വർഗീയതക്കെതിരെ ഒരു വട്ടിയൂർക്കാവ് മാതൃക

Election Desk

വോട്ടുബാങ്കുതിയറികളെ പൊളിച്ചുകൊടുത്ത മണ്ഡലമാണ് വട്ടിയൂർക്കാവ്. നായർ സമുദായക്കാർ ഭൂരിപക്ഷമുള്ളതിനാൽ, നായർ വോട്ടുബാങ്കാണ് ജയപരാജയങ്ങൾ തീരുമാനിക്കുക എന്ന ഒരു "അലിഖിത ജനവിധി' മാധ്യമങ്ങളുടെയും മുന്നണികളുടെയും അബോധത്തിൽ പ്രവർത്തിക്കുന്ന മണ്ഡലമാണിത്. എന്നാൽ, ഈഴവ- ദളിത് സമുദായക്കാരും ക്രൈസ്തവരുമെല്ലാം ആനുപാതികമായി ഇവിടെയുണ്ട്. ഇവരെല്ലാം അതാതു സമുദായങ്ങൾക്കല്ല കൃത്യമായി വോട്ടുചെയ്തുവരുന്നത് എന്ന് കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലെ കണക്കുകൾ നോക്കിയാലറിയാം.

2011ൽ കോൺഗ്രസിലെ കെ. മുരളീധരൻ എൽ.ഡി.എഫ് സ്വതന്ത്രൻ ചെറിയാൻ ഫിലിപ്പിനെ 16,167 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തോൽപ്പിച്ചത്. ബി.ജെ.പി സ്ഥാനാർഥിയായിരുന്ന വി.വി. രാജേഷിന് കിട്ടിയത് 13,494 വോട്ട്. യു.ഡി.എഫ്- 56,531, എൽ.ഡി.എഫ്- 40,364, ബി.ജെ.പി- 13,494 വോട്ടുവീതമാണ് നേടിയത്.

2016ൽ ബി.ജെ.പിയുടെ കുമ്മനം രാജശേഖരനെതിരെ മുരളീധരന്റെ ഭൂരിപക്ഷം 7622 വോട്ടായി കുറഞ്ഞു. സി.പി.എമ്മിലെ ടി.എൻ. സീമ മൂന്നാം സ്ഥാനത്തായി. യു.ഡി.എഫ്- 51,322, എൻ.ഡി.എ- 43,700, എൽ.ഡി.എഫ്- 40,441 വോട്ടുവീതമാണ് നേടിയത്.

ഈ കണക്ക് 2019ലെ ഉപതെരഞ്ഞെടുപ്പിൽ കൗതുകകരമായ അട്ടിമറിക്ക് വിധേയമായി. സി.പി.എമ്മിലെ വി.കെ. പ്രശാന്ത് 14,465 വോട്ടിന്റെ ഭൂരിപക്ഷത്തിന് കോൺഗ്രസിലെ കെ. മോഹൻകുമാറിനെ തോൽപ്പിച്ചു. മൂന്നുവർഷം മുമ്പു നടന്ന തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനം നേടിയ എൻ.ഡി.എ മൂന്നാം സ്ഥാനത്തായെന്നു മാത്രമല്ല, വോട്ട് ഷെയറിൽ വൻ ഇടിവുണ്ടാകുകയും ചെയ്തു. എൽ.ഡി.എഫ്- 54,830, യു.ഡി.എഫ്- 40,365, ബി.ജെ.പി- 27,453 വോട്ടുവീതമാണ് നേടിയത്. സി.പി.എമ്മിന് 14.46 ശതമാനം വോട്ടിന്റെ വർധനയുണ്ടായപ്പോൾ ബി.ജെ.പിക്ക് 10.3 ശതമാനവും കോൺഗ്രസിന് 5.23 ശതമാനവും വോട്ട് കുറഞ്ഞു.

