സെന്റ് മാര്‍ക്ക് സ്‌ക്വയറിലെ
ഒഴിഞ്ഞ ഇരിപ്പിടങ്ങള്‍
സെന്റ് മാര്‍ക്ക് സ്‌ക്വയറിലെ ഒഴിഞ്ഞ ഇരിപ്പിടങ്ങള്‍
എഴുത്തുകാരനും നിരൂപകനും ചലച്ചിത്രകാരനുമായിരുന്ന, ചിന്ത രവിയുടെ ഒൻപതാം ചരമവാർഷികമാണിന്ന്. സഞ്ചാര സാഹിത്യത്തിന് ആഴത്തിലുള്ള രാഷ്ട്രീയ മാനങ്ങൾ നൽകിയ സഞ്ചാരിയായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത്, സഞ്ചാരങ്ങൾ നിലച്ചിരിക്കുന്ന കാലത്ത്, സഞ്ചരിച്ചെത്തേണ്ട സ്ഥലങ്ങളൊക്കെയും വിജനമായിരിക്കുന്ന കാലത്ത് ചിന്ത രവിയെ ഓർക്കുകയാണ് മറ്റൊരു സഞ്ചാരിയായ മുസഫർ അഹമ്മദ്.
4 Jul 2020, 05:53 PM
ഇന്ന് രാവിലെ രവീന്ദ്രനെ (ചിന്ത രവി) ഓര്‍ത്തു. അദ്ദേഹം മരിച്ചിട്ട് ഇന്നേക്ക് ഒമ്പതു വര്‍ഷം കഴിഞ്ഞു. ബുക്ക് ഷെല്‍ഫില്‍ നിന്ന് "രവീന്ദ്രന്റെ യാത്രകള്‍' എടുത്ത് നോക്കി. അതിനു തൊട്ടു മുമ്പ് പുതിയ ലക്കം വേള്‍ഡ് ലിറ്ററേച്ചര്‍ ടുഡേ മറിച്ചു നോക്കിയിരുന്നു. "മഹാദുരന്തത്തെക്കുറിച്ചുള്ള കുറിപ്പുകള്‍' ആണ് കവര്‍. അഞ്ച് എഴുത്തുകാര്‍ അവരുടെ ക്വാറന്റൈന്‍-കോവിഡ് കാല അനുഭവങ്ങള്‍ എഴുതിയിരിക്കുകയാണ്. ആ കുറിപ്പുകള്‍ തുടങ്ങുന്നത് ഇറ്റലിയിലെ വെനീസിലെ പിയാസ സാന്‍മാര്‍ക്കോയുടെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രവുമായാണ്. സെര്‍ജി ബ്രിലേവാണ് ഫോട്ടോഗ്രഫര്‍. ഇതേ സ്ഥലത്തെ ഇംഗ്ലീഷില്‍ സെന്റ്മാര്‍ക്ക് സ്‌ക്വയര്‍ എന്നാണു വിളിക്കുന്നത്. നെപ്പോളിയന്‍ ഈ ചത്വരത്തെ യൂറോപ്പിന്റെ പൂമുഖം എന്നു വിളിച്ചു. കൊളോണിയല്‍ കൊള്ളകളുടെ നിരവധി ചരിത്രവും ഈ നഗരത്തിനുണ്ട്. വെനീസ് റിപ്പബ്ലിക്കിന്റെ ഔദ്യോഗിക ദേവാലയം സെന്റ് മാര്‍ക്ക് ഉള്‍ക്കൊള്ളുന്ന ചത്വരമായതുകൊണ്ടു കൂടിയാണ് ഈ പേര്. സെര്‍ജിയുടെ ഫോട്ടോഗ്രഫില്‍ ആ ലോകപ്രശസ്ത ചത്വരം ഏറെക്കുറെ വിജനമാണ്. അഞ്ചു മനുഷ്യരെ ശ്രദ്ധിച്ചു നോക്കിയാല്‍ കാണാം. അതില്‍ ഒരാള്‍ തന്റെ വളര്‍ത്തു നായയുമായി നടന്നു പോവുകയാണ്. പിറകില്‍ പിയാസയിലെ കെട്ടിടങ്ങളുടെ കമാനങ്ങള്‍. ചിത്രത്തിന്റെ ഏറ്റവും മുന്നില്‍ ഒരു പ്രാവ്. മൗനം കുടിച്ച് കുടിച്ച് ആ ചത്വരം പാടെ ക്ഷയിച്ചിരിക്കുന്നു.

കൃത്യം ഒരു വര്‍ഷം മുമ്പ് ഞങ്ങള്‍ അഞ്ചു പേര്‍ ഇതേ സ്ഥലത്തിലൂടെ യാത്ര ചെയ്തിരുന്നു. അന്ന് വെനീസ് വേനല്‍ക്കാലം ആഘോഷിക്കുകയായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള സഞ്ചാരികള്‍ പിയാസ സാന്‍മാര്‍ക്കോയില്‍ തിങ്ങി നിറഞ്ഞു നിന്നു. കാലുകുത്താന്‍ ഇടമില്ലായിരുന്നു. കടകളില്‍ നിന്നും ഇറക്കി കെട്ടിയ ഷാമിയാനകളില്‍ വട്ടത്തിലും ചതുരത്തിലും കസേരകള്‍. അതിലെല്ലാം മനുഷ്യര്‍. തിന്നും കുടിച്ചും പുകയൂതിയും വിവിധ ഭാഷകളില്‍ സംസാരിച്ചും പൊട്ടിച്ചിരിച്ചും ബഹളം വെച്ചും കലഹിച്ചും മനുഷ്യര്‍. ബാബേല്‍ ഇടിഞ്ഞു വീണതിനു ശേഷം തറനിരപ്പില്‍ മനുഷ്യര്‍ ഒന്നിച്ച് ഒരിടത്ത് കൂടി വിവിധ ഭാഷകള്‍ സംസാരിക്കുന്നതിനെ ആ രംഗം ഓര്‍മ്മിപ്പിച്ചു. അന്ന് ഫ്‌ളോറിയന്‍, ക്വാദ്രി എന്നീ കഫേകള്‍ ഞങ്ങള്‍ തിരഞ്ഞു നടന്നിരുന്നു.
അതിന്റെ കാരണം ഈ വരികള്‍ ആയിരുന്നു:
സെന്റ്മാര്‍ക്ക് സ്‌ക്വയറിലെ രാത്രി ഒരു പക്ഷെ, പഴയ വെനീസിന്റെ അന്തരീക്ഷഭാവമാകും പ്രകടിപ്പിക്കുന്നത്. അസ്മതയത്തിനു ശേഷവും ആഡ്രിയാട്ടിക്കിന്റെ ആകാശത്തു തങ്ങുന്ന പകല്‍ വെളിച്ചം ഒരു വിഷാദഛായയായി ബാസിലക്കയുടെ മൊസൈക്ക് തറയേയും കടലിലേക്ക് തുറന്നു കിടക്കുന്ന വിശാലമായ സ്‌ക്വയറിനേയും ഗ്രസിച്ചിരിക്കുന്നു. കടലിന്റെ പശ്ചാത്തലത്തില്‍ ഫ്‌ളോറിയന്‍ എന്ന പ്രസിദ്ധമായ കഫേയുടെ ടെറസിലിരിക്കുമ്പോള്‍ ഡോഗ് കൊട്ടാരത്തിന്റേയും ബാസിലിക്കയുടേയും കൂറ്റന്‍ ബെല്‍ ടവറിന്റേയും ഇരുണ്ട രൂപങ്ങള്‍ അസ്വാസ്ഥ്യകരമായ ഒരു സാന്നിധ്യമായി തോന്നും. കഫേയുടെ ആര്‍ഭാടമായ വസ്ത്രം ധരിച്ച മ്യൂസിക്ക് ബാന്‍ഡ് വിവാള്‍ഡിയുടെ ചില രചനകള്‍ അതിവശ്യമായ മെലഡിയോടു കൂടി വായിക്കുന്നു. സ്‌ക്വയറില്‍ കഫേക്കു മുന്നിലൂടെ കടന്നു പോരുന്ന മധ്യവയസ്കരായ ഇണകള്‍ പോലും തെല്ലു നേരം ആശ്ലേഷബദ്ധരായി സംഗീതത്തിനൊപ്പം ഒന്നു രണ്ട് ചുവട് ചവിട്ടി നില്‍ക്കുന്നുവെങ്കിലും സംഗീതത്തിന്റെ മൊത്തം ഭാവം അന്തരീക്ഷത്തില്‍ ദുഃഖഛായയെ സാന്ദ്രീകരിക്കുന്നതായിരുന്നു. ആളൊഴിഞ്ഞ വിസ്തൃതമായ സ്‌ക്വയറില്‍ കഴിഞ്ഞ ശൈത്യത്തിന്റെ ചവിറ്റിലകള്‍ പോലെ ചിതറി നില്‍ക്കുന്ന പ്രാവിന്‍ കൂട്ടങ്ങള്‍.
ബാസിലിക്കയുടേയും കൊട്ടാരത്തിന്റേയും അസ്പസ്ഷടമായ ഘനരൂപങ്ങള്‍ക്കു മുന്നില്‍, സ്‌ക്വയറിന്റെ ഇരുണ്ട ശൂന്യഹൃദയത്തില്‍ അപ്രാപഞ്ചികമായ ഒരു ലയത്തിലെന്നോണം ആലിംഗനബദ്ധരായി ചുവടുവെക്കുകയും തിരയുകയും ചെയ്തുകൊണ്ടിരുന്ന ആ മനുഷ്യ രൂപങ്ങളും അവര്‍ക്കിടയില്‍ പാറി നടന്ന പക്ഷികളും സ്‌ക്വയറിനെ ബാധിച്ചു കൊണ്ടിരുന്ന സംഗീതവും ഒരു പ്രഭാത സ്വപ്‌നത്തിന്റെ അന്ത്യ സ്മൃതിപോലെയായിരുന്നു എനിക്ക്. അതു തെല്ലും അപ്രസന്നമായിരുന്നില്ല. ആ ദൃശ്യത്തിന്റെ വിവക്ഷ എന്റെ ഗ്രാഹ്യത്തിന് അതീതമായിരുന്നു എന്നു മാത്രം. ഫ്‌ളോറിയന്‍ കഫേയെപ്പോലെ പ്രസിദ്ധമായ മറ്റൊരു കഫേ കൂടി ഉണ്ട് സെന്റ്മാര്‍ക്ക് സ്ക്വയറിയില്‍-ക്വാദ്രി. 1720ല്‍ തുടങ്ങിയ ഫ്‌ളോറിയന്‍ ആയിരുന്നുവത്രെ ഗെയ്‌ഥേക്കും ബൈറനും വാഗ്‌നര്‍ക്കും മറ്റും ഏറെ പ്രിയങ്കരം. സ്‌ക്വയറിനു തൊട്ട് ജട്ടിയില്‍ കുറച്ചു നേരം ഞങ്ങള്‍ റോമന്‍ പ്യാസ വഴി പോകുന്ന ഒരു ബോട്ടിനു കാത്തു നിന്നു. ഗ്രാന്‍ഡ് കനാലിലെ ഗതാഗതം ശോഷിച്ചു തുടങ്ങിയിരുന്നു. രാത്രി പത്തു മണിയായിക്കാണും. സെന്റ് മാര്‍ക്കിനു മുന്നില്‍ അതിവേഗം കറങ്ങിക്കൊണ്ടിരുന്ന അനേകം കളി ബോട്ടുകളുണ്ടായിരുന്നു വൈകുന്നേരം. അവയും സന്ധ്യാനേരത്തെ പാസഞ്ചര്‍ സ്റ്റീമറുകളും ഗ്രാന്‍ഡ് കനാലിനും ലിഡോക്കും സെന്റ്മാര്‍ക്കിനുമിടയിലുള്ള ജലപരപ്പിനേയും ശബ്ദ ചലനങ്ങളാല്‍ വളരെയേറെ സജീവമാക്കിയിരുന്നു. ഇപ്പോള്‍ കടല്‍ ഏതാണ്ട് നിശ്ചലമാണ്. ജലോപരിതലത്തില്‍ സാന്റാമാരിയ സല്യൂട്ടെ എന്ന കൂറ്റന്‍ പള്ളിക്കെട്ടിടവും അതു നില്‍ക്കുന്ന തീരത്തിലെ മറ്റു സൗധങ്ങളും ചാര നിറത്തില്‍ വിരസമായ ആകാശത്തിനെതിരെ ഇരുണ്ട് ചൈതന്യ രഹിതമായി നില്‍ക്കുന്നു. രാത്രി വെനീസിനെ ഇല്ലായ്മ ചെയ്യുന്നു എന്നു മാത്രമല്ല അതിന്റെ ശില്‍പ്പ സഞ്ചയത്തെ വിദൂരവും ദുഃഖപ്രേരകവും ആക്കിത്തീര്‍ക്കുകയും ചെയ്യുന്നു:

ഇങ്ങിനെ രവീന്ദ്രന്‍ വിശേഷിപ്പിച്ച വെനീസും സെന്റ്മാര്‍ക്ക് സ്‌ക്വയറും തീര്‍ത്തും വിജനമായിക്കിടക്കുന്ന ചിത്രമാണ് മാര്‍ച്ചില്‍ സെര്‍ജി ബ്രിലേവ് പകര്‍ത്തിയത്. ഞങ്ങള്‍ സ്‌ക്വയറില്‍ പലയിടത്തും അലഞ്ഞു നടന്നപ്പോള്‍ ഉല്‍സാഹികളായ മനുഷ്യരുടെ കൂട്ടങ്ങളും വിഷാദഭരിതരായ ഒറ്റപ്പെട്ട മനുഷ്യരേയും (പിന്നീട് അവര്‍ കൂട്ടത്തോടെ ഒന്നാകുന്ന കാഴ്ച്ചകളും) അവിടെ കണ്ടു. ഓരോരുത്തരും തങ്ങളുടെ സവിശേഷമായ താല്‍പര്യങ്ങളുമായാണ് വെനീസില്‍ എത്തിച്ചേര്‍ന്നത്. വെറുതെ വന്നു, കാണാന്‍ എന്ന് പറഞ്ഞു തുടങ്ങുന്നവര്‍ക്കു പോലും പിന്നീട് വെനീസില്‍ എത്തിയതിനു കൃത്യമായ കാരണങ്ങളുണ്ടായിരുന്നു. പക്ഷ കോവിഡ് കാലം, അടച്ചിരിപ്പിന്റെ കാലം ഈ ചത്വരം മാത്രമല്ല, ലോകമെവിടേയും മനുഷ്യര്‍ സഞ്ചരിച്ചെത്തിയിരുന്ന എല്ലാ സ്ഥലങ്ങളേയും വിജനവും ശൂന്യവുമാക്കി. ഇത്തരം സ്ഥലങ്ങള്‍ വിജനമായിരുന്നുവെങ്കില്‍ എന്ന് ഇതിലൂടെ സഞ്ചരിക്കുമ്പോള്‍ തോന്നിയിരുന്നു, പക്ഷെ ഇപ്പോള്‍ ഈ വിജനത ശരിക്കും ഭയപ്പെടുത്തുന്നു, സെര്‍ജിയുടെ ഫോട്ടോഗ്രാഫ് ഈ ഭയത്തെ കൂടുതല്‍ തീക്ഷ്ണമാക്കി, രൂക്ഷമാക്കി.
