ചാറ്റ് ജിപിടി: ഇനി യന്തിരൻ
ലോകം വാഴുമോ?,
ഇല്ല എന്നുതന്നെയാണ് ഉത്തരം
ചാറ്റ് ജിപിടി: ഇനി യന്തിരൻ ലോകം വാഴുമോ?, ഇല്ല എന്നുതന്നെയാണ് ഉത്തരം
ഈ പോക്ക് പോയാല്‍ നാളെ യന്തിരന്‍മാര്‍ ലോകം വാഴുന്ന സ്ഥിതിയുണ്ടാവുമോ എന്ന ചോദ്യമാണ് ആർട്ടിഫിഷ്യൽ ഇൻറലിജൻസുമായി ബന്ധപ്പെട്ട് ഉയരുന്നത്. ഇതുവരെയുള്ള ഉത്തരം ഇല്ല എന്നുതന്നെയാണ്. കാരണം, ഇത് നിര്‍ദ്ദിഷ്ട ജോലികള്‍ നിര്‍വ്വഹിക്കുന്നതിന് മനുഷ്യര്‍ സൃഷ്ടിച്ച സാങ്കേതികവിദ്യ മാത്രമാണ്. ആർട്ടിഫിഷ്യൽ ഇൻറലിജൻസിന് ബോധം, ബോദ്ധ്യം, സ്വതന്ത്ര ഇച്ഛാശക്തി, വികാരങ്ങള്‍, ലക്ഷ്യബോധം എന്നിവയൊന്നുമില്ല. ഇതൊക്കെയാണല്ലോ, ലോകത്തെ ഭരിക്കാനുള്ള ഗുണങ്ങള്‍.
13 Mar 2023, 11:29 AM
പണ്ടുപണ്ട്, എന്നുവെച്ചാല്‍ ഏതാനും മാസങ്ങള്‍ക്കുമുമ്പുവരെ, ഏത് ചോദ്യവും നാം ഗൂഗിളിനോട് ചോദിച്ചിരുന്നു. നിലവിലുള്ള വിവരശേഖരത്തില്‍ മുങ്ങിത്തപ്പി ഗൂഗിള്‍ നമുക്ക് വിവരങ്ങള്‍ എത്തിച്ചുതരുമായിരുന്നു. നാം വലിയൊരളവോളം അതില്‍ സംതൃപ്തരുമായിരുന്നു.
അടിയന്തരാവസ്ഥക്കാലത്തെ കോണ്‍ഗ്രസുകാരുടെ മനോഭാവവും നിലപാടുകളും എന്തായിരുന്നു എന്ന ചോദ്യം അഡ്വ. ജയശങ്കറിനോട് ചോദിച്ചാല്‍ കിട്ടുന്ന മറുപടിയും ഗൂഗിളിനോട് ചോദിച്ചാല്‍ കിട്ടുന്ന മറുപടിയും തമ്മില്‍ വലിയ വ്യത്യാസമുണ്ടാവും. തന്റെ അനുഭവപരിസരത്തെ വിമര്‍ശനാത്മകമായി വിലയിരുത്തി, ഉല്‍പ്പാദിപ്പിച്ചെടുത്ത വിജ്ഞാനമാണ് ജയശങ്കര്‍ നമ്മോട് പറയുക. ഗൂഗിളാവട്ടെ, പ്രസ്തുത വിഷയത്തെ സംബന്ധിച്ച് വിവരങ്ങള്‍ ലഭിക്കാവുന്ന സ്രോതസ്സുകള്‍ ചൂണ്ടിക്കാണിക്കുകയാണ് ചെയ്യുക. ജയശങ്കര്‍ തന്റെ ഇന്റലിജന്‍സ് ഉപയോഗിച്ച് വിജ്ഞാനം നിര്‍മ്മിക്കുമ്പോള്‍ ഗൂഗിള്‍ ലഭ്യമായ ഡാറ്റ നമുക്ക് മുന്നിലെത്തിക്കുക മാത്രമാണ് ചെയ്യുന്നത്.
ഒന്നാം പാനിപ്പത്ത് യുദ്ധം നടന്ന വര്‍ഷം ഏതാണെന്ന് ചോദിച്ചാല്‍ ഗൂഗിളിന് ഉത്തരം തരാനാവും. എന്നാല്‍ ഒന്നാം പാനിപ്പത്ത് യുദ്ധം നടന്നിരുന്നില്ലെങ്കില്‍ ഇന്ത്യയുടെ ഗതി എന്താവുമായിരുന്നു എന്ന ചോദ്യത്തിനു മറുപടി നിര്‍മ്മിക്കാന്‍ ഗൂഗിളിന് കഴിയില്ല. അത് നിര്‍മ്മിക്കപ്പെടേണ്ട വിജ്ഞാനമാണ്. ഇക്കാലമത്രയും നാം ധരിച്ചത്, ഇപ്രകാരം വിജ്ഞാനം നിര്‍മ്മിക്കാന്‍ മനുഷ്യ മസ്തിഷ്‌കത്തിന് മാത്രമേ കഴിയൂ എന്നായിരുന്നു. അതങ്ങനെയല്ലെന്നും, സംസാരം തിരിച്ചറിയല്‍, തീരുമാനങ്ങളെടുക്കല്‍, സ്വാഭാവിക ഭാഷ മനസ്സിലാക്കല്‍ എന്നിങ്ങനെയുള്ള, മനുഷ്യ മസ്തിഷ്‌കം ചെയ്തിരുന്ന ജോലികളെല്ലാം ചെയ്യാന്‍ യന്ത്രങ്ങളെ പ്രാപ്തമാക്കുന്ന സാങ്കേതികവിദ്യ, അതായത് ആർട്ടിഫിഷ്യൽ ഇൻറലിജൻസ്യാഥാര്ത്ഥ്യമാണെന്ന് പൊതുസമൂഹത്തിന് ബോദ്ധ്യം വരുന്നത് ചാറ്റ് ജിപിടി യുടെ വരവോടെയാണെന്ന് പറയാം.
വളരെ പെട്ടെന്നാണ് ചാറ്റ് ജിപിടി പ്രത്യക്ഷപ്പെട്ടത്. GPT എന്നാല്‍ ‘ജനറേറ്റീവ് പ്രീ-ട്രെയിന്‍ഡ് ട്രാന്‍സ്‌ഫോര്‍മര്‍' എന്നാണ്. പേരുകേട്ട് പരിഭ്രമിക്കേണ്ടതില്ല. ഇതൊരു സ്വാഭാവിക ഭാഷാ മാതൃകയാണ്. എന്നുവെച്ചാല്‍, നാം സാധാരണ സംസാരിക്കുന്ന ഭാഷ മനസ്സിലാക്കാനും വിശകലനം ചെയ്യാനും പ്രതികരണങ്ങള്‍ നിര്‍മിക്കാനും കഴിയുന്ന ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം. ഇതില്‍ അവസാനം പറഞ്ഞ, പ്രതികരണങ്ങള്‍ നിര്‍മിക്കല്‍ എന്നത് അനുഭവങ്ങളുടെയും പഠനങ്ങളുടെയും വെളിച്ചത്തിലാണ്. അതായത്, വിവരങ്ങളുടെ ഒരു മാഹാസഞ്ചയം നല്‍കി, അതെങ്ങനെ വിജ്ഞാനമാക്കി മാറ്റാം എന്ന മാര്‍ഗനിര്‍ദ്ദേശവും നല്‍കിയാല്‍ കമ്പ്യൂട്ടറുകള്‍ക്കും മനുഷ്യസമാനമായ പ്രതികരണങ്ങള്‍ നിര്‍മിക്കാനാവും.
കാട്ടുതീ പടര്‍ന്ന സാഹചര്യത്തില്‍ ഒരാനയും സിംഹവും തമ്മില്‍ നടക്കുന്ന സംഭാഷണം എഴുതാന്‍ പറഞ്ഞാല്‍ അഞ്ചാം ക്ലാസുകാരന്‍ എന്തെഴുതുമോ, അതെഴുതാന്‍ ചാറ്റ് ജിപിടിക്കും കഴിയും. ഇതെഴുതുന്ന ഏതൊരാള്‍ക്കും കാടെന്താണെന്നും കാട്ടുതീ എന്താണെന്നും, ആനയും സിംഹവും എന്താണെന്നും, അറിയേണ്ടതുണ്ട്. മാത്രവുമല്ല, കാട്ടുതീ എന്ന ഭൗതിക സാഹചര്യത്തോട് ജീവികള്‍ ഏതെല്ലാം രീതിയിലാണ് പ്രതികരിക്കുക എന്നും, അവരുടെ വൈകാരിക പരിസരം എന്തായിരിക്കുമെന്നും അനുഭവബോദ്ധ്യമുണ്ടാവണം. ഇത്തരം കാര്യങ്ങളെല്ലാം നേരത്തെ പറഞ്ഞ കമ്പ്യൂട്ടര്‍ പ്രോഗ്രാമിനെ പരിശീലിപ്പിച്ചാല്‍, ആ കമ്പ്യൂട്ടറിനും നമ്മുടെ അഞ്ചാം ക്ലാസുകാരന്‍ നല്‍കുന്നതുപോലെയുള്ള പ്രതികരണം നല്‍കാന്‍ കഴിയും.
ബൃഹത്തായ ഒരു വിവരസഞ്ചയത്തിലെ ഓരോ വിവരശകലങ്ങളും ചില പാറ്റേണുകളുടെ അടിസ്ഥാനത്തില്‍ മറ്റ് വിവരശകലങ്ങളുമായി ബന്ധിപ്പിച്ചാണല്ലോ നാം മനുഷ്യര്‍ കാര്യകാരണ വിശകലനം നടത്തുന്നത്. ചൂട്, തണുപ്പ്, വിശപ്പ്, ഭയം എന്നിങ്ങനെയുള്ള കാര്യങ്ങളോട് മാത്രം പ്രതികരിക്കാന്‍ കഴിയുന്ന നവജാത ശിശു തുടര്‍ന്നുള്ള ഓരോ നിമിഷവും പുതിയ വിവരങ്ങള്‍ നേടുന്നു. കത്തുന്ന മെഴുകുതിരിയില്‍ തൊട്ടാല്‍ കൈ പൊള്ളും എന്ന വിജ്ഞാനം നാം സ്വയം ഉല്‍പ്പാദിപ്പിച്ചതാണ്. ഇതേ രീതിയില്‍ വിവരങ്ങളില്‍നിന്നും വിജ്ഞാനം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന മെഷീനുകള്‍ക്ക് ആർട്ടിഫിഷ്യൽ ഇൻറലജിൻസ് ഉണ്ടെന്നുപറയാം.
ഒട്ടേറെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആപ്ലിക്കേഷനുകള്‍ ഇപ്പോള്‍ത്തന്നെ പ്രചാരത്തിലായിട്ടുണ്ട്. ചിത്രം വരയ്ക്കുന്നതിന്, സ്‌ക്രീന്‍പ്ലേ തയ്യാറാക്കുന്നതിന്, വിഡിയോ നിര്‍മിക്കുന്നതിന്, ആരോഗ്യ കാര്യങ്ങള്‍ നോക്കുന്നതിന്, വിപണി സാദ്ധ്യതകള്‍ വിലയിരുത്തുന്നതിന്, വ്യക്തിഗത പഠന സാഹചര്യ മൊരുക്കുന്നതിന്, യാത്രാ പരിപാടികള്‍ തയ്യാറാക്കുന്നതിന്, മാര്‍ക്കറ്റിങ്ങിന് എന്നുവേണ്ട, മനുഷ്യര്‍ക്ക് ഒരു കൈ സഹായം വേണ്ടിടത്തെല്ലാം ആർട്ടിഫിഷ്യൽ ഇൻറലജൻസ് സഹായത്തിനുണ്ട്. ഓരോ മേഖലയിലും മനുഷ്യരുടെ ചോദ്യങ്ങളോട്, അഥവാ ആവശ്യങ്ങളോട് ലഭ്യമായ ഡാറ്റകളുടെ അടിസ്ഥാനത്തില്‍ പ്രതികരണങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ് ആർട്ടിഫിഷ്യൽ ഇൻറലജൻസ്. ഓരോ ചോദ്യങ്ങളും ആർട്ടിഫിഷ്യൽ ഇൻറലജൻസിനെ സംബന്ധിച്ച് പുതിയ പഠനങ്ങളാണ്. മനുഷ്യന്‍ ഉപയോഗപ്പെടുത്തുന്ന ഓരോ ഘട്ടത്തിലും ആർട്ടിഫിഷ്യൽ ഇൻറലജൻസ് വികാസം പ്രാപിച്ചുകൊണ്ടേയിരിക്കുന്നു.
യാന്ത്രികമായി വളരുന്ന ബുദ്ധിയുടെ തുടക്കം ഇങ്ങനെയൊക്കെയാണെങ്കില്‍, അതിന്റെ ഒടുക്കം എവിടെയായിരിക്കും എന്ന ചോദ്യവും പ്രസക്തമാണ്. ഇപ്പോള്‍ത്തന്നെ, പത്രപ്രവര്‍ത്തന രംഗത്ത് വാര്‍ത്താലേഖനങ്ങളും മറ്റ് ഉള്ളടക്കങ്ങളും വേഗത്തിലും കാര്യക്ഷമമായും ‘നിര്‍മിച്ചെടുക്കാന്‍' ആർട്ടിഫിഷ്യൽ ഇൻറലജൻസ് ഉപയോഗപ്പെടുത്തുന്നുണ്ട്. ഗവേഷണത്തിനും എഴുത്തിനുമായി ചെലവഴിക്കുന്ന സമയം കുറച്ച് മാധ്യമപ്രവര്‍ത്തകരുടെ പ്രവര്‍ത്തന രീതിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഈ സാങ്കേതികവിദ്യക്ക് കഴിയുന്നുണ്ട്. ഇക്കാലമത്രയും നാം ബ്രൌസ് ചെയ്ത് കണ്ടെത്തിയ വിവരങ്ങള്‍ അടുക്കിപ്പെറുക്കി ലേഖനമാക്കുകയായിരുന്നെങ്കില്‍, ബ്രൌസിങ്ങും അടുക്കിപ്പെറുക്കലും എഴുത്തുമെല്ലാം യാന്ത്രികമായി നിര്‍വ്വഹിക്കപ്പെടുകയാണിപ്പോള്‍. വാര്‍ത്തകള്‍ക്ക് പക്ഷപാതിത്വമുണ്ട്. ആ പക്ഷപാതിത്വം നമ്മുടേതാവണോ, യന്തിരന്‍മാരുടേതാവണോ എന്നതാണ് ചോദ്യം. ഉത്തരം സങ്കീര്‍ണവുമാണ്. മാനവരാശിക്ക് പൊതുവായ ഒരു കാഴ്ചപ്പാടില്ല. മറിച്ച്, വ്യതിരിക്തമായ രാഷ്ട്രീയമാണുള്ളത്. രാജ്യാതിര്‍ത്തികളും പ്രത്യയശാസ്ത്രങ്ങളും ആർട്ടിഫിഷ്യൽ ഇൻറലജൻസിനെ സംബന്ധിച്ച് കേവലം ഡാറ്റകള്‍ മാത്രമാണ്. ഈ ഡാറ്റകളെ മാനുഷികമായാണോ, യാന്ത്രികമായാണോ വിശകലനവിധേയമാക്കേണ്ടത് എന്നത് തര്‍ക്കിക്കാവുന്ന വിഷയമാണ്. മാതൃഭൂമിയും മനോരമയും ദേശാഭിമാനിയും വീക്ഷണവും അവര്‍ക്ക് ലഭ്യമായ ഡാറ്റ വെച്ചാണ് വാര്‍ത്തകളുണ്ടാക്കുന്നത്. അപ്പോഴും, ഓരോ വാര്‍ത്തയും മറ്റൊന്നില്‍നിന്ന് വേറിട്ടുനില്‍ക്കുന്നതിലെ സൗന്ദര്യം നഷ്ടപ്പെടുത്താന്‍ മാത്രം നാം ദുര്‍ബ്ബലരാവുകയാണോ എന്ന സമസ്യകൂടി നിര്‍ദ്ധാരണം ചെയ്‌തേ തീരൂ.
ദശലക്ഷക്കണക്കിന് ഡോളര്‍ ചെലവിട്ടാണ് കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ തയ്യാറാക്കുന്നത്. ലക്ഷക്കണക്കിന് തൊഴില്‍ദിനങ്ങളാണ് ഇതിലൂടെ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. എന്നാല്‍, ആർട്ടിഫിഷ്യൽ ഇൻറലജൻസിന് ഇപ്പറഞ്ഞ കമ്പ്യൂട്ടര്‍ കോഡിങ്ങ് ക്ഷിപ്രസാദ്ധ്യമാണ്. ഇതുമൂലമുണ്ടാവുന്ന തൊഴില്‍നഷ്ടവും സാമൂഹ്യ പ്രശ്‌നങ്ങളും മാത്രമല്ല, ഇപ്പോള്‍ നമ്മെ അലട്ടുന്നത്. ഇപ്രകാരം തയ്യാറാക്കപ്പെടുന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ വിശകലനം ചെയ്യാനും തിരുത്തലുകള്‍ വരുത്താനും ബുദ്ധിമുട്ടാണ്. അതായത്, ആർട്ടിഫിഷ്യൽ ഇൻറലജൻസിന്റെ ഗതിവിഗതികളെ നിയന്ത്രിക്കാനുള്ള നമ്മുടെ പരിമിതി കൂടുതല്‍ കൂടുതല്‍ പ്രകടമാവുകയാണ്.

മുക്തച്ഛന്ദസ്സില്‍ കവിതകളുണ്ടാവാന്‍ തുടങ്ങിയിട്ട് ഏതാനും പതിറ്റാണ്ടുകളായി. മനസ്സില്‍ തോന്നിയത് വാക്കുകളാക്കി പെറുക്കിവെക്കുകയും അനുവാചകര്‍ അതിനെ കവിതയായി വിശകലനം ചെയ്യുകയും ചെയ്തു. ചിത്രകലയിലും ഈ മാറ്റം പ്രകടമായിരുന്നു. റിയലിസത്തില്‍നിന്ന് ഇംപ്രഷനിസത്തിലേക്കും എക്സ്പ്രഷനിസത്തിലേക്കും അബ്‌സ്ട്രാക്ഷനിലേക്കുമെല്ലാം പടര്‍ന്നുകയറിയ ചിത്രകലയെ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പഠിച്ചെടുത്തിരിക്കുന്നു. പുതിയ പെയിന്റിങ്ങുകളുണ്ടാക്കാന്‍ ആർട്ടിഫിഷ്യൽ ഇൻറലിജൻസിന് ഒന്നോ രണ്ടോ മിനിറ്റ് മതി. ഒരു വാന്‍ഗോഗോ, പിക്കാസോയോ, ഡാവിഞ്ചിയോ, മൈക്കല്‍ ആഞ്ചലോയോ നടത്തിയ സര്‍ഗാത്മക സൃഷ്ടികളെ നാം വിമര്‍ശിക്കുകയും വിലയിരുത്തുകയും ആസ്വദിക്കുകയും ചെയ്തതുപോലെ, ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ നിര്‍മ്മിതികളായ കോടാനുകോടി ചിത്രങ്ങളെ ഇനി നമുക്ക് വിലയിരുത്താനും വിമര്‍ശിക്കാനുമാവില്ല. കാരണം, എന്ത് ചിത്രം എങ്ങനെ വരയ്ക്കണം എന്ന മുന്‍ ധാരണയുടെ സാക്ഷാത്കാരമാണ് നിര്‍മിത ചിത്രങ്ങളെല്ലാം. അതോടെ, സര്‍ഗസംവാദത്തിന്റെ വാതായനങ്ങള്‍ അടഞ്ഞുപോവുകയാണ്.
ഇതൊന്നുമല്ല, ആളുകളെ ആശങ്കപ്പെടുത്തുന്നത്. ഈ പോക്ക് പോയാല്‍ നാളെ യന്തിരന്‍മാര്‍ ലോകം വാഴുന്ന സ്ഥിതിയുണ്ടാവുമോ എന്നതാണ്. ഇതുവരെയുള്ള ഉത്തരം ഇല്ല എന്നുതന്നെയാണ്. കാരണം, ഇത് നിര്‍ദ്ദിഷ്ട ജോലികള്‍ നിര്‍വ്വഹിക്കുന്നതിന് മനുഷ്യര്‍ സൃഷ്ടിച്ച സാങ്കേതികവിദ്യ മാത്രമാണ്. ആർട്ടിഫിഷ്യൽ ഇൻറലിജൻസിന് ബോധം, ബോദ്ധ്യം, സ്വതന്ത്ര ഇച്ഛാശക്തി, വികാരങ്ങള്‍, ലക്ഷ്യബോധം എന്നിവയൊന്നുമില്ല. ഇതൊക്കെയാണല്ലോ, ലോകത്തെ ഭരിക്കാനുള്ള ഗുണങ്ങള്‍.
പുതിയ മനുഷ്യരുടെടെയും പുതിയ മെഷീന്റെയും ഏറ്റവും പുതിയ ലോകത്തെ അവതരിപ്പിക്കുകയാണ് ഇത്തവണത്തെ ട്രൂകോപ്പി വെബ്‌സീന്‍ പാക്കറ്റ് 119. ചാറ്റ് ജി.പി.ടിയിലൂടെ ക്രിയേറ്റ് ചെയ്ത കണ്ടന്റാണ്, അവയുടെ മലയാള പരിഭാഷ സഹിതം വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്നത്.
സൗജന്യമായി വായിക്കാം, കേള്‍ക്കാം.

രാംദാസ് കടവല്ലൂര്‍
Mar 16, 2023
5 minute read
രാംനാഥ് വി.ആർ.
Mar 14, 2023
10 Minutes Read
Truecopy Webzine
Mar 13, 2023
2 minutes Read
ധന്യ പി.എസ്.
Oct 28, 2022
6 Minutes Read
നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്
Apr 18, 2021
16 Minutes Read
സാലിം സംഗീത്
Sep 15, 2020
28 Minutes Read
ഡോ. സുകുമാരൻ എം
Aug 04, 2020
11 Minutes Read