ഇന്ത്യയിലെ താപനിലയിൽ, 21ാംനൂറ്റാണ്ടിന്റെ അവസാനം, പ്രവചിക്കപ്പെടുന്ന മാറ്റം സൂചിപ്പിക്കുന്ന ഗ്രാഫ് Assessment of Climate Change over the Indian Region റിപ്പോർട്ടിൽ നിന്ന്.

കാലാവസ്ഥാ വ്യതിയാനം: ശാസ്ത്രം തെളിവുനൽകുന്നു;
ഭരണകൂടങ്ങൾ കേൾക്കുന്നുണ്ടോ?

ആഗോള കാലാവസ്ഥാ വ്യതിയാനം ഇന്ത്യൻ മേഖലയിൽ സൃഷ്ടിക്കാൻ പോകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഇന്ത്യയിലെ പ്രമുഖ ശാസ്ത്രസ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞർ തയാറാക്കിയ റിപ്പോർട്ട്, മനുഷ്യഇടപെടലുകളുടെ അപകടത്തെക്കുറിച്ച് ഗുരുതര മുന്നറിയിപ്പുകൾ നൽകുന്നു

‘...Climate change is running faster than we are – and we are running out of time...'; ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയ്ഞ്ചിന്റെ (IPCC) പ്രത്യേക റിപ്പോർട്ട് (2018) പ്രകാശനം ചെയ്ത് യു.എൻ. ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് നടത്തിയ പ്രതികരണമാണിത്. 160 വർഷത്തിനുള്ളിൽ ആഗോളതാപമാപിനിയിൽ രേഖപ്പെടുത്തപ്പെട്ട ഏറ്റവും ചൂടുകൂടിയ പത്ത് വർഷങ്ങൾ 21ാം നൂറ്റാണ്ടിലേതായിരുന്നു- 2020, 2016, 2019, 2015, 2017, 2018, 2014, 2010, 2013, 2005. താപവ്യതിയാനത്തിലെ കാർക്കശ്യം തുടരുകയാണ്. ആഗോള കാലാവസ്ഥയിലെ ഗുരുതര മാറ്റങ്ങളുടെ പ്രത്യാഘാതമെന്നോണം ദശലക്ഷത്തോളം ജീവജാതികൾ അടുത്ത ഏതാനും ദശാബ്ദങ്ങൾക്കുള്ളിൽ അന്യംനിന്നുപോകുമെന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നൽകുന്നു. ആഗോള സമൂഹം ഗുരുതര കാലാവസ്ഥാ പ്രതിസന്ധി നേരിടുമ്പോഴും ശാസ്ത്രസമൂഹങ്ങൾ അതേക്കുറിച്ച് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിക്കൊണ്ടിരിക്കുമ്പോഴും രാഷ്ട്രീയ ഭരണകൂടങ്ങൾ ഇവ കണ്ടില്ലെന്ന് നടിക്കുകയോ, ഇനിയും ആവിഷ്‌കരിക്കപ്പെട്ടിട്ടില്ലാത്ത കാലാവസ്ഥാ പ്രതിരോധ തന്ത്രങ്ങളെക്കുറിച്ച് വാചകമടിക്കുകയോ ചെയ്യുകയാണ്.

ആഗോള കാലാവസ്ഥാ വ്യതിയാനം ഇന്ത്യൻ മേഖലയിൽ എന്ത്​ പ്രത്യാഘാതം സൃഷ്ടിക്കും എന്നതുസംബന്ധിച്ച് ഇന്ത്യയിലെ പ്രമുഖ ശാസ്ത്രസ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനങ്ങളുടെയും വിലയിരുത്തലുകളുടെയും റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. 2020 ഒക്‌ടോബറിൽ പുറത്തുവന്ന റിപ്പോർട്ടിൽ ഗൗരവകരമായ വസ്തുതകളാണുള്ളത്​. കാലാവസ്ഥാ വ്യതിയാനത്തിലെ മനുഷ്യഇടപെടലിനെ (Anthropogenic Factor) അത് വ്യക്തമായി ചൂണ്ടിക്കാണിക്കുന്നു എന്നതാണ് ഒരു സവിശേഷത. ‘‘.... പ്രാദേശിക കാലാവസ്ഥാ മാറ്റങ്ങളെ മനുഷ്യ പ്രവർത്തനങ്ങൾ സ്വാധീനിച്ചു എന്നതിന് ശക്തമായ ശാസ്ത്രീയ തെളിവുണ്ട്’’ എന്നും, ‘‘മനുഷ്യനിർമിത കാലാവസ്ഥാ വ്യതിയാനം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും വേഗത്തിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നു'' എന്നും റിപ്പോർട്ട് അടിവരയിടുന്നു.

240ഓളം പേജുകൾ വരുന്ന റിപ്പോർട്ട് (Assessment of Climate Change over the Indian Region) തയ്യാറാക്കിയത്, പൂനെയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപിക്കൽ മെറ്റിറോളജിയിലെ ശാസ്ത്രജ്ഞൻമാരാണ്. റിപ്പോർട്ടിന്റെ സംക്ഷിപ്ത രൂപമാണ് ഈ ലേഖനത്തിന്റെ ഉളളടക്കം.

ആഗോള കാലാവസ്ഥയിലെ നിരീക്ഷിക്കപ്പെട്ട മാറ്റങ്ങൾ

വ്യാവസായിക യുഗം തൊട്ട് ആഗോള ശരാശരി താപനില ഒരു ഡിഗ്രി സെൽഷ്യസ് ഉയർന്നു. താപവർധനവിലെ ഈ വമ്പിച്ച മാറ്റം സ്വാഭാവിക വ്യതിയാനങ്ങളാൽ മാത്രം വിശദീകരിക്കാൻ കഴിയില്ല, ഒപ്പം മനുഷ്യ പ്രവർത്തനങ്ങൾ മൂലമുള്ള മാറ്റം കണക്കിലെടുക്കുകയും വേണം. വ്യാവസായിക കാലഘട്ടത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ (GHG’s) ബഹിർഗമനം, ഉയർന്ന എയറോസോൾ സാന്ദ്രത, ഭൂവിനിയോഗത്തിലും ഭൗമാവരണത്തിലും (Land Use & Land Cover) വന്ന വ്യതിയാനങ്ങൾ എന്നിവ അന്തരീക്ഷ ഘടനയെ ഗണ്യമായി മാറ്റിമറിച്ചു. തന്മൂലം ഗ്രഹങ്ങളുടെ ഊർജ്ജ സന്തുലിതാവസ്ഥയിൽ വന്ന മാറ്റം ഇന്ന് നാം അനുഭവിക്കുന്ന തരത്തിലുള്ള കാലാവസ്ഥാ വ്യതിയാനത്തിന് പ്രധാനമായും കാരണമായി. 1950 മുതൽക്കുള്ള താപവർദ്ധനവ് ആഗോളതലത്തിൽ അതിതീവ്ര കാലാവസ്ഥാ സംഭവങ്ങളുടെ തോതിൽ ഗണ്യമായ വർദ്ധനവിന് കാരണമായി. (ഉദാ: ചൂട് തരംഗങ്ങൾ, വരൾച്ച, കനത്ത മഴ, കടുത്ത ചുഴലിക്കാറ്റുകൾ). മഴ, കാറ്റ് എന്നിവയുടെ സ്വഭാവങ്ങളിലെ മാറ്റങ്ങൾ (ആഗോള മൺസൂൺ വ്യവസ്ഥകളിലെ പരിവർത്തനങ്ങൾ ഉൾപ്പെടെ), താപനം ആഗോള സമുദ്രങ്ങളുടെ അമ്ലീകരണം, സമുദ്രത്തിലെ ഹിമവും ഹിമാനികളും ഉരുകുന്നത്, സമുദ്രനിരപ്പ് ഉയരുന്നത്, സമുദ്ര-ഭൗമ പരിസ്ഥിതി വ്യവസ്ഥകളിലെ മാറ്റങ്ങൾ എന്നിവയൊക്കെ ഇത്തരമൊരു താപവ്യതിയാനത്തിന്റെ ഫലമാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്.

1951-2015 കാലഘട്ടത്തിൽ ഉഷ്ണമേഖലാ ഇന്ത്യൻ മഹാസമുദ്രത്തിന്റെ സമുദ്ര ഉപരിതല താപനില ശരാശരി ഒരു ഡിഗ്രി സെൽഷ്യസ് ഉയർന്നു, അതേ കാലയളവിലെ ആഗോള ശരാശരിയായ 0.7 ഡിഗ്രി സെൽഷ്യസിനേക്കാൾ വളരെ കൂടുതലാണിത്

കാലാവസ്ഥാ വ്യതിയാനം ഇന്ത്യയിൽ

1901-2018 കാലത്ത് ഇന്ത്യയുടെ ശരാശരി താപനില 0.7 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു. താപനിലയിലെ ഈ വർധന പ്രധാനമായും ഹരിത ഗൃഹവാതകങ്ങളുടെ പുറന്തള്ളൽ മൂലമാണ്. മനുഷ്യനിർമിത എയറോസോളുകൾ ഭൂവിനിയോഗത്തിലും ഭൗമാവരണത്തിലും സംഭവിച്ച മാറ്റങ്ങൾ എന്നിവ കാരണം ഭാഗികമായി പ്രതിതോലനം ചെയ്യുന്നു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, ‘ആർ.സി.പി 8.5’(Representative Concentration Pathway) സാഹചര്യത്തിൽ, ഇന്ത്യയുടെ ശരാശരി താപനില ഏകദേശം 4.4 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് പ്രവചിക്കപ്പെടുന്നു (1976-2005 ശരാശരി). ‘ആർ.സി.പി 8.5’ സാഹചര്യത്തിൽ സമീപകാലത്തെ (1976- 2005 ശരാശരി) താപനിലയുമായി താരതമ്യപ്പെടുത്തുമ്പോൾ, കഴിഞ്ഞ 30 വർഷത്തെ കാലയളവിൽ (1986-2015), ഏറ്റവും ചൂടുള്ള ദിവസത്തിലെ താപനിലയും വർഷത്തിലെ ഏറ്റവും തണുപ്പുള്ള രാത്രിയിലെ താപനിലയും യഥാക്രമം 0.63 ഡിഗ്രി സെൽഷ്യസും 0.4 ഡിഗ്രി സെൽഷ്യസും ആയി വർധിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, ഈ താപനില യഥാക്രമം 4.7 ഡിഗ്രി സെൽഷ്യസും 5.5 ഡിഗ്രി സെൽഷ്യസും ആയി ഉയരുമെന്ന് പ്രവചിക്കപ്പെടുന്നു.

പ്രീ ഇൻഡസ്​ട്രിയൽ കാലഘട്ടത്തെ (1850- 1900) റഫറൻസ്​ പിരീഡായി എടുത്ത്​, 2020 വരെ താപനിലയിലുണ്ടായ മാറ്റം സൂചിപ്പിക്കുന്ന ഗ്രാഫ്​

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, ‘ആർ.സി.പി 8.5’ സാഹചര്യത്തിൽ 1976- 2005 റഫറൻസ് കാലയളവിനെ അപേക്ഷിച്ച് ചൂടുകൂടിയ ദിനങ്ങളും ചൂടുകൂടിയ രാത്രികളും സംഭവിക്കുന്നതിന്റെ ആവൃത്തി യഥാക്രമം 55%, 70% വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 1976-2005 എന്ന അടിസ്ഥാന കാലഘട്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ, ‘ആർ.സി.പി 8.5’ സാഹചര്യത്തിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇന്ത്യയിൽ വേനൽക്കാലത്തെ (ഏപ്രിൽ- ജൂൺ) താപ തരംഗങ്ങൾ 3 മുതൽ 4 മടങ്ങ് കൂടുതലായി കണക്കാക്കപ്പെടുന്നു. ചൂടുതരംഗ സംഭവങ്ങളുടെ (Heat Wave Events) ശരാശരി ദൈർഘ്യം ഏകദേശം ഇരട്ടിയായതായി കണക്കാക്കപ്പെടുന്നു. ഉപരിതല താപനിലയും ഈർപ്പവും കൂടിച്ചേർന്നതിനോടുള്ള പ്രതികരണമായി, ഇന്ത്യയിലുടനീളം, പ്രത്യേകിച്ച് ഇന്ത്യ-ഗാംജെറ്റിക്, സിന്ധു നദീതടങ്ങളിൽ താപസമ്മർദ്ദം വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യയിലെ വേനൽക്കാല മഴക്കാലം (ജൂൺ മുതൽ സെപ്റ്റംബർ വരെ) 1951 മുതൽ 2015 വരെ ഏകദേശം 6% കുറഞ്ഞു, ഇന്ത്യ- ഗംഗ സമതലങ്ങളിലും പശ്ചിമഘട്ടത്തിലും ശ്രദ്ധേയ കുറവുണ്ടായി.

ഇന്ത്യൻ മഹാസമുദ്ര താപനം

1951-2015 കാലഘട്ടത്തിൽ ഉഷ്ണമേഖലാ ഇന്ത്യൻ മഹാസമുദ്രത്തിന്റെ സമുദ്ര ഉപരിതല താപനില (Sea Surface Temperature- SST) ശരാശരി ഒരു ഡിഗ്രി സെൽഷ്യസ് ഉയർന്നു, അതേ കാലയളവിലെ ആഗോള ശരാശരിയായ 0.7 ഡിഗ്രി സെൽഷ്യസിനേക്കാൾ വളരെ കൂടുതലാണിത്.

ഉഷ്ണമേഖലാ ഇന്ത്യൻ മഹാസമുദ്രത്തിന്റെ 700 മീറ്ററിലെ സമുദ്രത്തിലെ ചൂട് (Ocean Heat Content 700) കഴിഞ്ഞ ആറ് ദശകങ്ങളിൽ (1955 -2015) വർധിച്ചുവരുന്ന പ്രവണത പ്രകടമാക്കി. കഴിഞ്ഞ രണ്ട് ദശകങ്ങൾ (1998-2015) ശ്രദ്ധേയമായ ഉയർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ, ഉഷ്ണമേഖലാ ഇന്ത്യൻ മഹാസമുദ്രത്തിലെ സമുദ്രോപരിതല താപവും സമുദ്രത്തിലെ താപത്തിന്റെ അളവും ഇനിയും ഉയരുമെന്ന് പ്രവചിക്കപ്പെടുന്നു.

മഴപെയ്ത്തിലെ മാറ്റങ്ങൾ

ഇന്ത്യയിലെ വേനൽക്കാല മഴക്കാലം (ജൂൺ മുതൽ സെപ്റ്റംബർ വരെ) 1951 മുതൽ 2015 വരെ ഏകദേശം 6% കുറഞ്ഞു, ഇന്ത്യ- ഗംഗ സമതലങ്ങളിലും പശ്ചിമഘട്ടത്തിലും ശ്രദ്ധേയ കുറവുണ്ടായി.
വടക്കൻ അർധഗോളത്തിൽ, മനുഷ്യനിർമിത എയറോസോളുകളുടെ സ്വാധീനം മൂലമുള്ള പ്രസരണ പ്രഭാവങ്ങൾ (radiative effects) ഹരിതഗൃഹവാതകങ്ങളുടെ ചൂടിൽ നിന്ന് പ്രതീക്ഷിക്കുന്ന മഴയുടെ വർധനവിനെ ഗണ്യമായി നികത്തുകയും, വേനൽക്കാല മഴയുടെ അളവിൽ കുറവുണ്ടാക്കുകയും ചെയ്തുവെന്ന് ഒന്നിലധികം ഡാറ്റാസെറ്റുകളെയും കാലാവസ്ഥാ മോഡൽ സിമുലേഷനുകളെയും അടിസ്ഥാനമാക്കി ഒരു സമവായം ഉയർന്നുവരുന്നുണ്ട്.

കൂടുതൽ വരണ്ട കാലാവസ്ഥയിലേക്കും (1951- 1980നെ അപേക്ഷിച്ച് 1981- 2011 കാലയളവിൽ 27% കൂടുതലാണ്) വേനൽക്കാല മഴക്കാലത്ത് കൂടുതൽ തീവ്രമായ മഴയിലേക്കും അടുത്ത കാലത്തായി മാറി. അന്തരീക്ഷ ഈർപ്പം വർധിക്കുന്നതിനോടുള്ള പ്രതികരണമായി, പ്രാദേശികമായ, കനത്ത മഴയുടെ ആവൃത്തി ലോകമെമ്പാടും വർധിച്ചു. മധ്യ ഇന്ത്യയിൽ, 1950-2015 കാലത്ത്​പ്രതിദിനം150 മില്ലിമീറ്ററിൽ കൂടുതലുള്ള മഴയുടെ തീവ്രത പ്രതിദിനം 75% വർധിച്ചു.

ഇന്ത്യയിലെ വേനൽക്കാല മഴയുടെ കയറ്റിറക്കം സൂചിപ്പിക്കുന്ന ഗ്രാഫ്​

ആഗോളതാപനം തുടരുന്നതും ഭാവിയിൽ മനുഷ്യനിർമിത എയറോസോൾ ഉദ്ഗമനം കുറയുന്നതും പ്രതീക്ഷിക്കുന്നതോടെ, സി.എം.ഐ.പി-54 മോഡലുകൾ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ) മൺസൂൺ മഴയുടെ ശരാശരി, വ്യതിയാനം (Mean & Variability) എന്നിവയിലും ദൈനംദിന മഴപ്പെയ്ത്തിലും ഗണ്യമായ വർധനവ് പ്രതിഫലിപ്പിക്കുന്നു.

വരൾച്ച

കഴിഞ്ഞ 6- 7 ദശകങ്ങളിൽ വേനൽക്കാല മഴയുടെ മൊത്തത്തിലുള്ള കുറവ് ഇന്ത്യയിൽ വരൾച്ചയുടെ വർധനവിന് കാരണമായി. 1951- 2016 കാലത്ത് വരൾച്ചയുടെ ആവൃത്തിയും സ്ഥലപരമായ വ്യാപ്തിയും ഗണ്യമായി വർധിച്ചു. പ്രത്യേകിച്ച്​ മധ്യ ഇന്ത്യ, തെക്കുപടിഞ്ഞാറൻ തീരം, തെക്കൻ ഉപദ്വീപ്, വടക്കുകിഴക്കൻ ഇന്ത്യ എന്നിവിടങ്ങളിൽ രണ്ടിൽ കൂടുതൽ വരൾച്ചയുണ്ടായി. ഇതേ കാലയളവിൽ വരൾച്ച ബാധിത പ്രദേശങ്ങളുടെ അളവ്, ഒരു ദശകത്തിൽ 1.3% എന്ന നിലയിൽ വർധിച്ചു.

‘ആർ.സി.പി 8.5’ സാഹചര്യത്തിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇന്ത്യയിലെ വരൾച്ചാ സാഹചര്യങ്ങളുടെ ആവൃത്തി (> ഒരു ദശകത്തിൽ 2 സംഭവങ്ങൾ), തീവ്രത, വ്യാപ്തി എന്നിവ വർധിക്കുന്നതിനുള്ള ഉയർന്ന സാധ്യത കാലാവസ്ഥാ മോഡലുകൾ പ്രവചിക്കുന്നു. മൺസൂൺ മഴയും ചൂടുള്ള അന്തരീക്ഷത്തിൽ ജലബാഷ്പത്തിന്റെ ഡിമാൻഡും ഇതോടൊപ്പം വർധിക്കുന്നു.

മനുഷ്യനിർമിതമായ കാലാവസ്ഥാ വ്യതിയാനം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും വേഗത്തിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

സമുദ്രനിരപ്പ് ഉയരുന്നു

ആഗോള താപനത്തോടുള്ള പ്രതികരണമായി ഭൂഖണ്ഡാന്തര മഞ്ഞുപാളികൾ ഉരുകുകയും സമുദ്രജലത്തിലെ താപവികാസം (Thermal expansion) കാരണം സമുദ്രനിരപ്പ് ആഗോളതലത്തിൽ ഉയരുകയും ചെയ്തു. 1874- 2004 കാലത്ത് പ്രതിവർഷം 1.06- 1.75 മില്ലിമീറ്റർ എന്ന നിരക്കിലാണ് ഉത്തര ഇന്ത്യൻ മഹാസമുദ്രത്തിൽ (North Indian Ocean) സമുദ്രനിരപ്പ് ഉയരുന്നത്, കഴിഞ്ഞ രണ്ടര പതിറ്റാണ്ടുകളിൽ (1993-2017) പ്രതിവർഷം 3.3 മില്ലി മീറ്ററായി ഉയർന്നു.

ആഗോള ശരാശരി സമുദ്രനിരപ്പ് ഉയർച്ചയുടെ നിലവിലെ നിരക്കുമായി ഇതിനെ താരതമ്യപ്പെടുത്താം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, ‘ആർ.സി.പി 4.5’ സാഹചര്യത്തിൽ 1986- 2005 കാലഘട്ടത്തെ അപേക്ഷിച്ച് ഉത്തര ഇന്ത്യൻ മഹാസമുദ്രത്തിലെ സ്‌റ്റെറിക് സമുദ്രനിരപ്പ് (Steric Sea Level-) ഏകദേശം 300 മില്ലിമീറ്റർ ഉയരുമെന്ന് പ്രവചിക്കപ്പെടുന്നു.

ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ

ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ (1951- 2018) ഉത്തര ഇന്ത്യൻ മഹാസമുദ്രത്തിലെ തടത്തിൽ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളുടെ വാർഷിക ആവൃത്തിയിൽ ഗണ്യമായ കുറവുണ്ടായി. ഇതിനു വിപരീതമായി, മൺസൂണിനു ശേഷമുള്ള കാലഘട്ടത്തിൽ വളരെ കടുത്ത സൈക്ലോണിക് കൊടുങ്കാറ്റുകളുടെ (Very Severe Cyclonic Storms-VSCSs) ആവൃത്തി ഗണ്യമായി വർധിച്ചു (കഴിഞ്ഞ ദശകങ്ങളിൽ -2000-2018).

എന്നിരുന്നാലും, ഈ പ്രവണതകളിൽ മനുഷ്യ ഇടപെടലിന്റെ വ്യക്തമായ സൂചന പുറത്തുവന്നിട്ടില്ല. കാലാവസ്ഥാ മാതൃകകൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഉത്തര ഇന്ത്യൻ മഹാസമുദ്ര തടത്തിൽ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളുടെ തീവ്രത വർധിക്കുന്നതായി കാണിക്കുന്നു.

ഹിമാലയത്തിലെ മാറ്റങ്ങൾ

ഹിന്ദുക്കുഷ് ഹിമാലയത്തിൽ (HKH) 1951-2014 കാലത്ത് 1.3 ഡിഗ്രി സെൽഷ്യസ് താപനില ഉയർന്നു. ഹിന്ദുക്കുഷ് ഹിമാലയത്തിന്റെ നിരവധി മേഖലകളിൽ മഞ്ഞുവീഴ്ചയുടെ കുറവും സമീപകാല ദശകങ്ങളിൽ ഹിമാനികളുടെ പിൻവാങ്ങലും അനുഭവപ്പെട്ടു. ഇതിനു വിപരീതമായി, ഉയർന്ന ഉയരത്തിലുള്ള കാരക്കോറം ഹിമാലയത്തിൽ ഉയർന്ന ശൈത്യകാല മഞ്ഞുവീഴ്ച അനുഭവപ്പെട്ടിട്ടുണ്ട്, ഇത് ഹിമാനി സങ്കോചത്തിൽ നിന്ന് പ്രദേശത്തെ സംരക്ഷിക്കുന്നു.

ഹിമാലയൻ മേഖലയിലെയും ഇന്ത്യയിലെയും താപനിലയിലുണ്ടാകുന്ന മാറ്റങ്ങൾ സൂചിപ്പിക്കുന്ന ഗ്രാഫ്​

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, ‘ആർ.സി.പി 8.5’ സാഹചര്യത്തിൽ എച്ച്.കെ.എച്ചി.നേക്കാൾ വാർഷിക ശരാശരി ഉപരിതല താപനില 5.2 ഡിഗ്രി സെൽഷ്യസ് വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ‘ആർ.സി.പി 8.5’ സാഹചര്യത്തിന് കീഴിലുള്ള സി.എം.ഐ.പി-5 (Climate Model Inter comparison Project) പ്രൊജക്ഷനുകൾ വാർഷിക മഴയുടെ വർധനവ് സൂചിപ്പിക്കുന്നു. പക്ഷേ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ എച്ച്.കെ.എച്ച് മേഖലയിൽ മഞ്ഞുവീഴ്ച കുറയുന്നുവെന്ന് മോഡലുകൾ സൂചിപ്പിക്കുന്നു.

നിഗമനങ്ങൾ

ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഇന്ത്യ ശരാശരി താപനിലയിൽ വർധനവ് രേഖപ്പെടുത്തി. മൺസൂൺ മഴയുടെ കുറവ്, കടുത്ത താപനില, മഴ സംഭവങ്ങൾ, വരൾച്ച, സമുദ്രനിരപ്പ് എന്നിവയിലെ വർധന, മൺസൂൺ സമ്പ്രദായത്തിലെ മറ്റ് മാറ്റങ്ങൾ, കഠിനമായ ചുഴലിക്കാറ്റുകളുടെ തീവ്രത- പ്രാദേശിക കാലാവസ്ഥയിലെ ഈ മാറ്റങ്ങളെ മനുഷ്യ പ്രവർത്തനങ്ങൾ സ്വാധീനിച്ചു എന്നതിന് ശക്തമായ ശാസ്ത്രീയ തെളിവുണ്ട്.

നിലവിലെ ഹരിതഗൃഹ വാതക ഉദ്ഗമന പാതകളിൽ, ആഗോള ശരാശരി താപനില 3-5 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം, ഒരുവേള ടിപ്പിംഗ് പോയിന്റുകൾ കൂടുതൽ ഉത്തേജിതമായാൽ താപനില ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ വ്യാവസായികപൂർവ്വ താപനിലയേക്കാൾ ഉയർന്നേക്കാം.

മനുഷ്യനിർമിതമായ കാലാവസ്ഥാ വ്യതിയാനം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും വേഗത്തിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. പ്രാദേശിക പ്രവചനങ്ങൾ ഭൗമവ്യവസ്ഥയുടെ പ്രക്രിയകളെക്കുറിച്ച്​ അറിവ് മെച്ചപ്പെടുത്തുന്നതിനും തന്ത്രപരമായ സമീപനങ്ങൾ വികസിപ്പിക്കുന്നതിനും നിരീക്ഷണ സംവിധാനങ്ങളും കാലാവസ്ഥാ മാതൃകകളും വർധിപ്പിക്കുന്നതിനും അത്യാവശ്യമാണ്.

സാധ്യമായ കാലാവസ്ഥാ വ്യതിയാന പ്രത്യാഘാതങ്ങൾ

ആഗോള താപനം വ്യവസായപൂർവ നിലയെക്കാൾ 2 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്താനും വർധനവ് 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്താനുമുള്ള കൂട്ടായ ശ്രമം തുടരാൻ 21 പാർട്ടികളുടെ കോൺഫറൻസ് (COP21) ആയ പാരിസ് കരാർ 2015 എല്ലാ രാജ്യങ്ങളോടും ആഹ്വാനം ചെയ്തു. ഈ സാഹചര്യത്തിൽ, 1.5, 2 ഡിഗ്രി സെൽഷ്യസ് എന്നിവയുടെ ആഗോളതാപന നിലവാരത്തിന്റെ ആപേക്ഷിക പ്രത്യാഘാതങ്ങളെക്കുറിച്ച് ഐ.പി.സി.സി 2018 ഒക്ടോബറിൽ പ്രത്യേക റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. റിപ്പോർട്ട് അനുസരിച്ച്, 2 ഡിഗ്രി സെൽഷ്യസ് വർധനവിന്റെ ആഘാതം കഠിനമാണെന്ന് മാത്രമല്ല ആഗോളതലത്തിൽ 1.5 ഡിഗ്രി സെൽഷ്യസിനേക്കാൾ വളരെ വലുതാണ്. റിപ്പോർട്ടിൽ കടുത്ത പ്രവചനങ്ങളുണ്ടായിരുന്നിട്ടും, 1.5 ഡിഗ്രി സെൽഷ്യസ് ലക്ഷ്യം പ്രായോഗികമായി കൈവരിക്കാനാകുമോ എന്നത് ചോദ്യമായി ഉയരുന്നുണ്ട്.

പാരീസ് കരാർ 2015 ന്റെ പ്ലീനറി സെഷനിൽ നിന്ന്‌ / Photo: Wikimedia Commons

വ്യാവസായികയുഗത്തിനുമുമ്പുള്ള കാലഘട്ടം മുതൽ ആധുനിക നാഗരികതയുടെ ചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്തവിധം മനുഷ്യ പ്രവർത്തനങ്ങൾ കാലാവസ്ഥയെ മാറ്റിമറിച്ചു. ലോകം ഇപ്പോൾ പാരീസ് ലക്ഷ്യങ്ങളെക്കാൾ വളരെ മുന്നോട്ടുപോയിരിക്കുന്നുവെന്നതും വസ്തുതയാണ്. നിലവിലെ ഹരിതഗൃഹ വാതക ഉദ്ഗമന പാതകളിൽ, ആഗോള ശരാശരി താപനില 3-5 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം, ഒരുവേള ടിപ്പിംഗ് പോയിന്റുകൾ കൂടുതൽ ഉത്തേജിതമായാൽ താപനില ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ വ്യാവസായികപൂർവ്വ താപനിലയേക്കാൾ ഉയർന്നേക്കാം. എന്നിരുന്നാലും, കാലാവസ്ഥാ വ്യതിയാനത്തിന്റെ വ്യാപ്തിയും നിരക്കും അതിന്റെ ആഘാതവും ഗ്രഹത്തിലുടനീളം വ്യത്യാസപ്പെട്ടിരിക്കും.

ഇന്ത്യയെ ബാധിക്കുന്ന പ്രത്യാഘാതങ്ങൾ

കാലാവസ്ഥാ മാതൃകകൾ പ്രവചിക്കുന്ന ഇന്ത്യയുടെ കാലാവസ്ഥയിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങൾ രാജ്യത്തിന്റെ പ്രകൃതി- പരിസ്ഥിതി വ്യവസ്ഥകൾ, കാർഷിക ഉൽപാദനം, ശുദ്ധജല സ്രോതസ്സുകൾ എന്നിവയിൽ സമ്മർദ്ദം ചെലുത്തുന്നു, ഒപ്പം അടിസ്ഥാന സൗകര്യങ്ങൾക്ക് നാശനഷ്ടമുണ്ടാക്കുകയും ചെയ്യും. ഇത് രാജ്യത്തിന്റെ ജൈവവൈവിധ്യം, ഭക്ഷണം, വെള്ളം, ഊർജ്ജ സുരക്ഷ, പൊതു ആരോഗ്യം എന്നിവയിൽ ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കും. ദ്രുതവും ബോധവത്കൃതവും ദൂരവ്യാപകവുമായ ലഘൂകരണ (Mitigation)- പൊരുത്തപ്പെടുത്തൽ (Adaptation) നടപടികളുടെ അഭാവത്തിൽ, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതം രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ച നിലനിർത്തുന്നതിനും യു.എൻ. അംഗരാജ്യങ്ങൾ 2015ൽ സ്വീകരിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങൾ (Sustainable Development Goals) കൈവരിക്കുന്നതിനും ആഴത്തിൽ വെല്ലുവിളി സൃഷ്ടിച്ചേക്കാം.

വിള ഉൽപാദനത്തെ പ്രതികൂലമായി ബാധിക്കുന്ന വിധത്തിൽ സംഭവിക്കുന്ന മഴയുടെ വ്യതിയാനം, രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെ ക്രമേണ അപകടത്തിലാക്കും. മനുഷ്യരുടെ ആരോഗ്യത്തെ, പ്രത്യേകിച്ച് കുട്ടികൾക്കും പ്രായമായവർക്കും ഇടയിൽ, ഗുരുതര പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

ശുദ്ധജല ലഭ്യതയുടെ കാര്യത്തിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ഇന്ത്യയെ സംബന്ധിച്ച് നിർണായകമായ ഒന്നാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലുടനീളം തുടരുന്ന ആഗോളതാപനവും, വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ഭാവിയിലെ മനുഷ്യനിർമിത എയറോസോൾ ഉദ്ഗമനം (Anthropogenic Aerosol Emission) കുറയ്ക്കുന്നതിനുള്ള ഉയർന്ന സാധ്യതയും, വേനൽക്കാല മൺസൂൺ മഴയും ഇന്ത്യക്കുമേലുള്ള അതിന്റെ വ്യതിയാനവും വർധിപ്പിക്കും. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന മഴയുടെ രീതികളിൽ സംഭവിക്കുന്ന മാറ്റം വരൾച്ചയ്ക്കും വെള്ളപ്പൊക്കത്തിനുമുള്ള സാധ്യത വർധിപ്പിക്കുന്നു. ഇത് ഉപരിതല- ഭൂഗർഭ ജലസ്രോതസുകൾക്ക് ഹാനികരമാകുന്നതോടൊപ്പം രാജ്യത്തിന്റെ ജല സുരക്ഷയ്ക്ക് ഭീഷണിയുമാണ്.
വർധിച്ചുവരുന്ന താപനില, കഠിന ചൂട്, വെള്ളപ്പൊക്കം, വരൾച്ച എന്നിവ മഴയെ ആശ്രയിച്ചുള്ള കാർഷിക ഭക്ഷ്യ ഉൽപാദനം തടസപ്പെടുത്തുന്നു. വിള ഉൽപാദനത്തെ പ്രതികൂലമായി ബാധിക്കുന്ന വിധത്തിൽ സംഭവിക്കുന്ന മഴയുടെ വ്യതിയാനം, രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെ ക്രമേണ അപകടത്തിലാക്കും.
അപകടസാധ്യത കുറയ്ക്കൽ (risk mitigation), പൊരുത്തപ്പെടുത്തൽ അല്ലെങ്കിൽ പരിചയം (acclimatization) എന്നിവയുടെ അഭാവത്തിൽ മനുഷ്യരുടെ ആരോഗ്യത്തെ, പ്രത്യേകിച്ച് കുട്ടികൾക്കും പ്രായമായവർക്കും ഇടയിൽ, ഗുരുതര പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

1985-2019 കാലഘട്ടങ്ങൾക്കിടയിൽ ഇന്ത്യയിൽ സംഭവിച്ച തീവ്ര പ്രളയങ്ങളുടെ ഫ്രീക്വൻസിയുടെ ടൈം സീരീസ്. ഡാർട്ട്മൗത്ത് ഫ്‌ളഡ് ഒബ്‌സവേറ്ററിയുടെ ഫ്‌ളഡ് ടാറ്റാബേസ് അടിസ്ഥാനമാക്കി തയ്യാറാക്കിയത്

കഠിനചൂട്, അതിതീവ്ര കാലാവസ്ഥാ സംഭവങ്ങൾ, ഉയർന്ന കാലാവസ്ഥാ വ്യതിയാനം എന്നിവ സൂര്യാഘാതം, ഹൃദയാഘാതം, ന്യൂറോളജിക്കൽ രോഗങ്ങൾ, സമ്മർദ്ദവുമായി ബന്ധപ്പെട്ട തകരാറുകൾ (stress-related disorders) തുടങ്ങിയവയുമായി ചേർന്നുനിൽക്കുന്നു. നഗരപ്രദേശങ്ങളിലെ താപ സമ്മർദ്ദം പലപ്പോഴും Heat Island പ്രഭാവം വർധിപ്പിക്കുന്നു. രോഗാണുവാഹികളിലൂടെ പടരുന്ന മലേറിയ, ഡെങ്കിപ്പനി എന്നിവ ശരാശരി ചൂടുള്ളതും ഉയർന്ന ഈർപ്പം ഉള്ളതുമായ സാഹചര്യങ്ങളിൽ വ്യാപകമാകുന്നു. കൂടാതെ, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും ദൗർലഭ്യം, വിലവർധനവ് എന്നിവ സാമ്പത്തികമായി ദുർബലവിഭാഗങ്ങൾക്കിടയിൽ പോഷകാഹാരം കുറയ്ക്കുന്നതിന് ഇടയാക്കും.
വർധിച്ചുവരുന്ന താപനില, തണുപ്പിക്കലിനുള്ള ഊർജ്ജ ആവശ്യകത വർധിപ്പിക്കും, ഇത് താപവൈദ്യുതി ഉപയോഗിച്ച് നിറവേറ്റുകയാണെങ്കിൽ ഹരിത ഗൃഹവാതകങ്ങളുടെ ഉദ്‌ഗമനം വർധിപ്പിക്കുന്നതിലൂടെ ആഗോളതാപനത്തിന് അനുകൂലമായ പ്രതികരണമുണ്ടാകും. (positive feedback).

സമുദ്രതീരത്തോട് ചേർന്ന വൈദ്യുത നിലയങ്ങൾക്ക്​സമുദ്രനിരപ്പിലെ വർധനവ്, ചുഴലിക്കാറ്റ്​, കൊടുങ്കാറ്റ്​ എന്നിവമൂലം കേട്​ സംഭവിക്കാൻ സാധ്യതയുണ്ട്​.

കൂടാതെ, താപവൈദ്യുത നിലയങ്ങൾക്ക് വൈദ്യുതി ഉൽപാദന വേളയിൽ തണുപ്പിക്കൽ പ്രക്രിയയ്ക്കായി ഗണ്യമായ അളവിൽ വെള്ളം ആവശ്യമാണ്. ഉൾനാടുകളിൽ സ്ഥിതിചെയ്യുന്ന ഊർജ്ജ നിലയങ്ങൾ, ഡാം റിസർവോയറുകൾ, നദികൾ, കനാലുകൾ എന്നിവയിൽ നിന്ന് ശുദ്ധജലം എടുക്കുന്നു. ഊർജ്ജ നിലയങ്ങൾക്കായി വൻതോതിൽ വെള്ളം ശേഖരിക്കുന്നത് കാർഷിക മേഖലയ്ക്കും ഗാർഹിക ഉപഭോഗത്തിനുമുള്ള വെള്ളത്തിന്റെ കാര്യത്തിൽ ഗുരുതര ദൗർലഭ്യം സൃഷ്ടിക്കും, പ്രത്യേകിച്ചും ജല ദൗർലഭ്യം നിലനിൽക്കുന്ന പ്രദേശങ്ങളിൽ. മറുവശത്ത്, സമുദ്രതീരത്തോട് ചേർന്ന വൈദ്യുത നിലയങ്ങൾക്ക്​സമുദ്രനിരപ്പിലെ വർധനവ്, ചുഴലിക്കാറ്റ്​, കൊടുങ്കാറ്റ്​ എന്നിവമൂലം കേട്​സംഭവിക്കാൻ സാധ്യതയുമുണ്ട്​. ചുരുക്കത്തിൽ, കാലാവസ്ഥാ വ്യതിയാനം രാജ്യത്തിന്റെ ഊർജ്ജ നിലയങ്ങളുടെയും വൈദ്യുതി വിതരണത്തിന്റെയും വിശ്വാസ്യതയെ പ്രതികൂലമായി ബാധിക്കും.

ഇന്ത്യയിലെ ഏറ്റവും വലിയ നഗരങ്ങൾ സ്ഥിതിചെയ്യുന്ന നീണ്ട തീരപ്രദേശമാണ് ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഒന്ന്. ഇത് സമുദ്രനിരപ്പിൽ നിന്നുള്ള ഉയർച്ചയുടെ പ്രത്യാഘാതം ഏറെ വർധിപ്പിക്കുന്നു. വർധിച്ച മണ്ണൊലിപ്പ് മൂലം ഭൂമി നഷ്ടപ്പെടൽ, തീരദേശ പദ്ധതികൾ, കെട്ടിടങ്ങൾ, റോഡുകൾ, സ്മാരകങ്ങൾ, ഊർജ്ജ നിലയങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ നാശനഷ്ടം, ശുദ്ധജല സ്രോതസ്സുകളിൽ ഉപ്പുവെള്ളം കയറൽ, വെള്ളപ്പൊക്ക സാധ്യത എന്നിവ ഈ മേഖലകളിൽ ഉയർന്നതാണ്. ഉയർന്ന സമുദ്രനിരപ്പും താഴ്ന്ന തീരപ്രദേശങ്ങളും ചുഴലിക്കാറ്റ്- കൊടുങ്കാറ്റുമായി ബന്ധപ്പെട്ട വിനാശ സാധ്യത വർധിപ്പിക്കുന്നു. സമുദ്രനിരപ്പിന്റെ ഉയർച്ചയുടെ ആഘാതത്തോടൊപ്പം ജലനിരപ്പിൽ സംഭവിക്കുന്ന താഴ്ചയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിലിന്റെ പ്രത്യാഘാതം വർധിപ്പിക്കും.

2013 ജൂൺ 18ന് ഉത്തരാഖണ്ഡിലുണ്ടായ വെള്ളപ്പൊക്കത്തിൽ നിന്ന്. / Photo: flickr

ഇന്ത്യയിലെ നിരവധി പ്രദേശങ്ങൾ ആഗോള ജൈവവൈവിധ്യ ഹോട്ട്‌സ്‌പോട്ടുകളാണ്. പല ജീവിവർഗങ്ങളുടെയും പരിണാമപരമായ പൊരുത്തപ്പെടുത്തലിന്റെ സാമാന്യ ഗതിയേക്കാൾ വേഗത്തിൽ കാലാവസ്ഥ മാറുന്നതിനാൽ, അവ വൻതോതിൽ ഭീഷണികളെ അഭിമുഖീകരിച്ചേക്കാം. കാലാവസ്ഥയുമായി ബന്ധപ്പെട്ട അപകടങ്ങളുടെ പരമ്പര, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന അപകടസാധ്യത ഗണ്യമായി വർധിപ്പിക്കും. ഉദാഹരണത്തിന്, ഒരു പ്രദേശത്ത് അസാധാരണമായി ദൈർഘ്യമുള്ളതോ തീവ്രമായതോ ആയ വേനൽക്കാല താപതരംഗം (Summer Heat Wave) അനുഭവപ്പെടാം, തുടർന്ന് തീവ്രമായ മൺസൂൺ വെള്ളപ്പൊക്കം (Intense Monsoon Flood) ഉണ്ടാകാം, ഇത് വരണ്ട മഴയുടെ തോത് വർധിപ്പിച്ചേക്കാം. താഴ്ന്ന പ്രദേശങ്ങളിലുള്ള തീരപ്രദേശങ്ങൾ, പ്രത്യേകിച്ച് ഇന്ത്യയുടെ കിഴക്കൻ തീരത്ത്, സമുദ്രനിരപ്പ് ഉയരുന്നത് സ്വത്തുക്കൾക്ക് നാശമുണ്ടാക്കുകയും ഭൂഗർഭജല ലവണാംശം വർധിപ്പിക്കുകയും ചെയ്യും. ചുഴലിക്കാറ്റിന്റെ തീവ്രത വർധിക്കുന്നത് അതിനോടൊപ്പമുള്ള കൊടുങ്കാറ്റിൽ നിന്നുള്ള വെള്ളപ്പൊക്കം വർധിക്കുന്നതിനിടയാക്കും, ഇത് കാർഷിക ഭൂമികളെയും തടാകങ്ങളെയും ഉപ്പുവെള്ളമാക്കി മാറ്റുകയും വന്യജീവികളുടെ നിലനിൽപ്പ്​ ദുർബലപ്പെടുത്തുകയും ചെയ്യും. മനുഷ്യഇടപെടൽ മൂലമുള്ള കാലാവസ്ഥാ വ്യതിയാനം തടസ്സമില്ലാതെ തുടരുകയാണെങ്കിൽ അതി തീവ്ര കാലാവസ്ഥാ സംഭവങ്ങൾ ആവർത്തിക്കും.
1.5 ഡിഗ്രി സെൽഷ്യസിനും 2 ഡിഗ്രി സെൽഷ്യസിനും ഇടയിലുള്ള ആഘാതത്തിലെ വ്യത്യാസത്തെക്കുറിച്ചുള്ള സമീപകാല ഐ.പി.സി.സി പ്രത്യേക റിപ്പോർട്ട്, ഇന്ത്യ പോലുള്ള ഉഷ്ണമേഖലാ രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയിൽ കാലാവസ്ഥാ വ്യതിയാനം വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് പ്രവചിക്കുന്നു.

നയവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ

കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന ഭീഷണികളുടെ ബാഹുല്യം കണക്കിലെടുത്താൽ, ദീർഘകാല ആസൂത്രണത്തിന്റെ കേന്ദ്രവിഷയമായി ‘അപകടസാധ്യതകളുടെ വിലയിരുത്തൽ' (Vulnerability Assessment)മാറേണ്ടത് അനിവാര്യമായി വരുന്നു. പ്രാദേശിക സാഹചര്യങ്ങളായ ഭൂമിശാസ്ത്രം (ഉദാ. തീരദേശ, ഉൾനാടൻ അല്ലെങ്കിൽ പർവതങ്ങൾ), കാലാവസ്ഥ (ഉദാ. വരണ്ടതോ നനഞ്ഞതോ) എന്നിവ അനുസരിച്ച് കാലാവസ്ഥാ വ്യതിയാനങ്ങൾ രാജ്യത്തുടനീളം വ്യത്യാസപ്പെട്ടിരിക്കുന്നു. പ്രാദേശിക തലത്തിലുള്ള കാലാവസ്ഥാ വ്യതിയാന അപകട വിലയിരുത്തലുകൾ ഉൾപ്പെടുത്തുന്നത് കാലാവസ്ഥാ വ്യതിയാനത്തിനുള്ള അപകടസാധ്യത കുറയ്ക്കുന്നതിനുള്ള പ്രദേശ, മേഖല നടപടികൾ വികസിപ്പിക്കാൻ സഹായിക്കും.

നിരീക്ഷണ ശൃംഖലകൾ വിശാലമാക്കുക, നിരന്തര നിരീക്ഷണം, കാലാവസ്ഥയിലെ പ്രാദേശിക മാറ്റങ്ങളെക്കുറിച്ചും അവയുടെ പ്രത്യാഘാതങ്ങളെക്കുറിച്ചും ഗവേഷണം വിപുലീകരിക്കുക, പ്രവചനങ്ങളെ സഹായിക്കാൻ പ്രാപ്തിയുള്ള സംയോജിത, മൾട്ടിസ്‌കേൽ മോഡലുകളുടെ വികസനം, സാഹചര്യ സമന്വയം, വിവരങ്ങൾ നൽകൽ എന്നിവയ്ക്ക് കൂടുതൽ ഊന്നൽ നൽകി ഇന്ത്യയുടെ കാലാവസ്ഥാ വ്യതിയാനവും ലഘൂകരണ പ്രതികരണവും കൈവരിക്കാനാകും. അപകട സാധ്യത വിലയിരുത്തലിനും ദേശീയ, അന്തർദ്ദേശീയ സഹകരണ പങ്കാളിത്തം ഉൾപ്പെടെയുള്ള വിദ്യാഭ്യാസത്തിലും ഔട്ട്‌റീച്ച് പ്രോഗ്രാമുകളിലും തുടർച്ചയായ നിക്ഷേപം ആവശ്യമാണ്. ഉദാഹരണത്തിന്, ഇന്ത്യൻ തീരത്ത് ജി.പി.എസുള്ള തരംഗമാപിനികളുടെ (Tide Gauge) ശൃംഖല സ്ഥാപിക്കുന്നത് സമുദ്രനിരപ്പിലെ പ്രാദേശിക മാറ്റങ്ങൾ നിരീക്ഷിക്കാൻ സഹായിക്കും. കാലാവസ്ഥാ മോഡലുകൾ ഭാവിയിലെ മാറ്റങ്ങളെ സംബന്ധിച്ച കണക്കുകൂട്ടലുകൾക്ക് ഉപകരിക്കും. കൂടാതെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ആശയവിനിമയം മറ്റ് ജില്ലകളിലും തീരദേശ സമൂഹങ്ങളിലും നഗരങ്ങളിലും ആവശ്യമായ പൊരുത്തപ്പെടുത്തൽ (അഡാപ്‌റ്റേഷൻ) നടപടികളെക്കുറിച്ച് അറിയിക്കാൻ ഔട്ട്‌റീച്ച് പ്രോഗ്രാമുകൾ സഹായിക്കും.

കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിൽ സമത്വവും സാമൂഹ്യനീതിയും നിർണായകമാണ്. കാരണം ദരിദ്രർ, വികലാംഗർ, പുറംതൊഴിലാളികൾ, കർഷകർ തുടങ്ങിയ ഏറ്റവും ദുർബലരായവരാണ്​ കാലാവസ്ഥാ വ്യതിയാനത്തിന്റെ കനത്ത ആഘാതത്തിന് ഇരകളാകുക.

ആശയവിനിമയവും ഔട്ട്‌റീച്ച് പരിപാടികളും മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതിനും മഴവെള്ള സംഭരണം, കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവയിൽ ഉചിത തീരുമാനങ്ങൾ കൈക്കൊള്ളാനും ഗ്രാമതല കമ്യൂണിറ്റികളെ സഹായിക്കും. കൂടാതെ, സ്‌കൂളിലും യൂണിവേഴ്‌സിറ്റി തലത്തിലും നടപ്പാക്കുന്ന സമർപ്പിത വിദ്യാഭ്യാസ പരിപാടികൾ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും മനുഷ്യർക്കും പ്രകൃതി വ്യവസ്ഥകൾക്കുമേലും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുമുള്ള അവബോധം മെച്ചപ്പെടുത്തും. കാലാവസ്ഥാ പ്രവർത്തനത്തിൽ വ്യക്തിഗതവും കൂട്ടായതുമായ നിർണായക സംഭാവന നൽകാൻ അത്തരം പ്രോഗ്രാമുകൾ യുവമനസ്സുകളെ പ്രോത്സാഹിപ്പിക്കും.

താപ സമ്മർദ്ദവും പ്രാദേശിക വെള്ളപ്പൊക്കവും നഗരങ്ങളെ ഗണ്യമായ തോതിൽ സ്വാധീനിക്കുന്നതിനാൽ, ഇന്ത്യൻ നഗരങ്ങളുടെ പുനസ്ഥാപനം മെച്ചപ്പെടുത്തുന്നതിലേക്ക് നയിക്കുന്ന ഗവേഷണങ്ങളും തന്ത്രങ്ങളും ആവശ്യമാണ്. ഇൻഡോർ താപനില നിഷ്‌ക്രിയമായി കുറയ്ക്കുക, ജലസംരക്ഷണം, മഴവെള്ള സംഭരണം, ഭൂഗർഭജല നിയന്ത്രണം, ഭൂമിയുടെ തകർച്ച മാറ്റുക, ഭക്ഷണവും ജലവും പാഴാക്കുന്നത് കുറയ്ക്കുക, മാലിന്യങ്ങളുടെ വേർതിരിക്കലും പുനരുപയോഗവും, കുറഞ്ഞ ആഘാതമുള്ള നഗരവികസനം, നഗര ഹരിത ഇടങ്ങളുടെ വികസനം, നഗര കൃഷി, മലിനീകരണ നിയന്ത്രണം, ജലസേചന പ്രദേശങ്ങൾ വർദ്ധിപ്പിക്കുക, കാർഷിക ജല ഉപയോഗത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുക, വനസംരക്ഷണവും സജീവ വനവൽക്കരണവും, തീരദേശ കായലുകളുടെ നിർമ്മാണവും കണ്ടൽ പുനഃസ്ഥാപനവും, ദുരന്ത പ്രതികരണത്തിന്റെ പുരോഗതി, ഫോസിൽ ഇന്ധനങ്ങൾ ഘട്ടംഘട്ടമായി പുനരുപയോഗ ഊർജ്ജത്തിലേക്ക് മാറ്റുക, വൈദ്യുതീകരണം, നടത്തത്തിന്റെ വ്യാപനം, സൈക്ലിംഗ്, പൊതുഗതാഗത ഇൻഫ്രാസ്ട്രക്ചർ, കാർബൺ ടാക്‌സേഷൻ എന്നിവ ലോകത്തിന്റെ പല ഭാഗങ്ങളിലും വിജയകരമായി നടപ്പാക്കിയിട്ടുണ്ട്.

ഇന്ത്യൻ തീരത്തിന്റെ ഉപഗ്രഹ ചിത്രം

കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിൽ സമത്വവും സാമൂഹ്യനീതിയും നിർണായകമാണ്. കാരണം ദരിദ്രർ, വികലാംഗർ, പുറംതൊഴിലാളികൾ, കർഷകർ തുടങ്ങിയ ഏറ്റവും ദുർബലരായവരാണ്​ കാലാവസ്ഥാ വ്യതിയാനത്തിന്റെ കനത്ത ആഘാതത്തിന് ഇരകളാകുക.

കാലാവസ്ഥാ വ്യതിയാന പ്രവർത്തനത്തിന്റെ ഒന്നിലധികം നേട്ടങ്ങൾ

കാലാവസ്ഥാ വ്യതിയാനം സങ്കീർണമായ ബഹുമുഖ ആപത്തുകളിലേക്ക് ശ്രേണീബദ്ധമായി നയിക്കുന്നതുപോലെ, ഈ നയ നടപടികളിൽ പലതും ഒന്നിലധികം നേട്ടങ്ങൾ നൽകാനും സാധ്യതയുണ്ട്. ഉദാഹരണത്തിന്, പുനരുപയോഗ ഊർജ്ജത്തിലേക്കുള്ള തന്ത്രപരമായ മാറ്റം ഹരിത ഗൃഹ വാതകങ്ങളുടെ ഉദ്ഗമനം കുറയ്ക്കുകയും താപവൈദ്യുത നിലയങ്ങളെ തണുപ്പിക്കാൻ ആവശ്യമായ ജല ഉപഭോഗം കുറയ്ക്കുകയും ചെയ്യും. വായു മലിനീകരണവും കുറയ്ക്കും. വായു മലിനീകരണം കുറയുന്നത് മനുഷ്യനും പാരിസ്ഥിതിക ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും. സൗരോർജ്ജ ഉൽപാദനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കും. കൂടാതെ, മഴവെള്ള സംഭരണ നടപടികളോടൊപ്പം മൺസൂൺ മഴയുടെ വർധനവ് ഭൂഗർഭജലനിരപ്പ് വർധിപ്പിക്കുന്നതിന് സഹായിക്കും. ഭൂഗർഭജലനിരപ്പ് പുനഃസ്ഥാപിക്കുന്നത് ജല സുരക്ഷയും വരൾച്ചയോടുള്ള പ്രതിരോധവും മെച്ചപ്പെടുത്തുക മാത്രമല്ല, മണ്ണമരൽ (Land Subsidence) പ്രതിഭാസത്തിന് തടയിടുന്നതിന് സഹായിക്കുകയും ചെയ്യും. ഇത് സമുദ്രനിരപ്പ് ഉയരുന്നതിന്റെയും കൊടുങ്കാറ്റിന്റെയും ആഘാതം കുറയ്ക്കും.

അഭിലഷണീയമായ വനവൽക്കരണ ശ്രമങ്ങളും നിരവധി നേട്ടങ്ങൾ നൽകുന്നു. കാർബൺ പിടിച്ചടക്കലിലൂടെ (Carbon Sequestration) കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കാം. മരങ്ങൾ മിന്നൽ വെള്ളപ്പൊക്കം (Flash Flood), മണ്ണിടിച്ചിൽ (Landslide) എന്നിവയ്‌ക്കെതിരായ പ്രതിരോധം വർധിപ്പിക്കുകയും മണ്ണിലേക്ക് ഉപരിതല ജലം കിനിഞ്ഞിറങ്ങാൻ സഹായിക്കുകയും വരൾച്ചയ്ക്ക് തടയിടുകയും തീരദേശ ആവാസവ്യവസ്ഥ സംരക്ഷിക്കുകയും ചെയ്യും. കൊടുങ്കാറ്റ് ഉയരുന്നതും സമുദ്രനിരപ്പിലെ വർധനവും അന്തരീക്ഷ താപനില കുറയ്ക്കുന്നതിലൂടെ കടുത്ത ചൂട് മൂലമുള്ള അപകടസാധ്യത കുറയ്ക്കുന്നു, കൂടാതെ പ്രാദേശിക വന്യജീവികളെയും ജൈവവൈവിധ്യത്തെയും നിലനിർത്തുന്നു.

ചുരുക്കത്തിൽ, ഇന്ത്യയിലെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ബഹുമുഖ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിലൂടെ വനങ്ങളും നഗര ഹരിത ഇടങ്ങളും രാജ്യത്തിന് ഗണ്യമായ സാമ്പത്തിക നേട്ടം നൽകും. മാത്രമല്ല, ഇന്ത്യയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള ഏറ്റവും സുരക്ഷിതവും വിശ്വസനീയവുമായ മാർഗം കൂടിയാണിത്​.

ഉപസംഹാരം

കാലാവസ്ഥാ വ്യതിയാനങ്ങൾ സങ്കീർണമായ ഒരു വ്യവസ്ഥയുടെ ഭാഗമായി കണക്കാക്കേണ്ടതുണ്ട്. അറിവ് പ്രവർത്തനമാക്കി മാറ്റുന്നതിന് ഗവേഷണം, വിവിധ തലങ്ങളിലുള്ള പ്രവർത്തനം, ഗവേഷകരും നയ നിർമാതാക്കളും തമ്മിലുള്ള ഏകോപനം എന്നിവ ഇത് ആവശ്യപ്പെടുന്നു. അടിസ്ഥാന സൗകര്യം, പരിസ്ഥിതി, പൊതുജനാരോഗ്യം എന്നിവയിലെ മാറ്റങ്ങളുടെ ആഘാതം ഇന്ത്യയുടെ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ശ്രമങ്ങളെ തടസപ്പെടുത്തുകയും രാജ്യത്തിന്റെ സാമ്പത്തിക വളർച്ച തടസപ്പെടുത്തുകയും ചെയ്യും. ഈ വെല്ലുവിളി അഭിമുഖീകരിക്കുന്നതിന് കാലാവസ്ഥാ വ്യതിയാനത്തെയും അതിന്റെ പ്രത്യാഘാതങ്ങളെയും കുറിച്ച് കാലാകാലങ്ങളിൽ അപ്‌ഡേറ്റുചെയ്ത പ്രാദേശിക തലത്തിലുള്ള വിലയിരുത്തലുകൾ വികസിപ്പിക്കൽ, നിലവിലുള്ള നയങ്ങളുടെ ഫലപ്രാപ്തി വിലയിരുത്തൽ, ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള സുസ്ഥിര പ്രവർത്തനങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളൽ, ശാസ്ത്രീയ മുന്നേറ്റങ്ങൾക്ക് അനുസൃതമായി ചലനാത്മകമായ പ്രതികരണം എന്നിവ ആവശ്യമാണ്.▮

Notes:
1. വായുവിലോ, വാതകങ്ങളിലോ ഉള്ള ദ്രവ- ഖര രൂപത്തിലുള്ള കണങ്ങളെയാണ് എയ്‌റോസോളുകൾ എന്ന് വിശേഷിപ്പിക്കുന്നത്. എയ്‌റോസോളുകൾ സ്വാഭാവികങ്ങളോ മനുഷ്യനിർമിതങ്ങളോ ആകാം.
2. Representative Concentration Pathway 85 (R.C.P8.5): ആർ.സി.പി എന്നത് കാർബണിന്റെ സാന്ദ്രതയെയാണ് സൂചിപ്പിക്കുന്നത്. ഒരു ചതുരശ്രമീറ്ററിന് 8.5 വാട്ട് എന്ന നിലയിൽ ഇത് ഗ്രഹത്തിലുടനീളം താപനം പ്രദാനം ചെയ്യുന്നു. R.C.P85 എന്നത് ഒരു ഉയർന്ന സാഹചര്യമായിട്ടാണ് പരിഗണിക്കപ്പെടുന്നത്.
3. Ocean Heat Content: സമുദ്രശാസ്ത്രത്തിലും കാലാവസ്ഥാ ശാസ്ത്രത്തിലും ഉപയോഗിക്കുന്ന ഒരു പദം. സമുദ്രജലം ഉൾക്കൊള്ളുന്ന ഊർജ്ജത്തെയാണ് ഇതിലൂടെ വിവക്ഷിക്കുന്നത്. സമുദ്രതാപത്തിൽ വരുന്ന വ്യതിയാനങ്ങൾ സമുദ്ര നിരപ്പിലെ വർധനവിന് കാരണമാകുന്നു.
4. CMIP5 (Climate Model Inter comparison Project): സമീപകാലത്തെ അനുകരിക്കുന്നതിൽ മാതൃകകൾ എത്രമാത്രം യാഥാർത്ഥ്യം നിറഞ്ഞവയാണ് എന്ന് വിലയിരുത്തുന്നതിനായി തയ്യാറാക്കപ്പെട്ട ഒരു സാമാന്യ മാതൃകാ സിമുലേഷൻ ആണിത്. ഭാവിയിലെ കാലാവസ്ഥാ മാറ്റങ്ങളെ അടയാളപ്പെടുത്തുന്ന രണ്ട് വ്യത്യസ്ത ടൈം സ്‌കെയിലുകളിൽ (ദീർഘ- ഹ്രസ്വ) ആണിവ തയ്യാറാക്കുന്നത്.
5. Steric Sea Level: സാന്ദ്രതയിലെ മാറ്റങ്ങൾ മൂലം (ജലപിണ്ഡത്തിന്റെ വികാസം മൂലമോ സങ്കോചം മൂലമോ) സമുദ്ര ജലത്തിന്റെ അളവിൽ സംഭവിക്കുന്ന വ്യതിയാനമാണ് സ്റ്റെറിക് സമുദ്ര നിരപ്പ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. സമുദ്ര ലവണത്തിലൂടെ സംഭവിക്കുന്നതിനെ ഹാലോസ്റ്റെറിക് എന്നും സമുദ്രോഷ്മാവ് കാരണം സംഭവിക്കുന്നതിനെ തെർമോസ്റ്റെറിക് എന്നും വിശേഷിപ്പിക്കുന്നു.
6. Tipping Points എന്നത് ഒരു സിസ്റ്റത്തിലെ നിർണായക പരിധികളെയാണ് സൂചിപ്പിക്കുന്നത്. അത് കവിയുമ്പോൾ, സിസ്റ്റത്തിന്റെ അവസ്ഥയിൽ പെട്ടെന്നുള്ള മാറ്റത്തിന് ഇടയാക്കും, പലപ്പോഴും മാറ്റം തിരിച്ചുപിടിക്കാനാവില്ലെന്ന ധാരണയോടെ.
7. Heat Island എന്നത് പ്രകൃതിയിലെ സസ്യാവരണം, ജലസ്രോതസ്സുകൾ എന്നിവയുടെ അഭാവം മൂലം സൃഷ്ടിക്കപ്പെടുന്ന ഉയർന്ന താപവ്യതിയാനം നിലനിൽക്കുന്ന നഗരപ്രദേശങ്ങളിൽ സംഭവിക്കുന്ന പ്രതിഭാസമാണ്. റോഡുകൾ, കോൺക്രീറ്റ് കെട്ടിടങ്ങൾ എന്നിവ ചൂട് ആഗിരണം ചെയ്യുകയും പുറന്തള്ളുകയും ചെയ്യുമ്പോൾ ഈ വ്യതിയാനം പ്രകടമാകുന്നു.


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments