സ്ക്വിഡ് ഗെയിം: ദക്ഷിണകൊറിയൻ അഭി​നേതാക്കളുടെ ‘മരണക്കിണർ’ സമരവും നെറ്റ്ഫ്ലിക്സ് എന്ന കുത്തകയും

ദക്ഷിണ കൊറിയയിലെ അഭിനേതാക്കളുടെ സംഘടനയായ കൊറിയൻ ബ്രോഡ്കാസ്റ്റിംഗ് ആക്ടേഴ്സ് യൂണിയൻ ഒരു സമരത്തിൽ ഏർപ്പെടാൻ പോവുകയാണ്. മറുവശത്ത് നെറ്റ്ഫ്ലിക്സ് എന്ന ആഗോള കുത്തകയുമാണ്. സ്ക്വിഡ് ഗെയിം എന്ന ദക്ഷിണ കൊറിയൻ സീരീസിലൂടെ സ്വപ്നതുല്യമായ നേട്ടമുണ്ടാക്കിയിട്ടും നെറ്റ്ഫ്ലിക്സ് ഇതിന്റെ പങ്ക് അഭിനേതാക്കളുമായി പങ്കുവയ്ക്കുവാൻ തയ്യാറായിട്ടില്ല എന്നതാണ് സമരത്തിന്റെ മുഖ്യ കാരണങ്ങളിൽ ഒന്ന്.

ലോകത്തിന്റെ ഒരു കോണിൽ നടക്കുന്ന സമരം എങ്ങനെയാണ് മറ്റൊരു വിഭാഗം ജനങ്ങളെ സ്വാധീനിക്കുന്നത് എന്നത് കൗതുകകരമായി ചിലർക്കെങ്കിലും തോന്നാം, എന്നാൽ സർവ്വരാജ്യ തൊഴിലാളികളോട് സംഘടിക്കാനാവശ്യപ്പെട്ട ഒരു പ്രത്യയശാസ്ത്രത്തിന്റെ പരിധിയിൽ ചിന്തിച്ചാൽ ഇതിൽ യാതൊരു കൗതുകവുമില്ല. ദക്ഷിണ കൊറിയയിലെ അഭിനേതാക്കളുടെ സംഘടനയായ കൊറിയൻ ബ്രോഡ്കാസ്റ്റിംഗ് ആക്ടേഴ്സ് യൂണിയൻ ഒരു സമരത്തിൽ ഏർപ്പെടാൻ പോവുകയാണ്. മറുവശത്ത് നെറ്റ്ഫ്ലിക്സ് എന്ന ആഗോള കുത്തകയുമാണ്.

സ്ക്വിഡ് ഗെയിം എന്ന ദക്ഷിണ കൊറിയൻ സീരീസ് ലോകമെമ്പാടും വലിയ ഓളമാണുണ്ടാക്കിയത്. ഇത് നെറ്റ്ഫ്ലിക്സിലെ തന്നെ ഏറ്റവും മൂല്യമേറിയ ഷോകളിൽ ഒന്നാണ്. ഈ സീരീസിന്റെ കഥ തന്നെ തന്റെ സ്വന്തം ജീവിതത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളിലൂന്നിയുള്ള മുന്നോട്ടുപോക്കിൽനിന്ന് പ്രചോദനമുൾക്കൊണ്ട് എഴുതിയതാണ് എന്നാണ് ഷോയുടെ സൃഷ്ടാവ് പ്രതികരിച്ചത്. എന്നാൽ സ്ക്വിഡ് ഗെയിം എന്ന സീരീസ് സ്വപ്നതുല്യമായ നേട്ടങ്ങൾ നേടിയിട്ടും നെറ്റ്ഫ്ലിക്സ് ഈ നേട്ടങ്ങളുടെ പങ്ക് ഇതിലെ അഭിനേതാക്കളുമായി പങ്കുവയ്ക്കുവാൻ തയ്യാറായിട്ടില്ല എന്നതാണ് ഈ ഹോളിവുഡ് ആശയം ഉൾക്കൊണ്ട് നടത്താൻ പോകുന്ന സമരത്തിന്റെ മുഖ്യ കാരണങ്ങളിൽ ഒന്ന്.

Photo: Netflix
Photo: Netflix

സ്ക്രീൻ ആക്ടഴ്സ് ഗിൽഡ്, അമേരിക്കൻ ഫെഡറേഷൻ ഓഫ് ടെലിവിഷൻ ആൻഡ് റേഡിയോ ആർട്ടിസ്റ്റ്സ് എന്നീ സംഘടനകൾ ചേർന്നാണ് ഹോളിവുഡിൽ ഈ സമരത്തിന് ചുക്കാൻ പിടിക്കുന്നത്. ഓപ്പൺഹൈമർ എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളുടെ ഇടയിൽ സംവിധായകൻ ക്രിസ്റ്റഫർ നോളനും, സിനിമയിലെ കേന്ദ്ര കഥാപാത്രം കിലിയൻ മർഫിയും ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇവരുടെ സമരം മാന്യമായ ലാഭവിഹിതത്തിന്റെ വീതംവെയ്പ്പിനെ ചൊല്ലിയാണെങ്കിൽ ദക്ഷിണ കൊറിയയിൽ സിനിമാ തൊഴിലാളികൾ സമരത്തിനിറങ്ങാൻ പോകുന്നത് മാന്യമായ ശമ്പളം ആവശ്യപ്പെട്ടുകൊണ്ടാണ്.

തങ്ങൾക്കും കൂടി അവകാശപ്പെട്ട residual, അഥവാ ലാഭവിഹിതം, മാന്യമായ ശമ്പളം എന്നിവ നൽകണം എന്നാവശ്യപ്പെട്ട് യൂണിയൻ അംഗങ്ങൾ നെറ്റ്ഫ്ലിക്സ് മാനേജ്മെന്റിനെ സമീപിക്കാൻ ശ്രമിച്ചതാണ്, എന്നാൽ നിരാശയായിരുന്നു ഫലം. അമേരിക്കൻ, അല്ലെങ്കിൽ ബ്രിട്ടീഷ് അഭിനേതാക്കൾ ഒരു എപ്പിസോഡിൽനിന്ന് കനത്ത ലാഭമുണ്ടാക്കുമ്പോൾ, ഒരു ദക്ഷിണ കൊറിയൻ അഭിനേതാവിന് ആകെ ലഭിക്കുന്നത് കേവലം $ 300 ആണ്.

സോങ് ചാങ് ഗോണ്
സോങ് ചാങ് ഗോണ്

അഭിനേതാക്കളുടെ സംഘടനയായ KBAU- വിന്റെ പ്രസിഡന്റ് സോങ് ചാങ് ഗോണിന്റെ അഭിപ്രായത്തിൽ ദക്ഷിണ കൊറിയൻ സിനിമാ മേഖലയിൽ ചില ചില അടിസ്ഥാന നിയമങ്ങൾ കൊണ്ടുവരേണ്ടത് ആവശ്യമാണ്. നിലവിലെ സാഹചര്യത്തിൽ, അഭിനയിച്ച രംഗം എയർ ചെയ്തുവെങ്കിൽ മാത്രമേ അഭിനേതാക്കൾക്ക് തങ്ങളുടെ അധ്വാനഫലമായി ന്യായമായും ലഭിക്കേണ്ട പ്രതിഫലം പോലും ലഭിക്കുകയുള്ളൂ. മാർക്സിസ്റ്റ് കാഴ്ചപ്പാടിൽ പറഞ്ഞാൽ, വാസ്തവത്തിൽ ഇവർ തങ്ങളുടെ തൊഴിൽ മേഖലയിൽ നിന്നും, അധ്വാനത്തിന്റെ ഫലത്തിൽ നിന്നും അന്യവൽക്കരിക്കപ്പെടുകയാണ് ചെയ്യുന്നത്.

കൊറിയൻ ഭാഷയിലുള്ള വിനോദപരിപാടികളുടെ പ്രത്യേകത, മറ്റ് ഭാഷകളെ അപേക്ഷിച്ചു നിർമ്മാണച്ചെലവ് വളരെ കുറവാണ് എന്നതാണ്. മറ്റ് ഭാഷകൾ പ്രണയം, ക്രൈം എന്നിങ്ങനെ പറഞ്ഞും കേട്ടും പഴകിയ ജോണറുകളിൽ തന്നെ ഒതുങ്ങിനിന്നപ്പോൾ കൊറിയൻ ഭാഷയിൽ നിന്ന്, മനുഷ്യരുടെ നിത്യജീവിത പ്രതിസന്ധികളെ കേന്ദ്രീകരിച്ചുള്ള സിനിമകളും സീരീസുകളും വന്നുകൊണ്ടേയിരുന്നു. സ്ക്വിഡ് ഗെയിം തന്നെ ഇതിനൊരുദാഹരണമാണ്.

പണക്കാർ തങ്ങളുടെ വിനോദത്തിന് പാവപ്പെട്ടവരുടെ വികാരങ്ങളും ജീവനും വെച്ചു കളിക്കുന്ന ഒരു മരണക്കിണർ കളിയുടെ കഥ പറയുന്ന സീരീസാണല്ലോ സ്ക്വിഡ് ഗെയിം. മാത്രമല്ല കൊറിയയിൽ നിന്നുള്ള ദൃശ്യാവിഷ്ക്കാരങ്ങൾക്ക് വളരെ കാലങ്ങളായി ലോകമെമ്പാടും സ്വീകാര്യതയുണ്ട്. കേരളത്തിൽ വരെ ദക്ഷിണ കൊറിയൻ സിനിമ- സീരീസുകളെ ആവേശത്തോടും താല്പര്യത്തോടും വീക്ഷിക്കുന്ന അത്ര ചെറുതല്ലാത്ത സമൂഹമുണ്ട്. വിഖ്യാത കൊറിയൻ സംവിധായകൻ കിം കി ഡുക്, തന്റെ സിനിമകൾക്ക് ലോകത്തിന്റെ ഇങ്ങേയറ്റത്തുള്ള കേരളത്തിൽ ഇത്രയും ആരാധകരുള്ളത് തന്നെ ഞെട്ടിച്ചു എന്ന് പ്രതികരിച്ചിട്ടുണ്ട്. 2020-ൽ ബാധിച്ച കോവിഡ് മഹാമാരിയും കൊറിയൻ സീരീസുകളിലേക്കും സിനിമകളിലേക്കും ജനങ്ങളെ ഒരുപാട് ആകർഷിച്ചിട്ടുണ്ട് എന്നതും വസ്തുതയാണ്.

കിം കി ഡുക്
കിം കി ഡുക്

അർഹമായ അംഗീകാരവും നഷ്ടപരിഹാരവും പ്രതിഫലവും ആവശ്യപ്പെട്ട് യൂണിയൻ പ്രതിനിധികൾ അയച്ച കത്തുകൾക്കും, ഇ- മെയിലുകൾക്കും നെറ്റ്ഫ്ലിക്സിന്റെ ഭാഗത്തുനിന്ന് ഒടുവിൽ ലഭിച്ച പ്രതികരണം തൊഴിലാളി വിരുദ്ധമായ ഒന്നായിരുന്നു; അഭിനേതാക്കളുടെ യൂണിയനുമായി ചർച്ച നടത്തേണ്ട ബാധ്യത തങ്ങൾക്കില്ല എന്ന മട്ടിൽ. ഇതിനെ സാധൂകരിക്കാൻ നെറ്റിഫ്ലിക്സ് നിരത്തുന്ന ന്യായം, അവർ അവരുടെ ആവശ്യാനുസരണം അഭിനേതാക്കളെ കൊറിയയിലെ പ്രാദേശിക കമ്പനികളിൽ നിന്നും പുറംകരാറിലൂടെയാണ് എടുക്കുന്നത് എന്നതാണ്.

അഭിനേതാക്കൾ ഉൾപ്പടെയുള്ള തൊഴിലാളികളുടെ കഠിനാദ്ധ്വാനവും അർപ്പണബോധവും കൂടി ചേർന്നാണ് നെറ്റ്ഫ്ലിക്സ് ഉൾപ്പടെയുള്ള ബ്രോഡ്കാസ്റ്റിംഗ് കമ്പനികൾ ലാഭം കൊയ്തത് എന്ന കാര്യം മറക്കരുത് എന്ന് സോങ് ആവശ്യപ്പെട്ടു. ഇത് അക്ഷരാർത്ഥത്തിൽ ശരിയുമാണ്, സ്ക്വിഡ് ഗെയിം നെറ്റ്ഫ്ലിക്സ് എന്ന സ്ട്രീമിങ് പ്ലാറ്റ്‌ഫോമിന് ഏകദേശം 900 മില്യൺ ഡോളറിന്റെ ലാഭമുണ്ടാക്കി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എല്ലാവരും സഹകരിച്ചാൽ ആഗോള തലത്തിൽ തന്നെ ഏകീകൃത വേതന സംവിധാനം നിലവിൽ കൊണ്ടുവരാൻ സാധിക്കും എന്നും ഭാവിയിൽ ഹോളിവുഡിലെ സ്ക്രീൻ ആക്ടഴ്സ് ഗിൽഡുമായും മറ്റു സിനിമാ പ്രവർത്തകരുടെ സംഘടനകളുമായും സംയുക്തവുമായി യോജിച്ച് സമരപരിപാടികളിലൂടെ തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ സാധിക്കും എന്നും ദക്ഷിണ കൊറിയയിലെ അഭിനേതാക്കളുടെ യൂണിയൻ പ്രത്യാശ പ്രകടിപ്പിക്കുന്നു.

ദക്ഷിണ കൊറിയ വലിയ തൊഴിലാളി പ്രക്ഷോഭങ്ങൾക്ക് സാക്ഷ്യം വഹിക്കാനിടയുണ്ട്. കഴിഞ്ഞ നാല് വർഷങ്ങൾക്കിടടയിൽ ആദ്യമായി സൗത്ത് കൊറിയയിലെ റെയിൽവേ തൊഴിലാളികളുടെ സംഘടനയായ ദി കൊറിയൻ റെയിൽവേ വർക്കേഴ്സ് യൂണിയൻ സമരത്തിലേക്ക് നീങ്ങി. അതുപോലെ, നിലവിലെ യൂൺ സുക് യൂൾ ഭരണകൂടത്തിനെതിരെ ഫെഡറേഷൻ ഓഫ് കൊറിയൻ ട്രേഡ് യൂണിയൻസും അതുപോലെ കൊറിയൻ കോൺഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻ എന്നിങ്ങനെ ദക്ഷിണ കൊറിയയിലെ രണ്ട് പ്രമുഖ തൊഴിലാളി സംഘടനകൾ അവരുടെ അതൃപ്തി പ്രകടിപ്പിച്ചുകഴിഞ്ഞു. ഫുകുഷിമ അണക്കെട്ടിലെ ആണവവികരണമേറ്റ ജലം ജപ്പാൻ കടലിലേക്ക് ഒഴിക്കിയതിനെതിരെ സമരം ചെയ്യുന്ന, തങ്ങളുടെ നിലനിൽപ്പിനെ തന്നെ ഈ നടപടി ബാധിക്കുമോ എന്ന ഭയത്താൽ, സമരം ചെയ്യുന്ന സാധാരണക്കാർ ഉത്തര കൊറിയയുടെ ഇംഗിതങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നവരാണ് എന്ന് മുദ്രകുത്താൻ ശ്രമിക്കുന്ന ദക്ഷിണ കൊറിയൻ ഭരണകൂടം ഈ സമരങ്ങളെയും പ്രക്ഷോഭങ്ങളെയും എങ്ങനെ കൈകാര്യം ചെയ്യും എന്നത് വളരെ ആശങ്കയോടെ മാത്രമേ നോക്കിക്കാണാനാകൂ.


Summary: South Korean actors in Netflix K-drama strike for better pay mirash cherian kurain


മിറാഷ്​ ചെറിയാൻ കുര്യൻ

എം.ജി യൂണിവേഴ്​സിറ്റിയിൽ സ്​കൂൾ ഓഫ്​ ഇൻറർനാഷനൽ റിലേഷൻസ്​ ആൻറ്​ പൊളിറ്റിക്​സിലെ കൊറിയ സെൻററിൽ റിസർച്ച്​ അസോസിയേറ്റ്​.

Comments