‘ടൗട്ടേ' ആഞ്ഞുവീശിയേക്കാം; കേരള തീരത്തും കടലാക്രമണ സാധ്യത

ചു​ഴലിക്കാറ്റിന്റെ കേന്ദ്രഭാഗം കേരള തീരത്തുനിന്ന് 400- 500 കിലോമീറ്റർ അകലെയാണെങ്കിലും കേരള തീരവും കാറ്റിന്റെ പ്രഭാവത്തിൽ വരും. അതിന്റെ ഭാഗമായി കേരള തീരത്ത് കാറ്റിന്റെ വേഗം പലപ്പോഴും മണിക്കൂറിൽ 60 കിലോമീറ്ററിനുമുകളിലാകാൻ സാധ്യതയുണ്ട്. അതോടൊപ്പം, വലിയ തോതിൽ കടലാക്രമണമുണ്ടാകാനും സാധ്യതയുണ്ട്.

കാലവർഷം കേരളത്തിൽ എത്തുന്നതിനൊപ്പം അറബിക്കടലിൽ ന്യൂനമർദം പതിവാകുകയും അത് അതിതീവ്ര ന്യൂനമർദമോ ചുഴലിക്കാറ്റോ ആയി പരിണമിക്കുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷം കുറെ കാലമായി നിലനിൽക്കുന്നുണ്ട്. കഴിഞ്ഞവർഷം, ഉഷ്ണമേഖലാ ചുഴലിക്കാറ്റായ ‘നിസർഗ' ഉണ്ടായതുപോലെ തന്നെ മൺസൂൺ കാറ്റിന്റെ വരവറിയിച്ച് അറബിക്കലിൽ പുതിയൊരു ന്യൂനമർദം രൂപപ്പെട്ടിരിക്കുകയാണ്. ഇത് ശനിയാഴ്ചയോടെ ചുഴലിക്കാറ്റായി പരിണമിക്കാനുള്ള സാധ്യതയാണുള്ളത്. മ്യാൻമറാണ് ഈ ചുഴലിക്കാറ്റിന് പേര് നൽകിയിരിക്കുന്നത്- ടൗട്ടേ.

ഇപ്പോൾ അതിതീവ്ര ന്യൂനമർദ്ദമായി കവരത്തി ദ്വീപിനുസമീപമാണുള്ളത്. അത് മിക്ക അന്താരാഷ്ട്ര ഏജൻസികളും കേന്ദ്ര കാലാവസ്ഥ വകുപ്പും നൽകുന്ന സൂചനയനുസരിച്ച് നമ്മുടെ പശ്ചിമതീരത്തിന് സമാന്തരമായി വടക്കോട്ട് സഞ്ചരിക്കാനാണ് സാധ്യത. ഈ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കുന്നില്ലെങ്കിലും, അതിന്റെ പ്രഭാവം അനുഭവപ്പെടുന്നത് 400- 500 കിലോമീറ്റർ ചുറ്റളവിലായിരിക്കും.

തീരപ്രദേശത്തു അടുത്ത മൂന്നു ദിവസം അനുഭവപ്പെടാൻ സാധ്യതയുള്ള കാറ്റിന്റെ വേഗത

കാറ്റിന്റെ കേന്ദ്രഭാഗം നമ്മുടെ തീരത്തുനിന്ന് 400- 500 കിലോമീറ്റർ അകലെയാണെങ്കിലും കേരള തീരവും ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ വരുന്ന സ്ഥിതിയാണ്. അതിന്റെ ഭാഗമായി നമ്മുടെ തീരത്ത് കാറ്റിന്റെ വേഗം പലപ്പോഴും മണിക്കൂറിൽ 60 കിലോമീറ്ററിനുമുകളിലാകാൻ സാധ്യതയുണ്ട്. അതോടൊപ്പം, വലിയ തോതിൽ കടലാക്രമണമുണ്ടാകാൻ സാധ്യതയുണ്ട്. തിരമാലകളുടെ ഉയരം ഒന്നുമുതൽ രണ്ടുവരെ മീറ്ററാകാനും സാധ്യതയുണ്ട്.


Comments