നമ്മുടെ കുട്ടികൾക്ക്
ഇനി ‘ഹെലികോപ്റ്റർ പാരൻറിങ്’
വേണ്ട
നമ്മുടെ കുട്ടികൾക്ക് ഇനി ‘ഹെലികോപ്റ്റർ പാരൻറിങ്’ വേണ്ട
കോവിഡ്കാലത്ത് നമ്മുടെ കുട്ടികൾ വിദ്യാലയങ്ങളിലെത്തുകയാണ്. അവരിൽ ആത്മവിശ്വാസമുണ്ടാക്കുക എന്നത് വളരെ പ്രധാനമാണ്. സ്വതന്ത്രരും ഉത്തരവാദിത്തബോധമുള്ളവരുമായി അവർക്ക് ഇടപെടാൻ കഴിയണമെങ്കിൽ നമ്മുടെ പാരൻറിങ് രീതിയിൽ സമൂലമായ അഴിച്ചുപണിയും മനോഭാവങ്ങളിൽ വലിയ മാറ്റങ്ങളും അനിവാര്യമായിരിക്കുന്നു.
27 Sep 2021, 02:05 PM
ഹഫിങ്ടൺ പോസ്റ്റ് 2012 ൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്റെ തലക്കെട്ട്
Are we raising a generation of helpless kids എന്നായിരുന്നു. കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ സ്വന്തം ജീവിതം കെട്ടിപ്പടുക്കുന്നതിനും സ്വയംപര്യാപ്തരായിത്തീരുവാനും രക്ഷിതാക്കൾ തടസ്സമാകുന്നു എന്നായിരുന്നു ലേഖനത്തിന്റെ പ്രധാന ഊന്നൽ. 2013 ൽ ടൈം മാഗസിൻ പ്രസിദ്ധീകരിച്ച മില്ലേനിയൽസ്: ദ മി മി മി ജനറേഷൻ എന്ന ശ്രദ്ധേയമായ മറ്റൊരു ലേഖനവും സമാന നിലപാട് തന്നെയായിരുന്നു പങ്കുവെച്ചത്.
കുട്ടികളുടെ പഠന പഠനാനുബന്ധ വിഷയങ്ങളിലുള്ള രക്ഷാകർതൃ പങ്കിനെ സംബന്ധിച്ചും രക്ഷാകർതൃ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടും പിന്നീടുണ്ടായ പല ആശയരൂപീകരണങ്ങളെയും ഈ രണ്ടു ലേഖനങ്ങളും നിർണായകമായി സ്വാധീനിച്ചിട്ടുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തിൽ മാത്രമല്ല; അവരുടെ ദൈനംദിന കാര്യങ്ങളിലുൾപ്പെടെ പുതുതലമുറ രക്ഷിതാക്കൾ പുലർത്തിവരുന്ന അതിജാഗ്രതയും അമിത ഉത്കണ്ഠയുമാണ് ഇതേത്തുടർന്നുണ്ടായ ചർച്ചകളുടെയെല്ലാം പൊതു കാതൽ എന്നു പറയാം. എന്നാൽ ഇതേ നിരീക്ഷണങ്ങളോട് സമാനത പുലർത്തുന്ന ആശയങ്ങൾ വർഷങ്ങൾക്കുമുമ്പുതന്നെ പല കോണുകളിൽ നിന്നും ഉയർന്നു വരിക യുണ്ടായിട്ടുണ്ട്. ഡോ. ഹെയിം ജിനോട്ടിന്റെ രക്ഷിതാവിനും കൗമാരക്കാർക്കുമിടയിൽ എന്ന പുസ്തകത്തിൽ (1969) ഒരു പെൺകുട്ടി പറയുന്നതായി സൂചിപ്പിക്കുന്നത്; അമ്മ എന്റെ തലയ്ക്കുമുകളിൽ ഒരു ഹെലികോപ്റ്റർ പോലെ എപ്പോഴും കറങ്ങി നടപ്പുണ്ട് എന്നാണ്. ഈ സാന്ദർഭിക പരാമർശത്തിൽ നിന്നുമാണ് ഹെലികോപ്റ്റർ പാരൻറിംഗ് എന്ന പ്രയോഗം തന്നെ പിന്നീട് രൂപപ്പെടുന്നത്.
21ാം നൂറ്റാണ്ടിലെത്തിയപ്പോഴേക്കും ഈ പ്രയോഗത്തിന്റെ സാംഗത്യം കൂടുതൽ ബോധ്യപ്പെടുന്ന വിധം സ്ഥിതിഗതികൾ പരിണമിക്കപ്പെട്ടു. ഹെലികോപ്റ്ററിന്റെ പ്രത്യേകത അതിന് നമ്മുടെ തലയ്ക്കുമുകളിൽ കറങ്ങി നിൽക്കാൻ കഴിയുമെന്നതും നമ്മെ എല്ലായിടത്തും പിന്തുടരാനാകുമെന്നതും അപ്പോഴൊക്കെ വലിയ ശബ്ദമുണ്ടാക്കി കൊണ്ടിരിക്കാൻ കഴിയും എന്നതുമാണ്. കുട്ടികളെ അവരുടെ വിദ്യാലയങ്ങളിലും ക്ലാസ് മുറികളിലും കളി സ്ഥലങ്ങളിലും ട്യൂഷൻ സെന്ററുകളിലും ക്ലബ്ബുകളിലും വിടാതെ പിന്തുടരുകയും അവിടെയൊക്കെ തങ്ങളുടെ സാന്നിധ്യം ഉച്ചത്തിലടയാളപ്പെടുത്തുകയും ചെയ്യുന്ന രക്ഷിതാക്കളാണ് യഥാർത്ഥത്തിൽ ഹെലികോപ്റ്ററുകൾ ആകുന്നത്.

കുട്ടികളെ പ്രീ സ്കൂളിൽ ചേർക്കുന്നതുമുതൽ അവർക്കിണങ്ങുന്നതോ ഇണങ്ങാത്തതോ ആയ മികച്ച വരുമാനമുള്ളൊരു തൊഴിൽ സംഘടിപ്പിക്കുന്നതുവരെ ആവൃത്തിയൊട്ടും കുറയാതെ ഈ ശബ്ദം അന്തരീക്ഷത്തിൽ മുഴങ്ങിക്കോണ്ടിരിക്കും. കുട്ടികളുടെ സ്വാഭാവികമായ കഴിവുകൾക്കും താൽപര്യങ്ങൾക്കും അഭിരുചികൾക്കും പകരം രക്ഷിതാക്കളുടെ താല്പര്യങ്ങളും സ്വപ്നങ്ങളുമാണ് ഇവിടെ പലപ്പോഴായും സ്ഥാപിക്കപ്പെടുന്നത്. ഇത്തരം രക്ഷിതാക്കൾ അതത് കാലഘട്ടത്തിൽ രൂപപ്പെടുന്ന സാമ്പത്തിക സാമൂഹികാവസ്ഥയുടെ കൂടി ഉൽപ്പന്നങ്ങളാണ് എന്ന കാര്യം വിസ്മരിക്കുന്നില്ല .
കുട്ടികൾക്ക് തെറ്റു പറ്റാറില്ല
പഠനപ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴോ മത്സരപരീക്ഷകളിൽ പങ്കെടുക്കുമ്പോഴോ മറ്റേതെങ്കിലും മേഖലകളിൽ ഇടപെടേണ്ടിവരികയോ ചെയ്യുമ്പോഴൊക്കെ പലർക്കും തെറ്റുകൾ സംഭവിക്കുകയോ, പരാജയങ്ങൾ അഭിമുഖീകരിക്കേണ്ടി വരികയോ ചെയ്യാറുണ്ട്. ഇതൊരു വളരെ സ്വാഭാവികമായ കാര്യമാണ്. തെറ്റ് സംഭവിക്കുമ്പോഴാണ്, പരാജയം അഭിമുഖീകരിക്കുമ്പോഴാണ് കുട്ടികൾക്ക് തങ്ങളുടെ പരിമിതികൾ തിരിച്ചറിയുവാനും അത് മറികടക്കുന്നതിന് കൂടുതൽ സജ്ജരാകേണ്ടുന്നതിന്റെ , ശക്തരാകേണ്ടുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുകയും ചെയ്യുന്നത്.
സ്വയംപഠനവും സ്വയം വിലയിരുത്തലുമാണ് യഥാർത്ഥത്തിൽ ജീവിതവിജയത്തിന് ആവശ്യം. എന്നാൽ തന്റെ കുട്ടിക്ക് തെറ്റു പറ്റാൻ പാടില്ലെന്നാണ് രക്ഷിതാക്കൾ കരുതുന്നത്. അതുകൊണ്ട് തെറ്റു പറ്റാൻ അവർ ഒരിക്കലും സമ്മതിക്കുകയുമില്ല. ഫലത്തിൽ കുട്ടികൾ ചെയ്യുകയോ ഏറ്റെടുത്തു നടത്തുകയോ പൂർത്തീകരിക്കുകയോ ചെയ്യേണ്ട പല പ്രവർത്തനങ്ങളും രക്ഷിതാക്കൾ തന്നെയങ്ങ് ഏറ്റെടുത്ത് ചെയ്യുകയാണ്. ഇത്തരം പ്രവണതകൾ സ്വാഭാവികമായും കുട്ടികളുടെ ആത്മവിശ്വാസത്തെയും ആത്മബോധത്തെയും പ്രതികൂലമായി ബാധിക്കുകയും അനുബന്ധമായ പലതരം വൈകാരികപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുകയും ചെയ്യും. കുട്ടികളിൽ വളർന്നുവരേണ്ട നേതൃപാടവം, തീരുമാനങ്ങൾ കൈക്കൊള്ളാനുള്ള കഴിവ്, ഉത്തരവാദിത്തബോധം എന്നീ സുപ്രധാന ജീവിത നൈപുണികളെയാണ് രക്ഷിതാക്കൾ തങ്ങളുടെ കുട്ടികൾക്ക് ഇതുമൂലം നിഷേധിക്കുന്നതെന്നത് ഗൗരവമായി കാണേണ്ടതാണ്.
ഉടൻ ഫലം അഥവാ ഉടൻ പണം!
കുട്ടികൾക്ക് തങ്ങളുടെ വ്യത്യസ്തങ്ങളായ ആവശ്യങ്ങൾ നിറവേറ്റാനോ ആഗ്രഹങ്ങൾ പൂർത്തീകരിക്കാനോ ഒട്ടുംതന്നെ ഇക്കാലത്ത് കാത്തിരിക്കേണ്ടി വരുന്നേയില്ല. ഇതിന് മുഖ്യമായും രണ്ട് കാരണങ്ങളുണ്ട്. ഒന്ന് നിലവിലെ പാരൻറിംഗ് ശൈലിയാണെങ്കിൽ രണ്ടാമത്തേത് സാങ്കേതികവിദ്യയുടെ സ്വാധീനമാണ്. 1990നു ശേഷം അതായത് സാങ്കേതികവിദ്യയുടെ വിസ്ഫോടന നാളുകൾക്ക് ശേഷം പിറന്ന തലമുറയെ Y ജനറേഷൻ എന്നോ "മിലെനിയൽസ്' എന്നോ പൊതുവെ വിശേഷിപ്പിച്ചു കാണാറുണ്ട്. കുട്ടിക്കാലം മുതൽ തന്നെ ഡിജിറ്റൽ ലോകവുമായി അടുത്ത ചങ്ങാത്തം സ്ഥാപിക്കാൻ അവസരം ലഭിച്ചവരാണിവർ. ഇവരുടെ പ്രത്യക്ഷാനുഭവ തലങ്ങൾ മുതിർന്നവരുടേതിൽ നിന്നും പലതു കൊണ്ടും ഏറെ വിഭിന്നമായിരിക്കും. അതിവേഗ ആശയവിനിമയത്തിനുള്ള സാധ്യതകളും അതിനുള്ള അവസരങ്ങളും ധാരാളമുള്ളാരു ലോകത്ത് വിവരങ്ങൾ വളരെ പെട്ടെന്ന് കൈയെത്തി പിടിക്കാനും കൈകാര്യം ചെയ്യാനുമുള്ള കഴിവും സന്നദ്ധതയും ഇവരുടെ സവിശേഷ മികവായിരിക്കും. ഏത് ജോലിയായാലും എവിടെ നിന്നും എപ്പോഴും ചെയ്യാൻ കഴിയുന്നതേയുള്ളൂ എന്നതാണ് ഇവരുടെ നിലപാട്.
സങ്കീർണവും വ്യവസ്ഥാപിതവുമായ ലോകാനുഭവങ്ങൾ എല്ലാം ആധുനികവും സാങ്കേതിക വിദ്യയിലധിഷ്ഠിതവുമായ ഇന്ദ്രിയ വേഗം കൊണ്ട് ന്യൂനീകരിക്കാൻ കഴിയുന്നു എന്നത് നിസാര കാര്യമല്ല. ജൈവികമായ ഒരു പരിണാമ സിദ്ധി പോലെ സാമൂഹികമായി സിദ്ധിക്കുന്ന ഒന്നാണിത്. ഇവിടെ സമയവും ദൂരവുമാണ് അപ്രസക്തമായിത്തീരുന്ന ഘടകങ്ങൾ. പ്രമുഖ ക്ലിനിക്കൽ സൈക്കോളജിസ്റ്റും വിദ്യാഭ്യാസ ഗവേഷകയുമായ ഡോ. ഡാർവിൻ സ്വീറ്റ് ലാൻഡ് ടീച്ചിങ് കിഡ്സ് റ്റു തിങ്ക്സ് എന്ന പുസ്തകത്തിൽ ഈ തലമുറയെ "ഇൻസ്റ്റൻഡ് ഗ്രാറ്റിഫിക്കേഷൻ ജനറേഷൻ ' എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. ആഗ്രഹങ്ങളുടെ പെട്ടെന്നുള്ള പൂർത്തീകരണമാണിവരുടെ പ്രത്യേകത. ഉടൻ ഫലം എന്നോ മാധ്യമഭാഷയിൽ ഉടൻ പണം എന്നോ വേണമെങ്കിൽ പറയാം. കാത്തിരിക്കേണ്ട ആവശ്യമില്ലാത്ത, കാത്തിരിക്കാൻ നേരമില്ലാത്ത, കാത്തിരിപ്പിന് സന്നദ്ധരല്ലാത്ത ഒരു തലമുറയായിട്ടാണ് ഇവരുടെ മാനസിക പരിണാമം സംഭവിക്കുന്നത്. രക്ഷിതാക്കളുടെ വന്മതിൽ സംരക്ഷണം കൂടിയുള്ളതിനാൽ കുറഞ്ഞ അധ്വാനവും കൂടുതൽ പ്രതീക്ഷയും ജീവിതത്തിൽ വെച്ചുപുലർത്തുന്നതിൽ യാതൊരുഅസ്വാഭാവികതയുമില്ല.

തലമുറകളുടെ ചരിത്രത്തിൽ ആദ്യമായാണ് മാനവ പുരോഗതിയും ശാസ്ത്രനേട്ടങ്ങളും മനുഷ്യരെ സ്വാഭാവികമായ കഴിവുകളിൽ നിന്നും അടർത്തി മാറ്റി പരാശ്രിതരാക്കി മാറ്റുന്ന ഒരു സാമൂഹിക സന്ധിയിലെത്തിച്ചിരിക്കുന്നത്. സങ്കീർണ പ്രശ്നങ്ങളെ നിർധാരണം ചെയ്യുന്നത് എങ്ങനെയെന്ന് അവരെ ബോധ്യപ്പെടുത്തുന്നതിനും ജീവിതത്തിലെ അപ്രതീക്ഷിത വഴിത്തിരിവ് അഭിമുഖീകരിക്കുന്നതിനും സ്വതന്ത്രവും സ്വാശ്രയ പൂർണവുമായ ജീവിതം നയിക്കുന്നതെങ്ങനെയെന്നും പഠിപ്പിക്കുന്നതിൽ നമ്മൾ പരാജയപ്പെടുന്നു എന്നു കൂടി അതിനർത്ഥമുണ്ട്. മറ്റുള്ളവരുമായി സംവദിക്കുന്നതിനും ഇടപഴകുന്നതിനുമുള്ള അവസരങ്ങൾ കൂടി ഇല്ലാതാകുന്നത് അഭിലഷണീയമായ വ്യക്തി വ്യക്താന്തര ബന്ധങ്ങൾ സൃഷ്ടിക്കുന്നതിനും വലിയ തടസ്സമാകുന്നുണ്ട്. കുട്ടികളിൽ വർധിച്ചുവരുന്ന ആത്മഹത്യകൾ ഈ സാമൂഹിക വൈകാരികാവസ്ഥയുടെ പശ്ചാത്തലത്തിൽ കൂടി നോക്കി കാണേണ്ടതുണ്ട്.
"അടിയൻ ലച്ചിപ്പോം ' അഥവാ പാരൻറ് ട്രാപ്പുകൾ
ഏറെ അധ്വാനിച്ചും വിയർത്തും കുട്ടികൾ ദൈനം ദിന കാര്യങ്ങൾ ചെയ്യുന്നത് രക്ഷിതാക്കളെ സംബന്ധിച്ച് സന്തോഷം നൽകുന്ന കാര്യങ്ങളൊന്നുമല്ലെന്ന് നാം കണ്ടു കഴിഞ്ഞു. കുട്ടികളുടെ പ്രവർത്തനങ്ങൾ നിശ്ചിത വേഗത്തിലും എളുപ്പത്തിലും പൂർത്തിയാക്കുക മാത്രമാണ് ഏറ്റവും പ്രധാനം. അതിന് ഒരു സബ്സ്റ്റിറ്റ്യൂട്ട് പ്ലേയർ ആയി കുട്ടിക്ക് വേണ്ടി കളത്തിലിറങ്ങുവാൻ ഇവർ സദാ സന്നദ്ധരാണ്. രക്ഷിതാവിന്റെ ഈ "അടിയൻ ലച്ചിപ്പോം' മനോഭാവത്തെയാണ് സ്വീറ്റ്ലാൻഡ് "പാരൻറ് ട്രാപ്പ്' എന്ന് വിശേഷിപ്പിക്കുന്നത്. അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും അവരെ രക്ഷപ്പെടുത്തുക, ആവശ്യങ്ങളും ആഗ്രഹങ്ങളും കാലതാമസമൊന്നുമില്ലാതെ എത്രയും പെട്ടെന്ന് നിവർത്തിച്ചു കൊടുക്കുക, കുട്ടികൾക്ക് താല്പര്യമുണ്ടെങ്കിലും ഇല്ലെങ്കിലും നിർബന്ധപൂർവം പല പ്രവർത്തനങ്ങളിലും പങ്കെടുപ്പിച്ച് മറ്റുള്ളവരെക്കാൾ മുന്നിലെത്തിക്കാൻ യത്നിക്കുക, അർഹതയോ ആവശ്യമോ പരിഗണിക്കാതെ തങ്ങളാൽ കഴിയാവുന്നതൊക്കെ വാങ്ങി നൽകുക, അഥവാ ചില കാര്യങ്ങൾ ചെയ്തു കൊടുക്കാൻ കഴിയുന്നില്ലെങ്കിൽ അതിൽ വലിയ കുറ്റബോധം തോന്നുക തുടങ്ങിയവയൊക്കെ "രക്ഷാകർതൃ കെണിയുടെ' പലതരം മുഖങ്ങളാണ്. പുതുതലമുറ രക്ഷിതാക്കളിൽ ഭൂരിഭാഗവും സാമാന്യം നന്നായി ഈ ട്രാപ്പിൽ അകപ്പെട്ടവരാണെന്ന് പറയാം.
കോവിഡ് കാലം യഥാർത്ഥത്തിൽ ഈ അകപ്പെടലുകളെ കൂടുതൽ ആഴമുള്ളതും വിശാലവുമാക്കിത്തീർക്കുകയാണ് ചെയ്തത്. കോവിഡ് ഒരു ആരോഗ്യപ്രശ്നം എന്നതിലുപരി ഒരു വിദ്യാഭ്യാസ പ്രശ്നം എന്ന നിലയിലാണ് ഭൂരിഭാഗം രക്ഷിതാക്കളും പരിഗണിച്ചിട്ടുള്ളത്. വിദ്യാലയങ്ങൾ അടച്ചിട്ടപ്പോൾ ഒട്ടും വൈകാതെ കുട്ടികൾക്ക് മൊബൈൽ ഫോണുകൾ, ടാബ്, ലാപ്ടോപ്പ് എന്നിവ യഥോചിതം വാങ്ങി നൽകുന്നതായിരുന്നു മധ്യവർഗ രക്ഷിതാക്കളുടെ ആദ്യഘട്ട കടമാനിർവഹണമെങ്കിൽ അടുത്ത ഘട്ടത്തിലെത്തുമ്പോഴേക്കും അത് പരസ്യങ്ങളിൽ കാണുന്ന ലേണിങ് ആപ്പുകളിലേക്കും ലേണിങ് പാക്കേജുകളിലേക്കും വ്യാപരിച്ചു കഴിഞ്ഞു.
വിദ്യാലയങ്ങൾ കുട്ടികൾക്ക് അക്ഷരവും ഗണിതവും പഠിക്കാനുള്ള ഇടങ്ങൾ മാത്രമല്ലെന്ന് പലരും ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. വിദ്യാലയം കുട്ടിയെ സംബന്ധിച്ച് ഒരു ആവാസവ്യവസ്ഥയാണ്. സ്കൂളും പരിസരവും ക്ലാസ് മുറിയും ലൈബ്രറിയും ലാബും പൂന്തോട്ടവും കൂട്ടുകാരും അധ്യാപകരും ഒക്കെ ഉൾപ്പെടുന്ന പരസ്പരബന്ധിതമായ ചങ്ങലക്കണ്ണികളാൽ ദൃഢമാക്കപ്പെട്ട ഒരു ആവാസവ്യവസ്ഥയാണ്. അത് കുട്ടിക്ക് വളരുവാനുള്ളതാണ്. കളിച്ചും ചിരിച്ചും കൂട്ടുചേർന്നും ബോധാബോധപൂർവ്വമായാണ് കുട്ടികൾ വിദ്യാലയങ്ങളിൽ പഠിച്ചു കൊണ്ടിരിക്കുന്നത്. ഡിജിറ്റൽ പാഠങ്ങൾക്കും ഗാഡ്ജറ്റ്കൾക്കുമൊന്നും ഒരിക്കലും അതിന് പകരം നിൽക്കാൻ ആവുകയുമില്ല. അതുകൊണ്ട് ഡിജിറ്റൽ വഴിയിലേക്കുള്ള ഈ സംക്രമണത്തെ വളരെ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്തില്ലെങ്കിൽ ഉദ്ദേശിച്ച പഠന ലക്ഷ്യങ്ങൾ കൈവരിക്കുകയില്ലെന്ന് മാത്രമല്ല, അനഭിലഷണീയമായ ഡിജിറ്റൽ ശീലങ്ങളിലേക്ക് കുട്ടികൾ വഴുതി വീഴുകയും ചെയ്യും. ഈ അവസരത്തിൽ സ്വന്തം കുട്ടികളെ മനസ്സിലാക്കിക്കൊണ്ടുള്ള പ്രായോഗികമായ സമീപനങ്ങളാണ് രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. കുട്ടികളുടെ ഭൗതികമായ ആവശ്യങ്ങൾ ഉടൻ നിവർത്തിച്ചു കൊടുക്കുക എന്നതിനപ്പുറം വൈകാരികവും സാമൂഹികവുമായ ആവശ്യങ്ങൾക്കാണ് മുൻഗണന നൽകേണ്ടത്. സ്നേഹവും കരുതലുമുള്ള ഒരു ഗൃഹാന്തരീക്ഷത്തിൽ കുട്ടികൾക്ക് കൂടി ഉത്തരവാദിത്തങ്ങളും ചുമതലകളും (responsibility) നിർവഹിക്കാനുള്ള അവസരങ്ങളൊരുക്കിക്കൊടുത്തു കൊണ്ടാണ് രക്ഷിതാക്കൾ തങ്ങളുടെ കടമ നിർവഹിക്കേണ്ടത്. എന്നാൽ റെസ്പോൺസി ബിലിറ്റിക്കു പകരം അക്കൗണ്ടബിലിറ്റി മാത്രമാണ് വീടുകൾ കുട്ടികളിൽ നിന്നു പ്രതീക്ഷിക്കുന്നത്. തങ്ങൾ കുട്ടികൾക്ക് ഓഫർ ചെയ്യുന്നവയ്ക്കെല്ലാം അവർ കണക്ക് ബോധിപ്പിച്ചുകൊള്ളണമെന്നും അക്കൗണ്ടബിൾ ആകണമെന്നുമുള്ള നിലപാടാണത്. ഉത്തരവാദിത്തബോധം (responsibility) സാഹചര്യങ്ങൾക്കനുസരിച്ച് പ്രതികരണങ്ങളെ തെരഞ്ഞെടുക്കാനുള്ള കഴിവാണെന്ന് പറഞ്ഞത് സ്റ്റീഫൻ കൊവേയാണ്.
റെസ്പോൺസിബിളിറ്റിയിൽ ഒരു റെസ്പോൺസും എബിലിറ്റിയും ഉണ്ടെന്നതു കൊണ്ട് ഉത്തരവാദിത്തമെന്നത് വ്യക്തിയും ചുറ്റുപാടും തമ്മിലുള്ള സംഘർഷത്തിന്റെ ഫലമായി രൂപപ്പെടുന്നതാണെന്നും ആത്യന്തികമായി അത് വ്യക്തിവികാസത്തിലേക്കും ജീവിത വിജയത്തിലേക്കും നയിക്കുന്ന സർഗാത്മകമായ സാമൂഹിക നിർമിതിയാണെന്നും കാണേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് വിദ്യാലയങ്ങൾ അടഞ്ഞു കിടക്കുമ്പോൾ ഓരോ വീടും വിദ്യാലയമാകണമെന്ന് പറയുന്നത്. അവിടെ തികഞ്ഞ സ്വാതന്ത്ര്യത്തോടെയും ഉത്തരവാദിത്ത ബോധത്തോടെയും സഹവർത്തിക്കാൻ കഴിയുമ്പോഴാണ് കോവിഡാനന്തര കാലത്തെ വിദ്യാലയത്തിലേക്ക് അവർക്ക് ആത്മവിശ്വാസത്തോടെ കടന്നുചെല്ലാൻ കഴിയുക
SK Jayadeven
29 Sep 2021, 09:17 AM
കൃത്യമായ നിരീക്ഷണങ്ങൾ "ഏറെ അധ്വാനിച്ചും വിയർത്തും കുട്ടികൾ ദൈനം ദിന കാര്യങ്ങൾ ചെയ്യുന്നത് രക്ഷിതാക്കളെ സംബന്ധിച്ച് സന്തോഷം നൽകുന്ന കാര്യങ്ങളൊന്നുമല്ലെന്ന് നാം കണ്ടു കഴിഞ്ഞു. കുട്ടികളുടെ പ്രവർത്തനങ്ങൾ നിശ്ചിത വേഗത്തിലും എളുപ്പത്തിലും പൂർത്തിയാക്കുക മാത്രമാണ് ഏറ്റവും പ്രധാനം. അതിന് ഒരു സബ്സ്റ്റിറ്റ്യൂട്ട് പ്ലേയർ ആയി കുട്ടിക്ക് വേണ്ടി കളത്തിലിറങ്ങുവാൻ ഇവർ സദാ സന്നദ്ധരാണ്. രക്ഷിതാവിന്റെ ഈ "അടിയൻ ലച്ചിപ്പോം' മനോഭാവത്തെയാണ് സ്വീറ്റ്ലാൻഡ് "പാരൻറ് ട്രാപ്പ്' എന്ന് വിശേഷിപ്പിക്കുന്നത്. അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും അവരെ രക്ഷപ്പെടുത്തുക, ആവശ്യങ്ങളും ആഗ്രഹങ്ങളും കാലതാമസമൊന്നുമില്ലാതെ എത്രയും പെട്ടെന്ന് നിവർത്തിച്ചു കൊടുക്കുക, കുട്ടികൾക്ക് താല്പര്യമുണ്ടെങ്കിലും ഇല്ലെങ്കിലും നിർബന്ധപൂർവം പല പ്രവർത്തനങ്ങളിലും പങ്കെടുപ്പിച്ച് മറ്റുള്ളവരെക്കാൾ മുന്നിലെത്തിക്കാൻ യത്നിക്കുക, അർഹതയോ ആവശ്യമോ പരിഗണിക്കാതെ തങ്ങളാൽ കഴിയാവുന്നതൊക്കെ വാങ്ങി നൽകുക, അഥവാ ചില കാര്യങ്ങൾ ചെയ്തു കൊടുക്കാൻ കഴിയുന്നില്ലെങ്കിൽ അതിൽ വലിയ കുറ്റബോധം തോന്നുക തുടങ്ങിയവയൊക്കെ "രക്ഷാകർതൃ കെണിയുടെ' പലതരം മുഖങ്ങളാണ്. പുതുതലമുറ രക്ഷിതാക്കളിൽ ഭൂരിഭാഗവും സാമാന്യം നന്നായി ഈ ട്രാപ്പിൽ അകപ്പെട്ടവരാണെന്ന് പറയാം."
K pramod kumar
27 Sep 2021, 09:00 PM
എത്ര കൃത്യമായ നിരീക്ഷണം. പലതും നേരനുഭവം. ഒരു പേരെന്റ്റിംഗ് ക്ലാസിനു ആവശ്യമായ ലേഖനം 👍👍
സതീഷ് ബാബു
27 Sep 2021, 08:03 PM
വളരെ ഉപകാരപ്രദമായ ലേഖനം.. ഇത്തരം ലേഖനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.
Santhoshkumar cherupuzha
27 Sep 2021, 06:34 PM
Very good
പി.കെ. തിലക്
Jul 28, 2022
10 Minutes Read
ട്രസ്പാസേഴ്സ്
Jul 21, 2022
8 Minutes Read
പി.കെ. തിലക്
Jul 19, 2022
4 minutes Read
ഷഫീഖ് താമരശ്ശേരി
Jul 13, 2022
65 Minutes Watch
Babu K
1 Oct 2021, 07:01 PM
Right write up Apt time