2016ൽ മൂന്നാം സ്ഥാനത്തായിരുന്ന എൽ.ഡി.എഫ് 2019ലെ ഉപതെരഞ്ഞെടുപ്പിൽ ജയിച്ചുകയറിയതിന് കാരണങ്ങളേറെയാണ്. കോർപറേഷൻ മേയറായിരുന്ന വി.കെ. പ്രശാന്തിനെയാണ് മണ്ഡലം തിരിച്ചുപിടിക്കാൻ നിയോഗിച്ചത്. യൗവനത്തിന്റെ പ്രസരിപ്പും വികസന രാഷ്ട്രീയത്തിലൂന്നിയ പ്രചാരണവും, വർഗീയമായ വോട്ടുകേന്ദ്രീകരണത്തെ തടുത്തുനിർത്തി. ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ജയിച്ചത് ആർ.എസ്.എസ് വോട്ടുകൊണ്ടാണെന്ന് ഇപ്പോൾ മുരളീധരൻ പറയുന്നുണ്ടെങ്കിലും അത് തെളിവുകളില്ലാത്ത ആരോപണം മാത്രമാണ്. സ്ഥാനാർഥികൾക്കുണ്ടാക്കാൻ കഴിഞ്ഞ വ്യക്തിപരമായ സ്വാധീനത്തിനും അവരുയർത്തുന്ന രാഷ്ട്രീയത്തിനും വോട്ടുഷെയറിനെ ഗണ്യമായി സ്വാധീനിക്കാൻ കഴിയുമെന്നാണ് വട്ടിയൂർക്കാവ് തെളിയിച്ചത്. 2011, 2016, 2019 തെരഞ്ഞെടുപ്പുകളിൽ എൻ.ഡി.എയുടെ വോട്ടുകൾ യഥാക്രമം ഇങ്ങനെയായിരുന്നു: 13,494, 43,700, 27,453. സ്ഥിരമായ ഒരു വോട്ടുബാങ്ക് വട്ടിയൂർക്കാവിൽ ഇല്ല എന്നാണ് ഈ കണക്ക് കാണിക്കുന്നത്. സ്ഥാനാർഥിയുടെ വർഗീയ പ്രതിച്ഛായക്കൊപ്പം ഏറ്റക്കുറച്ചിലുകൾക്ക് വിധേയമാകുന്ന ദുർബലമായ അവസ്ഥയിലാണ് യഥാർഥത്തിൽ ബി.ജെ.പി. മത്സരം രാഷ്ട്രീയമായി വഴിതിരിച്ചുവിടാൻ എൽ.ഡി.എഫിനും യു.ഡി.എഫിനും കഴിഞ്ഞാൽ, വർഗീയതക്കെതിരെയായിരിക്കും വട്ടിയൂർക്കാവ് വോട്ടുചെയ്യുക. ആ അർഥത്തിൽ വി.കെ. പ്രശാന്ത് എൽ.ഡി.എഫിന് അവതരിപ്പിക്കാവുന്ന മികച്ച സ്ഥാനാർഥിയാണ്. യു.ഡി.എഫ് സ്ഥാനാർഥിയായ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ്. നായർക്കും പുതുമുഖമെന്ന നിലക്ക് എല്ലാ വിഭാഗങ്ങളിൽനിന്നും പിന്തുണ നേടിയെടുക്കാനുള്ള അവസരങ്ങളുണ്ട്. മികച്ച മത്സരം കാഴ്ചവെക്കാനാകുമെങ്കിലും വീണക്ക് പ്രശാന്തിന്റെ വിജയസാധ്യതക്ക് വലിയ വെല്ലുവിളി ഉയർത്താനാകില്ലെന്നാണ് ഇപ്പോഴത്ത സൂചനകൾ.

2011ൽ മൂന്നാം സ്ഥാനത്തായിരുന്ന വി.വി. രാജേഷാണ് ഇത്തവണയും എൻ.ഡി.എ സ്ഥാനാർഥി. ബി.ജെ.പി വലിയ പ്രതീക്ഷയോടെ മത്സരിക്കുന്ന മണ്ഡലം. സുരേഷ് ഗോപി അടക്കമുള്ള പ്രമുഖരുടെ പേര് വട്ടിയൂർക്കാവിനുമുകളിൽ വട്ടമിട്ടുപറന്നുനടന്നിരുന്നു ദിവസങ്ങളോളം. ഒടുവിലാണ് രാജേഷിന്റെ പേര് വീണത്.

2019- നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ കക്ഷിനില.

അതിനിടെ, നെടുമങ്ങാടും വട്ടിയൂർക്കാവിലും വോട്ടർപട്ടികയിൽ വി.വി. രാജേഷിന്റെ പേരുണ്ടെന്നാരോപിച്ചും അദ്ദേഹത്തിനെ മത്സരിക്കുന്നതിൽനിന്ന് വിലക്കണമെന്നാവശ്യപ്പെട്ടും യൂത്ത് കോൺഗ്രസ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ട്. വട്ടിയൂർക്കവിൽ രണ്ടിടത്തും നെടുമങ്ങാട് ഒരിടത്തുമാണത്രേ രാജേഷിന്റെ പേരുള്ളത്.

തിരുവനന്തപുരം നോർത്ത് 2011ലാണ് വട്ടിയൂർക്കാവ് ആയത്. കുടപ്പനക്കുന്ന്, വട്ടിയൂർക്കാവ് പഞ്ചായത്തുകളും കോർപറേഷന്റെ 13, 15 മുതൽ 25 വരെയും 31 മുതൽ 36 വരെയും വാർഡുകളും അടങ്ങിയ മണ്ഡലം.

കെ. കരുണാകരനോടൊപ്പം കോൺഗ്രസ് വിട്ട മുരളീധരൻ 2011ലാണ് കോൺഗ്രസിൽ തിരിച്ചെത്തിയത്. അതേ വർഷം നടന്ന തെരഞ്ഞെടുപ്പിലാണ് പാർട്ടി അദ്ദേഹത്തെ വട്ടിയൂർക്കാവിലേക്ക് നിയോഗിച്ചത്. ചെറിയാൻ ഫിലിപ്പിനെയാണ് തോൽപ്പിച്ചത്. 2016ലും ജയം ആവർത്തിച്ചു. 2019ൽ ലോക്‌സഭാംഗമായതിനെതുടർന്ന് കെ. മുരളീധരൻ എൽ.എൽ.എ സ്ഥാനം രാജിവെച്ചപ്പോഴായിരുന്നു ഉപതെരഞ്ഞെടുപ്പ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനായിരുന്നു ലീഡ്. ബി.ജെ.പി രണ്ടാം സ്ഥാനത്തും സി.പി.എം മൂന്നാം സ്ഥാനത്തുമായി. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ഒന്നാമതായി. എൻ.ഡി.എ തന്നെയായിരുന്നു രണ്ടാം സ്ഥാനത്ത്. എൽ.ഡി.എഫിന് 37,628, യു.ഡി.എഫിന് 27,191, എൻ.ഡി.എക്ക് 34,780 വോട്ടുകൾ വീതമാണ് ലഭിച്ചത്.

ബി.ജെ.പിയെയും സി.പി.എമ്മിനെയും ഒരേ പോലെ നേരിടാൻ തക്ക കരുത്തുള്ള നേതാക്കളെയാണ് ആദ്യം കോൺഗ്രസ് പരിഗണിച്ചത്. പി.സി. വിഷ്ണുനാഥ്, ജ്യോതി വിജയകുമാർ തുടങ്ങിയവരുടെ പേരുകളുയർന്നുവന്നു. ഇതോടൊപ്പം, പ്രദേശിക എതിർപ്പും രൂക്ഷമായി. കെ.പി. അനിൽകുമാറിന്റെ പേര് പരിഗണിക്കുന്നതിനെതിരെ രാജിഭീഷണി മുഴക്കിയ മണ്ഡലം കോൺഗ്രസ് കമ്മിറ്റി, പി.സി. വിഷ്ണുനാഥിനെയും അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ചു. ഇതേതുടർന്നാണ് ഒത്തുതീർപ്പുസ്ഥാനാർഥിയായി വീണ വന്നത്.


Comments