F.R.I.E.N.D.S: THE ONE WHERE ''WHOLE WORLD IS WATCHING''

ലോക്ക്ഡൗൺ കാലത്ത് മിക്കവരെയും മുന്നോട്ട് കൊണ്ട് പോയത് സീരിസുകളാണ്. അതിൽ തന്നെയും ത്രില്ലറുകൾക്ക് വലിയ ഒരു കൂട്ടം ആരാധകർ തന്നെയുണ്ട്. എന്നാൽ ത്രില്ലറുകളെ പോലെ തന്നെ മിക്കവരും ആശ്രയിച്ചിരുന്ന ഒന്നാണ് സിറ്റ് കോം ടിവി ഷോകൾ. ചുറ്റും മരണവും ഭീതിയും നിറഞ്ഞ ഒരു കാലത്ത് അവ നൽകുന്ന ആശ്വാസം ചെറുതല്ല.

1994ൽ അമേരിക്കൻ ടെലിവിഷൻ നെറ്റ് വർക്കായ NBCയിലൂടെ എത്തിയ F.R.I.E.N.D.S: എന്ന ടി.വി ഷോയിലെ റേച്ചൽ, റോസ്, മോണിക്ക, ചാൻഡ്‌ലർ, ജോയി, ഫീബി എന്നീ സുഹൃത്തുകൾ ഫ്രണ്ട്‌സ്: ദി റീയൂണിയൻ എന്ന പേരിൽ 25 വർഷങ്ങൾക്കിപ്പുറം ഒത്തുചേരുമ്പോൾ അത് ലോകമെമ്പാടും തരംഗം സൃഷ്ടിക്കണമെങ്കിൽ തീർച്ചയായും അതൊരു ടിവി ഷോ മാത്രം ആയിരുന്നില്ല. ആ ആറ് പേരും ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ സുഹൃത്തുക്കൾ കൂടിയായിരുന്നു.

ആറ് സുഹൃത്തുക്കളുടെ മാത്രം കഥ, 236 എപ്പിസോഡുകളും, 121 മണിക്കൂറുകളും പിന്നീട്ടത് എങ്ങനെയാണ് എന്ന് അത്ഭുതം തോന്നാം. ഒരു നിമിഷം പോലും വിരസതയില്ലാതെ അത് കണ്ടു തീർക്കണമെങ്കിൽ ഡേവിഡ് ക്രയിൻ മാർത്ത, കഫ്മാൻ എന്നീ സംവിധായകരുടെയും ഡേവിഡ് ഷ്വിമ്മർ, കോർട്ടേനി കോർടെക്‌സ്, ജെന്നിഫർ അനിസ്റ്റൺ, ലിസ കർഡ്രൂ, മാത്യു പെരി, മാറ്റ് ലെ ബ്ലാങ്ക് എന്നീ അഭിനേതാക്കളുടെയും മികവ് കൊണ്ട് മാത്രമാണ്.

25 വർഷങ്ങൾക്കിപ്പുറം അവരെ ഒന്നിച്ച് ചേർത്തുവെച്ചു കൊണ്ട് ബെൻ വിൻസ്റ്റൻ സംവിധാനം ചെയ്ത പുതിയ എപ്പിസോടും അതിൽ നിന്നും വ്യത്യസ്തമല്ല. കണ്ണുകൾ നിറയാതെ ഒരു ഫ്രണ്ട്‌സ് ഫാനും അത് കണ്ട് തീർത്തിരിക്കാൻ വഴിയില്ല.

"What you have offered millions of people, is a great sense of comfort' എന്ന് എപ്പിസോഡിൽ ജയിംസ് കോർഡൻ എന്ന അവതാരകൻ പറയുന്നുണ്ട്. കൊറോണ കവർന്നെടുത്ത കഴിഞ്ഞ രണ്ട് വർഷ കാലത്തിനിടയിൽ ആ കംഫേർട്ട് തിരിച്ച് തന്നത് ഈ 103 മിനുട്ടുകളാണ്.

ഷോയിൽ തന്നെ പല രാജ്യങ്ങളിൽ നിന്നുമുള്ളവർ തങ്ങളുടെ കാഴ്ചാനുഭവം പങ്ക് വെക്കുന്നുണ്ട്. പല തരം വേദനകളിൽ അകപ്പെട്ടുപോയപ്പോഴും എങ്ങനെയാണ് ഈ സീരീസ് അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത് എന്ന് അവർ പറയുമ്പോൾ അതിനേക്കാൾ മികച്ച ഒരു അംഗീകാരം ഫ്രണ്ട്‌സിന് കിട്ടാനില്ല.

ഓരോ എപ്പിസോഡിന് മുൻപും കേൾക്കാറുള്ള ടൈറ്റിൽ സോങ്ങ്, വാട്ടർ ഫൗണ്ടേയിനിന് മുന്നിൽ ഇട്ടിരിക്കുന്ന ഓറഞ്ച് നിറമുള്ള സോഫ, അവിടെ ഇരുന്ന് ജെയിംസ് കോർഡനൊപ്പം അവർ ഓർമ്മകൾ പങ്ക് വെച്ചപ്പോൾ ഇന്ത്യയിൽ മാത്രം zee5 എന്ന പ്ലാറ്റ്‌ഫോമിലൂടെ ഒരു മില്യണിൽ അപ്പുറം കാഴ്ചക്കാരാണ് ഒരു ദിവസം കൊണ്ട് അത് കണ്ടത്.

വർഷങ്ങൾക്കിപ്പുറവും ആ സോഫയിൽ ഇരുന്ന് സംസാരിക്കുമ്പോൾ അവർ ആ കഥാപാത്രങ്ങൾ മാത്രമാണ്. പ്രേക്ഷകന്റെ വളരെ അടുപ്പമുള്ള സുഹൃത്തുക്കളാണ്. അവർ താമസിച്ചിരുന്ന അപ്പാർട്ട്‌മെന്റിൽ നിറ കണ്ണുകളോടെ വീണ്ടും കാലെടുത്ത് വെച്ചത് പ്രേക്ഷകർ കൂടിയാണ്. രക്ഷിതാക്കളിൽ നിന്നും, പല തരം ട്രോമകളിൽ നിന്നും ഓടിയെത്തിയ അവർ നഗരത്തിൽ ഒരു അപാർട്ട്‌മെന്റിൽ വർഷങ്ങളോളം ഒരുമിച്ച് വേദനകളും സന്തോഷവും പങ്കിട്ടപ്പോൾ പ്രേക്ഷകനും അവരിൽ ഒരാളായി അവർക്കൊപ്പം ജീവിച്ചിരുന്നു. എഴുതപ്പെട്ട കുടുംബ വ്യവസ്ഥിതികളെയും ബന്ധങ്ങളെയും പൊളിച്ച് എഴുതി കൊണ്ട് "it's all about the time where your friends are your family' എന്ന് മാർത്ത കഫ്മാൻ പറഞ്ഞു വെക്കുമ്പോൾ പല മനുഷ്യർക്കും അത് ഒരു ആശ്വാസം കൂടിയായിരുന്നു.

സെൻട്രൽ പെർക്ക് എന്ന കോഫീ ഹൗസ്, അപ്പാർട്‌മെന്റിലെ പർപ്പിൽ നിറമുള്ള കതക്, വലിയ കോഫീ മഗ്ഗുകൾ, കസേരകൾ അങ്ങനെ ഓരോന്നും ഈ സീരീസിലെ കഥാപാത്രങ്ങൾ ആണ്. വർഷങ്ങൾ എത്ര കഴിഞ്ഞാലും "I'll be there for you' എന്ന ടൈറ്റിൽ സോങ്ങ് ഒന്നു കൊണ്ട് പോലും ഇവയെല്ലാം ഓർമ്മകളായി ഉള്ളിലേക്ക് കടന്ന് വരും.

ലോകം മുഴുവൻ ഫ്രണ്ട്‌സ് ദി റീയൂണിയൻ കാണുകയാണ്. എല്ലാ ദിവസവും എല്ലാ സീസണുകളും വീണ്ടും വീണ്ടും കാണപ്പെടുകയാണ്. ചുറ്റുമുള്ള വേദനകളും ഭീതികളും കൊണ്ട് മനസ്സ് മരവിച്ചു പോയ ഒരു കാലത്ത് മുന്നോട്ട് പോകുവാൻ അനേകം പേർക്ക് ഊർജ്ജമായി മാറാനുള്ള മാന്ത്രികത ഫ്രണ്ട്‌സിനുണ്ട്. അടുത്തിരിക്കാനോ ഒരുമിച്ച് ഭക്ഷണം കഴിക്കാനോ ഒന്നു തൊടാനൊ പോലും ആവാതെ ജീവിക്കുന്ന ഒരു കാലത്ത് ഒരുമിച്ച് ജീവിതം പങ്ക് വെക്കുന്ന 6 പേരുടെ കഥകൾ അല്ലാതെ മറ്റ് എന്താണ് നമുക്ക് ഊർജ്ജം തരുക? അവർ വീണ്ടും കണ്ട് മുട്ടുമ്പോൾ, സന്തോഷം കൊണ്ട് കെട്ടിപ്പിടിക്കുമ്പോൾ അത് അനുഭവിച്ചറിഞ്ഞത് നാം കൂടിയാണ്.

നമ്മുടെ അനുഭവങ്ങളും ആഗ്രഹങ്ങളും സ്‌ക്രീനിൽ സാക്ഷാത്കരിക്കുമ്പോഴാണ് ഒരു കലാസൃഷ്ടി കൂടുതൽ മനോഹരമാകുക. എങ്കിൽ മാത്രമേ ആ കാഴ്ചാനുഭവം പൂർണ്ണമാകൂ!


Comments