ഡിസംബർ രാത്രികൾ പറയുന്നു; കളിയിൽ എതിരാളിയേയുള്ളു, ശത്രുവില്ല

പ്രതിരോധത്തിൽ നിന്നാണ് തീരുമാനങ്ങൾ പിറക്കുന്നത്. മധ്യത്തിൽ അത് ആവിഷ്ക്കരിക്കുന്നു, മുന്നേറ്റത്തിൽ അത് തീർപ്പാക്കുന്നു. സൃഷ്ടിയുടെയും സ്ഥിതിയുടെയും സംഹാരത്തിന്റെയും ആത്മതത്വം വിളയിച്ചെടുക്കുന്നത് കളിയുടെ പുഞ്ചപ്പാടത്ത് പന്ത് തട്ടുന്ന ചെക്കൻമാരാണ്... അതെ മധ്യനിരയിലാണ് എല്ലാ സർഗ്ഗാത്മകതയും സുഗന്ധ പൂരിതമാകുന്നത്...

2022 ഡിസംബർ രാത്രികൾ പകർന്ന പാഠങ്ങൾ അത്രയും ആഴവും പരപ്പുമേറിയതാണ്. എത്ര ആലങ്കാരികമായി എങ്ങനെ പറഞ്ഞാലും അതിന്റെ
വ്യാഖ്യാനങ്ങൾ ശരിയായി വരില്ല. അതങ്ങനെയാണ്. എല്ലാ ആഖ്യാനങ്ങൾക്കുമപ്പുറത്താണല്ലോ ആരവങ്ങളും ആർപ്പുവിളികളും കണ്ണീരും കിനാവും പങ്കിട്ട കളിമൈതാനത്തിന്റെ ഹൃദയം പിടയ്ക്കുന്നത്. അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും പ്രതിരോധത്തിന്റെയും കീഴടങ്ങലിന്റെയും കീഴടക്കലിന്റെയും ശവക്കുഴിയിൽ നിന്നുമുള്ള ഉയിർപ്പിന്റെയും ജീവിതത്തെ കാല്പന്തുകളി തൽസമയം സംപ്രേഷണം ചെയ്യുന്നു.

ഡിസംബറിലെ കളിയിരമ്പം തിരികെത്തരുന്നത്...

പന്താട്ടക്കാഴ്ചകളിലേക്ക് കണ്ണുതുറക്കുമ്പോൾ തെളിയുന്ന ജീവിതത്തിന്റെ
ചിത്രങ്ങൾ...
എന്തുകൊണ്ടാണ് ഈ കളി ഇത്രയും ഉള്ളിൽക്കൊള്ളുന്നത്.
കളികൾ വെറും കളികളല്ലല്ലോ... അത് കാര്യത്തിന്റെ കാര്യമാണല്ലോ.
ഈ വർഷാന്ത്യത്തിൽ നമുക്ക് ലഭിച്ച വിഭവസമൃദ്ധമായ വിരുന്നായിരുന്നു ലോകകപ്പ് ഫുട്ബോൾ.

2022 ഡിസംബർ അങ്ങനെ ഫുട്ബോൾചരിത്രത്തിന്റെ ഭാഗമായി.
മെസിയും എംബാപ്പെയും മോദ്രിച്ചും ഈ ഡിസംബറിനെ എങ്ങനെയാകും കാണുക.

ഹാരി കെയ്ൻ

ഫ്രാൻസിനെതിരായ മത്സരത്തിൽ അവസാന നിമിഷത്തിലെ പെനാൽട്ടിയിൽ ബൂട്ടിനടിയിൽ കൺട്രോൾ ചെയ്ത് ഇത്ര നേരവും ലാളിച്ച ഭൂഗോളത്തെ ശൂന്യാകാശത്തിലേക്കടിച്ചു കളഞ്ഞ ഇംഗ്ലണ്ട് പടക്കപ്പലോടിച്ച ക്യാപ്റ്റൻ ഹാരി കെയ്നിനോട് ഈ സിസംബറിനെ കുറിച്ച് ചോദിച്ചാൽ എന്തു പറയും?

കാല്പന്തുകളിയിലെ വൈകാരിക സന്ദർഭങ്ങളെ പലരും പല പ്രകാരത്തിൽ വ്യാഖ്യാനിച്ചിട്ടുണ്ട്. അറിഞ്ഞും പറഞ്ഞും പാടിയും ആടിയും എഴുതിയും ആവിഷ്കരിക്കാൻ പാകത്തിൽ സംഘർഷഭരിതമായ സൗന്ദര്യത്താൽ സമ്പുഷ്ടമാണ് അതിന്റെ ആന്തരികഘടന. ഭൗതികമായി ശരീരം കൊണ്ടുള്ള അഭ്യാസമായിരിക്കുമ്പോഴും അടിമുടി ആത്മീയമാണ് അതിന്റെ
സംവേദനമണ്ഡലം.

ആത്മീയതയെന്നത് കലയിലും ദർശനങ്ങളിലും ഇന്ദ്രിയഗ്രാഹ്യമല്ലാത്ത നിഗൂഢതയാകുമ്പോൾ സ്പോർടിസിൽ അത് ഭൗതികയാഥാർത്ഥ്യമാണ്.
കഠിനമായ ഉപാസനയുടെയും അഭ്യസനത്തിന്റെയും എകാഗ്രതയുടെയും ഇച്ഛാശക്തിയുടെയും കണിശതയുടെയും കൃത്യതയുടെയും പൂർണ്ണതയും
സാക്ഷാത്ക്കാരവുമാണ് സ്പോർട്‌സ്. ഒരു വെടിയൊച്ചയിൽ കുതിക്കുന്ന ബുള്ളറ്റ് പോലെ നമ്മുടെ ഹൃദയം തുളച്ച് പാഞ്ഞു പോയ ഉസൈൻ ബോൾട്ടിന്റെ ധ്യാനാത്മകതയെ എങ്ങനെ വ്യാഖ്യാനിക്കും

ശരീരം ആത്മീയതയുടെ ആവിഷ്കാരമാകുന്നതിന് കാൽപ്പന്തുകളിയോളം മികച്ച ഉദാഹരണം വേറെയില്ല. ആത്മീയതയുടെ നമുക്കനുഭവിക്കാനാകുന്ന ഇളകിയാട്ടങ്ങളാകുന്നു കാല്പന്തുകളിയെന്ന രംഗാവിഷ്കാരം. ജനകീയതയ്ക്കൊപ്പം അത് ജീവിതത്തോട് നിരന്തരം സംവദിക്കുന്നതുകൊണ്ട് കൂടിയാണ് ഇത്രയധികം എഴുത്തുകളും വിശകലനങ്ങളും സൗന്ദര്യശാസ്ത്ര വിചാരങ്ങളും കളിയിൽ സാധ്യമാകുന്നത്.

ഓരോ കളിക്കാലവും അത്രമേൽ പ്രിയതരമാകുന്നത് അതുകൊണ്ടാണ്. രാത്രി മഴയുടെ പടഹധ്വനി ആദ്യം മാനത്തും പിന്നെ ഗാലറിയിലുമാണ് മുഴങ്ങിക്കേൾക്കുന്നത്. ഓരോ ലോകകപ്പിനെയും അത്രയും കാര്യമായാണ് കണ്ടിരുന്നത്. പലവിധ കാരണങ്ങളാൽ ഖത്തർ വേൾഡ് കപ്പിനെ
അത്ര കാര്യമായി എടുത്തിരുന്നില്ല. കളികളൊക്കെ കാണാൻ സാധിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു.

ഒരുപാട് തിരക്കുകൾക്കിടയിലാണ് ഇത്തവണത്തെ വേൾഡ് കപ്പ് വന്നത്. പക്ഷേ കളി കാണാതിരിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. എല്ലാ തിരക്കുകളും യാത്രകളും മാറ്റിവെച്ച് പറ്റാവുന്ന കളികളൊക്കെയും കണ്ടു. തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വലിയ ജനക്കൂട്ടത്തിലെ ആഹ്ലാദാരവങ്ങൾക്കിടയിലെ കളി കാണൽ അത്രയും ആവേശകരമായിരുന്നു.
കഴിഞ്ഞ കാലങ്ങളിലെ കളികളൊക്കെ കണ്ടത് പാട്ടുരായ്ക്കൽ പാലത്തിനടിയിലെ വലിയ സ്ക്രീനിലായിരുന്നു. വീട്ടിലെ കളി കാണലും തുറന്ന മൈതാനത്ത് ഒരുപാട് മനുഷ്യരുടെ ശബ്ദങ്ങൾക്കൊപ്പമുള്ള കളി കാണലും രണ്ടും രണ്ടനുഭവങ്ങളാണ്. തൃശൂരിലെ പ്രിയപ്പെട്ട ചങ്ങാതിമാരായ ജിമ്മിയും അൻവറും ഒരുക്കിയ ബിഗ്സ്ക്രീൻ കളികൾ കാണികളുടെ കയ്യടികൾക്കിടയിൽ ഒരിക്കൽ കൂടി കണ്ടു.

കഴിഞ്ഞ കാലത്തിലെ കളിമഴ മുഴുവൻ നനഞ്ഞ് ഒരു മനുഷ്യൻ തണുത്ത രാത്രിയിൽ സിഗററ്റ് പുകച്ചു. നേരം തെറ്റിയ നേരത്ത് കൂടെ കളി കാണാൻ വരാറുള്ള പ്രിയപ്പെട്ട കുമാരേട്ടൻ ഇന്നില്ല. പോയകാല കളിയാസ്വാദനത്തിൽ പാതിര മഴയിൽ കുളിർന്ന് ഒപ്പമുണ്ടായിരുന്ന പ്രിയ സുഹൃത്ത്...
ലാസ്റ്റ് വിസിലൂതുന്നതിന് മുൻപെ റെഡ് കാർഡ് വാങ്ങി കുമാരേട്ടൻ കുമായവരമുറിച്ച് ഇരുളിലെ കനത്ത മഴപ്പെയ്ത്തിലേക്ക് നടന്നു.
ഡിസംബറിലെ കളിയിരമ്പം കളമുപേക്ഷിച്ച ചങ്ങാതിയെ തിരികെത്തരുന്നു.

അറ്റാക്കും പ്രതിരോധവുമായി ഓരോ കളിയും നടക്കുന്നത് ജീവിതത്തിന്റെ
മിഡ്ഫീൽഡിലും പെനാൽട്ടി ബോക്സിലുമാണ്.
എത്ര മനോഹരമാണ് അതിന്റെ ത്രൂപാസുകൾ...
നമ്മളിന്നോളം ഉണ്ടാക്കിയ കവിതകളുടെ വിരസത കൊണ്ടൊ ഭാവനകളുടെ ഉള്ളുറപ്പില്ലാത്ത നിറങ്ങൾ കൊണ്ടോ അതിനെ ഭാഷയാക്കാനാകില്ല.

കാൽപ്പന്തുകളി രാസത്വരകമായി കത്തിയ രാത്രി വസന്തങ്ങൾ... .

ഉള്ളകങ്ങളിലെ പുൽപ്പരപ്പിലലയുന്ന പന്താട്ടക്കാരായ പരിവ്രാജകർ.
അവർക്ക് ജപമാല കയ്യിലല്ല കാലിലാണ്.
ജപമണികൾ കളിപ്പന്തുകളാണ്.
ചുണ്ടുകൾ കൊണ്ടല്ല കാലുകൾ കൊണ്ടാണ് മന്ത്രണം.
സ്വപ്നാടകരായ മിസ്റ്റിക്കുകളെ ഒരിക്കൽക്കൂടി നേർക്കുനേർ കൂടിക്കാണാം..
ഇതാ അവരുടെ ലൈനപ്പ് തുടങ്ങിക്കഴിഞ്ഞു.

മുമ്പിനാലെ നില്ക്കുന്ന റൊണാൾഡിഞ്ഞോ...
പിരിയൻ തലമുടിക്കാരൻ ചിരിച്ചപ്പോൾ വൻമരത്തിൽ നിന്നും സ്വർണ്ണപത്രങ്ങൾ മണ്ണിലേക്കടർന്നു. അലസമെന്ന് തോന്നുംവിധം എല്ലാ കണക്കുമൊപ്പിച്ച് അപ്രതീക്ഷിതമായി തൊടുത്ത അസ്ത്രമേറ്റ് കളിപ്പന്ത് ഇലപൊഴിയുമ്പോൽ താളനിബദ്ധമായി പച്ചപ്പുല്ലിൽ വീണു. സ്വർഗ്ഗത്തിൽ നിന്നും പൊഴിഞ്ഞ ഞെട്ടറ്റ ഇലകൾക്കിടയിൽ നിർവികാരനായി നില്ക്കുന്ന ഇംഗ്ലണ്ട് ഗോളി ഡേവിഡ് സീമാനെന്ന അതികായൻ...

ഓടുന്ന കാലുകളിൽ മഴവില്ലഴകത്രയും ഒളിപ്പിച്ച പെരുങ്കാറ്റ് പെറ്റ ഇളങ്കാറ്റായ (പ്രയോഗത്തിന് കവി അയ്യപ്പനോട് കടപ്പാട്) റോബർട്ടോ കാർലോസ്...
വടക്കോട്ട് വീശി പടിഞ്ഞാറായി നാശം വിതച്ച കാർലോസിന്റെ
ഇടങ്കാലിലെ കൊടുങ്കാറ്റിനെ വ്യാഖ്യാനിക്കാനുള്ള ചങ്കുറപ്പുള്ളവർ ആരുമില്ല...
റെനെ ഹിഗ്വിറ്റയെന്ന കരിന്തേൾവാലിനെ തല്ലിത്തകർത്ത കാപ്പിരിക്കരുത്തൻ റോജർ മില്ല...
ഒറ്റക്കളിയിൽ അഞ്ചടിച്ച് ഗോൾ പോസ്റ്റിൽ മാലപ്പടക്കങ്ങൾ കത്തിച്ച ഒലഗ് സാലങ്കോ....
ഒരൊറ്റ കിക്കിനാൽ എക്കാലത്തേക്കും ഉന്മാദിയായി മാറിയ കൊറിയൻ സുന്ദരൻ..
തെക്കൻ കൊറിയയെ ചരിത്രത്തിലാദ്യമായി സെമിയുടെ കവാടത്തിലേക്കാനയിച്ച ഗോൾഡൻ ഗോളിന്റെ
കിക്കൊഴിയാതെ നിലാപ്പരപ്പിലിറങ്ങിയ പൂങ്കോഴി ആൻജുവാൻ...

കഴിഞ്ഞകാല ഫുട്ബോൾ കളിയിലെ ചില അനശ്വരനിമിഷങ്ങളെ ഓർത്തെടുത്തതാണ്.
നിനച്ചിരിക്കാതെ യാതൊരു മുന്നറീപ്പുമില്ലാതെ ഈ ചിത്രങ്ങൾ ഇടക്കിടെ മുന്നിലേക്ക് വരുന്നു...
ഓരോ വേൾഡ്കപ്പിന്റെയും ലാസ്റ്റ് വിസിലൂതുമ്പോഴേക്കും ബാക്കിയാകുന്ന ചില ചിത്രങ്ങൾ അത്രമേൽ ഉള്ളിൽ തൊടുന്നതാണ്. എപ്പോൾക്കണ്ടാലും പുതുമ കെട്ടുപോകാത്ത ചില ആട്ടക്കാർ അണിയറപ്പൊര പൊളിച്ച് വരുന്നുണ്ട്...

സ്വർഗ്ഗം നിഷേധിച്ച് നരകത്തിന്റെ ഇരുൾക്കയങ്ങളിലേക്ക് മുന്നേറിയ പടനായകൻ സിനദിൻ സിദാൻ കാൽപ്പന്തുകളിയിലെ എല്ലാ രചിത പാഠങ്ങളെയും സ്വന്തം മൊട്ടത്തല കൊണ്ട് തിരുത്തിയെഴുതി.
ലോകത്തിന്റെ നെറുകയിലേക്ക് ഒരു ചുവട് വെയ്പ് മാത്രം ബാക്കിയായിട്ടും അതിനെ കറുത്ത ഫലിതം കൊണ്ട് നിരാകരിച്ചു.
മാർക്കോ മാറ്റരാസിയെന്ന ഇറ്റാലിയൻ ആഭിജാത്യം എല്ലാ കാലത്തും തകർക്കപ്പെടേണ്ടത് തന്നെയാണെന്ന സത്യം തന്റെ പലായന ജീവിതം തന്നെയാണയാളെ പഠിപ്പിച്ചത്.
സ്വന്തം ചോരയും കുലവും പകർന്ന ഉൾക്കരുത്തിലാണീ ദൂരങ്ങളത്രയും ആ മനുഷ്യൻ താണ്ടിയത്.

കളി ജീവിതത്തോട് അടക്കം പറയുമ്പോൾ

ആരവങ്ങളൊഴിഞ്ഞ കളി മൈതാനം പോലെ മനസ്സ് വല്ലാതെ ശൂന്യമാകുന്നു.
കളിയഴകിന്റെ ഓരോ പച്ചപ്പുൽപ്പാടങ്ങളിലാണ് മഴ തിര മുറിയാതെ പെയ്ത് പെയ്ത് ആർത്തു വിളിച്ചത്...
എല്ലാമുള്ളവരോടേറ്റുമുട്ടി ചാകാൻ വിധിക്കപ്പെടുന്ന ഒന്നുമില്ലാത്തവർക്ക് വേണ്ടി എപ്പോഴും മനസ്സ് പിടച്ചു.
അവർക്ക് വേണ്ടി മാത്രം ആർത്തു വിളിച്ചു.
പെനാൽട്ടി ഷൂട്ടൗട്ടിന് മുന്നിൽ നെഞ്ചിടിപ്പോടെ അന്താളിച്ച് നിന്നു.
പെനാൽട്ടി ബോക്സൊരു മേലേരിയായി നീറി നീറിപ്പുകഞ്ഞു....
മേലേരിയിൽ പ്രവേശിക്കാൻ കാത്തു നിൽക്കുന്ന തെയ്യത്തിന്റെ നിസ്സംഗതയുമായി ഗോളിയെക്കണ്ട് പൊള്ളിപ്പൊള്ളി കണ്ണ് പൊത്തി...
കാൽപ്പന്തുകളി രാസത്വരകങ്ങളായി നിന്ന് കത്തിയ രാത്രി വസന്തങ്ങൾ അവസാനിക്കുകയാണല്ലോ..
ഇത്രയും നാൾ ഏറ്റവും കൂടുതൽ മോഹിപ്പിച്ച സ്വപ്നഭൂമിയായിരുന്നു കളി മൈതാനം...
കവിതയും യുദ്ധവും ഒരു പോലെ സൗന്ദര്യമാകുന്നതിവിടെ മാത്രമാണ്.

Photo: Fifa

പ്രതിരോധത്തിൽ നിന്നാണ് തീരുമാനങ്ങൾ പിറക്കുന്നത്. മധ്യത്തിൽ അത് ആവിഷ്ക്കരിക്കുന്നു, മുന്നേറ്റത്തിൽ അത് തീർപ്പാക്കുന്നു.
സൃഷ്ടിയുടെയും സ്ഥിതിയുടെയും സംഹാരത്തിന്റെയും ആത്മതത്വം വിളയിച്ചെടുക്കുന്നത് കളിയുടെ പുഞ്ചപ്പാടത്ത് പന്ത് തട്ടുന്ന ചെക്കൻമാരാണ്...
അതെ മധ്യനിരയിലാണ് എല്ലാ സർഗ്ഗാത്മകതയും സുഗന്ധ പൂരിതമാകുന്നത്...

ജീവിതത്തോട് അടക്കം പറയാൻ മാത്രമുള്ള ആത്മീയത കാൽപ്പന്തുകളിക്കുണ്ട്.
ഒരു പക്ഷെ മറ്റൊന്നിനും സാധ്യമാകാത്തത്. വ്യത്യസ്തങ്ങളായ മനസ്സഞ്ചാരങ്ങളുടെ കളത്തിലാട്ടമാണ് പന്തുകളി. കണക്കു കൊണ്ടുള്ള കണിശതയുടെ പാട്ടുകെട്ടൽ. ധ്യാനാത്മകതയെ, ഏകാഗ്രതയുടെ അങ്ങേയറ്റത്തെ ക്യത്യതയെ അത് പച്ചപ്പുൽമൈതാനിയിൽ ആവിഷ്കരിക്കുന്നു.
ജീവിതത്തിന്റെ അനിശ്ചിതത്വം അതിന്റെ ആഴമുറ്റ സൗന്ദര്യം പകർന്നു നല്കുന്നു. ഓരോ കളിപ്പന്തുകാരന്റെ ചലനശാസ്ത്രവും ഓരോ ജീവിതപാഠമാണ്.

കളി കളി തന്നെയാണ്. അതിലെ ഓരോ മുന്നേറ്റവും ഡ്രിബ്ലിങ്ങും സ്നേഹത്തിലേക്ക് തന്നെയാണ്. കളി കാണുവാനും കളിയെ വ്യാഖ്യാനിക്കാനും ആളുകൾക്കേറെയിഷ്ടമാണ്. മുൻ കാലങ്ങളിൽ നിന്നും വിഭിന്നമായി അത്രയധികം കളിയാഖ്യാനങ്ങൾ നമ്മുടെ മലയാളത്തിലും വരുന്നുണ്ട്. കളി കാണുന്നതിനായി ബിഗ് സ്ക്രീൻ സംവിധാനങ്ങളും ഒന്നിച്ചിരുന്ന് കളി കാണലും ഇന്ന് വ്യാപകമായുണ്ട്. തിരക്കുള്ളവർക്ക് കൈവെള്ളയിലെ മൊബൈൽ സ്ക്രീനിൽ വരെ കളിയാസ്വദിക്കാം.

ലോകത്തിൽ ഏറ്റവും കൂടുതൽ ആൾക്കാർ കാണുന്ന വിനോദമാണ് വേൾഡ് കപ്പ് ഫുട്ബോൾ. ലോകകപ്പ് കാലമെന്നത് കേരളത്തിന് അത്രയും പ്രധാനമാണ്. സ്ത്രീകളും കുട്ടികളെയും യുവാക്കളെയും പ്രായമായവരെയും അങ്ങനെയെല്ലാവരെയും ഈ കളി പലവിധത്തിലാണ് ബാധിക്കുന്നത്.
രണ്ടു മക്കളിൽ ഒരാൾ നെയ്മർക്ക് വേണ്ടിയും മറ്റെയാൾ മെസ്സിക്ക് വേണ്ടിയും തർക്കിക്കുമ്പോൾ അതിനിടയിൽ അമ്പയറായി നില്ക്കേണ്ടുന്ന നമ്മുടെ അമ്മമാർക്ക് പന്തുകളിയെക്കുറിച്ച് ഏറെ പറയാനുണ്ട്.

കളിയുടെ പെരുങ്കളിയാട്ടപ്പെരുമഴയും ശേഷമുള്ള മരങ്ങളും പെയ്തൊഴിഞ്ഞു. ഗാലറിയിലെ ആരവങ്ങളടങ്ങുമ്പോൾ മലയാളികൾക്കിടയിൽ ബാക്കിയാക്കുന്നതെന്താണ്.? ഒരു മാസക്കാലം നീണ്ടു നിന്ന കളിക്കാലം മലയാളിയെ എങ്ങനെയാണ് സ്വാധീനിച്ചിട്ടുള്ളത്?
ഫുട്ബോളിന്റെ മതം സ്നേഹമാണല്ലോ. say no to racism എന്നാണ് ഫിഫയുടെ മുദ്രവാക്യം തന്നെ.

ഫുഡ്ബോൾ സ്പിരിറ്റിനെ അതിന്റെ ഗൗരവത്തിൽ ഉൾക്കൊള്ളാനുള്ള ആസ്വാദന നിലവാരമില്ലാതെയാണ് കളത്തിന് പുറത്തെ കളി തുടരുന്നത്.
ഓരോ ടീമിനെയും ആരാധിക്കുമ്പോഴും എതിർകളിക്കാരനെ സഭ്യതയുടെ എല്ലാ അതിർവരമ്പുകളും ലംഘിച്ചുകൊണ്ട് അധിക്ഷേപിക്കുന്നതിന് യാതൊരുളുപ്പുമില്ലാത്ത കളിയാസ്വാദകക്കൂട്ടം സമീപകാലത്തെ വൻദുരന്തമാണ്. വീറും വാശിയും ആരാധനയും എല്ലാം പന്ത് കളിയിൽ പറഞ്ഞിട്ടുള്ളതാണ്.

മെസ്സിയുടെയോ നെയ്മറുടെയോ റൊണാൾഡോയുടെയോ എംബാപ്പയുടെയോ ടീം തോല്ക്കുമ്പോൾ അവരുടെ പ്രതിഭ ഇല്ലാതാകുന്നില്ലല്ലോ. സ്വന്തം ടീമിന് വേണ്ടി വാദിക്കുമ്പോഴും എതിർകളിക്കാരനെ അപമാനിക്കുന്നതാണ് ഫുട്ബോൾ എന്ന് ഇവർ എവിടെ നിന്നുമാണ് പഠിച്ചത്. ലോകകപ്പിൽ വ്യത്യസ്ത രാഷ്ട്രങ്ങളിൽ പോരടിക്കുന്ന കളിക്കാർ ക്ലബ്ബുകളിൽ ഒരുമിച്ച് കളിക്കുന്ന ഉറ്റ ചങ്ങാതിമാരാണ്. തോൽക്കുമ്പോൾ യാതൊരു വകതിരിവോ, വസ്തുതകൾ എന്തൊക്കെയെന്ന് മനസ്സിലാക്കാതെയോ ആണ് ഫാൻസെന്ന വിഡ്ഢിസംഘങ്ങളുടെ ആക്രോശങ്ങൾ.

പണ്ടത്തെ നാട്ടിൻപുറത്തെ ആരാധകർ തമ്മിലുള്ള പരസ്പര സ്നേഹത്തിലധിഷ്ഠിതമായ കളിയാവേശങ്ങളാണ് ഇന്ന് എല്ലാ സഭ്യതയും ലംഘിച്ച് പോരടിക്കുന്നത്. ഫാൻസ് സംഘങ്ങൾ തമ്മിലുള്ള ഫ്ലക്സ് മത്സരങ്ങൾ അത്രയും അരോചകമായിക്കഴിഞ്ഞു. ഇതിന്റെ ബാക്കിയാണ് സോഷ്യൽ മീഡിയയിലെ പൊയ്ത്ത്. വകതിരിവില്ലാത്ത ഫുട്ബോൾ ഭ്രാന്തന്മാർ മാത്രമല്ല ഈ അധിക്ഷേപങ്ങളിൽ പങ്കാളികളാകുന്നത്. അരകളെന്നും ബ്രാകളെന്നും പുച്ഛിച്ചവഹേളിച്ച് എഴുത്തുകാരും ബുദ്ധിജിവികളും കലാകാരന്മാരുമൊക്കെ ഇതിന്റെ ഭാഗമാകുന്നത് എന്തൊരു ദുരന്തമാണ്.

കളികളെ കുറിച്ച് നൂറുനൂറു കവിതകളെഴുതീട്ട് എന്താണ് പ്രയോജനം.
ജീവിതത്തെ ആഴത്തിൽ തൊടുന്ന കരുണാഭമായ ഈ പന്താട്ടത്തിൽ നിന്നും വൈരാഗ്യവും പകയും മാത്രം ചീറ്റുന്ന സോഷ്യൽ മീഡിയ ഫാൻസുകാർക്ക് നല്ല ചികിത്സയും കളിയെ കളിയായി കാണാനുള്ള കോച്ചിങ് ക്യാമ്പും അത്യാവശ്യമായിരിക്കുകയാണ്.

കളിയിൽ എതിരാളിയേയുള്ളു: ശത്രുവില്ല

ഈ വർഷാന്ത്യത്തിന്റെ ചുമരിൽ ഖത്തർ വേൾഡ് കപ്പ് വരച്ച് ചേർത്ത ചിത്രം എക്കാലവും ഹൃദയത്തെ മഥിക്കുന്നതാണ്. ക്രൊയേഷ്യയുടെയും ബ്രസീലിന്റെയും ജഴ്സികൾ ചേരുമ്പോഴുള്ള കവിതയോളം മറ്റൊന്നും വരില്ല.
തോറ്റ പടയാളിയെ ചേർത്ത്പിടിച്ച് അവന്റെ വിയർപ്പിലും ചോരയിലും കിനാവിലും കലങ്ങിയ കുപ്പായമിട്ട വിജയി... ഈ ഒരൊറ്റ ചിത്രം ഭൂമിയിലെ എല്ലാ ചേർത്തു പിടിക്കലിന്റെയും അനശ്വരമുദ്രയാണ്..

ഖത്തറിലെ പടവിളികളടങ്ങുമ്പോൾ ചിറകൊടിഞ്ഞ മഞ്ഞക്കിളിയുടെ പിടച്ചിൽ ഹൃദയത്തിലെ ഉണങ്ങാത്ത മുറിവായി ചോര വാർന്നുകൊണ്ടിരിക്കും.
ഇവിടെ ഓരോ കളിക്കാരനും കാലുകൊണ്ടല്ല ഹൃദയം കൊണ്ടാണ് പന്തുതട്ടുന്നത്. കളി അത്രമേൽ വൈകാരികമാകുന്നതും അങ്ങനെയാണ്.
ബ്രസീലിയൻ സ്ട്രൈക്കർ നെയ്മറുടെ കരച്ചിൽ നെഞ്ചിലൊരു ഭാരമായി എപ്പോഴുമുണ്ടാകും....

ഖത്തറിന്റെ ഖൽബ് പിടഞ്ഞ രാവായിരുന്നു അത്. സ്പോർട്സിന്റെ എല്ലാ സൗന്ദര്യവും പൂത്തിരി കത്തിയ രാത്രി. ഡൊമിനിക്ക് ലിവാകോവിച്ചെന്ന ക്രൊയേഷ്യൻ ഗോളി എല്ലാ ബ്രസിലീയൻ കവിതക്കനവുകൾക്കും തീ കൊടുത്ത രാത്രി.
വയസ്സൻ മൊഡ്രീച്ച് തന്റെ വാർധക്യം വിനീഷ്യസിന് കൊടുത്ത് പകരം വിനീഷ്യസിന്റെ യൗവ്വനം കടം വാങ്ങിയ രാത്രി...
അലകടലായി രണ്ട് പോർമുഖങ്ങളുമാർത്തിരമ്പിയപ്പോൾ ഹൃദയം നിലച്ച് ഈ കളി കണ്ടു തീർക്കാനാകുമോ എന്ന് ആശങ്കപ്പെട്ട രാത്രി... ..

നെയ്മർ കരഞ്ഞു.
കളിസ്പിരിറ്റിനെ നെഞ്ചേറ്റിയവരൊക്കെ കൂടെക്കരഞ്ഞു. നെയ്മറുടെ സങ്കടം താങ്ങാനുള്ള കരുത്തുണ്ടായിരുന്നില്ല. ആർത്തിരമ്പലുകൾക്ക് നടുവിൽ നിലത്ത് വീണ പടനായകന്റെ അടുത്ത് ഒരുകുട്ടി ഓടിയണഞ്ഞു. എതിരാളിയുടെ എല്ലാ മോഹങ്ങളും തകർത്ത് അവന്റെ പടക്കപ്പൽ മുക്കിയ പോരാളിയുടെ മകനായിരുന്നു അത്.

പച്ചപ്പുല്ലിൽപ്പിടയുന്ന നെയ്മറുടെ അടുത്തേക്ക് ഓടിയെത്തിയ പെരിസിച്ചിന്റെ
മകനാണ് ഈ ലോകകപ്പിന്റെ ഏറ്റവും ഹൃദയഹാരിയായ ചിത്രം.
"കളിയിൽ എതിരാളിയേയുള്ളു, ശത്രുവില്ല...'
യുദ്ധങ്ങളിലും കെടുതികളിലും വളർന്ന യൂറോപ്യൻ ബാലൻ പറഞ്ഞു..

എടങ്കാലിൽ ഹൃദയവും വലങ്കാലിൽ തലച്ചോറുമുള്ള എംബാപ്പെ എന്ന പെരുങ്കാലൻ....

Photo: Fifa

ശ്വാസമൂതി നിറച്ച പന്ത് വിചാരത്തിന്റെ അനന്തസാധ്യതകളാണ് തുറന്നിടുന്നത്.
കളിയുടെ കടലിരമ്പങ്ങളടങ്ങി. അർജന്റീനിയൻ നായകൻ കപ്പുമായി മടങ്ങി.
എല്ലാ എഴുത്തുകൾക്കും വിധികൾക്കും നാടകീയതയ്ക്കുമപ്പുറമാണ് കാൽപ്പന്തിന്റെ താന്ത്രികലോകം. തുകൽപ്പന്തുരുളുമ്പോഴുള്ള കളിയഴകിന്റെ
അനിശ്ചിതത്വം വിവരാണാതീതമാണ്. ആ മഹാസൗന്ദര്യം മുഴുവനുമാവാഹിച്ച ശരീരവേഗമാണ് എംബാപ്പെയെന്ന കളിക്കാരൻ, കളിയാട്ടക്കാരൻ...

ലോകകപ്പ് ഫുഡ്ബോളിലെ എക്കാലത്തെയും ചരിത്രമായാണ് ഖത്തറിലെ കലാശപ്പോരാട്ടം ഓർമ്മിക്കുക. എന്തൊരു കഠിനരാത്രിയാണ് കടന്നു പോയത്.
ഈ രാവിനെ എങ്ങനെ അതിജീവിക്കും എന്ന് ഒരു പിടിയുമുണ്ടായിരുന്നില്ല.
ജീവിതത്തിൽ ഇതുപോലൊരു രാത്രി മുമ്പുണ്ടായിട്ടില്ല. ഈ കലാശക്കളി ജീവിതത്തെ പ്രചോദിപ്പിക്കുന്നത് പോലെ മറ്റൊന്നുണ്ടായിട്ടില്ല. ലോകജേതാവായ ലയണൽ മെസ്സിയും പരാജയപ്പെട്ടിട്ടും രാജ്യം നഷ്ടപ്പെടാത്ത കിലിയൻ എംബാപ്പെയും കരയുകയും ചിരിക്കുകയും ചെയ്ത രാത്രി.

പരാജയം എന്നത് ഒരന്തിമ വിധിയല്ലെന്നും പൊരുതിയേ പോരാടിയേ അത് നേടിയെടുക്കാനാകൂ എന്നും എംബാപ്പെ അടിവരയിടുന്നു. വിജയത്തിലേക്ക് കുറുക്കുവഴികളില്ലെന്നാണ് ഗാലറിയിലെ കടലിളക്കം പറയുന്നത്.
പോരാടുന്നവർക്ക് എത്ര കനത്ത പരാജയത്തിൽപ്പെട്ടുപോയാലും ആത്മവിശ്വാസത്തോടെ മുന്നേറുന്നതിനുള്ള ഊർജ്ജം പകരുന്നതിനായി ഇതിലോളം മികച്ച ഒരു സ്പെഷ്യൽ ക്ലാസ്സ് വേറെയില്ല. എംബാപ്പെയെന്ന വലിയമനുഷ്യൻ കാലുകൾ കൊണ്ട് പാടുകയും ആടുകയും ചെയ്യുന്നു.
എംബാപ്പെ ഇടങ്കാലിൽ ഹൃദയവും വലങ്കാലിൽ തലച്ചോറുമുള്ളവനാണ്...

പന്തിൽ കാലുമായി പിറന്ന ലയണൽ മെസ്സിയുടെ പിന്നാലെയുള്ള എല്ലാ ഓട്ടവും നിഷ്പ്രഭമായ രാത്രിയായിരുന്നു. പച്ചപ്പുൽത്തകിടിയിൽ അടർന്നുവീണ നിലാവ് പോലൊരു നനുത്ത മനുഷ്യനായിരുന്നു മെസ്സി.

കാലുകൾ കൊണ്ട് രാജഗോപുരങ്ങൾ തകർക്കുകയും പുതിയ വിജയശില്പങ്ങൾ കൊത്തുകയും ചെയ്യുന്ന മാന്ത്രികനാണ് എംബാപ്പെ...
രണ്ടുപേരും ഒരു പന്തിനായി പായുമ്പോൾ എന്താണുണ്ടാവുക. ദൈവം വെള്ളംകുടിച്ച് വശംകെട്ട രാത്രിയായിരുന്നു....

അയ്യോ .....
അവർ, വിയർത്തൊഴുകിയ പോരാളികൾ, പടക്കകപ്പലുകൾ തിരിച്ചു തുഴയുകയാണല്ലോ..
ലയണൽ മെസ്സി
ക്രിസ്റ്റ്യാനോ റൊണാൾഡോ
ലൂക്കാമോദ്രിച്ച്
കരീം ബെൻസേമ...
ഇനിയും പല യുദ്ധങ്ങൾക്കുള്ള യൗവ്വനം ഉടലിൽ തിളയ്ക്കുന്നവർ...
അവർ കളിപ്പോരാട്ടത്തിന്റെ കടൽത്തീരം വിട്ട് പോവുകയാണ്...
പോകുന്ന പടവീരന്മാരേ...നിങ്ങളില്ലാത്ത കളിയാട്ടങ്ങൾ ഞങ്ങളെങ്ങനെ സഹിക്കും.

Photo: Fifa

ഏത് പൊയ്ത്തിലും അമ്പു കൊള്ളാത്ത ദൈവച്ചേകോനെ ഈ കരയിൽ കാവൽ നിർത്തിയാണ് ഞങ്ങൾ തിരിച്ച് തുഴയുന്നത്... അകലങ്ങളിലെ ഇരുണ്ട തീരങ്ങളിലേക്ക് കപ്പലോടിക്കുന്ന കപ്പിത്താന്മാർ ഏകസ്വരത്തിൽ പറഞ്ഞു.
ഉരത്ത പാറയിൽ അമ്പിന് മൂർച്ച കൂട്ടുന്ന ചെക്കൻ എംബാപ്പെ ചിരിച്ചു.

ഇനി എംബാപ്പെയെന്ന പന്താട്ടക്കാരന്റെ കാലമാണ്. എല്ലാ റെക്കോർഡുകളും തുളയ്ക്കാനുള്ള വെടിയുണ്ടകൾ നിറച്ച ബൂട്ടുകളാണ് എംബാപ്പെയുടെ കാലുകളിൽ. പതിനെട്ട് വയസ്സിൽ തന്നെ വേൾഡ്‌ കപ്പിൽ മുത്തമിട്ട് പെലെയ്ക്കൊപ്പമെത്തി. ഇരുപത്തിരണ്ട് പിന്നിട്ടപ്പോൾ വീണ്ടും സ്വന്തം രാഷ്ട്രത്തെ രണ്ടാം സ്ഥാനത്തിലേക്ക് നയിച്ചു. ലോകകപ്പ് ഫൈനലിൽ ഹാട്രിക്ക് നേടുകയെന്ന അത്യപൂർവ്വ നേട്ടം കൈവരിച്ചു. മറഡോണയ്ക്കും മെസ്സിക്കും സാധ്യമാകാത്തത്. മൂന്ന്ഗോളുകളടിച്ച് അതികായനായ മാർട്ടിനസ്സിനെ വിറപ്പിച്ചിട്ടും ചുണ്ടിനിടയിൽ നിന്നും കപ്പ് വഴുതിപ്പോയ അത്യപൂർവ്വ താരം.
വെറും തൊണ്ണൂറ്റേഴ് സെക്കന്റ് മാത്രം മതി എംബാപ്പെയ്ക്ക് ഏത് വമ്പൻ കപ്പലും മുക്കാൻ...

സ്പോർട്സിൽ മറികടക്കാനാത്ത റെക്കോർഡുകൾ ഒന്നുമില്ല. പുതിയ കാലത്തെ പിള്ളേർ എല്ലാ വന്മലയും കീഴടക്കും. നമുക്ക് കാളിദാസനെയോ വില്യം ഷേക്സ്പിയറെയോ വാൽമീകിയെയോ വ്യാസനെയോ ഒരിക്കലും മറികടക്കാൻ പറ്റില്ലായിരിക്കാം... സ്പോർട്സും ആർട്സും തമ്മിലുള്ള വ്യത്യാസം അതാണ്.
സ്പോർട്സിൽ വന്മലകളധികം വാഴില്ല, ഏത് നിമിഷവും അത് ചരിഞ്ഞേക്കും,
ചരിഞ്ഞു വീണേക്കും....

മെസിയെന്ന വനവസന്തം പൂത്തുപടർന്ന ദിനരാത്രങ്ങൾ അങ്ങനെ കൊഴിഞ്ഞു വീഴുകയാണ്... കാലത്തെ കാൽക്കീഴിലമ്മാനമാടുന്ന പുതിയ പടപ്പുറപ്പാടുകൾ തുടങ്ങിക്കഴിഞ്ഞു. കാലത്തിന്റെ കാലനായ കലിയൻ എംബാപ്പെ പുറപ്പെട്ടു കഴിഞ്ഞു. കാലത്തിന്റെ കാലനായ തെയ്യത്തിലെ ഉഗ്രമൂർത്തി കുളിയന് പെരുങ്കാലൻ എന്നു കൂടി പേരുണ്ട്.

കളിയുടെയും കളിയാട്ടത്തിന്റെയും കാവക്കാരനായ പെരുങ്കാലൻ തെയ്യം
എംബാപ്പെയുടെ പൊലിച്ച് പടൽ തുടങ്ങിക്കഴിഞ്ഞു...

Comments