നമ്മുടെയൊക്കെ മനസ്സും സാമൂഹികഘടനകളും ധാർമിക- രാഷ്ട്രീയ ബോധങ്ങളും അൽഗോരിതം പോലെ ചിട്ടപ്പെടുത്തിയെടുത്തിയിരിക്കുന്നവയാണ് എന്നും ആ തിരിച്ചറിവാണ് നമ്മെ പോസ്റ്റ് ഹ്യുമൺ സങ്കൽപ്പത്തിലേക്ക് നയിക്കേണ്ടത് എന്നും 1985-ൽ എഴുതിയ cyborg manefesto എന്ന കൃതിയിൽ ഡോണ ഹാരവേ പറയുന്നുണ്ട്. തികച്ചും ആൽഗൊരിതബദ്ധമായ നമ്മുടെ ജീവിതങ്ങളിൽ പക്ഷെ ആൽഗൊരിതങ്ങളുടെയും നിർമ്മിതബുദ്ധിയുടെയും സൂക്ഷ്മചലനങ്ങളിൽ അലിഞ്ഞുചേർന്നിട്ടുള്ള സാമൂഹികമായ നിർമ്മിതബോധങ്ങളുടെ കെട്ടുപാടുകൾ അവഗണിക്കപ്പെടുകയാണ് ചെയ്യുന്നത്. “ദിനോസറുകൾക്കും മുൻപ്” എന്ന് ഒ.വി. വിജയൻ ഖസാക്കിന്റെ ഇതിഹാസത്തിൽ പറയുന്നതുപോലെ ആൽഗൊരിതങ്ങൾക്കും മുമ്പുള്ള മനുഷ്യാവസ്ഥകൾകൂടി പേറുന്നവയാണ് ആൽഗൊരിതങ്ങൾ.
Adolescence എന്ന നെറ്റ്ഫ്ലിക്സ് സീരീസ് ഇറങ്ങിയ ദിവസം തന്നെ കാണാൻ പ്രേരിപ്പിച്ചത് പ്ലാറ്റ്ഫോമിന്റെ ആൽഗൊരിതം മാത്രമായിരുന്നില്ല. ഇത്തരം കെട്ടുപാടുകൾകൂടി ഇഴയിട്ടതാണ് നമ്മുടെ ഉൾക്കാഴ്ചകളുടെ ലോകം എന്ന അടിസ്ഥാന വിചാരമാണ്. ഭീതിയോടെ, ആശങ്കയോടെ, ഒട്ടൊരു അത്ഭുതത്തോടെ, കൗമാരജീവിതങ്ങളുമായി ഇടപഴകുന്ന ഏതൊരു അദ്ധ്യാപികയെയും പോലെ, ഏതു പോസ്റ്റ് ഹ്യുമൻ രക്ഷിതാവിനെയുംപോലെ, മക്കൾ കൗമാരപ്രായത്തിലെത്തിയപ്പോൾ ഉള്ളിലെ ആൽഗൊരിതങ്ങളെ കുടഞ്ഞിട്ട് ഒരു റീ വയറിങ്ങിനു ഞാനും വഴങ്ങിയിരുന്നു. അതുകൊണ്ട് അവരുടെ ഫീഡുകൾ എന്റെതുമായി എന്നും ഇഴകോർക്കുന്നുണ്ടായിരുന്നു. അവരുടെ ലോകം എത്ര വ്യത്യസ്തമാണെന്ന് മുൻവിധികളില്ലാതെ മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. കുറ്റാരോപിതരായി മക്കളും വിദ്യാർഥികളും നിൽക്കുന്ന ഘട്ടങ്ങളിലൊക്കെയും അവരുടെ കുറ്റങ്ങളിൽ ഞാനും പങ്കുചേർന്ന് നിൽക്കുന്നുണ്ടായിരുന്നു. അവർക്കുനേരെ വിരൽചൂണ്ടുന്ന സഹപ്രവർത്തകരോടും ബന്ധുക്കളോടും അയൽക്കാരോടും സമരസപ്പെടാൻ എനിക്ക് കഴിയാത്തത്, കുട്ടികളുടെ ജീവിതത്തിൽ നമുക്കുള്ള complicity അവഗണിക്കാൻ കഴിയാത്തതുകൊണ്ടാണ്. അതുകൊണ്ടൊക്കെയാവാം എന്റെ ആൽഗൊരിതം തെല്ലെങ്കിലും പുതുക്കപ്പെട്ടതും, പഴകിയ ധാർമിക കുമിളകൾക്കുള്ളിൽ (filter bubbles) ബന്ധിതമാകാതിരുന്നതും. മുതിർന്നവർ മക്കളെ കാണേണ്ടത് സ്വന്തം ആൽഗൊരിതങ്ങളെ അഴിച്ചുപണിഞ്ഞുകൊണ്ടാണ്. Adolescence എന്ന സീരീസ് അത്തരം ഒരു ധാർമിക ഉത്തരവാദിത്തത്തെയാണ് ഓർമ്മപ്പെടുത്തുന്നത്.

Cyber bullying, സോഷ്യൽ മീഡിയയിലെ കടുത്ത സ്ത്രീവിരുദ്ധത, Andrew Tate എന്ന ക്രിമിനൽ, incel എന്ന പരികല്പന ഉപയോഗിച്ച് ഇൻസ്റ്റയിലും മറ്റും ഉണ്ടാക്കിയെടുത്ത ഉപസംസ്കാരങ്ങൾ, ബ്രിട്ടനിലും അമേരിക്കയിലും കേരളത്തിൽ തന്നെയും ഈ അടുത്ത കാലത്തുണ്ടായ കൗമാര കുറ്റകൃത്യങ്ങൾ ഒക്കെ വ്യാപകമായി ചർച്ചയാക്കാൻ ഈ സീരീസിനു കഴിഞ്ഞു എന്നത് വലിയ കാര്യം തന്നെയാണ്. കഥയുടെ സഹ എഴുത്തുകാരായ Stephan Graham, Jack Thorne എന്നിവർ എടുത്തുപറയുന്ന വിസ്മരിച്ചുകൂടാത്തതായ ഒരു ഘടകമുണ്ട്. അതിഭീകരമായ അപരവിരുദ്ധതയുടെ, സാംക്രമിക രോഗം പോലെ പരക്കുന്ന വെറുപ്പിന്റെ സംസ്കാരങ്ങളെ താൻ ഇറങ്ങിച്ചെന്ന ഇന്റെർനെറ്റ് തമോഗർത്തങ്ങളിൽ കണ്ടു എന്ന് Jack Thorne പറയുന്നുണ്ട്. ഇത് ടെക്‌നോളജിയും ഇന്റർനെറ്റും മാത്രം കൊണ്ട് ഉണ്ടാകുന്നതല്ല. വെറുപ്പിന്റെ ഉപസംസ്കാരങ്ങൾ ഇന്റെർനെറ്റിലേക്ക് കുടിയേറുന്നതോടെ ഇവയുടെ പ്രചരണം എളുപ്പമാവുകയും കൂടിയാണ്. ഈ വെറുപ്പിന്റെ സംസ്കാരങ്ങളിലുടനീളം നിഴലിച്ചു നിൽക്കുന്ന ഒരു ആന്തരികഘടകമുണ്ടെങ്കിൽ അത് hyper / hegemonic masculinity- യുടെതാണ്. സത്യത്തിൽ അത് നമ്മിൽനിന്ന് ദൂരെ വിദൂര രാജ്യങ്ങളിലോ ഇന്റെർനെറ്റ് തമോഗർത്തങ്ങളിലോ മാത്രം കാണപ്പെടുന്ന ഒന്നല്ല.
കുടുംബത്തിന്റെ ‘ശൈഥില്യം’, മക്കളുടെ തോൽവി /കുറ്റം ഒക്കെ സ്ത്രീയുടെ മാത്രം ഉത്തരവാദിത്വമാകുന്ന അവസ്ഥയെ Adolescense വളരെ വിപുലമായ രീതിയിൽ ചോദ്യം ചെയ്യുന്നുണ്ട്.
സംഘപരിവാറാൽ വേടയാടപ്പെടുന്ന സ്റ്റാൻഡപ് കോമെഡിയൻ കുനൽ കംറ ഈയിടെ വിവാദമായ തന്റെ ചർച്ചയിൽ പറയുന്ന രസകരമായ ഒരു കാര്യമുണ്ട്; ആൺ ആവകാശ സംഘടനകളെക്കുറിച്ച്. (യഥാർത്തിൽ ഇവ ഭർതൃ അവകാശ സംഘടനകളാണ് എന്നും പ്രത്യേകിച്ച് സവർണ്ണ ഹെറ്ററോ സെക്ഷ്വൽ ആണുങ്ങളുടെ സംരക്ഷണത്തിനുള്ള സംഘടനകളാണ് എന്നും ദിനു വെയിൽ ഒരിക്കൽ ഒരു ചർച്ചയിൽ നിരീക്ഷിച്ചിട്ടുണ്ട്.) കംറ പറയുന്നത് രസകരമായ ഒരു കാര്യമാണ്. ആധുനിക കാലത്ത് വിവാഹബന്ധങ്ങളിലെ ശൈഥില്യത്തിനു കാരണം ഫെമിനിസം ആണെന്നും സ്ത്രീകളുടെ ദുഃസ്വാതന്ത്യം ഇല്ലാതെയാക്കുകയാണ് ആദ്യം വേണ്ടത് എന്നും ആൺ അവകാശപാലകർ ആവർത്തിച്ചു പറയുന്നുണ്ട്. ഈ സംരക്ഷകസംഘടനകളുടെയും അതിനോട് അഭിരമ്യം പുലർത്തുന്ന അനവധി പുരുഷന്മാരുടെയും ഒരു പ്രധാന നിലപാട്, തങ്ങൾ കുടുംബത്തോട് സ്നേഹമുള്ളവരാണെന്നും എന്നാൽ അത് പ്രകടിപ്പിക്കാനറിയാത്ത നിഷ്ക്കളങ്കരാണ് തങ്ങൾ എന്നുമാണ്. അതായത് സ്നേഹം ഉള്ളിലൊതുക്കി കുടുംബത്തിനുവേണ്ടി അഹോരാത്രം പണിയെടുക്കുന്ന പഴയ മമ്മൂട്ടിചിത്രങ്ങളിലെ വല്യേട്ടന്മാരാണ് തങ്ങൾ എന്ന്. ഇത്തരക്കാരോട് ഒരോറ്റ ചോദ്യമേ കമ്ര ചോദിക്കുന്നുള്ളൂ— ആരുടെ വികാരത്തിന്റെ പുറത്താണ് ലോകയുദ്ധങ്ങൾ ഉണ്ടായത്? പുടിന്റെയും നെതന്യാഹുവിന്റെയും ഭാര്യമാരുടെ ആഗ്രഹമാണോ ഇന്നു നടക്കുന്ന യുദ്ധങ്ങൾ എന്ന്. യഥാർത്തിൽ ആൺ അധികാര ഘടനയുടെ ഒരു അതിസൂക്ഷ്മമായ വിമർശനമാണിത്. യുക്തി ആൺസഹജവും വികാരം പെൺസഹജവും എന്ന് ജ്ഞാനശാസ്ത്രങ്ങളിൽവരെ രൂഢമൂലമായ വർഗ്ഗീകരണത്തെയാണ് കംറ സൂചിപ്പിക്കുന്നത്. Hyper / hegemonic masculinity- യുടെ ഏറ്റവും അടിസ്ഥാനപരമായതും നിയഥാർത്ഥപരമായതും ആയ ഒരു പ്രജ്ഞാരൂപമാണ് ഈ ദ്വന്ദ്വ പരികൽപ്പന. ഇതു കടന്നുചെല്ലാത്ത സാമൂഹിക ഇടങ്ങളോ, ജ്ഞാനപ്രക്രിയകളോ, ചരിത്രഘട്ടങ്ങളോ ഇല്ല എന്നു സാമുഹികചരിത്രത്തിന്റെ ഫെമിനിസ്റ്റ് പുനർവായനകൾ നമ്മെ ആവർത്തിച്ച് ഓർമ്മപ്പെടുത്തുന്നുണ്ട്.

കുടുംബത്തിന്റെ ‘ശൈഥില്യം’, മക്കളുടെ തോൽവി /കുറ്റം ഒക്കെ സ്ത്രീയുടെ മാത്രം ഉത്തരവാദിത്വമാകുന്ന ഈ അവസ്ഥയെ Adolescense വളരെ വിപുലമായ രീതിയിൽ ചോദ്യം ചെയ്യുന്നുണ്ട്. പ്രധാനമായും ഇതിൽ കുടുംബം സാമ്പ്രദായികമായ രീതിയിൽ തകർന്ന ഒന്നല്ല. മറിച്ച് വളരെ സാധാരണമായ, പ്രകടമായും അന്യോന്യം സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു കുടുംബമാണ് ജേമിയുടേത്. ഇത് സ്ക്രിപ്റ്റ് വളരെ ആലോചനാപൂർവ്വം എടുത്ത ഒരു ഘടകമാണ് എന്നു മനസ്സിലാകും. തകരുന്ന കുടുംബങ്ങളിലാണ് ക്രിമിനൽ എന്നു വിളിക്കാകുന്ന മനുഷ്യർ ഉണ്ടാകുന്നത് എന്ന പൊതുബോധത്തെ ആത്മാർഥമായിട്ടു തന്നെ ജേമിയുടെ കുടുംബപശ്ചാത്തലം വെല്ലുവിളിക്കുന്നുണ്ട്. എന്നിട്ടും എങ്ങനെ അവൻ ഇതു ചെയ്തു എന്ന ചോദ്യത്തിനുത്തരം പരതുന്ന പോലെയാണ് ഓരോ എപ്പിസോഡും മെനയപ്പെടിടുള്ളത്. സ്റ്റേറ്റ്, പോലിസിലൂടെയും സ്കൂളിലൂടേയും സൈക്യാട്രിസ്റ്റിലൂടെയും അവന്റെ കുറ്റകൃത്യത്തിലേക്ക് ഒരു ദോസ്തൊവെസ്ക്യൻ /കാഫ്കേയൻ പ്രതിപത്തിയോടെ കടന്നുചെല്ലുന്നത് കാണാം. ഒടുവിൽ ആ നോട്ടം കുടുംബത്തിലെത്തി നിൽക്കുന്നു.
ഫെമിനിസം എന്നത് ഇന്നത്തെ ലോകത്ത് ഏറ്റവും അധികം ആവശ്യം സ്ത്രീകൾക്കോ ഇതര ലിംഗങ്ങളിൽ ഉള്ളവർക്കോ അല്ല, മറിച്ച് പുരുഷൻമാർക്കാണ്.
ഒരു ആഘാതത്തെ ഉൾക്കൊള്ളാനും മറികടക്കാനും ശ്രമിക്കുന്ന ഏതൊരു സാധാരണ കുടുംബത്തെയും പോലെ ചിതറിപ്പോയ മൂന്നു മനുഷ്യരെയാണ് നമ്മൾ അവസാനത്തെ എപ്പിസോഡിൽ കാണുന്നതും. എന്നാൽ ആ ചിതർച്ച വിരൽചൂണ്ടുന്ന ചില യാഥാർഥ്യങ്ങളുണ്ട്. ജേമിയുടെ പിതാവായി അഭിനയിക്കുന്നത് സ്റ്റെഫെൻ ഗ്രഹാം തന്നെയാണ് എന്നത് കേവലം യാദൃശ്ചികമല്ല എന്ന് അദ്ദേഹം തന്നെ നിരീക്ഷിക്കുന്നുണ്ട്. അതിസാധാരണക്കാരനായ ഒരു അച്ഛനാണ് എഡ്ഡീ മില്ലർ. മകൻ ഇത്ര വലിയൊരു പാതകം ചെയ്തു എന്നു വിശ്വസിക്കാൻ കഴിയാതെ തകർന്നു പോകുന്ന ഒരു മനുഷ്യൻ. സ്വന്തം കുട്ടിക്കാലത്തെ തിക്താനുഭവങ്ങൾ മകനിൽ പ്രതിഫലിക്കരുത് എന്നു ഉറപ്പിച്ച് സൂക്ഷ്മതയോടെ അവനെ പഠനത്തിലും സ്പോർട്സിലും തൽപ്പരരാക്കാൻ ശ്രമിക്കുന്ന അച്ഛൻ. എവിടെയാണ് തനിക്കു തെറ്റു പറ്റിയത് എന്നറിയാതെ കരഞ്ഞുപോകുന്ന എഡ്ഡിയുടേ കഥാപാത്രം വരച്ചുവയ്ക്കുന്ന paternal crisis-ലാണ് സീരിസ് അവസാനിക്കുന്നതും.

പിതൃത്വത്തിന്റെ ദുരന്താഖ്യായികയായി സീരിസ് അവസാനിക്കുന്നത് വളരെ വ്യക്തമായ സൂചനയാണ്. ജെമിയുടെ റാഡിക്കലൈസേഷന് തങ്ങൾ ഉത്തരവാദികളാണോ എന്നു സ്വയം ചോദിക്കുന്ന മാതാപിതാക്കളുടെ ദീർഘസംഭാഷണത്തിനിടയിൽ എഡ്ഡി പറയുന്നുണ്ട്, മകൻ തനിക്കു പകരം അമ്മയെ Significant Adult ആയി തെരഞ്ഞെടുത്തിരുന്നെങ്കിൽ എന്ന്. അവരുടെ സംഭാഷണത്തിലുടനീളം ദൃശ്യമാവുന്ന ഒരു കാര്യം, എഡ്ഡിയേക്കാളും സത്യസന്ധമായാണ് ഭാര്യ മാൻഡയും മകളും യാഥാർഥ്യത്തെ അഭിമുഖീകരിക്കുന്നത് എന്നാണ്. എന്നിട്ടും എഡ്ഡിയുടെ ക്ഷോഭത്തിനും സംഭ്രാന്തികൾക്കും വിധേയപ്പെട്ട് അയാളുടെ മാനസികനിലക്കൊപ്പം അതീവ ജാഗ്രതയോടെ നടക്കുകയാണ് അമ്മയും മകളും. അവർക്ക് കടുകിട പിഴച്ചാൽ എഡ്ഡിയും ഒരു പക്ഷെ ജേമി ആകും എന്നത് അസന്ദിഗ്ധമായി പറഞ്ഞുവയ്ക്കുന്ന ആഖ്യായികയാണ് നാലാമത്തെ ഭാഗം നിറയെ. ഇത്രയും രോഷം എഡ്ഡിക്ക് സ്വാഭാവികമാണ് എന്നു മനസ്സിലാക്കുമ്പോൾ തൊട്ടു മുമ്പ് സൈക്യാട്രിസ്റ്റിനോടുള്ള സംഭാഷണത്തിനിടയിൽ രോഷാകുലനാവുകയും അക്രമാസക്തനാവുകയും ചെയ്യുന്ന ജേമിയെ നമ്മൾ ഉൾക്കിടിലത്തോടെ ഓർത്തുപോകും. പക്ഷെ എന്നിട്ടും എഡ്ഡിയുടെ രോഷമല്ല, ഒരിക്കലും അതല്ല ജെമിയെ കുറ്റവാളിയാക്കുന്നത് എന്നു നമുക്ക് ഉറപ്പുണ്ട്. ആ ഉറപ്പ് എവിടെ നിന്നാണ് വരുന്നത് എന്ന് ചോദിക്കേണ്ടത് അത്യാവശ്യമാണ്.
ടോക്സിക് മാസ്കുലിനിറ്റി ഇൻറർനെറ്റിൽ മാത്രമല്ല, നമ്മുടെ ദൈനം ദിനങ്ങളിലെല്ലാമുണ്ട്. സൈബർ ലോകത്തെയും ഇന്റർനെറ്റിനെയും മാത്രം കുറ്റം ചാരുന്നത് കള്ളിനെയും കഞ്ചാവിനെയും പഴിചാരി കുറ്റകൃത്യങ്ങളെ ലാഘവവൽക്കരിക്കുന്നതിനോട് തുല്യമാണ്.
കുടുംബങ്ങളിലെ ആൺരോഷങ്ങളുടേ സ്വാഭാവികവൽക്കരണതതിൽ നിന്നു തന്നെയാണ് പൊതുബോധത്തിൽ ഈ ഉറപ്പ് ഉണ്ടാകുന്നത്. ഭാര്യ പതിഞ്ഞ ശബ്ദത്തിൽ ആവർത്തിച്ചു പറയുന്നുണ്ട്, അവർക്കു രണ്ടാൾക്കും കുറ്റകൃത്യത്തിൽ പങ്കുണ്ട് എന്ന്. മകൾ ആർജ്ജവത്തോടേ പറയുന്നുണ്ട്, നാടു വിട്ടുപോകുന്നത് എന്തുകൊണ്ട് ശരിയല്ല എന്നും. ഭാര്യയുടേയും മകളുടേയും ആത്മാംശം ഉൾക്കൊള്ളാൻ കഴിയുന്ന എഡ്ഡിയുടെ ഒരു പരിവർത്തനമായിക്കൂടിയാണ് അവസാന ദൃശ്യം വായിക്കേണ്ടത്.
Adolescense സീരിസ് കണ്ടപ്പോൾ ആദ്യം മനസ്സിലേക്കു കടന്നുവന്നത്, കിഷ്കിന്ധാകാണ്ഡം എന്ന സിനിമയാണ്. ഇവ തമ്മിൽ എന്ത് എന്ന് സംശയം തോന്നുന്നുണ്ടെങ്കിൽ അത് നമ്മുടെ ഉൾക്കാഴ്ചകളെയും അനുഭവങ്ങളെയും നമ്മൾ ഇനിയും പാകപ്പെടുത്തി എടുക്കേണ്ടുന്നതിന്റെ സൂചനയായി കാണാം.

മലയാളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമയാണ് കിഷ്കിന്ധാകാണ്ഡം. സിനിമാറ്റിക് മികവ്, സംവിധാനത്തിലെ പക്വത, സ്ക്രിപ്റ്റിന്റെ മുറുക്കം, അഭിനയ മികവ് എന്നിവയാൽ വേറിട്ടുനിന്ന ഈ സിനിമയെക്കുറിച്ചുണ്ടായ അവലോകനങ്ങളും ചർച്ചകളും ശ്രദ്ധിച്ചിരുന്നു. പക്ഷെ മലയാളത്തിൽ ഇത്രയും സുക്ഷ്മമായി ആണത്തവ്യവസ്ഥയെ പ്രതിപാദിക്കുന്ന ഒരു ചിത്രം അത്തരം ഒരു ചർച്ചയ്ക്ക് വഴിവച്ചുകണ്ടില്ല. മാനസികമായി തകരുന്ന അച്ഛൻ, ആ തകർച്ചയുടെ പ്രതിഫലനങ്ങൾക്ക് ബലിയാടാവുന്ന രണ്ടു തലമുറ എന്ന അടിസ്ഥാന വായന ഈ സിനിമ മുന്നോട്ടു വയ്ക്കുന്നുണ്ട്.
മിലിറ്ററി ഉദ്യോഗസ്ഥനായിരുന്ന അപ്പു പിള്ള അയാളുടെ പട്ടാളച്ചിട്ട കൊണ്ട് സ്വന്തം ഓർമനഷ്ടത്തെ കണിശമായി പ്രതിരോധിക്കുമ്പോഴും അതിന്റെ ഫലമായി രണ്ടു തലമുറ തീവ്രവ്യഥകളിലൂടെ കടന്നുപോകുമ്പോഴും തികഞ്ഞ അനുതാപത്തോടെയാണ് സിനിമയും അതിന്റെ വായനകളും അപ്പു പിള്ളയെ കാണുന്നത്. അപ്പു പിള്ളയിൽ ഇല്ലാത്ത ആന്തരിക വിമർശനം തന്നെയാണ് ആഖ്യായികയും അതിന്റെ നിരർത്ഥമായ വിങ്ങലിലുടനീളം നേരിടാൻ മടിച്ചു നിൽക്കുന്നത്. പട്ടാളചിട്ടയുള്ള അച്ഛൻ അത് മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുന്നതിൽ ആന്തരികമായി ഒരു തെറ്റും കാണാൻ സാധിക്കാത്തവിധം സ്വാഭാവികവൽക്കരിക്കപ്പെട്ട ആണത്ത അവസ്ഥകളാണ് നമുക്ക്. അയാൾക്ക് ബാധിച്ചിരിക്കുന്ന ഡിമെൻഷ്യയേക്കാൾ പതിന്മടങ്ങ് ഓർമനിരാസത്തോടെയാണ് നമ്മൾ അയാളുടെ അഹംഭാവത്തെ അയാളുടെ മകനോടൊപ്പം താങ്ങി നിർത്തുന്നത്. അച്ഛൻ എന്ന വിഗ്രഹമാതൃകയെ ഇത്രമേൽ പരിരക്ഷിക്കുന്നതും യഥാർത്ഥത്തിൽ ആണത്ത വ്യവഹാരങ്ങളുടെ ആവശ്യമാണ്. കാരണം അച്ഛന്റെ ശക്തി എന്ന പരികൽപ്പന പലതരം ഹിംസകളുടേയും ന്യായീകരണമായി സ്റ്റേറ്റും മതവും കുടുംബവും ആവർത്തിച്ച് പ്രയോഗിക്കുന്ന ഒന്നാണ്.

കിഷ്കിന്ധാകാണ്ഡം ചോദിക്കാൻ ശ്രമിക്കാത്ത ചോദ്യങ്ങളാണ് Adolescense ഉയർത്തുന്നത്. എന്തുകൊണ്ടാണ് ശക്തരായ അച്ഛന്മാർ നിസ്സഹായരാകുന്നത്? എന്തുകൊണ്ടാണ് അവരുടെ മനോനില തെറ്റുന്നത്? എന്തുകൊണ്ടാണ് അവർ ക്ഷുഭിതരും അക്രമികളും ആകുന്നത്? എന്തുകൊണ്ടാണ് പിൻതലമുറകൾക്ക് അവർ നല്ല മാതൃകകളോ 'മുതിർന്ന പ്രധാനി'യോ (significant adult) ആകാതെ പോകുന്നത്? അവരുടെ തകർച്ച കുടുംബങ്ങളുടെ പ്രതിസന്ധിഘട്ടമായി മാറുന്നത് എന്തുകൊണ്ടാണ്? ഈ കാലഘട്ടത്തിൽ ആൺ ജീവിതങ്ങൾ ഇത്ര പ്രശ്നകലുഷിതമാകുന്നത് എന്തു കൊണ്ടായിരിക്കും?
അച്ഛൻ എന്ന അച്ചുതണ്ടിൽ തന്നെയാണ് ഇന്നും കുടുംബം എന്ന സ്ഥാപനം കറങ്ങുന്നത്. സാമ്പത്തികമായോ സാമൂഹികമായോ ഉള്ള മേൽക്കോയ്മകൾ ഇല്ലാതായതുകൊണ്ട് മാത്രം ഒടുങ്ങുന്ന ദുരധികാരമാതൃകയല്ല അച്ഛൻ എന്നത്
സീരീസിൽ കൊല്ലപ്പെട്ട കാറ്റിയുടെ സുഹൃത്ത് ജേഡ് അവളോട് അനുതാപത്തോടെ പെരുമാറുന്ന ഒരു ടീച്ചറോട് പറയുന്ന ഒരു കാര്യമുണ്ട്. കാറ്റി ഒരാൾ മാത്രമാണ് അവളെ കരുതലോടെ സ്നേഹിച്ചിരുന്നത് എന്ന്. ആ ഒറ്റ വരിയിൽ തെളിയുന്ന ഒരു പെൺകുട്ടിയുടെ ചിത്രമുണ്ട്. ധീരമായ നിലപാടുകളുള്ള അന്യോന്യം താങ്ങാവുന്ന ആർജ്ജവമുള്ള പുതിയ കാലത്തെ പെൺകുട്ടികളിൽ ഒരുവളായിരുന്നു കാറ്റിയും. മിടുക്കരായ രണ്ടു കുട്ടികൾ തമ്മിലുള്ള conflict നിർദ്ദയമായ കൊലയിലേക്ക് എത്തുന്നതിന്റെ ഈ പശ്ചാത്തലം മറ്റൊരു എപ്പിസോഡിൽ സൈക്യാട്രിസ്റ്റിന്റെ ചോദ്യങ്ങളിൽ തെളിയുന്നുമുണ്ട്. കാറ്റിയുടെ നഗ്നമായ ചിത്രം പ്രചരിക്കപ്പെട്ട അവസ്ഥ മുതലെടുത്തു അവളുമായി അടുക്കാനുള്ള ജെമിയുടെ പദ്ധതി അവൾ നിഷ്കരുണം തള്ളിക്കളയുന്നതാണ് ജെമിയെ പ്രകോപിപ്പിക്കുന്നത്. തിരസ്കരണം എന്ന അവസ്ഥയെ ഉൾക്കൊള്ളാനുള്ള പ്രാപ്തിയില്ലാതെ കൊന്നും ആത്മഹത്യ ചെയ്തും ആസിഡ് ഒഴിച്ചും പക തീർക്കുന്ന യൗവ്വനങ്ങളുടെ വാർത്തകൾ നമുക്ക് ഒട്ടും അന്യമല്ലല്ലോ. തനിക്ക് വിധേയപ്പെടാത്തവർ, അത് സ്ത്രീകളോ, മറ്റു മതസ്ഥരോ കറുത്തവരോ ദലിതരോ ആരുമാകട്ടെ അവരെ വെറുക്കുകയും ആ വെറുപ്പ് ജിവിതദർശനമാക്കുകയും അതു പ്രചരിപ്പിക്കുകയും ചെയ്യുന്ന ഹിംസരാഷ്ട്രീയം ഇന്ന് ഭൂമിയുടെ ഏതു കോണിലാണ് ഇല്ലാത്തത്?

Adolescence എന്ന സീരിസിലും കിഷ്കിന്ധാ കാണ്ഡം എന്ന സിനിമയിലും ആവർത്തിച്ചുവന്ന ചില രംഗങ്ങളുണ്ട്. അതീവ ലോലമായ അഹന്താനിഷ്ഠയിലകപ്പെട്ടുപോയ ഒരു പിതാവും അയാളുടെ ആത്മഭാവത്തിനനുസരിച്ച് ചിരിക്കുകയും കരയുകയും അതിനു വിധേയപ്പെട്ട് ജീവിക്കുകയും ചെയ്യുന്ന കുടുംബാംഗങ്ങളും രണ്ടിലുമുണ്ട്. ഇതിനിടയിൽപ്പെപെട്ട് ദിശതെറ്റി ബലിയാടായിതീരുന്ന ബാല്യകൗമാരങ്ങളുണ്ട്. അച്ഛൻ എന്ന അച്ചുതണ്ടിൽ തന്നെയാണ് ഇന്നും കുടുംബം എന്ന സ്ഥാപനം കറങ്ങുന്നത്. സാമ്പത്തികമായോ സാമൂഹികമായോ ഉള്ള മേൽക്കോയ്മകൾ ഇല്ലാതായതുകൊണ്ട് മാത്രം ഒടുങ്ങുന്ന ദുരധികാരമാതൃകയല്ല അച്ഛൻ എന്നത്. മാതൃത്വത്തെ ഉടച്ചുവാർക്കേണ്ടുന്നതിന്റെയും സ്ത്രീത്വത്തെ മാതൃത്വത്തിനുപരിയായി കാണേണ്ടുന്നതിന്റെയും ഒക്കെ ആവശ്യം എത്രയുണ്ടോ അത്രയും തന്നെ ഉടച്ചുവാർക്കപ്പെടേണ്ട പരികല്പനയാണ് പിതൃത്വവും.
കൊല്ലപ്പെട്ട കാറ്റിയുടെ കഥയല്ല, ജേമിയുടെയും എഡ്ഡിയുടെയും കഥയിലേക്കാണ് ശ്രദ്ധ പതിയേണ്ടത് എന്ന തീർച്ചയാണ് Adolescence എന്ന സീരിസിന്റെ ഏറ്റവും പ്രസക്തമായ രാഷ്ട്രീയം. മസ്കുലിനിറ്റിയുടെ ആൽഗോരിതങ്ങൾ ഉടച്ചു വാർക്കാതെ തരമില്ല എന്ന് നിസ്സംശയം. ടോക്സിക് മാസ്കുലിനിറ്റി (വിഷലിപ്തമായ ആണത്തം) ഇൻറർനെറ്റിൽ മാത്രമല്ല നമ്മുടെ ദൈനം ദിനങ്ങളിൽ കുടുംബങ്ങളിലും സ്നേഹബന്ധങ്ങളിലും ഒക്കെയുണ്ട്. സൈബർ ലോകത്തെയും ഇന്റർനെറ്റിനെയും മാത്രം കുറ്റം ചാരുന്നത് കള്ളിനെയും കഞ്ചാവിനെയും പഴിചാരി കുറ്റകൃത്യങ്ങളെ ലാഘവവൽക്കരിക്കുന്നതിനോട് തുല്യമാണ്. ഫെമിനിസം എന്നത് ഇന്നത്തെ ലോകത്ത് ഏറ്റവും അധികം ആവശ്യം സ്ത്രീകൾക്കോ ഇതര ലിംഗങ്ങളിൽ ഉള്ളവർക്കോ അല്ല, മറിച്ച് പുരുഷൻമാർക്കാണ്. തുല്യത, മറ്റുള്ളവരുടെ അവകാശങ്ങൾ, നീതി, സമാധാനം തുടങ്ങിയവയുടെ ബാലപാഠങ്ങൾ മാത്രമാണ് ഫെമിനിസം. അതുൾക്കൊള്ളാതെ മാസ്കുലിനിറ്റിയുടെ അതിസങ്കിർണ്ണമായ പശ്ചാത്തലങ്ങളെന്തെന്നു മനസ്സിലാക്കാൻ നമുക്ക് മറ്റു മാർഗ്ഗങ്ങളില്ല.