പകലും രാത്രിയും പിയാസാ സാന്‍മാര്‍ക്കേയില്‍ രവീന്ദ്രന് അനുഭവപ്പെട്ടത് എങ്ങിനെയെന്ന് അദ്ദേഹം വിശദീകരിക്കുന്നു:
പകല്‍ സെന്റ്മാര്‍ക്ക് സ്‌ക്വയര്‍ വര്‍ണ്ണാഭമാണ്. രാത്രിയുടെ വിഷാദാന്തരീക്ഷവുമായി പകലിന്റെ പ്രകടമായ പ്രസാദാത്മകതക്ക് യാതൊരു ബന്ധവുമില്ല. രണ്ടു ദീര്‍ഘചതുരങ്ങളില്‍ മാര്‍ബിള്‍ പാകിയ വിശാലമായ തുറസ്സിന്റെ ഒരു വശം ആഡ്രിയാട്ടിലേക്കു തുറന്നു കിടക്കുന്നു. മറ്റു അതിരുകള്‍ നിര്‍ണ്ണയിക്കുന്നത് വെനീഷ്യന്‍ ആര്‍ക്കിടെക്ച്ചറിന്റെ മുന്‍കാല സൗഭാഗ്യങ്ങളായ ഒരു കൂട്ടം ഭീമാകാരങ്ങളായ സൗധങ്ങളാണ്. അവയില്‍ സെന്റ്മാര്‍ക്ക് ബസലിക്കയും ഡോഗ്‌രാജധാനിയും പ്രസിദ്ധമായ മറൈന്‍ ലൈബ്രറി കെട്ടിടവും ക്ലോക്ക് ടവറും അഭിമുഖമായി നില്‍ക്കുന്ന പഴയ നീതിന്യായ ദര്‍ബാറിന്റെ രണ്ടു കൂറ്റന്‍ സൗധങ്ങളും ഉള്‍പ്പെടും. 324 അടി പൊക്കത്തില്‍ രാക്ഷസീയമായ ഒരു സൂചിക പോലെ ഉയര്‍ന്നു കാണുന്ന ഒരു ബെല്‍ ടവറും സ്‌ക്വയറിലുണ്ട്. അതിന്റെ ചമയ ശൂന്യമായ നിര്‍ദാക്ഷിണ്യ രൂപം ബസലിക്കയുടെ ദൃശ്യലയത്തെപ്പോലും നശിപ്പിക്കുന്നു. ഗ്രാന്റ് കനാലിന്റെ തീരത്തെ മാര്‍ബിള്‍ കൊട്ടാരങ്ങളുടെ ഫസാഡുകളിലെന്ന പോലെ ബസലിക്കയും ബൈസെന്റൈന്‍ ശില്‍പ്പികളുടെ അമിതമായ ചിത്രാഭിനിവേശം പ്രകടിപ്പിക്കുന്നുണ്ട്. പതിനൊന്നാം ശതകത്തില്‍ പണിത ഈ ശില്‍പ്പം പാശ്ചാത്യ പാരമ്പര്യത്തിന്റേയും ബൈസെന്റൈന്‍ മാതൃകകളുടേയും കൗതുകകരമായ സമ്മിശ്രമാണ്. അതിന്റെ ബുള്‍ബൗസ് താഴികക്കുടങ്ങള്‍ക്ക് റോമന്‍ കുംഭഗോപുരങ്ങളോടെന്നതിലുമധികം മുസ്‌ലിം മിനാരങ്ങളോടാണ് ചാര്‍ച്ച. നവോന്ഥാന കാലത്തും പിന്നീട് 17-ാം ശതകത്തിലും സെന്റ്മാര്‍ക്ക് പരിഷ്‌കരണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. വിവിധ നിര്‍മ്മാണ ശൈലികളുടെ ചേരുവകള്‍ ഉള്‍ക്കൊള്ളുന്നുവെങ്കിലും ബാസലിക്ക ശില്‍പ്പപരമായ തന്‍മയത്വം സംരക്ഷിച്ചിരിക്കുന്നു:
ഇന്ന് രവീന്ദ്രനെ ഓര്‍ത്തുകൊണ്ട് ഈ വരികളിലൂടെ കടന്നു പോകുമ്പോള്‍ അദ്ദേഹത്തിന്റെ യാത്രാ എഴുത്ത് എന്തുമാത്രം പ്രധാനപ്പെട്ടതാണെന്ന് ഒരിക്കല്‍ കൂടി വ്യക്തമാകുന്നു. കോവിഡ്-19 മനുഷ്യ സഞ്ചാരങ്ങളെ താല്‍ക്കാലികമായാണെങ്കിലും തടയിട്ടിരിക്കുന്നുവെന്ന് ഓര്‍മ്മിപ്പിക്കുന്നു. ഇപ്പോള്‍ രവിയേട്ടനുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിലെ യാത്രക്കാരന്‍ എങ്ങിനെയായിരിക്കും പ്രതികരിക്കുക?

