വർഷങ്ങൾക്കുമുമ്പ്, എന്റെ ഒരു സുഹൃത്ത് കൊല്ലപ്പെട്ടതിന്റെ മൂന്നാം ദിവസം കുവൈറ്റ് പോലീസ് ചോദ്യം ചെയ്യാനായി എന്നെ സ്റ്റേഷനിലേക്ക് വിളിച്ചു. ദുഃഖം തുടർന്ന രാത്രിയായിരുന്നു. സ്റ്റേഷനിലേക്ക് ഭാഷാ സഹായിയായി എന്റെ ഈജിപ്ഷ്യൻ സുഹൃത്തും കൂടെ വന്നു.
ഒരു പോലീസുകാരൻ ഞങ്ങളെ സ്റ്റേഷന്റെ മുകളിലത്തെ നിലയിലെ കോൺഫറൻസ് ഹാളിലേക്ക് കൊണ്ടുപോയി. അവിടെ മുഴുവനും കണ്ണു തുറന്ന വെളിച്ചത്തിൽ യൂണിഫോമിലും അല്ലാതെയും ഏതാനും കുവൈറ്റി ഓഫീസർമാർ ഇരുന്നിരുന്നു. അവരിൽ പ്രധാനിയെന്നു തോന്നിയ ഓഫീസർ എന്റെ സുഹൃത്തിനോട്, നീ എന്തിനാണ് വന്നിരിക്കുന്നത് എന്നു ചോദിച്ചു.
‘ഞങ്ങൾ ഒരുമിച്ച് ജോലി ചെയ്യുന്നു’, എന്റെ സുഹൃത്ത് പറഞ്ഞു; ‘ഇവന് അറബി അറിയില്ല. ഞാൻ ഇവനെ സഹായിക്കാൻ വന്നതാണ്’. ഓഫീസർ എന്റെ സുഹൃത്തിനോട് പുറത്തുപോകാൻപറഞ്ഞു. ഞങ്ങൾക്ക് ഇംഗ്ലീഷ് അറിയാം, മറ്റൊരു ഓഫീസറെ ചൂണ്ടിക്കാണിച്ച്, അയാൾക്ക് ഹിന്ദിയും അറിയാം എന്ന് പറഞ്ഞു. എന്നോട് അവരുടെ മുമ്പിലിട്ട കസേരയിൽ ഇരിക്കാൻ പറഞ്ഞു.
ഹുവാൻ റൂൾഫോയുടെ നോവൽ, പെഡ്രോ പരാമോ, നമ്മുടെ നോവലുകളെയൊ കഥപറച്ചിലിനെയോ സ്വാധീനിച്ചിട്ടില്ല. ഒരു പക്ഷേ നമ്മുടെ കിടയറ്റ സോഷ്യൽ റിയലിസത്തിന്റെ വായനാബാങ്ക് അത്ര പ്രബലമായിരുന്നതുകൊണ്ടാകാം അത്.
കൊല്ലപ്പെട്ട ഖാലീദ് തൃശൂർ ജില്ലക്കാരനായ എന്റെ പ്രിയപ്പെട്ട ചങ്ങാതിമാരിൽ ഒരാളായിരുന്നു. വെയിൽ മൂർധന്യത്തിൽ നിന്നിരുന്ന ഒരു പകൽ അവനെ ആരോ ഒരാൾ വെടിവെച്ചുകൊന്നു. ഏറ്റവും തിരക്കുള്ള തെരുവിലെ ഏറ്റവും തിരക്കുള്ള ബാങ്കിൽനിന്ന് ജോലിസംബന്ധമായ എന്തോ ജോലി കഴിഞ്ഞ് ഇറങ്ങിവരുകയായിരുന്നു എന്റെ ചങ്ങാതി. അക്കാലത്ത് ഒരു കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അവൻ. പണവുമായാണ് അവൻ ബാങ്കിൽനിന്ന് വരുക എന്നറിഞ്ഞതുകൊണ്ടാകും, എങ്കിൽ ആ പണം അപഹരിക്കാനാകും, അങ്ങനെ ഒരു കൊലപാതകം നടന്നിരിക്കുക എന്ന് സമാധാനിക്കാനേ പിന്നീട് എനിക്കും അവന്റെ ബന്ധുക്കൾക്കും കഴിഞ്ഞുള്ളൂവെങ്കിലും, അന്ന്, ആ കൊലയിൽ എനിക്ക് ബന്ധമുണ്ടോ എന്നായിരുന്നു പോലീസിന് അറിയേണ്ടിയിരുന്നത്.
‘അവന്റെ മരണത്തിനും തൊട്ടുമുമ്പ്, അതായത് ആറു മിനിറ്റ് മുമ്പ്, നീ അവന്റെ മൊബൈൽ ഫോണിൽ രണ്ടു പ്രാവശ്യം വിളിച്ചിട്ടുണ്ട്’, പോലീസ് ഓഫീസർ എന്നോട് പറഞ്ഞു, ‘അത് അവൻ മരിച്ചുവോ എന്ന് ഉറപ്പു വരുത്താനാണ്’.
അയാൾ എന്റെ കണ്ണുകളിൽത്തന്നെ നോക്കുകയായിരുന്നു. ഞാൻ ശരിക്കും ഭയപ്പെട്ടു.
അവൻ എന്റെ ചങ്ങാതിയാണെന്നും എനിക്ക് അവനോട് ശത്രുതയൊന്നും ഇല്ലല്ലോ എന്നും എനിക്കറിയാം. എന്റെ ചങ്ങാതിക്കും അറിയാം. ഞാനത് രണ്ടോ മൂന്നോ പ്രാവശ്യം ഇതിനകം അതേ ഓഫീസറോട് പറഞ്ഞതുമാണ്.
‘സർ, ഖാലിദ് ധാരാളം പുസ്തകങ്ങൾ വായിക്കുമായിരുന്നു’, ഞാൻ ഓഫീസറോട് പറഞ്ഞു. ‘ഞാനും പുസ്തകങ്ങൾ വായിക്കാറുണ്ട്. ആയിടെ അവൻ എന്റെ കൈയ്യിൽനിന്ന് രണ്ടു പുസ്തകങ്ങൾ കൊണ്ടുപോയിരുന്നു. ആ പുസ്തകങ്ങൾ, അന്ന്, അവൻ കൊല്ലപ്പെട്ട ദിവസം, കൊണ്ടുവരാം എന്ന് പറഞ്ഞിരുന്നു. അവൻ വരുന്നുണ്ടോ എന്നറിയാനാണ് ഞാൻ വിളിച്ചത്...’ ; അത്രയും പറഞ്ഞ് മുഴുമിപ്പിക്കാൻ കഴിയുന്നതിനും മുമ്പ് ഞാൻ പെട്ടെന്ന് പൊട്ടിക്കരഞ്ഞു. ഞങ്ങളുടെ ഓഫീസിലേക്കുള്ള പടികൾ അവൻ കയറിവരുന്നത് ഞാൻ കാണുകയായിരുന്നു.
ഏതാനും നിമിഷങ്ങൾകഴിഞ്ഞിരിക്കും, അതേ പോലീസ് ഓഫീസർ എന്റെ അരികിലേക്ക് എഴുന്നേറ്റുവന്നു. എന്നെ ചേർത്തുപിടിച്ചു.
‘നിന്റെ സുഹൃത്ത് ഇപ്പോൾ അല്ലാഹുവിന്റെ അരികിലാണ്’ എന്നു പറഞ്ഞു.
‘നീ പറഞ്ഞത് ഞങ്ങൾ വിശ്വസിക്കുന്നു’ എന്ന് പറഞ്ഞു.
‘അവന്റെ കാറിൽനിന്ന് രണ്ടു പുസ്തകങ്ങൾ ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട്’, അയാൾ പറഞ്ഞു.
‘പക്ഷേ എന്തുചെയ്യാം, അവന് നിന്നെ കാണാൻ പറ്റിയില്ല, പുസ്തകങ്ങൾ തരാനും...’
ഈശ്വരാ, ആ പുസ്തകങ്ങളിൽ ഒന്ന് ‘പെഡ്രോ പരാമോ’ ആയിരുന്നു...
ഹുവാൻ റുൾഫോയുടെ 1955-ലെ നോവലിനെ അടിസ്ഥാനമാക്കി മറ്റിയോ ഗിൽ എഴുതിയ തിരക്കഥയിൽ നിന്ന് റോഡ്രിഗോ പ്രീറ്റോ സംവിധാനം ചെയ്ത അതേ പേരിലുള്ള ചലച്ചിത്രം കാണുകയായിരുന്നു കഴിഞ്ഞ ദിവസം ഞാൻ. മറ്റൊരു രാത്രി. ആ ചലച്ചിത്രത്തിന്റെ കാഴ്ച്ചയ്ക്കുമൊപ്പം എന്റെ ചങ്ങാതിയുടെ നിരാധാരമായ മരണത്തിന്റെ വെയിലും ഞാൻ കൊള്ളുന്നു എന്ന് തോന്നി.
അല്ലെങ്കിൽ, എൺപതുകളിലും തൊണ്ണൂറുകളിലുമായി മലയാളി വായനക്കാർ ഏറെക്കുറെ ഹൃദ്യസ്ഥമാക്കിയ അനുഭവമായിരുന്നു വിലാസിനിയുടെ വിവർത്തനത്തിലൂടെ വന്ന ‘പെഡ്രോ പരാമോ’ എന്ന നോവൽ (പിന്നീട് ജയകൃഷ്ണന്റെ മറ്റൊരു വിവർത്തനവും വരികയുണ്ടായി). ഇന്നോർക്കുമ്പോൾ, ആ കഥയുടെ വേവലിൽ, കൊമാല എന്നുപേരുള്ള സ്ഥലം, അക്കാലത്തെ നമ്മുടെ ലൈബ്രറികളുടെതന്നെ കഥയാണ്: സാഹിത്യത്തിലെ നമ്മുടെ ആധുനികതയെത്തന്നെ നിരാലംബമാക്കുന്ന മെലിഞ്ഞതും ചിതറിയതുമായ ഒരു രൂപം ഈ നോവലിന്റെ വിവർത്തനത്തിലൂടെ നമ്മുടെ പുസ്തക അലമാരകളെ നേരിടുകയായിരുന്നു... വിലാസിനിക്ക് സ്തുതി.
മെക്സിക്കൻ മാജിക്കൽ റിയലിസത്തിന്റെ നാടകീയ ആവിഷ്ക്കാരമാണ് റോഡ്രിഗോ പ്രീറ്റോയുടെ ചലച്ചിത്രം; ആ നോവലിന്റെ വായനാനുഭവത്തെ ഏറെക്കുറെ നിഷ്ക്കളങ്കമായി പൂരിപ്പിക്കുന്ന ഒന്ന്. പക്ഷേ, ഈ ചലച്ചിത്രം വർഷങ്ങൾക്കുമുമ്പ് വായിച്ച ആ നോവലിലേക്ക് വീണ്ടും ചെല്ലാൻ പ്രേരിപ്പിക്കുന്നു. സാഹിത്യത്തിന്റെ പുനരാവിഷ്ക്കാരം എന്ന നിലയ്ക്ക് മാത്രമല്ല (37 വർഷം കഴിഞ്ഞിരിക്കുന്നു നോവൽ പ്രസിദ്ധീകരിച്ചിട്ട്) മറിച്ച്, ഇപ്പോഴും ആ കഥ അതേ ഈശലോടെത്തന്നെയാണോ വായിക്കുക എന്ന് അറിയാൻ. വിലാസിനിയുടെ പരിഭാഷ ഇപ്പോൾ എൻറെ കൈയ്യിലില്ല. എന്റെ കൈയ്യിലുണ്ടാവാൻ പാടില്ല. ആ പുസ്തകത്തിലെ കൊലപാതകങ്ങൾക്കുമൊപ്പം എനിക്കുവേണ്ടി മറ്റൊരു കൊലപാതകത്തിനും സാക്ഷിയായ പുസ്തകമാണ് അത്.
ഒരു ഭാഷയുടെ മറവിൽനിന്നുകൊണ്ട് മറ്റൊരു ഭാഷയിലെ മരണത്തിന് ഇപ്പോഴും സാക്ഷിയാവുകയാണ് അത്. എന്റെ കൈയ്യിലുള്ളത് മാർഗ്രെറ്റ് സയെര്സ് പെദെൻ (Margret Sayers Peden) ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ പുസ്തകമാണ്. അതിന്റെ മറ്റൊരു ഭംഗി സുസൻ സോണ്ടാഗിന്റെ ആമുഖമാണ്.
അവർ എഴുതി: റൂൾഫോയുടെ നോവൽ ഇരുപതാം നൂറ്റാണ്ടിലെ ലോകസാഹിത്യത്തിലെ മാസ്റ്റർപീസുകളിൽ ഒന്നുമാത്രമല്ല, ആ നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനശക്തിയുള്ള പുസ്തകങ്ങളിൽ ഒന്നുകൂടിയാണ്; കഴിഞ്ഞ 40 വർഷങ്ങളിൽ സ്പാനിഷ് സാഹിത്യത്തിൽ അതിന്റെ സ്വാധീനം വിലയിരുത്തുകതന്നെ പ്രയാസമാണ്.
ഒരു നോവൽ ഒരു ഭാഷയിലെ അതിരടയാളമാകുന്നത് ആ കൃതിക്ക് അതിന്റെ വർത്തമാനത്തെ ഒരുവേള പ്രവർത്തനരഹിതമാക്കാൻ, സസ്പെന്റ് ചെയ്യാൻ, കഴിയുന്നു എന്നതുകൊണ്ടാണ്.
എന്റെ മറ്റു പല സുഹൃത്തുക്കൾക്കും എന്നപോലെ പെഡ്രോ പരാമോയിലെ ഏറ്റവും ഉലയ്ക്കുന്ന വരി, മറ്റു പലതും അതേ തിക്കിൽ വരുമ്പോഴും, കൊമാലയെ കുറിച്ചുള്ളതാണ്: “ആ പട്ടണം ഭൂമിയുടെ കനലിൽ, നരകത്തിന്റെ വായിലാണ് ഇരിക്കുന്നത്. അവിടെ നിന്നുള്ള ആളുകൾ മരിക്കുകയും നരകത്തിൽ പോകുകയും ചെയ്യുമ്പോഴും ഒരു പുതപ്പിനായി അവർ മടങ്ങിവരുമെന്നും അവർ പറയുന്നു’’.
മറ്റു വാക്കുകളിൽ, മരണവാർത്തകൾകൊണ്ട് ശാശ്വതമായ ഒരു മരവിപ്പ് ആദ്യമേ ആശംസിക്കുന്ന നോവലാണിത്. എന്നാൽ, മരണത്തെ ജീവിതത്തിന്റെ മറ്റൊരു പാളി എന്നുകൂടി കാണിച്ചുകൊണ്ട്, എല്ലാ മരവിപ്പുകളുടെയുടെയും കാരണം ജീവിതമോ മരണമോ ജീവിക്കുന്നവരുടെ പ്രവൃത്തിയോ അല്ല എന്നും പറയുന്നു. അത് ‘പാപ’ത്തെ കുറിച്ചുള്ള പ്രസ്താവമാണ്- ‘പാപം നല്ലതല്ല’.
കൊമാലയിലെ പാതിരി തന്റെ തട്ടകത്തിലെ പാപങ്ങളെപ്പറ്റിയും പാപിയായ പ്രഭുവിനെപ്പറ്റിയും അയാൾ ചെയ്ത പാപങ്ങളെപ്പറ്റിയും പറഞ്ഞുകൊണ്ട് തനിക്ക് കുമ്പസാരിക്കണം എന്ന് മറ്റൊരു പാതിരിയോട് ഏറ്റുപറയുമ്പോൾ ആ പാതിരി പറയുന്ന മറുപടിയിലാണ് വാചകം ഉള്ളത്; ‘പാപം നല്ലതല്ല’. തന്നോട് തന്റെ വേദനകൾ പറയാനെത്തിയ കൊമാലയിലെ പാതിരിയോട് വേറെ എവിടെയെങ്കിലും പോയി ഇതെല്ലാം ഏറ്റു പറയൂ എന്നാണ് മറ്റേ പാതിരി പറയുന്നത്, ‘കാരണം നിങ്ങൾ ആ പാപത്തിനകത്താണ്’.
പാപമല്ല, ‘പാപം നല്ലതല്ല’ എന്ന സങ്കൽപ്പമാണ് അല്ലെങ്കിൽ ഈ നോവലിന്റെ പ്രമേയം. പാപം ചെയ്യുകയല്ല, സംഭവിക്കുകയാണ്. അധികാരത്തിന്റെയും ആണഹന്തയുടെയും പുരുഷന്മാർ നയിക്കുന്ന അഴിമതിബദ്ധമായ വിപ്ലവങ്ങളുടെയും ‘സ്ഥലം’, അല്ലെങ്കിൽ ‘രാജ്യം’ എന്നാണ് നമ്മൾ, ഒരിക്കൽ, ഈ നോവൽ വായിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ, പെഡ്രോ പരാമോ എക്കാലത്തും നമ്മുടെയും ലൈബ്രറിയിൽ എപ്പോഴും കാണാനാവുന്ന പടിയിൽ സ്ഥാനംനേടി.
ഈ നോവലിലെ സ്ത്രീകഥാപാത്രങ്ങൾ തങ്ങളുടെ ഹതാശമായ ജീവിതങ്ങൾ മറികടക്കുന്നത് ജീവിതത്തെക്കാളും മരണത്തെക്കാളും ദീർഘമുള്ള ഓർമ്മയിലൂടെയാണ്. ആ ഓർമ്മകൾ റൂൾഫോ എഴുതുന്നത് പൊട്ടിയ വാക്കുകളിലാണ്.
‘പാപം അവസാനിപ്പിക്കാൻ നിങ്ങൾ കഠിന ഹൃദയമുള്ളവനും കരുണയില്ലാത്തവനുമായിരിക്കണം. നിങ്ങളുടെ ഇടവകക്കാർ ഇപ്പോഴും വിശ്വാസികളാണെന്ന് ഞാൻ കരുതുന്നു, പക്ഷേ അവരുടെ വിശ്വാസം നിലനിർത്തുന്നത് നിങ്ങളല്ല’- ഇങ്ങനെയാണ് പാപം ഈ ചെറിയ നോവലിന്റെ വലിയ പ്രമേയമായതും. അധികാരവും അധികാര ദുർവിനിയോഗവും പാപത്തിന്റെ പരമമായ ഉപയോഗമാണ്. പാപത്തിന്റെ ആശ്രിതരാണ് കൊമാലയിൽ നമ്മൾ കണ്ടുമുട്ടുന്ന ആരും. കുതിരകളും കഴുതകളും കാറ്റും അങ്ങനെ പ്രത്യക്ഷപ്പെടുന്നു. ജീവിതത്തിന്റെയും മരണത്തിന്റെയും പാളികൾ പ്രത്യക്ഷപ്പെടുന്നതും അങ്ങനെയാണ്. ഇതിനെല്ലാം ചികിത്സപോലെ, അതോ രോഗനിർണ്ണയമോ ആയി, ‘ഓർമ’ പ്രത്യക്ഷപ്പെടുന്നു. ഓർമയിലൂടെമാത്രം നിങ്ങൾ നിങ്ങളുടെ മരണത്തെ അതിജീവിക്കുന്നു. അത് എത്ര നിരർത്ഥകമാണെങ്കിലും. റൂൾഫോ, അതുകൊണ്ടാകും, തന്റെ നോവലിനെ പ്രധാനമായും സംഭാഷണങ്ങളുടെയും ആത്മഗതങ്ങളുടെയും രൂപത്തിലേക്ക് മാറ്റി എടുത്തത്: ഓർമ മാത്രമാണ് ഭാഷയുടെ ദ്രവിക്കാത്ത ഒരേയൊരു ഭാവം എന്നപോലെ.
നാം ഒരു സ്ഥലത്തെ പരിചയപ്പെടുന്നത് അതിലെ രാഷ്ട്രീയ പ്രവർത്തനത്തിലൂടെയാണ് എന്ന് ജർമ്മൻ അമേരിക്കൻ ചിന്തക ഹന്നാ അരാന്റെ പറയുന്നു. രാഷ്ട്രീയം സമകാലികമായ ഒരു പ്രവർത്തിയാണ്. മൂന്നു കാലങ്ങളിലേക്കും രാഷ്ട്രീയം അതിനെ പടർത്തുന്നു. എന്നാൽ, ഈ ‘സ്ഥല’ത്തേയ്ക്ക് കലയെക്കൂടി കൊണ്ടുവരുക എന്നതാണ് ആ സ്ഥലത്തെ മനുഷ്യോന്മുഖമാക്കുന്ന മറ്റൊരു പ്രവർത്തി.
അരാന്റെ പറയുന്നു. പെഡ്രോ പരാമോ അങ്ങനെയൊരു കൃതിയാണ്. ലാറ്റിനമേരിക്കൻ രാഷ്ട്രീയത്തെ മാത്രമല്ല അത് ചിത്രീകരിച്ചത്; അവിടത്തെ ‘കല’യെക്കൂടിയായിരുന്നു. അതാകട്ടെ, നോവലിനെ കഥ തേടുന്ന രൂപം എന്നതിനെക്കാൾ ഓർമ്മയുടെ അതിരറ്റ, ദ്രവരൂപമാർന്ന രൂപം എന്ന് കണ്ടു: യഥാതഥമായ ഒരവസ്ഥ മനുഷ്യനോ കലയ്ക്കോ ഇല്ല, അവകാശപ്പെടാനില്ല, എന്ന തീർപ്പോടെ.
റൂൾഫോ വീണ്ടും നമുക്കുവേണ്ടി വിശുദ്ധനാവുന്നത് പിറകേവന്ന ഗാർഷ്യാ മാർക്വേസിലൂടെയാണ്. അതിനകം നാലോ അഞ്ചോ നോവലുകൾ എഴുതി ഒന്നുമാത്രം പ്രസിദ്ധീകരിച്ച് ബാക്കിയുള്ളവ പെട്ടിയിൽ പൂട്ടിവെച്ചും തന്റെയുള്ളിലെ നോവലുകളെ കണ്ടും പാലിച്ചും ഇരുന്ന നാളുകളിൽ ഒന്നിൽ ഇങ്ങനെയും സംഭവിച്ചു എന്ന് അദ്ദേഹം എഴുതി: “എന്നിൽ ഇപ്പോഴും ധാരാളം നോവലുകളുണ്ടെന്ന് എനിക്ക് തോന്നിയിരുന്നു, പക്ഷേ അവ എഴുതുന്നതിനെ ബോധ്യപ്പെടുത്തുന്നതും കാവ്യാത്മകവുമായ ഒരു രീതിയെക്കുറിച്ച് എനിക്ക് സങ്കൽപ്പിക്കാനേ കഴിഞ്ഞിരുന്നില്ല.”
ഒരു ദിവസം അക്കാലത്ത് മാർക്വേസ് താമസിച്ചിരുന്ന അപ്പാർട്ടുമെന്റിലേക്കുള്ള എഴുനിലകളും പടികയറിവന്ന സുഹൃത്ത് ആൽവാരോ മ്യൂട്ടിസ് ചിരിച്ചുകൊണ്ട് പറഞ്ഞു: “Read this shit and learn” .
മാർക്വേസ് നമ്മളോട് ആണയിടുന്നു: ‘പെഡ്രോ പരാമോ’ ആയിരുന്നു ആ പുസ്തകം.
തന്നെയും ആ പുസ്തകം സ്വാധീനിച്ചു എന്നും മാർക്വേസ് എഴുതുന്നു.
ഒരു നോവൽ ഒരു ഭാഷയിലെ അതിരടയാളമാകുന്നത് ആ കൃതിക്ക് അതിന്റെ വർത്തമാനത്തെ ഒരുവേള പ്രവർത്തനരഹിതമാക്കാൻ, സസ്പെന്റ് ചെയ്യാൻ, കഴിയുന്നു എന്നതുകൊണ്ടാണ്. നമ്മൾ കാണുന്ന സ്വപ്നം അതിന്റെ കാലവും സ്ഥലവും മുമ്പേ സമാഹരിക്കുന്നപോലെ. അത്തരമൊരു അസ്തിത്വവും അതിന്റെ ഓർമ്മയും റൂൾഫോ ‘പെഡ്രോ പരാമോയ്ക്കുവേണ്ടി കരുതിവെച്ചിരുന്നു.
ആദ്യത്തെ വരികൾ കൊണ്ടുതന്നെ നാം ഓർമ്മിക്കുന്ന നോവലുകളുണ്ട്. അങ്ങനെയൊരു കൃതിയാണ് പെഡ്രോ പരാമോ’യും.
‘ഞാൻ കൊമാലയിൽ വന്നത്, എന്റെ അച്ഛൻ, പെഡ്രോ പരാമോ എന്ന പേരുള്ള മനുഷ്യൻ, അവിടെ താമസിക്കുന്നുണ്ടെന്ന് എന്നോട് പറഞ്ഞതിനാലാണ്’.
ആ വരിയിൽ ‘ഏകാന്തയുടെ നൂറു വർഷ’ത്തെ നാടകീയതയില്ല, അതിലെ പ്രക്ഷുബ്ധതയില്ല, മറിച്ച് വിധിയുടെ ഉദാസീനമായ ആവർത്തനം ഉണ്ടുതാനും. എന്നാൽ, ആ ഒരൊറ്റ വരികൊണ്ടുതന്നെ നോവൽ ഒരു മുഷിപ്പൻ നേരത്തെ പതുക്കെ അഴിക്കാൻ തുടങ്ങുന്നു.
ഹുവാൻ പ്രെസിയാഡോ തന്റെ അമ്മയ്ക്ക് മരണക്കിടക്കയിൽ ഒരു വാക്ക് നൽകിയിട്ടുണ്ട്. അമ്മ മരിച്ചതിനുശേഷം ഒരു ദിവസം തന്റെ പിതാവ് പെഡ്രോ പരാമോയെ കാണാനായി കോമലയിലെയ്ക്ക് പോകുമെന്ന്. ഭാഗ്യംകെട്ട സ്ഥലമാണ് അതെങ്കിലും. പക്ഷേ, ആരാണ് പെഡ്രോ പരാമോ? ‘ജീവനുള്ള നീരസം’ - അങ്ങനെയാണ് ഒരു വഴിയാത്രക്കാരൻ ജുവാനോട് പെഡ്രോ പരാമോയെപ്പറ്റി പറയുന്നത്. ‘നീരസ’ത്തെ നമ്മുക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. അത് സ്ഥായിയായ ഒരു ഭാവമാണ്. ലോകത്തോട് അതിനുള്ള അസഹനീയമായ പക അതിനെത്തന്നെ മുഷിപ്പിക്കുന്നുണ്ട്. പഴകിയതാക്കിയിട്ടുപോലുമുണ്ട്. ഈ കഥയിൽ ആ നീരസത്തിന് ജീവനുണ്ട്; സൃഷ്ടിക്കും സംഹാരത്തിനുമുള്ള ശേഷിയുണ്ട്. വഴി പിരിയുന്നതിനുംമുമ്പ് താനും പെഡ്രോ പരാമോയുടെ മകനാണ് എന്ന് ആ വഴിയാത്രക്കാരൻ പറയുന്നത് ആ നീരസത്തിന്റെ ഓർമ്മയിലും അതിൽനിന്നുമുള്ള മോചനമില്ലായ്മയുടെയും പേരിലാണ്. അതിനോട് ഏറ്റുമുട്ടാതിരിക്കുക. അതാവും അയാൾ കരുതിയിരിക്കുക.
കൊമാല അലഞ്ഞുതിരിയുന്ന ആത്മാക്കൾ നിറഞ്ഞ സ്ഥലമാണ്. സ്വേച്ഛാധിപതിയായ ഭൂവുടമ പെഡ്രോ പരമോയുമായും അദ്ദേഹത്തിന്റെ എസ്റ്റേറ്റായ ലാ മീഡിയ ലൂണയുമായും ബന്ധപ്പെട്ട ഒരു കഥയുടെ തലപ്പേരുമാണ്. അങ്ങനെയാണ് നോവൽ കഴിയുന്നതുവരെയും നമ്മൾ ആ ‘കഥ’ വായിക്കുന്നത്. ദുഷ്ടനായ പ്രഭു അനേകം സ്ത്രീകളെ പ്രാപിച്ചതിനും ശേഷവും പാപം പോലെ സൂക്ഷിച്ച തന്റെ പ്രണയത്തെ, പിന്നീടുള്ള അതിന്റെ തിരസ്ക്കാരത്തെ സ്വീകരിക്കുന്നത് ഒരു പട്ടണംതന്നെ സ്വയം നശിക്കാൻ വിട്ടുകൊണ്ടാണ്. അങ്ങനെയാണ് നമ്മൾ ഒരിക്കൽ ആ നോവൽ വായിച്ചിട്ടുണ്ടാവുക. എന്നാലിപ്പോൾ ‘പെഡ്രോ പരാമോ’ അങ്ങനെ മാത്രമല്ല വായിക്കേണ്ടത് എന്ന് തോന്നുന്നു: തിരസ്ക്കാരങ്ങൾ നിങ്ങളെ കഠോരമായ പ്രവൃത്തിയിലേക്ക് നയിക്കുമെന്നത് മാറുന്നില്ലെങ്കിലും.
ഹുവാൻ റൂൾഫോയുടെ നോവൽ പെഡ്രോ പരാമോ എന്ന ദുഷ്ടനായ പ്രഭുവിനെ കുറിച്ചല്ല; മറിച്ച്, അങ്ങനെയൊരാളെ മനുഷ്യജന്മത്തിന്റെ നിരാലംബമായ ഒരസ്തിത്വത്തിലേക്ക് എന്നന്നേയ്ക്കുമായി ദയാരഹിതമായി സ്ഥാപിക്കുക എന്നാകുന്നു. ആണിന്റെ ശിലാസ്മാരകം? ചിലപ്പോൾ.
ഈ നോവലിലെ സ്ത്രീകഥാപാത്രങ്ങൾ തങ്ങളുടെ ഹതാശമായ ജീവിതങ്ങൾ മറികടക്കുന്നത് ജീവിതത്തെക്കാളും മരണത്തെക്കാളും ദീർഘമുള്ള ഓർമ്മയിലൂടെയാണ്. ആ ഓർമ്മകൾ റൂൾഫോ എഴുതുന്നത് പൊട്ടിയ വാക്കുകളിലാണ്. കാരണം, ആരോ അത് ഒളിഞ്ഞുനിന്ന് കേൾക്കുന്നുണ്ട്. തങ്ങൾ നേരിട്ടതും കേട്ടതും മറക്കാത്തതുമായ ഹിംസയെയാണ് റൂൾഫോയും പള്ളിയും ‘പാപം’ എന്ന വാക്കുകൊണ്ട് സഹനീയമാക്കുന്നത് എന്നാണ് ഈ സ്ത്രീകൾ കരുതുന്നത് എന്ന് എനിക്ക് തോന്നുന്നു. നോക്കുക, നോവലിന്റെ താഴ്ന്ന സ്വരം, ഭ്രാന്തിനോളംപോന്ന സത്യസന്ധത, നമ്മെ ഇപ്പോൾ അടിമുടി ഉലയ്ക്കുകയാണ്. കഥയിലെ പെണ്ണുങ്ങളാണ് കാരണം. അന്ന് ഹുവാൻറൂൾഫോയും, ഇപ്പോൾ റോഡ്രിഗോ പ്രീറ്റോയും, നമ്മെ പ്രശസ്തമായ ആ വിജനതയിൽ ഒറ്റയ്ക്ക് നിർത്തി പോയിരിക്കുന്നു. നമുക്കുവേണ്ടി സ്ത്രീകളുടെ മാത്രം സ്വരത്തിലേക്ക് കൊമാലയിൽ എപ്പോഴുമുള്ള കാറ്റ്, ചില നിമിഷങ്ങളിലേക്കെങ്കിലും, വിലയം പ്രാപിച്ചിരിക്കുന്നു.
നോവലിന്റെ രൂപസവിശേഷതയായ സംഭാഷണങ്ങൾ, അതിന്റെ ധാരാളിത്തംകൊണ്ട് ചിലപ്പോൾ മുഷിപ്പിക്കുമെങ്കിലും, അവ മിക്കതും ഈ സ്ത്രീകൾക്കുവേണ്ടി എഴുതിയതാണ്. കഥയിലെ അത്രയും സ്ത്രീകഥാപാത്രങ്ങൾ അവരുടെയെല്ലാം അവതാരോദ്ദേശ്യംപോലെ ഏറ്റവും ഒടുവിൽ പെഡ്രോ പരാമോയുടെ കാമുകിയിലേക്കും (ഭാര്യയിലേക്കും) വിലയം പ്രാപിക്കുന്നതും കാണാം. പുഴകൾ കടലിലേക്ക് വെട്ടിയപോലെ. എങ്കിൽ, ഹുവാൻ റൂൾഫോയുടെ നോവൽ പെഡ്രോ പരാമോ എന്ന ദുഷ്ടനായ പ്രഭുവിനെ കുറിച്ചല്ല; മറിച്ച്, അങ്ങനെയൊരാളെ മനുഷ്യജന്മത്തിന്റെ നിരാലംബമായ ഒരസ്തിത്വത്തിലേക്ക് എന്നന്നേയ്ക്കുമായി ദയാരഹിതമായി സ്ഥാപിക്കുക എന്നാകുന്നു. ആണിന്റെ ശിലാസ്മാരകം? ചിലപ്പോൾ.
ഹുവാൻ പ്രെസിയാഡോയുടെ അമ്മ മകനോട് പറഞ്ഞതും അതായിരിക്കണം: “അവിടെ നീ എന്നെ നന്നായി കേൾക്കും. ഞാൻ നിന്നോട് കൂടുതൽ അടുക്കും. എന്റെ മരണത്തിന്റെ ഒച്ചയേക്കാൾ ശക്തമായ എന്റെ ഓർമ്മകളുടെ ഒച്ച നീ കേൾക്കും - അതായത്, മരണത്തിന് എപ്പോഴെങ്കിലും ഒച്ച ഉണ്ടെങ്കിൽ”
നോവലിൽ മറ്റൊരിടത്ത് ആ ഒച്ചയെ റൂൾഫോ എഴുതിയിരിക്കുന്നുന്നത് ക്ഷീണിതമായ ഒന്ന് എന്നാണ്. കാരണം അത് മരിച്ച ആളുടെ ശബ്ദമാണ്. മാത്രമല്ല അതിനൊരുപാട് ദൂരം യാത്ര ചെയ്തുവേണം മകന്റെ (വായനക്ക്) കൂട്ടായി എത്താൻ.
മറ്റൊരിക്കൽ കുമ്പസാരക്കൂട്ടിനു മുമ്പിലെത്തിയ വൃദ്ധയായ ദോരോത്തിയുടെ സംഭാഷണം പാതിരി കേൾക്കുന്നതും അങ്ങനെയാണ്. അവളെ മദ്യം മണക്കുന്നുണ്ടായിരുന്നു. “ഞാൻ പാപം ചെയ്തിരിക്കുന്നു.” അവൾ പറയുന്നു. ഓരോ സമയവും കുമ്പസാരക്കൂട്ടിനുമുമ്പിൽ എത്തുന്ന ദോരോത്തി ഇപ്പോഴും ആവർത്തിച്ചു. അവളെ കുമ്പസാരിക്കുന്നതിൽ എത്രയോ തവണ പാതിരി വിലക്കിയിട്ടുണ്ട്. ആ പാപഭാഷണം പാതിരിക്ക് (പള്ളിക്ക്) താങ്ങാനാകാഞ്ഞിട്ടല്ല; അതിന്റെ ആവർത്തനം വിപുലീകരിക്കുന്ന തന്റെ തന്നെ പ്രവൃത്തിയുടെ വിഫലത ഓർത്ത് അയാൾ ദുഖിതനാകുന്നു. ആ ഭാഗം നോവലിൽ അവസാനിക്കുന്നത് പാതിരിയുടെ ഈ വാക്കുകളിലൂടെയാണ്. "നിങ്ങളിൽ പാപം ഇല്ലെന്ന് തോന്നുന്ന ആർക്കും നാളെ വിശുദ്ധ കുർബാന സ്വീകരിക്കാം."
നോവലിന്റെ രൂപസവിശേഷതയായ സംഭാഷണങ്ങൾ, അതിന്റെ ധാരാളിത്തംകൊണ്ട് ചിലപ്പോൾ മുഷിപ്പിക്കുമെങ്കിലും, അവ മിക്കതും ഈ സ്ത്രീകൾക്കുവേണ്ടി എഴുതിയതാണ്. കഥയിലെ അത്രയും സ്ത്രീകഥാപാത്രങ്ങൾ അവരുടെയെല്ലാം അവതാരോദ്ദേശ്യംപോലെ ഏറ്റവും ഒടുവിൽ പെഡ്രോ പരാമോയുടെ കാമുകിയിലേക്കും (ഭാര്യയിലേക്കും) വിലയം പ്രാപിക്കുന്നതും കാണാം.
മരണം ഒരു അനുഗ്രഹമായിരുന്നെങ്കിൽ അത് പാഴ്സൽ ചെയ്യേണ്ടതില്ല. ആരും ദുഃഖം അന്വേഷിക്കുന്നില്ല. തങ്ങൾ ചെയ്ത പാപം ഓർത്ത് മരണകിടക്കയിൽ കിടക്കുന്ന ആരുടേയും ആത്മഗതം അതാണ്. ഒരു പക്ഷേ, കൊമാലയുടെ അവതരണംതന്നെ അങ്ങനെ ഒന്നാണ്. മരിച്ചവർ മടങ്ങി എത്തുന്ന സ്ഥലമാണ് അത്. അതാകട്ടെ, തങ്ങളുടെ ഓർമ്മയുടെ ഏതെങ്കിലും ഒരു ഭാഗത്തെ പൂരിപ്പിക്കാനോ വീണ്ടും ഓർക്കാനോ ആണ്. അല്ലെങ്കിൽ, നോവലിലെ എല്ലാ സംഭാഷണങ്ങളും ഒരേഒരാളെ ഓർത്താണ്: ഡോണാ സുസാനിതയെ. കുഴിമാടത്തിലെ തന്റെ ഉറക്കത്തിലും അവൾ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു. പലതും പറഞ്ഞുകൊണ്ടേ ഇരിക്കുന്നു. അവൾ പെഡ്രോ പരാമോയുടെ അവസാനത്തെ ഭാര്യയാണ്. ചിലർക്ക് അവൾ ഭ്രാന്തിയാണ്. ചിലർക്ക് അല്ല. സത്യമെന്തെന്നാൽ അവൾ ജീവിച്ചിരിക്കുമ്പോഴും തന്നോടു തന്നെയാണ് സംസാരിച്ചുകൊണ്ടിരുന്നത്. “ഞാൻ നരകത്തിൽ മാത്രം വിശ്വസിക്കുന്നു’’, സൂസന്ന ഒരിക്കൽ പറയുന്നുണ്ട്. അങ്ങനെപറഞ്ഞ് അവൾ കണ്ണുകൾ അടയ്ക്കുകയാണ്, നരകം കാണാനെന്നപോലെ.
അന്ന് അവളുടെ കിടപ്പുമുറിയിലേക്ക് ഫാദർ റെൻതെരീയ നിശ്ശബ്ദമായി പ്രവേശിച്ചുകൊണ്ട് പറയുന്നു; “എന്റെ കുഞ്ഞേ, ഞാൻ നിങ്ങളുടെ കമ്മ്യൂണിയനിലേക്ക് വന്നിരിക്കുകയാണ്.”
സൂസന്ന പാതി ഉറക്കത്തിലും പാതി സ്വപ്നത്തിലും അല്ലെങ്കിൽ മുഴുവൻ ബോധത്തിലും മുങ്ങിപ്പൊന്തുന്ന നിമിഷങ്ങളാണത്. അവൾ അച്ചനെ വിലക്കുന്നു; “പുറത്ത് പോ ഫാദർ.”
അവൾ പറയുന്നു.
“എന്നെക്കുറിച്ച് സ്വയം ആധി കൊള്ളേണ്ട, ഞാൻ സമാധാനത്തിലാണ്, നന്നായി ഉറങ്ങുകയാണ്.” അങ്ങനെ പറഞ്ഞ് അവൾ എഴുന്നേറ്റ് ഇരിക്കുന്നു. പിന്നെ തന്റെ വയറിലേക്ക് തന്നെത്തന്നെ അവസാനമായി ശ്വസിക്കാനെന്നപോലെ കുനിയുന്നു. കിടക്കയിലേക്ക് മരിച്ചുവീഴുന്നു.
കൊമാല ഉപേക്ഷിച്ചുപോയവരും കൊമാലയിൽ അവശേഷിച്ചവരും കാത്തിരുന്നത് പെഡ്രോ പരാമോയുടെ അന്ത്യമാണ്. കാരണം, അയാൾ അവർക്ക് വേണ്ടി തന്റെ ഭൂമിയും വസ്തുക്കളും ബാക്കിവെയ്ക്കാം എന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ വർഷങ്ങൾ കടന്നുപോയി, അയാൾ ജീവിച്ചു. മീഡിയ ലൂണയ്ക്ക് ചുറ്റുമുള്ള ദേശങ്ങളിലേക്ക് ഉറ്റുനോക്കിനിൽക്കുന്ന ഒരു നോക്കുകുത്തിപോലെ. കൃഷിസ്ഥലങ്ങളിൽ പക്ഷികളെയും മറ്റും പേടിപ്പിക്കാൻ വെയ്ക്കുന്ന കോലംപോലെ. അങ്ങനെയാണ് അന്ത്യമില്ലാത്ത മരണത്തെപ്പറ്റിയോ അന്ത്യമില്ലാത്ത ആഗ്രഹത്തെപ്പറ്റിയോ റൂൾഫോ എഴുതുന്നത്. പെഡ്രോ പരാമോ മരിച്ചുവീഴുന്നതും അയാൾ കൈവശംവച്ച ഭൂമിയെ ഓർമിപ്പിക്കുന്നതുപോലെയാണ്. ഒരു മുഴക്കത്തോടെ അയാൾ നിലത്തുവീണു, അവിടെ കിടന്നു, പാറക്കൂട്ടം പോലെ തകർന്നു..
ഹുവാൻ റൂൾഫോയുടെ നോവൽ, പെഡ്രോ പരാമോ, നമ്മുടെ നോവലുകളെയൊ കഥപറച്ചിലിനെയോ സ്വാധീനിച്ചിട്ടില്ല. ഒരു പക്ഷേ നമ്മുടെ കിടയറ്റ സോഷ്യൽ റിയലിസത്തിന്റെ വായനാബാങ്ക് അത്ര പ്രബലമായിരുന്നതുകൊണ്ടാകാം അത്. പിൽക്കാലത്ത് വന്ന ലാറ്റിനമേരിക്കൻ കൃതികളോടുള്ള പ്രണയപരവശമായ മോഹങ്ങളുടെ പുറത്ത് മറ്റൊരു ഭൂമണ്ഡലം പോലെയായിരുന്നു, പെഡ്രോ പരാമോ, നമുക്കും. ആവർത്തിക്കാൻ വയ്യാത്ത ഒരു കൃതി. എന്നാൽ, ആ നോവലിന്റെ രൂപം, ഭാഷ, നമ്മുടെ നോവൽവായനയെ ഒരു ദുഃസ്വപ്നംപോലെ സന്ദർശിച്ചുകൊണ്ടേയിരുന്നു.
അല്ലെങ്കിൽ, നോക്കൂ: ഖാലീദ്, നിരാശ്രയനായി മറ്റൊരു രാജ്യത്ത് കൊല്ലപ്പെട്ട എന്റെ പ്രിയപ്പെട്ട ചങ്ങാതി, അല്ലാഹുവിന്റെ അരികിലേക്ക് പോവുന്നതിനുംമുമ്പ് വായിച്ചു തീർത്ത ആ നോവൽ, ഭൂമിയിൽത്തന്നെ ഉപേക്ഷിച്ചു. ജീവിച്ചിരിക്കുന്നവരല്ല മരിച്ചവരാണ് മരണത്തെക്കുറിച്ച് കൂടുതൽ ഓർക്കുന്നത് എന്ന് പറയാൻ...