കോവിഡിന് മുൻപും ശേഷവും നോർത്ത് ഈസ്റ്റ് അമേരിക്കയിലെ വായുമലിനീകരണ തോത് വ്യക്തമാക്കുന്ന ചാർട്ട്. 2015 മുതൽ 19 വരെയുള്ള ശരാശരി നൈട്രജൻ ഓക്‌സൈഡിന്റെ അളവാണ് ഇടതുഭാഗത്ത്. 2020-ലെ അളവ് വലതുഭാഗത്ത്. നാസ പുറത്തുവിട്ട കണക്ക് പ്രകാരം മാർച്ച് മാസത്തോടെ വായുമലിനീകരണത്തിൽ 30 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. / Photo : nasa.gov

കാലാവസ്ഥാ പ്രതിസന്ധിയുടെ ഒരു കൃത്രിമ പരീക്ഷണ ഘട്ടമാണിത്​

കോവിഡിനെതുടർന്ന്​ വരാനിരിക്കുന്ന കാലാവസ്ഥാ പ്രതിസന്ധി അടക്കമുള്ള പ്രതിസന്ധികളുടെ ദീർഘകാല പ്രത്യാഘാതങ്ങൾ മനുഷ്യന്റെ സാമൂഹിക-സാമ്പത്തിക ഇടപെടലുകളെ എങ്ങിനെയാണ് ബാധിക്കാൻ പോകുന്നത് എന്ന അന്വേഷണം

മാനവരാശി അസാധാരണ സാഹചര്യങ്ങളിലൂടെ കടന്നുപോകുകയാണ്. ഒരു വ്യാഴവട്ടമായി തുടരുന്ന ആഗോള സാമ്പത്തിക കുഴമറിച്ചിലുകൾ, മനുഷ്യന്റെ ഭാവിയെത്തന്നെ ആശങ്കയിലാഴ്​ത്തുംവിധം രൂക്ഷമായിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ പ്രതിസന്ധി- ഇവയെ ആഴത്തിലുള്ളതാക്കാൻ പര്യാപ്തമായ തോതിൽ ആഗോളവ്യാപകമായി പടർന്നുപിടിച്ച കോവിഡ്-19 മഹാമാരി. ലോകം പൊതുവിൽ സ്വീകരിച്ചിരിക്കുന്ന ബൃഹദ് സമ്പദ്ശാസ്ത്ര നയങ്ങളുടെ (Macro Economic Policy) പരിണതഫലങ്ങളെന്ന നിലയിലാണ് നിലവിലെ സാമ്പത്തിക തകർച്ചകളെ സമ്പദ്ശാസ്ത്രകാരന്മാർ വിലയിരുത്തുന്നത്. ദേശരാഷ്ട്രങ്ങളും അവയ്ക്കുള്ളിലെ സമൂഹങ്ങളും തമ്മിലുള്ള, അതിവേഗം വികസിതമായിക്കൊണ്ടിരിക്കുന്ന, അസമത്വം; അതോടൊപ്പം, ഒരു ജീവജാതി എന്ന നിലയിൽ മനുഷ്യൻ ജൈവമണ്ഡലത്തിൽ സൃഷ്ടിച്ച ആഘാതങ്ങൾ, ആഗോള കാലാവസ്ഥയിൽ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ; മൃഗങ്ങളിൽ നിന്ന്​മനുഷ്യരിലേക്കും അതുവഴി ആഗോള സമൂഹങ്ങളിലേക്കും അതിദ്രുതം പടരുന്ന വൈറസ്​ മഹാമാരികൾ. "ആന്ദ്രപോസീൻ' എന്നത് ദൈനംദിന വ്യവഹാര ഭാഷയിലെ ഒരു പദമായി മാറുകയും, മനുഷ്യന്റെ സാമ്പത്തിക പ്രവർത്തനങ്ങളെയും സാമൂഹിക സംഘാടനത്തെയും കൂടുതൽ ഗൗരവപൂർവം പുനഃപരിശോധനയ്ക്ക് വിധേയമാക്കുവാൻ നിർബ്ബന്ധിതമാക്കുകയും ചെയ്യുന്നുണ്ട് വർത്തമാനകാല സാഹചര്യങ്ങൾ.

കോവിഡ് മനുഷ്യ സമൂഹത്തിനുമുന്നിൽ അത്തരമൊരു അവസരം ഒരുക്കിയിരിക്കുന്നുവെന്നും കാലാവസ്ഥാ പ്രതിസന്ധി അടക്കമുള്ളവയുടെ ദീർഘകാല പ്രത്യാഘാതങ്ങൾ മനുഷ്യന്റെ സാമൂഹിക-സാമ്പത്തിക ഇടപെടലുകളെ എങ്ങിനെയാണ് ബാധിക്കാൻ പോകുന്നത് എന്നതിന്റെ "മോക് ലബോറട്ടറി'യായി കോവിഡ് കാലത്തെ പരിഗണിക്കാമെന്നും പല വിദഗ്ധരും അവകാശപ്പെടുന്നുണ്ട്. ഈയൊരു പശ്ചാത്തലത്തിൽ ആഗോള സമ്പദ്‌വ്യവസ്ഥയെ പുതുക്കിപ്പണിയാനുള്ള നിർദ്ദേശങ്ങൾ വ്യാപകമായി ഉയർന്നുവരുന്നുമുണ്ട്.

നിയുക്ത അമേരിക്കൻ പ്രസിഡണ്ട്, ജോ ബൈഡൻ

സാമൂഹ്യക്ഷേമ മേഖലകൾ പൊതു ഉടമസ്ഥതയിൽ തുടരേണ്ടതിന്റെ ആവശ്യകത, വിതരണ ശൃംഖലകളുടെ (supply chains) ദൈർഘ്യം കുറയ്ക്കൽ, ഉൽപാദന- ഉപഭോഗ രീതികളിലെ മാറ്റം തുടങ്ങി അടിസ്ഥാനപരമായ മാറ്റങ്ങളിലേക്ക് നീളുന്ന പല ആലോചനകളും ഉയർന്നുവരുന്നുണ്ട്. അപ്പോഴൊക്കെയും ആഗോള മുതലാളിത്തം അവയുടെ ആഭ്യന്തര സംഘർഷങ്ങൾ മറച്ചുവെക്കാനും സമ്പദ്‌വ്യവസ്ഥയ്ക്കുമേലുള്ള നിയന്ത്രണം നഷ്ടപ്പെടുത്താതിരിക്കുവാനുള്ള പരിശ്രമങ്ങൾ നടത്തിവരുന്നതും കാണാൻ കഴിയും. പുതുതായി ഉടലെടുത്ത പാരിസ്ഥിതിക- ആരോഗ്യ പ്രതിസന്ധികൾ നിലവിലുള്ള ഭൗമ രാഷ്ട്രീയത്തെത്തന്നെ മാറ്റിമറിക്കാൻ പര്യാപ്തമായവയാണെന്നും "പസഫിക് യുഗ'ത്തിന്റെ അസ്തമയം ആരംഭിച്ചുവെന്നതും പടിഞ്ഞാറൻ മുതലാളിത്തത്തെ കൂടുതൽ കർക്കശമായി ഇടപെടാൻ നിർബന്ധിതമാക്കുന്നുണ്ട്.

അമേരിക്കയിലെ രാഷ്ട്രീയ മാറ്റത്തെ ആഗോള സമൂഹം ആശ്വാസപൂർവ്വം നോക്കിക്കാണുന്നുവെങ്കിലും തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള, നിയുക്ത അമേരിക്കൻ പ്രസിഡണ്ട്, ജോ ബൈഡന്റെ ‘ആഗോള നേതൃത്വത്തിലേക്ക് അമേരിക്കൻ മേധാവിത്വത്തെ ഉറപ്പിച്ചു നിർത്തുവാൻ എല്ലാ ശ്രമവും നടത്തുമെന്ന' പ്രസ്താവനയെ ഗൗരവപൂർവം വീക്ഷിക്കുന്നുമുണ്ട്. ട്രംപിൽ നിന്ന് ഭിന്നമായി കാലാവസ്ഥാ പ്രതിസന്ധി ഒരു യാഥാർത്ഥ്യമാണെന്ന് തിരിച്ചറിയുന്ന, കുടിയേറ്റ നയങ്ങളിൽ മൃദുസമീപനം പുലർത്തുന്ന, മുൻ സൈനിക മേധാവി കൂടിയായ ബൈഡന് ആഗോള നേതൃത്വം നിലനിർത്താൻ "അമേരിക്കൻ സ്വപ്ന'ങ്ങളിൽ കർശനമായ മാറ്റങ്ങൾ വരുത്തുവാൻ സാധ്യമല്ലെന്നതാണ് യാഥാർത്ഥ്യം. സമ്പദ്‌വ്യവസ്ഥയിലും സാങ്കേതിക വളർച്ചയിലും ചൈന നടത്തിക്കൊണ്ടിരിക്കുന്ന ആഗോള മുന്നേറ്റം, ആഗോള വ്യാപാരങ്ങളിൽ യുവാനും യൂറോയും നേടിയെടുക്കുന്ന മുൻകൈ, സ്വന്തം രാജ്യം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും ഇവയൊക്കെ മുന്നിൽ കണ്ടുകൊണ്ടുവേണം ബൈഡന് മുന്നോട്ടുപോകുവാൻ.

2007-08 കാലയളവിലെ "അമേരിക്കൻ ക്രൈസിസ്' ഭൂഖണ്ഡങ്ങളിലേക്ക് പടർന്നുകൊണ്ടിരിക്കുകയും ദേശീയ സമ്പദ്‌വ്യവസ്ഥകൾ ഗുരുതര തകർച്ചയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുകയുമാണ്

ആഗോള സാമ്പത്തിക പ്രതിസന്ധി

രണ്ടാം ലോക യുദ്ധത്തിനുശേഷം അതിനേക്കാൾ തീവ്രമായ സാമ്പത്തിക പ്രതിസന്ധികളിലേക്കാണ് ലോകം സഞ്ചരിക്കുന്നത്. 2007-08 കാലയളവിലെ "അമേരിക്കൻ ക്രൈസിസ്' ഭൂഖണ്ഡങ്ങളിലേക്ക് പടർന്നുകൊണ്ടിരിക്കുകയും ദേശീയ സമ്പദ്‌വ്യവസ്ഥകൾ ഗുരുതര തകർച്ചയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുകയുമാണ്. യൂറോപ്പ്, ലാറ്റിനമേരിക്ക, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളുടെ ദേശീയ വരുമാനവും പൊതുകടവും തമ്മിലുള്ള വിടവ് ആഴത്തിലുള്ളതായിക്കഴിഞ്ഞിരിക്കുന്നു. അമേരിക്കൻ മധ്യവർഗം തൊഴിലില്ലായ്മയിലും റെന്റ് ട്രാപിലും പെട്ടുഴറുന്നതിന് വർഷാരംഭം തന്നെ സാക്ഷ്യം വഹിച്ചു. ഈയൊരു കുഴമറിച്ചിലിനിടയിലേക്കാണ് കോവിഡ് കടന്നുവരുന്നത്.

ഗീതാ ഗോപിനാഥ്

കോവിഡ് പശ്ചാത്തലത്തിൽ ആഗോള സാമ്പത്തിക പ്രവർത്തനങ്ങൾ എങ്ങിനെയായിരിക്കുമെന്നതിനെക്കുറിച്ച് ആരംഭകാലത്തുതന്നെ ലോകം ആശങ്കകളോടെ ചർച്ച ചെയ്തിരുന്നു. ഐ.എം.എഫ് സാമ്പത്തിക വിദഗ്ധ ഗീത ഗോപിനാഥ് ഇതേക്കുറിച്ച് പറയുന്നതിങ്ങനെയാണ്' ""മുമ്പത്തെ സാമ്പത്തിക നയ ചർച്ചകളിൽ ഒരു പാൻഡെമിക് രംഗം ഒരു സാധ്യതയായി ഉയർത്തിയിരുന്നു, എന്നാൽ സമ്പദ്‌വ്യവസ്ഥയെ അത് എങ്ങിനെയാണ് ബാധിക്കാൻ പോകുന്നത് എന്നതിനെക്കുറിച്ച് അർത്ഥവത്തായ ഒരു ബോധം നമ്മിൽ ആർക്കും ഉണ്ടായിരുന്നില്ല'' (World Economic Outlook, 2020).

അതേസമയം, കോവിഡ് ലോക സമ്പദ്‌വ്യവസ്ഥയിൽ എങ്ങിനെ പ്രതിഫലിക്കപ്പെട്ടു എന്ന് വർഷാവസാനത്തിൽ നാം മനസിലാക്കുന്നു. ആഗോള സമ്പദ്‌വ്യവസ്ഥ 3% ആയി ചുരുങ്ങിക്കഴിഞ്ഞു. ഇത് 1930 കൾക്കുശേഷമുള്ള ഏറ്റവും മോശമായ മാന്ദ്യവും 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുന്നതുമായി മാറി. വളർന്നുവരുന്ന വിപണിയും വികസ്വര സമ്പദ്‌വ്യവസ്ഥകളും ഇതിന്റെ പ്രത്യാഘാതം കൂടുതലായി അനുഭവിക്കേണ്ടി വരുമെന്നത് തീർച്ചയായിക്കഴിഞ്ഞിരിക്കുന്നു. ലോക രാഷ്ട്രങ്ങളിൽ ചൈനയുടേതൊഴികെ എല്ലാ വികസിത രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥ മൈനസ് വളർച്ച നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ ആഭ്യന്തര മൊത്തോൽപ്പാദനം ഏപ്രിൽ-ജൂൺ മാസങ്ങളിൽ -23.9% ആയി സർവകാല റെക്കോർഡുകളും ഭേദിച്ചുകഴിഞ്ഞിരുന്നു.

വിവിധ രാജ്യങ്ങളിലെ ഏപ്രിൽ ജൂൺ മാസങ്ങളിലെ ആഭ്യന്തര മൊത്തോൽപാദനത്തിന്റെ ചാർട്ട്

കൂടുതൽ ആളുകൾ ദാരിദ്ര്യരേഖയോട് ചേർന്ന് ജീവിക്കുന്ന രാജ്യങ്ങൾക്ക് കടുത്ത ദാരിദ്ര്യത്തിന്റെ നാളുകളായിരിക്കും വരാനിരിക്കുന്നതെന്നും ആരോഗ്യ ആഘാതങ്ങൾ, സാമ്പത്തിക കാർക്കശ്യം (austerity), ആവശ്യകതയിലെ തകർച്ച എന്നിവ ആഗോള സാമ്പത്തിക സാഹചര്യങ്ങളെ കലുഷിതമായ അന്തരീക്ഷങ്ങളിലേക്ക് നയിക്കുമെന്നും വിലയിരുത്തപ്പെടുന്നു. ഈ പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ, പാൻഡെമിക് ആഗോള ദാരിദ്ര്യത്തിന്റെ രണ്ട് ദശകക്കാലത്തിനകത്തുള്ള വർധനവിന് കാരണമാകുമെന്ന് ലോകബാങ്ക് കണക്കാക്കുന്നു; ദക്ഷിണേഷ്യയിൽ 1.6 കോടി മനുഷ്യരെയും സബ് സഹാറൻ ആഫ്രിക്കയിൽ 2.3 കോടി ആളുകളെയും അത് കഠിന ദാരിദ്ര്യത്തിലേക്ക് തള്ളിവിടും.

ഹിലരി ക്ലിന്റൺ

മുതലാളിത്ത വികസനത്തിന്റെ കൂടെപ്പിറപ്പായ സാമൂഹികാസമത്വം അതിന്റെ ഏറ്റവും നിർല്ലജ്ജമായ മുഖം ലോകത്തിന് മുന്നിൽ അവതരിപ്പിച്ച നാളുകളായിരുന്നു കോവിഡ് മഹാമാരിയുടേതെന്ന് പരക്കെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. മുതലാളിത്ത വികസനത്തിന്റെ വക്താക്കൾക്ക് പോലും കാര്യങ്ങൾ തുറന്ന് പറയേണ്ടിവന്നു. ""സൗജന്യ പരിശോധന, ഫീസ് ഒഴിവാക്കൽ, അടിയന്തിര രോഗാവധി, ക്വാറൻറയിൻ, എന്തെങ്കിലും ചെയ്യൂ''. ഏതെങ്കിലും തീവ്രപുരോഗമന രാഷ്ട്രീയക്കാരന്റെ ദിവാസ്വപ്നമല്ല മുകളിൽ കൊടുത്തിരിക്കുന്നത്; അമേരിക്കൻ പ്രസിഡണ്ട് സ്ഥാനാർത്ഥിയായിരുന്ന ഹിലരി ക്ലിന്റന്റെ ട്വീറ്റാണ്!

കാലാവസ്ഥാ പ്രതിസന്ധി

2019ന്റെ അവസാനപാദം വരെ ആഗോള വേദികളിലെ പ്രധാന ചർച്ചാ വിഷയം കാലാവസ്ഥ വ്യതിയാനമായിരുന്നു. ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ഏറ്റവും ഉയർന്ന താപനിലയുള്ള വർഷമായി 2019 മാറിക്കഴിഞ്ഞിരുന്നു. ഹരിത ഗൃഹ വാതകങ്ങളുടെ അളവ് കഴിഞ്ഞ മൂന്നു ദശലക്ഷം വർഷങ്ങളിലേതിനേക്കാൾ ഏറ്റവും ഉയർന്നതലത്തിലേക്ക് നീങ്ങിക്കഴിഞ്ഞിരുന്നു. കാർബൺ ഉത്സർജ്ജനം കുറയ്ക്കാനുള്ള നടപടികളുമായി സഹകരിക്കാൻ കൂടുതൽ രാജ്യങ്ങൾ മുന്നോട്ടുവരുന്ന കാഴ്ചയും നാം കണ്ടു. ആഗോള ശരാശരി താപനില വർധനവ് 1.5 ഡിഗ്രി സെൽഷ്യസ് ആയി നിലനിർത്തുന്നതിൽ ദേശീയ നിർണീത സംഭാവനകൾ (National Determined Contribution-NDCs) നിശ്ചയിക്കുവാനും അവ ഉറപ്പുവരുത്തുന്നതിൽ ദേശരാഷ്ട്രങ്ങൾ പ്രതിജ്ഞാബദ്ധരാകുവാനും തയ്യാറായി. 2019 ഡിസമ്പർ 2 മുതൽ 13 വരെ സ്‌പെയിനിലെ മാഡ്രിഡിൽ വെച്ച് നടന്ന കാലാവസ്ഥാ ഉച്ചകോടിയിൽ 200ഓളം രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു.

ഗ്രീസിലെ വരുമാനവും പൊതുകടവും തമ്മിലുള്ള വിടവ് വ്യക്തമാക്കുന്ന ഗ്രാഫ്

ആഗോള താപ വർധനവ് 1.5ഡിഗ്രി സെൽഷ്യസ് ആയി താഴ്ത്തി നിർത്തുന്നതിന് ആഗോള കാർബൺ വിസർജ്ജനത്തിൽ 7.6%ത്തിന്റെ വെട്ടിച്ചുരുക്കൽ ആവശ്യമാണെന്ന പൊതു നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മാഡ്രിഡ് ഉച്ചകോടി ആരംഭിക്കുന്നത്. ചൈന, ഇന്ത്യ, റഷ്യ, ജപ്പാൻ, ദക്ഷിണ കൊറിയ, സൗദി അറേബ്യ, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ, വൻതോതിൽ കാർബൺ പുറന്തള്ളുന്ന, രാഷ്ട്രങ്ങളിൽ ഒന്നുപോലും പുതുതായി ഒരു വാഗ്ദാനവും മുന്നോട്ടുവെച്ചിട്ടില്ല എന്നത് വസ്തുതയാണ്. കാർബൺ വിസർജ്ജനത്തിൽ ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യമായ അമേരിക്ക പാരീസ് കരാറിൽ നിന്ന് പിന്മാറി എന്ന് മാത്രമല്ല, മാഡ്രിഡ് ഉച്ചകോടിയിൽ ഉണ്ടായേക്കാവുന്ന തീരുമാനങ്ങളെ അട്ടിമറിക്കുന്നതിലും നേരിട്ട് ഇടപെടുകയുണ്ടായി. വികസിത രാഷ്ട്രങ്ങൾ അവരുടെ ചരിത്രപരമായ ഉത്സർജ്ജന (historical emission) ത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്​ ദക്ഷിണാർദ്ധ ഗോളത്തിലെ അവികസിത രാഷ്ട്രങ്ങൾക്ക് മേൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങൾക്ക് സഹായം നൽകണമെന്ന വാദവും അമേരിക്ക അടക്കമുള്ള രാഷ്ട്രങ്ങൾക്ക് സ്വീകാര്യമല്ലായിരുന്നു.

കാലാവസ്ഥാ ഉച്ചകോടി നടന്ന മാഡ്രിഡിലെ വേദി / Photo: COP25CL Twitter

നിലവിൽ പ്രഖ്യാപിക്കപ്പെട്ട പ്രതിജ്ഞകൾ അതേപടി പാലിച്ചാൽ തന്നെയും ആഗോളതാപനം മൂന്നു ഡിഗ്രി സെൽഷ്യസിലേക്ക് ഉയരുന്നതിൽ നിന്ന്​ തടയിടാൻ സാധ്യമല്ല എന്നും കഴിഞ്ഞ 40 ലക്ഷം വർഷത്തിനുള്ളിൽ അനുഭവിക്കാത്തത്രയും ഉയർന്ന താപനിലയായിരിക്കും മാനവരാശി അനുഭവിക്കാൻ പോകുന്നതെന്നും മനസ്സിലാക്കേണ്ടതുണ്ട്. 1750 മുതൽക്കുള്ള കാർബൺ വിസർജ്ജനത്തിന്റെ പാതിയും സംഭവിച്ചിരിക്കുന്നത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനുള്ളിൽ ആണ് എന്നതും ക്ലൈമറ്റ് ഉച്ചകോടികൾ ആരംഭിച്ചതും ഇതേ കാലയളവിൽ ആണെന്നതും ഇത്തരം ചർച്ചകൾ ആഗോള കാർബൺ വിസർജ്ജനം കുറയ്ക്കുന്നതിന് യാതൊരു സംഭാവനയും നൽകിയിട്ടില്ലെന്നും മനസിലാക്കുന്നത് നന്നായിരിക്കും. ആഗോളതാപനത്തിന് കാരണമാകുന്ന സാമ്പത്തിക പ്രവർത്തനങ്ങൾക്ക് തടയിടാനുള്ള നീക്കങ്ങൾ ഇത്തരം ഉച്ചകോടിയിൽ വിരളമായേ നടക്കാറുള്ളൂ എന്നാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.

വാസ്തവത്തിൽ, വന്യജീവികളിൽ നിന്ന് മനുഷ്യരിലേക്ക് വർദ്ധിച്ചുവരുന്ന രോഗങ്ങൾ നാം ഗ്രഹത്തിൽ ചെലുത്തുന്ന സമ്മർദ്ദങ്ങളെക്കൂടി അത് പ്രതിഫലിപ്പിക്കുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം സൂചിപ്പിക്കുന്നത്, കോവിഡ് ബാധ പോലുള്ള മഹാമാരികളിൽ നിന്നുള്ള മോചനം ഭാവി സമൂഹങ്ങളെ സംബന്ധിച്ച്​ അന്യമാകും എന്നാണ്

ഒന്നര നൂറ്റാണ്ട് കാലത്തെ വ്യാവസായിക വികസന ജൈത്രയാത്രയിൽ ആഗോള സമൂഹത്തെ സംബന്ധിച്ച്​ 2020 അഭൂതപൂർവമായ അനുഭവങ്ങൾ സമ്മാനിച്ച ഒന്നായിരുന്നു. ആഗോള സമൂഹത്തെ നിശ്ചലതയിലേക്ക് നയിച്ച്, അവ കെട്ടിപ്പടുത്ത വികസന വഴികളിലേക്ക് തിരിഞ്ഞുനോക്കുവാനുള്ള അവസരം അത് ഒരുക്കി. കോവിഡ് പശ്ചാത്തലത്തിൽ മനുഷ്യൻ വികസിപ്പിച്ചെടുത്ത സമ്പർക്ക സമ്പദ്‌വ്യവസ്ഥ (Contact Economy), വിദൂര ഉത്പാദനം (Remote Production), വിതരണ ശൃംഖലകൾ (Supply Chains) എന്നിവയെ കൂടുതൽ ആഴത്തിൽ പുനഃപരിശോധിക്കാൻ ആഗോള സമൂഹം നിർബ്ബന്ധിതമായിരിക്കുന്നു. തൊഴിൽ, ഉൽപാദനം, ഉപഭോഗം എന്നിവയുമായി ബന്ധപ്പെട്ട മുൻഗണനകൾ (preferences), മനോഭാവം (attitudes), ജീവിതശൈലികൾ (life style) എന്നിവയിൽ വരുത്തേണ്ട വൻതോതിലുള്ള വ്യതിയാനങ്ങളെക്കുറിച്ചാണ് ആസൂത്രണ മേഖലയിലെ പ്രമുഖരുടെ ആലോചനകൾ.

കോവിഡ് 19: ബ്ലാക് സ്വാൻ സംഭവമോ, പുതുസാധാരണത്വമോ?

നമ്മുടെ പ്രതീക്ഷകളുടെ പുറത്ത് സംഭവിക്കുന്ന, അതിന്റെ സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്ന യാതൊരു സൂചനകളും നൽകാത്ത, അതേസമയം കടുത്ത പ്രത്യാഘാതം സൃഷ്ടിക്കുന്ന പ്രതിഭാസങ്ങളെയാണ് ബ്ലാക് സ്വാൻ ഇവന്റ് എന്ന് വിശേഷിപ്പിക്കുന്നത്. ഇന്ന് ലഭ്യമായിക്കൊണ്ടിരിക്കുന്ന വസ്തുതകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ കോവിഡിനെ ഒരു ബ്ലാക് സ്വാൻ ഇവന്റ് എന്ന നിലയിൽ വിശേഷിപ്പിക്കാൻ സാധ്യമല്ല. ജോർജ്ജ് ബുഷും, ബറാക് ഒബാമയും അടക്കമുള്ള രാഷ്ട്രീയ ഭരണ നേതൃത്വങ്ങളും വൈറോളജിയുമായി ബന്ധപ്പെട്ട വൈദ്യശാസ്ത്ര വിദഗ്ധരും അടക്കമുള്ളവരും ആഗോള സമൂഹം സമീപഭാവിയിൽ നേരിടാൻ പോകുന്ന മഹാമാരിയെക്കുറിച്ചുള്ള സൂചനകൾ മുന്നേ നൽകിയതായി കാണാം. ഭൂമിയിലെ ജൈവപിണ്ഡ മിശ്രണത്തിലെ വ്യതിയാനങ്ങൾ വൈറസ്​ വ്യാപനത്തെ സഹായിക്കുന്നത് സംബന്ധിച്ച പഠനങ്ങളും മനുഷ്യ ഭാവിയെ സംബന്ധിച്ച ഉത്കണ്ഠ പങ്കുവെക്കുന്നതായിരുന്നു.

ബറാക്ക് ഒബാമ

സാർസ്, മേർസ് വൈറസുകൾക്ക് സമാനമായ മാരക പ്രത്യാഘാതം സൃഷ്ടിക്കുന്ന വൈറസുകൾ ഇനിയും പിറവിയെടുക്കാനുള്ള സാധ്യതകളും ശാസ്ത്ര ലോകം പ്രവചിക്കുന്നുവെന്നതും വൈറസുകൾ സൃഷ്ടിക്കുന്ന പ്രതിസന്ധികൾ മുൻകൂട്ടി കാണാൻ കഴിയാത്തതോ, പ്രതീക്ഷകൾക്ക് പുറത്ത് സംഭവിക്കുന്നതോ ആയ ഒന്നായി കാണാൻ കഴിയില്ല എന്നുതന്നെയാണ് സൂചിപ്പിക്കുന്നത്. കോവിഡ് ഒരു സൂചനയാണ്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന പുതിയ രോഗങ്ങളുടെ വർധനവിലേക്ക് വിരൽ ചൂണ്ടുന്ന ഒന്ന്. വാസ്തവത്തിൽ, വന്യജീവികളിൽ നിന്ന് മനുഷ്യരിലേക്ക് വർധിച്ചുവരുന്ന രോഗങ്ങൾ നാം ഗ്രഹത്തിൽ ചെലുത്തുന്ന സമ്മർദ്ദങ്ങളെക്കൂടി അത് പ്രതിഫലിപ്പിക്കുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം സൂചിപ്പിക്കുന്നത്, കോവിഡ് ബാധ പോലുള്ള മഹാമാരികളിൽ നിന്നുള്ള മോചനം ഭാവി സമൂഹങ്ങളെ സംബന്ധിച്ച്​ അന്യമാകും എന്നാണ്.

മഹാമാരിക്കാലം ഭാവിയിലേക്കുള്ള ചൂണ്ടുപലകയാകുമോ?

കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച ഉത്കണ്ഠ വർധിക്കുകയും അതിതീവ്ര കാലാവസ്ഥാ സംഭവങ്ങൾ നിരന്തര യാഥാർത്ഥ്യങ്ങളായി അവതരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന അവസരത്തിൽ കോവിഡ് ആഗോള വ്യാപകമായി പടർന്നുപിടിച്ചത് ചില അവസരങ്ങൾ ലോക രാഷ്ട്രങ്ങൾക്ക് മുന്നിൽ തുറന്നുവെക്കുന്നുണ്ട്. കോവിഡ് സൃഷ്ടിക്കുന്ന സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങളെ ഒരു ദീർഘ ടൈം സ്‌കെയിലിലേക്ക് മാറ്റിയാൽ കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കാൻ പോകുന്ന പ്രതിസന്ധികളെന്താണെന്നത് സംബന്ധിച്ച ഒരേകദേശ ധാരണ ലഭിക്കുന്നതാണ്. ഈയൊരർത്ഥത്തിൽ കോവിഡ് 19 കാലാവസ്ഥാ പ്രതിസന്ധിയുടെ ഒരു കൃത്രിമ പരീക്ഷണ ഘട്ടമായി പരിഗണിക്കാവുന്നതാണ്.
മാനവരാശിയുടെ മുമ്പിൽ അവതരിച്ചിരിക്കുന്ന ഈ രണ്ട് പ്രതിസന്ധികളും (വൈറസ്സ് വ്യാപനം, കാലാവസ്ഥാ വ്യതിയാനം) ഘടനാപരമായ സമാനതകളുള്ളതായി കാണാൻ കഴിയും. രണ്ടിന്റെയും സാമ്പത്തിക പ്രത്യാഘാതങ്ങളിലും നിരവധി സാദൃശ്യങ്ങൾ ഉൾച്ചേർന്നിരിക്കുന്നു. ഇരു പ്രതിഭാസങ്ങളോടും ഉള്ള നയസമീപനങ്ങളുടെ ചട്ടക്കൂടിലും ഈ സമാനത പ്രകടമാകുന്നുണ്ട്.

കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന ഹരിത ഗൃഹ വാതകങ്ങളുടെ വിസർജ്ജനത്തിൽ അടുത്ത ഒരു ദശാബ്ദത്തിനുള്ളിൽ വരുത്തേണ്ട വെട്ടിക്കുറവ് നിലവിലുള്ള സാമ്പത്തിക പ്രവർത്തനങ്ങളിൽ വൻതോതിലുള്ള ഇടിവ് വരുത്തും എന്നതിൽ തർക്കമില്ല. ഖനിജ ഇന്ധനങ്ങളെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആഗോള സമ്പദ്‌വ്യവസ്ഥയുടെ അസാധാരണമാംവിധമുള്ള സങ്കോച(contraction)ത്തിലേക്ക് അത് സ്വാഭാവികമായും ചെന്നെത്തും.

കോവിഡ് മഹാമാരിയെ തുടർന്ന് ലോകമെങ്ങും ലോക്ഡൗണിലേക്ക് നീങ്ങിയപ്പോൾ അന്തരീക്ഷ മലിനീകരണത്തിലും കാർബൺ വിസർജ്ജനത്തിലും വൻതോതിലുള്ള ഇടിവ് സംഭവിക്കുമെന്ന് കരുതപ്പെട്ടിരുന്നു. വൈറസ്സ് പ്രഭവ കേന്ദ്രമെന്ന് വിശ്വസിക്കപ്പെടുന്ന ചൈനയിലെ വുഹാൻ പ്രവിശ്യയടക്കം ലോക്ഡൗൺ ഏർപ്പെടുത്തിയപ്പോൾ അന്തരീക്ഷമലിനീകരണത്തിൽ വന്ന മാറ്റം നാസ പുറത്തുവിട്ട ചിത്രങ്ങളിലൂടെ ലോകം കാണുകയുണ്ടായി. ഫെബ്രുവരി 10-25വരെയുള്ള ദിവസങ്ങളിൽ വായുമണ്ഡലത്തിൽ നൈട്രജൻ ഡൈ ഓക്‌സൈഡിന്റെ അളവ് വലിയ തോതിൽ കുറയുകയും ആകാശം തെളിഞ്ഞു കാണാവുന്നതുമായ ചിത്രമാണ് നാസ പുറത്തുവിട്ടത് (ചിത്രം കാണുക).

വുഹാൻ പ്രവിശ്യയിൽ ലോക്ഡൗൺ സമയത്ത് അന്തരീക്ഷമലിനീകരണത്തിൽ വന്ന മാറ്റം. നാസ പുറത്തുവിട്ട ചിത്രം

ലോക്ഡൗണിനെത്തുടർന്നുള്ള നാളുകളിൽ പൊതു സ്ഥലങ്ങളിലെ മനുഷ്യ ഇടപെടൽ കുറഞ്ഞത് വന്യ ആവാസവ്യവസ്ഥകൾ കൂടുതൽ സജീവമാകുന്നത് സംബന്ധിച്ച ചിത്രങ്ങളും വാർത്തകളും പുറത്തുവന്നുവെങ്കിലും കാർബൺ വിസർജ്ജനത്തിന്റെ കാര്യത്തിൽ ഗണ്യമായ ഇടിവ്​ സംഭവിച്ചിട്ടില്ലെന്ന് കാണാൻ കഴിയും. ഐക്യരാഷ്ട്ര സഭ പരിസ്ഥിതി പരിപാടി (UNEP) യുടെ എമിഷൻ ഗ്യാപ് റിപ്പോർട്ട് 2020 സൂചിപ്പിക്കുന്നത് ലോക്ഡൗണുമായി ബന്ധപ്പെട്ട് ആഗോള സാമ്പത്തിക പ്രവർത്തനങ്ങൾ നിർത്തിവെക്കപ്പെട്ടപ്പോൾ കാർബൺ വിസർജ്ജനത്തിൽ 7.6% കുറവ് സംഭവിച്ചുവെന്നാണ്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെടുത്തി അന്തരീക്ഷ താപനില വർധനവ് രണ്ടു ഡിഗ്രി സെന്റീഗ്രേഡിൽ താഴെയായി നിലനിർത്താനുള്ള യജ്ഞത്തിൽ ഈ കുറവ് ഒട്ടും നിർണായകമല്ലെന്നത് വസ്തുതയാണ്.

