തിരജീവിതത്തിന്റെ ഋജുരേഖകൾ

ഡെന്നീസ് ജോസഫ് സിനിമയ്ക്കുവേണ്ടി പറഞ്ഞ കഥകൾക്കൊക്കെയും അപരിചിതമായ വേറിടൽ ഉണ്ടായിരുന്നു. ഈറൻസന്ധ്യ തൊട്ട് തോംസൻവില്ലവരെ പ്രേക്ഷകരത് അനുഭവിച്ചു. ‘ന്യൂഡൽഹി’യിൽ പുനരവതരിക്കാൻ, ‘രാജാവിന്റെ മകനി’ൽ പ്രസരിക്കാൻ മമ്മൂട്ടിക്കും മോഹൻലാലിനും സാദ്ധ്യമായത് ആ തിരക്കഥയുടെ ഉദാരോർജ്ജം കൊണ്ടാണ്. രാജാവിന്റെ മകനിൽതന്നെയാണ് സുരേഷ് ഗോപിയും സാന്നിദ്ധ്യമറിയിച്ചത്

മൂന്നു ദശാബ്ദക്കാലം മലയാള സിനിമയിൽ സ്വന്തം തിരക്കഥയെ ചാലകശക്തിയാക്കി മാറ്റിയ ഡെന്നീസ് ജോസഫ് ഓർമ്മകൾ പറയുകയാണ്. ശരിക്കും ഇതൊരു നിഷ്‌ക്കളങ്കമായ വർത്തമാനമായിരുന്നു. സ്റ്റോറി ടെല്ലിംഗിന്റെ ശോഭയുള്ള സംവേദനം. അതൊക്കെയും ലിഖിതരൂപത്തിലായപ്പോൾ ‘നിറക്കൂട്ടുകളില്ലാതെ' എന്ന ജീവിത പുസ്തകമായി മാറുന്നു. നിറക്കൂട്ടോ, ന്യൂഡൽഹിയോ, രാജാവിന്റെ മകനോ, അഥർവമോ കണ്ട മലയാളിയോട് ഡെന്നീസ് ജോസഫിന്റെ സവിശേഷതകൾ വിസ്തരിക്കേണ്ടതില്ല. അദ്ദേഹം പത്താം നിലയിലെ തീവണ്ടി, ചിരട്ടപ്പാട്ടങ്ങൾ തുടങ്ങിയ ശ്രദ്ധേയമായ കഥകൾ എഴുതിയ കഥാകൃത്ത് കൂടിയാണ്. തിരക്കഥാകാരനിൽ ദൃശ്യവ്യാഖ്യാതാവും ഉചിതമായി സമ്മേളിക്കുമ്പോഴുണ്ടാവുന്ന സൗന്ദര്യസാകല്യത ഡെന്നീസ് എഴുതിയതും സംവിധാനം ചെയ്തതുമായ ചിത്രങ്ങൾക്കുണ്ട്.

പൊതുവേദികളിലോ, പത്രദൃശ്യമാധ്യമങ്ങളിലോ പ്രത്യക്ഷപ്പെടാതെ നിശ്ശബ്ദനായി തന്റെ എഴുത്തുമുറിയിലൊളിച്ച ഡെന്നീസ് ജോസഫ് അനുഭവം പറയുമ്പോൾ നാം അന്തം വിട്ടുപോകുന്നു. കൗതുകവും ജിജ്ഞാസയും നടുക്കവുംകൊണ്ട് നമ്മെ പിടിച്ചിരുത്തുന്ന ഒരു ഡെന്നീസ് തിരക്കഥയുടെ പ്രശംസനീയമായ ആർജവശോഭ ഇതിനുണ്ട്. മലയാള സിനിമയുടെ ഒരുകാലഘട്ടത്തിന്റെ ചരിത്രംകൂടി ഈ ഋജുമൊഴികളിൽ നിന്നും നാം വായിച്ചെടുക്കുന്നു. തന്നെക്കുറിച്ചല്ല, തന്നോട് ചേർന്നു നിന്നവരെക്കുറിച്ചാണ് ഈ ആത്മകഥ. നിറക്കൂട്ടില്ലാതെ അത് നിർവഹിക്കപ്പെടുന്നത് പരഭാഗശോഭ!

ഡെന്നീസ് ജോസഫ് സിനിമയ്ക്കുവേണ്ടി പറഞ്ഞ കഥകൾക്കൊക്കെയും അപരിചിതമായ വേറിടൽ ഉണ്ടായിരുന്നു. ഈറൻസന്ധ്യ തൊട്ട് തോംസൻവില്ലവരെ പ്രേക്ഷകരത് അനുഭവിച്ചു. ‘ന്യൂഡൽഹി’യിൽ പുനരവതരിക്കാൻ, ‘രാജാവിന്റെ മകനി’ൽ പ്രസരിക്കാൻ മമ്മൂട്ടിക്കും മോഹൻലാലിനും സാദ്ധ്യമായത് ആ തിരക്കഥയുടെ ഉദാരോർജ്ജം കൊണ്ടാണ്. രാജാവിന്റെ മകനിൽതന്നെയാണ് സുരേഷ് ഗോപിയും സാന്നിദ്ധ്യമറിയിച്ചത്. കൊടൂരമായ സംഭാഷണങ്ങൾ പാരഗ്രാഫില്ലാതെ ചൊൽക്കാഴ്ചയാക്കുന്ന നായകന്മാരെയല്ല ഡെന്നീസ് സൃഷ്ടിച്ചത്. ജീവിതം പറയുന്ന, ജീവിക്കാനായുന്ന സാഹസികരാണ് മിക്ക നായകന്മാരും. കുട്ടപ്പായിയും, രവിവർമ്മയും, കുഞ്ഞച്ചനും, ടോണി കുരിശിങ്കലും, വിൻസെന്റ് ഗോമസും, കൃഷ്ണമൂർത്തിയുമെല്ലാം മലയാളിയുടെ ജീവിത പരിസരങ്ങളിലേക്ക് കുടിയേറിയവരല്ല, ഈ ഭൂമികയിൽ നിന്ന് കഥാപാത്രങ്ങളായി തിടംവെച്ച് മുതിർന്നവരാണ്. ‘ഷോലെ' കഴിഞ്ഞാൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട തിരക്കഥ ‘ന്യൂഡൽഹി' ആണെന്ന് മണിരത്‌നം പറയുന്നതിൽ യാഥാർത്ഥ്യമുണ്ട്.

കമേഴ്‌സ്യലായും ആർട്ടായാലും തിരക്കഥ തന്നെയാണ് സിനിമയെ ചാരുതയിൽ, സമഗ്രതയിൽ സംഗ്രഹിക്കുന്നത്. ചിലയിടങ്ങളിൽ അതിനാടകീയമാകുമ്പോഴും ഉറൂബിന്റെ തിരക്കഥതന്നെയാണ് ‘നീലക്കുയിലി’ന്റെ ജീവശക്തി. സർഗ്ഗാത്മകത ഒന്നും സ്വയം അവകാശപ്പെടാനില്ലാത്ത ഒരാൾ ഒരുപാട് സിനിമകൾ കണ്ടും വായിച്ചും വളർന്ന് തിരക്കഥാകാരന്റെ മകുടമണിയുന്ന ഈ യാത്രാപഥത്തിൽ നമ്മളും ഒപ്പം ചേരുന്നു. ഒരുപാട് മനുഷ്യരെ അറിഞ്ഞും ആലോചിച്ചും ആനന്ദിച്ചും ദുഃഖിച്ചും ഏറ്റവും വലിയ ജനപ്രിയകലയുടെ നിരവധി മുന്നാമ്പുറവും പിന്നാമ്പുറവും കാണുന്നു. അത്തരം കാഴ്ചകൾ തന്നവർ മലയാള സിനിമയിൽ എത്രപേരുണ്ട്?
ഒരു സാധാരണ മനുഷ്യന്റെ മനസ്സിൽ ആളുകൾ അവരായിട്ടുതന്നെയാണ് പതിഞ്ഞുകിടക്കുന്നത്. അവരുടെ അന്തരംഗമോ ബാഹ്യരംഗങ്ങളോ അവരുടെ ആലോചനയിലില്ല. എന്നാൽ അങ്ങനെ ഒരു കഥാപാത്രം സാഹിത്യത്തിലോ ഇതരകലാരൂപങ്ങളിലോ വരുമ്പോൾ അവരുടെ ക്യാരക്ടർ ആളുകളുടെ മനസ്സിൽ പതിയും. നിത്യപരിചയമുള്ള മനുഷ്യരെ വിശദമായി തിരിച്ചറിയാൻ കല തന്നെയാണ് ഉപാധി. മനുഷ്യജീവിതത്തിൽ നിന്ന് പൊക്കിയെടുത്ത്

കഥാപാത്രങ്ങളാക്കി പാകപ്പെടുത്തി മനുഷ്യ സമൂഹത്തിനു പരിചയപ്പെടുത്തി ജീവിതം ഇങ്ങനെയൊക്കെയാണെന്നു പറഞ്ഞു കൊടുക്കുന്ന സർഗക്രിയാവിശേഷമല്ലേ സാഹിത്യം! സിനിമയുടെ തിരക്കഥയെ അതിന്റെ കൂട്ടത്തിൽ ഉൾപ്പെടുത്താൻ നാം വൈകി. അതിനെ സർഗാത്മകമായി കാണാൻ ഒരു കുറച്ചിലുണ്ടായിരുന്നു കുറേക്കാലം മുൻപുവരെ! ഇപ്പോൾ തിരക്കഥയും ഗാനസാഹിത്യവുമെല്ലാം വിവിധ പാഠ്യപദ്ധതികളിലെത്തി. ഒരിടത്തൊരു ഫയൽവാനും, വടക്കൻവീരഗാഥയും, കൊടിയേറ്റവും, യവനികയും, കിരീടവും, ന്യൂഡൽഹിയുമെല്ലാം തിരക്കഥ സിനിമയുടെ ജൈവികനാഡീവ്യൂഹമാണെന്ന് സമർത്ഥിക്കുന്നു. അങ്ങനെയൊരു അവകാശവാദമേ ഇല്ലാതെ ചലച്ചിത്രജീവിതത്തെ തിരിഞ്ഞുനോക്കുന്ന ഡെന്നീസ് ജോസഫ് നമ്മെ അത്ഭുതപ്പെടുത്തും. അദ്ദേഹം പറയുന്നത് ഇതരമനുഷ്യരെക്കുറിച്ചാണ്. വലിയവനെന്നോ ചെറിയവനെന്നോ ഭേദമില്ലാതെ! സംവിധായകൻ ശശികുമാറിനെക്കുറിച്ചോ എ.ബി രാജിനെക്കുറിച്ചോ പിൽക്കാലത്ത് ആരെങ്കിലും പറഞ്ഞു കേട്ടതായി അറിവുണ്ടോ? ഒരു കാലത്തെ സൂപ്പർഹിറ്റ് പ്രേംനസീർ- ജയൻ സിനിമകൾ എഴുതിയ പാപ്പനംകോട് ലക്ഷ്മണനാണ് ‘സത്ക്കലാദേവിതൻ ചിത്രഗോപുരങ്ങളേ' എന്ന പ്രശസ്തമായ നാടക യവനികഗാനം എഴുതിയതെന്ന് അറിവുള്ളവർ എത്രപേർ കാണും? എസ്.പി. പിള്ള ഒരു അസാധാരണ നടനായിരുന്നു എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? ദേവരാജൻ മാസ്റ്ററുടെയും ഒ.എൻ.വി.യുടെയും നാം കാണാത്ത മനസ്സ് ഇതിൽ പ്രകാശിക്കുന്നു. മലയാള സിനിമയ്ക്ക് കേൾക്കാൻ കഴിയാതെപോയ ഒട്ടേറെ ഗാനങ്ങൾ സുന്ദർ രാജൻ എന്ന സംഗീത സംവിധായകനിലൂടെ കേൾക്കുന്നു. അറിയപ്പെടാതെ കാലത്തിൽ മറഞ്ഞ ക്യാമറാമാൻ തോമസിന്റെയും മുരുകന്റെയും മുഖം തെളിയുന്നു. സംവിധായകനാകാൻ കഴിയാതെ പോയ പ്രേംനസീറിനെയും ന്യൂഡൽഹിയുടെ അവകാശം ചോദിച്ചുവരുന്ന രജനീകാന്തിനെയും വായിച്ച് നടുങ്ങുന്നു. വിൻസെന്റ് മാസ്റ്ററുടെയും പി.ബി. ശ്രീനിവാസിന്റെയും സമർപ്പണവും വിനീതത്വവും, കോടീശ്വരറാവുവിന്റെ അത്ഭുതകരമായ പ്രതിഭാവിലാസം, കാലത്തിനക്കരെനിന്ന് പാടുന്ന മെഹബൂബ്, മഴ പകർത്തി മഴയിലൊടുങ്ങിയ വിക്ടർ, മലയാളികളെ പാട്ടിലാക്കിയ കാസറ്റ് കമ്പനി ഉടമ ഉസ്മാൻ....! തീരുന്നില്ല, ഈ പച്ചയും കത്തിയുമില്ലാത്ത വേഷങ്ങൾ! ഇത് കഥകളിയല്ല. കളിച്ച കളിയുടെ അകത്തും പുറത്തുമുള്ള സാധാരണ മനുഷ്യരുടെ കല! അവരിൽ പലർക്കും വിലാസങ്ങളില്ലായിരുന്നു. ഇപ്പോൾ ഉണ്ട്. നിറക്കൂട്ട് നൽകാതെ അവരെ ഡെന്നീസ് ജോസഫ് നമുക്ക് കാണിച്ചുതരുന്നു. നന്ദിയുടെയും നന്ദികേടിന്റെയും യാഥാർത്ഥ്യം വിളിച്ചു പറയുന്നു. നീണ്ട നിശ്ശബ്ദതയ്ക്കുശേഷം വീണ്ടും വലിയ കാഴ്ചാനുഭവങ്ങളുമായി ഈ ചലച്ചിത്രകാരനെ നമുക്ക് കാത്തിരിക്കാം.

Comments