1965-ലെ ഒരു വേനൽക്കാലത്ത് അപ്രശസ്തനായ ഒരെഴുത്തുകാരൻ ഭാര്യയോടും രണ്ടു കുട്ടികളോടുമൊത്ത് തന്റെ കാറിൽ മെക്സിക്കോ നഗരത്തിൽ നിന്ന് അകാപുൽകോ നഗരത്തിലേക്ക് അവധിക്കാലം ചെലവഴിക്കാനായി ഉല്ലാസയാത്ര പോവുകയായിരുന്നു. വഴിയിൽവെച്ച് കാറിൻ്റെ മുന്നിലായി ഒരു പശു റോഡിനു കുറുകെ നടന്നുപോയതിനാൽ അയാൾക്ക് പെട്ടന്ന് കാർ നിർത്തേണ്ടി വന്നു. പിന്നീട് സംഭവിച്ചത് ഒരു ന്യൂട്ടോണിയൻ നിമിഷമായിരുന്നു (Newtonian moment). ആ നിമിഷത്തിൽ അയാളുടെ ഭാവനയിൽ എന്തോ അത്ഭുതങ്ങൾ സംഭവിച്ചു. അവിടെ, ആ നടുറോഡിൽ അപ്പോൾ അയാളുടെ തലയിലേക്ക് അയാൾ എഴുതാൻ ആഗ്രഹിച്ച നോവലിൻ്റെ ആദ്യവാചകം കടന്നുവന്നു.
ലോകസാഹിത്യത്തിൽ മഹാസംഭവമായി മാറിയ ഒരു നോവലിൻ്റെ ആദ്യവാചകമായിരുന്നു അത്. " Many years later, as he faced the firing squad, Colonel Aureliano Buendia was to remember that distant afternoon when his father took him to discover ice." ഇതു മനസ്സിൽ വന്നയുടനെ ഒരു നിമിഷം പോലും കളയാതെ അയാൾ കാറ് തിരിച്ച് മെക്സിക്കോ സിറ്റിയിലെ തൻ്റെ വീട്ടിലേക്കു മടങ്ങി. ഉണ്ടായിരുന്ന ജോലി അന്നുതന്നെ രാജിവെച്ച് തൻ്റെ വീട്ടിലെ ചെറിയ മുറിയിൽ കയറി കതകടച്ചിരുന്ന് അയാൾ നോവലെഴുത്ത് തുടങ്ങി.
കടങ്ങൾ റോക്കറ്റുപോലെ ഉയർന്നുകൊണ്ടിരുന്നു. വീട്ടുവാടക പോലും കൊടുത്തില്ല. സുഹൃത്തുക്കളുടെ കാരുണ്യംകൊണ്ട് എങ്ങനെയോ ജീവിച്ചുപോന്നു… കാർ വിറ്റു. ഭാര്യയുടെ ആഭരണങ്ങൾ എല്ലാം വിറ്റു. ഒടുക്കം തൻ്റെ ടൈപ്പ് റെറ്ററും വിൽക്കേണ്ടി വന്നു! എന്നാൽ, ഈ പ്രയാസങ്ങൾക്കൊന്നും അയാളുടെ എഴുത്തിനെ ഒരു വിധത്തിലും തടസ്സപ്പെടുത്താനായില്ല. പതിനെട്ടു മാസങ്ങൾക്കു ശേഷം തന്റെ സ്റ്റുഡിയോ മുറിയിൽ നിന്ന് പുറത്തുവരുമ്പോൾ അയാളുടെ കയ്യിൽ നോവലിൻ്റെ കയ്യെഴുത്തുപ്രതിയുണ്ടായിരുന്നു. അത് ഒരു പ്രസാധകന് അയച്ചു കൊടുക്കാനായി പോസ്റ്റോഫീസിൽ ചെന്നപ്പോഴാണ് കയ്യെഴുത്തുപ്രതി മുഴുവനായും അയക്കാനുള്ള പണം തൻ്റെ കയ്യിലില്ലെന്ന് അയാൾ മനസ്സിലാക്കുന്നത്. ഒടുക്കം അതിനെ രണ്ടായി പകുത്ത് ഒരു ഭാഗം മാത്രം പ്രസാധകന് പോസ്റ്റുവഴി അയക്കുന്നു. മറ്റേ പാതിയുമായി വീട്ടിലേക്ക് മടങ്ങുന്നു. അപ്പോഴാണ് മനസ്സിലായത് ധൃതിയിൽ പോസ്റ്റു ചെയ്തത് നോവലിൻ്റെ അവസാന ഭാഗമാണെന്ന്. ആദ്യഭാഗം കയ്യിൽ തന്നെയുണ്ടായിരുന്നു. എന്നാൽ കിട്ടിയ ഭാഗം വായിച്ച് പ്രസാധകൻ വിസ്മയിച്ചു. അതൊരു വൻവിജയമാവുമെന്ന് മനസ്സിലാക്കിയ പ്രസാധകൻ അപ്പോൾ തന്നെ എഴുത്തുകാരൻ്റെ മുന്നിലേക്ക് സമ്മതപത്രം വെച്ചുനീട്ടി . ആ എഴുത്തുകാരൻ്റെ പേരാണ് ഗബ്രിയേൽ ഗാർസിയ മാർക്വേസ്. ആ നോവലിൻ്റെ പേര് ‘One Hundred Years of Solitude’ എന്നും.
അന്നു തുടങ്ങിയ അസാധാരണയാത്ര ആ നോവൽ ഇപ്പോഴും അവസാനിപ്പിച്ചിട്ടില്ല. ലോകസാഹിത്യത്തിലെ ഒരു മഹാസംഭവമായി അത് മാറുകയായിരുന്നു. അമ്പതിലേറെ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുകയും അഞ്ചു കോടിയിലധികം കോപ്പികൾ വിറ്റു പോവുകയും ചെയ്ത നോവലാണ് One Hundred Years of Solitude. ആ നോവൽ വായിച്ചവർ ഒത്തുകൂടുകയും അവരെ ഒരു രാജ്യമായി കണക്കാക്കുകയും ചെയ്താൽ അത് യൂറോപ്പിലെ പല രാജ്യങ്ങളേക്കാളും ജനസംഖ്യയുള്ളതായിരിക്കും എന്നുവരെ വിശേഷിപ്പിക്കപ്പെട്ടു.
ഈ നോവൽ എങ്ങനെ എഴുതപ്പെട്ടു എന്നും അതെങ്ങനെ ഒരു ലോകക്ലാസിക്കായി വളർന്നു എന്നും വിശദീകരിക്കുന്ന ഒരു പുസ്തകവും ഞാൻ വായിച്ചിട്ടുണ്ട്. Alvaro Santana - Acuna എഴുതിയ Ascent to Glory. അമേരിക്കയിലെ വിറ്റ്മാൻ കോളേജിലെ സോഷ്യോളജി വിഭാഗം പ്രൊഫസറാണ് ഗ്രന്ഥകാരനായ Alvaro Santana - Acuna. ലോകത്തിലെ മറ്റൊരു സാഹിത്യകൃതിയ്ക്കും ഇത്തരമൊരു പഠനം ഉണ്ടായിട്ടില്ല. ഈ പുസ്തകം പോലും പ്രസാധന ലോകത്തെ അപൂർവ്വതയാണ്. ഇങ്ങനെയൊരു പുസ്തകത്തിൻ്റെ സാദ്ധ്യതയെപ്പറ്റിപ്പോലും ലോകം ചിന്തിച്ചിരിക്കാനിടയില്ല. ഈ ബഹുമതി അർഹിക്കുന്ന ഏക ഏഴുത്തുകാരനും മാർക്വേസ് മാത്രമായിരിക്കും.
മാർക്വേസ് പുസ്തകത്തെക്കുറിച്ച് പറഞ്ഞത്…
ഏകാന്തതയുടെ നൂറു വർഷങ്ങളുടെ സൃഷ്ടിയെക്കുറിച്ച് പീറ്റർ എച്ച്. സ്റ്റോണുമായി ഗബ്രിയേൽ ഗാർസിയ മാർക്വേസ് സംസാരിക്കുന്നത് നോക്കുക:
മാർക്വേസ്: In Evil Hour-ന് ശേഷം അഞ്ച് വർഷത്തേക്ക് ഞാൻ ഒന്നും എഴുതിയില്ല. എന്തു ചെയ്യാനാണ് ഞാൻ ഏറ്റവുമധികം ആ ഗ്രഹിക്കുന്നത് എന്നതിനെക്കുറിച്ച് എനിക്ക് കൃത്യമായ ഒരു ധാരണയുണ്ടായിരുന്നു, പക്ഷേ അതിനായുള്ള എന്തോ ഒന്ന് നഷ്ടമായിരുന്നു, - ഒരു ദിവസം ഞാൻ (എഴുത്തിന്റെ) ശരിയായ ആ ടോൺ കണ്ടെത്തുന്നത് വരെ - ഏകാന്തതയുടെ നൂറു വർഷങ്ങളിൽ ഞാൻ ഉപയോഗിച്ച ആ ടോൺ - അതെന്താണെന്ന് എനിക്കുറപ്പില്ലായിരുന്നു. എൻ്റെ മുത്തശ്ശി കഥകൾ പറയുന്ന രീതിയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു അത്. അമാനുഷികവും അതിവിചിത്രവുമായി തോന്നുന്ന കാര്യങ്ങളാണ് അവർ പറഞ്ഞിരുന്നത്, എന്നാൽ ഏറ്റവും സ്വാഭാവികതയോടെയായിരുന്നു അവരുടെ പറച്ചിലുകൾ. അവസാനം, ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന ടോൺ കണ്ടെത്തിയപ്പോൾ, ഞാൻ അതിനായി പതിനെട്ടു മാസങ്ങൾ എല്ലാ ദിവസവുമിരുന്ന് ജോലി ചെയ്തു.
പീറ്റർ: അവരെങ്ങനെയാണ് "അതിവിചിത്രമായത്" ഏറ്റവും സ്വാഭാവികമായി അവതരിപ്പിച്ചത്?
മാർക്വേസ്: ഏറ്റവും പ്രധാനം അവരുടെ മുഖത്തു പ്രകടമായിരുന്ന ഭാവമായിരുന്നു. കഥകൾ പറയുമ്പോൾ അവർക്ക് ഭാവമാറ്റം വരുമായിരുന്നില്ല, എല്ലാവർക്കും അതിശയമായിരുന്നു അത്. ഏകാന്തതയുടെ നൂറുവർഷങ്ങൾ എഴുതാനുള്ള ആദ്യശ്രമങ്ങളിൽ, പറയാൻ പോകുന്ന കഥയിൽ വിശ്വസിക്കാതെയാണ് ഞാൻ കഥ പറയാൻ ശ്രമിച്ചത്. അവയിൽ സ്വയം വിശ്വസിക്കുകയും എൻ്റെ മുത്തശ്ശി ആളുകളോട് (കഥ) പറയാറുള്ള അതേ ഭാവത്തിൽ അവ എഴുതുകയുമാണ് ചെയ്യേണ്ടതെന്നാണ് ഞാൻ കണ്ടെത്തിയത്: ഒരു കനത്ത മുഖഭാവത്തോടെ.
വെബ് സീരീസായി വരുമ്പോൾ
‘ഏകാന്തതയുടെ നൂറു വർഷങ്ങൾ’ എന്ന ആ നോവൽ ഒരു വെബ് സീരീസായി നെറ്റ് ഫ്ലിക്സിലൂടെ പുറത്തുവന്നിരിക്കുകയാണ്. അതിൻ്റെ കാഴ്ചാനുഭവത്തെ ഉൾക്കൊള്ളാൻ ലോകം ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു. എന്തുകൊണ്ടാണ് ഈ നോവൽ ഇത്രയേറെപ്പേർക്ക് പ്രിയപ്പെട്ടതാവുന്നത്? അതിന് കൃത്യമായ ഉത്തരം പറയാൻ ഞാനാളല്ല. മാർകേസിനും അദ്ദേഹത്തിൻ്റെ രചനകൾക്കും ലഭിച്ച ഇപ്പോഴും തുടരുന്ന സ്വീകാര്യത സാഹിത്യമണ്ഡലത്തിലെ വിസ്മയം തന്നെയാണ്. നമുക്കെന്നല്ല, അദ്ദേഹത്തെ അടുത്തറിഞ്ഞവർക്കു പോലും അത് വിശദീകരിക്കാൻ കഴിയുന്നില്ല.
“1967-ലാണ് ആ ഭൂകമ്പമുണ്ടായത്. അതെ, അതൊരു ഭൂകമ്പം പോലെയായിരുന്നു. ഭൂകമ്പങ്ങൾ ഉണ്ടാകുമെന്ന് നമുക്ക് ഉറപ്പുണ്ടെങ്കിലും അതെപ്പോഴാണെന്ന് നമുക്ക് പ്രവചിക്കാനാവില്ല.” One Hundred Years of Solitude പ്രസിദ്ധീകരിച്ചതിനെപ്പറ്റി അതിന്റെ പരിഭാഷ നിർവ്വഹിച്ച ഗ്രിഗറി റെബാസ്സ പറഞ്ഞ വാക്കുകളാണിത്. 1967-ലെ അക്ഷരഭൂകമ്പം ഇന്നിപ്പോൾ കാഴ്ചയുടെ ഭൂകമ്പമായാണ് ലോകത്തിൻ്റെ മുന്നിലേക്കെത്തുന്നത്.
“അയാൾ ജോലിയുപേക്ഷിച്ചു. പണം കടം വാങ്ങി. പലതും വിറ്റു. എന്നിട്ട് പതിനെട്ടു മാസത്തോളം വീട്ടിലെ ഒരു മുറിയ്ക്കകത്ത് വാതിലടച്ചിരുന്നു. അയാളുടെ ഭാര്യയും മക്കളും സുഹൃത്തുക്കളും കൂടി അദ്ദേഹത്തിന് ചുറ്റും ഒഴിഞ്ഞൊരിടം സൃഷ്ടിച്ചു. കാരണം അദ്ദേഹം എഴുത്തിന്റെ ഭ്രാന്തിലായിരുന്നു. സമയവും സമാധാനവും സ്നേഹവും ഗാബോയ്ക്കുണ്ടാവണമെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. അങ്ങനെ അയാൾ നോവലെഴുതി. അപ്പപ്പോൾ അയാളതെനിക്ക് വായിക്കാൻ തന്നു. തുടങ്ങിയതു മുതൽ അവസാനം വരെ ഞാൻ വായിച്ചുകൊണ്ടിരുന്നു. ആഴ്ചകൾ തോറും ഓരോ അദ്ധ്യായം എനിക്ക് കിട്ടും. എനിക്കതിൽ ഒന്നും തിരുത്താനുണ്ടായിരുന്നില്ല. വാക്കുകൾ പോലും മാറ്റാനുണ്ടായിരുന്നില്ല. എനിക്ക് നിർദ്ദേശിക്കാൻ തോന്നിയേക്കാവുന്നതെല്ലാം അയാൾ നോവലിൽ ഉൾപ്പെടുത്തിയതുപോലെ തോന്നി". മാർക്വേസിന്റെ സുഹൃത്തും മെക്സിക്കൻ എഡിറ്ററുമായിരുന്ന ഇമ്മാന്വൽ കാർബെല്ലോ ‘വൺ ഹൺഡ്രഡ് ഇയേഴ്സ് ഓഫ് സോളിറ്റ്യൂഡ്’ എഴുതിയ കാലത്തെ ഇങ്ങനെയാണ് ഓർത്തെടുത്തത്. ആ കൃതിയുടെ രചന എത്രമാത്രം ശ്രദ്ധയോടെയാണ് നിർവ്വഹിച്ചത് എന്ന് ഇത് കാണിച്ചുതരുന്നു. അത് സ്പാനിഷിൽ പ്രസിദ്ധീകരിച്ചപ്പോൾ ലഭിച്ച സ്വീകാര്യത അസാധാരണമായിരുന്നു. മാർകേസിനു പോലും തൻ്റെ പ്രശസ്തിയിൽ അസ്വസ്ഥത തോന്നി.
"വൺ ഹൺഡ്രഡ് ഇയേഴ്സ് ഓഫ് സോളിറ്റ്യൂഡ് മാർക്വേസിനെ പ്രശസ്തനാക്കി. തുടർന്ന് പുതിയതൊന്നും എഴുതാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. തന്റെ രീതിയൊന്ന് മാറ്റണമെന്ന് അയാൾ വല്ലാതെ ആഗ്രഹിച്ചു. സോളിറ്റ്യൂഡ് പോലെ മറ്റൊരെണ്ണം ഉണ്ടാവരുതെന്ന് അദ്ദേഹത്തിന് നിർബന്ധമായിരുന്നു. "എന്റെ സ്റ്റൈലിനെ എനിക്ക് പൊളിച്ചുപണിയണം" എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. അങ്ങനെ പുതിയൊരു സ്റ്റൈലിൽ ഒരെണ്ണമെഴുതണം. ഗാബോ അത് ചെയ്തു. ഏഴുവർഷമാണ് അതിനായി മാറ്റിവെച്ചത്. അങ്ങനെയാണ് “ദ ഓട്ടം ഓഫ് ദി പാട്രിയാർക്ക് " എഴുതുന്നുത്,” മാർക്വേസിന്റെ ആദ്യകാല സുഹൃത്തായ ഗ്വില്ലേർമോ അൻഗുലോയുടേതാണ് ഈ വാക്കുകൾ.
മാർക്വേസിൻ്റെ സുഹൃത്തായിരുന്നു മരിയ ലൂയിസാ എലിയോ. പിന്നീട് അവരുടെ ഭർത്താവും മാർക്വേസിന്റെ സുഹൃത്തായി. മെക്സിക്കോയിൽ അഭയാർത്ഥിയായി എത്തിയ അവർക്കും ഭർത്താവിനുമാണ് മാർക്വേസ് ‘ഹൺഡ്രഡ് ഇയേഴ്സ് ഓഫ് സോളിറ്റ്യൂഡിന്റെ’ ആദ്യ പതിപ്പ് സമർപ്പിച്ചിരിക്കുന്നത്. അവർ ഗാബോ എന്ന വിസ്മയത്തെ ഇങ്ങനെയാണ് ഓർത്തെടുക്കുന്നത്. “ഞാൻ എത്രയോ തവണ ഒക്ടോവിയോ പാസിന്റെ കൂടെ പുറത്തുപോയിട്ടുണ്ട്. ജനങ്ങൾ പാസിനു ചുറ്റും കൂടുന്നതും ഉമ്മ വെയ്ക്കുന്നതും സംസാരിക്കുന്നതും ഓട്ടോഗ്രാഫ് ആവശ്യപ്പെടുന്നതും ഒന്നും ഉണ്ടായിട്ടില്ല. എന്നാൽ ഗാർസിയ മാർക്വേസ് ഒരു സവിശേഷ പ്രതിഭാസം തന്നെയാണ്. എത്രയധികം ആളുകളാണ് അദ്ദേഹത്തിൽ ആകൃഷ്ടരാവുന്നത്…”
ഇതെല്ലാം കാണിക്കുന്നത് മാർക്വേസ് എന്ന എഴുത്തുകാരൻ ‘One Hundred Years of Solitude’ എന്ന രചനയിലൂടെ ലോകത്തിൻ്റെ മുന്നിൽ ഒരു മാജിക് ആയി പരിവർത്തനം ചെയ്യപ്പെട്ടു എന്ന യാഥാർത്ഥ്യത്തെയാണ്. ഈ സാഹിത്യകൃതി നേടിയ ഗ്ലോബൽ ഇംപാക്ട് വരുംതലമുറ ഇഴകീറി പരിശോധിക്കുക തന്നെ ചെയ്യും. ഇന്നതിൻ്റെ (ഡിസംബർ - 11) ചരിത്രത്തിൽ പുതിയൊരദ്ധ്യായത്തിന് തുടക്കം കുറിക്കുകയാണ്. 2019- തൊട്ട് ഈ ദൃശ്യാവിഷ്കാരത്തിനായി മാർക്വേസ് പ്രേമികൾ കാത്തിരിക്കുകയായിരുന്നു. നമുക്കിനി മക്കൊണ്ടോയിലേക്ക് പോകാം.