അതിനെക്കുറിച്ചോര്‍ത്തുകൊണ്ടിരുന്നപ്പോള്‍ കുറച്ചു ദിവസം മുമ്പ് വായിച്ച, സഞ്ചാര സാഹിത്യം എന്ന സര്‍ഗ ശാഖ തന്നെ അവസാനിക്കുകയാണോ എന്നു തോന്നിപ്പിച്ച ഒരു ലേഖനം ഈ വ്യവഹാരത്തിലേക്കു വന്നു: നാഷണല്‍ ജോഗ്രഫിക്ക് ട്രാവലറില്‍ കരീന ജിയാനാനി എഴുതിയ "തുറസ്സുകളെ ഭയക്കുന്ന ഫോട്ടോഗ്രാഫറുടെ ലോക സഞ്ചാരം' ആയിരുന്നു ആ ലേഖനം. കോവിഡ് കാലത്ത് വെര്‍ച്ച്വലായി പെറു, മംഗോളിയ, ബ്രസീല്‍ എന്നിവടങ്ങളില്‍ നടത്തിയ യാത്രയുടെ "സഞ്ചാര' സാഹിത്യമായിരുന്നു അതിന്റെ ഉള്ളടക്കം. ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ എന്ന പ്രോഗ്രാം/ആപ്പ് ഉപയോഗിച്ചായിരുന്നു കരീനയുടെ യാത്ര. ലോകത്ത് ഏതു തെരുവിലൂടെ വേണമെങ്കിലും ഇതുപയോഗിച്ച് യാത്ര ചെയ്യാം. നമ്മള്‍ "യാത്ര' നടത്തുമ്പോള്‍ എന്താണോ ആ തെരുവുകളില്‍ ഉള്ളത് അത് കംപ്യൂട്ടര്‍/മൊബൈല്‍ ഫോണ്‍ സ്‌ക്രീനില്‍ കാണാം. അതിന്റെ ഫോട്ടോഗ്രാഫുകള്‍ പകര്‍ത്താം. അങ്ങിനെ പകര്‍ത്തിയ ഫോട്ടോഗ്രാഫുകളുടെ ഇന്‍സ്റ്റലേഷന്‍ തയ്യാറാക്കി അത് വെര്‍ച്ച്വലായി പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുകയാണ് കരീന. യാത്രാവിവരണം/ സഞ്ചാര സാഹിത്യം എങ്ങിനെ മാറിയേക്കാമെന്ന് ഈ ലേഖനം ഓര്‍മ്മിപ്പിക്കുന്നു, ഭയപ്പെടുത്തുന്നു. അങ്ങിനെയെങ്കില്‍ മ്യാന്‍മറിലെ റംഗൂണില്‍ അടക്കപ്പെട്ട അവസാന മുഗള്‍ രാജാവ് ബഹദൂര്‍ ഷാ സഫറിന്റെ ഖബര്‍ തിരഞ്ഞു പോകുന്ന ഒരു യാത്രികന്‍ ഇനിയുണ്ടാകണമെന്നില്ല, ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ എത്ര തിരഞ്ഞാലും അത് കണ്ടെത്താനാകില്ല, അടുത്ത കാലത്ത് ഇതു നേരില്‍ തിരഞ്ഞു പോയ അഞ്ച് യാത്രികര്‍ക്ക് അത് കണ്ടെത്താനായിട്ടില്ല, അതിനാല്‍ തന്നെ ഗൂഗിള്‍ സംവിധാനത്തിനും. ഇബ്നു ബത്തൂത്തയുടെ പല യാത്രാവിവരണങ്ങളും പ്ലേജറിസമാണെന്ന ഒരു ആരോപണം/വിവാദം കുറച്ചു നാള്‍ മുമ്പ് അറബ് ലോകത്തുയര്‍ന്നിരുന്നു. പോകാത്ത സ്ഥലങ്ങളെക്കുറിച്ച് ബത്തൂത്ത എഴുതിയിട്ടുണ്ട്, മറ്റു ചിലര്‍ എഴുതിയത് പകര്‍ത്തിയിട്ടുണ്ട്- ഇങ്ങനെയായിരുന്നു ആരോപണങ്ങള്‍. ഒരു പക്ഷെ ഇത്തരം കാര്യങ്ങളോട് മണ്ണില്‍ ചവിട്ടിയും മനുഷ്യനെ ആലിംഗനം ചെയ്തും യാത്രകള്‍ ചെയ്ത രവീന്ദ്രന്‍ എന്ന സഞ്ചാരി എങ്ങനെ പ്രതികരിക്കുമായിരുന്നുവെന്ന് ആലോചിക്കുന്നത് പ്രധാനമാണെന്ന് അദ്ദേഹത്തിന്റെ കൃതികളും അദ്ദേഹം യാത്ര ചെയ്ത രീതികളും നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
ഒരു വര്‍ഷം മുമ്പ് വെനീസില്‍ എത്തുന്നതിനു മുമ്പുള്ള ചില ദിവസങ്ങള്‍ ഞങ്ങള്‍ പാരീസില്‍ ആയിരുന്നു. ല്യൂവ്ര് മ്യൂസിയം കാണുക തന്നെ പ്രധാന ലക്ഷ്യം. കയ്യിലുള്ള വലിയ ബാഗുകള്‍ മ്യൂസിയത്തില്‍ പ്രവേശിപ്പിക്കില്ല. ഹോട്ടല്‍ മുറി ഒഴിഞ്ഞിരുന്നു. ഒരു പകല്‍ മുഴുവന്‍ ല്യൂവ്രില്‍ ചിലവിടുകയായിരുന്നു ലക്ഷ്യം. ബാഗുകള്‍ ക്ലോക്ക് റൂമില്‍ വെക്കാം എന്നു കരുതി. യൂറോപ്പില്‍ എല്ലാ നഗരങ്ങളിലും ക്ലോക്ക് റൂം സംവിധാനം സമൃദ്ധമാണ്. എന്നാല്‍ 2015 നവംബറില്‍ പാരീസിലുണ്ടായ ഭീകരാക്രമണ പരമ്പരക്കു ശേഷം സര്‍ക്കാര്‍ അവിടെ പ്രവര്‍ത്തിച്ചിരുന്ന എല്ലാ ക്ലോക്ക്‌റൂമുകളും നിര്‍ത്തലാക്കി. സ്‌ഫോടക വസ്തുക്കളുള്ള ബാഗുകള്‍ ഇത്തരം സ്ഥലങ്ങളില്‍ നിക്ഷേപിക്കാനുള്ള സാധ്യതകള്‍ കണക്കിലെടുത്തായിരുന്നു ഇത്. അതേ വര്‍ഷം തന്നെ ജനുവരിയില്‍ ചാര്‍ലി എബ്‌ദോ ഓഫീസ് ആക്രമണമുണ്ടായി. 