നമുക്കിടയില്‍ സാധ്യമായ
ചര്‍ച്ച ഇല്ലാതാക്കിയത്
നിര്‍ഭാഗ്യകരം
നമുക്കിടയില്‍ സാധ്യമായ ചര്‍ച്ച ഇല്ലാതാക്കിയത് നിര്‍ഭാഗ്യകരം
വിധു വിന്‍സെന്റിന്റെ രാജി വിമെന്‍ ഇന്‍ സിനിമാ കളക്റ്റീവ് (WCC ) അംഗീകരിച്ചു. WCC വെബ്‌സൈറ്റിലെ ബ്ലോഗിലാണ് രാജി സ്വീകരിച്ചുള്ള കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. നേരത്തെ വിധു വിന്‍സെന്റ് ഫേസ്ബുക്കിലൂടെ രാജിക്കത്ത് പ്രസിദ്ധീകരിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണമായി WCC, ഫേസ്ബുക്ക് പേജില്‍ എഴുതിയ കുറിപ്പില്‍ വിധുവുമായി ചര്‍ച്ചയ്ക്ക് സന്നദ്ധമാണ് എന്ന് പറഞ്ഞിരുന്നു. മാത്രമല്ല പോയാല്‍ പൊയ്‌ക്കോട്ടെ എന്ന് വിചാരിക്കാന്‍ പറ്റുന്നയാളല്ല ഞങ്ങള്‍ക്ക് വിധു എന്ന് സംഘടനാ അംഗമായ റിമ കല്ലിങ്കല്‍ 'ട്രൂ കോപ്പി തിങ്കിന്' നല്‍കിയ അഭിമുഖത്തിലും വ്യക്തമാക്കിയിരുന്നു. എന്നാല്‍ അത്തരം ക്രിയാത്മകമായ ചര്‍ച്ചകള്‍ നടക്കാതിരിക്കുകയോ പരാജയപ്പെടുകയോ ചെയ്തതിനാലാവാം WCC വിധുവിന്റെ രാജി സ്വീകരിച്ചുള്ള കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം
10 Sep 2020, 07:06 PM
വിധു വിന്‍സെന്റിന്റെ രാജി സ്വീകരിച്ച് വിമെന്‍ ഇന്‍ സിനിമാ കളക്റ്റീവ് വെബ്‌സൈറ്റിലെ ബ്ലോഗിൽ പ്രസിദ്ധീകരിച്ച കുറിപ്പ്.
ജൂണ്‍ 27ാം തീയതി താങ്കള്‍ അയച്ച കത്ത് ലഭിച്ചു. താങ്കള്‍ അത് സംഘടനയ്ക്ക് അയച്ച കത്താണെന്ന് പിന്നീട് ഫേസ്ബുക്കിലൂടെ പറഞ്ഞതുകൊണ്ട് ഔദ്യോഗിക നോട്ടീസും രാജിയുമായി കരുതി ഡബ്ല്യു.സി.സി മറുപടി അയക്കുന്നു.
ശ്രീമതി. വിധു വിന്‍സെന്റ് അറിയുന്നതിന്,
ഒരുമിച്ചിരുന്ന് ഉള്ളുതുറന്ന സംഭാഷണം അഭ്യര്‍ത്ഥിച്ചതിന് താങ്കളുടെ മറുപടി ‘resignation/ for private use' (രാജി/ സ്വകാര്യ ഉപയോഗത്തിന്) എന്ന തലക്കെട്ടോടെ ഡബ്ല്യു.സി.സി യിലെ 13 സ്ഥാപക അംഗങ്ങളുടെ ഇ-മെയില്‍ വിലാസങ്ങളിലേക്ക് അയച്ച കത്ത് ആയിരുന്നു; രാജിവെക്കാനുള്ള താങ്കളുടെ വ്യക്തിസ്വാതന്ത്ര്യം മാനിക്കുമ്പോഴും, ജനാധിപത്യ മര്യാദകളോടെ നമുക്കിടയില്‍ സാധ്യമായ ഒരു ചര്‍ച്ചയെ ഇങ്ങനെ ഇല്ലാതാക്കിയത് തീര്‍ത്തും നിര്‍ഭാഗ്യകരമായിപ്പോയി എന്ന് സംഘടന വിശ്വസിക്കുന്നു.
അംഗങ്ങളുടെ തൊഴില്‍ ഇടപാടുകള്‍ വ്യക്തിപരമാണെന്നും അതില്‍ ഡബ്ല്യു.സി.സിക്ക് സവിശേഷാധികാരമൊന്നും ഇല്ലെന്നും സംഘടനക്ക് വ്യക്തമാണ്. താങ്കളുടെ കത്തില്‍ പറഞ്ഞപോലെയുള്ള ഔദ്യോഗിക വിശദീകരണങ്ങള്‍ ഒരവസരത്തിലും മറ്റേത് അംഗങ്ങളോടും എന്നപോലെ താങ്കളോടും ഡബ്ല്യു.സി.സി ആവശ്യപ്പെട്ടിട്ടില്ല.
താങ്കളുടെ കത്ത് താഴെ പറയുന്ന വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഡബ്ല്യു.സി.സി കാണുന്നത്:
അനുഭവസമ്പത്തുള്ള പത്രപ്രവര്‍ത്തകയും എഴുത്തുകാരിയും തിയറ്റര്‍ ആക്ടിവിസ്റ്റും സിനിമ സംവിധായികയുമാണ് ശ്രീമതി വിധു വിന്‍സെന്റ്. 2016-17ല്‍ താങ്കളുടെ ആദ്യചിത്രമായ 'മാന്‍ഹോള്‍' സംസ്ഥാന- അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടി . IFFK യിലെ മത്സര വിഭാഗത്തില്‍ നവാഗത സംവിധായികക്കുള്ള പുരസ്‌കാരം നേടുന്ന ആദ്യ മലയാളി വനിത കൂടിയാണ് താങ്കള്‍. കേരളത്തിലെ പ്രമുഖ വാര്‍ത്താചാനലുകളായ ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും വേണ്ടി പ്രവര്‍ത്തിക്കുകയും, സി-ഡിറ്റിനും കേരള സംസ്ഥാന സര്‍ക്കാരിനും വേണ്ടി ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട് ശ്രീമതി വിധു.
2017 ഫെബുവരിയില്‍ ലൈംഗിക ആക്രമണത്തെ അതിജീവിച്ച സഹപ്രവര്‍ത്തകയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് താങ്കള്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയുടെ രൂപീകരണത്തിന്റെ ഭാഗമായി. മാധ്യമ മേഖലയിലും സര്‍ക്കാര്‍ സംവിധാനത്തിലും ഇടപെട്ട് പ്രവര്‍ത്തിക്കാനുള്ള താങ്കളുടെ വൈദഗ്ധ്യം സംഘടനക്ക് മുതല്‍കൂട്ടായിരുന്നു. 2017 - 2018 കാലഘട്ടത്തില്‍ മറ്റ് സ്ഥാപക അംഗങ്ങള്‍ക്കൊപ്പം താങ്കള്‍ സംഘടനയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.
ഡിസംബര്‍ 8, 2018: തന്റെ പുതിയ ചിത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ കുറിച്ച് ശ്രീമതി വിധു ഡബ്ല്യു.സി.സി യോഗത്തില്‍ സംസാരിച്ചു. പുതിയ സിനിമ ചെയ്തുതീരുന്നതുവരെ ഡബ്ല്യു.സി.സിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപഴകാന്‍ പരിമിതിയുണ്ടെന്നും സംഘടനയുടെ മാധ്യമ പ്രചാരണ ആവശ്യങ്ങളില്‍ സഹകരിക്കാമെന്നും അറിയിച്ചു. സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമാകുന്നതോടെ മുന്‍പെന്ന പോലെ സജീവമായി എല്ലാ കാര്യങ്ങളിലും പങ്കെടുക്കാനാകുമെന്നും താങ്കള്‍ ഉറപ്പുപറഞ്ഞു.
ഏപ്രില്‍ 8, 2019: താങ്കളുടെ സംവിധാനത്തില്‍ സിലിക്കണ്‍ മീഡിയ പ്രൊഡ്യൂസ് ചെയ്യുന്ന 'സ്റ്റാന്‍ഡ് അപ്പി'ന്റെ ആദ്യ പോസ്റ്റര്‍ താങ്കള്‍ റിലീസ് ചെയ്തു. താങ്കളുടെ നിര്‍ദ്ദേശം അനുസരിച്ച് ഡബ്ല്യു.സി.സി അംഗങ്ങള്‍ വ്യക്തിപരമായ നിലയില്‍ 'സ്റ്റാന്‍ഡ് അപ്പി'ന്റെ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.
ഏപ്രില്‍ 28 & 29, 2019: വിമന്‍ ഷേപ്പിങ് നരേറ്റീവ് (Women Shaping Narrative) സമ്മേളനത്തില്‍ താങ്കള്‍ സജീവമായി പങ്കെടുക്കുകയുണ്ടായി. അതേ ദിവസങ്ങളില്‍ നടന്ന ഡബ്ല്യു.സി.സിയുടെ രണ്ടാം വാര്‍ഷിക ആഘോഷത്തിന്റെ ഭാരവാഹികൂടിയായിരുന്നു ശ്രീമതി വിധു.
ജൂണ്‍ 1, 2019: നിര്‍മാതാക്കളെ സംബന്ധിച്ച രണ്ടുമാസത്തെ അനിശ്ചിതത്വത്തിനു ശേഷം ‘സ്റ്റാന്‍ഡ് അപ്പി'ന്റെ പുതിയ നിര്‍മ്മാതാവ് ആന്റോ ജോസഫാണ് എന്ന് സിനിമയെ സഹായിച്ചുകൊണ്ടിരുന്ന ചില ഡബ്ല്യു.സി.സി അംഗങ്ങളെ താങ്കള്‍ അറിയിച്ചു.
ജൂലൈ 6, 2019: താങ്കള്‍ സംവിധാനം ചെയ്യുന്ന ‘സ്റ്റാന്‍ഡ് അപ്പി'ന്റെ (stand up) ചിത്രീകരണം ആരംഭിച്ചു.
ജൂലൈ അവസാനത്തോടെ ഫെഫ്ക ജനറല്‍ സെക്രട്ടറിയായ ബി. ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ‘സ്റ്റാന്‍ഡ് അപ്പ്' നിര്‍മിക്കുന്നു എന്ന ഒരു പത്രപ്രസ്താവന ഇറങ്ങി. ഇതേക്കുറിച്ച് മാധ്യമങ്ങളില്‍ നിന്ന് ചോദ്യങ്ങള്‍ ഉയര്‍ന്നു- സ്ത്രീ വിരുദ്ധമായ നിലപാടുകളുടെയും കുറ്റാരോപിതരെ പിന്തുണക്കുന്നതിന്റെയും പേരില്‍ ഡബ്ല്യു.സി.സി പരസ്യമായി വിമര്‍ശിച്ചിട്ടുള്ള മറ്റൊരു സംഘടന (ഫെഫ്ക) യുടെ നേതാവ് ഡബ്ല്യു.സി.സിയുടെ ഒരു സ്ഥാപക അംഗം സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുകയാണ്. ഈ സാഹചര്യത്തോട് ഡബ്ല്യു.സി.സി എങ്ങനെ പ്രതികരിക്കുന്നു എന്നായിരുന്നു ചോദ്യങ്ങള്‍. സംഘടന ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ല. ജൂലൈ- ആഗസ്റ്റ് മാസങ്ങളില്‍ ‘സ്റ്റാന്‍ഡ് അപ്പി'ന്റെ ഷൂട്ടിംഗ് പബ്ലിസിറ്റി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ സഹോദരസംഘടനകളില്‍ നിന്നും ഡബ്ല്യു.സി.സിയോടുള്ള ചോദ്യങ്ങള്‍ തുടര്‍ന്നു.
30, 2019: ശ്രീമതി വിധു അടക്കം ഡബ്ല്യു.സി.സിയുടെ സ്ഥാപക അംഗങ്ങളെ എല്ലാവരെയും സെപ്തംബര്‍ 15നു നടക്കാനിരിക്കുന്ന മാനേജിങ് കമ്മിറ്റി, ജനറല്‍ ബോഡി എന്നീ മീറ്റിംഗുകളിലേക്ക് ക്ഷണിച്ചു. എന്നാല്‍ വ്യക്തിപരമായ തിരക്കുണ്ടെന്നും മീറ്റിംഗിലേക്ക് വരാന്‍ സാധിക്കയില്ലെന്നും, 15ന് വൈകുന്നേരം ജനറല്‍ ബോഡിക്ക് എത്താന്‍ ശ്രമിക്കാം എന്നും താങ്കള്‍ പറഞ്ഞു.
സെപ്റ്റംബര്‍ 15, 2019: താങ്കള്‍ മീറ്റിംഗില്‍ പങ്കെടുത്തില്ല. 15ാം തീയതി രാവിലെ മാനേജിങ് കമ്മിറ്റി മീറ്റിംഗില്‍ പല വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. അതില്‍ ഒരെണ്ണം, ഡബ്ല്യു.സി.സി വിമര്‍ശിച്ചിട്ടുള്ള ആളൊടൊപ്പം സംഘടനയിലെ അംഗമായ ശ്രീമതി വിധു പ്രവര്‍ത്തിക്കുമ്പോള്‍ ഡബ്ല്യു.സി.സി ചോദ്യംചെയ്യപ്പെടുന്നുണ്ട്; ഇതെങ്ങനെ നേരിടാം എന്നായിരുന്നു. ആന്റോ ജോസഫ് തുടങ്ങിയ പ്രോജെക്ടില്‍ പിന്നീട് ബി. ഉണ്ണികൃഷ്ണന്‍ ചേരുന്ന സാഹചര്യമാണ് ഉണ്ടായത് എന്ന് താങ്കള്‍ സൂചിപ്പിച്ചതായി മറ്റു ചില അംഗങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് ‘സ്റ്റാന്‍ഡ് ആപ്പി'നെ കുറിച്ചുള്ള വിവരങ്ങള്‍ താങ്കളില്‍ നിന്ന് നേരിട്ട് അറിയുന്നതാണ് നല്ലതെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. ഇത്രയും ചെറിയ ഒരു തൊഴില്‍ സ്ഥലമായതുകൊണ്ടു തന്നെ, സംഘടന വിമര്‍ശിക്കുന്നവരുമായി ജോലിയില്‍ ഏര്‍പ്പെടേണ്ടി വരുമെന്ന് മിക്കവരും അഭിപ്രായപ്പെടുകയും അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. അന്ന് വൈകുന്നേരത്തെ മീറ്റിംഗിലും താങ്കള്‍ എത്തിച്ചേര്‍ന്നില്ല.
സെപ്റ്റംബര്‍ 15, 2019: യോഗം കഴിഞ്ഞ് അതേ രാത്രി, ഒരു കാരണവും പറയാതെ താങ്കള്‍ ഡബ്ല്യു.സി.സി യുടെ എല്ലാ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പുകളും വിട്ടു.
സെപ്റ്റംബര്‍ 20, 2019: മീറ്റിംഗ് മിനുട്‌സ് മെയിലിലൂടെ എല്ലാ സ്ഥാപക അംഗങ്ങള്‍ക്കും അയച്ചിരുന്നു. താങ്കളുടെ ഭാഗത്തുനിന്ന് പ്രത്യേകിച്ചൊരു പ്രതികരണവും ഉണ്ടായില്ല.
ഒക്ടോബര്‍ 12, 2019: ഡബ്ല്യു.സി.സിയുടെ ഔദ്യോഗിക മെയില്‍ ഗ്രൂപ്പിലൂടെ താങ്കള്‍ എല്ലാ സ്ഥാപക അംഗങ്ങളെയും അതേദിവസം നടക്കുന്ന ഓഡിയോ ലോഞ്ചിലേക്ക് ക്ഷണിച്ചു. പല അംഗങ്ങളും താങ്കളെ അഭിനന്ദിച്ചു.
ഒക്ടോബര്‍ 12, 2019: ഓഡിയോലോഞ്ച് സമയത്ത് താങ്കള്‍ തന്റെ രണ്ടു നിര്‍മാതാക്കളുമായുള്ള സഹകരണത്തെക്കുറിച്ചും തുടക്കം മുതല്‍ നിര്‍മാണത്തില്‍ ബി. ഉണ്ണികൃഷ്ണന്‍ വഹിച്ച മുഖ്യമായ പങ്കിനെക്കുറിച്ചും വിശദീകരിച്ചു. നിര്‍മാതാക്കള്‍ പ്രതിനിധാനം ചെയ്യുന്ന സിനിമാമേഖലയിലെ സംഘടനകളും ഡബ്ല്യു.സി.സിയും തമ്മിലുള്ള ഐക്യദാര്‍ഢ്യത്തിന്റെ പുതിയ പടിയാണ് ശ്രീമതി വിധുവുമായി ചേര്‍ന്നിട്ടുള്ള ഈ സംരംഭമെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടു. ഈ പ്രസ്താവന ഡബ്ല്യു.സി.സി അംഗങ്ങളെ അമ്പരപ്പിച്ചു- കാരണം ഇപ്പറഞ്ഞതൊന്നും ഡബ്ല്യു.സി.സിയുടെ അറിവോടെ ആയിരുന്നില്ല. ഡബ്ല്യു.സി.സിയുടെ വീക്ഷണത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കാതെ സംഘടനയുടെ ഒരംഗത്തിന്റെ സിനിമ നിര്‍മ്മിച്ചതുകൊണ്ട് മാത്രം ഡബ്ല്യു.സി.സിയുമായി എങ്ങനെയാണ് ഐക്യദാര്‍ഢ്യം ഉണ്ടാകുന്നത്? ഡബ്ല്യു.സി.സിയുടെ അറിവിനും പ്രതീക്ഷക്കും വിപരീതമായാണ് കാര്യങ്ങള്‍ ഉരുത്തിരിഞ്ഞത്. ഡബ്ല്യു.സി.സിയെ വിശ്വാസത്തിലെടുക്കാതെ സ്വന്തം സിനിമയുടെ വിഷയത്തില്‍ ശ്രീമതി വിധു എന്തുകൊണ്ടാണ് സംഘടനയെ ഇത്തരം സമ്മര്‍ദ്ദത്തില്‍ അകപ്പെടുത്തിയതെന്ന് അംഗങ്ങള്‍ ഉത്കണ്ഠപ്പെട്ടു. ഡബ്ല്യു.സി.സിയുടെ നിലപാടിനെ ചോദ്യം ചെയ്യുന്ന പല പ്രസ്താവനകളും മാധ്യമങ്ങളിലൂടെ പതിന്മടങ്ങായി പുറത്തുവന്നുകൊണ്ടേയിരുന്നു. എങ്കിലും സിനിമയുടെ, പ്രധാനപ്പെട്ട ഘട്ടത്തില്‍ താങ്കളെ അലട്ടരുതെന്നു കരുതി സംഘടനയും അംഗങ്ങളും ഇക്കാര്യത്തില്‍ മൗനം പാലിച്ചു.
ഒക്ടോബര്‍ - ഡിസംബര്‍ 2019 റിലീസിന് മുന്‍പ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലും ഡിസംബര്‍ 13, 2019, 'സ്റ്റാന്‍ഡ് അപ്' റിലീസ് ദിവസം താങ്കളും പ്രൊഡ്യൂസറും എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ പ്രസ് കോണ്‍ഫറന്‍സിലും ഡബ്ല്യു.സി.സിയെ നിരന്തരമായി പരാമര്‍ശിച്ചു. വീണ്ടും സംഘടനയും അതിലെ അംഗങ്ങളും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കും മറ്റ് ഊഹാപോഹങ്ങള്‍ക്കും വിധേയരായി.
ഇത്രയൊക്കെ സംസാരങ്ങള്‍ സംഘടനയെക്കുറിച്ച് നടന്നിട്ടും ഡബ്ല്യു.സി.സി എല്ലാ പൊതുചര്‍ച്ചകളില്‍ നിന്നും വിട്ടുനിന്നു. ഈ കാലഘട്ടത്തിനിടയില്‍ ഒരിക്കല്‍ പോലും താങ്കള്‍ ഡബ്ല്യു.സി.സി സുഹൃത്തുക്കളോട് ഇതുമായി ബന്ധമുള്ള ഒരു കാര്യവും പങ്കുവക്കുകയോ തന്റെ കാഴ്ചപ്പാട് അറിയിക്കാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല.
2019 ഡിസംബര്‍- 2020 ജൂണ്‍ കാലഘട്ടത്തില്‍ ഡബ്ല്യു.സി.സിയുടെ ഔദ്യോഗികമായ എല്ലാ അറിയിപ്പുകളും താങ്കള്‍ക്ക് അയച്ചുകൊണ്ടിരുന്നു. സിനിമയുടെ ജോലികള്‍ അവസാനിച്ചിട്ടും ഒരിക്കല്‍ പോലും കളക്ടീവിന്റെ അകത്തുള്ള ഒരു കാര്യത്തിനും ബന്ധപ്പെടുകയോ അഭിപ്രായം പറയുകയോ ശ്രീമതി വിധു ചെയ്തിട്ടില്ല.
ജൂണ്‍ 20, 2020. താങ്കളെ തിരികെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ചേര്‍ക്കണ്ടേ എന്ന ചോദ്യം ഡബ്ല്യു.സി.സിയില്‍ ഉണ്ടായി. ശ്രീമതി വിധു സ്വമേധയാ ഗ്രൂപ്പ് വിട്ടതുകൊണ്ടും ഇതുവരെയും മനസ്സിലാക്കാന്‍ കഴിയാത്ത നിശബ്ദതയും അകലവും സ്വയം പാലിക്കുന്നതു കൊണ്ടും താങ്കള്‍ക്ക് അങ്ങനെയൊരു താല്‍പര്യമുണ്ടോ എന്ന് ചില അംഗങ്ങള്‍ സംശയം പ്രകടിപ്പിച്ചു. ഈ അവസരത്തില്‍ ഒരു തുറന്ന സംസാരമാണ് നല്ലതെന്നു പലരും അഭിപ്രായപ്പെട്ടു. ഗ്രൂപ്പുകളിലേക്കു തിരിച്ചെത്താന്‍ രേവതി മുന്‍കൈയെടുത്ത് താങ്കളോട് അഭ്യര്‍ത്ഥിച്ചു. താങ്കള്‍ക്ക് അതില്‍ താല്‍പര്യം ഇല്ലെന്നും എഴുതാം എന്നും താങ്കള്‍ പറഞ്ഞപ്പോള്‍ ഒരു ചെറിയ കുറിപ്പ് പേഴ്‌സണല്‍ ഇ-മെയിലില്‍നിന്ന് രേവതി താങ്കള്‍ക്ക് അയച്ചു: ‘പ്രിയപ്പെട്ട വിധു, ഇതിലേക്ക് എഴുതിക്കൊള്ളൂ. സജീവമായി നില്‍ക്കുന്ന 13 സ്ഥാപക അംഗങ്ങളെയും ഞാന്‍ ഇതില്‍ ചേര്‍ത്തിട്ടുണ്ട്. വിയോജിപ്പുകള്‍ മറികടന്ന് നമുക്ക് മുന്നോട്ടു പോകാം- സസ്‌നേഹം, രേവതി ആശ.'
ജൂണ്‍ 27, 2020: താങ്കള്‍ മേല്‍പ്പറഞ്ഞ ഇ-മെയില്‍ ചെയിനിലേക്ക് (ഔദ്യോഗിക ഇ-മെയില്‍ ഗ്രൂപ്പിലേക്കല്ല) ‘രാജി / സ്വകാര്യ ഉപയോഗത്തിന്' എന്ന തലക്കെട്ടോടെ രാജിക്കത്തയച്ചു. ഇതുവരെ ഡബ്ല്യു.സി.സിയില്‍ താങ്കള്‍ പങ്കുവെക്കാത്ത കാര്യങ്ങള്‍ കത്തില്‍ കണ്ടപ്പോള്‍ സ്ഥാപക അംഗങ്ങളില്‍ ചിലര്‍ താങ്കളെ ബന്ധപ്പെട്ട് കളക്ടീവില്‍ ഒരു തുറന്ന സംസാരം ആവശ്യപ്പെടുകയും താങ്കള്‍ ആ ആവശ്യം നിരസിക്കുകയും ചെയ്തു.
ജൂലൈ 4, 2020: ‘വ്യക്തിപരവും രാഷ്ട്രീയവുമായ' കാരണങ്ങളാല്‍ ഡബ്ല്യു.സി.സിയില്‍ നിന്ന് രാജിവെക്കുന്നു എന്ന് ഫേസ്ബുക്കില്‍ താങ്കള്‍ എഴുതിയതായി അറിഞ്ഞു. മാധ്യമങ്ങളും പൊതുജനങ്ങളും ഡബ്ല്യു.സി.സിയോടുള്ള ചോദ്യങ്ങള്‍ തുടര്‍ന്നു. സംഘടന മൗനം പാലിച്ചു.
ജൂലൈ 6, 2020: ആരോപണങ്ങള്‍ നിറഞ്ഞ ഒരു മുഖവുരയോടെ രാജിക്കത്ത് താങ്കള്‍ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചു.
ജൂലൈ 8, 2020: ഡബ്ല്യു.സി.സി ആദ്യമായി ശ്രീമതി വിധുവിന്റെ വിഷയത്തെക്കുറിച്ച് ഒരു പ്രസ്താവന ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചു.
മേല്‍പറഞ്ഞ വസ്തുതകളുടെ അടിസ്ഥാനത്തില്‍, കേട്ടുകേള്‍വിക്കോ പുറമെ നിന്നുണ്ടായ വിമര്‍ശനങ്ങള്‍ക്കോ ചെവി കൊടുക്കാതെ താങ്കള്‍ക്ക് സംഘടനയോട് പറയാനുള്ള വാക്കുകള്‍ക്ക് വേണ്ടി ക്ഷമയോടെ കാത്തുനില്‍ക്കുകയായിരുന്നു ഡബ്ല്യു.സി.സി. സംഘടന ഇതേ പരസ്പര ബഹുമാനവും കരുതലും പ്രതീക്ഷിച്ചെങ്കിലും അവ താങ്കളില്‍ നിന്ന് സംഘടനക്ക് ലഭിച്ചിട്ടില്ല.
സിനിമയില്‍ സ്ത്രീകളുടെ നേര്‍ക്കുള്ള അനീതികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ് ഡബ്ല്യു.സി.സി. മലയാള സിനിമയെന്ന ചെറിയ തൊഴിലിടത്തില്‍ ഡബ്ല്യു.സി.സിയെ വിമര്‍ശിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കുമൊപ്പം സംഘടനയിലെ മിക്ക അംഗങ്ങളും തൊഴിലില്‍ ഏര്‍പ്പെടുന്നുണ്ട്. എങ്കിലും ആരും സ്വന്തം സിനിമയുടെ പ്രവര്‍ത്തനങ്ങളെ ഡബ്ല്യു.സി.സിയുമായി ബന്ധപ്പെടുത്താറില്ല. താങ്കളുടെ സിനിമയുടെ പ്രവര്‍ത്തനങ്ങളെ അനാവശ്യമായി സംഘടനയോട് ബന്ധിപ്പിച്ചതുകൊണ്ട് മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും ഡബ്ല്യു.സി.സിയെക്കുറിച്ച് തെറ്റായ ധാരണകള്‍ ഉണ്ടാവുകയും അവ പ്രചരിക്കുകയും ചെയ്തു. ഒരു മാധ്യമ പ്രവര്‍ത്തക കൂടിയായ വിധു ഇതേക്കുറിച്ചു സംഘടനയുടെ ആശങ്ക മനസ്സിലാക്കാത്തതു ആശ്ചര്യകരമാണ്.
താങ്കളുടെ രാജിക്കത്തില്‍ വ്യക്തി കേന്ദ്രീകൃതമായ ആരോപണങ്ങള്‍ക്കാണ് മുന്‍തൂക്കം. വ്യക്തിതല ആരോപണങ്ങളെ കുറിച്ച് അവരവര്‍ക്ക് ഉചിതമെന്നു തോന്നുന്ന രീതിയില്‍ അംഗങ്ങള്‍ പ്രതികരിക്കും എന്ന് ഡബ്ല്യു.സി.സി കരുതുന്നു. സംഘടനയെ സംബന്ധിച്ച് താങ്കള്‍ ഉന്നയിച്ച രണ്ടു പ്രധാന കാര്യങ്ങളിലെ പ്രതികരണങ്ങള്‍ താഴെ വ്യക്തമാക്കുന്നു.
വ്യത്യസ്ത സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക-മത-ജാതി ചുറ്റുപാടുകളില്‍ നിന്നുള്ള ഡബ്ല്യു.സി.സി യുടെ കൂടിച്ചേരല്‍, പുരുഷകേന്ദ്രീകൃതമായ വ്യവസ്ഥയില്‍ എല്ലാത്തരം എതിര്‍പ്പുകളെയും അതിജീവിക്കുന്ന സ്ത്രീവാദ രാഷ്ട്രീയ കാഴ്ചപ്പാടുകളിലൂന്നിയതാണ്. അതുകൊണ്ടു തന്നെ ഡബ്ല്യു.സി.സിക്കുള്ളിലും പുറത്തുമുള്ള വരേണ്യതയെയും സാമൂഹ്യ പദവിയിലൂന്നിയുള്ള ഉച്ചനീചത്വങ്ങളെയും സ്വയംവിമര്‍ശനത്തോടെ നേരിടേണ്ടത് സംഘടനയുടെ ആവശ്യമാണ്. അതിന്റെ പ്രധാന പടിയായി സംഘടന ലാറ്ററല്‍ ആയ, കളക്ടീവ് എന്ന അധികാര ശ്രേണീബദ്ധമല്ലാത്ത രൂപം സ്വീകരിച്ചിരിക്കുന്നു. ഡബ്ല്യു.സി.സിയെ സംബന്ധിക്കുന്ന നിരവധി കാര്യങ്ങളെക്കുറിച്ച് ഭിന്നാഭിപ്രായങ്ങള്‍ തുടക്കം മുതല്‍ക്കേ തുറന്ന് പ്രകടിപ്പിക്കാനും അന്യോന്യം കേട്ട് മനസ്സിലാക്കാനുള്ള ഇടം കൂട്ടായ യാത്രയില്‍ നമ്മള്‍ ഒരുമിച്ച് ചേര്‍ന്ന് സൃഷ്ടിച്ചിട്ടുണ്ട്. ആരും കുറ്റമറ്റവരല്ലെന്നും ഒപ്പം പ്രവര്‍ത്തിക്കുമ്പോള്‍ അന്യോന്യം വരേണ്യതയുടെ തലങ്ങള്‍ തിരിച്ചറി ഞ്ഞ് അതുമറികടക്കാന്‍ കളക്റ്റീവിനെ ശക്തിപ്പെടുത്തേണ്ടത് ശ്രീമതി വിധുവടക്കം ഓരോ അംഗത്തിന്റെയും ചുമതലയാണെന്നും സംഘടന കരുതുന്നു. കൂട്ടായ്മയുടെ വിനയം കാത്തുസൂക്ഷിച്ചുകൊണ്ടു അകത്തും പുറത്തുമുള്ള വരേണ്യതയെ നേരിടുന്ന നിരന്തരമായ പ്രക്രിയ ആയിത്തന്നെ തുടരണം എന്ന് ഡബ്ല്യു.സി.സി വിശ്വസിക്കുന്നു.
ലൈംഗികതിക്രമ കേസുകളോട് ഡബ്ല്യു.സി.സിയുടെ ‘ഇരട്ടത്താപ്പ്' എന്ന പരാമര്‍ശത്തെക്കുറിച്ച് ചില വസ്തുതകള്‍ ഓര്‍മപ്പെടുത്തട്ടെ. ഏതു കേസിനെക്കുറിച്ചും ആഴത്തില്‍ പഠിച്ചുകൊണ്ട് ആവശ്യമെങ്കില്‍ മാത്രം ഇടപെടുന്ന രീതിയാണ് സംഘടന പാലിച്ചിട്ടുള്ളത്. താങ്കള്‍ എടുത്തുപറഞ്ഞ കേസുകളില്‍ ഉള്‍പ്പടെ അതിജീവിച്ച ഓരോ വ്യക്തിക്കും, സംഘടനക്ക് അതീതമായി, സ്വന്തം ജീവിതത്തെ സംബന്ധിക്കുന്ന തീരുമാനങ്ങള്‍ എടുക്കാന്‍ പരിപൂര്‍ണ സ്വാതന്ത്ര്യം ഉണ്ട്; അവരോടൊപ്പം നില്‍ക്കുമ്പോള്‍ ഈ സ്വാതന്ത്ര്യത്തിന്റെ പരിധികളെ ബഹുമാനിക്കാന്‍ സംഘടന പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. പ്രസ്ഥാനത്തിന്റെ ദര്‍ശനവും ദൗത്യവും പ്രവര്‍ത്തന ശൈലിയും കൃത്യമായി അറിയുകയും ഒപ്പം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ള ശ്രീമതി.വിധു, ഇങ്ങനൊരു അടിസ്ഥാനരഹിതമായ ആരോപണം ഉയര്‍ത്തുന്നത് സ്വയം പ്രതിരോധത്തിനു വേണ്ടി ആണെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.
ഡബ്ല്യു.സി.സിയെക്കുറിച്ചുള്ള ക്രിയാത്മകമായ വിമര്‍ശനമാണ് താങ്കള്‍ ഈ കത്തിലൂടെ ഉദ്ദേശിച്ചതെങ്കില്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ, താങ്കള്‍ അടക്കം ഒരു കൂട്ടം സ്ത്രീകളുടെ പ്രതീക്ഷയുടെയും പ്രയത്‌നത്തിന്റെയും ഫലത്തെ അനാസ്ഥയോടെ കൈകാര്യം ചെയ്യുകയാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്.
പരസ്പര ബന്ധങ്ങളെ പുനര്‍നിര്‍വചിക്കുന്ന ഈ കോവിഡ് കാലത്ത്, മനുഷ്യര്‍ക്കിടയിലും, മനുഷ്യനും പ്രകൃതിക്കുമിടയിലും പുതിയ യുദ്ധക്കളങ്ങളെ നിര്‍ണയിക്കുന്ന അതിര്‍വരമ്പുകള്‍ ഞങ്ങള്‍ മനസിലാക്കുന്നു. ഹീനമായ കുറ്റകൃത്യത്തിനെതിരെ ശബ്ദിച്ച നമ്മുടെ സഹപ്രവര്‍ത്തകയോടൊപ്പം നില്‍ക്കുക, എന്നത്തേക്കാളുമേറെ കേസിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ നമ്മുടെ പ്രഥമമായ കടമയാണെന്ന് ഡബ്ല്യു.സി.സി വിശ്വസിക്കുന്നു. ഈ നിര്‍ണായക ഘട്ടത്തില്‍ ശ്രീമതി വിധുവിന്റെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു വിട്ടുപോകല്‍ തീരുമാനവും അനാരോഗ്യകരമായ തുടര്‍നടപടികളും സംഭവിച്ചത് വളരെ ദൗർഭാഗ്യകരമായിപ്പോയി.
പരിണിതഫലം എന്താകുമെന്ന് ചിന്തിക്കാതെ അതിജീവിച്ചവളുടെ ഈ ചരിത്രയുദ്ധത്തിന് നമ്മള്‍ ഊന്നല്‍ കൊടുക്കേണ്ടതുണ്ട് ‘if you don't stand for something you will fall for anything' എന്ന് മാല്‍കം എക്‌സ് പറയുന്നു. ഇനിയങ്ങോട്ടുള്ള നമ്മുടെ യാത്രകള്‍ വേറിട്ടതാണെങ്കില്‍ കൂടി, സിനിമയിലെ സ്ത്രീകള്‍ക്ക് തുല്യ അവസരങ്ങളും തുല്യ ഇടവുമെന്നുള്ള ആശയം ചരിത്രത്തെ ‘അവളുടെ കഥ' കൂടിയായി കണ്ട്, താങ്കളുള്‍പ്പടെ നാമോരോരുത്തര്‍ക്കും ഉയര്‍ത്തിപ്പിടിക്കാന്‍ സാധിക്കട്ടെ എന്നാശംസിക്കുന്നു.
രാജ്യത്തെ സൊസൈറ്റി ആക്ടിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള സംഘടനയുടെ ഔപചാരികത എന്ന നിലയ്ക്ക്, മുപ്പത് ദിവസത്തെ നോട്ടീസ് കാലാവധിക്കുശേഷം, ആഗസ്റ്റ് എട്ടാം തീയതി കൂടിയ ഡബ്ല്യു.സി.സി മാനേജിങ് കമ്മിറ്റി ശ്രീമതി വിധുവിന്റെ രാജി സ്വീകരിച്ചതായി അറിയിക്കുന്നു.
പോയാല്‍ പൊക്കോട്ടേയെന്ന് വിചാരിക്കാന്‍ പറ്റുന്നയാളല്ല ഞങ്ങൾക്ക് വിധു- റിമ കല്ലിങ്കൽ
അശോകകുമാർ വി.
Jan 26, 2021
14 minutes read
ജിയോ ബേബി / മനില സി. മോഹന്‍
Jan 16, 2021
54 Minutes Watch
മുരുകന്‍ കോട്ടായി / അര്‍ഷക് എം.എ.
Jan 04, 2021
12 Minutes Read
യമ
Dec 26, 2020
3 Minutes Read
മനീഷ് നാരായണന്‍
Dec 25, 2020
5 Minutes Read
KISHOR KUMAR KP
14 Sep 2020, 11:13 PM
വിധു എന്തിന് സിനിമക്കാരി ആയി എന്ന് വിധുവിൻ്റെ മുൻകാല പ്രവർത്തനങ്ങൾ തെളിയിക്കും.ചാനലുകൾ നൽകുന്ന സൗകര്യങ്ങളിൽ നിന്നും സമരമുഖത്തേക്കും പിന്നീട് അറസ്റ്റിലേക്കും വരെ അവരുടെ പ്രവർത്തനങ്ങൾ നയിക്കുകയുണ്ടായി സിനിമയുടെ വെള്ളി വെളിച്ചത്തിൽ അങ്ങനെ മയങ്ങുന്ന ആളല്ല വിധു.