ബി. എഡ് പഠനത്തിന് കേരള യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ളത് ഒരേയൊരു ഗവണ്മെൻറ് കോളേജ് മാത്രം, അവിടെ 50 സീറ്റും. ഓരോ വര്‍ഷവും 50 അധ്യാപക വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനുള്ള സ്ഥിതിയാണോ നിലവില്‍ സര്‍ക്കാരിനുള്ളത്? ഗവൺമെൻറ് കോളേജ് ഒഴിച്ച് ബാക്കിയുള്ളവ നോക്കിയാല്‍ വിരലിലെണ്ണാവുന്നത്ര എയിഡഡ് കോളേജുകളും ഭൂരിഭാഗം സെല്‍ഫ് ഫിനാന്‍സിങ് കോളേജുകളുമാണ്. സെല്‍ഫ് ഫിനാന്‍സിങ് കോളേജുകളുടെ ഫീസ് ഘടന കണ്ടാല്‍ കണ്ണ് തള്ളിപ്പോകും. ബി.എഡ് സെക്കൻഡ് സെമസ്റ്റർ വിദ്യാർഥി എസ്. ലക്ഷ്മിപ്രിയ എഴുതുന്നു.
19 Sep 2022, 01:57 PM
ബി.എഡ് കോഴ്‌സ് വരേണ്യവൽക്കരിക്കപ്പെടുകയാണോ? തുച്ഛവരുമാനക്കാരായ രക്ഷിതാക്കളുടെ മക്കൾക്ക് പൂര്‍ത്തിയാക്കാന്‍ കഴിയാത്തവിധം, ഈ കോഴ്‌സ് അവരിൽനിന്ന് അന്യവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്നതാണ് യാഥാർഥ്യം.
ബി. എഡ് പഠനത്തിന് കേരള യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ളത് ഒരേയൊരു ഗവണ്മെൻറ് കോളേജ് മാത്രം, അവിടെ 50 സീറ്റും. ഓരോ വര്‍ഷവും 50 അധ്യാപക വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനുള്ള സ്ഥിതിയാണോ നിലവില്‍ സര്‍ക്കാരിനുള്ളത്? ഗവൺമെൻറ് കോളേജ് ഒഴിച്ച് ബാക്കിയുള്ളവ നോക്കിയാല്‍ വിരലിലെണ്ണാവുന്നത്ര എയിഡഡ് കോളേജുകളും ഭൂരിഭാഗം സെല്‍ഫ് ഫിനാന്‍സിങ് കോളേജുകളുമാണ്. സെല്‍ഫ് ഫിനാന്‍സിങ് കോളേജുകളുടെ ഫീസ് സ്ട്രക്ചര്‍ കണ്ടാല്‍ കണ്ണ് തള്ളിപ്പോകും. ഓരോ വര്‍ഷവും ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്നത് ലക്ഷക്കണക്കിന് വിദ്യാര്‍ഥികളാണ്. വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന പഠനകാലയളവ് സൃഷ്ടിക്കുന്ന വൈകാരിക പിരിമുറുക്കം അതിജീവിച്ചാണ്, ഇവരെല്ലാവരും ബി. എഡ് കോഴ്‌സ് തിരഞ്ഞെടുക്കുന്നത്.
2021 ലെ ബി.എഡ് പ്രോസ്പെക്ടസ് പരിശോധിച്ചാല്‍ ഏഴ് എയ്ഡഡ് കോളേജുകളിലായി 500 സീറ്റുകളാണുള്ളത്. മെറിറ്റിൽ അഡ്മിഷന്‍ നേടിയ ഒരു വിദ്യാര്‍ത്ഥി സ്വാഭാവികമായും പ്രതീക്ഷിക്കുന്നത് ഗവൺമെൻറ്കോളേജിലെന്നപോലെ യൂണിവേഴ്‌സിറ്റി അനുശാസിക്കുന്ന ട്യൂഷന്‍ ഫീ മാത്രം അടച്ചാല്‍ മതിയല്ലോ എന്നാണ്. എന്നാല്‍ സ്ഥിതി അതല്ല. ഒരു അധ്യായന വര്‍ഷം 10,000 രൂപയില്‍ തുടങ്ങുന്നു ട്യൂഷന്‍ ഫീസിനു പുറമെ അടക്കയ്ക്കേണ്ടി വരുന്ന ഫീസിന്റെ നിരക്ക്. ഇതിനുപുറമെ, മാസം 6000 രൂപയില്‍ തുടങ്ങുന്ന ഹോസ്റ്റല്‍ ഫീസും മറ്റു ചെലവുകളും. യൂണിവേഴ്‌സിറ്റി പ്രോസ്പെക്ടസിൽ 2100 രൂപ ട്യൂഷന്‍ ഫീ കണ്ട് മെറിറ്റ് സീറ്റിൽ അഡ്മിഷനുറപ്പിച്ചവര്‍ ഞെട്ടിപ്പോകുന്നത് ഇവിടെയാണ്. കെ.യു.സി.റ്റികളിലാവട്ടെ മെറിറ്റ്സീറ്റുകളുടെ ഫീ 35,000 രൂപയില്‍ തുടങ്ങുന്നു. മാനേജ്‌മെൻറ് സീറ്റുകള്‍ക്ക് 50,000 രൂപയാണ്.
എയിഡഡ് കോളേജുകളില്‍ വൻ റെക്കമന്റേഷനോടെ, ചോദിക്കുന്ന ഫീ നല്‍കി മാനേജ്‌മെൻറ് സീറ്റുറപ്പിക്കാന്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പരസ്പരം മത്സരിക്കുന്നു. സെല്‍ഫ് ഫിനാന്‍സിങ് കോളേജുകളില്‍ മെരിറ്റ് സീറ്റുകളില്‍ അഡ്മിഷനുറപ്പിച്ചവര്‍ 29,000 രൂപ ട്യൂഷന്‍ ഫീ മാത്രം അടയ്ക്കണം. മറ്റു ഫീസുകള്‍ പുറമെ. മാനേജ്‌മെൻറ് സീറ്റുകളുടെ തുക പലപ്പോഴും അതതു കോളേജുകളുടെ അധികാരപരിധിയില്‍ പോകുന്നു. ലക്ഷങ്ങളാണ് വാരിവിതറുന്നത്. 43 സെല്‍ഫ് ഫിനാന്‍സിങ് കോളേജുകള്‍, 50 സീറ്റു വീതം.
വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കോടികള്‍ ചെലവാക്കുമ്പോഴും ഉന്നത വിദ്യാഭ്യാസ രംഗത്ത് ബി. എഡ് കോളേജുകളുടെ നേരെ മാത്രം സർവകലാശാല കണ്ണടയ്ക്കുന്നതെന്തേ?
ഞങ്ങള്‍ക്ക് ചോദിക്കാനുള്ളത് ഇതാണ്: കേരളത്തില്‍ മതിയായ ഗവൺമെൻറ്കോളേജുകളില്ലാത്തത് വിദ്യാര്‍ത്ഥികളുടെ തെറ്റാകുന്നത് എങ്ങനെയാണ്? നിലവിലുള്ള ഒരേയൊരു ഗവൺമെൻറ് കോളേജ് സ്ഥിതി ചെയ്യുന്നത് തലസ്ഥാന നഗരിയിലാണ്. യാത്രാചെലവും ഹോസ്റ്റല്‍ ഫീസും മറ്റു ദൈനം-ദിന ചിലവുകളും കണക്കുകൂട്ടി തൊട്ടടുത്ത എയ്ഡഡ് കോളേജുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ അറിയുന്നില്ലല്ലോ, ഒരേ സംസ്ഥാനത്ത്ഒരേ യൂണിവേഴ്‌സിറ്റിക്കുകീഴില്‍ രണ്ടു തരത്തിലാണ് നീതി നടപ്പിലാക്കപ്പെടുന്നതെന്ന്.
അധ്യാപകമോഹവുമായി വരുന്ന ഇവരില്‍ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും മതിയായ സീറ്റുകളുടെ അഭാവം മൂലമോ സാമ്പത്തിക സാഹചര്യം ഇല്ലാത്തതിന്റെ പേരിലോ, തങ്ങളുടെ സ്വപ്നം ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. രണ്ടു വര്‍ഷം കൊണ്ട് പൂര്‍ത്തിയാകുന്ന ഈ കോഴ്‌സ് നാലു സെമെസ്റ്ററുകളിലായിട്ടാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. പരിമിതമായ ദൈനംദിന വരുമാനമുള്ള കുടുംബങ്ങളില്‍, വൻ സാമ്പത്തിക ചെലവ് സൃഷ്ടിക്കുന്ന പ്രതിസന്ധി ചെറുതല്ല. മക്കളുടെ വിദ്യാഭ്യത്തിന് കടമെടുക്കേണ്ടുന്ന അവസ്ഥയിലാണ് ഈ രക്ഷിതാക്കള്‍. അല്ലറ ചില്ലറ ട്യൂഷനെടുത്തും മറ്റും ദിവസവുമുള്ള യാത്രാച്ചെലവ് കണ്ടെത്തുമ്പോഴും ഫീസ് അടയ്ക്കാന്‍ കഴിയാത്ത അവസ്ഥയാണ് വിദ്യാര്‍ത്ഥികള്‍ക്ക്.
സ്‌കൂള്‍ വിദ്യാഭ്യാസശേഷം അഞ്ചുവര്‍ഷത്തെ ബിരുദ - ബിരുദാനന്തര കോഴ്‌സ് പൂര്‍ത്തിയാക്കി ബി. എഡിനുചേര്‍ന്നവര്‍ ഭാവിജോലി സംബന്ധമായ ആശങ്കകളിലുമാണ്. പ്രിവിലേജ്ഡ് അല്ലാത്ത ഒരു കൂട്ടം വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് പഠിച്ചിറങ്ങുന്നത് നിര്‍ഫലമാകുന്ന അവസ്ഥ. യോഗ്യത നേടി ബി. എഡ് സീറ്റുറപ്പിക്കുന്നവരിലേറെയും പെൺകുട്ടികളുമാണ്.
2022 -രണ്ടിലെ കാര്യമെടുത്താല്‍, സീറ്റ് ഉറപ്പായിട്ടും അഡ്മിഷന്‍ ഉറപ്പിക്കാന്‍ കഴിയാത്ത അവസ്ഥയുമുണ്ട്. ഒരേ യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ തന്നെ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്ത പക്ഷം ബി. എഡിന് അഡ്മിഷന്‍ എടുക്കാന്‍ സാധിക്കുന്നില്ലങ്കില്‍ അത് വിദ്യാര്‍ത്ഥികളുടെ കുഴപ്പമാകുന്നത് എങ്ങനെയാണ്?
ഭാവിതലമുറയെ വാര്‍ത്തെടുക്കുന്നവരായി മാറേണ്ടവരാണ് ഓരോ അധ്യാപക വിദ്യാര്‍ത്ഥിയും. അവര്‍ക്കുവേണ്ടിയുള്ള പഠനസൗകര്യങ്ങള്‍ മികവുറ്റതാക്കേണ്ടത് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയാണ്. അറിവിലും അനുഭവത്തിലും വ്യക്തിത്വത്തിലും മികച്ച ഒരു അധ്യാപകസമൂഹത്തെ സൃഷ്ടിക്കുന്നതില്‍ ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ക്ക് സമൂഹം പാകപ്പെടുമ്പോള്‍, മാറിയ സമൂഹത്തിനനുസരിച്ച് ഒരുപടി മുന്നേ ചുവടുവെയ്‌ക്കേണ്ടവരാണ് അധ്യാപകര്‍. നേരുത്തേ എഴുതി ചിട്ടപ്പെടുത്തിയ ഒരു ലെസണ്‍ പ്ലാന്‍ ഉപയോഗിച്ച് ക്ലാസെടുക്കുന്നതിന്റെ പ്രയോഗികത ചോദ്യം ചെയ്യപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എല്ലാതരത്തിലും മുന്നില്‍നില്‍ക്കുന്ന ഒരു പുതു തലമുറയോട് കിടപിടിക്കാന്‍ പര്യാപ്തമല്ല നിലവിലെ ബി. എഡ് സിലബസ്. അധ്യാപന രീതിയിലും അതനുസരിച്ച് മാറ്റം അനിവാര്യമാണ്.
വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമൂഹത്തില്‍ കാര്യമായ മാറ്റം സൃഷ്ടിക്കുവാന്‍ സാധിക്കൂ. അതുകൊണ്ടുതന്നെ അധ്യാപക വിദ്യാര്‍ത്ഥികള്‍ക്കുള്ള കോഴ്‌സ് എത്രമാത്രം പ്രാധാന്യമർഹിക്കുന്നതാണ് എന്നു കാണാം. ഇത്തരം അടിസ്ഥാനങ്ങളുറപ്പിക്കണമെങ്കില്‍ അധ്യാപക വിദ്യാര്‍ഥികള്‍ക്ക് ആശങ്കകളില്ലാതെ പഠിക്കാനാകുന്ന അന്തരീക്ഷമുണ്ടാകണം.
കെ.വി. മനോജ്
Feb 01, 2023
9 Minutes Read
രാജീവന്‍ കെ.പി.
Dec 11, 2022
5 Minutes Read
അജിത്ത് ഇ. എ.
Nov 19, 2022
8 Minutes Read
ആദി
Oct 11, 2022
10 Minutes Read
കെ.വി. ദിവ്യശ്രീ
Sep 29, 2022
4 minutes Read
ഡോ. ശശികല എ.എസ്.
Aug 30, 2022
3 Minutes Read
അരുണ്‍ കെ.എല്‍
Aug 24, 2022
10 Minutes Read
പി.കെ. തിലക്
Jul 28, 2022
10 Minutes Read