തോമയിൽ രവി തിരയുന്ന സ്വയംപൊരുളുകൾ - Porul Review

അസ്തിത്വത്തിന്റെ ഭൂതകാല ഭാരങ്ങളെ പിറകിലുപേക്ഷിച്ച് നടക്കുന്ന രവി പിന്നെയും വന്നെത്തുന്നത് തന്റെ അച്ഛൻ ബാക്കിവെച്ചുപോയ ഭൂതകാലത്തിലേക്ക് തന്നെയാണ്. പൊലീസുദ്യോഗസ്ഥനായിരുന്ന അച്ഛൻ പാതിവെച്ച് അടച്ചുപോയ ഒരു കേസ് ഫയലിൽ എവിടെയൊക്കെയോ അയാൾ തന്നെത്തന്നെ കണ്ടെത്തുന്നു - കരിക്കിന്റെ പൊരുൾ എന്ന മിനി വെബ്‌സീരീസിന്റെ റിവ്യൂ

കോമഡി എന്ന സ്ഥിരം ജോണറിൽ നിന്ന് കരിക്കും ടീമും മാറി നടന്നുതുടങ്ങിട്ട് കുറച്ചു നാളുകളായി. ഗൗരവമുള്ള കഥകളും കഥാപാത്രങ്ങളും കരിക്കിനും ടീമിനും വഴങ്ങുമെന്ന് ആദ്യം കാണിച്ച് തന്നത്, രണ്ട് വർഷങ്ങൾക്ക് മുൻപ് കരിക്ക് ഫ്‌ലിക്ക് എന്ന രണ്ടാം ചാനലിലൂടെ റിലീസ് ചെയ്ത ആവറേജ് അമ്പിളി എന്ന ആറ് എപ്പിസോഡുകളുള്ള സീരിസാണ്. പിന്നീട്, ഇതേ ജോണറിൽപ്പെട്ട അഞ്ച് എപ്പിസോഡുകളുള്ള സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച്ച, ജബ്‌ല, പ്രിയപ്പെട്ടവൻ പീയൂഷ്, സാമർത്ഥ്യശാസ്ത്രം തുടങ്ങിയവയും കരിക്ക് പുറത്തിറക്കി. ഈ ജോണറിൽ എറ്റവും ഒടുവിലായി കരിക്ക് പുറത്തുവിട്ടിരിക്കുന്ന സീരീസാണ് ആറ് എപ്പിസോഡുകളുള്ള പൊരുൾ.

പേര് സൂചിപ്പിക്കുന്നത് പോലെ അന്യമായി തുടരുന്ന എന്തോ ഒന്നിന്റെ പൊരുൾ തേടി അലയുന്ന ഒരുകൂട്ടം മനുഷ്യരുടെ കഥയാണ് പൊരുൾ പറയുന്നത്. ഒരു മാൻ മിസ്സിംഗ് കേസ്. അതിന്റെ പൊരുൾ അന്വേഷിക്കുന്ന ആ മനുഷ്യരുടെ അന്വേഷണത്തിന് ആക്കം കൂട്ടാൻ ആ നാട്ടിലേക്ക് എത്തുന്ന രവി എന്ന ചെറുപ്പക്കാരനായ പൊലീസ് ഉദ്യോഗസ്ഥനിലൂടെ കഥ വികസിക്കുന്നു. മലയാള സിനിമ സ്റ്റീരിയോടൈപ്പ് ചെയ്തിട്ടുള്ള സ്ഥിരം പൊലീസ് കഥാപാത്രമായല്ല രവി പ്രത്യക്ഷപ്പെടുന്നത്. സീരീസിൽ ഒരിടത്തും യൂണിഫോമോ കാക്കി വേഷമോ പരുക്കൻ സംസാരമോ മുഖഭാവങ്ങളോ രവിക്ക് ഇല്ല. രവിയെ സംവിധായകൻ ഗൗതം സൂര്യ പോർട്രെയ്റ്റ് ചെയ്തിരിക്കുന്നത് മറ്റൊരുതരത്തിലാണ്. ദു:ഖമോ നിസ്സഹായതയോ ഒക്കെയാണ് രവിയുടെ സ്ഥായീഭാവം.

രവിയെ സംവിധായകൻ ഗൗതം സൂര്യ പോർട്രെയ്റ്റ് ചെയ്തിരിക്കുന്നത് മറ്റൊരുതരത്തിലാണ്
രവിയെ സംവിധായകൻ ഗൗതം സൂര്യ പോർട്രെയ്റ്റ് ചെയ്തിരിക്കുന്നത് മറ്റൊരുതരത്തിലാണ്

ഒരു തരത്തിൽ, അസ്തിത്വത്തിന്റെ ദു:ഖം പേറുന്ന കഥാപാത്രമാണ് രവി. ദത്തെടുക്കപ്പെട്ടവൻ, അച്ഛനും അമ്മയും ആരെന്ന് അറിയാത്തവവൻ - അതാണ് രവിയുടെ അസ്തിത്വം. രവിയുടെ സംഭാഷണങ്ങളിൽ എവിടെയൊക്കെയോ താൻ അനുഭവിച്ച ചൈൽഡ്ഹുഡ് ട്രോമയുടെ അനുരണനങ്ങൾ പലപ്പോഴായി കടന്നുവരുന്നുമുണ്ട്. ആ മാനസികാഘാതങ്ങളെ ശരീരത്തിലേക്ക് പകർത്തിയെടുത്തത് പോലെ ഒടിഞ്ഞ ഇടംകൈയ്യുമായാണ് സീരീസിലുടനീളം രവി പ്രത്യക്ഷപ്പെടുന്നത്. സീരീസ് അവസാനിക്കുമ്പോഴും രവിയുടെ ഇടംകൈയ്യിനേറ്റ ക്ഷതം ഭേദമാകുന്നുമില്ല.

ആദ്യ എപ്പിസോഡിൽ തന്നെ രവി എന്ന കഥാപാത്രത്തെയും കഥയിലേക്കുള്ള രവിയുടെ വരവിന്റെ ഉദ്ദേശത്തെയും വെളിവാക്കുന്നുണ്ട് സംവിധായകൻ. പൊലീസുദ്യോഗസ്ഥനായിരുന്ന തന്റെ അച്ഛൻ (വളർത്തച്ഛൻ) കഴിഞ്ഞ കാലത്തെപ്പോഴോ ആ നാട്ടിൽ ബാക്കിവെച്ചുപോയ കടങ്ങൾ വീട്ടാനാണ് രവി എത്തുന്നത്. 'ചില കടങ്ങൾ തീർത്തില്ലെങ്കിൽ സമാധാനക്കേടാണ്' എന്നാണ് രവി തന്നെ ഒരിടത്ത് പറയുന്നത്. ഖസാക്കിലെ കൂമൻകാവിലേക്ക് ബസ്സിൽ വന്നിറങ്ങുന്ന ഒ.വി വിജയന്റെ രവിയുടെ ഛായയുണ്ട് അപ്പോൾഅനു കെ. അനിയൻ അവതരിപ്പിക്കുന്ന പൊരുളിലെ രവിക്ക്. രവി ആ നാട്ടിലേക്ക് വന്നിറങ്ങുന്ന സന്ദർഭം ഖസാക്കിന്റെ ഇതിഹാസത്തിലെ ഒന്നാം അധ്യായത്തിലെ - വഴിയമ്പലം തേടി - ആദ്യ വരികളെ ഓർമ്മിപ്പിക്കുന്നുമുണ്ട്. 'കൂമൻകാവിൽ ബസ്സു ചെന്നു നിന്നപ്പോൾ ആ സ്ഥലം രവിക്ക് അപരിചിതമായിത്തോന്നിയില്ല. അങ്ങനെ പടർന്നു പന്തലിച്ച മാവുകൾക്കടിയിൽ നാലഞ്ച് ഏറുമാടങ്ങളുടെ നടുവിൽ താൻ വന്നെത്തുമെന്ന് പണ്ടേ കരുതിക്കാണണം. വരുംവരായകളുടെ ഓർമ്മകളിലെവിടെയോ ആ മാവുകളുടെ ജരയും ദീനതയും കണ്ടുകണ്ടു ഹൃദിസ്ഥമായിത്തീർന്നതാണ്. കനിവു നിറഞ്ഞ വാർദ്ധക്യം, കുഷ്ഠം പറ്റിയ വേരുകൾ എല്ലാമതുതന്നെ'.

20-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ കാഫ്ക ഉൾപ്പടെയുള്ള എഴുത്തുകാർ (മലയാളത്തിൽ ഒ.വി വിജയൻ) തങ്ങളുടെ സാഹിത്യസൃഷ്ടികളിൽ ആവിഷ്‌കരിച്ചിരുന്ന അസ്തിത്വദുഖവും സ്വത്വന്വേഷണവും അതിന്റെ അർത്ഥശൈഥില്യവുമെല്ലാം പൊരുളിലെ രവിയിൽ പലപ്പോഴുമുണ്ട്. അസ്തിത്വദുഖം എന്ന ആധുനികതയുടെ സൃഷ്ടി കലാസൃഷ്ടികളിൽ പറഞ്ഞുപഴകിയതാണെങ്കിലും മനുഷ്യാവസ്ഥയുടെ വൈരുദ്ധ്യങ്ങൾ എക്കാലവും സമകാലികമാണെന്ന് രവിയിലൂടെ പ്രേക്ഷകന് ബോധ്യപ്പെട്ട് കിട്ടുന്നു.

ഖസാക്കിലെ കൂമൻകാവിലേക്ക് ബസ്സിൽ വന്നിറങ്ങുന്ന ഒ.വി വിജയന്റെ രവിയുടെ ഛായയുണ്ട് അപ്പോൾഅനു കെ. അനിയൻ അവതരിപ്പിക്കുന്ന പൊരുളിലെ രവിക്ക്.
ഖസാക്കിലെ കൂമൻകാവിലേക്ക് ബസ്സിൽ വന്നിറങ്ങുന്ന ഒ.വി വിജയന്റെ രവിയുടെ ഛായയുണ്ട് അപ്പോൾഅനു കെ. അനിയൻ അവതരിപ്പിക്കുന്ന പൊരുളിലെ രവിക്ക്.

മാല പാർവതി അവതരിപ്പിക്കുന്ന മേരി വക്കീലിനെ നേരിൽ കാണാനാണ് രവി എത്തുന്നത്. തന്റെ അച്ഛൻ വേണുവിന് (അപ്പുണ്ണി ശശി) നിരന്തരം കത്തുകളെഴുതിക്കൊണ്ടിരുന്ന മേരി വക്കീൽ. ഇനിയും തന്റെയച്ഛന്റെ പേരിൽ ശാപവാക്കുകൾ അയക്കരുതെന്ന് മേരി വക്കീലിനോട് പറയുന്ന രവി അച്ഛൻ മരിച്ചുപോയെന്നും അറിയിക്കുന്നു.

വേണു - മേരി വക്കീലിന്റെ മകൻ തോമയുടെ തിരോധാനം അന്വേഷിച്ചിരുന്ന പൊലീസുകാരൻ. അയാളുടെ മകനാണ് രവി. മറ്റൊരർത്ഥത്തിൽ രണ്ട് കുട്ടികളുടെ കഥയാണ് പൊരുൾ എന്ന് പറയാം. വളരും മുൻപേ നഷ്ടപ്പെട്ടുപോയ തോമയുടെയും, വളർന്നിട്ടും സ്വയം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്ത രവിയുടെയും അയാളുടെ ശ്രമങ്ങളുടെയും.

മരിച്ച് വർഷങ്ങൾ കഴിയുമ്പോഴും എല്ലാവരാലും ഓർമ്മിക്കപ്പെടുന്ന, കൂടെ എല്ലാവരുമുള്ളയാളാണ് തോമ. അപ്പുറത്ത്, വളർന്ന് വലുതായിട്ടും ആരുമില്ലാതെ ഒറ്റക്കായിപ്പോയ രവിയും. തോമയെ കണ്ടെത്താൻ ഒരു നാട് മുഴുവനും മേരിവക്കീലും ഇപ്പോഴും ഓടുമ്പോൾ സ്വയം കണ്ടെത്താൻ രവിക്ക് ആരുടെയും സഹായമില്ല. തന്റെ അച്ഛനോ, അമ്മയോ ആരെന്ന് അയാൾക്കറിയില്ല. കഥയെ മുന്നോട്ട് കൊണ്ടുപോകുന്ന മുഖ്യകഥാപാത്രങ്ങളായ തോമയും രവിയും തമ്മിലുള്ള ഈ വൈരുദ്ധ്യങ്ങളെ (പലപ്പോഴും ഉപയോഗിച്ച് പഴകിയതെങ്കിലും) കൃത്യമായി പ്ലേസ് ചെയ്യുന്നുണ്ട് കഥ.

കൂമൻ കാവിൻ വന്നിറങ്ങുന്ന രവിയെപ്പോലെ പൊരുളിലെ രവിയും പിന്നീട് തിരിച്ചുപോകുന്നില്ല. തോമയുടെ തിരോധാനത്തിന്റെ പൊരുൾ തിരഞ്ഞ്, ആ നാട്ടുകാരുടെ ഇടയിലേക്ക് അയാളും ഇറങ്ങുന്നു. തോമയ്ക്ക് എന്ത് സംഭവിച്ചു എന്നറിയാൻ തനിക്കവകാശമുണ്ടെന്ന് രവി തിരിച്ചറിയുന്നിടത്ത് കഥ അപ്പാടെ വഴിതിരിയുന്നു. തന്റെ അച്ഛൻ അന്വേഷിച്ചിരുന്ന കേസ് പുനരന്വേഷണത്തിനെടുക്കുമ്പോൾ നഷ്ടപ്പെട്ട ഭൂതകാലത്തിലെവിടെയോ വെച്ച് രവി തന്നെ തന്നെ കണ്ടെത്തുന്നു.

പൊരുളിൽ മാല പാർവതി
പൊരുളിൽ മാല പാർവതി

കഥയുടെയും തിരക്കഥയുടെയും സംഭാഷണങ്ങളുടെയും ബലം പൊരുളിൽ പ്രകടമാണ്. അഞ്ച് എപ്പിസോഡുകളിലും മടുപ്പിക്കാത്ത ഫ്രെയിമുകളും. പശ്ചാത്തലസംഗീതം സന്ദർഭത്തിനൊപ്പം ചേരുന്നു. അഭിനേതാക്കൾ ജീവിക്കുന്നു. പൊരുൾ രണ്ടാമതൊന്നുകൂടി കാണാനുള്ള കാരണം ഇതൊക്കെയാണ്. അതിവൈകാരികമായ, പലപ്പോഴും മെലോഡ്രമാറ്റിക് ആയിപ്പോകുമായിരുന്ന സംഭാഷണങ്ങളെയും സാഹചര്യങ്ങളെയും മാല പാർവതിയും അനു കെ. അനിയനും ആൻ സലീമും ജെയിംസ് ഏലിയയും ഉൾപ്പടെയുള്ള അഭിനേതാക്കൾ ഡയലോഗ് ഡെലിവറിയുടെ സാധ്യതകളിലൂടെയും അഭിനയത്തിന്റെ അനായസതകളിലൂടെയും മറികടക്കുന്നുണ്ട്.

നൊബേൽ സമ്മാനിതയാവുന്ന വേളയിൽ പോളിഷ് കവി വീസ്വാവ ഷിംബോർസ്‌കെയെയും അവരുടെ കവിതകളെയും കുറിച്ച് സ്വീഡിഷ് അക്കാദമി അഭിപ്രായപ്പെട്ടത്, 'മൊസാർട്ടിന്റെ സംഗീതത്തിലെന്നപോലെ ഒരനായാസത, ഒരു ലാഘവം, ഒരു ചിറകേറൽ ഷിംബോർസ്‌ക്കയുടെ കവിതയിലുമുണ്ട്. ഒപ്പം, മൊസാർട്ടിനെപ്പോലെതന്നെ ഒരു വിദൂഷകന്റെ സ്വാതന്ത്ര്യവും' എന്നായിരുന്നു. മാല പാർവതി, അനു കെ. അനിയൻ, ജെയിംസ് ഏലിയ, ആൻ സലീം, ഉണ്ണി മാത്യൂസ് എന്നിവരുടെ അഭിനയവും വേഷപ്പകർച്ചയും സ്വീഡിഷ് അക്കാദമിയുടെ ഈ അഭിപ്രായത്തെ ഓർമ്മിപ്പിക്കും. ഷിംബോർസ്‌കയുടെ കവിതപോലെ അഭിനേതാക്കൾ അത്ര ലാഘവത്തോടെ ഒരു ചിറകേറൽ നടത്തുന്നു.

വീസ്വാവ ഷിംബോർസ്‌ക
വീസ്വാവ ഷിംബോർസ്‌ക

സംവിധായകനും തിരക്കഥാകൃത്തും അഞ്ച് എപ്പിസോഡുകളിലും ശ്രദ്ധ ചെലുത്തിയെങ്കിലും ക്ലൈമാക്‌സിൽ നിരാശരാക്കി. മേരി വക്കീലിന് നഷ്ടപ്പെട്ട മകൻ തോമ, രവി തന്നെയെന്ന് തോന്നിപ്പിക്കും വിധമുള്ള ഡയലോഗുകൾ അങ്ങിങ്ങ് വന്നെങ്കിലും തോമയും തിരോധാനവും ഇരുട്ടിൽ തന്നെ തുടരുകയായിരുന്നു. വലുതെന്തോ സംഭവിച്ചെന്ന മട്ടിൽ ക്ലൈമാക്‌സ് തമിഴിനാട് വരെ കൊണ്ടെത്തിച്ചിട്ട്, മേരി വക്കീലിന് ഭാഗം കിട്ടിയ വീടിന്റെ, അവർ അറിയാത്ത മച്ചിനു മേലുള്ള ഒരു അറയിലേക്ക് കഥ തിരിച്ചുവരുന്നു. തോമയുടെ മരണം അതിനുള്ളിലായിരുന്നു. മകന്റെ അഴുകിയ ജഡം അവിടെ നിന്ന് കണ്ടെത്തുന്ന അവന്റെ അച്ഛൻ മേരിവക്കീലിൽ നിന്ന് അത് മറച്ചുവെക്കുന്നു. കേസ് അന്വേഷിച്ചിരുന്ന രവിയുടെ അച്ഛൻ വേണു അതിന് കൂട്ടുനിൽക്കുന്നു - ഇതാണ്, ഇത്രേയുള്ളൂ ക്ലൈമാക്‌സ്. തോമയുടെ തിരോധാനം സംബന്ധിച്ച വലിയ രഹസ്യങ്ങൾ പലതും അവസാനം പുറത്തുവരുമെന്ന് പ്രതീതി ഉണ്ടാക്കിയെങ്കിലും പുറത്തുവരാൻ മാത്രം വലിയ രഹസ്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നത് കഥയുടെ ത്രില്ലർ സ്വഭാവത്തെയും ആസ്വാദനത്തെയും ബാധിക്കുന്നുണ്ട്.

മലയാളത്തിലെ ആദ്യകാല യുട്യൂബ് റിലീസുകളുടെ (കരിക്ക് ഉൾപ്പടെയുള്ള) പതിവ് സ്വഭാവത്തിൽ നിന്ന് കാഴ്ചകളും ഫ്രെയിമുകളും മാറുന്നുണ്ടെന്നത് പ്രതീക്ഷാവഹമാണ്. വലിയ ചലനങ്ങളില്ലാത്ത ക്യാമറയ്ക്ക് മുന്നിലുള്ള പെർഫോമൻസ് ആയിരുന്നു ക്രിയേറ്റർമാർ പിന്തുടർന്ന് വന്നിരുന്നതെങ്കിൽ ഇപ്പോൾ വലിയ മാറ്റങ്ങൾ പരീക്ഷിക്കാൻ ഒരുമ്പെടുന്നുണ്ട് ക്രിയേറ്റർമാർ, മുഴുവൻ വിഷ്വൽ പ്രൊഡക്ടിലും. കരിക്കിൽ പൊരുൾ തിരയാനുള്ള ഒരു ഘടകം പുതുമയുള്ള ഈ പരീക്ഷണങ്ങളുമാണ്.

Comments