തിരശ്ചീന അസമത്വങ്ങൾ സമൂഹങ്ങളെ തമ്മിൽ വിഭജിക്കുകയും അവയ്ക്ക് മേൽ പുതിയ ആഘാതങ്ങൾ ഉയർന്നുവരികയും ചെയ്യുമ്പോൾ വംശീയ ന്യൂനപക്ഷങ്ങൾ, തദ്ദേശവാസികൾ, സ്ത്രീകൾ, കുട്ടികൾ, ലിംഗന്യൂനപക്ഷങ്ങൾ എന്നിവരുൾപ്പെടുന്ന പ്രത്യേക വിഭാഗങ്ങളുടെ നിരാകരണ വഴികൾ കൂടുതൽ ശക്തിപ്പെടുന്നതിന് ലോകം പരക്കെ സാക്ഷ്യം വഹിച്ചു

സാമ്പത്തിക മാന്ദ്യങ്ങളുടെ ചരിത്രം പരിശോധിച്ചാൽ, അവയ്ക്ക് പിന്നാലെയുള്ള കാർബൺ വിസർജ്ജനത്തിന്റെ തോതിൽ യാതൊരു മാറ്റവും കാണാൻ സാധിക്കില്ലെന്ന് മാത്രമല്ല, സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുവാനുള്ള നടപടികൾ പലപ്പോഴും കാർബൺ എമിഷന്റെ തോത് കൂട്ടുന്നതിലാണ് ചെന്നെത്തുന്നതെന്ന് കാണാൻ കഴിയും. പുതിയ പ്രതിസന്ധികൾ ഹരിത ഊർജ്ജ സാങ്കേതിക വിദ്യകൾ, ഗ്രീൻ പ്രൊജക്ടുകൾ എന്നിവയെ സംബന്ധിച്ച മുൻകാല സംവാദങ്ങളെ പിറകോട്ടടുപ്പിക്കാൻ പോന്നതാണെന്ന വിലയിരുത്തലുകളും നടക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധികളിൽ പെട്ട് നട്ടംതിരിയുന്ന രാജ്യങ്ങൾ പുതിയ മേഖലകളിലേക്ക് മൂലധന നിക്ഷേപം നടത്താൻ മടിക്കുന്നതിന്റെ പൂർവ്വകാല ചരിത്രത്തെ മുൻനിർത്തിയാണ് ഈ വിശകലനം. ഊർജ്ജാവശ്യങ്ങൾ പരിഹരിക്കാൻ കൽക്കരി നിലയങ്ങൾ പോലുള്ള ഉയർന്ന കാർബൺ വിസർജ്ജനം നടത്തുന്ന പദ്ധതികളിലേക്കാണ് ചൈന അടക്കമുള്ള പല രാജ്യങ്ങളും തിരിയുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

അടിയന്തിര സാഹചര്യങ്ങളുടെ സമ്മർദ്ദം കാരണം സാമ്പത്തിക പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തേണ്ടി വന്ന നിയന്ത്രണങ്ങൾ ഒട്ടും ആശാവഹമല്ലാത്ത സാമൂഹ്യ സമ്മർദ്ദങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത് എന്നതിൽ തർക്കമില്ല. ആഗോള സമ്പദ്‌വ്യവസ്ഥ അഭൂതപൂർവ്വമായ തോതിൽ താഴേക്ക് കുതിച്ചുവെന്നതോടൊപ്പം മാനവ വികസന സൂചികയിൽ ദീർഘകാല പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.

കോവിഡ് 19 മൂലം മാനവ വികസന സൂചികയിലുണ്ടായ അസാധരണ തകർച്ച കാണിക്കുന്ന ഗ്രാഫ്

മാനവ വികസനവുമായി ബന്ധപ്പെട്ട് വർധിച്ചുവരുന്ന അസമത്വങ്ങളുള്ള ഒരു ലോകത്തിന് മേൽ കോവിഡ് 19 സൃഷ്ടിച്ച പരിക്കുകൾ ഏറെ ആഴത്തിലുള്ളതാണ്. തിരശ്ചീന അസമത്വങ്ങൾ സമൂഹങ്ങളെ തമ്മിൽ വിഭജിക്കുകയും അവയ്ക്ക് മേൽ പുതിയ ആഘാതങ്ങൾ ഉയർന്നുവരികയും ചെയ്യുമ്പോൾ വംശീയ ന്യൂനപക്ഷങ്ങൾ, തദ്ദേശവാസികൾ, സ്ത്രീകൾ, കുട്ടികൾ, ലിംഗന്യൂനപക്ഷങ്ങൾ എന്നിവരുൾപ്പെടുന്ന പ്രത്യേക വിഭാഗങ്ങളുടെ നിരാകരണ വഴികൾ കൂടുതൽ ശക്തിപ്പെടുന്നതിന് ലോകം പരക്കെ സാക്ഷ്യം വഹിക്കുകയുണ്ടായി.

വൈറസ്​ വ്യാപനം പോലുള്ള പ്രശ്‌നങ്ങൾക്ക് തടയിടാൻ അന്താരാഷ്ട്ര സമൂഹത്തിന് സാധിച്ചാൽ തന്നെയും കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ നേരിടാൻ വളരെ എളുപ്പം സാധ്യമല്ലെന്നത് യാഥാർത്ഥ്യമാണ്. കാരണം കാലാവസ്ഥാ വ്യതിയാനത്തിന്റെ മൂലഹേതുവായി കണക്കാക്കപ്പെടുന്ന ഹരിത ഗൃഹ വാതകങ്ങളുടെ ഉത്സർജ്ജനത്തിന്റെ ചാലകശക്തിയായി പ്രവർത്തിക്കുന്നത് മനുഷ്യൻ നാളിതുവരെയായി വികസിപ്പിച്ചെടുത്ത സമ്പദ്‌വ്യവസ്ഥ തന്നെയാണ് എന്നതാണ്.

ആന്ദ്രപോസീനിലേക്ക് നീളുന്ന ചരടുകൾ

ഭൂമിയിലെ മനുഷ്യ ഇടപെടൽ ആവാസവ്യവസ്ഥകളിലും ആഗോള കാലാവസ്ഥയിലും സൃഷ്ടിച്ച മാറ്റങ്ങൾ മനുഷ്യനടക്കമുള്ള എല്ലാ ജീവജാലങ്ങളുടെയും നിലനിൽപിന് ഭീഷണിയായിരിക്കുന്നുവെന്ന തിരിച്ചറിവ് ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ആന്ദ്രപോസീൻ ഇപോക് (മാനവയുഗം) ഒരു ഭൗമയുഗമെന്ന നിലയിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും വികസന-കാലാവസ്ഥാ പ്രതിസന്ധികളുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഈ പദം വ്യാപകമായി ഉപയോഗിക്കപ്പെടാൻ തുടങ്ങിയിരിക്കുന്നു.

നാം ഈ ഗ്രഹത്തിന് മേൽ വരുത്തിയ അഭൂതപൂർവ്വമായ സമ്മർദ്ദങ്ങൾ ലഘൂകരിക്കുന്നതിന് ആവശ്യമായ മാനദണ്ഡങ്ങൾ ഒരു പൊതു ചർച്ചയായി നാളിതുവരെ വളർന്നുവന്നിട്ടില്ല എന്നത് ഗൗരവമായ സംഗതിയാണ്

കാലാവസ്ഥയിൽ പ്രതിഫലിപ്പിക്കുന്ന ഒരു പ്രത്യാഘാതത്തോടെ, ഭൂമിയെ ഒന്നാകെ ഒരൊറ്റ ജൈവവ്യവസ്ഥയായി മാറ്റുന്നതിൽ മനുഷ്യന്റെ ഇടപെടൽ സുപ്രധാനമാണ്. നാം ഈ ഗ്രഹത്തിന് മേൽ വരുത്തിയ അഭൂതപൂർവമായ സമ്മർദ്ദങ്ങൾ ലഘൂകരിക്കുന്നതിന് ആവശ്യമായ മാനദണ്ഡങ്ങൾ ഒരു പൊതു ചർച്ചയായി നാളിതുവരെ വളർന്നുവന്നിട്ടില്ല എന്നത് ഗൗരവമായ സംഗതിയാണ്. ജൈവഘടനയിലും സമൂഹങ്ങൾക്കിടയിലും ആധുനിക മുതലാളിത്ത വികസനം സൃഷ്ടിച്ച അസന്തുലിതാവസ്ഥയെയും അസ്വസ്ഥതകളെയും മറികടക്കാൻ മനുഷ്യന് മാത്രമേ സാധിക്കൂ എന്നതും അത്രതന്നെ വസ്തുതയാണ്. മാനവ വികസന യാത്രയിൽ പ്രാന്ത പ്രദേശങ്ങളിലേക്ക് നാം മാറ്റി വെച്ച വിഷയങ്ങളെ കേന്ദ്ര സ്ഥാനങ്ങളിലേക്ക് പ്രതിഷ്ഠിച്ചേ മതിയാകൂ.

മനുഷ്യൻ എന്ന പദത്തെ അരാഷ്ട്രീയമായി ഉപയോഗപ്പെടുത്തുമ്പോൾ എല്ലാ പ്രതിസന്ധികൾക്കുമുള്ള ഉത്തരവാദികളായി, ഈ ഭൂമിയിൽ ജീവിച്ചിരുന്നവരും ഇപ്പോൾ ജീവിച്ചുകൊണ്ടിരിക്കുന്നതുമായ, എല്ലാ മനുഷ്യരെയും പ്രതിചേർക്കുകയും പ്രതിസന്ധികളുടെ യഥാർത്ഥ കാരണക്കാരെ വിട്ടുകളയുകയും ചെയ്യുകയാണ്. സുസ്ഥിരതയെക്കുറിച്ചുള്ള ഒട്ടുമിക്ക ‘ക്ലാസിക്' രചനകളും മനുഷ്യരെ ഒരു പ്രശ്‌നമെന്ന നിലയിലാണ് അവതരിപ്പിക്കുന്നത്. ഭൂമിയുടെ പരിമിതമായ വിഭവങ്ങളും വർധിച്ചുവരുന്ന ജനസംഖ്യയും ഒരു പ്രധാന വിഷയമെന്ന നിലയിൽ ഉന്നയിക്കുകയും വളർച്ചയുടെ പരിമിതികൾക്കും പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിനും മാത്രമായി തങ്ങളുടെ രചനകളുടെ അന്തസ്സത്തയെ ചുരുക്കുകയും ചെയ്യുന്നു. ഒരു ജീവജാതി എന്ന നിലയിൽ മനുഷ്യന്റെ പൊതുവായ ഉത്തരവാദിത്തത്തെ ശാസ്ത്രം ചൂണ്ടിക്കാണിക്കുമ്പോൾ തന്നെ നിലവിലുള്ള പാരിസ്ഥിതിക പ്രതിസന്ധികളുടെ യഥാർത്ഥ കാരണം അസന്തുലിതമായ മുതലാളിത്ത വികസനമാണെന്ന വസ്തുത എടുത്തുപറയേണ്ടതാണ്.

സുസ്ഥിരതയുടെ പ്രതിസന്ധി മാനവരാശിയുടെ മൊത്തത്തിലുള്ള പ്രതിസന്ധിയായി വിലയിരുത്തുമ്പോൾ തന്നെയും അതിന് രാഷ്ട്രീയമായ പരിഹാരം കണ്ടെത്തുവാനുള്ള ഉത്തരവാദിത്തം മനുഷ്യ സമൂഹങ്ങൾക്ക് പൊതുവിലുള്ളതാണ്. പ്രതിസന്ധികളുടെ രാഷ്ട്രീയ സ്വഭാവം, അതിന്റെ വ്യാപ്തി, ഏകമുഖമല്ലാത്ത പരിഹാരമാർഗങ്ങൾ എന്നിവയെല്ലാം വിശകലന വിധേയമാക്കേണ്ടതുണ്ട്. പരസ്പര സഹകരണത്തിലും പ്രതിബദ്ധതയിലും മാനവികതയിലും ഊന്നി നിന്നുകൊണ്ടുള്ള പ്രവർത്തനങ്ങൾക്കുമാത്രമേ ‘ആന്ദ്രപോസീൻ' സൃഷ്ടിച്ച പ്രതിസന്ധികളിൽ നിന്നുള്ള മോചനം സാധ്യമാകൂ. ഇത് സാധ്യവും ഫലപ്രദവുമാക്കുന്നതിന്, നമുക്ക് മനുഷ്യരാശിയുടെ ഒരു ദർശനം ആവശ്യമാണ്. സമൂഹങ്ങൾ, ജൈവ വ്യവസ്ഥകൾ, സാമൂഹിക നീതി, തലമുറകൾ തമ്മിലുള്ള സമത എന്നിവ തമ്മിലുള്ള ബന്ധത്തെ പരിഗണിക്കുന്നതും ഊന്നിപ്പറയുന്നതുമായ ഒരു ദർശനം. വ്യക്തിപരമായും സംയുക്തമായും ഫലപ്രദമായ കാര്യങ്ങൾ ചെയ്യാൻ കഴിയുന്ന ഏജന്റുമാർ എന്ന നിലയിൽ മനുഷ്യരുടെ കഴിവുകളെയും സാധ്യതകളെയും തിരിച്ചറിയുന്ന ഒരു ദർശനമാണ് നമുക്കിന്ന് ആവശ്യം.

