സംവരണത്തിനെതിരായ ജാതീയ പൊതുബോധത്തിന് ഒരു വയസ്സുകൂടി...

‘‘സംവരണചർച്ച സാമ്പത്തിക സംവരണത്തിലെത്തി നിൽക്കുമ്പോഴും സംവരണം എന്ന വിഷയം പൊതുസമൂഹം ഏറ്റെടുക്കുന്നില്ല. ഉദ്യോഗ- രാഷ്ട്രീയ പ്രാതിനിധ്യത്തെ സംബന്ധിച്ച ഒരു ചർച്ചയും കേരളത്തിലെ ഒരു മുഖ്യധാരാ പാർട്ടിയിൽ നിന്നും ഉയർന്നുവരുന്നില്ല എന്നയിടത്തിലാണ് മലയാളി പൊതുബോധം ജനാധിപത്യവിരുദ്ധമാണ് എന്ന് നമുക്ക് പറയേണ്ടിവരുന്നത്. ജാതി വിഷയം ഒരു സാമൂഹിക പ്രശ്നമായി തിരിച്ചറിയാതെയാണ് നാം 2023-ലേക്ക് പ്രവേശിക്കുന്നത്’’- ജീവിതത്തിൽനിന്ന് ഒരു വർഷം കൂടി അടർന്നുപോകുമ്പോൾ, അത് ജീവിതത്തിൽ പലതും ബാക്കിയാക്കും. 2022 അവശേഷിപ്പിച്ചുപോയ അത്തരം അനുഭവങ്ങൾ വീണ്ടെടുക്കപ്പെടുകയാണിവിടെ. പലതരം ജീവിതങ്ങളുടെ വക്കിൽനിന്ന് കീറിയെടുത്ത, ചോരപ്പാടുള്ള ഏടുകൾ. വിനിൽ പോൾ​​ എഴുതുന്നു.

ന്ത്യയിൽ ജീവിക്കുന്ന ഏതൊരു ജനാധിപത്യവിശ്വാസിക്കും കടുത്ത നിരാശ നൽകിയ വർഷമാണ് 2022. സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്ന കോടതി വിധിയോടുകൂടി സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അനീതി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട വർഷമാണ് കഴിഞ്ഞുപോയത്. സാമ്പത്തിക സംവരണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം എന്നത് സംഘ്പരിവാർ നേതൃത്വത്തിൽ നടത്താൻ പോകുന്ന ജനാധിപത്യ വിരുദ്ധപ്രവർത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങായിട്ടാണ് ഞാൻ കരുതുന്നത്.

എന്നെ സംബന്ധിച്ച്​ കുറച്ചു വർഷങ്ങളായി ഡിസംബർ എന്നത് നിരാശയുടെ അല്ലെങ്കിൽ എന്തൊക്കെയോ ചെയ്യുന്നത് തീർക്കാൻ സാധിക്കാത്തതിന്റെ മാസമായിരുന്നു. എന്നാൽ പതിവിന് വിരുദ്ധമായിട്ടാണ് 2022 തുടങ്ങിയത്. മലയാളത്തിലെ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ ഒരു സമാഹാരം അടിമകേരളത്തിന്റെ അദൃശ്യ ചരിത്രം എന്ന പേരിൽ ഡി.സി. ബുക്‌സ് 2021-ൽ പ്രസിദ്ധീകരിച്ചിരുന്നു. ദലിത് ചരിത്രമെന്നതുകൊണ്ടും ആനുകാലികങ്ങളിൽ മുൻപേ പ്രസിദ്ധീകരിക്കപ്പെട്ടതുകൊണ്ടും പുസ്തകത്തിന് കാര്യമായ സ്വീകരണം ലഭിക്കില്ല എന്നായിരുന്നു കരുതിയത്. എന്നാൽ അതിനു വിരുദ്ധമായാണ് കാര്യങ്ങൾ സംഭവിച്ചത്, കുറെയധികം ആളുകൾ പുസ്തകത്തിന്റെ റിവ്യൂ എഴുതി. മാത്രമല്ല ഡോ. രേഖ രാജ്, ബെന്യാമിൻ എന്നിവർ 2021-ലിറങ്ങിയ പുസ്തകങ്ങളിൽ അവർക്കിഷ്ടപ്പെട്ട പുസ്തകം എന്ന നിലയിൽ തിരഞ്ഞെടുക്കുകയും 2022- പുതുവർഷദിനത്തിൽ അത് മലയാള മനോരമ പത്രത്തിലൂടെയും ട്രൂകോപ്പി തിങ്കിലൂടെയും പ്രഖ്യാപിക്കുകയുമുണ്ടായി.

ഈ വാർത്തയിലൂടെയാണ് എന്റെ 2022-വർഷം തുടങ്ങുന്നത്. വളരെ വേഗം ആറ് പതിപ്പുകളും വിൽക്കപ്പെട്ടു. എന്തായാലും 2022-ൽ മൂന്ന് പുസ്തകങ്ങൾ കൂടി ചെയ്യാൻ സാധിച്ചു. ലേഖനങ്ങളുടെ സമാഹാരമായ ദളിത് ചരിത്രദംശനം എന്ന പുസ്തകം മാതൃഭൂമി ബുക്സും, മഞ്ചാടിക്കരി എന്ന പ്രാദേശിക ചരിത്രപുസ്തകം പുസ്തക പ്രസാധക സംഘവും, നായാട്ടിന്റെ ചരിത്രം എന്ന പുസ്തകം ഡി.സി. ബുക്സും പ്രസിദ്ധീകരിച്ചു. അംബേദ്ക്കർ ദിനത്തോടനുബന്ധിച്ച്​ മലയാള മനോരമ പത്രത്തിൽ എൻ.എസ്. മാധവനുമായി ദീർഘസംഭാഷണം നടത്താൻ സാധിച്ചത് ഈ വർഷത്തെ പ്രധാന നേട്ടമായാണ് കരുതുന്നത്. സൗത്ത് ഏഷ്യയിലെ ഏറ്റവും ശ്രദ്ധേയനായ ചരിത്രകാരൻ ഡോ. മഹ്​മൂദ്​ കൂരിയയുടെ Islamic Law in Circulation എന്ന പുസ്തകത്തിന്റെയും ചെറായി രാമദാസിന്റെ കായൽ സമ്മേളനം രേഖകളിലൂടെ എന്ന പുസ്തകത്തിന്റെയും പ്രകാശനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതും വലിയ സന്തോഷം നൽകിയ നിമിഷങ്ങളായിരുന്നു.

ഗവേഷണ പഠന കാലയളവിൽ കേരളത്തിലെ ദലിത് ക്രൈസ്തവരുടെ ചരിത്രവുമായി ബന്ധപ്പെട്ട മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെങ്കിൽ കഴിഞ്ഞ കഴിഞ്ഞ വർഷം മുതൽ ദലിത് ക്രൈസ്തവരുടെ സാമൂഹിക- ഉദ്യോഗ പ്രതിനിധ്യത്തെ കുറിച്ചാണ് അന്വേഷണം നടത്തിയത്. ഇതിന്റെ ഭാഗമായി ക്രിസ്ത്യൻ മാനേജ്മെൻറ്​ കോളേജുകളിലെ അധ്യാപക- അനധ്യാപക ജീവനക്കാരുടെ ജാതി തിരിച്ച വിവരങ്ങൾ ശേഖരിക്കുകയുണ്ടായി. വളരെ ഞെട്ടിക്കുന്ന ഡാറ്റയായിരുന്നു ലഭിച്ചത്. 40 ക്രിസ്ത്യൻ മാനേജ്മെൻറ്​കോളേജുകളിൽ 1467- അധ്യാപകർ ജോലി ചെയ്യുന്നതിൽ ദലിത് ക്രൈസ്തവരുടെ എണ്ണം അഞ്ചാണെന്നും, ഇതേ കോളേജുകളിൽ 652- അനധ്യാപകർ ജോലി ചെയ്യുന്നതിൽ ദലിത് ക്രൈസ്തവരുടെ എണ്ണം 13 എന്നതുമായിരുന്നു ലഭിച്ച ഡാറ്റ. ദലിത് ക്രൈസ്തവരുടെ ഉദ്യോഗ പ്രാതിനിധ്യത്തെ സംബന്ധിച്ച വിഷയം ചില മാധ്യമങ്ങളിലൂടെ എഴുതുവാനും ട്രൂകോപ്പിയിൽ പ്രിയപ്പെട്ട സണ്ണിച്ചായനുമായി (സണ്ണി എം. കപിക്കാട്) ഒരു വീഡിയോ ചെയ്യുവാനും സാധിച്ചു. ഞങ്ങൾ ഈ വീഡിയോയിൽ പേരെടുത്തു പറഞ്ഞ, ദലിത് ക്രൈസ്തവരെ അകറ്റി നിർത്തിയിരിക്കുന്ന പാലാ സെൻറ്​ തോമസ് കോളേജിലെ ചരിത്രവിഭാഗത്തിലെ അധ്യാപക ഒഴിവിലേക്ക് ഞാനും ഒരു അപേക്ഷ കൊടുത്തിരുന്നു. അഭിമുഖം നടക്കുന്ന റൂമിലെ കസേരയിൽ ഞാനിരിക്കുന്നതിനുമുൻപേ വന്ന ചോദ്യം, താങ്കളും മറ്റൊരു വ്യക്തിയുമായി ഒരു അഭിമുഖം വന്നിരുന്നല്ലോ? എന്തായിരുന്നു അത്? എന്നതായിരുന്നു.

എന്നാൽ ഇതിനേക്കാൾ ഭീകരമായി തോന്നിയത് ചില ദലിത് ക്രൈസ്തവ സംഘടനകളിലെ നേതാക്കളുടെ മറുപടികളായിരുന്നു. വിവരാവകാശം വഴി ലഭിച്ച ഈ വിവരങ്ങൾ പൊതുജനമുൻപാകെ അവതരിപ്പിച്ചപ്പോൾ സഭയിൽ കലഹം സൃഷ്ടിക്കാനുള്ള ശ്രമമാണ് ഞാൻ നടത്തുന്നതെന്നാണ് നേതാക്കളുടെ ആരോപണം. സഭകളുടെ സ്ഥാപനങ്ങളിൽ തങ്ങൾക്ക് പ്രതിനിധ്യമില്ല എന്ന് കൃത്യമായി തിരിച്ചറിവുള്ളതും നിശ്ശബ്ദരായി നിൽക്കുന്നതുമായ ഈ നേതാക്കളാണ് ഏറ്റവും വലിയ കുഴപ്പക്കാർ എന്നത് വലിയ ഒരു തിരിച്ചറിവായിരുന്നു. എയ്​ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലനിക്കുന്ന അനീതി കേരളീയ പൊതുസമൂഹം വേണ്ടവിധം ചർച്ച ചെയ്യുന്നില്ല എന്നതാണ് യാഥാർഥ്യം. ഇത് കേവലം എയ്ഡഡ് സ്ഥാപനങ്ങൾ സ്വന്തമായി ഇല്ലാത്തവരുടെ പ്രശ്‌നമെന്നാണ് മലയാളി സമൂഹം വിലയിരുത്തുന്നത്. ഇത് വലിയ നിരാശയുണ്ടാക്കുന്ന കാര്യമാണ്. മാത്രമല്ല നമ്മുടെ ക്ലാസ്​മുറികളിൽ നിന്ന്​ നിലവാരമില്ലാത്ത കുട്ടികളെ നിർമിക്കാൻ മാത്രമേ ഈ മെറിറ്റ് ഇല്ലാത്ത അധ്യാപകർക്ക് സാധിക്കുകയുള്ളൂ എന്ന യാഥാർഥ്യം പൊതുജനം തിരിച്ചറിയുന്നുമില്ല. കേരളത്തിന്റെ പൊതുമണ്ഡലത്തിൽ സജീവമായി നിൽക്കുന്ന വ്യക്തികളെയോ, പ്രഭാഷകരെയോ ഒന്നും കേട്ടിട്ടുപോലുമില്ലാത്ത കുട്ടികളെയാണ് ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർമിച്ചുവിടുന്നത്. ഇലന്തൂരിൽ നടന്ന നരബലിയെ കുറിച്ച് കേട്ടിട്ടില്ലാത്ത കുട്ടികളെയും കാണേണ്ടി വന്നു എന്നതാണ് എന്റെ വ്യക്തിപരമായ അനുഭവം.

സാമ്പത്തിക സംവരണത്തെ സംബന്ധിച്ച വിധിയുണ്ടായിട്ടും കേരളത്തിന്റെ വൈജ്ഞാനികമേഖല നിശ്ശബ്ദമായിരിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്. കേരളത്തിലെ പുസ്തകങ്ങളെ പരിശോധിച്ചാൽ ഏറ്റവും കുറവ് പുസ്തകങ്ങൾ, പത്തിൽ താഴെ മാത്രമാണ്​ സംവരണം എന്ന വിഷയത്തെ സംബന്ധിച്ചു നാളിതുവരെ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്. സംവരണ സംവിധാനം നടപ്പിലാക്കിയശേഷമുള്ള സാമൂഹികാവസ്ഥ, മണ്ഡൽ കമീഷനുശേഷമുള്ള കാലം തുടങ്ങി സംവരണചർച്ച സാമ്പത്തിക സംവരണത്തിലെത്തി നിൽക്കുമ്പോഴും സംവരണം എന്ന വിഷയം പൊതുസമൂഹം ഏറ്റെടുക്കുന്നില്ല. ഉദ്യോഗ- രാഷ്ട്രീയ പ്രാതിനിധ്യത്തെ സംബന്ധിച്ച ഒരു ചർച്ചയും കേരളത്തിലെ ഒരു മുഖ്യധാരാ പാർട്ടിയിൽ നിന്നും ഉയർന്നുവരുന്നില്ല എന്നയിടത്തിലാണ് മലയാളി പൊതുബോധം ജനാധിപത്യവിരുദ്ധമാണ് എന്ന് നമുക്ക് പറയേണ്ടിവരുന്നത്. കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇപ്പോൾ നിൽക്കുന്ന ജാതിപ്രശ്‌നങ്ങൾ പോലും ആരും ഏറ്റെടുക്കുന്നില്ല എന്നതുകൂടി നാം തിരിച്ചറിയേണ്ടതായുണ്ട്. ജാതി വിഷയം ഒരു സാമൂഹിക പ്രശ്നമായി തിരിച്ചറിയാതെയാണ് നാം 2023-ലേക്ക് പ്രവേശിക്കുന്നത്.


വിനിൽ പോൾ

എഴുത്തുകാരൻ, ഗവേഷകൻ. ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ സെന്റർ ഫോർ ഹിസ്‌റ്റോറിക്കൽ സ്റ്റഡീസിലെ ആധുനിക ചരിത്രവിഭാഗത്തിൽനിന്ന് കേരളത്തിലെ അടിമജീവിതവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗവേഷണ ബിരുദം നേടി. ഇത് ‘അടിമകേരളത്തിന്റെ അദൃശ്യചരിത്രം' എന്ന പേരിൽ പുസ്തകമായിട്ടുണ്ട്.

Comments