‘‘ചെറോണയുടെയും അയ്യപ്പന്റെയും മകന്റെ ജീവിതസമരം'' എന്ന ഉപശീർഷകം ഉള്ളതുകൊണ്ടാവാം എം. കുഞ്ഞാമന്റെ ‘എതിര്' എന്ന കൃതി ഒരു വ്യക്തിയുടെ ജീവിതകഥയായി മാത്രം ശ്രദ്ധിക്കപ്പെടുന്നത്. ഞാനും അങ്ങനെ തന്നെയാണ് കരുതിയത്-ഒരു ആത്മകഥ, വെറും കൗതുകത്തോടെ വായിച്ചുപോകാവുന്ന ഒന്ന്. അന്യന്റെ ജീവിതത്തിലേക്ക്, അനുവാദത്തോടെയുള്ള ഒരു ഒളിഞ്ഞുനോട്ടം.
കേരളത്തിലെ സർവകലാശാലാ അദ്ധ്യാപനരംഗത്തേക്ക് കടന്നുവന്ന ആദ്യകാലങ്ങളിൽ ഞാൻ പരിചയപ്പെട്ട അദ്ധ്യാപകൻ എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ ഒരു പുസ്തകം വായിക്കുന്നു, കേരള സമൂഹത്തിന്റെ വികസനഗർവ്വിനെ, പാർശ്വവൽക്കരിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ കാഴ്ചപ്പാടിൽനിന്നുകൊണ്ട് വിമർശിക്കുന്ന ഒരു കൃതി, എന്ന ചിന്തയോടെയാണ് പുസ്തകം കയ്യിലെടുത്തത്. എന്നാൽ ഈ കൃതി അതൊന്നുമല്ല, ഗൗരവമർഹിക്കുന്ന സാമ്പത്തിക-സാമൂഹിക-ധാർമിക വികസനചിന്തകൾ ആവശ്യപ്പെടുന്ന അക്കാദമികകൃതിയാണ് എന്ന് തിരുത്തപ്പെടാൻ അധികസമയം വേണ്ടിവന്നില്ല. വളരെയധികം ചർച്ചയും സംവാദങ്ങളും ആവശ്യപ്പെടുന്ന കുറെയധികം ചിന്തകൾ ഈ കൃതിയിൽ ഉടനീളമുണ്ട്.
ജീവിതാനുഭവം ഒരു അടഞ്ഞ പുസ്തകമല്ല
ആത്മകഥാപരമായി രചിക്കപ്പെടുന്ന ‘എത്‌നോഗ്രാഫികൾ' ഉത്തരാധുനികതയുടെ വിമർശനങ്ങൾക്ക് ബദൽ എന്ന നിലയിൽ, ഒരു രീതിശാസ്ത്രമായി, ആത്മാന്വേഷണപരമായ അന്വേഷണത്തിനൊടുവിലെ അന്തിമോൽപ്പന്നമായി, നരവംശശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ മുന്നോട്ടുവയ്ക്കപ്പെട്ടിട്ടുണ്ട്. 1982 ൽ വിക്ടർ ടർണർ എന്ന വിഖ്യാത നരവംശശാസ്ജ്ഞൻ ‘അനുഭവത്തിന്റെ നരവംശശാസ്ത്രം’ എന്ന ശാഖയുടെ തുടക്കത്തിന് കാരണക്കാരനായി. സാമൂഹ്യശ്രേണികളെ അടഞ്ഞതും സ്ഥായീസ്വഭാവമുള്ളതുമായിക്കണ്ട ‘സ്ട്രക്ചറൽ-ഫങ്ഷനൽ’ സിദ്ധാന്തത്തിന് വെല്ലുവിളിയായിട്ടാണ് ഈ തുടക്കം. അതിനും മുൻപ് 1976-ൽ വിൽഹ്എം ഡിൽതെയ് (Wilhelm Dilthey) എഴുതിയിട്ടുണ്ട്; ആന്തരീകാനുഭവങ്ങൾ നമുക്കു തരുന്ന പ്രജ്ഞയുടെ വസ്തുതകളിൽ മാത്രമാണ് യാഥാർഥ്യം നിലനിൽക്കുന്നതെന്ന്. അനുഭവമാണ് ആദ്യം ഉണ്ടാകുന്നത്, ഡിൽതെയുടെ കണ്ണിൽ നമ്മെ സ്പർശിക്കുന്നതും നാം പ്രതീക്ഷിക്കുന്നതുമൊക്കെ അനുഭവമാണ്, വളരെ വ്യക്തിപരമായ ഒന്ന്. നമ്മുടെ പ്രവൃത്തികളും വികാരവിചാരങ്ങളും അവയെക്കുറിച്ചുള്ള നമ്മുടെ സ്വയം
ഗൗരവമർഹിക്കുന്ന സാമ്പത്തിക-സാമൂഹിക-ധാർമിക വികസനചിന്തകൾ ആവശ്യപ്പെടുന്ന അക്കാദമികകൃതിയാണിത്. വളരെയധികം ചർച്ചയും സംവാദങ്ങളും ആവശ്യപ്പെടുന്ന കുറെയധികം ചിന്തകൾ ഈ കൃതിയിൽ ഉടനീളമുണ്ട്
വിലയിരുത്തലുകളുമെല്ലാം ‘അനുഭവം' എന്ന പദത്തിനുള്ളിൽ ഒതുക്കാം. ഒരു വ്യക്തിയുടെ ഇടുങ്ങിയ അനുഭവപരിസരത്തെ വ്യാഖ്യാനങ്ങൾ കൊണ്ട് മറികടക്കുന്നതിനെക്കുറിച്ചു ഡിൽതെയ് പറയുന്നുണ്ട്.
ജീവിച്ച ജീവിതവും (life as lived/reality), അനുഭവിച്ച ജീവിതവും (life as experienced/experience), വ്യാഖ്യാനിക്കുന്ന ജീവിതവുമുണ്ട് (expression). ചില അനുഭവങ്ങൾ മറ്റുള്ളവരോടു പറയാൻ കഴിയാത്തത്ര തീവ്രമാവാം. മറ്റു ചില അനുഭവങ്ങൾ നമുക്കു മനസ്സിലാക്കാൻ കഴിയുന്നില്ല. ഇനിയും ചിലപ്പോൾ ആ അനുഭവങ്ങളെക്കുറിച്ചു സംസാരിക്കാനുള്ള വാക്കുകൾ ഉണ്ടാകണമെന്നില്ല. ജീവിതത്തിന്റെ അനുഭവം അത്രമേൽ സങ്കീർണമാണ്. ചിലർക്ക് ഈ സങ്കീർണത പതിന്മടങ്ങു കൂടിയിരിക്കും. അതിനെ ഒരു അടഞ്ഞ പുസ്തകമായി കാണാനാവില്ല. ജീവിതത്തിന്റെ അനുസ്യൂതമായ ഓർമകളുടെ ഒഴുക്കിൽനിന്ന് ഒരേട് തുടക്കവും മറ്റൊരേട് അവസാനവുമാക്കി ഒരു ചട്ടക്കൂടുണ്ടാക്കുമ്പോൾ അതിനു തീർച്ചയായും ഒരു ക്രമവും നിയതമായ രൂപവുമൊന്നും ഉണ്ടാകണമെന്നില്ല. എവിടെത്തുടങ്ങിയാലും അതു പിന്നീട് അനുഭവത്തിന്റെ ‘റഫറൻസ് പോയിന്റ്' എന്ന നിലയിൽ ഓർമകളിൽ, ചിന്തകളിൽ, വീണ്ടും വീണ്ടും പരോക്ഷമായോ അല്ലാതെയോ കടന്നുവന്നുകൊണ്ടേയിരിക്കും.
അവിശ്വസനീയമായ ഒരു ഓർമ
എം. കുഞ്ഞാമൻ എഴുതിത്തുടങ്ങുന്നത് ഒരു പ്രത്യേക ബിന്ദുവിൽ നിന്നോ ചരിത്രനിമിഷത്തിൽനിന്നോ ഒന്നുമല്ല, ഇരുട്ടു നിറഞ്ഞ ഒരു കാലത്തിൽനിന്നുമാണ്; ‘ഒന്ന് മറ്റൊന്നിനെ ഊട്ടിവളർത്തുന്ന' എന്ന് അദ്ദേഹം തന്നെ വിശേഷിപ്പിക്കുന്ന, കടുത്ത ദാരിദ്ര്യവും അടിച്ചമർത്തപ്പെടുന്ന ജാതിയും, അത് നൽകുന്ന പ്രത്യേക പ്രത്യയശാസ്ത്ര കാഴ്ചപ്പാടുകളും കുഞ്ഞാമന്റെ അനുഭവങ്ങൾക്കു ചട്ടക്കൂടാവുന്നു. ആ അനുഭവങ്ങളുടെ പൊളളിക്കുന്ന തീക്ഷ്ണത സാമ്പത്തികശാസ്ത്ര-രാഷ്ട്രീയ-സാമൂഹിക-വികസന മേഖലകളിലേക്ക് നിശിത വിമർശനമായിത്തീരുന്നു.
‘തലച്ചോറല്ല ശരീരത്തിന്റെ പ്രധാന അവയവം വയറാണ്, അതുകൊണ്ടുതന്നെ ഭക്ഷണം കഴിക്കാത്തവന് അഭിമാനം എന്നൊന്നില്ല' എന്ന കയ്‌പ്പേറിയ കാഴ്ചപ്പാടിലേക്ക് കൊണ്ടുചെന്നിച്ച ഒരു കാലം. പതിനാലാം വയസ്സിൽ മണ്ണിൽ കുഴിച്ച് കഞ്ഞിയൊഴിച്ചുതന്നപ്പോൾ ആ കഞ്ഞിക്കുവേണ്ടി തന്നോടു മൽസരിക്കാൻ വന്ന പട്ടിയോട് സ്വന്തം അവസ്ഥയിലുള്ള മറ്റൊരു ജീവിയോടുള്ള അനുതാപമാണ് തോന്നിയതെന്ന് എഴുതിയിരിക്കുന്നത് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി ഒരു ദശാബ്ദത്തിലേറെ കഴിഞ്ഞ ശേഷമുള്ള ഒരു കാലത്തെക്കുറിച്ചാണ്-1963ൽ നിന്നുളള ഒരു ഓർമ! ‘ഇത് നമ്മുടെ കേരളത്തിലോ' എന്ന് ഇന്നത്തെ തലമുറയിലുള്ളവർക്ക് അവിശ്വസനീയത തോന്നിയേക്കാം. ആ കഠിനമായ കാലത്തിന്റെ അനുഭവത്തിൽനിന്ന്
1963ൽ നിന്നുളള ഒരു ഓർമ! ‘ഇത് നമ്മുടെ കേരളത്തിലോ' എന്ന് ഇന്നത്തെ തലമുറയിലുള്ളവർക്ക് അവിശ്വസനീയത തോന്നിയേക്കാം
കുഞ്ഞാമൻ എന്ന ബാലൻ ഏറെ സഞ്ചരിച്ചു. പിന്തിരിഞ്ഞുനോക്കുന്നതിനൊപ്പം മുന്നിലേക്കും വിമർശനദൃഷ്ടിപായിക്കുന്നുണ്ട്. സാമൂഹ്യപ്രതിബദ്ധതയാണ് നിശിതമായ ഈ വിമർശനങ്ങൾക്കു കാരണമാവുന്നതെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഇത്തരമൊരു നോട്ടത്തിൽനിന്നാണ് സമൂഹത്തിൽ അടിസ്ഥാനമാറ്റം വരണമെങ്കിൽ സാമ്പത്തികാടിത്തറയിൽ മാറ്റമുണ്ടാവണം എന്ന അഭിപ്രായം രൂപപ്പെട്ടുവന്നത്.
‘മാർക്‌സിസവും അംബേദ്കറിസവും. ഇവ സമാന്തര ആശയങ്ങളാണ്, ഒരിക്കലും ഒന്നിക്കില്ല,..’; കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ദലിത് വിരുദ്ധസമീപനം (വിമർശന) അംബേദ്കറുമായി ബന്ധപ്പെട്ട് തുടങ്ങിയതാണ്. ‘അംബേദ്കറിന്റെ ക്യാൻവാസ് വിപുലമാണ്. അത് അടിച്ചമർത്തപ്പെടുന്ന അധഃകൃതന്റെ മോചനത്തിനുള്ളതായിരുന്നു. അതേസമയം, മാർക്‌സിസം ഒരിക്കലും വിമോചനശാസ്ത്രമല്ല. അത് മുതലാളിത്തത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള വിശകലനമാണ്. അതുകൊണ്ടുതന്നെ അതിന് ഒരു വിമോചനശാസ്ത്രമായി പരിണമിക്കാൻ കഴിഞ്ഞില്ല....’. ‘ഇടതുപക്ഷം വർഗ പ്രത്യയശാസ്ത്ര നിരപേക്ഷമാണ്.. അവർ ബൂർഷ്വാ പാർലമെന്ററി പാർട്ടികളാണ്. ഇടതുപക്ഷം ഒരു വർഗപക്ഷമല്ല. തിരഞ്ഞെടുപ്പിൽ മൽസരിക്കാനും അധികാരം പങ്കിടാനുമുള്ള സംവിധാനം മാത്രം. ഈ സംവിധാനത്തിന്റെ നേതൃത്വം കയ്യടക്കി വച്ചിരിക്കുന്നവർ... പ്രബലമായ സാമ്പത്തിക വിഭാഗത്തിൽനിന്നുള്ളവരാണ്.’- ഇങ്ങനെ, പ്രായോഗികതലത്തിലും സൈദ്ധാന്തികതലത്തിലുമുള്ള പ്രശ്‌നങ്ങളെ വിലയിരുത്തുന്നതിൽനിന്ന് വളരുന്ന ഒരു ജീവിതകാഴ്ചപ്പാട് കുഞ്ഞാമൻ ഈ കൃതിയിൽ വിശദമാക്കുന്നു. മാർക്‌സിസ്റ്റ് ചിന്തകയായിരുന്ന റോസ ലക്‌സംബർഗ് പറഞ്ഞതുപോലെ ശരിയായ സ്വാതന്ത്ര്യം വിയോജിക്കാനുള്ള അവകാശമാണ് എന്ന് വിശ്വസിക്കുന്ന അദ്ദേഹം ആ വിയോജിപ്പിനുള്ള സ്വാതന്ത്ര്യം ശരിയായി വിനിയോഗിക്കാനുള്ള അടിത്തറ പാകുന്നതിനുള്ള ഒന്നായാണ് വിദ്യാഭ്യാസത്തെ കാണുന്നത്. ഇതാണ് അദ്ദേഹത്തിന്റെ വിദ്യാർഥി രാഷ്ട്രീയത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ വായിച്ചെടുക്കാവുന്നത്. അതേപ്പറ്റിയുള്ള ചിന്തകൾ ഇങ്ങനെ: ഒരു കാലത്ത് കാമ്പസ് രാഷ്ട്രീയ വിജ്ഞാനരാഷ്ട്രീയമായിരുന്നു പ്രായോഗിക മുഖ്യധാര രാഷ്ട്രീയത്തിന് കരുത്തും ദിശാബോധവും നൽകിയിരുന്നു അത്. ‘ഇന്ന് മുഖ്യധാരാപാർട്ടികൾ വിദ്യാർഥിസംഘടനകളോട് സമരം ചെയ്യാൻ പറയുകയാണ്, വിദ്യാർഥി രാഷ്ട്രീയം എന്നാൽ ആക്രമമല്ല, അത് കത്തിയും കഠാരയും കൊണ്ടുള്ള കളിയല്ല, ആശയസമരമാണ്. അവയെ രാഷ്ട്രീയപാർട്ടികളല്ല നിയന്ത്രിക്കേണ്ടത്. കാമ്പസ് രാഷ്ട്രീയം വ്യത്യസ്തമായിരിക്കണം. വളരെ ഉയർന്ന സൈദ്ധാന്തിക-ധൈഷണിക ചർച്ചകളാണ് കാമ്പസിൽ വളരേണ്ടത്’
സർവകലാശാലകൾ എങ്ങനെയായിരിക്കണം?
‘വിജ്ഞാനം ചിന്താഗതിയെ രൂപപ്പെടുത്താൻ സഹായിക്കുന്നുണ്ടോ?’
ഈ ചോദ്യം വളരെ പ്രസക്തമാകുന്നത് വിജ്ഞാനത്തിനല്ല, ചിന്തക്കാണ് പ്രാധാന്യം എന്നതുകൊണ്ടാണ്. ആ ചിന്തകളെ വളർത്താനുള്ള ഇടമാണ് സർവകലാശാലകൾ എന്നതിനാലാവാം അവ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് കുഞ്ഞാമൻ ഗൗരവമായി പ്രതിപാദിക്കുന്നത്. പോരെങ്കിൽ സർവകലാശാലയിലെയും യു. ജി. സി യിലെയും അനുഭവപരിചയവും അദ്ദേഹത്തെ വഴികാട്ടുന്നുണ്ടാവണം. ആ ചിന്തകൾ ഇങ്ങനെ ക്രോഡീകരിക്കാം: ‘വിജ്ഞാനത്തിന്റെ സാർവലൗകികതയ്ക്കു വേണ്ടിയായിരിക്കണം സർവകലാശാലകൾ നിലകൊള്ളേണ്ടത്. അവ നാളേക്കുള്ള സ്ഥാപനങ്ങളാണ്. ഇന്ന് നാം അംഗീകരിക്കാത്തതും ഇഷ്ടപ്പെടാത്തതുമായ ആശയങ്ങൾ അവിടെ വളർന്നുവരും. സ്ഥലകാലപരിമിതികൾക്കപ്പുറത്തു നിൽക്കുന്ന ആശയങ്ങളാണ് സർവകലാശാലകൾ സൃഷ്ടിക്കേണ്ടത്, അവയേ
റോസ ലക്‌സംബർഗ് പറഞ്ഞതുപോലെ ശരിയായ സ്വാതന്ത്ര്യം വിയോജിക്കാനുള്ള അവകാശമാണ് എന്ന് വിശ്വസിക്കുന്ന അദ്ദേഹം ആ വിയോജിപ്പിനുള്ള സ്വാതന്ത്ര്യം ശരിയായി വിനിയോഗിക്കാനുള്ള അടിത്തറ പാകുന്നതിനുള്ള ഒന്നായാണ് വിദ്യാഭ്യാസത്തെ കാണുന്നത്
നിലനിൽക്കുകയുള്ളൂ...സർവകലാശാലകൾ സൃഷ്ടിക്കേണ്ടത് പണ്ഡിതന്മാരെയും ചിന്തകരെയും വിമർശകരെയുമാണ്'.
ഇപ്പോഴത്തെ പ്രശ്‌നം അപഗ്രഥിക്കുന്നതിങ്ങനെ: ‘മുദ്രാവാക്യത്തൊഴിലാളികളെ സൃഷ്ടിക്കാനുള്ള ഒരിടമായി സർവകലാശാലകൾ മാറി, അതുകൊണ്ടുതന്നെ അവിടെ ചിന്തകൾ ഉണ്ടാകുന്നില്ല. അധികാരം പിടിക്കാൻ പഠിപ്പിക്കുന്ന സ്ഥലമല്ല സർവകലാശാല. അധികാരത്തെ എതിർക്കാൻ പഠിപ്പിക്കുന്ന സ്ഥലമാണ്. അധികാരത്തെ ആദരിക്കുന്നൊരു സമൂഹം നാശോന്മുഖമാണ്. അതിനു നിലനിൽക്കാനും മുന്നോട്ടുപോകാനും അർഹതയില്ല’. ‘സവർണ വർഗീയതയെ അവർണ വർഗീയതകൊണ്ട് അല്ലെങ്കിൽ മേലാള വർഗ്ഗീയതയെ കീഴാള വർഗീയതകൊണ്ട് എന്ന മട്ടിലാകരുത് രാഷ്ട്രീയ പ്രതികരണം... നിർദ്ധനവിഭാഗങ്ങൾക്കും വ്യക്തികൾക്കും അനുകൂലമായ രീതിയിലുള്ള സാമൂഹിക-സാമ്പത്തികപരിണാമപ്രക്രിയയെക്കുറിച്ച് ചിന്തിക്കുന്നതിനുള്ള ഉത്തരവാദിത്തം ആരോടും വിധേയത്വമില്ലാത്തൊരു സ്വതന്ത്രബുദ്ധിജീവിവിഭാഗം ഏറ്റെടുക്കണം.' ഇത്തരമൊരു സ്വതന്ത്രബുദ്ധിജീവിവിഭാഗത്തെ വളർത്തിയെടുക്കേണ്ട കാമ്പസുകളിൽ രാഷ്ട്രീയനതാക്കളെയും മത-സാമുദായികനേതാക്കളെയും വക്താക്കളെയും പ്രവേശിപ്പിക്കരുത്, കാമ്പസ് രാഷ്ട്രീയം പാർട്ടിരാഷ്ട്രീയമാകരുത്, രാഷ്ട്രീയസിദ്ധാന്തവും ചിന്തയും ഗഹനമായി പഠിച്ച് ചർച്ച ചെയ്യണം, ഇങ്ങനെ പോകുന്നു കുഞ്ഞാമന്റെ അഭിപ്രായങ്ങൾ.
