രണ്ടാമൂഴം, ഖസാക്ക്, മൈ നെയിം ഈസ് റെഡ്;
സങ്കീർണ നോവലുകളുടെ വെബ് സീരീസ് സാധ്യതകൾ

“ഉംബർട്ടോ എക്കോയുടെ ‘ദ നെയിം ഓഫ് ദ റോസ്’, ‘ഓർഹാൻ പാമുക്കാന്റെ മൈ നെയിം ഈസ് റെഡ്’, എം.ടിയുടെ ‘രണ്ടാമൂഴം’, ഒ.വി വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ തുടങ്ങിയ സങ്കീർണമായ നോവലുകൾക്കെല്ലാം വഴക്കമുള്ള മീഡിയം ആയി വെബ് സീരിസുകൾ രൂപപ്പെട്ടു കഴിഞ്ഞു. നോവലുകൾക്ക് സിനിമയേക്കാളും സ്വീകാര്യമായ മീഡിയം വെബ് സീരീസാണ്” - നോവലുകൾ വെബ് സീരീസുകളാക്കി മാറ്റുമ്പോൾ ദൃശ്യഭാഷയിലുണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ച് പ്രേംകുമാർ. ആർ എഴുതുന്നു.

പ്രപഞ്ചമുണ്ടായത് ഒരു ശബ്ദത്തോടു കൂടിയായിരുന്നു. ബിഗ് ബാംഗ് പ്രപഞ്ചത്തോടൊപ്പം അതിന്റെ വിഷ്വലും പിറവികൊണ്ടു. ദൈവം എന്ന വാക്കിൽ ദൈവസങ്കല്പം ഭാവന അഥവാ ആർക്കൈവ് ചെയ്തതാണ് മനുഷ്യഭാവനയുടെ മറ്റൊരു മനോഹര സൃഷ്ടി. ദൈവം വാക്കിലില്ല എന്നറിഞ്ഞുകൊണ്ടുതന്നെ സന്ദേഹികളായി ദൈവഭാവനയോളം വരുന്ന വാക്കിൽ ദൈവമുണ്ടെന്ന് വിശ്വസിക്കുക. വാക്ക് ഒരു വിഷ്വൽ ആയി മാറുന്നു.

സിനിമയും വെബ് സീരീസും കാണുന്ന കാണികൾ ഒരു കണ്ണാടിയിലേക്കു നോക്കുകയാണെന്നും നോക്കുന്നവർ ആ കണ്ണാടിയിലില്ല എന്ന് വിശ്വസിക്കുകയും ചെയ്യുന്നു എന്ന് ലക്കാൻ. ഭാവനയെയും കാഴ്ചയേയും സ്വാനുഭവമായി അനുഭവിക്കുകയാണ്. ദൈവാനുഭവം ഭാവനയിലാണോ, ദൃശ്യനുഭവമാണോ ഇഫക്ടീവ് എന്ന മറുപടി പ്രസക്തമാണ്. നോവലും ദൃശ്യമാധ്യമവും ജനപ്രിയതയിൽ അത്രയേറെ മത്സരിക്കുന്നുണ്ട്.

നോവൽ മരിച്ചു എന്നത് നോവലിനോളം തന്നെ പഴക്കമുള്ള ആകാംക്ഷയാണ്. പിറവിക്കൊപ്പം മരണവും ജനിക്കുന്നു എന്നത് ജീവജാലങ്ങളെ മാത്രമല്ല വസ്തുക്കളെയും കലയെയും ബാധിക്കുന്ന ഒന്നാണ്. വെബ്സീരീസുകൾ എന്ന മീഡിയം ഉണ്ടാകുന്നതിനു മുന്നേ തന്നെ നോവലുകളുടെ അന്തകവിത്തുകളെക്കുറിച്ച് നിരവധി ചർച്ചകൾ ഉണ്ടായിട്ടുണ്ട്.

പ്രൈഡ് ആന്റ് പ്രെജുഡിസ് (1995)
പ്രൈഡ് ആന്റ് പ്രെജുഡിസ് (1995)

നോവലുകൾ വെബ് സീരീസുകളാകുമ്പോൾ നോവലുകൾ അപ്രത്യക്ഷമാകുമെന്നത് ഐഡിയോളജിക്കൽ ചായ് വുള്ള ഒരു പ്രവചനം മാത്രമാണ്. ഷംപത്തേരിയൻ ഗ്രോത്ത് (Schumpeterian Growth) എന്ന ഇക്കണോമിക് ഡിസ്ട്രക്ടീവ് കൺസ്ട്രക്ഷൻ തിയറി പ്രകാരം ഒരു മീഡിയം പൂർണ്ണമായും മറ്റൊരു മീഡിയമായി മാറുമ്പോഴാണ് നവസൗന്ദര്യമുള്ള കലകളുണ്ടാകുന്നതും നവ സാമ്പത്തിക കുതിപ്പ് സംഭവിക്കുന്നതും. (Economic growth that is driven by innovation and governed by the process of creative destruction).

നോവലുകളുടെ മരണം ഭയത്തേക്കാളും പ്രതീക്ഷയാണ് ഉണ്ടാക്കുന്നത്. വെബ് സീരീസ് കണ്ടുകഴിഞ്ഞ കാണി പിന്നീട് നോവൽ വായനയിലേർപ്പെട്ടുകൂടെന്നുമില്ല. നോവലുകൾക്ക് ഒരു പുനർവായന സാധ്യത ജനിക്കുന്നു.

ആ നിലയ്ക്ക് നോവലുകളുടെ മരണം ഭയത്തേക്കാളും പ്രതീക്ഷയാണ് ഉണ്ടാക്കുന്നത്. വായിച്ചതും വായിക്കാനാഗ്രഹിക്കുന്നതുമായ നോവലുകൾ വെബ് സീരീസുകളാകുമ്പോൾ കാണികളുടെ എണ്ണത്തിൽ വർദ്ധനയുണ്ടാകും. വായനക്കാരുടെ ടെയ്സ്റ്റ് പ്രവചനാതീതമാണ്. വെബ് സീരീസ് കണ്ടുകഴിഞ്ഞ കാണി പിന്നീട് നോവൽ വായനയിലേർപ്പെട്ടുകൂടെന്നുമില്ല. നോവലുകൾക്ക് ഒരു പുനർവായനാ സാധ്യത ജനിക്കുന്നു. പുതിയ കണ്ടുപിടുത്തങ്ങളിലും നവീകരണ പ്രവർത്തനങ്ങളിലും പൊതുബോധം സാംസ്കാരിക ഭാവനയെ പറത്തിവിടും എന്നാണല്ലോ. എന്നുപറഞ്ഞാൽ നമ്മുടെ ബാല്യകാലത്തു വായിച്ച അമർ ചിത്രകഥ, അമ്പിളിമാമൻ, ബോബനും മോളിയും, ഡിറ്റക്ടീവ് നോവലുകൾ തുടങ്ങി സകലതിനെയും വെബ്സീരീസ് ആയി കാണാനുള്ള ഗൃഹാതുരത ഏറിവരുന്നുണ്ട്.

നോവലിന് വെബ് സീരീസ് ശക്തമായ എതിരാളിയാണെന്ന് സങ്കല്പിക്കുമ്പോൾ തന്നെ നോവലിനോടുള്ള ഗൃഹാതുരത ഉണരും, വൈകാരികത ഉണർന്ന് ഉയിരെടുക്കും. പുസ്തകങ്ങളോടുള്ള പുസ്തക വായനയോടുള്ള വൈകാരിക അടുപ്പമാണതിന് കാരണം. പേപ്പറിന്റെ മണം, താളു മറിക്കൽ തുടങ്ങി ഗൃഹാതുരതയുടെ തുളുമ്പൽ അല്ലാതെ യുളിസസും/ലൈറ്റ്ഹൗസും വായിച്ചവരുടെ വിലാപമല്ല. അല്ലാതെ നോവൽ ഇല്ലാതാകുമോ എന്ന ഡിസപ്പിയറിംഗ് മിത്ത് (Disappearing Myth) ഉണ്ടാകാൻ മാത്രം പോപ്പുലർ കൾച്ചറിൽ സ്വാധീനം ചെലുത്താനുള്ള സൈക്കും ഭാവനയും നോവൽ വായനയായി വളർന്നപ്പോൾ ഉണ്ടായിട്ടില്ല എന്നു പറയാം.

‘ഏകാന്തതയുടെ നൂറ് വർഷങ്ങൾ’ എന്ന വെബ് സീരീസിൽനിന്ന്.
‘ഏകാന്തതയുടെ നൂറ് വർഷങ്ങൾ’ എന്ന വെബ് സീരീസിൽനിന്ന്.

എന്തിനാണ് നോവലുകൾ വായിക്കുന്നത്? വിനോദത്തിനുമാത്രമായി എന്നതാണ് സത്യസന്ധമായ ഉത്തരം. വിനോദത്തിനാണെങ്കിൽ നോവലുകൾ വായിക്കുന്നതെന്തിന്? വെബ് സീരീസുകളിലൂടെ കണ്ടാൽ പോരെ?! ജീവിതത്തിന് നേരിട്ട് കലയുമായി മറ്റു ബന്ധങ്ങളൊന്നുമില്ലല്ലോ! കല എന്താണെന്ന് എനിക്കറിയില്ല. എനിക്കുവേണ്ടത് എസ് പിയുടെ ഗാനമാണ് എന്ന് എനിക്കറിയാമെന്ന പക്ഷക്കാരാണ് കലയുടെ ആസ്വാദകരിലധികവും. വായിക്കണമെന്നില്ല കണ്ടാലും മതി എന്നർത്ഥം. അതൊരു കുറ്റമല്ല. നോവൽ വെബ്സീരീസായി വന്നാൽ കാണാൻ ആർത്തിപിടിച്ച് കാത്തിരിക്കുന്ന അനവധി പ്രേക്ഷകരുണ്ട്. നോവൽ വായനയുമായി അവർക്ക് ബന്ധമില്ല. അത് അവരുടെ പണിയുമല്ല. അതുകൊണ്ടു തന്നെ വായിക്കാനും മിനക്കെടാനുമായി ഒരു വർഗ്ഗമെന്നു പറഞ്ഞാൽ അത് അക്കാദമിക്കുകളും അറിവു സമ്പാദകരുമാകും. ഭാവനയെ പറത്തിവിടാൻ അവർക്ക് വായനക്കാരാകണമെന്നില്ല പ്രേക്ഷകരായാലും മതി.

നോവലിലെ ലോകവും ജീവിക്കുന്ന ലോകവും തമ്മിലുള്ള വിശാലത, വ്യത്യസ്ത വൈരുദ്ധ്യങ്ങൾ വായനക്കാരെ, പ്രത്യേകിച്ച് ഭാഷതന്നെ ഒരു ഐഡിയോളജിയാണെന്ന് വിശ്വസിക്കുന്ന വായനക്കാരെ മുഷിപ്പിക്കാം.

ജെയ്ൻ ഓസ്റ്റന്റെ ‘പ്രൈഡ് ആന്റ് പ്രെജൂഡിസ്’, മാർക്കേസിന്റെ ‘വൺ ഹൺഡ്രഡ് ഇയേഴ്സ് ഓഫ് സോളിറ്റ്യൂഡ്’, ഷേക്സ്പിയറുടെ ‘മച്ച് അഡു എബൗട്ട് നത്തിംഗ്’ തുടങ്ങിയ കൃതികളുടെ വെബ് സീരീസുകൾ ആരും കണ്ടുനോക്കും. ജെയിംസ് ജോയ്സിന്റെ ബോധധാരയിൽ പിറന്ന യുളീസസും ജീവിതത്തിൽ ഒരിക്കലും വായിച്ചില്ലെങ്കിലും കാണും. പ്രൂസ്റ്റിന്റെ ഘടാഘടിയൻ നോവലുകളും സീരീസാക്കാവുന്നതാണ്. ഉംബർട്ടോ എക്കോയുടെ ‘ദ നെയിം ഓഫ് ദ റോസ്’, ഓർഹാൻ പാമുക്കിന്റെ ‘മൈ നെയിം ഈസ് റെഡ്’, എം.ടിയുടെ ‘രണ്ടാമൂഴം’, ഒ.വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ തുടങ്ങിയ സങ്കീർണമായ നോവലുകൾക്കെല്ലാം വഴക്കമുള്ള മീഡിയമായി വെബ് സീരിസുകൾ രൂപപ്പെട്ടു കഴിഞ്ഞു. നോവലുകൾക്ക് സിനിമയേക്കാളും സ്വീകാര്യമായ മീഡിയം വെബ് സീരീസാണ്. അതിസങ്കീർണ്ണ ഘടനകളുള്ള നോവൽ രണ്ടു മണിക്കൂർ സിനിമയാക്കി പരിമിതപ്പെടുത്തുന്നതിലും മികച്ചത് വെബ് സീരീസുകളാക്കുന്നതാണ്.

നോവലുകൾ സിനിമയാക്കിയപ്പോൾ നോക്കുക. കസാൻദ്സാക്കീസിൻെറ നോവൽ ‘ലാസ്റ്റ് ടെംപ്റ്റേഷൻ ഓഫ് ക്രൈസ്റ്റ്’ മാർട്ടിൻ സ്കോർസസെ സിനിമയാക്കുന്നു. നോവലും സിനിമയും മികച്ചതാണെന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്. ‘പെഡ്രോ പരാമൊ’ സിനിമയാക്കി. നോവലും സിനിമയും കയ്യടിവാങ്ങി. റോബർട്ട് ഹാരിസിന്റെ ‘ദ ഗോസ്റ്റ്’ എന്ന നോവൽ റോമൻ പൊളാൻസ്കി സിനിമയാക്കിയപ്പോൾ (ഗോസ്റ്റ് റൈറ്റർ) നോവൽ സ്വീകരിക്കപ്പെട്ടപോലെ മികച്ച ദൃശ്യാനുഭവമായി സ്വീകരിക്കപ്പെട്ടു.

‘ലാസ്റ്റ് ടെംപ്റ്റേഷൻ ഓഫ് ക്രൈസ്റ്റ്’
‘ലാസ്റ്റ് ടെംപ്റ്റേഷൻ ഓഫ് ക്രൈസ്റ്റ്’

നിഹിലിസ്റ്റ് വാദം നോവലിന്റെ ബൃഹദ് നരേഷൻ നിരർത്ഥകമാണെന്ന് പറഞ്ഞുവെച്ചു. പോസ്റ്റ് മോഡേൺ നോവലുകൾ ആഖ്യാന ലളിത ട്രാക്ക് പിടിച്ചു. എന്നാൽ വെബ് സീരീസുകൾ വ്യാപകമായി വന്നുതുടങ്ങുമ്പോൾ കൂടുതൽ ഘടനാസങ്കീർണ്ണമായ നവ നോവൽ സാധ്യത തെളിയാനും അത്തരം നറേഷനുകൾക്ക് വഴക്കമുള്ള മീഡിയമായി വെബ് സീരീസുകൾ രൂപപ്പെടുകയും ചെയ്യുന്നുണ്ട്. പുതിയ മീഡിയ വരുമ്പോൾ മറ്റൊരു മീഡിയം അപ്രത്യക്ഷ്യമാകുമെന്ന മിത്ത് (Disappearing Myth) എല്ലാ കാലത്തും ടെക്നോളജിയുടെ വളർച്ചയും, വ്യാപനവുമായി ബന്ധപ്പെട്ട് സാമൂഹിക സാംസ്കാരിക സ്പേസുകളിൽ ഉണ്ടാക്കിയേക്കാവുന്ന സംഘർഷങ്ങളുടെ ആകാംക്ഷയാണ്. മിത്ത് ഓഫ് അദൃശ്യമാകൽ അല്ലെങ്കിൽ നോവലിന്റെ മരണം, ഇവ രണ്ടും ഒന്നാണ് ഒരുപോലെ പല കാലങ്ങളിലൂടെ ആവർത്തിച്ചുകൊണ്ടിരുന്ന ആകാംക്ഷയാണ്. പത്തൊൻപതാം നൂറ്റാണ്ടായപ്പോഴേക്കും നോവൽ ഇതര സാഹിത്യശാഖകളെ പിറകിലാക്കി ചുവന്ന പരവതാനി നീട്ടി വിരിച്ചിരുന്നു. നോവൽ ചെറുകഥകളെ വിഴുങ്ങിയില്ല. പുതിയ മീഡിയകളുടെ വളർച്ച സാസ്കാരിക തകർച്ചയും സാമൂഹിക വിപത്തുമായിട്ടല്ല സാധ്യതയായിട്ടും സങ്കല്പിക്കാവുന്നതാണ്. ഇതിനെ ടെക്നോളജി ഉട്ടോപ്യനിസം (Utopianism) എന്നു പറയുന്നവരോട് പറയാനുള്ളത് നിങ്ങൾ ഔട്ടോപ്യൻ (Outopian) ആകും എന്നത്രേ...? നിങ്ങൾ പുറത്താകുമെന്ന്.🫢

വെബ് സീരീസുകൾ നോവലുകളെ കൊന്ന് സീരിയൽ കില്ലറാകുമോ അതോ നോവലിനു തന്നെ പുതിയമാറ്റത്തിനു തുടക്കമാകുമോ എന്നറിയാൻ മിത്തിനെ പിന്തുടരുക.

നാടകത്തിന്റെ ടെക്സ്റ്റുകൾ നമുക്ക് വീണ്ടും നാടകമായി പുനഃസൃഷ്ടിക്കാം. നോവലുകൾ പുനരുദ്പാദന സാധ്യതയില്ലാത്ത ഒരു മെറ്റീരിലായിരിക്കെ വായനയും വായനക്കാരും മാത്രമാണ് അതിന്റെ പ്രചാരണചാലകം. പരിഭാഷയാണ് നോവലിന്റെ തൊഴിലുറപ്പു പ്രചാരണത്തിന് സ്വീകരിക്കാവുന്ന മറ്റൊരു മാർഗ്ഗം. പരിഭാഷപ്പെടുത്തിയ നോവലുകൾ കൈക്കുടന്നയിലെ വെള്ളം പോലെയാണ്. മൂലകൃതിയിൽ നിന്ന് ഏറെ മൂല്യ ചോർച്ച സംഭവിക്കാം. ബഷീറിന്റെ നോവലുകൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയപ്പോൾ സംഭവിച്ചതുപോലെ നോവലുകൾ വെബ് സീരിസുകളാകുമ്പോഴും ഈ മൂല്യത്തകർച്ചയുടെ സാധ്യത നിലനിൽക്കുന്നുണ്ട്. അത് നോവൽ വായനയെക്കാൾ മികച്ചതോ അതിലും നിലവാരമില്ലാത്ത ഒരു കാഴ്ചാനുഭവത്തിനുള്ള അറിഞ്ഞുകൊണ്ടുള്ള തലവെക്കലോ ആകാം. സിനിമ ആഴമുള്ള മീഡിയമല്ല എന്ന അഭിപ്രായം ശക്തമായി പിന്തുടരുന്നവർ നോവലിനെ നിരവധി എപിസോഡുകളോടു കൂടിയ വെബ് സീരീസായി മാറ്റുമ്പോൾ മൂലകൃതി അപകടത്തിലാക്കുന്നതിനോ അതിന്റെ നാശത്തിനോ എടുക്കുന്ന പണിയായി കണ്ടുകൊണ്ടാണ് അതിലേർപ്പെടുന്നത്. കാണികൾ സ്വീകരിക്കുന്നതും അതേ മനോഭാവത്തിലാണ്. ഓതന്റിസിറ്റി ചോർന്നു നഷ്ടപ്പെടാം എന്നതാണ് പ്രധാന ആരോപണം.

നോവലിലെ ലോകവും ജീവിക്കുന്ന ലോകവും തമ്മിലുള്ള വിശാലത, വ്യത്യസ്ത വൈരുദ്ധ്യങ്ങൾ വായനക്കാരെ, പ്രത്യേകിച്ച് ഭാഷതന്നെ ഒരു ഐഡിയോളജിയാണെന്ന് വിശ്വസിക്കുന്ന വായനക്കാരെ മുഷിപ്പിക്കാം. ഓരോ നോവലും അതിന്റെ വ്യത്യസ്ത സ്റ്റൈലുകൾ കൊണ്ടും വോയ്സിന്റെ സമ്മേളനങ്ങൾ കൊണ്ടും ഘടനാപരവും കലാരൂപപരവുമായ വ്യവസ്ഥ വളരെ വ്യത്യസ്തമായി രൂപപ്പെടുത്തിയിട്ടുണ്ട്. ചിന്തകളുടെ വ്യത്യസ്തകൾ നോവലുകളെ നവീകരിക്കുന്നതുപോല വെബ് സീരീസുകൾപോലുള്ള നവമാധ്യമങ്ങൾ ഉണ്ടായിവരുന്നത് ആശാവഹമായ കലാപ്രേരണകളെ സൃഷ്ടിക്കും. മിത്ത് യാഥാർത്ഥ്യമല്ല അയഥാർത്ഥവുമല്ല, എന്നാൽ ജീവിതവും മരണവുമാണത്.

വെബ് സീരീസുകൾ നോവലുകളെ കൊന്ന് സീരിയൽ കില്ലറാകുമോ അതോ നോവലിനു തന്നെ പുതിയമാറ്റത്തിനു തുടക്കമാകുമോ എന്നറിയാൻ മിത്തിനെ പിന്തുടരുക. കാറ്റിൽ അലിയുന്ന ഈണം, കൊതിപിടിപ്പിക്കുന്ന ഗന്ധം, വാസനാ സുഗന്ധം പാട്ടിനെ ഇല്ലാതാക്കുന്നില്ല, വിഭവങ്ങളെ കട്ടെടുക്കുന്നില്ല, പെർഫ്യൂമുകളെ നിർവീര്യമാക്കുന്നില്ല. അവയെല്ലാം കൂടുതൽ ഹൃദ്യമായി ആളുകളിലേക്ക് എത്തിക്കുകയാണ്. കാറ്റിൽ ചിലപ്പോൾ ചില ദുർഗന്ധങ്ങളും വരാറുണ്ട്. കല പലതുമായി കലരുന്ന കലർപ്പുകളുമാണ്.

NB: Poetry is the social act of the solitary man Panglossian and meliorists: ലോകപുരോഗതി ലോകത്തെ നയിക്കുമെന്ന് തീവ്ര ശുഭാപ്തി വിശ്വാസം. ഇനിയുള്ള കാലം ഈ ലോകം ഡാർക്ക് അടിക്കുന്നവർക്ക് ഉള്ളതല്ല.


Summary: Premkumar R writes about novels and web series. How visual language changes when novels becomes web series.


പ്രേംകുമാര്‍ ആര്‍.

ബ്ലസിയുടെ അസിസ്റ്റന്റ് ഡയറക്ടർ ആയി ഭ്രമരം സിനിമയിൽ പ്രവർത്തിച്ചു. പരസ്യചിത്രങ്ങൾ ഷോട്ട് ഫിലിമുകൾ ഡോക്യൂമെന്ററി ഫിലിം സംവിധാനം ചെയ്തിട്ടുണ്ട്. പരസ്യമേഖലയിൽ ക്രിയേറ്റീവ് ഡയറക്ടറായി തൊഴിൽ ചെയ്തുവരുന്നു. കുറച്ചുകാലം ടി.വി പോഗ്രാം ഡയറക്ടറായും പ്രവർത്തിച്ചു.

Comments