‘മലയാളത്തിൽ പ്രസാധകർ കോപ്പിറൈറ്റ് ലംഘനം നടത്തുന്നു'

മലയാളത്തിൽ പകർപ്പവകാശമില്ലാത്ത മാർകേസ് കൃതികൾ പ്രചാരത്തിലുണ്ടായിരുന്നു എന്നതാണ് സത്യം

Truecopy Webzine

ലയാളത്തിൽ പ്രസാധകരുടെ ഭാഗത്തുനിന്ന് കോപ്പിറൈറ്റ് ലംഘനം നടക്കുന്നതായി പ്രമുഖ റൈറ്റ്‌സ് കൺസൽട്ടന്റും പ്രസാധനകനുമായ വി.സി. തോമസ്. ‘ഇന്ത്യൻ ഇംഗ്ലീഷ് ബെസ്റ്റ് സെല്ലറു'കളുടേതു പോലെ ഇവിടെ പ്രമുഖ മലയാള പുസ്തകങ്ങളുടെ പൈറേറ്റഡ് പതിപ്പുകൾ വിപണിയിൽ ഇല്ല. ഇവിടെ നടക്കുന്നത് പ്രസാധകരുടെ ഭാഗത്തുനിന്നുള്ള കോപ്പിറൈറ്റ് ലംഘനങ്ങളാണ്. ഏക പക്ഷീയമായ പ്രസാധന ഉടമ്പടികളാണ് നിലവിലുള്ളത്. അവ ഒരു കോടതിയിലും നിലനിൽക്കില്ല എന്ന സത്യം മനസ്സിലാക്കുന്ന എഴുത്തുകാർ കുറവാണ്- ട്രൂ കോപ്പി വെബ്‌സീനിൽ അദ്ദേഹം എഴുതുന്നു.

പല വിവർത്തന കൃതികളുടെയും ഇ- ബുക്കുകൾ അനുവാദമില്ലാതെ പ്രസാധകർ പ്രചരിപ്പിക്കുന്നവയാണ് എന്നതിന് ധാരാളം തെളിവുണ്ട്. എഴുത്തുകാർക്ക് പ്രസാധന മേഖലയുടെ ഉളളുകള്ളികളെപ്പറ്റിയും, കുത്തകവൽക്കരണത്തിന്റെ അപകടങ്ങളെപ്പറ്റിയും വ്യക്തമായുളള ധാരണയില്ല. ഇതുമൂലം പലപ്പോഴും എഴുത്തുകാർക്ക് ‘പ്രസാധക ദാസന്മാ'രായി കഴിയേണ്ടിവരുന്നു.

2020 ൽ മലയാള പ്രസാധന രംഗത്ത് നടന്ന ഒരു പ്രധാന സംഭവം ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ 11 കൃതികളുടെ മലയാള വിവർത്തനങ്ങളുടെ ലേലം ആയിരുന്നു. പകർപ്പവകാശ ലംഘനങ്ങളെ തുടർന്ന് 2016 ൽ മാർകേസിന്റെ കൃതികളുടെ മലയാള പ്രസാധനം നിറുത്തലാക്കിയിരുന്നു. 2019 ലെ ഫ്രാങ്ക്ഫർട്ട് ബുക്ക് ഫെയറിൽ മാർകേസിന്റെ ലിറ്റററി ഏജന്റായ കാർമെൻ ബൽസിൽസ്, ബാർസിലോണ ഔദ്യോഗികമായി ഓഫറുകൾ ക്ഷണിച്ചു. 2019 ലെ ഷാർജ ബുക്ക് ഫെയറിൽ അവർ കൂടുതൽ മലയാള പ്രസാധകരെ ടെൻഡറിലേക്ക് ക്ഷണിച്ചു. 25,000 യു.എസ് ഡോളറിനു മുകളിൽ അഡ്വാൻസ് നൽകിയാണ് 11 പുസ്തകങ്ങളുടെ മലയാള വിവർത്തന കരാർ ഉറപ്പിക്കുന്നത്. ഇത് വലിയ വാർത്തയാകേണ്ട സംഗതിയാണ്. മലയാളത്തിൽ പകർപ്പവകാശമില്ലാത്ത മാർകേസ് കൃതികൾ പ്രചാരത്തിലുണ്ടായിരുന്നു എന്നതാണ് സത്യം- വി.സി. തോമസ് എഴുതുന്നു.

മലയാളത്തിൽ ഇനി വരാനിരിക്കുന്നത് Biblio Diversity യുടെ കാലമാണ്. കൂടുതൽ പുസ്തകങ്ങൾ, മികച്ച പുസ്തകങ്ങൾ, നന്നായി എഡിറ്റ് ചെയ്ത പുസ്തകങ്ങൾ, മികച്ച രീതിയിൽ നിർമിച്ച പുസ്തകങ്ങൾ. ആമസോണിന്റെ ഉടമസ്ഥതയിലുള്ള വെസ്റ്റ്‌ലാൻഡ് മലയാളത്തിൽ പ്രസാധനം ആരംഭിച്ചു.

പുസ്തകവിൽപനയുടെ മുകളിലുളള സ്ഥാപനവൽകൃതമായ കുത്തകസ്വഭാവം തകർന്നുതുടങ്ങിയിരിക്കുന്നു. ഇന്ന് മലയാള പുസ്തക വിൽപന 70 ശതമാനത്തിലധികം ഓൺലൈൻ ആയാണ് സംഭവിക്കുന്നത്. അതിലെ ഭൂരിഭാഗവും ആമസോൺ ആണ് ‘കേറ്റർ' ചെയ്യുന്നത്. പുസ്തകത്തിന്റെ അച്ചടി പ്രിന്റ് ഓൺ ഡിമാൻഡ് ആയി. അതിനാൽ, വ്യവസ്ഥാപിത പ്രസാധകന്റെ റോൾ ചുരുങ്ങി. 500 കോപ്പികൾ ഓൺലൈൻ ആയി വിൽക്കാൻ കഴിഞ്ഞാൽ പരമ്പരാഗത പ്രസാധകർ 2000 കോപ്പി വിറ്റാൽ നൽകുന്ന റോയൽറ്റി പുസ്തകം ഇറങ്ങുന്നതോടെ നൽകാൻ കഴിയുന്ന ഒരു പദ്ധതി താൻ വികസിപ്പിച്ചിട്ടുണ്ടെന്നും തോമസ് എഴുതുന്നു.

ട്രൂ കോപ്പി വെബ്‌സീൻ പാക്കറ്റ്​ 30ൽ വായിക്കാം,
‘എഴുത്തുകാരെ ‘പ്രസാധക ദാസർ' ആക്കുന്ന
വിചിത്ര മലയാളം'- വി.സി. തോമസ്

Comments