അധികാരം തന്നെയാണ് പ്രശ്‌നം
‘യാഥാർഥ്യം അംഗീകരിക്കാനുള്ളതല്ല, മാറ്റാനുള്ളതാണ്' എന്ന വ്യക്തമായ നിലപാടു വെളിപ്പെടുത്തുന്ന കുഞ്ഞാമൻ അധികാരവും അച്ചടക്കവും തമ്മിൽ ഒരു കലഹവും കാണുന്നില്ല എന്നത് ശ്രദ്ധേയമാണ്.
‘അധികാരംതന്നെയാണ് പ്രശ്‌നം' എന്ന് നോം ചോംസ്‌കിയുടെ ‘ഡെമൊക്രസി ഓഫ് പവർ' എന്ന കൃതിയെ അധികരിച്ച് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. എന്നാൽ ‘പവർ കറപ്റ്റ്‌സ് ആന്റ് ആബ്‌സൊല്യൂട്ട് പവർ കറപ്റ്റ്‌സ് ആബ്‌സല്യൂട്ട്‌ലി' എന്ന് പറയുകയാണെന്ന് തിടുക്കത്തിൽ അനുമാനിക്കേണ്ടതില്ല: ‘അധികാരകേന്ദ്രീകരണമല്ല പ്രശ്‌നം, അധികാരത്തിന്റെ വികേന്ദ്രീകരണമല്ല പരിഹാരം, അധികാരം തന്നെയാണ് പ്രശ്‌നം' എന്നാണ് കുഞ്ഞാമനു പറയാനുള്ളത്.
വിവേചനമില്ലാത്ത ഒരു സാമൂഹികവ്യവസ്ഥിതിക്കുവേണ്ടിയുള്ള വിദ്യാഭ്യാസം, അതിനുവേണ്ടിയുള്ള രാഷ്ട്രീയം, ആ രാഷ്ട്രീയത്തിന് ഉയർന്ന സൈദ്ധാന്തിക-ധൈഷണിക കാഴ്ചപ്പാടു നൽകാൻ കഴിയുന്ന യുവതയെ വാർത്തെടുക്കുന്ന വിദ്യാഭ്യാസവും സ്വതന്ത്രചിന്തയും- കുഞ്ഞാമൻ ആവശ്യപ്പെടുന്നത് ഇതാണ്. വർഗ്ഗപരമായ ചട്ടക്കൂടിനകത്തുനിന്ന് ഇടതുപക്ഷത്തിന് ഇതിന്റെ ചാലകശക്തിയാകാൻ കഴിയും എന്ന് ഇടതുപക്ഷ നേതൃത്വത്തിന്റെ പരിമിതികളെ എടുത്തുകാണിക്കുമ്പോഴും വിശ്വസിക്കുന്നതിന്റെ സാംഗത്യം മനസ്സിലാക്കാൻ ബുദ്ധിമുട്ടു തോന്നാം. പോരെങ്കിൽ, വർഗ്ഗസമരത്തിനുമുമ്പായി വർണസമരം വേണമെന്നഅഭിപ്രായം പറയുക കൂടിച്ചെയ്യുമ്പോൾ.
എന്തുകൊണ്ട് ഒരു ആക്റ്റിവിസ്റ്റ് ആയില്ല
എന്തുകൊണ്ട് താൻ ഒരു ആക്റ്റിവിസ്റ്റ് ആയില്ല എന്നതിനെക്കുറിച്ച് കുഞ്ഞാമൻ പറയുന്നതിങ്ങനെ: ‘ഒരു സംഘടനയുടെ ഭാഗമാകുമ്പോൾ സംഘടനയാണ് നമുക്കുവേണ്ടി ചിന്തിക്കുന്നത്, നമ്മളല്ല. രാഷ്ട്രീയപ്രവർത്തകർ പറയും, അച്ചടക്കമുള്ള രാഷ്ട്രീയപ്രവർത്തകനാണ് താൻ എന്ന്. അതിനർഥം അവർക്ക് ചിന്തിക്കേണ്ട കാര്യമില്ല, പാർട്ടിയുടെ തലപ്പത്തുള്ളവർ അവർക്ക് വേണ്ടി ചിന്തിക്കും എന്നാണ്. അത് എന്നെ സംബന്ധിച്ച് സ്വീകാര്യമായ കാഴ്ചപ്പാടല്ല. ഞാൻ ഏറെ പരിമിതികളുള്ള ആളാണ്. പക്ഷേ എന്റെ അധിപൻ ഞാൻ
ഫെമിനിസത്തിനുവേണ്ടി സ്ത്രീകളല്ലാത്തവർക്ക് സംസാരിക്കാമോ എന്ന ചോദ്യം ഉയർന്നുവരുന്നതിനു സമാന്തരമായ ഒരു ചോദ്യമാണിത്
തന്നെയായിരിക്കണം എന്ന് നിർബ്ബന്ധമുണ്ട്. അങ്ങനെയൊരു സ്വാതന്ത്ര്യബോധത്തിൽനിന്നാണ് ഈയൊരു നിലപാട് വരുന്നത്.' മറ്റൊരിടത്ത് പറയുന്നു: ‘അക്കാദമിക് രംഗത്തു പ്രവർത്തിക്കുന്നവർ സെക്ടേറിയൻ ആകുന്നത് ശരിയല്ല, പൊതുവായ വിമർശനത്തിന് ഇടമില്ലാതാകും എന്ന്. ഇതിനൊരു മറുവശമാകാം’.
‘വ്യക്തികളുടെ പശ്ചാത്തലം നോക്കിയല്ല അവരുടെ അഭിപ്രായങ്ങൾ പരിഗണിക്കേണ്ടത്, ഫ്യൂഡൽ പ്രഭുക്കളുടെ ചിന്തകളും ഉപയോഗിക്കാം, കാരണം ഉപയോഗിക്കുന്നു എന്നതിന് അംഗീകരിക്കുന്നു എന്നർഥമില്ല' എന്ന വെളിപ്പെടുത്തൽ. കൂടുതൽ ചിന്തയും ചർച്ചയും ഇവിടെ ആവശ്യമുണ്ടെന്നു തോന്നാം. ഫെമിനിസത്തിനുവേണ്ടി സ്ത്രീകളല്ലാത്തവർക്ക് സംസാരിക്കാമോ എന്ന ചോദ്യം ഉയർന്നുവരുന്നതിനു സമാന്തരമായ ഒരു ചോദ്യമാണിത്. പ്രശ്‌നങ്ങളുടെ, താൽപര്യങ്ങളുടെ ഗതിവിഗതികൾ മറ്റൊരു ദിശയിലേക്കു തിരിച്ചുവിടാൻ പുറത്തുനിന്നുള്ള ശക്തികൾക്കു കഴിയില്ലേ, തുടങ്ങിയതരം ആശങ്കകൾ. ഒരു പരിധിവരെ ഇതിനുള്ള ഉത്തരം; ‘സ്വന്തം പരിസരങ്ങളിൽനിന്നു പുറത്തുപോകുന്നതുകൊണ്ടാണ് പുതിയ ദളിത് തലമുറയ്ക്ക് സ്വന്തം സമീപനങ്ങളെ വികസിപ്പിക്കാനായത്', ‘ദളിതത്വം എന്നത് അഭിമാനമായവർക്കേ ഭയമില്ലാതിരിക്കൂ, അവരേ വളരൂ', തുടങ്ങിയ ചിന്തകളിൽ കാണാമെന്ന് തോന്നുന്നു. ‘വിദ്യാർഥികൾക്കാവശ്യം രാഷ്ട്രീയ പാർട്ടികളുടെ അസംസ്‌കൃതവസ്തു ആകലല്ല, കൂടുതൽ മൂർത്തമായ ആവശ്യങ്ങളാണ് അവർക്കുള്ളത്. വിദ്യാഭ്യാസം, തൊഴിൽ, വരുമാനം, കുടുംബത്തെ രക്ഷിക്കുവാനുള്ള കഴിവ് വേണം... ഇതിനെ അരാഷ്ട്രീയവൽക്കരണം എന്ന് പറയാനാകില്ല...'
പ്രതിനിധിയും പാർട്ടിയും പ്രതിക്കൂട്ടിൽ
ദളിതർക്ക് പ്രാതിനിധ്യവും പങ്കാളിത്തവുമുള്ള ഭരണകൂടങ്ങൾക്കു കീഴിൽ അവർക്കെതിരെയുള്ള പീഡനങ്ങൾ വർദ്ധിച്ചുവരുന്നു. ‘അവരുടേത് നിർജീവ പ്രാതിനിധ്യമാണ്'. രാഷ്ട്രീയത്തിലേക്ക് പോകുന്ന ദളിതൻ തന്റെ സാമൂഹികവിഭാഗത്തെ പാർട്ടിയിൽ പ്രതിനിധീകരിക്കുകയല്ല ചെയ്യുന്നത്, ആ പാർട്ടി അയാളുടെ സാമൂഹിക വിഭാഗത്തെ പ്രതിനിധീകരിക്കുകയാണ് ചെയ്യുന്നത്. അയാൾ കരിയറിസ്റ്റ് ആയതിനാൽ ഈ പ്രതിനിധാനംകൊണ്ട് അയാൾക്ക് ഗുണവുമുണ്ട്. ‘ദളിത് വിഭാഗത്തിന് ഒരു വക്താവ് കൂടിയല്ല ആവശ്യം, വ്യവസ്ഥിതിയെ ചോദ്യം ചെയ്യലാണ്.' ഇങ്ങനെ പറയുമ്പോഴും ദളിത് ധൈഷണികസാന്നിദ്ധ്യം കേരളത്തിൽ ഇടതുപക്ഷരാഷ്ട്രീയം അനുവദിക്കില്ല എന്ന് നിരാശപ്പെടുകയും ചെയ്യുന്നുണ്ട് അദ്ദേഹം. പ്രതിനിധിയും പാർട്ടിയും ഒരുപോലെ പ്രതിക്കൂട്ടിലാണിവിടെ.
വ്യവസ്ഥിതി മാറ്റണം എന്ന് അദ്ദേഹം പറയുന്നത് ചാതുർവർണ്യത്തിന്റെ ജാതിവ്യവസ്ഥയെ സംബന്ധിച്ചാണെന്ന് കരുതിയെങ്കിൽ തെറ്റി. അദ്ദേഹത്തിന്റെ വിശകലനം സമകാലിക-സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ്, ചരിത്രപരമായ അപഹരണങ്ങളുടെ അടിസ്ഥാനത്തിലല്ല. ‘ഭൂബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ് ഞാൻ ജാതിപ്രശ്‌നത്തെ കാണുന്നത്. ജാതീയത എന്നത് സവർണരിൽ മാത്രം ഒതുങ്ങിനില്ക്കുന്നതല്ല,
ദളിത് ധൈഷണികസാന്നിദ്ധ്യം കേരളത്തിൽ ഇടതുപക്ഷരാഷ്ട്രീയം അനുവദിക്കില്ല എന്ന് നിരാശപ്പെടുന്നു അദ്ദേഹം. പ്രതിനിധിയും പാർട്ടിയും ഒരുപോലെ പ്രതിക്കൂട്ടിലാണിവിടെ
പിന്നാക്കവിഭാഗക്കാരും ദലിതരും അതു വച്ചുപുലർത്തുന്നുണ്ട്.' ‘മൂർത്തമായ രീതിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ജാതിയെ സമീപിക്കുന്നില്ല. ജാതിയെ ഭൂപ്രശ്‌നവുമായി ബന്ധപ്പെടുത്തി കാണുന്നില്ല' എന്ന വിമർശനം ഇതുമായി ബന്ധപ്പെട്ട് വായിച്ചെടുക്കണം.
ദളിതരിലും വരേണ്യവർഗം
‘മറ്റുസമൂഹങ്ങളിൽ ഉത്പാദനബന്ധങ്ങളാണ് സാമൂഹികബന്ധങ്ങളെ നിശ്ചയിച്ചിരുന്നത്. ഇന്ത്യയിലാകട്ടെ, സാമൂഹികബന്ധങ്ങളാണ് ഉത്പാ ദനബന്ധങ്ങളെ നിശ്ചയിച്ചിരുന്നത്. ഈ വ്യത്യാസം ഇവിടെ കമ്യൂണിസ്റ്റുകാർ അംഗീകരിക്കുന്നില്ല,. ഉൽപാദനബന്ധങ്ങളുമായി ബന്ധപ്പെടുത്തിയല്ല അവർ ജാതിയെ കാണുന്നത്. അവർ ജാതിപ്രശ്‌നത്തെ ഉപരിതലപ്രതിഭാസമായാണ് കാണുന്നത്. അത് ചരിത്രപരമായി ശരിയല്ല'.
‘ഇന്ന് ബ്രാഹ്മണ്യം നിലനിൽക്കുന്നത് നാല് മേഖലകളിലാണ്- ബ്യൂറോക്രസി, മീഡിയ, അക്കാദമിക് മേഖല, രാഷ്ട്രീയപാർട്ടികൾ. ബ്രാഹ്മണ്യം ഇന്ന് ബ്രാഹ്മണരല്ല പ്രയോഗവൽക്കരിക്കുന്നത്, പുതിയ വിഭാഗം ബ്രാഹ്മണർ ഇന്ത്യയിൽ ഉയർന്നുവന്നിട്ടുണ്ട്. അതിൽ ഉയർന്ന ജാതിക്കാരുണ്ട്, പിന്നാക്കവിഭാഗക്കാരുണ്ട്, ദലിതരുണ്ട്, ആദിവാസികളുണ്ട്. ചില അധികാരസ്ഥാനങ്ങളിൽ വന്നതുകൊണ്ട്, ഇവർ വ്യവസ്ഥിതിയെ വെല്ലുവിളിക്കാനും എതിർക്കാനുമല്ല ശ്രമിക്കുന്നത്, അധികാരം സ്ഥാപിക്കാനാണ്.'
ഈ അധികാരത്തിന്റെ ബ്രാഹ്മണ്യം യഥാർഥമല്ല, ‘യഥാർഥ അധികാരം വരുന്നത് സമ്പത്ത് നിയന്ത്രിക്കുന്നതിൽനിന്നാണ്.’; അദ്ദേഹം പറയുന്നു. ഈ ആശയത്തിന്റെ പ്രായോഗിക വിപുലീകരണമാണ്, ‘ദളിതരിൽനിന്നും ആദിവാസികളിൽനിന്നും സമ്പന്നരുണ്ടാകുക, മുതലാളിമാരുണ്ടാവുക എന്നതാണ് സ്വാഭാവികമായും വേണ്ടത്. അതിശക്തമായ കാപ്പിറ്റലിസ്റ്റ് ക്ലാസ്. രണ്ട്, റാഡിക്കൽ ഇന്റലിജൻഷ്യ, നല്ല പണ്ഡിതന്മാർ. ഇവർക്കേ വ്യവസ്ഥിതിയെ വെല്ലുവിളിക്കാൻ കഴിയൂ' തുടങ്ങിയ ഉറച്ച നിരീക്ഷണങ്ങൾ.
‘രാഷ്ട്രീയത്തിൽ സംവരണം പാടില്ലാത്തതാണ്' എന്ന അഭിപ്രായം. രാഷ്ട്രീയം ഒരു താത്വികപ്രശ്‌നമാണ് എന്ന ചിന്തയിൽനിന്നും വളരുന്നതാണ്. ‘ദളിത് രാഷ്ട്രീയം തുറന്ന പ്രക്രിയയിലൂടെ വരേണ്ടതാണ്. സംവരണമണ്ഡലം പാടില്ല. അതിലൂടെ വരുന്നവർ ദലിതരെ സാമൂഹികമായോ രാഷ്ട്രീയമായോ പ്രതിനിധീകരിക്കുന്നില്ല. സംവരണത്തിലൂടെ ദളിതരിൽ നിന്നുയർന്നു വരുന്ന വരേണ്യവർഗം പലപ്പോഴും വ്യവസ്ഥിതിയെ പിന്തുണക്കുന്നവരാണ്. അവർ അധികാരം പങ്കിടുന്നവരാണ്. തൊഴിലിലും സംവരണം വരേണ്യതയാണുണ്ടാക്കിയത്. അവർ ഒരു പ്രത്യേക വിഭാഗമായി, ദലിതർക്കൊപ്പമല്ല, മേലാളർക്കൊപ്പമല്ല, അത്തരമൊരു പ്രത്യേക വിഭാഗം'. ഇതിലൊക്കെ യാഥാർഥ്യമുണ്ടെന്ന് സമ്മതിക്കുമ്പോഴും ആളുകൾക്ക് രാഷ്ട്രീയമായി വിയോജിക്കാനുള്ള ഇടങ്ങൾ ധാരാളമുണ്ട്.
സംവരണചർച്ച പിന്നോക്കവിഭാഗങ്ങളെക്കുറിച്ചു പരാമർശിക്കാതെ സാദ്ധ്യമല്ലല്ലോ. ‘ഇന്ത്യയിൽ ബ്രാഹ്മണിസം
കേരളത്തിലെ ജനകീയാസൂത്രണത്തിൽ താൻ പങ്കാളിയായതിനെക്കുറിച്ചുള്ള ഒരു പുനർവിചിന്തനവും വിമർശനവും ഈ പുസ്തകത്തിലുണ്ട്
ദുർബലമായിക്കൊണ്ടിരിക്കുകയാണ്. പിന്നാക്കവിഭാഗങ്ങളാണ് ശക്തരായിക്കൊണ്ടിരിക്കുന്നത്. പിന്നാക്കവിഭാഗം സവർണർക്കെതിരാണ്, പക്ഷേ ജാതിവ്യവസ്ഥയ്ക്ക് എതിരല്ല. അവർ ജാതിവ്യവസ്ഥ നിലനിർത്താൻ ശ്രമിക്കുന്നവരാണ്. അവർ സമ്പന്നരായി, രാഷ്ട്രീയത്തിൽ സ്വാധീനശക്തിയായി, അവർക്കു വ്യവസ്ഥിതി നിലനിർത്താനാണ് ആവശ്യം, മാറ്റമല്ല. എന്നാൽ ദളിതർ ജാതിവ്യവസ്ഥയ്ക്ക് എതിരാണ്. വ്യവസ്ഥിതിയെ മാറ്റിമറിക്കലാണ് ദലിതരുടെ ആവശ്യം.'
ജനകീയാസൂത്രണം: ഒരു പുനർവിചിന്തനം
ഇത്രയുമൊക്കെ സംവരണത്തെക്കുറിച്ച് പറഞ്ഞുവെച്ചശേഷം കുഞ്ഞാമൻ ‘അവകാശമായിക്കാണാൻ കഴിയുന്ന സംവരണ'ത്തെ അനുകൂലിച്ചുകൊണ്ട് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ചില നിരീക്ഷണങ്ങളിലേക്ക് നീങ്ങുന്നതുകാണാം, അധഃസ്ഥിതസമൂഹത്തെ മുന്നോട്ടുനയിക്കാനുള്ള ഒരു ചാലകശക്തിയായി സംവരണത്തിന് പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന വിലയിരുത്തലിൽനിന്നാണിത്. അതേസമയം വ്യവസ്ഥിതിക്ക് പുറത്തുനിന്നുമാണ് തങ്ങളുടെ പ്രശ്‌നങ്ങൾക്കു പരിഹാരം കാണാൻ കഴിയുക എന്ന് വീണ്ടും ഉറപ്പിക്കുന്നുമുണ്ട്. ‘നിലവിലെ സാമൂഹികവ്യവസ്ഥയുടെയും, ഭരണവ്യവസ്ഥയുടെയും നിയമവ്യവസ്ഥയുടെയും ചട്ടക്കൂടിൽ നിന്നുകൊണ്ടു പ്രശ്‌നപരിഹാരം സാധ്യമല്ല' എന്ന വാദമാണിതിന് പിന്നിൽ.
ആദിവാസികളെക്കുറിച്ച് പരാമർശിക്കുന്നിടത്ത്, ‘അശക്തന്റെ വിജ്ഞാനം അശക്തമാണ്' എന്ന കയ്പ് മറച്ചുവെക്കുന്നില്ല. ആദിവാസികൾക്കു നയരൂപീകരണത്തിൽ തങ്ങളുടെ വിജ്ഞാനം പ്രതിഫലിപ്പിക്കാൻ കഴിയുന്നില്ല, ഇതിന് കാരണം അവർക്ക് അധികാരമില്ല എന്നതാണ്, അതുകൊണ്ടാണ് ‘അധികാരത്തിലിരിക്കുന്നവരുടെ വിജ്ഞാനത്തിനാണ് സാംഗത്യം' എന്ന് സ്ഥിരീകരിക്കുന്നത്. പരമ്പരാഗതമായ സ്വത്തവകാശം ഇല്ലാതാക്കണം, ‘മതേതരസ്വഭാവമുള്ള സാമൂഹികാന്തരീക്ഷമുള്ള' എന്ന് മാർക്‌സും എംഗൽസും വിശേഷിപ്പിച്ച വിപണിയിൽ ഇടപെടാൻ ദലിതരെ ഇത് സഹായിക്കും എന്ന യുക്തിയാണിവിടെയുള്ളത്. വളരെ പ്രധാനമായി കുഞ്ഞാമൻ ഇതിനെ കാണുന്നുണ്ട്. സ്വത്തവകാശത്തിന്റെ പ്രശ്‌നം ഭൂപരിഷ്‌കരണത്തെ വീണ്ടും ഓർമിപ്പിക്കുന്നു:
‘കമ്യൂണിസ്റ്റ് പാർട്ടിയുടെ നയപരമായ പ്രശ്‌നം മാത്രമല്ല ഭൂപരിഷ്‌കരണം അട്ടിമറിക്കപ്പെടാൻ കാരണം, നേതൃത്വം ജന്മി കുടുംബങ്ങളിൽനിന്നും വന്നവരായിരുന്നു എന്നതുകൊണ്ടുള്ള വർഗതാല്പര്യം കൊണ്ടു കൂടിയാണ്' എന്ന നിരീക്ഷണത്തിന് ഉപോദ്ബലകമായ വസ്തുതകൾ ഇങ്ങനെ നിരത്തുന്നു: ഭൂരഹിതർ ഭൂമിക്കുവേണ്ടി സമരം ചെയ്യാതെ കൂടുതൽ കൂലിക്കുവേണ്ടി സമരം ചെയ്തതിൽ ഇടതുപക്ഷപാർട്ടികൾക്കു കയ്യുണ്ട്. ‘തോട്ടം മുതലാളിമാരെയും മതസ്ഥാപനങ്ങളെയും ഭൂപരിഷ്‌കരണം തൊട്ടില്ല എന്നതുകൊണ്ട് പരമ്പരാഗത ഭൂരഹിത കർഷകത്തൊഴിലാളികളായ ദലിതർക്കു കൊടുക്കാൻ ഭൂമി ഉണ്ടായില്ല. പക്ഷേ ഇന്ന് മതസ്ഥാപനങ്ങൾക്ക് എത്ര ഭൂമി വേണമെങ്കിലും ലഭിക്കും. അവരെ തൊടാൻ ധൈര്യമുള്ള രാഷ്ട്രീയശക്തികൾ ഇന്ത്യയിലുണ്ടായിട്ടില്ല.
വൈകാരികമായ പ്രസ്താവനകളാണെങ്കിൽക്കൂടി ഒരു നരവംശശാസ്ത്രജ്ഞ എന്ന നിലയിൽ എന്നെ ആശങ്കപ്പെടുത്തുന്ന ചില പരാമർശങ്ങളുണ്ടിതിൽ
സമ്പന്നരേയും ശക്തരെയും ഉപദ്രവിക്കാതെയാണ് ഭൂപരിഷ്‌കരണം നടപ്പിലാക്കിയത്. ഇങ്ങനെ നടപ്പാക്കിയ ഭൂപരിഷ്‌കരണത്തിന്റെയും മറ്റു വികസനപ്രക്രിയകളുടെയും ഭാഗമായി വലിയൊരു റിയൽ എസ്റ്റേറ്റ് മാഫിയ കേരളത്തിൽ ഉയർന്നുവന്നു. ഫ്‌ളാറ്റുകൾ, വില്ലകൾ , അപ്പാർട്ട്‌മെന്റുകൾ.... ഇവരാണ് സാമ്പത്തികരംഗം നിയന്ത്രിക്കുന്നത്.'
കേരളത്തിലെ ജനകീയാസൂത്രണത്തിൽ താൻ പങ്കാളിയായതിനെക്കുറിച്ചുള്ള ഒരു പുനർവിചിന്തനവും വിമർശനവും ഈ പുസ്തകത്തിലുണ്ട്. ഭൂരാഹിത്യം എന്ന പ്രശ്‌നം ജനം അടിത്തട്ടിൽ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തും എന്നും അവർ കാര്യങ്ങൾ പഠിച്ച് കൂടുതൽ വ്യക്തത വരുത്തുമ്പോൾ ഒരു പുതിയ രാഷ്ട്രീയം ഉരുത്തിരിഞ്ഞുവരും എന്നും ‘രാഷ്ട്രീയ പാർട്ടികളിൽനിന്നുതന്നെ അവരുടെ മോചനം നടക്കും എന്നും വിചാരിച്ചിരുന്നു' എന്നുമാണ് കുഞ്ഞാമൻ ഇതേപ്പറ്റി എഴുതിയിരിക്കുന്നത്.
വൈകാരികമായ പ്രസ്താവനകളാണെങ്കിൽക്കൂടി ഒരു നരവംശശാസ്ത്രജ്ഞ എന്ന നിലയിൽ എന്നെ ആശങ്കപ്പെടുത്തുന്ന ചില പരാമർശങ്ങളുണ്ടിതിൽ. ‘എല്ലാ കാലത്തും സമ്പന്നർക്ക് കൂടുതൽ ബുദ്ധിശക്തിയും സാമർത്ഥ്യവുമുണ്ടായിരിക്കും, സാധാരണക്കാരെക്കാൾ. ഉയർന്ന ജാതിക്കാർ അധഃസ്ഥിതരേക്കാൾ ബുദ്ധിയും സാമർത്ഥ്യവുമുള്ളവരാണ്, ഇപ്പോഴും' എന്ന പ്രസ്താവന ഒരുദാഹരണം. വർണ്ണവെറിക്കു പിന്നിലെ ലോജിക്ക്, ‘ഐക്യൂ' ടെസ്റ്റിങ്ങിനെച്ചൊല്ലിയുള്ള ആ പഴയ ‘സോഷ്യൽ ബയോളജി' ചർച്ച, അതിലൂടെ ഒരിക്കൽക്കൂടി കടന്നുപോവുകയാണെന്ന പ്രതീതി തോന്നി. സ്വന്തം സ്വത്വത്തിന്റെ അനുഭവപാഠത്തിൽനിന്നുമുള്ള സാമൂഹ്യകാഴ്ചപ്പാടിന്റെ ഭാഗമാണ് കുഞ്ഞാമന്റെ ഈ ‘ഇകഴ്ത്തൽ' എന്ന് സ്വയം ഓർമപ്പെടുത്താനും ആ നിരീക്ഷണത്തിലെ വേവ് തിരിച്ചറിയാനും ഒരു നിമിഷമെടുത്തു എന്നത് എന്റെ ഒരു വലിയ വീഴ്ചയാണ്, എന്നെ അത് അനൽപമായിത്തന്നെ ലജ്ജിപ്പിക്കുന്നു.
സാമൂഹികമാറ്റം കൊണ്ടുവരാൻ സംഘടിത തൊഴിലാളിവർഗത്തിന് കഴിയില്ല, സംഘടിത തൊഴിലാളിവർഗം എന്നത് ഒരു പ്രിവിലെജ്ഡ് ക്ലാസ്സ് ആണെന്നും മുതലാളിമാരോട് ചേർന്നുനിൽക്കുന്ന ഈ വിഭാഗത്തിന് അവസരം കിട്ടിയാൽ മുതലാളിമാരാകാനാണിഷ്ടമെന്നും പറയുമ്പോൾ ശരിയാണതെന്നു കരുതുന്നവർക്കു പോലും അസംഘടിതമേഖലയിൽ നിന്നാണു മാറ്റം വരേണ്ടതെന്നു കേൾക്കുമ്പോൾ (പ്രിക്കാരിയറ്റ് ചർച്ച ശ്രദ്ധിക്കുക), ഈ മാറ്റം എന്നെങ്കിലും ഉണ്ടാകുമോ എന്ന് അവിശ്വാസം തോന്നിയാൽ അസംഘടിതമേഖലയെ അറിയുന്ന ആർക്കെങ്കിലും തെറ്റ് പറയാൻ പറ്റുമോ? പ്രത്യേകിച്ച്, ബഹുരാഷ്ട്രകുത്തകകളിലൂടെയുള്ള മുതലാളിത്തത്തിന് കീഴിലാണ് ഈ അസംഘടിതമേഖല കൂടുതലും പടർന്നു പന്തലിച്ചിരിക്കുന്നത് എന്നതിനാൽ.
നവമുതലാളിത്തം; ഒരു തർക്ക വിഷയം
ആഗോളീകരണത്തിന്റെ വരവോടെ വർഗീയതയും നവചാതുർവർണ്യവും ബലപ്പെടുകയാണ് ചെയ്തത് എന്ന വാദത്തെ നിരസിക്കുന്ന കുഞ്ഞാമൻ മുതലാളിത്തമാണ് ഏറ്റവും നല്ല സാമൂഹികാവസ്ഥയെന്നും നവമുതലാളിത്തം ദളിതനു സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും ഗുണം ചെയ്തിട്ടുണ്ടെന്നും അഭിപ്രായപ്പെടുന്നു. ഇതൊരു തർക്കവിഷയമായി ദളിതർക്കിടയിൽത്തന്നെ ചർച്ചയ്ക്ക് വഴിതുറന്നേക്കാം.
കർഷകത്തൊഴിലാളികളുടെ പ്രശ്‌നം ട്രേഡ് യൂണിയൻ പ്രശ്‌നങ്ങളായി മാത്രമേ അംഗീകരിക്കപ്പെട്ടുള്ളൂ എന്നത് പക്ഷേ ആർക്കും നിഷേധിക്കാനാവില്ല. വർഗബോധവികാസത്തെ വർഗീയത തടസ്സപ്പെടുത്തുന്നു എന്ന നിരീക്ഷണം വളരെ പ്രസക്തമാണ്. ഇതു പക്ഷേ, അസംഘടിത മേഖലയാണ് മാറ്റം കൊണ്ടുവരേണ്ടതെന്നതിനോട് ചേർത്തു വായിക്കുമ്പോൾ, അവ്യക്തത കുറേ മാറാനുണ്ട് എന്ന് തോന്നുന്നു. ഈ രീതിയിൽ വളരെ പ്രധാനമായി വിശകലനം ചെയ്യേണ്ട പല ചോദ്യങ്ങളും ഉയർത്തുണ്ട് ഈ കൃതി.
മുതലാളിത്തമാണ് ഏറ്റവും നല്ല സാമൂഹികാവസ്ഥയെന്നും നവമുതലാളിത്തം ദളിതനു സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും ഗുണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു
‘ശ്രീനാരായണഗുരുവിന് പാണ്ഡിത്യത്തെ രാഷ്ട്രീയമായി ഉപയോഗിക്കാൻ കഴിഞ്ഞപ്പോൾ അയ്യങ്കാളിക്ക് എന്തുകൊണ്ടതിന് കഴിഞ്ഞില്ല? പിന്നീടുവന്ന ദളിത് മുന്നേറ്റങ്ങളിൽ അയ്യങ്കാളിയെ എന്തുകൊണ്ട് വലുതായി ഏറ്റെടുത്തില്ല?' - വിജ്ഞാനം, ചിന്ത, ഭാഷ എന്നിവയെക്കുറിച്ചുള്ള ആശയങ്ങൾ ഈ ചോദ്യത്തിന്റെ വളർച്ചയാണ്.
‘ആദിവാസികൾ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നത് ആദിവാസി ഭാഷയിലായിരിക്കരുത്, അവരുടെ ഭാഷയും ഭാഷ്യവും ഇവിടുത്തെ ഭരണാധികാരികളുടേതുതന്നെയായിരിക്കണം' എന്നതൊരു കാഴ്ചപ്പാട്, ഇനിയൊന്ന് മാതൃഭാഷയിൽ പഠിക്കാനുള്ള അവകാശം, ഭാഷ പൈതൃകത്തിന്റെ ഭാഗം, സ്വത്വത്തിന്റെ അഭിമാനത്തിന്റെ ഭാഗം എന്ന വീക്ഷണം. ദലിത് ചിന്തകരിൽ ഇരുവിഭാഗവുമുണ്ട്. രണ്ടിനും അതിന്റേതായ ന്യായങ്ങളുമുണ്ട്.
‘പഴയകാലത്തെ ദലിത് പ്രശ്‌നങ്ങളല്ല ഇന്നത്തേത്. അന്ന് മനുഷ്യാവകാശപ്രശ്‌നങ്ങളായിരുന്നു, വഴി നടക്കാൻ, കിണർ ഉപയോഗിക്കാൻ, അമ്പലത്തിൽ പോകാൻ. ഇന്ന് തുല്യതയുടെ പ്രശ്‌നമാണ്' എന്നു പറയുന്നത് കേരളപരിസരം മാത്രം മുന്നിൽ കണ്ടാവണം, എന്നാൽക്കൂടി, ഇത് പൂർണമായും ശരിയാണോ? ഒറ്റപ്പെട്ട സംഭവങ്ങൾ വ്യക്തികൾക്കെതിരെ പലയിടത്തും നടക്കുന്നുണ്ടെങ്കിലും, ജാതി എന്ന നിലയ്ക്ക് ഉണ്ടാകുന്നില്ല എന്നാണ് വ്യാഖ്യാനിക്കുന്നത് എന്നു തോന്നുന്നു. ജാതിവ്യവസ്ഥ ഇന്ത്യയിൽ ക്ഷയിച്ചുകൊണ്ടിരിക്കുന്നു, പക്ഷേ ജാതീയത കൂടിക്കൊണ്ടിരിക്കുന്നു എന്ന് കുഞ്ഞാമൻ പറയുന്നുണ്ട്. ഒരു ജാതിക്കു മറ്റൊരു ജാതിയെ ഇപ്പോൾ അടിച്ചമർത്താൻ കഴിയില്ല, എന്നാൽ വ്യക്തികളെ ജാതീയമായി അടിച്ചമർത്തുന്നു. ഭരണകൂടം ദളിത് അടിച്ചമർത്തലുകളെ സഹായിക്കുന്നു എന്ന് ഒരിടത്തു രേഖപ്പെടുത്തുന്നുമുണ്ട്.
‘ദളിതരും പിന്നാക്കക്കാരും തമ്മിലാണ് യഥാർഥ പ്രശ്‌നം, പിന്നാക്കക്കാരാണ് ഇപ്പോൾ സമ്പത്ത് കയ്യടക്കി വച്ചിരിക്കുന്നത്...ദലിത് സമരങ്ങൾക്കു ഇപ്പോൾ വർഗ്ഗസ്വഭാവം വന്നുകൊണ്ടിരിക്കുന്നു. സമ്പത്ത് നിയന്ത്രിക്കുന്നത് പിന്നാക്കക്കാരനും പണിയെടുക്കുന്നത് ദലിതരുമാണ്. സമ്പത്തിന്റെ നിയന്ത്രണം വന്നുകഴിഞ്ഞാൽ മറ്റു രംഗങ്ങളിലെ നിയന്ത്രണവും സ്വയം വരും'.
ഇടതുപക്ഷത്തെ തള്ളിപ്പറഞ്ഞെങ്കിലും വീണ്ടും മാർക്‌സിസത്തിലേക്ക്, കേരളത്തിൽ വർഗസമരത്തിനുള്ള പ്രതിബന്ധങ്ങളെക്കുറിച്ച് ചിന്ത കടന്നുപോകുന്നു.. ‘മനുഷ്യാവകാശ സംരക്ഷണത്തിന് മാർക്‌സിസത്തേക്കാൾ വലിയ പ്രത്യയശാസ്ത്രവും രാഷ്ട്രീയപരിപാടിയുമില്ല'. അദ്ദേഹം പറയുന്നു. രാഷ്ട്രീയ പാർട്ടിയും പ്രത്യയശാസ്ത്രവും അദ്ദേഹത്തിന് രണ്ടു തന്നെ.
ഒടുവിൽ ദളിതർക്കിടയിൽ രാഷ്ട്രീയമുന്നേറ്റത്തിന് അനുയോജ്യമായ സാഹചര്യം ഇപ്പോൾ ഇന്ത്യയിലില്ല എന്നയിടത്ത് ചിന്തകളെത്തുന്നു. എന്നാൽ കീഴാള പ്രതിരോധത്തെക്കുറിച്ച് സ്വാഭാവികമായും പറയാതിരിക്കാനുമാവുന്നില്ല. ‘കേരളത്തിലെ എം.എൽ.എ മാരിലും എം.പി. മാരിലും എത്ര
എത്ര ദളിത്-ആദിവാസികളുണ്ട്?.. എങ്ങനെ പരിഹരിക്കണം' എന്നത് സഗൗരവം ചിന്തിക്കേണ്ടതാണ്.. കേരളം വ്യത്യസ്തമാണ് എന്ന് അഭിമാനത്തോടെ പറയാനാകില്ല എന്ന് പറയുമ്പോൾ, സ്വയം വിമാർശനാത്മകമായി അതിനെ കാണാനുള്ള പ്രബുദ്ധത കേരളത്തിനുണ്ട് എന്നും തിരുത്തലുകൾ എങ്ങനെ കൊണ്ടുവരാം എന്നാലോചിക്കാനുള്ള ആർജവവും നമുക്കുണ്ട് എന്ന് വിശ്വസിക്കാൻ നാമിപ്പോഴും ഇഷ്ടപ്പെടുന്നു.
ദുർബലവിഭാഗങ്ങളിൽ സാമ്പ്രദായികമായും വൈകാരികമായും പ്രശ്‌നങ്ങളെ കാണുന്ന പ്രവണതയുണ്ടെന്നും അതിന്റെ കാരണം ഇന്ത്യൻ ജനാധിപത്യത്തിലാണെന്നും പറയുന്ന കുഞ്ഞാമൻ, ഒരു സമൂഹം എന്ന നിലയ്ക്ക് വ്യക്തികളുടെ കൂട്ടായ്മയല്ല, ജാതികളുടെയും മതങ്ങളുടെയും സമുദായങ്ങളുടെയും കൂട്ടായ്മയാണെന്നതും ചൂണ്ടിക്കാണിക്കുന്നുണ്ട്. ദളിതരുടേത് വർഗ്ഗപരമായ പ്രശ്‌നങ്ങളായിരുന്നില്ല, ജാതീയമായവയായിരുന്നു. ഇന്ത്യൻ ജനാധിപത്യം വ്യക്തിവൽക്കരിക്കപ്പെട്ടില്ല, സമുദായം പ്രസക്തമായി നില്ക്കുന്നു. വ്യക്തിവൽക്കരണം നടക്കാത്തതുകൊണ്ടാണ് ഇന്ത്യ സമുദായങ്ങളുടെയും ജാതിയുടെയും മതങ്ങളുടെയും കൂട്ടായ്മയായി നിലനില്ക്കുന്നത്, രാഷ്ട്രീയപ്പാർട്ടികൾ വോട്ടുബാങ്കുകളെ ആശ്രയിച്ചുനില്ക്കുന്നതും അവയുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നതും, സമുദായങ്ങൾ വോട്ട് ബാങ്കുകളായി പ്രബലമായി നിൽക്കാനാണ് ശ്രമിച്ചുകൊണ്ടേയിരിക്കുന്നതും. ഇതിനിടയിൽ സംവരണത്തിന്റെ ചർച്ചയ്ക്ക് പുതിയ മാനങ്ങളുണ്ട്.
നീതി ഒരു കമ്പോളച്ചരക്ക്
‘സാർവലൗകിക ഉടമസ്ഥാവകാശം വരികയും, സർക്കാർ സാമ്പത്തികരംഗത്തുനിന്നു മാറുകയും വേണം, പാവങ്ങളില്ലാത്ത ഒരു സമൂഹം സൃഷ്ടിക്കണം, നീതി ഒരു കമ്പോളച്ചരക്കാണ്, അശക്തരെ ശക്തരാക്കുന്ന സാമൂഹികക്രമമാണ് വേണ്ടത്, തുല്യത സാധ്യമല്ല, രാഷ്ട്രീയം തിരഞ്ഞെടുപ്പ് രാഷ്ട്രീയം മാത്രമായിരിക്കുന്നു. മുതലാളിത്തവും രാഷ്ട്രീയവും തമ്മിലുള്ളത് വിഹിത ബന്ധമാണ്, മുതലാളി താല്പര്യമാണ് അധികാരത്തിലൂടെ പ്രവർത്തിക്കുന്നത്, പാർട്ടിരാഷ്ട്രീയവും മതവും നിയമപരമായി നിരോധിക്കണം, പുതിയ സംസ്‌കാരമുള്ള പുതിയ സമൂഹം വരണം'. ചുരുക്കത്തിൽ
ഒരു ചട്ടക്കൂടിലും ഒതുങ്ങാൻ അദ്ദേഹം ഒരുക്കമല്ല, ബോധതലത്തിലെങ്കിലും. വർഗ്ഗേതരസമരമാണ് സൈദ്ധാന്തികമായും പ്രത്യയശാസ്ത്രപരമായും പരിഗണിക്കപ്പെടേണ്ടത്, അനുപേക്ഷണീയമായത്, എന്നദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്
ഇന്നുപോകുന്ന ദിശ മാറിയേ മതിയാകൂ.
പക്ഷേ പുതിയ സമൂഹത്തിലും, തോട്ടിപ്പണി അടക്കമുള്ള എല്ലാ കായികാദ്ധ്വാനങ്ങളും എല്ലാവരും ചെയ്തിരിക്കണം (തോട്ടിപ്പണി നിരോധനം ആവശ്യപ്പെടുന്നില്ല എന്നത് ശ്രദ്ധേയം. ജാതിവ്യവസ്ഥയിൽ നിലനിന്നിരുന്ന ഉച്ചനീചത്വങ്ങളുടെ അടിസ്ഥാനമായി സാമൂഹ്യ ശാസ്ത്രജ്ഞർ കണ്ട ‘പ്യുവർ -ഇമ്പ്യുവർ' ദ്വന്ദ്വം കുഞ്ഞാമൻ അംഗീകരിക്കുന്നില്ല എന്നുവേണം കരുതാൻ. ചരിത്രപരമായ ജാതി ഇന്നില്ല എന്ന വാദം ഇതിന് സഹായകമാണ്; യന്ത്രവൽക്കരണം ഒരു മോചനമാർഗമായി കാണുന്നില്ല എന്നുമാവാം).
‘നിർമ്മിതബുദ്ധി'യുടെ കാലമാണിനി എന്ന് പ്രവചിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് ‘തൊഴിൽ' എന്നതിന് ഒരു പുനർനിർവചനം പുതിയ സമൂഹസൃഷ്ടിയിൽ കുഞ്ഞാമൻ കാണുന്നില്ല. ഇത് മാർക്‌സിയൻ ചട്ടക്കൂടിൽനിന്നു പുറത്തുകടക്കാൻ കഴിഞ്ഞിട്ടില്ല എന്നതുകൊണ്ടാണോ? ‘സാങ്കേതിക വിദ്യ' എന്ന് ആധുനികലോകം പറയുന്നത് മാർക്‌സ് ‘ഹ്യൂമൻ ഫാക്കൾട്ടീസ്' എന്നു പറയുന്നതു തന്നെ; മനുഷ്യന്റെ വികസിച്ചുകൊണ്ടിരിക്കുന്ന ധൈഷണികശക്തിയും വിജ്ഞാനവും വിഭവങ്ങളിൽ പ്രയോഗിക്കുന്നത് - ഇതുപയോഗിച്ച് ഉൽപാദനം നടത്തുമ്പോൾ ഉത്പാദനക്ഷമത കൂടുന്നു, സാമ്പത്തികപുരോഗതി അനുസ്യൂതമാവുന്നു. സ്വത്താണ് സ്വാതന്ത്യം, ഈ സ്വാതന്ത്ര്യമുണ്ടെങ്കിലേ ഹ്യൂമൻ ഫാക്കൾട്ടീസ് വളർത്താനാവൂ.... കുഞ്ഞാമൻ ചിന്തിക്കുന്നു. ഒരു ചട്ടക്കൂടിലും ഒതുങ്ങാൻ അദ്ദേഹം ഒരുക്കമല്ല, ബോധതലത്തിലെങ്കിലും. വർഗ്ഗേതരസമരമാണ് സൈദ്ധാന്തികമായും പ്രത്യയശാസ്ത്രപരമായും പരിഗണിക്കപ്പെടേണ്ടത്, അനുപേക്ഷണീയമായത്, എന്നദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്. പോരെങ്കിൽ, ‘സത്യത്തിൽ മുതലാളിത്തം പല സാമൂഹികവിപത്തുകളും ഇല്ലാതാക്കുകയാണ് ചെയ്തിട്ടുള്ളത്' എന്നും പ്രസ്താവിച്ചിരിക്കുന്നു.
സമ്പത്ത് പുനർവിതരണം ചെയ്യേണ്ടത് ഭരണകൂടമാണ്. എന്നാൽ, മൗലികവും ഘടനാപരവുമായ മാറ്റം കൊണ്ടുവരുന്നതിന് ജനാധിപത്യം അനുയോജ്യമല്ല, തന്നെയല്ല, അസാധ്യതയാണ്. സിവിൽസമൂഹം ഇലക്ട്രോണിക് സമൂഹമാണെന്നും, ഇലക്ട്രോണിക് സമൂഹം മതേതര സമൂഹമാണെന്നും പ്രൊഫ. കുഞ്ഞാമൻ പറയുമ്പോൾ എല്ലാവരും അതിനോടു യോജിക്കുമെന്ന് തോന്നുന്നില്ല. ഇലക്ട്രോണിക് സമൂഹത്തെ ഉപയോഗിച്ച് മതവും രാഷ്ട്രീയവും വളർത്തുകയും തിരഞ്ഞെടുപ്പുകളെ വിദേശശക്തികൾ സ്വാധീനിക്കുന്നതുമായ അനുഭവങ്ങൾ നമുക്കറിയാം.
അയ്യങ്കാളി, ഇ.എം.എസ്., അംബേദ്കർ
‘രാഷ്ട്രീയാനന്തരകാലഘട്ടമാണിത്, വ്യക്തി ഭരണകൂടത്തിന് അതീതമാവുന്ന ഒരു സാമൂഹികപ്രക്രിയയിലേ സമൂഹത്തിന്റെ താൽപര്യം സംരക്ഷിക്കപ്പെടൂ' എന്ന വാദം വ്യത്യസ്തതകളെ ഇല്ലാതാക്കുന്ന ഒരു കാഴ്ചപ്പാടാണ്; ഒരൊറ്റ സമൂഹം മാത്രം, തുല്യതയില്ല, മത്സരം മാത്രം. മത്സരിക്കാനുള്ള കഴിവ് സ്വത്തവകാശം നൽകുന്ന, ഹ്യൂമൻ ഫാക്കൽട്ടീസ് വികസിപ്പിക്കാനുള്ള അവസരസമത്വത്തിൽനിന്നും നേടാനുള്ളത്. കമ്പോളം ഒന്നിപ്പിക്കുന്ന സമൂഹമാണിത്. അപകടകരമാണീ സങ്കൽപനമെന്ന് എനിക്കു തോന്നുന്നു. അനിയന്ത്രിതമായ ഉപഭോക്തൃസംസ്‌കാരത്തിലേക്ക് നയിക്കുന്ന ഒന്ന്.
‘സംസ്‌ക്കാരം' എന്ന പദം ഈ കൃതിയിൽ വളരെ അപൂർവമായേ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ എന്നത് കൗതുകകരമായി മാത്രമല്ല, നരവംശശാസ്ത്രപരമായി നോക്കുമ്പോൾ പ്രത്യേകവിശകലനം ആവശ്യപ്പെടുന്നതുമാണ്, പ്രത്യേകിച്ച് മുന്നോട്ടുളള തന്ത്രങ്ങളെക്കുറിച്ചും നയരൂപീകരണത്തെക്കുറിച്ചുമൊക്കെ ചിന്തിക്കുമ്പോൾ. ""പ്രകൃതി'' ഈ ചിന്തകളിലൊന്നും കടന്നുവരുന്നതേയില്ല, ഭൂമി എന്ന ഉത്പാദനോ പകരണം എന്ന നിലയിലോ സ്വത്ത് എന്ന നിലയിലോ അല്ലാതെ. വളരെ ശ്രദ്ധേയമാണ് ഈ അസാന്നിധ്യം.
തന്ത്രത്തിൽ അധിഷ്ഠിതമായ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ മാറ്റിനിർത്തി, ഈ നവീകരിക്കപ്പെട്ട / നവ പ്രത്യയശാസ്ത്രത്തെ പ്രയോഗവൽക്കരിക്കാൻ മുന്നിട്ടിറങ്ങാൻ പ്രതീക്ഷ അർപ്പിച്ചിരിക്കുന്നത് വ്യവസ്ഥിതിയുടെ രക്തസാക്ഷികളിലാണ്, പ്രത്യേകിച്ച് യുവജനങ്ങളിലും. അധഃസ്ഥിതവിഭാഗങ്ങൾക്കാവശ്യം അവരിൽനിന്നും ഉയർന്നു പോകുന്ന മിടുക്കന്മാരല്ല അവരോടൊപ്പം ഉയർന്നുവരുന്ന മിടുക്കന്മാരാണ്. ഈ മിടുക്കന്മാരെ വളർത്തേണ്ട ചിന്തകൾ, പാണ്ഡിത്യം, ധിഷണ, മൂല്യം ഇവയെക്കുറിച്ചുള്ള ധാരണകൾ രാകിയെടുക്കുന്നതിൽനിന്നും പ്രയോഗത്തിൽ കൊണ്ടുവരാനുള്ളതാണ്.
അയ്യങ്കാളി, ഇ.എം.എസ്., അംബേദ്കർ എന്നിവരെക്കുറിച്ചുള്ള താരതമ്യത്തിലൂടെ പറയുന്നത് ഇപ്രകാരം: ‘അഭ്യസ്തവിദ്യനല്ലാതിരുന്ന, പണ്ഡിതനല്ലാതിരുന്ന അയ്യങ്കാളിക്ക് ഒരു ധിഷണാശാലിയാകാൻ കഴിഞ്ഞു.. എന്നാൽ പണ്ഡിതനും അഭ്യസ്തവിദ്യനുമായിരുന്ന ഇ.എം.എസ്. ഒരു ധിഷണാശാലിയായില്ല... അടിച്ചമർത്തപ്പെടുന്ന, മർദ്ദിത ജനവിഭാഗത്തിൽനിന്നുയർന്നു വരുന്ന ഒരു നേതൃത്വത്തിന്റെ സ്വഭാവം വ്യത്യസ്തമായിരിക്കും. ഇ.എം.എസ്. അത്തരം വിഭാഗത്തിൽനിന്നു വന്നയാളല്ല..... അംബേദ്കർ വ്യത്യസ്തനാകുന്നത് ഒരു ജൈവികബുദ്ധിജീവിയായിട്ടാണ്. അത് അനുഭവങ്ങളിൽനിന്നും ജീവിതത്തിൽനിന്നും രൂപപ്പെടുന്ന ഒരു പ്രക്രിയയാണ്.. അയ്യങ്കാളിയെപ്പോലൊരാൾക്ക് തന്റെ ധിഷണാവൈഭവം ചരിത്രത്തേക്കൊണ്ട് വിപുലമായി അംഗീകരിപ്പിക്കാൻ കഴിയാതിരുന്നത് പാണ്ഡിത്യത്തിന്റെ അഭാവം മൂലമായിരുന്നു. മറിച്ച്, അംബേദ്കർക്ക് അതിനു കഴിഞ്ഞത്, അദ്ദേഹം ആർജിച്ച ആധുനികവിദ്യാഭ്യാസം മൂലമാണ്.'
ഇതുകൊണ്ട് മാത്രമായില്ല. സമാധാനാന്തരീക്ഷത്തിലേ പുരോഗതി കൈവരിക്കാനാകൂ. ‘ഭീതി ക്രിയാത്മകമായ കഴിവിനെ നശിപ്പിക്കുന്നു, മനുഷ്യപുരോഗതിക്ക് അക്രമരാഹിത്യം അനുപേക്ഷണീയമാണ്. പ്രത്യാക്രമം അക്രമം ഇല്ലാതാക്കാൻ പര്യാപ്തമല്ല'.
‘അരമനകളിലും ആശ്രമങ്ങളിലും പള്ളികളിലും എന്തുകൊണ്ടാണ് അന്തേവാസികളെ രാഷ്ട്രീയമായി സംഘടിപ്പിക്കാത്തത്? എന്തുകൊണ്ട് ആശ്രമങ്ങളിലും അരമനകളിലും രാഷ്ട്രീയയൂണിറ്റുകൾ ഉണ്ടാക്കുന്നില്ല? എന്നാൽ വിദ്യാർഥികൾ പഠിക്കേണ്ട സ്ഥലത്ത് മുദ്രാവാക്യത്തൊഴിലാളികളെ സൃഷ്ടിക്കുന്നു, ഭയം സൃഷ്ടിക്കുന്നു, അക്രമവും പ്രത്യാക്രമണവും ഉണ്ടാക്കുന്നു. അതിനു വിദ്യാർഥികളെ പ്രേരിപ്പിക്കുന്നു. ക്യാംപസിൽ കടന്നുചെല്ലാൻ സാധാരണ പൗരന് ഭയമാണ്.. നമ്മുടെ കാമ്പസുകൾ ഭയാനക അന്തരീക്ഷം സൃഷ്ടിക്കുന്ന സ്ഥലമായി മാറിയിരിക്കുന്നു. വികലമായ, അപകടകരമായ ഈ അവസ്ഥാവിശേഷം പുതിയ തലമുറ തിരിച്ചറിയണം.' കേരളം ഏറെക്കാലമായി ചർച്ച ചെയ്തിട്ടും രാഷ്ട്രീയത-അരാഷ്ട്രീയത ചർച്ചകളിൽ കുടുങ്ങിക്കിടക്കുന്നതേയുള്ളൂ.
കുഞ്ഞാമന്റെ സൈദ്ധാന്തിക-പ്രായോഗിക-പരിവർത്തന ചിന്തകൾ ആഴത്തിലും വിപുലവുമായുള്ള ചർച്ച ആവശ്യപ്പെടുന്നുണ്ട്: സംവരണത്തിലൂടെയുള്ള, ചരിത്രപരമായ തെറ്റുതിരുത്തൽ, ഇൻക്ലൂസിവ് വികസനം (inclusive development), ജനാധിപത്യമല്ലെങ്കിൽ മറ്റെന്ത്, ഭരണകൂടമില്ലെങ്കിൽ മറ്റാര്, ആകെ ഒരൊറ്റ സമൂഹമേ പാടുള്ളൂവെങ്കിൽ ആദിവാസിക്ക് പ്രത്യേക സ്വയംഭരണ പ്രദേശമെങ്ങനെ, ഉപഭോക്തൃസംസ്‌കൃതിയിൽ, വ്യക്ത്യധിഷ്ഠിതമായ വ്യവസ്ഥയിൽ കൃഷിഭൂമിയുടെ ആവശ്യം എത്ര പ്രസക്തമാണ്, പ്രത്യേകിച്ച്, ദളിതർ മറുനാട്ടിൽ പോയി, വേഷം മാറി, ഭാഷ മാറി, പുതിയ ജീവിതത്തിൽ സ്വാതന്ത്ര്യം കണ്ടെത്തുന്നത് അഭികാമ്യമെന്ന അവസ്ഥയിൽ? ചോദ്യങ്ങൾ ഇനിയുമെത്രയുമുണ്ടാവാം.
എഡിറ്ററുടെ പിൻകുറിപ്പിൽ കെ. കണ്ണൻ പറയുന്നതു പോലെ; ‘ഓരോ സന്ദർഭത്തിലും അനവധി സാധ്യതകൾ തുറന്നിടുന്നതാണ് അദ്ദേഹത്തിന്റെ ധൈഷണികത. ഒരുവേള അത് നമ്മെത്തന്നെ പലതരം അട്ടിമറികൾക്കു വിധേയമാക്കും. വിയോജിപ്പിന്റെ സംഘർഷങ്ങളും അസന്നിഗ്ധതകളും അനുഭവിക്കേണ്ടിവരും (ആശയക്കുഴപ്പം ഒരു മോശം കാര്യമല്ല, അത് സർഗശേഷിയുടെ ഉറവിടമാണ്. ക്രിയാത്മകമായ ഏതൊരു മനസ്സും കുഴഞ്ഞു മറിഞ്ഞതായിരിക്കും എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്)’.
സ്വന്തം അഭിപ്രായങ്ങൾ, യോജിക്കുന്നവരെക്കാളേറെ വിയോജിക്കുന്നവരാകാമെന്നറിഞ്ഞുകൊണ്ടുതന്നെ, മറകൂടാതെ വെളിപ്പെടുത്തുന്നുണ്ട് കുഞ്ഞാമൻ ഈ കൃതിയിൽ. അനുഭവങ്ങൾ ജീവിതത്തിൽ ചിലർക്ക് ഒറ്റപ്പെടുത്തലും അന്യത്വവും അനാഥത്വവും നൽകുമ്പോൾ ഒപ്പം അതിജീവനത്തിനുള്ള ഒരസാമാന്യധൈര്യം കൂടി നൽകും ചിലപ്പോൾ. അത്തരമൊരു ധൈര്യം കുറഞ്ഞതല്ലാത്തൊരളവിൽ കുഞ്ഞാമനിലുണ്ട് എന്ന് ഈ കൃതി വ്യക്തമാക്കുന്നുണ്ട്.
അദ്ദേഹത്തിന്റെ പുസ്തകം അവസാനിക്കുന്നതിങ്ങനെയാണ്: ‘ഇത് പരാജയപ്പെടുത്തപ്പെട്ട ഒരാളുടെ വിചാരങ്ങളാണ്, വ്യവസ്ഥിതിയാൽ നിസ്സഹായനാക്കപ്പെട്ട ഒരാളുടെ'. കുഞ്ഞാമൻ പറയുന്ന ജീവിതകഥ എന്നു വിശേഷിപ്പിക്കപ്പെട്ട, ‘എതിര്' എന്ന കൃതിയുടെ ‘ആന്റി- ക്ലൈമാക്‌സ്' ആണ് ഈ വാചകം എന്നെനിക്കു തോന്നുന്നു. കേരളത്തിലെ പ്രധാനപ്പെട്ട ഒരു സർവകലാശാലയുടെ പഠനവകുപ്പ് തലവനും ദേശീയ വിദ്യാഭ്യാസ നയരൂപീകരണം നടത്തുന്നതിന് ചുമലപ്പെട്ട യു.ജീ.സി.യുടെ ഭാഗവുമൊക്കെയായിത്തീർന്ന ഒരാൾ നടന്നുകയറിയ പടവുകൾ, താണ്ടിയ വഴികൾ, ഒക്കെ അഭിമാനിക്കാൻ വകനൽകുന്നതാണ്. പിന്നെ എന്തുകൊണ്ട് ഈ പരാജയബോധം? മറുപടിയും കുഞ്ഞാമൻ തരുന്നുണ്ട്: ‘പുറപ്പെട്ട ഇടം ഇന്നും ഒരു മാറ്റവുമില്ലാതെ കിടക്കുകയാണ്'. പക്ഷേ അത് അദ്ദേഹത്തിന്റെ പരാജയമല്ല, നമ്മൾ ഓരോരുത്തരുടേതുമാണ്.
‘അത്തരം വ്യക്തികളുടെ ചിന്തകൾക്കും സാമൂഹികജീവിതത്തിലും ചരിത്രത്തിലും ഒരിടം വേണം. അവ രേഖപ്പെടുത്തപ്പെടണം. കാരണം, പരാജയങ്ങളാണ് ഈ പ്രപഞ്ചത്തെ സംബന്ധിച്ച യഥാർഥ പാഠങ്ങൾ. മാറിക്കൊണ്ടിരിക്കുന്ന കാലത്തിനും തലമുറകൾക്കുമായി ഓരോ വ്യക്തിക്കും സമർപ്പിക്കാനുള്ളത് ഇതുപോലെ പരാജയങ്ങളിൽനിന്നു രൂപപ്പെട്ട പാഠങ്ങളായിരിക്കണം.'
ഇതിനോടു യോജിക്കാതിരിക്കാൻ കഴിയുമോ?
ജീവിതസമരങ്ങൾ അവസാനിക്കുന്നില്ല. തുടർന്നു കൊണ്ടേയിരിക്കുന്നു. .
‘എതിര്. ചെറോണയുടെയും അയ്യപ്പന്റെയും മകന്റെ ജീവിതസമരം',
എം. കുഞ്ഞാമൻ (2020), ഡി. സി. ബുക്‌സ്, കോട്ടയം