2011 -ൽ ഇ.എസ്.പി.എൻ നിർമിച്ച് മൈക്കിൾ സിംബലിസ്റ്റ്, ജെഫ് സിംബലിസ്റ്റ് എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ഡോക്യുമെൻററിയാണ് "TWO ESCOBARS".
പേരു സൂചിപ്പിക്കുന്നപോലെ, ചരിത്രത്തിൽ ഇടംപിടിച്ച രണ്ട് എസ്‌കോബാറുകളെ കുറിച്ചാണ് ഇതിൽ പറയുന്നത്.
ഒന്ന്, ലോകം കണ്ട ഏറ്റവും ധനികനായ കുറ്റവാളി പാബ്ലോ എസ്‌കോബാർ.
രണ്ട്, ഫുട്ബോളിലെ ദുരന്തനായകനായ ആന്ദ്രേ എസ്‌കോബാർ. പേരുകൊണ്ട് സാമ്യമുള്ള ഇവരുടെ കഥ സമാന്തരമായി പറയുന്ന രീതിയാണ് ഡോക്യുമെൻററിയിലുടനീളം.
കൊളംബിയൻ മിഡിൽ ക്ലാസ് ജീവിത സാഹചര്യങ്ങളിൽനിന്ന്, ലോകം കണ്ട ഏറ്റവും പണക്കാരനായ കുറ്റവാളിയായി മാറിയ പാബ്ലോക്ക് ക്രൂരനാണ്, മയക്കുമരുന്നിലൂടെ ലോകത്തെ കീഴടക്കി ആൾ തുടങ്ങിയ വിശേഷണങ്ങളുണ്ടെങ്കിലും കൊളംബിയക്ക് ഇയാളുടെ സമ്പത്ത് പല നിലയ്ക്കും ഗുണകരമായിരുന്നു. പാവപ്പെട്ടവരുടെ ജീവിതസാഹചര്യം ഉയർത്തുന്നതിനുള്ള പരിപാടികൾക്കൊപ്പം സ്കൂളുകൾ, ആശുപത്രികൾ , ഫുട്ബാൾ സ്റ്റേഡിയം എന്നിവ കൂടി ‘ഡ്രഗ് മണി’ എന്ന് മാറ്റിനിർത്തപ്പെട്ടിരുന്ന പണം കൊണ്ട് ഇയാൾ സാധിച്ചെടുത്തു.
ഡ്രഗ് ബിസിനസിലൂടെ ലഭിച്ചിരുന്ന മില്യൺ കണക്കിന് കള്ളപ്പണം വെളുപ്പിച്ചെടുക്കുക എന്ന ദൗത്യത്തിന് പാബ്ലോയും പാബ്ലോയുടെ നേതൃത്വത്തിലുള്ള മെഡലിൻ കാർട്ടലും കണ്ടെത്തിയ മാർഗമായിരുന്നു ഫുട്ബാൾ. ഒരു ഫുട്ബാൾ ടീമിന്റെ ഓണർഷിപ്പ് നേടിയെടുക്കുന്നതിലൂടെ പാബ്ലോ തന്റെ ലക്ഷ്യം നേടുകയായിരുന്നു. യൂറോപ്പിലെ വമ്പൻ പ്ലെയേഴ്സിനെ പാബ്ലോയുടെ ക്ലബിനുവേണ്ടി കളിപ്പിച്ചും ടീമിലുള്ള മികച്ച താരങ്ങളെ വൻ തുക കൊടുത്ത് നിലനിർത്തുകയും ചെയ്ത്, വെളുപ്പിക്കൽ പ്രക്രിയ നല്ല രീതിയിൽ തുടർന്നു.
എന്നാൽ കൊളംബിയിലെ മറ്റ് ഡ്രഗ് കാർട്ടലുകളും മറ്റു ടീമുകളെ ഏറ്റെടുത്ത് ഈ രീതി തന്നെ അവലംബിച്ചതോടെ ലീഗ് ഫുട്ബാൾ മത്സരങ്ങൾ ഡ്രഗ് കാർട്ടലുകളുടെ ചേരിതിരിഞ്ഞ പോരായി മാറി. സ്വന്തം ടീമിനെതിരെ നിലപാടെടുത്ത ഒരു റഫറിയെ പാബ്ലോ കൊന്നൊടുക്കിയ കഥ ഈ കൊലപാതക കഥയിലെ ഒരേടാണ്. എന്നാൽ ഈ ചോരക്കളിയിൽ അവർ ശ്രദ്ധിക്കാതെ പോയ ഒന്നാണ്, ഡ്രഗ് കാർട്ടലുകളുടെ പോരിൽ ഇവർ ലോക ജനതക്കു മുന്നിൽ കൂടുതൽ വെളിപ്പെട്ടുവരികയായിരുന്നു എന്നത്.
ഫുട്ബോൾ എന്ന കണ്ണി തന്നെയാണ് പാബ്ലോ എസ്‌കോബാറിനെ ആന്ദ്രേ എസ്‌കോബാറുമായി ബന്ധിപ്പിക്കുന്നതും. 1967- ൽ പാബ്ലോയുടെ അതേ പട്ടണമായ മെഡലിനിലാണ് ആന്ദ്രേ എസ്‌കോബാറിന്റെയും ജനനം. ചെറുപ്പത്തിൽ സ്കൂൾ ടീമുകളിലും മറ്റും സജീവ സാന്നിധ്യമായിരുന്ന ആന്ദ്രേ, മെഡലിനിലെ ലോക്കൽ ക്ലബ്ബുകളിൽ ഒരുപാട് നാൾ കളിച്ചശേഷമാണ് കൊളംബിയൻ മേജർ ലീഗ് ടീമുകളിലേക്കും നാഷണൽ ടീമിലേക്കും സെലക്ട് ചെയ്യപ്പെട്ടത്. കളിക്കളത്തിന് പുറത്തും അകത്തും മാന്യമായ സ്വഭാവത്തിനുടമയായ ആന്ദ്രേക്ക് ‘The Gentlemen’ എന്ന വിശേഷണവുമുണ്ടായിരുന്നു. ലോകത്തിലെ തന്നെ കൊക്കെയിൻ വിപണി എന്ന് പുറത്തറിയപ്പെട്ട കൊളംബിയയുടെ ചീത്തപ്പേര് ഫുട്ബോളിലൂടെ തിരുത്തിക്കുറിക്കണമെന്ന് ആന്ദ്രേ ആഗ്രഹിച്ചു.
ബിസിനസ് അവസാനിപ്പിച്ച്, കീഴടങ്ങി, സ്വയം നിർമിച്ച ആഡംബര ജയിലിൽ താമസിക്കാമെന്ന ഉടമ്പടി പാബ്ലോ 1991-ൽ സർക്കാറിനുമുന്നിൽ വച്ചു. സർക്കാർ അത് അംഗീകരിച്ചു. എന്നാൽ ഉടമ്പടി ലംഘിച്ച് പാബ്ലോ ജയിലിനഅകത്ത് രണ്ടു പേരെ കൊലപ്പെടുത്തി. ഉടമ്പടി തകർത്തതിനെ തുടർന്ന് കൊളംബിയൻ ഗവണ്മെൻറ് വീണ്ടും പാബ്ലോക്കെതിരെ തിരിയുകയും പാബ്ലോ ജയിലിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു.
അമേരിക്കയുടെ നിർബന്ധം കൊണ്ടുമാത്രമാണ് പാബ്ലോ എന്ന കൊളംബിയയുടെ ‘വീരനായകനെ’തിരെ അവിടത്തെ ഗവണ്മെൻറ് തിരിഞ്ഞത്. കൊളംബിയുടെ പരോമോന്നത പദവിയിലെത്തുക എന്ന പാബ്ലോയുടെ ചിരകാല സ്വപങ്ങളിൽ ഒന്ന് ഇതിന് ആക്കം കൂട്ടുകയും ചെയ്തു. നീണ്ട കാലത്തെ ഒളിവിനുശേഷം 1993 ഡിസംബർ രണ്ടിന് കൊളംബിയൻ- അമേരിക്കൻ പോലീസ് നടത്തിയ സംയുക്ത നീക്കത്തിൽ പാബ്ലോ വീണു, ഷൂട്ട് ഔട്ടിൽ അയാൾ മരിച്ചു.
പാബ്ലോയുടെ മരണം മെഡലിനിൽ അലയടിച്ചത് മറ്റൊരു രീതിയിലായിരുന്നു. കൊല്ലും കൊലയും നഗരത്തിൽ വൻതോതിൽ വർദ്ധിച്ചു. പണ്ട് പാബ്ലോയുടെ നിർദ്ദേശപ്രകാരം മാത്രം നടന്നിരുന്ന പല കാര്യങ്ങളും പിന്നീട് പലരും സ്വന്തം ഇഷ്ട പ്രകാരം ചെയ്യാൻ തുടങ്ങി. പാബ്ലോ ഉണ്ടായിരുന്നതിനെക്കാൾ പതിന്മടങ്ങ് നഗരം കുപ്രസിദ്ധമായി. എന്തും നടക്കുന്ന നഗരം എന്ന വിശേഷണം വന്നുചേർന്നു. പാബ്ലോ ‘അടുക്കും ചിട്ടയോടും’ നടത്തിയിരുന്ന ആ അധോലോകം നാഥനില്ലാക്കളരിയായതോടെ പല രീതിയിലും അത് നഗരത്തെ കാർന്നുതിന്നു.
1994 ലോകകപ്പിൽ ലോകം തന്നെ പ്രതീക്ഷയർപ്പിച്ച, യൂറോപ്പിലെ ഏറ്റവും മികച്ച ടീം ആയിരുന്നു കൊളംബിയ. ലോകകപ്പ് നേടാൻ ബ്രസീലിയൻ താരം പെലെ അടക്കം പ്രമുഖർ സാധ്യത കൽപ്പിച്ച ടീം. എന്നാൽ പ്രതീക്ഷകളെ തകിടം മറിച്ചായിരുന്നു കൊളംബിയുടെ തുടക്കം. ആദ്യ കളി റുമാനിയയുമായി ഞെട്ടിക്കുന്ന 3 -1 തോൽവി. നിർണായകമായ രണ്ടാം മത്സരം ദുർബലരായ യു.എസ്.എയുമായി. ഈ കളിയാണ് പിന്നീട് ആന്ദ്രേ എസ്‌കോബാറിന്റെ ജീവിതത്തിലും, ഫുട്ബോൾ ചരിത്രത്തിലും ഞെട്ടിപ്പിക്കുന്ന ദിനമായി മാറിയത്. കളി തുടങ്ങി 35ാം മിനിറ്റിൽ ലെഫ്റ്റ് വിങ്ങിൽ നിന്നുവന്ന ക്രോസ് ക്ലിയർ ചെയ്യുന്നതിനിടക്ക്, ആന്ദ്രേ എസ്‌കോബാറിന്റെ ശരീരത്തിലിടിച്ച് സെൽഫ് ഗോളായി. ഫുട്ബോളിലെ ഏറ്റവും വലിയ പിഴവുകളിലൊന്ന്. ആന്ദ്രേക്ക് അതിന് വലിയ വില കൊടുക്കേണ്ടിവന്നു.
ആ മത്സരത്തിൽ 2-1 ന് തോറ്റ് കൊളംബിയ ലോക കപ്പിൽ നിന്ന് പുറത്തായി. അവസാന ഗ്രൂപ്പ് മത്സരത്തിൽ സ്വിറ്റ്സർലാന്റിനോട് വിജയിച്ച്, കൊളംബിയൻ ടീം നാട്ടിലേക്ക് മടങ്ങി. നാട്ടിലെ ത്തിയ കൊളംബിയൻ ടീമിന് തുടരെത്തുടരെ വധ ഭീഷണിയുണ്ടായി. പല ടീം അംഗങ്ങളും പോലീസ് പ്രൊട്ടക്ഷനിലായി. എന്നാൽ ഇവയെല്ലാം അവഗണിച്ച് ആന്ദ്രേ സ്വന്തം നാടായ മെഡലിനിലേക്ക് മടങ്ങി. ‘എന്തുതന്നെയായാലും ഞാൻ ജനങ്ങളെ മുഖം കാണിക്കേണ്ടവനാണ്’ എന്നുപറഞ്ഞ് വധഭീഷണികളെ ആന്ദ്രേ എസ്‌കോബാർ തള്ളിക്കളഞ്ഞു.
1994 ജൂലൈ രണ്ടിന് പുലർച്ചെ നൈറ്റ് ക്ലബിൽ നിന്ന് മടങ്ങുമ്പോൾ, പാർക്കിങ് ലോട്ടിൽ വച്ച് ആന്ദ്രേ എസ്‌കോബാറിനുമുന്നിൽ മൂന്ന് ആയുധധാരികൾ പ്രത്യക്ഷപ്പെട്ടു. അതിലൊരാൾ ‘ഗോൾ’ എന്നലറിവിളിച്ച്, ആന്ദ്രേ എസ്‌കോബാറിനു നേരെ നിറയൊഴിച്ചു. കൊളംബിയൻ ചരിത്രത്തിലെ മികച്ച കളിക്കാരന് ദാരുണാന്ത്യം. കൊലയാളിയായ ഹുബർട്ടോ മുനോസിനെയും സൂത്രധാരന്മാരായ ഗാലെൻ ഹെനോവോ ബ്രദേഴ്‌സിനെയും അറസ്റ്റ് ചെയ്തു.
എസ്‌കോബാറുകളുടെ ജീവിതം അവസാനിച്ചത് ഇങ്ങനെയാണ്. എന്നാൽ ഡോക്യുമെൻററി കഥ അവസാനിപ്പിക്കുന്നത് മറ്റൊരു രീതിയിലാണ്. ഒരു പക്ഷെ പാബ്ലോ എസ്‌കോബാർ മരിച്ചില്ലായിരുന്നെങ്കിലോ? അങ്ങനെയായിരുന്നെങ്കിൽ ആന്ദ്രേയുടെ ജീവിതം തെരുവിൽ പൊലിയേണ്ട അവസ്ഥയുണ്ടാകുമായിരുന്നില്ല.
പാബ്ലോയുടെ മരണവും പിന്നീട് മെഡലിനു വന്നുചേർന്ന കുത്തഴിഞ്ഞ അവസ്ഥയുമാണ് ഇങ്ങനെയൊരു ക്രൂരകൃത്യത്തിന് വഴിയൊരുക്കിയത് എന്ന് കൊളംബിയിലുള്ളവർ വിശ്വസിക്കുന്നു. കൊളംബിയക്കു മുന്നിൽ പാബ്ലോ അവസരങ്ങളും അധോലോകവും വച്ചുനീട്ടി. അതിൽ അവർ തിരഞ്ഞെടുത്തവ പലരുടെയും ഭാവിയും നിശ്ചയിച്ചു. പാബ്ലോയെ ഒരിക്കലും ഒരു വീര നായകനായി അവർ ചിത്രീകരിക്കുന്നില്ല. എന്നാൽ പാബ്ലോയുടെ ചെയ്തികൾ അവർക്ക് ഗുണമായും ഭവിച്ചിട്ടുണ്ട്. എങ്കിലും പാബ്ലോയുടെ മരണമുണ്ടാക്കിയ വിടവും പിന്നീട് നഗരത്തിലുണ്ടാക്കിയ ക്രമസമാധാന പ്രശ്നങ്ങളുടെ കുത്തൊഴുക്കുമാണ് പിന്നീട് നടന്ന ആന്ദ്രേ എസ്‌കോബാറിന്റെ കൊലപാതകമടക്കമുള്ള പല സംഭവങ്ങളുടെയും നിമിത്തമായത്. പാബ്ലോയുടെ മരണം എങ്ങനെ ആ നഗരത്തിന്റെയും അവിടുത്തെ മനുഷ്യരുടെയും ജീവിതത്തെ സ്വാധീനിച്ചു എന്ന് മറ്റൊരു വീക്ഷണകോണിലൂടെ കാണാൻ ശ്രമിക്കുകയാണ് ഈ ഡോക്യുമെൻററി, അവസാനത്തെ ഈ ചോദ്യത്തിലൂടെ: ‘IF PABLO HAD NOT DIED, IT WOULD HAVE CHANGED A LOT OF LIVES’.