഹെല്‍പ് ലൈന്‍: 104 | ദിശ: 1056,  04712552056 | മൈത്രി: 0484-2540530 | തണല്‍: 0495-2760000

സ്വാതന്ത്ര്യസമരചരിത്രപാഠങ്ങളില്‍ ശാന്തികുടി സരോജിനി എന്ന സ്വാതന്ത്ര്യസമരസേനാനിയുടെ പേര് കാണില്ല. പന്ത്രണ്ടാം വയസ്സില്‍ ക്വിറ്റ് ഇന്ത്യാസമരഫണ്ടിലേക്ക് അരുണാ ആസിഫലിയുടെ കൈകളിലേക്ക് കാതിലെ തരിസ്വര്‍ണ്ണം സ്വന്തം ഇഷ്ടപ്രകാരം നല്‍കിയ കൊച്ചുപെണ്‍കുട്ടി, പിന്നീട് സാമൂഹ്യസേവനത്തില്‍ മുഴുകി സ്വന്തം ജീവിതം ജീവിക്കാന്‍ മറന്നുപോയ സ്ത്രീ, ഖാദി- ഹിന്ദി പ്രചരണത്തില്‍ വ്യാപൃതയായിരുന്നപ്പോഴും രാജ്യംതന്നെ വീട് എന്നു കണക്കാക്കി, എല്ലാത്തിനുമൊടുവില്‍ സ്വന്തം നൂറ്റനൂലുകൊണ്ട് തീര്‍ത്ത ഖാദിയില്‍ കുരുക്കി ജീവിതംഅവസാനിപ്പിച്ച വൃദ്ധ. എന്നിട്ടും ആരും അറിയാതെ പോയി! ജയില്‍വാസമനുഷ്ഠിച്ചില്ലെന്ന പേരില്‍ സര്‍ക്കാരിന്റെ സ്വാതന്ത്ര്യസമരപ്പട്ടികയില്‍ ഇടം കണ്ടെത്തുകയോ, പെന്‍ഷന്‍ നല്‍കുകയോ ചെയ്തില്ല.

View Ad

Your browser does not support the video tag.

View Ad

Your browser does not support the video tag.

വിയോഗത്തിന് പതിനഞ്ചു വര്‍ഷം പിന്നിടുമ്പോഴും ആരും ആചരണങ്ങള്‍ കൊണ്ടോ ആ ജീവിതത്തെ പഠിക്കാന്‍ ശ്രമിച്ചില്ല. പഠിക്കാന്‍ ഏറെയുള്ള ആ ചരിത്രപാഠത്തെക്കുറിച്ച് ഈ ഗാന്ധിസ്മൃതി നാളുകളിലെങ്കിലും പറയാതെങ്ങനെ!

തൃശൂരില്‍ ജനനം

തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരിയിലെ ഓച്ചനാട്ട് വേലായുധന്റെയും ദേവകിയുടെയും രണ്ടാമത്തെ മകളായി 1930ലാണ് ഒ.വി. സരോജിനിയുടെ ജനനം. സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ട കാലഘട്ടം. അഞ്ചാം വയസ്സില്‍ ഗാന്ധിജിയെ ഒരുനോക്ക് കാണാന്‍ അവസരം ലഭിച്ചു- അതായിരുന്നു ഓര്‍മ്മയുടെ തുടക്കമെന്ന് സരോജിനി പറയുമായിരുന്നു.
അമ്മ ദേവകിയുടെ മരണം ഏറെ തളര്‍ത്തിയിരുന്നു. സരോജിനി അസ്വാതന്ത്ര്യത്തിലേക്ക് പതുക്കെ നടന്നടുക്കുകയായിരുന്നു. തളയ്ക്കപ്പെട്ട മനസുമായി പഠനകാലം.

സ്വന്തം സ്വാതന്ത്ര്യത്തിലേക്ക്

സ്‌കൂളില്‍ നിന്നും ഒന്നു രണ്ടു കിലോമീറ്ററുകള്‍ താണ്ടിവേണം വീട്ടിലെത്താന്‍. വരുന്നത് തൃശൂര്‍ റൗണ്ട് വഴി. ഒരു ദിവസം സ്‌കൂള്‍ വിട്ട് വരുന്ന വഴി മണികണ്ഠനാല്‍ത്തറയ്ക്ക് സമീപം ഒരു ജനക്കൂട്ടം. വേദിയില്‍ ഒരു സ്ത്രീ പ്രസംഗിക്കുന്നു. പുരുഷന്മാര്‍തന്നെ വേദിയില്‍ ഇരിക്കാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തില്‍ ഒരു സ്ത്രീ പ്രസംഗിക്കുന്നു. ആ കൗതുകക്കാഴ്ചയ്ക്ക് സാക്ഷിയാകാനായിരുന്നു ഒ.വി. സരോജിനി എന്ന പന്ത്രണ്ടുവയസുകാരി അവിടേക്ക് നീങ്ങിയത്. ക്വിറ്റ് ഇന്ത്യാ സമരഫണ്ട് ധനശേഖരണാര്‍ത്ഥം അരുണാ ആസഫലിയുടെ പ്രസംഗമായിരുന്നു അത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ കെട്ടുകെട്ടിക്കുന്നതിനെക്കുറിച്ചുള്ള അരുണ ആസഫലിയുടെ പ്രസംഗം ആവേശത്തോടെതന്നെ സരോജിനിയും കേട്ടിരുന്നു.

ALSO READ

ഒരു പ്രണയത്തിന്റെ ആത്മകഥ (‘പ്രണയക്കൊല’യുടെ കാലത്ത്​)

സമരഫണ്ടിലേക്ക് ഓരോരുത്തര്‍ക്കും കഴിയുന്നത് നല്‍കി സഹകരിക്കണമെന്ന അപേക്ഷയോടെയാണ് അരുണ ആസഫലി പ്രസംഗം അവസാനിപ്പിച്ചത്. അസ്വാതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകള്‍ തനിക്കുചുറ്റും വലിഞ്ഞുമുറുകുന്നുവെന്ന് സരോജിനിക്കും തോന്നി. സ്വാതന്ത്ര്യത്തിനായി എന്തു നല്‍കുമെന്ന് ആലോചിച്ചുനോക്കി.
കാതില്‍ ഓരോ തരി പൊന്ന്! ഏറെനാള്‍ കൊതിച്ച് വാങ്ങിക്കിട്ടിയ തരിപ്പൊന്ന്! സരോജിനി എന്ന ബാലിക നേരെ സ്‌റ്റേജിലേക്ക് കയറി. അരുണാ അസഫലിയുടെ മുന്നിലെത്തി കാതിലെ തരിപ്പൊന്ന് അഴിച്ച് ആ കൈകളിലേക്ക് കൊടുത്തു. ചുറ്റും കൂടിയിരുന്നവര്‍ ഞെട്ടിയിരിക്കണം; ഓച്ചനാട്ട് വേലായുധന്റെ മോളല്ലേ അത് എന്നവര്‍ ആശ്ചര്യപ്പെട്ടിരിക്കണം.

aruna
അരുണ ആസഫലി

അരുണാ ആസഫലി ആ പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ച് നെറ്റിയില്‍ മുത്തം നല്‍കി. സംഭാവനകള്‍ പിന്നെയും പലരും നല്‍കിയെങ്കിലും കണ്ടുനിന്നവരുടെയെല്ലാം മനസില്‍ ഒരു പൊന്‍തിളക്കമായി സരോജിനി ആ വേദി വിട്ട് നടന്നു; കൈയ്യില്‍ കുറച്ചു പുസ്തകങ്ങളും മനസു നിറയെ സന്തോഷവുമായി.
വീട്ടിലേക്കുള്ള വഴി സരോജിനി നടന്നത് സ്വാതന്ത്ര്യത്തിന്റെ മധുരം നുകരാന്‍ ഇതാ നാം തയ്യാറായിരിക്കുന്നു എന്ന സന്തോഷത്തോടെയാണ്. സ്വാതന്ത്ര്യത്തോടെ പക്ഷികളും പൂമ്പാറ്റകളും ആ ബാലികയുടെ മുന്നിലൂടെ അപ്പോള്‍ പറന്നുപോയിരിക്കണം!

വീടിന്റെ പടി കടക്കുന്നതുവരെ മാത്രമേ ആ സന്തോഷം നിലനിന്നുള്ളു. വൈകിയെത്തിയതിന് രണ്ടാനമ്മയുടെ വക ശകാരം. കമ്മല്‍ കളഞ്ഞു വന്നതിന് വടിയെടുത്ത് അടിയും. കാലില്‍ ചോര പൊടിഞ്ഞു. അപ്പോഴൊന്നും സരോജിനിയുടെ മനസ് വേദനിച്ചില്ല. പട്ടിണിക്കിട്ടു. അപ്പോഴും സരോജിനി കരഞ്ഞില്ല. നാളെയൊരുനാള്‍ ഈ വേദനയ്ക്ക് ഫലം കിട്ടും. അന്ന് രണ്ടാനമ്മയ്ക്കും സ്വാതന്ത്ര്യം കിട്ടും. പൊന്നിനേക്കാള്‍ വലുതാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യമെന്ന് നാളെ തിരുത്തിപ്പറയും. ആ പ്രതീക്ഷയില്‍ സരോജിനി, ചെയ്ത പുണ്യത്തെക്കുറിച്ച് ആലോചിച്ച് സന്തോഷിച്ചു.

വീടുവിട്ടിറക്കം

മനസില്‍ സ്വാതന്ത്ര്യസമരത്തിന്റെ അലയൊലികള്‍ മുഴങ്ങിക്കൊണ്ടിരുന്നു. സമയമായില്ലെന്നൊരു തോന്നല്‍! മെട്രിക്കുലേഷന്‍ പാസായപ്പോഴേക്കും സ്വാതന്ത്ര്യസമരം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തിയിരുന്നു. പിന്നെ ഒന്നും നോക്കിയില്ല. ആരോടും അനുവാദം ചോദിക്കാതെ സരോജിനി വീടുവിട്ടിറങ്ങി. അന്ന് വയസ് 16. ഗാന്ധിയന്‍ പാതയിലായിരുന്നു സഞ്ചാരം. സ്വാതന്ത്ര്യസമരം ഫലംകണ്ടെത്തിത്തുടങ്ങി. ഇന്ത്യ സ്വതന്ത്ര്യയായി.

തുടരുന്ന സാമൂഹ്യസേവനം

ഇന്ത്യ സ്വതന്ത്ര്യയായെങ്കിലും സരോജിനിയ്ക്ക് അടങ്ങിയിരിക്കാനായില്ല. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചു. ഗാന്ധിയന്‍ രീതിയില്‍ സാമൂഹ്യസേവനങ്ങളിലേര്‍പ്പെട്ടു. സ്വതന്ത്ര്യ ഇന്ത്യയില്‍ മാറുമറയ്ക്കാനോ പുറത്തിറങ്ങാനോ തയ്യാറാകാതിരുന്ന സ്ത്രീകള്‍ക്ക് പ്രചോദനമായി സരോജിനി ഉത്തരേന്ത്യയിലെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചു. അതിനിടയില്‍ ഇന്‍ഡോറിലെ കസ്തൂര്‍ബാ കേന്ദ്രത്തില്‍ പഠനം പുനരാരംഭിച്ചു. അതോടൊപ്പംതന്നെ കാടും മലകളും താണ്ടി പാവപ്പെട്ട ഗിരിജനങ്ങള്‍ക്ക് മാറ് മറയ്ക്കാനുള്ള അവരുടെ അവകാശത്തെക്കുറിച്ച് ബോധവാന്മാരാക്കി. പരിസരശുചിത്വത്തില്‍ പങ്കാളിയായി അവരെ സ്വയംപര്യാപ്തരാക്കി. വീട് വയ്ക്കാനും തോടുകളുണ്ടാക്കാനും അവര്‍ക്കൊപ്പം കൂടി. ഖാദി- ഹിന്ദി പ്രചാരണം സ്വാശ്രയശീലം വളര്‍ത്തല്‍, ആതുരശുശ്രൂഷ തുടങ്ങിയ ഗാന്ധിജിയുടെ പതിനെട്ടിന കര്‍മ്മപരിപാടികള്‍ പ്രാവര്‍ത്തികമാക്കുകയായിരുന്നു ലക്ഷ്യം.

ശാന്തികുടി സരോജിനി

കെ.പി. മാധവന്‍ നായരുടെ അഭ്യര്‍ത്ഥന പ്രകാരമാണ് സരോജിനി ഗാന്ധി സ്മാരകനിധിയിലും കേളപ്പജിയുടെ ശാന്തികുടീരത്തിലും സേവനമനുഷ്ഠിക്കുന്നത്. തളരാത്ത മനസുമായി സാമൂഹ്യസേവനത്തില്‍ സരോജിനി വ്യാപൃതയായി. മദ്യഷാപ്പ് വിരുദ്ധ ജനകീയ സമരങ്ങളില്‍ പങ്കെടുത്തതിന് അറസ്റ്റു വരിച്ചു. വിനോഭാജിയോടൊപ്പം ഭൂദാന പദയാത്രയില്‍ പങ്കെടുത്തു.

തൃശൂര്‍ വടൂക്കരയില്‍ ഭാഗംവച്ചു കിട്ടിയ ഭൂമിയില്‍ രണ്ടര സെന്റ് ഒഴികെ ബാക്കിയെല്ലാം ദാനം ചെയ്തു. രണ്ടര സെന്റില്‍ ശാന്തികുടീരം പണിത് ഗാന്ധീയന്‍ ദര്‍ശനങ്ങളുടെ പ്രചരണങ്ങളില്‍ മുഴുകി.

ജീവിതം പകുത്ത്...

ജീവിതയാത്രയില്‍ തനിച്ചായിപ്പോയ സരോജിനി ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തു. പേര് സുധീര. അവള്‍ക്കും വേണ്ടിയായി ജീവിതം. 1975ല്‍ മികച്ച സാമൂഹ്യപ്രവര്‍ത്തകയ്ക്കുള്ള കസ്തൂര്‍ബാ ട്രസ്റ്റിന്റെ അവാര്‍ഡ് കിട്ടുമ്പോള്‍ അത് ഒരാശ്വാസമായിരുന്നു ആ അമ്മയ്ക്കും മകള്‍ക്കും. പ്രതിമാസം 45 രൂപ കിട്ടും. അതുകൊണ്ട് ആ രണ്ടുവയറുകളും പാതി നിറയ്ക്കാം.

എടുത്തുവളര്‍ത്തിയ സുധീരയെന്ന മകള്‍ പാതിവഴിയില്‍ വസൂരിക്ക് കീഴടങ്ങി, സരോജിനിയെ തനിച്ചാക്കി പോയപ്പോള്‍ സരോജിനി വീണ്ടും ഏകയായി. ആ ദുഃഖങ്ങള്‍ എന്നും അവരുടെ മുഖത്തുണ്ടായിരുന്നു. സ്വന്തം നൂല്‍ നൂറ്റ് ഗാന്ധിയന്‍ ആദര്‍ശനങ്ങള്‍ പ്രചരിപ്പിച്ചു.

മകളെ തേടി

തൃശൂര്‍ വടൂക്കരയിലെ ശാന്തികുടീരത്തില്‍ സ്വയം നൂല്‍ നൂറ്റ് ജീവിതം നെയ്യുന്നതിനിടെയാണ് പത്രത്തില്‍ വന്ന ഒരു ഫോട്ടോയില്‍ കണ്ണുടക്കിയത്. സുധീര എന്ന പേരും ചിത്രവും! നഷ്ടപ്പെട്ട മകളുടേതുപോലൊരു മുഖം! അതേ പേരും! പിന്നെ അന്വേഷണമായി.
പിറ്റേദിവസം രാവിലെ സരോജിനി തൃശൂരില്‍നിന്നും വണ്ടി കയറി, നേരെ കോഴിക്കോട്ടേക്ക്. കോഴിക്കോട് ബിലാത്തിക്കുളത്തെ വീടിന്റെ വാതിലില്‍ മുട്ടിവിളിച്ചു. വാതില്‍ തുറന്നത് സാഹിത്യകാരി കെ.പി. സുധീര!
തലേന്നു പത്രത്തില്‍ പേരും ഫോട്ടോയും കണ്ടതും വസൂരി വന്നു മരിച്ച വളര്‍ത്തുപുത്രി സുധീരയെക്കുറിച്ചും പറഞ്ഞു. ഒരു സ്‌നേഹബന്ധം അവിടെ തുറക്കുകയായിരുന്നു. പിന്നീട് കത്തുകളിലൂടെ അവര്‍ നിരന്തരം ബന്ധപ്പെട്ടു.

സ്വാതന്ത്ര്യസമരപ്പോരാളിയല്ലെന്ന്!

ഗാന്ധിപ്രചരണവുമായി തൃശൂരില്‍ നില്‍ക്കുന്ന കാലത്ത് ജീവിതം വഴിമുട്ടി. സ്വയം നൂല്‍ നൂറ്റുണ്ടാക്കുന്ന വസ്ത്രം മാത്രം ധരിച്ച സ്വാതന്ത്ര്യസമരസേനാനിയുടെ ജീവിതം അര്‍ദ്ധപ്പട്ടിണിയിലേക്കും മുഴപ്പട്ടിണിയിലേക്കും നീങ്ങി. എങ്കിലും ആരുടെയും മുന്നില്‍ കൈനീട്ടാന്‍ മനസ് അനുവദിച്ചില്ല.

sarojini
ശാന്തികുടി സരോജിനി

ഈ കാലത്താണ് സ്വാതന്ത്ര്യസമരപെന്‍ഷനെക്കുറിച്ച് ചിന്തിച്ചത്. പെന്‍ഷന് അപേക്ഷ നല്‍കിയെങ്കിലും, നിരവധിതവണ പല ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും, ശാന്തികുടി സരോജിനിയുടെ വാക്കുകളില്‍ത്തന്നെ പറഞ്ഞാല്‍ ""മുട്ടിത്തളര്‍ന്നിട്ടും തുറന്നില്ല വാതായനം''.
ജയില്‍വാസം അനുഷ്ഠിച്ചില്ലെന്നു പറഞ്ഞ് പെന്‍ഷന്‍ തഴയപ്പെട്ടു. പെന്‍ഷന്‍ കിട്ടുമെന്നു കരുതിയായിരുന്നില്ല സ്വാതന്ത്ര്യസമരത്തില്‍ സരോജിനി പങ്കെടുത്തത്. പെന്‍ഷന്‍ കിട്ടിയില്ലെങ്കിലും, പട്ടിണി കിടന്ന് മരിക്കേണ്ടിവരികയാണെങ്കിലും ഗാന്ധിദര്‍ശനങ്ങളില്‍ മുഴുകി ജീവിക്കുകയാണ് ജീവിതമെന്ന് ശാന്തികുടി സരോജിനി തീരുമാനിച്ചു.

തുഞ്ചന്റെ മണ്ണിലേക്ക്...

ഗാന്ധിയന്‍ പ്രകൃതിചികിത്സാലയം സാരഥി ഡോ. രാധാകൃഷ്ണന്റെ സഹായത്താലാണ് ശാന്തികുടി സരോജിനി തൃശൂരില്‍ നിന്നും തിരൂരിലേക്ക് എത്തുന്നത്. ഏഴൂര്‍ പുഴയുടെ തീരത്ത് അഭിനവ ശാന്തികുടീരം സ്ഥാപിക്കാനുള്ള സഹായവും ലഭിച്ചു. അവിടത്തെ ഏകാന്തജീവിതത്തിന് വെളിച്ചമേകിയത് ഗാന്ധിദര്‍ശനങ്ങള്‍ തന്നെയായിരുന്നുവെന്ന് ശാന്തികുടി സരോജിനി ഒരിക്കല്‍ പറഞ്ഞിരുന്നു. നൂല്‍ നൂറ്റ് വസ്ത്രങ്ങള്‍ നെയ്ത് എഴുത്തും വായനയുമായി തിരൂരിലെ ശാന്തികുടീരത്തില്‍ അവര്‍ ജീവിച്ചു.

പ്രിയപ്പെട്ട സുധീരമോള്‍ക്ക്...

""പ്രിയപ്പെട്ട സുധീരമോള്‍ക്ക്, വര്‍ഷങ്ങള്‍ക്കുശേഷം അമ്മ മോള്‍ക്ക് എഴുതുകയാണ്. വളരെ നാളായിട്ടു മോളെ കണ്ണില്‍ കാണുന്നു. എന്തുകൊണ്ടോ അതു തെളിഞ്ഞുകൊണ്ടേയിരിക്കുന്നു. ഒന്നു കാണാന്‍ എന്തോ.... മനം പിടയ്ക്കുന്നു... അതിനുള്ള പോംവഴി? നിശ്ചയമില്ല കുട്ടീ... കാണണമെന്നുമാത്രം... എന്ന് സ്വന്തം അമ്മ.''

തിരൂരിലെ ഏകാന്തവാസത്തിനിടയില്‍, വിരസമായ ഏതോ നിമിഷത്തില്‍ എഴുതിക്കുറിച്ച ഒരു പോസ്റ്റ് കാര്‍ഡ്! കെ.പി. സുധീരയ്ക്ക് ആ പോസ്റ്റ് കാര്‍ഡ് കിട്ടിയത് 2007 ജനുവരിയിലായിരുന്നു. ഫെബ്രുവരി ഒമ്പതിന് തിരുന്നാവായവരെ ഒന്നു പോകണം. അന്നാകാം കൂടിക്കാഴ്ച എന്ന് കെ.പി. സുധീരയും തീരുമാനിച്ചു.

2007 ഫെബ്രുവരി എട്ട്

2007 ഫെബ്രുവരി എട്ടിന് ശാന്തികുടി സരോജിനി ഒരു യാത്രയ്ക്ക് ഒരുങ്ങുകയായിരുന്നു. നാളെയാണ് തിരുന്നാവായില്‍ സര്‍വോദയ മേള. ഗാന്ധിയന്മാരെല്ലാം ഒത്തുകൂടും. കസ്തൂര്‍ബാ ട്രസ്റ്റിന്റെ അലവന്‍സ് തുക വൈകിയാണെങ്കിലും കിട്ടിയിട്ടുണ്ട്. യാത്രയ്ക്കുള്ള ചെലവിനെടുക്കാം.

2007 ഫെബ്രുവരി ഒമ്പത്

തിരുന്നാവായ മണപ്പുറത്തേക്ക് ഗാന്ധിയന്മാര്‍ എത്തിത്തുടങ്ങി. വിഷയാവതരണത്തിനായി കെ.പി. സുധീരയും എത്തിയിട്ടുണ്ട്. സര്‍വോദയമേളയുടെ തിരക്കുകളില്‍ ആ അമ്മയെ മകള്‍ അന്വേഷിച്ചു. പക്ഷേ, കണ്ടെത്തിയില്ല. വിഷയാവതരണത്തിനായി സുധീരയെ ക്ഷണിച്ചു. പെട്ടെന്ന് ആരോ അടുത്തുവന്നു പറഞ്ഞു: ""നമ്മുടെ ശാന്തികുടി സരോജിനിയമ്മ മരിച്ചുപോയി... ആത്മഹത്യയായിരുന്നു...!!''

വെളിച്ചം അണഞ്ഞു

ശാന്തികുടിയിലെ വെളിച്ചം ഇല്ലാതായി. ഏകാന്തമായ ആ ജീവിതം മണ്ണിനോട് ചേരാന്‍ വെമ്പല്‍കൊണ്ടു. ഏകാന്ത ജീവിതത്തിലെ മടുപ്പ്, സ്വാതന്ത്ര്യസമരസേനാനിയായിട്ടുകൂടി, സര്‍ക്കാരിന്റെ കണക്കില്‍ സ്വാതന്ത്ര്യസമരസേനാനിയെന്ന വിളിപ്പേരു കേള്‍ക്കാതെയുള്ള ജീവിതം. അതല്ലാതെ മറ്റൊരു കാരണം കാണുന്നില്ല ആര്‍ക്കും ആ ആത്മഹത്യയ്ക്ക് കാരണമായി. മരണത്തിനു മുമ്പ് അവര്‍ എഴുതി: ""എന്റെയീ കണ്ണുകളും ഹൃദയവും ജീവനുള്ളതെല്ലാം ആര്‍ക്കെങ്കിലും ഉപകാരപ്പെടുമെങ്കില്‍ അത് അവര്‍ക്ക് കൊടുക്കണം. ബാക്കി വരുന്ന എന്റെ ശരീരം കുട്ടികള്‍ക്ക് പഠിക്കാന്‍ നല്‍കണം.''

ബാക്കിവച്ച സ്വപ്‌നങ്ങള്‍

ശാന്തികുടി ഗാന്ധിസ്മാരകമാക്കണമെന്നായിരുന്നു ശാന്തികുടി സരോജിനിയുടെ ആഗ്രഹം. എന്നാല്‍ പിന്നീട് ശാന്തികുടി അംഗന്‍വാടിയാക്കി. (അത്രയെങ്കിലും ആശ്വാസം!) കണ്ണുകളും ഹൃദയവും ദാനം ചെയ്യണമെന്ന ആഗ്രഹം നടന്നില്ല. ശരീരം പഠനത്തിനായി നല്‍കണമെന്ന ആഗ്രഹം സര്‍ക്കാരിന്റെ ചുവപ്പുനാടയില്‍പ്പെട്ട് കത്തിക്കരിഞ്ഞുപോയി.
സ്വാതന്ത്ര്യസമരചരിത്രപാഠങ്ങളില്‍ ഇടം നേടിയില്ലെങ്കിലും സ്വന്തം ജീവിതത്തിലെ ഗാന്ധിയന്‍ ആശയങ്ങളെ മുറുകെ പിടിച്ചു ജീവിച്ച ശാന്തികുടി സരോജിനി സ്വന്തം നൂറ്റ നൂലാല്‍ തീര്‍ത്ത ഖദര്‍മുണ്ടില്‍ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.

പന്ത്രണ്ടാം വയസില്‍ സ്വാതന്ത്ര്യസമരത്തിനായി ആകെയുണ്ടായിരുന്ന പൊന്‍തരി നല്‍കാന്‍ തോന്നിയ മനസിനെ, രാഷ്ട്രത്തിനായി സമര്‍പ്പിക്കാന്‍ തോന്നിയ ജീവിതത്തെ, ഗാന്ധിയന്‍ ആശയങ്ങള്‍ക്കായി ജീവിച്ച ശാന്തികുടി സരോജിനിയെ ഇന്നെങ്കിലും പ്രചോദനത്തിന്റെ വെളിച്ചമായി പുതുതലമുറ അറിയട്ടെ!

  • Tags
  • #Saji Mon
  • #Life Sketch
  • #Mahatma Gandhi
  • #Memoir
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Vivan Sundaram

Memoir

റിയാസ് കോമു

കലയെ പ്രതിരോധമാക്കി പോരാടാനാണ് വിവാന്‍ ആഗ്രഹിച്ചത്

Mar 30, 2023

6 Minutes Read

Fousiya Arif

Life Sketch

ഫൗസിയ ആരിഫ്

അബ്ബാസിന്റെ ആ അതിശയോക്തിക്കുപുറകില്‍ ചില സത്യങ്ങളുണ്ട് ?

Mar 27, 2023

3 Minutes Read

innocent

Memoir

ദീദി ദാമോദരന്‍

സ്‌നേഹത്തോടെ, ആദരവോടെ, വിയോജിപ്പോടെ, പ്രിയ സഖാവിന് വിട

Mar 27, 2023

3 Minutes Read

innocent a

Memoir

ബി. സേതുരാജ്​

ഇന്നസെന്റ്‌​: പാർലമെന്റിലെ ജനപ്രിയ നടൻ

Mar 27, 2023

4 Minutes Read

sarah joseph

Podcasts

കെ.വി. സുമംഗല

വാതില്‍പ്പഴുതുകള്‍ ​​​​​​​ ദേശക്കാഴ്ചകള്‍

Feb 23, 2023

29 Minutes Listening

Sarah Joseph

Memoir

സാറാ ജോസഫ്

വാതില്‍പ്പഴുതുകള്‍ ​​​​​​​ദേശക്കാഴ്ചകള്‍

Feb 21, 2023

17 Minutes Read

-vani-jayaram

Memoir

സി.എസ്. മീനാക്ഷി

ഓരോ കേൾവിക്കും ഓരോ സ്വരമായ വാണി

Feb 06, 2023

5 Minutes Read

siddhiha

Poetry

സിദ്ദിഹ

ഗാന്ധിയുടെ ​​​​​​​പൂച്ച

Jan 30, 2023

3 Minutes Read

Next Article

മീഡിയ വണ്‍ വിലക്ക്; കോടതി വിധിയുടെ പൂര്‍ണരൂപം

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster