truecoppy
MORE
Truecopy Home
Readers
are
Thinkers

Saturday, 28 January 2023

truecoppy
Truecopy Logo
Readers are Thinkers

Saturday, 28 January 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Image
opener
Image
opener
https://truecopythink.media/taxonomy/term/5797
Jamal

International Politics

ഖഷോഗി വധം
അമേരിക്ക പുറത്തുവിട്ട
റിപ്പോർട്ടിനു പിറകില്‍

ഖഷോഗി വധം; അമേരിക്ക പുറത്തുവിട്ട റിപ്പോർട്ടിനു പിറകില്‍

27 Feb 2021, 06:39 PM

മുഹമ്മദ് ഫാസില്‍

""തുര്‍ക്കിയിലെ ഇസ്തംബൂളില്‍ വെച്ച് സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ കീഴടക്കുകയോ വധിക്കുകയോ ചെയ്യാനുള്ള പദ്ധതിക്ക് സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അനുമതി നല്‍കി എന്ന് ഞങ്ങള്‍ വിലയിരുത്തുന്നു.''

മാധ്യമപ്രവര്‍ത്തകനും സൗദിഭരണകൂടത്തിന്റെ നിശിത വിമര്‍ശകനുമായ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍, സൗദി കിരീടാവകാശിയും, സൗദി ഭരണാധികാരിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ പങ്ക് ശരിവെക്കുകയാണ് യു.എസ് സുരക്ഷ ഏജന്‍സി ODNI (Office of the Director of National Intelligence)-യുടെ റിപ്പോര്‍ട്ട്.

odni
ODNI റിപ്പോർട്ടിന്റെ പ്രസക്തഭാഗം

രാജ്യവുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ കിരീടാവകാശിക്കുള്ള പരമോന്നത നിയന്ത്രണവും, കൃത്യനിര്‍വഹണത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ മുഖ്യ ഉപദേഷ്ടാവും, അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും വഹിച്ച പങ്കാളിത്തത്തെയും ആധാരമാക്കിയാണ് ODNI റിപ്പോര്‍ട്ട് തയ്യാറാക്കിയത്. രണ്ടു വർഷത്തോളം പഴക്കമുള്ള റിപ്പോര്‍ട്ട് യു.എസിലെ അധികാരമാറ്റത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ പ്രസിദ്ധപ്പെടുത്തിയത്. 

ജമാല്‍ ഖഷോഗി വധം

2017, ജൂണ്‍
ദശാബ്ദങ്ങളോളം സൗദി രാജകുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍. രാജകുടുംബത്തിന്റെ ഉപദേഷ്ടാവായും ഖഷോഗി സേവനമനുഷ്ഠിച്ചിരുന്നു. 2017 ജൂണ്‍ 21-ന് സൗദി ഭരണാധികാരം സല്‍മാന്‍ രാജാവിന്റെ മകന്‍ മുഹമ്മദ് ബിന്‍ സല്‍മാന് കീഴിലായതോടെ ഖഷോഗി സൗദിയുമായി അകന്നു. അധികാര കൈമാറ്റം നടന്ന അതേ സമയം യു.എസിലെ വാഷിങ്ടണ്‍ ഡി.സിയിലേക്ക് ഖഷോഗി താമസം മാറുകയും ചെയ്തു. യു.എസിലെത്തിയ ഖഷോഗി സൗദി ഭരണകൂടത്തെ വിമര്‍ശിച്ച് വാഷിങ്ടണ്‍ പോസ്റ്റില്‍ കോളം എഴുതാന്‍ ആരംഭിച്ചു. 2017 സെപ്തംബറില്‍ പ്രസിദ്ധീകരിച്ച ആദ്യ കോളത്തില്‍ പ്രതിഷേധങ്ങള്‍ക്കെതിരെ കിരീടാവകാശിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടക്കുന്ന അടിച്ചമര്‍ത്തലിന്റെ ഭാഗമായി താനും അറസ്റ്റിലായേക്കും എന്നദ്ദേഹം ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. 

മെയ് 2018
തുര്‍ക്കിയില്‍ പിഎച്ച്ഡി ചെയ്യുന്ന 36-കാരിയായ Hatice Cengiz-മായി ഖഷോഗി പ്രണയത്തിലാവുന്നു. തുര്‍ക്കിയിലെ നിയമമനുസരിച്ച് Cengiz- മായി വിവാഹ ബന്ധത്തിലേർപ്പെടാന്‍ ഖഷോഗി ആദ്യഭാര്യയില്‍ നിന്ന്​ വിവാഹമോചനം നേടിയെന്നു കാണിക്കുന്ന രേഖ ഹാജരാക്കേണ്ടതുണ്ട്.

സെപ്തംബര്‍ 28, 2018
സൗദിയില്‍ താമസിക്കുന്ന തന്റെ ആദ്യഭാര്യയില്‍ നിന്ന് വിവാഹമോചനം നേടിയെന്ന് തെളിയിക്കുന്ന രേഖകള്‍ കൈപ്പറ്റാന്‍ ഖഷോഗി ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ ആദ്യ സന്ദര്‍ശനം നടത്തി. ഒക്ടോബര്‍ 2-ന് തിരിച്ചെത്തി രേഖകള്‍ കൈപ്പറ്റാനായിരുന്നു കോണ്‍സുലേറ്റില്‍ നിന്ന്​ഖഷോഗിക്കു ലഭിച്ച നിര്‍ദ്ദേശം. 

ഒക്ടോബര്‍ 2, 2018
നിര്‍ദേശപ്രകാരം രണ്ടാം തിയ്യതി Cengiz- നോടൊപ്പം പ്രാദേശിക സമയം 13.14ന് ഖഷോഗി വീണ്ടും കോണ്‍സുലേറ്റിലെത്തിയത് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. കോണ്‍സുലേറ്റിന് അകത്തുവെച്ച് തനിക്ക് എന്തെങ്കിലും അനിഷ്ടം സംഭവിച്ചാല്‍ തുര്‍ക്കി പ്രസിഡന്റ് റജബ് എര്‍ദ്വാന്റെ അടുത്ത അനുയായി യാസിന്‍ അക്തായെ ബന്ധപ്പെടണമെന്ന് Cengiz- നോട് ചട്ടം കെട്ടി ഖഷോഗി അകത്തേക്കു പ്രവേശിച്ചു. മണിക്കൂറുകളോളം കാത്തിരുന്നിട്ടും ഖഷോഗി തിരിച്ചെത്താഞ്ഞത് അന്വേഷിച്ച Cengiz-ന് കോണ്‍സുലേറ്റില്‍ നിന്ന്​ലഭിച്ച മറുപടി, രേഖകള്‍ കൈപ്പറ്റിയ ഉടന്‍ അദ്ദേഹം പിന്‍വാതിലിലൂടെ തിരിച്ചു പോയെന്നാണ്.

ഒക്ടോബർ 2, ODNI റിപ്പോര്‍ട്ടില്‍ പറയുന്നത് 

2018, ഒക്ടോബര്‍ 2ന് സൗദിയില്‍ നിന്ന്​ 15-അംഗ സംഘം ഇസ്തംബൂളില്‍ എത്തുന്നു. Saudi Center for Studies and Media Affairs (CSMARC)-ല്‍ ജോലി ചെയ്യുന്നതോ അതുമായി ബന്ധപ്പെട്ടവരോ ആയ ആളുകള്‍ സംഘത്തിലുണ്ടായിരുന്നു. ഓപറേഷന്റെ സമയത്ത് CSMARC-ന്റെ തലപ്പത്തുണ്ടായിരുന്നത് മുഹമ്മദ് ബിന്‍ സല്‍മാന്റെ മുഖ്യ ഉപദേഷ്ടാവ് സൗദ് അല്‍- ഖത്താനി ആയിരുന്നു. കിരീടാവകാശിയുടെ അനുമതി കൂടാതെ താന്‍ ഒരു തീരുമാനവും എടുത്തില്ലെന്ന് 2018-ല്‍ ഖത്താനി പരസ്യമായി പറഞ്ഞിട്ടുണ്ട്.

jamal
ജമാല്‍ ഖഷോഗി

റാപിഡ് ഇന്റര്‍വെന്‍ഷന്‍ ഫോഴ്‌സ് (RIF) എന്നറിയപ്പെടുന്ന, മുഹമ്മദ് ബിന്‍ സല്‍മാന്റെ സുരക്ഷ സംഘത്തില്‍ പെട്ട ഏഴു പേരും സംഘത്തിലുണ്ടായിരുന്നു. സൗദി റോയല്‍ ഗാര്‍ഡിന്റെ ഉപസംഘമാണ് RIF. ഭരണാധികാരിയുടെ സുരക്ഷയാണ് ഇവരുടെ പരമപ്രധാന ലക്ഷ്യം. ഭരണാധികാരിയോടു മാത്രമേ മറുപടി പറയാന്‍ ഇവർക്ക് ബാധ്യതയുള്ളു. സൗദി കിരീടാവകാശിയുടെ നിര്‍ദേശപ്രകാരം രാജ്യത്തിനകത്തും പുറത്തുമുള്ള എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ ഈ സംഘം മുമ്പും നേരിട്ടു പ്രവര്‍ത്തിച്ചിട്ടുണ്ട്. മുഹമ്മദ് ബിന്‍ സല്‍മാന്റെ അനുമതിയില്ലാതെ ഖഷോഗിക്കെതിരായ കൃത്യനിര്‍വ്വഹണത്തില്‍ RIF സംഘാംഗങ്ങള്‍ പങ്കെടുക്കില്ലെന്നുമാണ് ODNI-യുടെ വിലയിരുത്തല്‍.

ശേഷം

ഖഷോഗിയുടെ തിരോധാനം സൗദി കോണ്‍സുലേറ്റ് അടുത്ത ദിവസം തന്നെ ശരി വെച്ചെങ്കിലും, വിവാഹമോചന സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഉടന്‍ അദ്ദേഹം കോണ്‍സുലേറ്റ് വിട്ടെന്ന വാദത്തില്‍ അവര്‍ ഉറച്ചു നിന്നു. ഖഷോഗി കോണ്‍സുലേറ്റിനകത്ത് ഇല്ലെന്നും, തുര്‍ക്കിയുടെ അന്വേഷണത്തിന് താന്‍ എതിരല്ലെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ പറയുന്നത് ഒക്ടോബര്‍ 5-നാണ്. എന്നാല്‍ ഒക്ടോബര്‍ 9-ന് മാത്രമാണ് തുര്‍ക്കിക്ക് കോണ്‍സുലേറ്റിനകത്ത് പ്രവേശിച്ച് പരിശോധിക്കാനുള്ള അനുമതി ലഭിച്ചത്. തൊട്ടടുത്ത ദിവസം സൗദിയില്‍ നിന്ന് ഖഷോഗിയെ "വധിക്കാനെത്തിയ' 15 അംഗ സംഘത്തിന്റെ ചിത്രം തുര്‍ക്കി മാധ്യമങ്ങള്‍ പുറത്തു വിട്ടു. പിന്നാലെ മാധ്യമപ്രവര്‍ത്തകന്റെ തിരോധാനത്തില്‍ സംയുക്ത അന്വേഷണം നടത്തുമെന്ന് സൗദിയും തുര്‍ക്കിയും അറിയിച്ചു. ഒക്ടോബര്‍ 15-നു മാത്രമാണ് തുര്‍ക്കിയുടെ അന്വേഷണ സംഘം കോണ്‍സുലേറ്റിലെത്തി പരിശോധന നടത്തിയത്. പിന്നാലെ ഖഷോഗിയെ കോണ്‍സുലേറ്റിനകത്ത് വെച്ച് കൊലപ്പെടുത്തിയതാണെന്ന് സംശയത്തെ പിന്തുണക്കുന്ന തെളിവുകള്‍ പരിശോധനയില്‍ ലഭിച്ചെന്ന് തുര്‍ക്കി അവകാശപ്പെട്ടു.

സൗദിയുടെ മലക്കം മറിച്ചില്‍

2018 ഒക്ടോബര്‍ 20നാണ് തുര്‍ക്കി കോണ്‍സുലേറ്റിനകത്തു വെച്ച് ഖഷോഗി കൊല്ലപ്പെട്ട കാര്യം സൗദി ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ലഭിച്ച നിര്‍ദേശങ്ങള്‍ അട്ടിമറിച്ച 15 അംഗ ദൗത്യ സംഘം അദ്ദേഹത്തെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് സൗദി വക്താവ് റോയിട്ടേഴ്‌സിനോട് പറയുകയായിരുന്നു. ഖഷോഗിയുടെ മരണത്തിന് ഉത്തരവാദികളെന്നു കാട്ടി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉപദേഷ്ടാവ് അല്‍-ഖത്താനിയെ അടക്കം 
11 പേരെ സൗദി അറേബ്യ വിചാരണ ചെയ്യാന്‍ തീരുമാനിച്ചത് നവംബര്‍ 15-നാണ്. ഇവരില്‍ കൊലപാതകത്തിന് ഉത്തരവിട്ടതും, മേല്‍നോട്ടം വഹിച്ചതുമായ അഞ്ചു പേര്‍ക്ക് വധ ശിക്ഷ ആവശ്യപ്പെടുമെന്നും സൗദി പ്രോസിക്യൂട്ടര്‍ പറഞ്ഞു. എന്നാല്‍ 2019, ജനുവരി 3-ന് ആരംഭിച്ച വിചാരണയുടെ കാര്യക്ഷമതയിൽ സംശയം പ്രകടിപ്പിച്ച് യു.എന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഓഫിസ് രംഗത്തെത്തി. അന്താരാഷ്ട്ര പങ്കാളിത്തമുള്ള അന്വേഷണം അടിയന്തരമായി നടത്തണമെന്ന് യു.എന്‍ വക്താവ് ആവശ്യപ്പെടുകയും ചെയ്തു. ഖഷോഗി വധവുമായി ബന്ധപ്പെട്ട് യു.എന്‍ റാപോര്‍ട്ടര്‍ Agnes Callamard-ഉം സംഘവും സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മുഹമ്മദ് ബിന്‍ സല്‍മാനെതിരെയും, സൗദിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കു നേരെയും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

വിചാരണ ചെയ്യപ്പെട്ട 11 പേരില്‍ എട്ടു പേർ കുറ്റക്കാരാണെന്നു കണ്ടെത്തി, അതില്‍ അഞ്ചു പേര്‍ക്ക് വധശിക്ഷയും ലഭിച്ചു. എന്നാല്‍ മുന്‍കൂട്ടിയുള്ള പദ്ധതി പ്രകാരമല്ല കൊല നടന്നതെന്നു കാണിച്ച് മുഹമ്മദ് ബിന്‍‌ സല്‍മാന്റെ ഉപദേഷ്ടാവ് അല്‍- ഖത്താനിയെ സൗദി അന്ന് കുറ്റവിമുക്തനാക്കി. 

സെപ്തംബറില്‍ യു.എസ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഖഷോഗിയെ വധിക്കാന്‍ താന്‍ ഉത്തരവിട്ടില്ലെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ വാദിക്കുന്നുണ്ടെങ്കിലും, തന്റെ ഭരണത്തിനു കീഴില്‍ നടന്ന കൊലയുടെ പൂര്‍ണ രാഷ്ട്രീയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നെന്ന് കിരീടാവകാശി പറയുന്നുണ്ട്. 

അമേരിക്കയുടെ ഇരട്ടത്താപ്പ്

സൗദിക്കും തുര്‍ക്കിക്കും പുറമേ ഖഷോഗി വധവുമായി ബന്ധപ്പെട്ട് യു.എസും നിരന്തര ഇടപെടലുകള്‍ നടത്തിയിരുന്നു. ട്രംപിനു കീഴില്‍ സൗദി ഭരണകൂടത്തെ ഖഷോഗി വധവുമായി കൂട്ടിക്കെട്ടാന്‍ യു.എസ് വിമുഖത കാട്ടിയിരുന്നു. ദൗത്യസംഘത്തിനു ലഭിച്ച കൃത്യമായ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതായിരിക്കാം കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു ട്രംപിന്റെ വാദം. ഖഷോഗിയെ കൊല ചെയ്യുന്ന സമയം കോണ്‍സുലേറ്റിനകത്ത് നടന്ന സംഭാഷണങ്ങളെന്ന് തുര്‍ക്കി അവകാശപ്പെടുന്ന ശബ്ദശകലങ്ങളുടെ പകര്‍പ്പ് യു.എസ് അടക്കമുള്ള രാജ്യങ്ങള്‍ക്ക് അയച്ചിരുന്നു. എന്നാല്‍ താനത് തുറന്നു പോലും നോക്കിയില്ലെന്നാണ് ട്രംപ് പറഞ്ഞത്. 2019 ഡിസംബര്‍ 17ന് ഖഷോഗി വധവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് യു.എസ് കോണ്‍ഗ്രസില്‍ ഡിഫന്‍സ് ബില്‍ പാസാക്കിയെങ്കിലും ട്രംപ് ഇതിനു കൂട്ടാക്കിയില്ല. റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുന്നത് ദേശീയ സുരക്ഷ ഓഫീസിന്റെ സ്രോതസ്സുകളേയും അതിന്റെ പ്രവര്‍ത്തന രീതികളേയും വെളിച്ചത്താക്കുമെന്നായിരുന്നു ട്രംപിന്റെ ന്യായീകരണം.

Trump and bin salman
സൗദിയുമായുള്ള നയതന്ത്ര ബന്ധത്തിന് ഒരു കാരണവശാലും പോറലേല്‍ക്കരുതെന്ന ട്രംപിന്റെ നിര്‍ബന്ധം ഒരളവു വരെ ഖഷോഗി വധവുമായി ബന്ധപ്പെട്ട സൂക്ഷമവിചാരണകളില്‍ നിന്നും മുഹമ്മദ് ബിന്‍ സല്‍മാനെ സംരക്ഷിച്ചിരുന്നു

സൗദിയുമായുള്ള നയതന്ത്ര ബന്ധത്തിന് ഒരു കാരണവശാലും പോറലേല്‍ക്കരുതെന്ന ട്രംപിന്റെ നിര്‍ബന്ധബുദ്ധി ഒരളവു വരെ ഖഷോഗി വധവുമായി ബന്ധപ്പെട്ട സൂക്ഷമവിചാരണകളില്‍ നിന്നും മുഹമ്മദ് ബിന്‍ സല്‍മാനെ സംരക്ഷിച്ചെന്നു പറയാം. കോണ്‍ഗ്രസിലെ എതിര്‍പ്പുകള്‍ക്കിടയിലും സൗദിയുമായുള്ള ആയുധ കരാറുകളും മറ്റും യു.എസ് നിര്‍ബാധം തുടര്‍ന്നു പോന്നു. യെമനില്‍ സൗദി നടത്തിയിരുന്ന നിഴല്‍ യുദ്ധത്തിനും ട്രംപ് ഭരണകൂടത്തിന്റെ പിന്തുണയുണ്ടായിരുന്നു.

എന്നാല്‍ നിര്‍ണായക റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിന് സൗദിയുമായുള്ള ബന്ധം യു.എസ് ഉപേക്ഷിക്കുകയാണെന്ന് അര്‍ത്ഥമില്ല. സൗദിയുമായുള്ള ബന്ധത്തെ പുനക്രമീകരിക്കാനാണ് യു.എസിന്റെ ശ്രമമെന്നു വൈറ്റ് ഹൗസിന്റെ പ്രസ്താവനകളില്‍ നിന്നും വ്യക്തമാണ്. ""ഒരു പ്രത്യേക വ്യക്തിയെക്കാള്‍ വലുതാണ് സൗദിയുമായുള്ള ബന്ധം'' എന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്റെ പ്രസ്താവനയും സൗദിക്ക് യു.എസ് കല്‍പ്പിക്കുന്ന പ്രാധാന്യത്തെ ഉറപ്പിക്കുന്നു. 

ട്രംപിനു കീഴില്‍ ആസ്വദിച്ച പിന്തുണ ബൈഡനു കീഴില്‍ സൗദിക്കും മുഹമ്മദ് ബിന്‍ സല്‍മാനും ലഭിച്ചേക്കില്ലെങ്കിലും, പശ്ചിമേഷ്യയിലെ നിര്‍ണായക ശക്തിയെന്ന നിലക്ക് സൗദിയെ അവഗണിക്കാന്‍ യു.എസ് തയാറാവില്ല. മുഹമ്മദ് ബിന്‍ സല്‍മാനുമായല്ല, മറിച്ച് സല്‍മാന്‍ രാജാവുമായി ആയിരിക്കും ബൈഡന്‍ ആശയവിനിമയം നടത്തുകയെന്ന വൈറ്റ് ഹൗസിന്റെ പ്രസ്താവനയില്‍ നിന്നും സൗദിയോടും മുഹമ്മദ് ബിന്‍ സല്‍മാനോടുമുള്ള ബൈഡന്‍ ഭരണകൂടത്തിന്റെ സമീപനം വ്യക്തമാവുന്നുണ്ട്.

എന്നാല്‍ പുതിയ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഖഷോഗി വധവുമായി ബന്ധമുള്ള 76 സൗദി പൗരര്‍ക്കെതിരെ യു.എസ് യാത്രാ വിലക്കു ചുമത്തുമ്പോഴും, മുഖ്യപ്രതിയെന്ന് വിശേഷിപ്പിക്കാവുന്ന മുഹമ്മദ് ബിന്‍ സല്‍മാനെ പ്രസ്തുത പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ യു.എസ് തയ്യാറായിട്ടില്ല. 

biden
നയതന്ത്ര ബന്ധങ്ങളില്‍ എന്നും മേല്‍ക്കെെ കാത്തുസൂക്ഷിക്കണമെന്ന യു.എസിന്റെ സാമ്പ്രദായിക നിര്‍ബന്ധബുദ്ധിയെ തിരിച്ചു പിടിക്കാനുള്ള ശ്രമമായിരിക്കാം ഖഷോഗി വധത്തിന്റെ റിപ്പോർട്ട് പുറത്തു വിടാനുള്ള ബെെഡന്റെ നടപടിക്ക് ആധാരം

യു.എസ്സിനും സൗദിക്കുമിടയില്‍ കാലാകാലങ്ങളായി നിലനിന്നു പോരുന്ന നയതന്ത്ര ബന്ധത്തിന്റെ സൂക്ഷമഭേദങ്ങള്‍ പരിശോധിച്ചാല്‍ ഖഷോഗി വധവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ബൈഡന്‍ ഭരണകൂടം പുറത്തുവിട്ടതില്‍ വിപ്ലവകരമായി ഒന്നുമില്ലെന്നു കാണാം. സൗദി നടത്തിപ്പോന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കു നേരെ ലാഭക്കൊതി മൂലം ട്രംപ് ഭരണകൂടം കണ്ണടച്ചപ്പോള്‍, നയതന്ത്ര ബന്ധങ്ങളില്‍ എന്നും മേല്‍ക്കെെ കാത്തുസൂക്ഷിക്കണമെന്ന യു.എസിന്റെ സാമ്പ്രദായിക നിര്‍ബന്ധബുദ്ധി തിരിച്ചു പിടിക്കാനുള്ള ശ്രമമായിരിക്കാം ബെെഡന്റെ നടപടിക്ക് ആധാരം.

യു.എസ്, യു.കെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നാണ് നിലവില്‍ സൗദി ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നത്. 2017ല്‍ മാത്രം 110 ബില്യന്‍ ഡോളറിന്റെ ആയുധകരാറിലാണ് യു.എസും സൗദിയും ഏര്‍പ്പെട്ടതെന്ന് ബിബിസി റിപ്പോര്‍ട്ടു ചെയ്യുന്നു. യു.എസിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും വിലയേറിയ ഡീല്‍ എന്നാണ് വൈറ്റ് ഹൗസ് ഇതിനെ വിശേഷിപ്പിച്ചത്.

മുഹമ്മദ് ബിന്‍ സല്‍മാനും സൗദി അറേബ്യയും 

സൗദിയില്‍ രാജഭരണം ആയിരുന്നെങ്കില്‍ കൂടി, പൂര്‍ണ സ്വഭാവത്തിലുള്ള കുടുംബവാഴ്ച ആരംഭിക്കുന്നത് 2017-ല്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അധികാരത്തിലേറിയതിന് ശേഷമാണ്. അധികാരത്തെ ചൊല്ലിയുള്ള കലഹങ്ങള്‍ നിയന്ത്രിക്കുന്നതിനായി സ്വന്തം മക്കളെ അധികാരം ഏല്‍പ്പിക്കുന്ന സമ്പ്രദായം ആധുനിക സൗദിയുടെ ആദ്യ ഭരണാധികാരി അബ്ദല്‍ അസീസ് വിലക്കിയിരുന്നു. പകരം അദ്ദേഹത്തിന്റെ ആണ്‍മക്കളിലൂടെയായിരുന്നു സൗദിയുടെ അധികാരത്തിന്റെ സഞ്ചാര ദിശ. എന്നാല്‍ കാലക്രമേണ അദ്ദേഹത്തിന്റെ മക്കള്‍ക്ക് പ്രായാധിക്യമാകുകയും യുവജനങ്ങള്‍ കൂടുതലുള്ള സൗദിക്ക് യുവാവായ ഭരണാധികാരിയെ വേണമെന്ന ആവശ്യം രാജകുടുംബത്തില്‍ നിന്നു തന്നെ ഉയര്‍ന്നു വരികയും ചെയ്തു. ഇതിനു പിന്നാലെയാണ് സല്‍മാന്‍ രാജാവിന്റെ അനന്തരവന്‍ മുഹമ്മദ് ബിന്‍ നയീഫ് 2015-ല്‍ സൗദിയില്‍ അധികാരത്തില്‍ വരുന്നത്. എന്നാല്‍ നയീഫിന്റെ ഭരണത്തിന് രണ്ടു വര്‍ഷത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളു. 2017-ല്‍ തന്റെ പ്രിയപുത്രന്‍ മുഹമ്മദ് ബിന്‍ സല്‍മാനെ, സല്‍മാന്‍ രാജാവ് ഭരണാധികാരിയായി അവരോധിക്കുകയായിരുന്നു. പിന്നീട് പരമാധികാരം സ്വാംശീകരിക്കാനുള്ള പ്രയാണത്തിലായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്‍. ഇതോടെ രാജ്യത്തെ സുരക്ഷാ ഏജന്‍സികളുടെ നിയന്ത്രണവും മുഹമ്മദ് ബിന്‍ സല്‍മാന്റെ മേല്‍നോട്ടത്തിലായി. ODNI-യുടെ റിപ്പോര്‍ട്ടില്‍ മുഹമ്മദ് ബിന്‍ സല്‍മാനെതിരെ നിരത്തുന്ന പ്രധാനപ്പെട്ട തെളിവും രാജ്യത്തെ സുരക്ഷ വിഭാഗത്തില്‍ അദ്ദേഹത്തിനുള്ള സമഗ്രാധിപത്യമാണ്. 

എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന സാമ്പ്രദായിക ഭരണക്രമം ഒരു വശത്തും, സ്ത്രീകള്‍ നേരിടുന്ന അവകാശ ലംഘനങ്ങളെ അഭിസംബോധന ചെയ്യുന്ന, വിനോദ വ്യവസായത്തേയും സ്വകാര്യവൽക്കരണത്തേയും പിന്തുണക്കുന്ന പുരോഗമന, ഉദാര ഭരണക്രമം മറുവശത്തും ഉയര്‍ത്തിപ്പിടിച്ചായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്‍ സൗദിക്ക് പതിറ്റാണ്ടുകളായുള്ള നിശ്ചലതയില്‍ നിന്ന്​ വിടുതല്‍ നല്‍കിയത്. അമിതമായി എണ്ണയെ ആശ്രയിക്കുന്ന സാമ്പത്തികക്രമത്തില്‍ നിന്നും 2030-ഓടെ വിടുതല്‍ നേടാന്‍ അര ട്രില്ല്യന്‍ ഡോളര്‍ ചെലവിട്ടാണ് അദ്ദേഹം സൗദിയില്‍ NEOM പ്രൊജക്ട് നടത്തുന്നത്. ഇത് പാളിയാല്‍ രാജ്യം സാമ്പത്തിക പാപ്പരത്വം നേരിടുമെന്ന് ഖഷോഗി തന്നെ അല്‍ ജസീറയോട് പറഞ്ഞിരുന്നു. ഇതിനെ ചോദ്യം ചെയ്യാന്‍ സൗദിയിലെ മാധ്യമപ്രവര്‍ത്തകരോ, ബുദ്ധിജീവികളോ തയ്യാറാവുന്നില്ലെന്നും അദ്ദേഹം പരാതിപ്പെട്ടിരുന്നു. ഇക്കാരണങ്ങളാല്‍ തന്നെ സൗദിയിലെ യുവതയ്ക്കിടയില്‍ അദ്ദേഹത്തിന് ശക്തമായ സ്വാധീനം, അത് പ്രതികൂലമോ അനുകൂലമോ ആണെങ്കില്‍ പോലും, ഉണ്ടെന്നത് നിര്‍ണായകമാണ്. 

2020 മെയ് 22ന്, തന്റെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും താനും തന്റെ സഹോദരങ്ങളും മാപ്പു നല്‍കുന്നുവെന്ന് ഖഷോഗിയുടെ മകന്‍ സലാഹ് ട്വീറ്റ് ചെയ്തത് സൗദിയിലെ അധികാരത്തിലും, സമ്പത്തിലും മുഹമ്മദ് ബിന്‍ സല്‍മാനുള്ള അനിഷേധ്യ സ്വാധീനത്തെ വെളിവാക്കുന്നതായി കാണാം. യു.എസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനെ നിരാകരിക്കാന്‍ സൗദി കൂട്ടുപിടിക്കുന്നതും സലാഹിന്റെ പ്രസ്താവനയാണ്.

യു.എസ് പുറത്തുവിട്ടത് തെറ്റായ വിവരങ്ങളാണെന്നും ഖഷോഗി വധവുമായി ബന്ധപ്പെട്ട് സാധ്യമായ എല്ലാ ജുഡീഷ്യല്‍ നടപടികളും തങ്ങള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും, സൗദിയുടെ നടപടികള്‍ ഖഷോഗിയുടെ കുടുംബം സ്വീകരിച്ചിട്ടുണ്ടെന്നുമാണ് ഇക്കാര്യത്തില്‍ സൗദിയുടെ ഔദ്യോഗിക പ്രതികരണം.

ലോകമഹായുദ്ധാനന്തരം നയതന്ത്രത്തിലും, ലോകക്രമത്തിലും യു.എസ് പുലര്‍ത്തിപ്പോന്ന സമ്പൂര്‍ണാധിപത്യ സ്വഭാവത്തെ മുഹമ്മദ് ബിന്‍ സല്‍മാനെ ഉപയോഗിച്ച് ഓര്‍മ്മിപ്പിക്കാനുള്ള യു.എസിന്റെ ശ്രമം എത്രത്തോളം വിജയകരമാവുമെന്ന് വരും ദിവസങ്ങളില്‍ കാണാം. 


https://webzine.truecopy.media/subscription

മുഹമ്മദ് ഫാസില്‍  

ട്രൂകോപ്പി സീനിയർ ഔട്ട്പുട്ട് എഡിറ്റര്‍.

  • Tags
  • #Jamal Khashoggi
  • #Mohammed Bin Salman
  • #Joe Biden
  • #Internaional Politics
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
communism-and-china

International Politics

എസ്. മുഹമ്മദ് ഇര്‍ഷാദ്

അമേരിക്കന്‍ സാമ്രാജ്യത്വത്തേക്കാള്‍ ശക്തമായ സാമ്പത്തിക സാമ്രാജ്യത്വമായി ചൈന മാറിയതെങ്ങനെ ?

Sep 26, 2022

6 Minutes Read

Ayman al-Zawahiri

International Politics

മുസാഫിര്‍

സവാഹിരി വധം ദുർബലമാക്കുമോ ഭീകരതയുടെ കണ്ണികളെ?

Aug 03, 2022

6 Minutes Read

 Srilanka-swimming-pool.jpg

International Politics

ബി.രാജീവന്‍

സ്വേച്ഛാധിപതികള്‍ക്ക്​ ശ്രീലങ്കയിൽനിന്ന്​ ഒരു പുതിയ താക്കീത്

Jul 11, 2022

9 Minutes Read

 1x1_1.jpg

International Politics

ഡോ. പി.ജെ. വിൻസെന്റ്

ലാറ്റിന്‍ അമേരിക്ക; പിങ്ക് വേലിയേറ്റത്തിന്റെ രണ്ടാം തരംഗം

Jul 09, 2022

32 Minutes Watch

Ukraine War

International Politics

ഡോ. പി.ജെ. വിൻസെന്റ്

യുക്രെയ്‌നെതിരായ റഷ്യന്‍ യുദ്ധം തുടരേണ്ടതുണ്ട്; അമേരിക്കക്ക്

Apr 06, 2022

32 Minutes Watch

Imran Khan

International Politics

കെ.എം. സീതി

കറങ്ങിത്തിരിയുന്ന ഇമ്രാന്റെ ഏറും പാകിസ്ഥാന്‍ രാഷ്ട്രീയവും

Apr 03, 2022

4 Minutes Read

Filippo Osella

Opinion

ഫിലിപോ ഒസെല്ല

എന്നെ തിരിച്ചയച്ചത് കേരളമല്ല കേന്ദ്രമാണെന്നറിഞ്ഞപ്പോള്‍ ആശ്വാസം തോന്നി

Mar 27, 2022

7 Minutes Read

ltte

Sri Lankan Tamil Life

സിദ്ദിഹ

വീരര്‍കള്‍ പുതയ്ക്കപ്പെടുവതില്ലൈ, വിതയ്ക്കപ്പെടുകിരാര്‍കള്‍

May 18, 2021

5 minutes read

Next Article

മലമ്പുഴയുടെ സഖാവ് ആര്?

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster