കേരളം മറ്റൊരു ദുരന്തമുഖത്ത്; അതീവ ജാഗ്രത വേണ്ട സമയം

2018, 2019, 2020 വർഷങ്ങളിൽ പ്രളയം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവയുണ്ടായ പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത പാലിച്ചില്ലെങ്കിൽ, ഇത്തവണയും സംസ്ഥാനം ദുരന്തഭൂമിയാകുമെന്ന മുന്നറിയിപ്പാണ് വിദഗ്ധർ നൽകുന്നത്.

Think

ത്തവണ വേനൽമഴ 35-40 ശതമാനം അധികം പെയ്തതിനാൽ, മൺസൂണിനുമുമ്പേ കേരളം അതീവ ജാഗ്രത പുലർത്തേണ്ട സാഹചര്യമെന്ന് കാലാവസ്ഥാ വിദഗ്ധർ. ‘‘വേനൽ മഴയെതുടർന്ന് ഒട്ടുമിക്ക ഡാമുകളും- ചെറിയ ഡാമുകളടക്കം-നിറഞ്ഞിരിക്കുകയാണ്, പുഴകളിലും വെള്ളമുണ്ട്. മലയോരമേഖലകളിലും നല്ല വേനൽമഴ ലഭിച്ചതോടെ, നേരത്തെ ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങളിലടക്കം മണ്ണും മറ്റും കൂടുതൽ കുതിർന്നിരിക്കുന്ന സ്ഥിതിയാണ്. ഈ സാഹചര്യത്തിൽ, മൺസൂണിനുമുന്നോടിയായി വരുന്ന ഈ ന്യൂനമർദം നമ്മളെ നേരിട്ടു ബാധിച്ചില്ലെങ്കിലും മൺസൂൺ സമയത്ത് തീരദേശത്തും ഇടനാട്ടിലും മലയോരത്തും പ്രതീക്ഷിക്കേണ്ട അപകടങ്ങളാണ് ഇപ്പോൾ മുന്നിൽ കാണേണ്ടത്. ചെറിയ തോതിൽ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, കടലാക്രമണം ഇതെല്ലാം മുന്നിൽ കണ്ടുള്ള മുന്നൊരുക്കങ്ങളാണ് ആവശ്യം. ഇതുകഴിഞ്ഞാലുടൻ മൺസൂണും വരികയാണ് എന്നും ഓർക്കണം.''- പ്രമുഖ കാലാവസ്ഥ ശാസ്ത്രജ്ഞൻ ഡോ.എസ്. അഭിലാഷ് മുന്നറിയിപ്പുനൽകി.

അടുത്ത മൂന്നു ദിവസത്തെ മഴ സാധ്യത

2018, 2019, 2020 വർഷങ്ങളിൽ പ്രളയം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവയുണ്ടായ പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത പാലിച്ചില്ലെങ്കിൽ, ഇത്തവണയും സംസ്ഥാനം ദുരന്തഭൂമിയാകുമെന്ന മുന്നറിയിപ്പാണ് വിദഗ്ധർ നൽകുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ദുരന്തം ആവർത്തിച്ചുകൊണ്ടിരിക്കുന്ന മേഖലകളിൽ കാലാവസ്ഥ നിരീക്ഷണകേന്ദ്രവും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും മുന്നറിയിപ്പുനൽകിക്കഴിഞ്ഞു. കഴിഞ്ഞവർഷം ബുറേവി ചുഴലിക്കാറ്റിന്റെ പാശ്ചാത്തലത്തിലും ഇത്തരമൊരു മുന്നറിയിപ്പുണ്ടായിരുന്നു.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശവും ആവശ്യമെങ്കിൽ മാറ്റിപാർപ്പിക്കലും നടത്തണമെന്നാണ് മുന്നറിയിപ്പ്. ഖനന പ്രവർത്തനങ്ങൾ നിരോധിച്ചു.

നദീ തീരങ്ങളിലും പാലങ്ങളിലും കൂട്ടംകൂടുന്നതും സെൽഫി എടുക്കുന്നതും നിരോധിച്ചു. മലയോര ഗതാഗതം ശനിയാഴ്ച വരെ രാത്രി ഏഴു മുതൽ രാവിലെ ഏഴുവരെ നിയന്ത്രിക്കണം.
അപകടനിലയിലുള്ള താമസസ്ഥലങ്ങളിലുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറ്റിപാർപ്പിക്കണം. കടപ്പുറത്തേക്ക് പോകരുത്. മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണം. പുഴകളിലും ചാലുകളിലും ഇറങ്ങരുത്. മിന്നലുള്ളപ്പോൾ പുറത്തിറങ്ങരുത്. മരങ്ങൾക്കു താഴെ വാഹനങ്ങൾ നിർത്തിയിടരുത് തുടങ്ങിയ ജാഗ്രതാ നിർദേശങ്ങളും ജില്ലാ ഭരണകൂടങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

2018-ലെ പ്രളയ സമയത്തെ ചിത്രം / Photo: Wikimedia Commons

ന്യൂനമർദത്തെതുടർന്നുള്ള കനത്ത മഴ സംസ്ഥാനത്താകെ കൊടും ദുരിതമാണ് വിതക്കുന്നത്. നിരവധി വീടുകളാണ് വെള്ളത്തിൽ മുങ്ങിയത്, ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റുകയാണ്.
കുട്ടനാട്ടിൽ വെള്ളപ്പൊക്കവും മടവീഴ്ചയും കനത്ത നാശനഷ്ടമുണ്ടാക്കി. പുളിങ്കുന്ന്, നെടുമുടി, ചമ്പക്കുളം, കൈനകരി പഞ്ചായത്തുകൾ വെള്ളക്കെട്ടിലാണ്. കാവാലം മാണിക്യമംഗലം പാടശേഖരത്തിലാണ് മട വീണ് നഷ്ടമുണ്ടായത്.
കൊച്ചി ചെല്ലാനത്ത് നിരവധി വീടുകളിൽ വെള്ളം കയറി. ബസാർ, കമ്പനിപ്പടി മേഖലകളിൽ 50 മീറ്റർ കടൽ കയറി. അന്ധകാരനഴി സെന്റ് സേവേഴ്‌സ് പള്ളിയിലും വെള്ളം കയറി. ഇവിടെ കടൽഭിത്തി നിർമാണം പൂർത്തിയാകാത്തത് ദുരിതം ഇരട്ടിപ്പിക്കുന്നു. ഇവിടെ കോവിഡ് പോസിറ്റിവിറ്റി നിരക്കിലെ വർധന മറ്റൊരു വെല്ലുവിളിയാണ്.
തിരുവനന്തപുരത്ത് അതിശക്തമായ മഴയെതുടർന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കനത്ത മഴക്ക് സാധ്യത. ആലപ്പുഴയിലും തിരുവനന്തപുരത്തും കോഴിക്കോട്ടും രൂക്ഷമായ കടലാക്രമണമാണ്. തിരുവനന്തപുരം പൊഴിയൂരിൽ കടലേറ്റമുണ്ട്. കോഴിക്കോട് ജില്ലയിലെ തോപ്പയിൽ, കൊയിലാണ്ടി, ഗോതീശ്വരം ഭാഗങ്ങളിൽ രൂക്ഷമായ കടലാക്രമണമുണ്ട്. തോപ്പയിൽ ഭാഗത്ത് നിരവധി വീടുകളിൽ വെള്ളം കയറി.

കൊല്ലം ആലപ്പാട് പഞ്ചായത്തിലും നിരവധി വീടുകളിൽ വെള്ളത്തിലായി. ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റുകയാണ്. തൃശൂർ ജില്ലയിലെ ചാവക്കാട്ടും കൊടുങ്ങല്ലൂരിലും കടൽക്ഷോഭം രൂക്ഷമാണ്. ഈ മാസം ആറുമുതൽ 12 വരെ 67 മില്ലീമീറ്റർ മഴയാണ് കേരളത്തിൽ ലഭിച്ചത്.

2018 മുതൽ കേരളത്തിലെ മലയോര മേഖല ദുരന്തഭൂമിയായി തുടരുകയാണ്. കേരളത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തമായിരുന്നു 2020 ആഗസ്റ്റ് ഏഴിന് ഇടുക്കിയിലെ പെട്ടിമുടിയിലുണ്ടായത്. കാണാതായ എഴുപതുപേരിൽ നാലുപേരെ ഇപ്പോഴും കണ്ടെത്തിയിട്ടില്ല.
പെട്ടിമുടിയിൽ ദുരന്തത്തിന് കാരണമായത് ഡെബറീസ് ഫ്‌ളോ എന്ന പ്രതിഭാസമാണെന്ന് പിന്നീട് വിദഗ്ധരടങ്ങിയ സംഘം വിലയിരുത്തി. വെള്ളം നിറഞ്ഞ മണ്ണും വിഘടിച്ച പാറകളും പർവത നിരകളിൽനിന്ന് ഒഴുകിയിറങ്ങുന്ന ഭൂഗർഭ പ്രതിഭാസമാണ് പെട്ടിമുടിയിൽ സംഭവിച്ചത്. 20 ഡിഗ്രി ചെരിവുള്ള മലനിരകളിൽ പെയ്ത അതിതീവ്ര മഴയാണ് ദുരന്തത്തിന്റെ ആഘാതം കൂട്ടിയത്.
2018 മുതൽ മലയിടിച്ചിൽ ആവർത്തിക്കുന്ന മേഖലയാണ് മൂന്നാർ.

2018 ൽ അടിമാലിയിലെ പാലവളവിലും 2019ൽ വയനാട്ടിലെ പുത്തുമലയിലും നിലമ്പൂരിലെ കവളപ്പാറിയിലും ഉരുൾപൊട്ടലുണ്ടായി. പാലവളവിൽ ഒരു കുടുംബത്തിലെ അഞ്ചുപേരാണ് മരിച്ചത്. പുത്തുമലയിൽ 17 പേരും കവളപ്പാറയിൽ 59 പേരുമാണ് മണ്ണിനടിയിലായത്. ഇത്തവണ പെയ്ത വേനൽമഴയാണ് മലയോരമേഖലയുടെ ഉറക്കം കെടുത്തുന്നത്.

വേനൽ മഴയും തുടർന്നുവരുന്ന മൺസൂണും കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. പ്രത്യേകിച്ച്, തീരപ്രദേശങ്ങളിൽനിന്നും മറ്റും ജനങ്ങളെ കൂട്ടത്തോടെ ക്യാമ്പുകളിലേക്ക് മാറ്റിപാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ രോഗവ്യാപനം തീവ്രമാക്കാതിരിക്കാൻ അധിക മുൻകരുതൽ കൂടി സ്വീകരിക്കേണ്ടിവരും.


Comments