കോവിഡുകാല സാമ്പത്തിക ശാസ്ത്രം; മനുഷ്യാനുഭവങ്ങൾ പരീക്ഷണവസ്തുവാകുന്നു

സാമ്പത്തിക ശാസ്ത്രജ്ഞർ അവർ അഭിമുഖീകരിക്കുന്ന പ്രധാനപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ 'അനുഭവജ്ഞാനപരമായ പരീക്ഷണങ്ങളിലൂടെ' തെളിവുകൾ കണ്ടെത്തുന്നതിന് ലക്ഷ്യമിട്ടുള്ള നൂതനമായ ഗവേഷണ രൂപകൽപനകൾ സൃഷ്ടിച്ചതിൽ ഈ വർഷത്തെ സാമ്പത്തിക ശാസ്ത്ര നോബേൽ പുരസ്‌കാര ജേതാക്കൾക്ക് അഭിമാനിക്കാം.

കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലെ ഡേവിഡ് കാർഡ്, മസാച്ചുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ജോഷ്വാ ഡി. ആംഗ്രിസ്റ്റ്, ഗൈഡോ ഡബ്ലൂ. ഇംബെൻസ് എന്നീ സാമ്പത്തിക ശാസ്ത്രജ്ഞർക്കാണ് ഈ വർഷത്തെ സാമ്പത്തിക ശാസ്ത്ര നൊബേൽ പുരസ്‌കാരം ലഭിച്ചത്. സമൂഹം നിലവിൽ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങൾക്ക് ഉത്തരം നൽകാൻ ‘സ്വാഭാവിക പരീക്ഷണങ്ങൾ' ( Natural Experiments) എങ്ങനെ ഗുണപരമായി ഉപയോഗിക്കാമെന്ന് തങ്ങളുടെ പഠനങ്ങളിലൂടെ തെളിയിക്കുന്നു. തൊഴിൽ വിപണിയെ കുറിച്ചുള്ള പുതിയ ഉൾക്കാഴ്ചകൾ നൽകുകയും സ്വാഭാവിക പരീക്ഷണങ്ങളിൽ നിന്ന് കാരണങ്ങളെയും അതിന്റെ ഫലത്തെയും കുറിച്ച് പഠിച്ച് ചില നിഗമനങ്ങളിലെത്താമെന്ന് തിരിച്ചറിയുവാനും ഇത് യഥാർത്ഥത്തിൽ അനുഭവജ്ഞാന ഗവേഷണത്തിൽ വിപ്ലവം സൃഷ്ടിക്കാനും ഈ വർഷത്തെ സാമ്പത്തികശാസ്ത്രത്തിലെ നൊബേൽ പുരസ്‌കാര ലബ്ധിയിലൂടെ സാധിക്കുമെന്ന് കരുതാം.

ഡേവിഡ് കാർഡിന് ‘തൊഴിൽ സാമ്പത്തികശാസ്ത്ര (Labour Economics) ത്തിലെ അനുഭവജ്ഞാനപരമായ സംഭാവനകൾ' നൽകിയതിനും, ജോഷ്വാ ഡി. ആംഗ്രിസ്റ്റും ഗൈഡോ ഡബ്ലൂ. ഇംബെൻസും ' കാരണവും ഫലവും തമ്മിലുള്ള ബന്ധത്തിന്റെ (cause and effect relationship) വിശകലനത്തിനുള്ള രീതിശാസ്ത്രപരമായ സംഭാവനകൾ' നൽകിയതിനുമാണ് ഈ വർഷത്തെ നൊബേൽ പുരസ്‌കാരം ലഭിച്ചത്. രണ്ട് വ്യത്യസ്ത സംഭാവനകൾക്കാണ് സാമ്പത്തികശാസ്ത്രത്തിലെ നോബേൽ പുരസ്‌കാരം നൽകിയതെന്ന് തോന്നാമെങ്കിലും ‘സ്വാഭാവിക പരീക്ഷണങ്ങൾ ' (Natural Experiments) എന്ന ഒരു പൊതു ആശയത്തിൽ അധിഷ്ഠിതമാണ് ഈ വർഷത്തെ പുരസ്‌കാരം.

സ്വാഭാവിക പരീക്ഷണങ്ങളുടെ പ്രാധാന്യം

ഒരു സ്വാഭാവിക പരീക്ഷണം (Natural Experiments) എന്നത് ഒരു അനുഭവപരമോ നീരീക്ഷണപരമോ ആയ പഠനമാണ്. അതിൽ താൽപര്യത്തിന്റെ ചരങ്ങൾ (variables) ഗവേഷകർ കൃത്രിമമായി കൈകാര്യം ചെയ്യുന്നതിനുപകരം പ്രകൃതിയിൽ സ്വാധീനം ചെലുത്താൻ അനുവദിക്കുന്നു. വരുമാനത്തിൽ വിദ്യാഭ്യാസത്തിന്റെ സ്വാധീനം, ദാരിദ്ര്യത്തിൽ കോവിഡ് -19 ന്റെ സ്വാധീനം എന്നിങ്ങനെയുള്ള കാരണവും ഫലവും തമ്മിലുള്ള ബന്ധത്തിലൂടെയുള്ള ചോദ്യങ്ങളിൽ സാമ്പത്തിക ശാസ്ത്രജ്ഞർ അതീവ തൽപരരാണ്. ഇതുപോലുള്ള സാമൂഹ്യ പ്രശ്‌നങ്ങളെകുറിച്ച് പഠിക്കാൻ സാമ്പത്തിക വിദഗ്ധർ രണ്ട് പരീക്ഷണങ്ങൾ പരിഗണിക്കുന്നു:- ക്രമരഹിതമായ പരീക്ഷണങ്ങളും (Random experiment), സ്വാഭാവിക പരീക്ഷണങ്ങളും (Natural experiments). ക്രമരഹിതമായ പരീക്ഷണങ്ങൾക്ക് കീഴിൽ ഗവേഷകർ പറയുന്നത് ഒരു ചികിത്സാ ഗ്രൂപ്പിന് (Treatment Group) ചില പ്രോത്സാഹനങ്ങൾ (incentives) നൽകുകയും, പ്രോത്സാഹനങ്ങൾ നൽകാത്ത നിയന്തണ ഗ്രൂപ്പുമായി (Control Group) താരതമ്യം ചെയ്യുകയും ചെയ്യുന്നു. ക്രമരഹിതമായ പരീക്ഷണ മേഖലയിലെ (Random controlled Trials) സംഭാവനയ്ക്കാണ് അഭിജിത് ബാനർജി, എസ്തർ ഡുഫ്‌ളോ, മൈക്കിൾ ക്രെമർ എന്നിവർക്ക് 2019 ലെ സാമ്പത്തിക ശാസ്ത്രത്തിലെ നോബേൽ പുരസ്‌കാരം ലഭിച്ചത്.

എന്നാൽ ഒരു വിഭാഗം ജനങ്ങൾ, ഒരു പ്രത്യേക പ്രദേശങ്ങൾ എന്നിവിടങ്ങളിൽ എല്ലായ്‌പ്പോഴും വിദ്യാഭ്യാസ അവസരങ്ങളുടെ അപര്യാപ്തത, സാമ്പത്തിക അസമത്വം എന്നിവ പോലുള്ള പ്രശ്‌നങ്ങൾ പഠിക്കാൻ ക്രമരഹിതമായ പരീക്ഷണങ്ങളിലൂടെ സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞാണ് സ്വാഭാവിക പരീക്ഷണ (Natural Experiments) ങ്ങളിലേക്ക് സാമ്പത്തിക ശാസ്ത്രജ്ഞരുടെ ശ്രദ്ധ തിരിഞ്ഞത്. സ്വാഭാവിക പരീക്ഷണങ്ങളിലൂടെ സാമൂഹിക പ്രശ്‌നങ്ങളെ പഠിക്കുകയും, ഈ പ്രശ്‌നങ്ങളുടെ കാരണവും ഫലവും തമ്മിലുള്ള ബന്ധം നിർണയിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അതിലൂടെ സാമ്പത്തിക ശാസ്ത്രവികാസത്തിന് ശ്രദ്ധേയമായ സംഭാവനകൾ നൽകാൻ സ്വാഭാവിക പരീക്ഷണങ്ങളിലൂടെ മൂവർക്കും സാധിച്ചു.

പ്രധാനമായി രണ്ടു കാരണങ്ങളാൽ സ്വാഭാവിക പരീക്ഷണങ്ങൾ വിലയിരുത്തുന്നതിൽ ചില പ്രശ്‌നങ്ങൾ നേരിടാം. ഒന്നാമതേത്, ഒരു സ്വാഭാവിക പരീക്ഷണമായി പ്രവർത്തിക്കുന്നത് തിരിച്ചറിയുക എന്നതാണ്. രണ്ടാമതായി, ഒരു ക്രമരഹിതമായ പരീക്ഷണത്തിൽ, ഗവേഷകരെ അറിയുകയും നിയന്ത്രിക്കുകയും, അവരിൽ പ്രോൽസാഹന (incentives) ത്തിന്റെ പ്രതിഫലനം പഠിക്കാൻ അനുവദിക്കുകയും ചെയ്യുന്നു. എന്നാൽ സ്വാഭാവിക പരീക്ഷണങ്ങളിൽ അത്തരം വ്യക്തമായ വ്യതിയാനം വിലയിരുത്താൻ എളുപ്പത്തിൽ സാധ്യമല്ല. അതിനു കാരണമാകുന്നത് ആളുകൾ സ്വന്തമായി ഗ്രൂപ്പുകൾ തിരഞ്ഞെടുക്കുകയും രണ്ട് ഗ്രൂപ്പുകളിൽ പോലും പ്രവർത്തിക്കുകയും ചെയ്യുന്നതിനാലാണ്. പരിമിതികൾക്കിടയിലും സമൂഹം അഭിമുഖീകരിക്കുന്ന ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഗവേഷകർക്ക് സ്വാഭാവിക പരീക്ഷണങ്ങൾ ഉപയോഗിക്കാൻ സാധിക്കും.

ഡേവിഡ് കാർഡിന്റെ സ്വാഭാവിക പരീക്ഷണങ്ങൾ

1990 കളുടെ തുടക്കത്തിൽ ഡേവിഡ് കാർഡ് സ്വാഭാവിക പരീക്ഷണങ്ങളിലൂടെ മിനിമം വേതനം (ഒരു നിയമമനുസരിച്ച് ഒരു തൊഴിലുടമ ജീവനക്കാരന് നൽകേണ്ട ഏറ്റവും കുറഞ്ഞ വേതനം) തൊഴിൽ വിപണിയിലെ കുടിയേറ്റം, വിദ്യാഭ്യാസം എന്നിവയെ എങ്ങനെ ബാധിക്കുന്നുവെന്ന് വിലയിരുത്തുന്നു.
ഉയർന്ന മിനിമം വേതനം തൊഴിൽ വിപണിയിൽ ചെലുത്തുന്ന സ്വാധീനം മനസ്സിലാക്കുക എന്നതാണ് നയവിദഗ്ധരുടെ മുന്നിലുള്ള പ്രധാനപ്പെട്ട ചോദ്യം. സാമ്പത്തികമാന്ദ്യം താഴ്ന്ന വരുമാനക്കാർക്കിടയിൽ ഉയർന്ന തോതിലുള്ള തൊഴിലില്ലായ്മയിലേക്ക് നയിക്കുമെന്നാണ് പൊതുവേ വിലയിരുത്തുന്നത്. എന്നാൽ കുറഞ്ഞ വരുമാനക്കാർ ഉയർന്ന മിനിമം വേതനം ആവശ്യപ്പെടാൻ ഇത് കാരണമാകുകയും ചെയ്യും. ഈ ചോദ്യത്തിന്റെ കാരണങ്ങളും ഫലങ്ങളും തമ്മിലുള്ള ബന്ധം കണ്ടെത്തി പരിഹരിക്കാൻ ഡേവിഡ് കാർഡ് അലർ ക്രൂഗറിനൊപ്പം ചേർന്ന് സ്വാഭാവിക പരീക്ഷണത്തിലൂടെ മിനിമം വേതനത്തിന്റെ ആഘാതത്തെകുറിച്ച് പഠിച്ചു. 1992 കാലയളവിൽ ന്യൂജേഴ്‌സിയിലെ കുറഞ്ഞ വേതനം മണിക്കൂറിൽ 4.25 ഡോളറിൽ നിന്നും 5.05 ഡോളറായി ഉയർത്തിയിരുന്നു. കാർഡും ക്രൂഗറും നടത്തിയ പഠനത്തിലൂടെ ഇത് യഥാർത്ഥത്തിൽ ഉയർന്ന മിനിമം വേതനം തൊഴിലിനെ ബാധിക്കില്ലെന്ന് സമർത്ഥിക്കുന്നു.

കുടിയേറ്റത്തെയും വിദ്യാഭ്യാസത്തെയും കുറിച്ചുള്ള കാർഡിന്റെ ഗവേഷണം ശ്രദ്ധേയമാണ്. തൊഴിൽ വിപണിയിൽ കുടിയേറ്റത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പ്രഭാവം കാർഡ് പഠന വിധേയമാക്കി. 1980 ഏപ്രിലിൽ 1,25,000 ക്യൂബക്കാർ അമേരിക്കയിലേക്ക് കുടിയേറുകയും അവരിൽ ഭൂരിഭാഗവും മിയാമിയിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. കുടിയേറ്റം കാരണം മിയാമിയിലെ തൊഴിൽ സേനയിൽ ഏഴ് ശതമാനം വർദ്ധനവുണ്ടായി. ഈ സ്വാഭാവിക പരീക്ഷണം കാർഡ് വിശകലനം ചെയ്യുകയും താഴ്ന്ന വിദ്യാഭ്യാസ നിലവാരം തൊഴിൽ സേനയെ പ്രതികൂലമായി ബാധിക്കില്ലെന്ന് നിരീക്ഷിക്കുകയും ചെയ്തു. കാർഡും ക്രൂഗറും വിദ്യാഭ്യാസത്തെ കുറിച്ചു നടത്തിയ ഗവേഷണത്തിൽ വിദ്യാഭ്യാസത്തിൽ ഉയർന്ന നിക്ഷേപം നടത്തുന്ന സംസ്ഥാനങ്ങൾ മെച്ചപ്പെട്ട ജോലികളിലൂടെയും ഉയർന്ന വരുമാനത്തിലൂടെയും തൊഴിൽ വിപണിയിൽ വിജയം കൈവരിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.

ആംഗ്രിസ്റ്റിന്റെയും ഗൈഡോ ഇംബെൻസിന്റെയും സംഭാവനകൾ

കാരണവും ഫലവും (cause and effect) കൃത്യമായി തിരിച്ചറിയാൻ സ്വാഭാവിക പരീക്ഷണങ്ങൾ (Natural Experiments) എങ്ങനെ ഉപയോഗിക്കാമെന്ന് ആംഗ്രിസ്റ്റും ഗൈഡോ ഇംബൻസും തങ്ങളുടെ പഠനങ്ങളിലൂടെ തെളിയിച്ചു. 1990 കളിൽ ലോക്കൽ ആവറേജ് ട്രീറ്റ്‌മെന്റ് ഇഫക്റ്റ് (Local Average Treatment Treatment Effect-LATE) എന്ന രീതിശാസ്ത്രം വികസിപ്പിച്ചെടുക്കുകയും സ്വാഭാവിക പരീക്ഷണങ്ങളിലൂടെ സങ്കീർണമായ സാമൂഹിക സാഹചര്യങ്ങളിൽ കാരണവും ഫലവും നന്നായി മനസ്സിലാക്കാനുമുള്ള വിശകലനത്തിനായി ഉപയോഗിക്കുകയും ചെയ്തു. ബന്ധം വിശകലനം ചെയ്യാൻ ഇൻസ്ട്രുമെന്റൽ വേരിയബിളുകൾ (Instrumental variables) എന്ന രണ്ട് ഘട്ടങ്ങളുള്ള രീതിയാണ് ഗവേഷകർ പിന്തുടർന്നത്. ആളുകളെ നിർബന്ധിതമായി പങ്കെടുപ്പിക്കാനോ അതിൽ നിന്ന് വിലക്കാനോ കഴിയാത്ത തരത്തിലുള്ള സ്വാഭാവിക പരീക്ഷണങ്ങളുണ്ട്. ജോഷ്വാ ആംഗ്രീസ്റ്റും ഗൈഡോ ഇംബെൻസും 1994-ൽ അത്തരം പരീക്ഷണങ്ങളുടെ കാരണങ്ങൾ വിശകലനം ചെയ്തു.

1991-ൽ ജോഷ്വാ അംഗ്രീസ്റ്റും അലൻ ക്രൂഗറും നടത്തിയ പരീക്ഷണം വിദ്യാഭ്യാസവും വരുമാനവും തമ്മിലുള്ള പരസ്പര ബന്ധം വിശകലനം ചെയ്യുകയും 12 വർഷത്തെ വിദ്യാഭ്യാസമുള്ള ആളുകളുടെ വരുമാനം 11 വർഷത്തെ വിദ്യാഭ്യാസമുള്ളവരേക്കാൾ 12 ശതമാനം കൂടുതലാണെന്ന് കണ്ടെത്തുകയും ചെയ്തു. കൂടാതെ 16 വർഷത്തെ വിദ്യാഭ്യാസമുള്ള ആളുകളുടെ വരുമാനം 11 വർഷത്തെ വിദ്യാഭ്യാസമുള്ളവരേക്കാൾ 65 ശതമാനം കൂടുതലാണ്. അങ്ങനെ വർഷങ്ങളായുള്ള വിദ്യാഭ്യാസവും വരുമാനവും തമ്മിലുള്ള വ്യക്തമായ ബന്ധം ഗവേഷകർ നിരീക്ഷിച്ചു. ഈ സ്വാഭാവിക പരീക്ഷണങ്ങളിലൂടെ ഗവേഷകർ കാരണവും ഫലവും തമ്മിലുള്ള ബന്ധങ്ങളിലൂടെ കൂടുതൽ വിദ്യാഭ്യാസം ഉയർന്ന വരുമാനത്തിന് കാരണമാകുമെന്ന് സമർത്ഥിക്കുന്നു.

സാമൂഹ്യ ഗവേഷണത്തിന് ഊന്നൽ നൽകുന്ന തീരുമാനം

ഡാറ്റയുടെ അപര്യാപ്തത മൂലം മുൻകാലങ്ങളിൽ സ്വാഭാവിക പരീക്ഷണങ്ങളെ തിരിച്ചറിയാൻ ബുദ്ധിമുട്ടായിരുന്നു. എന്നാൽ ഡാറ്റ ഡിജിറ്റലൈസ് ചെയ്തതിലൂടെ എളുപ്പത്തിൽ മുൻകാല നയങ്ങളുടെ സ്വാധീനം വിലയിരുത്താൻ സാമ്പത്തിക വിദഗ്ധർ സ്വാഭാവിക പരീക്ഷണങ്ങളെ പരിഗണിക്കുന്നു. കോവിഡ് മഹാമാരി ആഗോള സമ്പദ്‌വ്യവസ്ഥയെ ഗ്രസിച്ചപ്പോൾ സാമ്പത്തിക വിദഗ്ധർ വ്യാപകമായി സ്വാഭാവിക പരീക്ഷണങ്ങളെ ഉപയോഗിക്കുന്നു. കോവിഡ് വ്യാപനം വിവിധ പ്രദേശങ്ങളെയും വിവിധ മേഖലകളെയും എങ്ങനെ ബാധിച്ചുവെന്ന് വിശകലനം ചെയ്യുന്നതിനും, നയപരമായ പാഠങ്ങൾ ഉൾകൊള്ളാനും സ്വാഭാവിക പരീക്ഷണങ്ങളിലൂടെ ഗവേഷകർക്ക് സാധിച്ചിട്ടുണ്ട്.

സാമ്പത്തിക ശാസ്ത്രജ്ഞർ അവർ അഭിമുഖീകരിക്കുന്ന പ്രധാനപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ‘അനുഭവജ്ഞാനപരമായ പരീക്ഷണങ്ങളിലൂടെ' തെളിവുകൾ കണ്ടെത്തുന്നതിന് ലക്ഷ്യമിട്ടുള്ള നൂതനമായ ഗവേഷണ രൂപകൽപനകൾ സൃഷ്ടിച്ചതിൽ ഈ വർഷത്തെ സാമ്പത്തിക ശാസ്ത്ര നോബേൽ പുരസ്‌കാര ജേതാക്കൾക്ക് അഭിമാനിക്കാം. സാമ്പത്തിക ശാസ്ത്രത്തിലെ പുതിയ കണ്ടെത്തലുകൾ വരും കാലയളവിൽ സാമൂഹ്യശാസ്ത്ര ഗവേഷണത്തെ ഉന്നതിയിലേക്ക് നയിക്കാനുള്ള പ്രചോദനമായി മാറുന്നതിന് ഈ വർഷത്തെ നൊബേൽ പുരസ്‌കാരത്തിന് സാധിക്കുമെന്ന ശുഭപ്രതീക്ഷയാണുള്ളത്.

Comments