വികസന-കാലാവസ്ഥാ പ്രതിസന്ധികളുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഇപ്പോൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന 'ആന്ദ്രപോസീൻ ഇപോകി'നെ (മാനവയുഗം) സൂചിപ്പിക്കുന്ന ചിത്രം

ജനാധിപത്യത്തിനും പാരിസ്ഥിതിക സുസ്ഥിരതയ്ക്കും സമാധാനത്തിനും, തൊഴിൽ സുരക്ഷയ്ക്കും വേണ്ടിയുള്ള മുന്നേറ്റങ്ങൾ ലോകമെങ്ങും വ്യാപകമായിക്കൊണ്ടിരിക്കുന്നു. ബുദ്ധിജീവികളും ശാസ്ത്രകാരന്മാരും അടങ്ങിയ പ്രോഗ്രസ്സീവ് ഇന്റർനാഷണൽ പോലുള്ള സംഘടനകൾ നയപരവും രാഷ്ട്രീയപരവുമായ ഇടപെടൽ നടത്തിക്കൊണ്ടിരിക്കുന്നു

സമതയെയും സുസ്ഥിരതയെയും അടിസ്ഥാനപ്പെടുത്തി, മനുഷ്യന്റെയും പാരിസ്ഥിതിക വ്യവസ്ഥകളുടെയും പരസ്പരബന്ധിതമായ സ്വഭാവത്തിന് അടിവരയിടുന്ന ഒരു ദർശനത്തിലേക്ക് ആന്ദ്രപോസീൻ ചിന്തകൾ നമ്മെ നയിക്കുന്നുവെങ്കിൽ മാത്രമേ അത് ഗുണാത്മകമായി മാറൂ. ഈയൊരു പശ്ചാത്തലത്തിൽ സമ്പദ്‌വ്യവസ്ഥകളെയും സമൂഹങ്ങളെയും എങ്ങിനെയാണ് നാം പുനഃസംഘടിപ്പിക്കുന്നത് എന്നത് പ്രധാനപ്പെട്ട ഒന്നാണ്. നിലവിലുള്ള ഉത്പാദന/ഉപഭോഗ രീതികളിൽ നിന്ന്, വിതരണ ക്രമങ്ങളിൽ നിന്ന് ഭിന്നമായ, നാളിതുവരെയായുള്ള വികസന യാത്രകളിൽ സമൂഹം പൊതുവിൽ സ്വാംശീകരിച്ച ജീവിതശൈലികളെയും മനോഭാവങ്ങളെയും പുനർനിർണയിക്കാനുള്ള ബോധപൂർവ ശ്രമങ്ങൾ ആവശ്യമായി വരുന്നുണ്ട്. സമ്പദ് വ്യവസ്ഥകളുമായി ഘടനാപരമായി ബന്ധിപ്പിച്ചിരിക്കുന്ന ഊർജ്ജ- ദ്രവ്യ പ്രവാഹങ്ങളെ പുനഃക്രമീകരിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയേണ്ടതുണ്ട്.

സംവാദങ്ങളുടെ ദിശ ഏങ്ങോട്ട്?

മാനവരാശിക്ക് മുന്നിൽ അവതരിച്ചിരിക്കുന്ന പ്രതിസന്ധികളെ സംബന്ധിച്ച് ഇന്ന് വലിയ തർക്കം നിലനിൽക്കുന്നില്ല; കാര്യ- കാരണങ്ങളെ സംബന്ധിച്ച തർക്കങ്ങളുണ്ടെങ്കിൽ കൂടിയും. എന്നാൽ "പുര കത്തുമ്പോൾ അതിന്റെ കാരണങ്ങൾ ചികയുകയല്ല, തീ കെടുത്തുവാനുള്ള സങ്കേതങ്ങൾ കണ്ടെത്തുകയാണ് വേണ്ടത്' എന്ന, പൊതു സ്വീകാര്യത എളുപ്പത്തിൽ ലഭിക്കുന്ന വാദം ഇതിനിടയിൽ ഉയർന്നുവരുന്നുണ്ട്. സാങ്കേതിക നവീകരണങ്ങളിലൂടെ പ്രശ്‌നപരിഹാരം സാധ്യമാക്കാമെന്നും വ്യവസ്ഥയ്ക്കകത്തു നിന്നുകൊണ്ടുള്ള പരിഷ്‌കരണങ്ങളിലൂടെ പ്രതിസന്ധികളെ മറികടക്കാമെന്നുമുള്ള വ്യവസ്ഥാപരിപാലന വാദികളാണ് ഇതിന് പിന്നിൽ. പൊതു ഉടമസ്ഥതയെയും പൊതു ഭരണത്തെയും ഇല്ലാതാക്കിയതും ഉത്പാദനത്തിന്റെ ആഗോളീകരണവും പ്രതിസന്ധികളെ കൂടുതൽ ഗുരുതരമാക്കുന്നുവെന്ന വസ്തുതയെ മറച്ചുവെക്കാനുള്ള വ്യഗ്രത ഇതിൽ കാണാം.

Photo: unsplash.com

"യുക്തിപൂർവം തീരുമാനങ്ങളെടുക്കുന്ന സ്വതന്ത്ര വ്യക്തിയും, നിയന്ത്രണ മുക്തമായ വിപണിയും' മഹാമാരിക്ക് മുന്നിൽ പകച്ചുനിൽക്കുന്നത് ലോകം കണ്ടുകഴിഞ്ഞു. ബാർസിലോണ, മാഡ്രിഡ് (സ്‌പെയിൻ), ഇക്വഡോർ, ഗ്രീസ്, വെനിസ്വേല, ചിലി തുടങ്ങി ഇന്ത്യയിലടക്കം തൊഴിലാളികളും കർഷകരും മധ്യവർഗങ്ങളും തെരുവിലിറങ്ങുന്ന കാഴ്ചയ്ക്കാണ് മഹാമാരിക്കാലം സാക്ഷ്യം വഹിച്ചത്. ജനാധിപത്യത്തിനും പാരിസ്ഥിതിക സുസ്ഥിരതയ്ക്കും സമാധാനത്തിനും, തൊഴിൽ സുരക്ഷയ്ക്കും വേണ്ടിയുള്ള മുന്നേറ്റങ്ങൾ ലോകമെങ്ങും വ്യാപകമായിക്കൊണ്ടിരിക്കുന്നു. അമർത്യാസെൻ, യാനിസ് വരുഫാകിസ്, അരുന്ധതി റോയ് തുടങ്ങിയ ബുദ്ധിജീവികളും ശാസ്ത്രകാരന്മാരും അടങ്ങിയ പ്രോഗ്രസ്സീവ് ഇന്റർനാഷണൽ പോലുള്ള സംഘടനകൾ നയപരവും രാഷ്ട്രീയപരവുമായ ഇടപെടൽ നടത്തിക്കൊണ്ടിരിക്കുന്നു. സുസ്ഥിര കൃഷി, പരിസ്ഥിതി പുനഃസ്ഥാപനം, സാമൂഹിക സമത്വം, വിഭവ സമത എന്നിവ സംബന്ധിച്ച ചർച്ചകളും സജീവമായിക്കൊണ്ടിരിക്കുന്നു. പ്രതിസന്ധികളെ കൂടുതൽ കേന്ദ്രീകരണത്തിലേക്കുള്ള അവസരമായി കാണുന്ന മുതലാളിത്ത വഴികളോ, ജനകീയ മുന്നേറ്റങ്ങളോ ഏതാണ് വിജയിക്കുക എന്നതിനെ ആശ്രയിച്ചിരിക്കും മാനവ രാശിയുടെ പൊതുഭാവി.▮


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments