'Dahaad', സംഘ്​ പോർട്ടലുകളെ അസ്വസ്​ഥമാക്കുന്ന സീരീസ്​

'Dahaad' ഒരു സീരിയൽ കില്ലർ ഡ്രാമയാണെങ്കിലും വിവാഹത്തിന്റെ പേരിലുള്ള സാമൂഹിക സമ്മർദ്ദം സ്ത്രീകളെ എത്രമാത്രം ദുർബലരാക്കുന്നു എന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഈ സീരിസിന്റെ പ്രാധാന്യവും അതുതന്നെയാണ്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും അവകാശത്തിനും ഊന്നൽ നൽകി​ക്കൊണ്ടുള്ള ഈ സീരിസ് ആരും മിസ്സ്‌ചെയ്യരുത്.

നിലവിലെ ഇന്ത്യൻ രാഷ്ട്രീയം, അതിന്റെ സ്വാഭാവികമായ ജീർണത, ജാതീയത, ഇസ്​ലാമോഫോബിയ, വ്യാജവാർത്തകളുടെ പ്രചാരം, സെൻസേഷണലിസ്റ്റ് ജേണലിസം, മാധ്യമ വ്യവസായത്തിന്റെ കോർപ്പറേറ്റൈസേഷൻ, മാധ്യമ പ്രവർത്തകരുടെ ലെഫ്റ്റ് ലിബറൽ ഇമേജുകളുടെ പൊള്ളത്തരം, സി.ബി.ഐ അടക്കമുള്ള ഏജന്‍സികളുടെ ഉപജാപങ്ങൾ, ഇന്ത്യൻ പോലീസ് ഫോഴ്‌സിനുള്ളിൽ, മുസ്​ലിം ആയതിനാൽ ഉദ്യോഗസ്ഥർ പതിവായി അഭിമുഖീകരിക്കുന്ന വിവേചനങ്ങൾ, ബീഫിന്റെ പേരിലുള്ള കൊലകൾ തുടങ്ങിയ ഗൗരവമുള്ള വിഷയങ്ങൾ കൈകാര്യം ചെയ്ത് ആമസോൺ പ്രൈമിൽ ഇറങ്ങിയ സീരീസ് ആയിരുന്നു 'Paatal Lok' Reflection of India എന്ന് വേണേൽ ആ സീരിസിനെ വിശേഷിപ്പിക്കാം..

'Paatal lok' ന് ശേഷം ഇന്ത്യൻ സാമൂഹ്യ ജീവിതത്തിൽ ഇന്നും ജാതിയുടെ പ്രഭാവം എത്രമാത്രം ശക്തമാണെന്ന് വ്യക്തമാക്കുന്നൊരു സീരീസ് ആമസോൺ പ്രൈമിലുണ്ട്. രാജസ്ഥാനിലെ മണ്ഡാവ എന്ന ചെറു പട്ടണവും അവിടുത്തെ ഭൂ പ്രകൃതിയും പുരാതനവും ജീർണതയുള്ളതുമായ കെട്ടിടങ്ങളും ഒപ്പിയെടുത്ത് മനോഹരമായ ഒരു സ്ലോ പേസ് മിസ്റ്ററി ത്രില്ലർ ഒരുക്കിയിരിക്കുകയാണ് 'Dahaad' ലൂടെ റീമ കാഗ്ടിയും കൂട്ടരും.

രാജസ്ഥാനിലെ സാമൂഹിക സാഹചര്യങ്ങൾ വ്യക്തമായി കാണിച്ചാണ്​ സീരീസ് മുന്നോട്ടു പോകുന്നത്. ജാതി, ദാരിദ്ര്യം, സ്ത്രീധനം, വിവാഹം തുടങ്ങി നിരവധി സാമൂഹ്യ പ്രശ്നങ്ങള്‍ ചർച്ച ചെയ്യുന്നുണ്ട് 'Dahaad'.

പ്രണയങ്ങളിൽ മുസ്‌ലിം പുരുഷനാണ് അപ്പുറത്തെങ്കിൽ ഹിന്ദുത്വ യുക്തിയിലുള്ള ലവ് ജിഹാദ് ആരോപണങ്ങൾ, അതിനെതുടർന്നുള്ള ഹിന്ദുത്വ ഫാഷിസ്റ്റ് സംഘടനകളുടെ ആൾക്കൂട്ട ആക്രമണങ്ങൾ - പ്രതിഷേധങ്ങൾ, പോലീസിലെ ജാതി അവഹേളനങ്ങളും അവഗണനകളും, നീതി നിഷേധങ്ങള്‍… അങ്ങനെയൊരു ടിപ്പിക്കൽ ഇന്ത്യൻ മിനിയേച്ചർ തന്നെയാണ് രാജസ്ഥാൻ ഭൂമികയിലൂടെ 'Dahaad' കാട്ടിത്തരുന്നത്.

കീഴ്ജാതിക്കാരിയായ ഉദ്യോഗസ്ഥയ്ക്ക് എത്ര ഉയർന്ന റാങ്ക് പദവിയുണ്ടായിട്ടും ഫലമില്ല. അവർ കടന്നുപോകുമ്പോഴെല്ലാം ചന്ദനത്തിരി കത്തിച്ച്​ ‘ശുദ്ധീകരിക്കു’ന്ന സിവില്‍ പോലീസ് ഓഫീസര്‍മാരും ജാതിമേൽക്കോയ്മയിൽ ഊറ്റം കൊള്ളുന്ന പ്രമാണിമാരുമുള്ളപ്പോൾ ഭരണഘടനയിലും നിയമവ്യവസ്ഥയിലുമൂന്നിനിന്ന്​ ‘നിങ്ങളുടെയൊക്കെ പാരമ്പര്യത്തിന്റെ കാലം കഴിഞ്ഞു’ എന്ന് ധീരതയോടെ പറഞ്ഞുകൊണ്ടു മാത്രമേ മുന്നോട്ടുപോകാനാകൂ എന്ന്​ സീരീസ് കാട്ടി തരുന്നുണ്ട്.

എങ്ങനെയൊക്കെയാണ് സവർണ ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയ വക്താക്കൾ ഒരു പെണ്‍കുട്ടിയുടെ തിരോധാനം ലവ് ജിഹാദാക്കി മാറ്റി വോട്ട് പിടിക്കാന്‍ ശ്രമിക്കുന്നതെന്നും അതിനുവേണ്ടി പോലീസ് മെഷിനറിയെ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്നും സീരിസിൽ അടയാളപ്പെടുത്തുന്നു.

ജാതിഅഹങ്കാരവും യാഥാസ്ഥിതികതയും നിറഞ്ഞു നിൽക്കുന്ന ചെറുപട്ടണത്തിന്റെ ചുറ്റുപാടിൽ പെൺമക്കളെ വിവാഹം കഴിക്കാൻ നിർബന്ധിക്കുന്ന മാതാപിതാക്കളുള്ള ഒരു സ്ത്രീക്ക് അവിവാഹിതയായി തുടരാനുള്ള തിരഞ്ഞെടുപ്പ് അവഗണിക്കപ്പെടുകയാണ്​. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന സ്ത്രീകളുടെ പരാധീനതകളും ഗതികേടുകളും മുതലെടുത്ത്​ വിവേകത്തിന്റെയും പുരോഗമനാത്മകതയുടെ മുഖം മൂടിയിട്ട്​ ഒരു സീരിയൽ കില്ലർ (ക്ലാസിക് കില്ലർ) കടന്നു വരുന്നതും അയാളെ കണ്ടെത്താനുള്ള ശ്രമങ്ങളുമാണ് സീരീസിന്റെ ഉള്ളടക്കം.

സീറ്റ്‌ എഡ്ജ് സസ്‌പെൻസുകളോ വലിയ ട്വിസ്റ്റുകളോ ഒന്നുമില്ലാത്ത പ്രെഡിക്‌റ്റബിൾ ആയ ഒരു ഇൻവെസ്റ്റിഗേഷനാണ് എട്ട് എപ്പിസോഡുള്ള ഈ സീരിസ്. എങ്കിലും എൻഗേജിങ് ആയ എന്തോ മാജിക് ഉണ്ടിതിൽ. മിക്ക ക്രൈം ത്രില്ലർ സിനിമ /സീരീസ് ഒക്കെ കാണിക്കുന്നതുപോലെ, അന്വേഷണ ഉദ്യോഗസ്ഥന്റെ വ്യക്തിജീവിതവും അതിലെ വിഷമതകളുമൊക്കെ സമാന്തരമായി ഇതിലും കാണിക്കുന്നുണ്ട്. പെൺമക്കൾക്കും ആൺമക്കൾക്കും തുല്യ പ്രാധാന്യം നൽകി വളർന്നുവളരേണ്ട സവിശേഷ സാഹചര്യം ഒരുക്കിയെടുക്കേണ്ടതിന്റെ ആവശ്യകത സീരിസ് പറഞ്ഞുവെക്കുന്നു.

'Paatal lok' ഇറങ്ങിയ സമയത്ത് Imdb യിൽ '1' സ്റ്റാർ വാരിയെറിഞ്ഞ്​ സംഘപരിവാർ ഹാൻഡിലുകൾ degrading campaign തുടങ്ങിയിരുന്നു. അവരെ അസ്വസ്ഥമാക്കുന്ന എന്തോ ഒന്ന് ഈ സീരിസിലുമുണ്ട്​ എന്നതിന്റെ തെളിവാണ് 'opIndia ' പോലുള്ള സംഘ് പോർട്ടലുകളിൽ, ‘ലൗ ജിഹാദിനെ വെള്ളപൂശൂന്ന, സവർണ ഹിന്ദുക്കളെ പൈശാചികവൽക്കരിക്കുന്ന ഒരു ഹിന്ദു വിരുദ്ധ സീരീസാണ് Daahad’ എന്ന മുറവിളി.

കർണാടകയിൽ നടന്ന സയനൈഡ്​ മോഹനൻ എന്ന സീരിയൽ കില്ലറുടെ യഥാർത്ഥ സംഭവ കഥ രാജസ്ഥാൻ പശ്ചാത്തലത്തിലേക്ക് പറിച്ചുനട്ടിരിക്കുകയാണ്​.​ കാമറക്കുപിന്നില്‍ റീമ കഗ്ടി, സോയ അക്തര്‍, രുചിക ഒബ്‌റോയ് തുടങ്ങിയവർ തിളങ്ങിയപ്പോൾ അഭിനേതാക്കളിൽ സോനാക്ഷി സിൻഹ അതിശയിപ്പിച്ചു. വിജയ് വർമ തന്റെ റേഞ്ച് ഒന്നുകൂടി അടിവരയിട്ടു ഉറപ്പിച്ചു.

'Dahaad' ഒരു സീരിയൽ കില്ലർ ഡ്രാമയാണെങ്കിലും വിവാഹത്തിന്റെ പേരിലുള്ള സാമൂഹിക സമ്മർദ്ദം സ്ത്രീകളെ എത്രമാത്രം ദുർബലരാക്കുന്നു എന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഈ സീരിസിന്റെ പ്രാധാന്യവും അതുതന്നെയാണ്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും അവകാശത്തിനും ഊന്നൽ നൽകികൊണ്ടുള്ള ഈ സീരിസ് ആരും മിസ്​ ചെയ്യരുത്.

Comments