12 പേരെ കൊന്നു. പാരീസ് നഗരം അതുവരെ അനുഭവിച്ച പല സ്വാതന്ത്ര്യങ്ങള്‍ക്കും താഴിടേണ്ടി വന്നു. ക്ലോക്ക്‌റൂമുകളും അടച്ചുപൂട്ടി. ഞങ്ങള്‍ ഏറെ നേരം അലഞ്ഞും പലരോടും ചോദിച്ചും ഒടുവില്‍ ഒരു സ്ഥലം കണ്ടെത്തി. ഒരു ബാര്‍ ഹോട്ടലിന്റെ നിലവറയില്‍ (അനൗദ്യോഗികമായി) അവര്‍ ബാഗൊന്നിന് അഞ്ചു യൂറോ കണക്കില്‍ ലഗേജുകള്‍ സൂക്ഷിക്കുന്നുണ്ട്. അവിടെയാണ് ഞങ്ങള്‍ ബാഗുകള്‍ സൂക്ഷിച്ചത്. പിന്നീട് ല്യൂവ്രിലേക്ക് പോയി. കഴിഞ്ഞ ദിവസം ആ യാത്രയുടെ ചിത്രങ്ങള്‍ എടുത്തു നോക്കുമ്പോഴാണ് ആ ഹോട്ടലിന്റെ തുണിനീര്‍ത്തിക്കെട്ടലില്‍ എഴുതിവെച്ച പേര് കണ്ടത്, ലെ കൊറോണ!. യാത്രകള്‍ മനുഷ്യരുടെ ഭാവിയെയാണ് എപ്പോഴും കുറിക്കുന്നതെന്ന ആശയം രവീന്ദ്രന്‍ പറഞ്ഞുവെച്ചതും ലെ കൊറോണ ഫോട്ടോ ഇന്ന് വീണ്ടും എടുത്തു നോക്കിയപ്പോള്‍ ഒരിക്കല്‍ കൂടി അനുഭവപ്പെട്ടു.

കോവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിച്ച ക്വാറന്റൈന്‍ എന്ന പദം മലയാള സാഹിത്യത്തിലേക്ക് ആദ്യം പ്രവേശിച്ചത് ഒരു ഇറ്റാലിയന്‍ യാത്രയില്‍ നിന്നായിരുന്നു. നമ്മുടെ ഭാഷയുടെ ഇറ്റാലിയന്‍ ബന്ധത്തില്‍ നിന്ന്. വെനീസില്‍ നിന്ന് 400 കിലോ മീറ്റര്‍ അകലെയുള്ള ഇറ്റാലിയന്‍ നഗരമായ ജെനോവയിലെത്തിയ മലയാളി സഞ്ചാരിയാണ് ക്വാറന്റൈന്‍ എന്ന വാക്ക് നമ്മുടെ ഭാഷയിലേക്ക് ആദ്യം കൊണ്ടു വന്നത്. ഇന്ത്യയിലെ തന്നെ ആദ്യ സഞ്ചാര സാഹിത്യ കൃതിയായ വര്‍ത്തമാന പുസ്തകമെഴുതിയ പാറേമ്മാക്കല്‍ തെമ്മാക്കത്തനാര്‍. 1778-86 കാലത്തായിരുന്നു സഭാ തര്‍ക്കം തീര്‍ക്കാന്‍ പോപ്പിനെ കാണാനുള്ള ആ യാത്ര. ജനോവയില്‍ പുറം നാടുകളില്‍ നിന്ന് വന്നവര്‍ 40 ദിവസം കപ്പലില്‍ തന്നെയോ, അല്ലെങ്കില്‍ പണം കൊടുത്ത് പ്രത്യേക മന്ദിരങ്ങളിലോ ക്വാറന്റൈനില്‍ കഴിയണമായിരുന്നു, സാംക്രമിക രോഗങ്ങളില്ല എന്നുറപ്പുവരുത്താന്‍. പക്ഷേ 13 ദിവസം കഴിഞ്ഞപ്പോള്‍ കത്തനാർക്ക് പുറത്തിറങ്ങാന്‍ പറ്റി.

നമ്മുടെ ആദ്യ സഞ്ചാരസാഹിത്യകാരന്‍ ഭാഷയിലേക്കു കൊണ്ടു വന്ന ക്വാറന്റൈന്‍ എന്ന പദം നമ്മളെല്ലാം മറന്നിരുന്നു. ഇപ്പോള്‍ കോവിഡ് അതേ പദത്തെ നിത്യവ്യവഹാരമാക്കി മാറ്റിക്കഴിഞ്ഞു. യാത്രകള്‍ വിലക്കപ്പെട്ട ഈ കാലത്ത്, ആ വാക്ക് ആദ്യ ഇന്ത്യന്‍/മലയാള സഞ്ചാരസാഹിത്യ കൃതിക്കൊപ്പമാണ് മലയാളത്തിലേക്ക് വന്നത് എന്നോര്‍ക്കുന്നതില്‍ ഒരു ചരിത്രപരതയുണ്ട്. കോവിഡ് തീര്‍ത്തും വിജനമാക്കിയ സ്ഥലങ്ങളിലൊന്നാണ് ഇന്ന് ജെനോവയും. അവിടെ ജീവിക്കുന്ന എല്ലാവര്‍ക്കും സമ്പര്‍ക്ക വിലക്കുണ്ട്.
വലിയ സഞ്ചാരികള്‍ കണ്ട ദേശങ്ങള്‍, അവര്‍ എഴുതിവെച്ച ജനപദങ്ങള്‍ എല്ലാം കോവിഡ് വിജനവും അനാഥവുമാക്കിക്കഴിഞ്ഞു. രവീന്ദ്രനെ ഓര്‍ക്കുന്ന ഇന്ന് (അദ്ദേഹത്തിന്റെ സഹോദരന്‍ വിഖ്യാത ഇന്ത്യന്‍ ചിത്രകാരന്‍ പ്രഭാകരനും ഈ കോവിഡ് കാലത്ത് നമ്മെ വിട്ടുപോയി) നാലുമാസമായി വീട്ടിലിരിക്കുന്ന എനിക്ക് ഒരു ചെറുയാത്രയെങ്കിലും നടത്തണമെന്ന് തോന്നി. നാലു മാസം മുമ്പ് കര്‍ണാടക-ഗോവ അതിര്‍ത്തിയിലെ കൈഗയില്‍ പോയി മടങ്ങിയതാണ്.

പിന്നീട് വീടുവിട്ടിട്ടില്ല. കര്‍വാറില്‍ 1882ല്‍ ടാഗോര്‍ വന്നു താമസിച്ച വീടും (അദ്ദേഹത്തിന്റെ ജേഷ്ഠന്‍ സത്യേന്ദ്രനാഥ ടാഗോര്‍ ബ്രിട്ടീഷ് ആധിപത്യകാലത്ത് കാര്‍വാര്‍ ജില്ലാ ജഡ്ജായിരുന്നു. ജേഷ്ഠന്റെ ഔദ്യോഗിക വസതിയിലാണ് ടാഗോര്‍ താമസിച്ചിരുന്നത്. ഇവിടെയിരുന്നാണ് ടാഗോര്‍ തന്റെ ആദ്യകാവ്യനാടകം പ്രകൃതീര്‍ പ്രതിശോധ്-പ്രകൃതിയുടെ പ്രതികാരം-രചിച്ചത്. ഇപ്പോഴും ആ വീട് ജില്ലാ ജഡ്ജിയുടെ ഔദ്യോഗിക വസതി തന്നെ. ടാഗോറിന്റെ പേരില്‍ ഒരു ബീച്ചും ഇവിടെയുണ്ട്. റോഡ് പണിയുടെ ഭാഗമായി ബീച്ചിന്റെ പേരു രേഖപ്പെടുത്തിയ ബോര്‍ഡ് താല്‍ക്കാലികമായി എടുത്തുമാറ്റിയിരുന്നു). കൈഗയില്‍ നിന്നും മടങ്ങിയ മാര്‍ച്ച് എട്ടിന് ട്രെയിനില്‍ എല്ലാവരും കോവിഡ് ഭീതിയില്‍ തന്നെയായിരുന്നു. വൈകാതെ ലോക്ക് ഡൗണും വന്നു. പിന്നെ സഞ്ചാരങ്ങളും സമ്പര്‍ക്കങ്ങളുമില്ലാതായി. വാതില്‍പ്പുറ ചിത്രീകരണങ്ങള്‍ പൂര്‍ണ്ണമായും നിലച്ചു. യാത്ര ചെയ്യാത്തതിന്റെ പൊറുതികേട് കോശനാശത്തിലേക്ക് നയിക്കുകയാണെന്നുറപ്പിച്ചു.

അപ്പോള്‍ ഇന്ന്, രവീന്ദ്രനെ ഓര്‍ക്കുന്ന ഈ ദിവസം എവിടെപ്പോകും? നല്ല മഴയുമുണ്ട്. ഉണ്ട് ഒരു സ്ഥലം. വീട്ടില്‍ നിന്നും നടന്നു പോകാവുന്ന ഒരിടം. കുട്ടിക്കാലം മുതല്‍ എത്രയോ തവണ പോയിട്ടുള്ള സ്ഥലം. ഫ്രാന്‍സിസ് ബുക്കാനന്റെ പേരിലുള്ള ദേശീയ ഭൂ വിജ്ഞാന സ്മാരകം (ചെങ്കല്ല്). ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ 1979ല്‍ പെരിന്തല്‍മണ്ണ ടൂറിസ്റ്റ് ബംഗ്ലാവ് കോമ്പൗണ്ടില്‍ സ്ഥാപിച്ച സ്മാരകം, ഒരു വെട്ടുകല്ല് സ്തൂപമാണ്. മറ്റൊന്നുമില്ല. ഫ്രാന്‍സിസ് ബുക്കാനന്‍ ആദ്യമായി വെട്ടുകല്ല് എന്ന ഗൃഹനിര്‍മാണ വസ്തു കണ്ടെത്തിയതായി രേഖപ്പെടുത്തിയ സ്ഥലത്താണ് ഈ സ്മാരകം. ബുക്കാനന്‍ അതു കണ്ടെത്തിയ കാലത്ത് അതി സമ്പന്നന്‍മാര്‍ മാത്രമായിരിക്കും വീടു നിര്‍മാണത്തിന് ചെങ്കല്ല് ഉപയോഗിച്ചിരിക്കുക. അങ്ങിനെ നിരവധി കാര്യങ്ങള്‍ ഓര്‍ക്കാനുള്ള യാത്രയാണിത്. മഴക്കോട്ടും കുടയുമെടുത്ത് യാത്ര പുറപ്പെട്ടു. വളരെ അടുത്തല്ലേ. നാരങ്ങാക്കുണ്ട് (ലെമണ്‍ വാലിയെന്ന് ഇന്നു പേര്) കടന്ന് കുന്നുകയറാനുണ്ട്. മന:പ്പാഠമായ നിരവധി വഴികളില്‍ ഒന്ന്. യാത്രകളില്‍ നിശ്ചിതത്വങ്ങളേക്കാള്‍ അനിശ്ചിതത്വങ്ങളുണ്ടെന്ന രവീന്ദ്രനടക്കമുള്ള യാത്രികര്‍ എഴുതിവെച്ചിട്ടുള്ള വരികള്‍ ഓര്‍ത്തുകൊണ്ട് ചെങ്കല്ല് സ്മാരകത്തിലേക്കുള്ള ആദ്യ ചുവട് വെക്കാന്‍ വീടുവിട്ടിറങ്ങാന്‍ തയ്യാറെടുത്തു.
എഴുത്തുകാരന്‍, ജേണലിസ്റ്റ്
Abdussalam
9 Jul 2020, 07:50 PM
Excellent 👍
Usman Irumpuzhi
9 Jul 2020, 06:25 PM
The reading experieas of this article is Amazing Usman Irumpuzhi
എസ്.എൻ.റോയ്
7 Jul 2020, 12:33 PM
യാത്ര ചെയ്യാൻ പറ്റാത്തതിൻ്റെ പൊറുതികേട് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു സമാനഹൃദയന് ഇതിൽപ്പരം സാന്ത്വനമെന്ത്? വലിയൊരു സഞ്ചാരിയുടെ ഓർമ്മകളിലൂടെ സഞ്ചാരത്തിൻ്റെ പടവുകളിൽ അലഞ്ഞ് വിലപ്പെട്ട ചരിത്രരേഖകൾ കണ്ടെത്തുകയും സാധ്യമായ ഒരു മഴക്കാല യാത്രയിലൂടെ പ്രചോദിപ്പിക്കുകയും ചെയ്തതിന് നന്ദി! യാത്രകൾ ഓർക്കുവാനും അയവിറക്കുവാനും മാത്രമുള്ളതല്ല , അത് തുടർന്നുകൊണ്ടേയിരിയിരിക്കുവാനുള്ള നൈരന്തര്യ പ്രക്രിയയാണെന്നുമുള്ള ഉദ്ബോധനം കൂടിയാണ് ഈ നല്ല ലേഖനം. അഭിനന്ദനങ്ങൾ..!
എൻ മാധവൻ കുട്ടി
6 Jul 2020, 11:46 PM
രവിയോടു നീതിപുലർത്തുക എന്നതു എളുപ്പമല്ല. .അതിൽ വിജയിച്ചതിനു അഭിനന്ദനവും പെരുത്തു നന്ദിയും. ചിന്തകന്റെ ഉള്ളറിഞ്ഞു ഉള്ളിൽതട്ടുന്ന എഴുത്തു..
പി ജെ. മാത്യു
5 Jul 2020, 08:24 PM
നാരങ്ങാകുണ്ടു ലെമൺ വാലി ആയത് കണ്ടു മനസ്സിടിഞ്ഞു. മലയാളം മലയാളിത്തം ഇനി എത്ര കാലം?
PJJ Antony
5 Jul 2020, 02:00 PM
കോവിഡ് കെടുത്തിയ നാളുകളിൽ ചിന്ത രവിയെ മുസാഫിർ അഹമ്മദ് ഓർക്കുന്നത് വായിക്കാൻ പ്രിയപ്പെട്ടു. ഇനി അടുത്തൊരു യാത്ര എന്നെന്ന് ആശങ്കപ്പെട്ടിരിക്കുന്ന ഒരാളാണ് ഞാനും. രാത്രി കാവൽക്കാരനെപ്പോലെ കോവിഡ് നീങ്ങിയ പുലരി കാത്തിരിക്കുന്നു. മുസഫറിന്റെ സഞ്ചാരക്കുറിപ്പുകളെല്ലാം ഏതൊക്കെയോ വിധത്തിൽ അനന്തതയെ സ്പര്ശിക്കുന്നതും പ്രത്യാശകളെ ദീപ്തമാക്കുന്നതുമാണ്. ആ ഔഷധഗുണം ഇതിലുമുണ്ട്. മനോഹരം. നന്ദി.
Lakshmanan Kasthuri
5 Jul 2020, 11:45 AM
ഓരോ ദിവസവും കടന്നുപോകുമ്പോൾ കാലങ്ങൾ കുറിച്ചു വെക്കുന്ന പല വരികളുമാണ് കാണാൻ കഴിയുന്നത്
Dr. U shamla
4 Jul 2020, 08:39 PM
വളരെ നന്നായിട്ടുണ്ട്. ലെ കൊറോണ എന്ന ഹോട്ടൽ നാമവും പാറേമ്മാക്കൽ തോമാ കത്തനാരുടെ ക്വാറൻ്റൈൻ പ്രയോഗവും കൗതുകകരം തന്നെ. ഇനി എന്നാവും മനുഷ്യൻ ഭയാശങ്കകളില്ലാതെ യാത്ര കയക്കായൊരുങ്ങുക?
Tk. Muralidharan
4 Jul 2020, 08:18 PM
അടുത്തിരുന്നു സംസാരിക്കും പോലെ...സ്നേഹമുള്ള എഴുത്ത്.
ദീദി ദാമോദരന്‍
Mar 27, 2023
3 Minutes Read
ദീപന്‍ ശിവരാമന്‍
Mar 10, 2023
17 Minutes Watch
Laila Saein
13 Jul 2020, 03:08 PM
Beautiful narration, gently nudging the reader to go beyond our normal lives.