കർഷകർ ഭരണകൂടത്തെ
മുട്ടുകുത്തിച്ചത് എങ്ങനെ?
ഇനിയും സമരം തുടരുന്നത് എന്തിന്?
സമരം രാഷ്ട്രീയപാർട്ടികൾക്കുണ്ടാക്കുന്ന
പ്രത്യാഘാതങ്ങൾ എന്ത്?
കർഷകർ ഭരണകൂടത്തെ മുട്ടുകുത്തിച്ചത് എങ്ങനെ? ഇനിയും സമരം തുടരുന്നത് എന്തിന്? സമരം രാഷ്ട്രീയപാർട്ടികൾക്കുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ എന്ത്?
ഇന്ത്യ സാക്ഷിയായ ഏറ്റവും വലിയ ജനകീയ സമരങ്ങളില്‍ ഒന്ന് ലക്ഷ്യത്തിലേക്കു സഞ്ചരിച്ച വഴികള്‍, അഭിമുഖീകരിച്ച ആക്രമണങ്ങളും പ്രതിസന്ധികളും, സമരത്തിന്റെ ഭാവി, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അതുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ എന്നിവ സമഗ്രമായി വിലയിരുത്തപ്പെടുന്നു.
22 Nov 2021, 10:41 AM
മൂന്ന് കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തില്‍ വിശ്വാസമര്‍പ്പിച്ച് സമരത്തില്‍നിന്ന് പിന്മാറില്ലെന്ന് പ്രഖ്യാപിക്കുകയാണ് കര്‍ഷക സംഘടനകള്‍. ഡല്‍ഹി അതിര്‍ത്തിയില്‍നിന്ന് സമരം സംസ്ഥാനങ്ങളിലേക്ക് വിപുലമാക്കാനുള്ള പരിപാടികള്‍ സമരനേതാക്കള്‍ ട്രൂ കോപ്പി വെബ്‌സീനുമായി പങ്കുവെക്കുന്നു.
മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളെയും നേതാക്കന്മാരെയും മാറ്റിനിര്‍ത്തി ലക്ഷ്യത്തിലെത്തിച്ച കര്‍ഷക സമരത്തിന്റെ രാഷ്ട്രീയവും വെബ്‌സീന്‍ ചര്‍ച്ചയാക്കുകയാണ്. സംഘ്പരിവാറിന്റെയും ബി.ജെ.പിയുടെയും ഹിന്ദുത്വ- വിഭജന രാഷ്ട്രീയത്തിനും കോര്‍പറേറ്റിസത്തിനും എതിരായ ഒരു പുതിയ വര്‍ഗരാഷ്ട്രീയമാണ് ഈ സമരത്തിലൂടെ ഉയര്‍ന്നുവന്നത് എന്ന വാദം ഒരു ഭാഗത്തും എന്നാല്‍, പരമ്പരാഗത പാര്‍ട്ടികളെ മാറ്റിനിര്‍ത്തുകയും സമരത്തിന്റെ സ്ട്രാറ്റജി നേതൃത്വത്തില്‍നിന്ന് ജനം ഏറ്റെടുക്കുകയും നേതൃത്വത്തെ ജനം ടാക്റ്റിക്കലായി തെരഞ്ഞെടുക്കുകയും ചെയ്യുന്ന വര്‍ഗധ്രുവീകരണമാണ് സംഭവിച്ചിരിക്കുന്നതെന്ന വാദം മറുവശത്തുമുണ്ട്.
ഇന്ത്യ സാക്ഷിയായ ഏറ്റവും വലിയ ജനകീയ സമരങ്ങളില്‍ ഒന്ന് ലക്ഷ്യത്തിലേക്കു സഞ്ചരിച്ച വഴികള്‍, അഭിമുഖീകരിച്ച ആക്രമണങ്ങളും പ്രതിസന്ധികളും, സമരത്തിന്റെ ഭാവി, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അതുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ എന്നിവ സമഗ്രമായി വിലയിരുത്തപ്പെടുന്നു.
ഡോ. പി. സ്മിത: കര്‍ഷക പ്രക്ഷോഭങ്ങളിലെ അഭൂതപൂര്‍വ്വമായ സ്ത്രീ പങ്കാളിത്തത്തെ, അത് മുന്നോട്ടുവെക്കുന്ന ആശയത്തെ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ പ്രക്ഷോഭ നേതൃത്വത്തിന് സാധിച്ചുവോ എന്ന ചോദ്യവും പ്രസക്തമാണ്. പ്രക്ഷോഭത്തിന്റെ ഉയര്‍ന്ന നയരൂപീകരണ നേതൃത്വത്തിലടക്കം ഇപ്പോഴും സ്ത്രീകളുടെ പങ്കാളിത്തക്കുറവ് ഈ ചോദ്യം പ്രസക്തമാക്കുന്നുണ്ട്. കര്‍ഷക പ്രക്ഷോഭങ്ങളെ സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിലും, അവ മാധ്യമങ്ങളോട് വിശദീകരിക്കുന്നതിലും, ഔദ്യോഗിക ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിലും, പ്രസംഗവേദികള്‍ പങ്കിടുന്നതിലും റാലികളിലെ മുന്‍നിരകളിലും സ്ത്രീകളുടെ സാന്നിദ്ധ്യം പരിമിതമാണ് എന്നത് തുറന്നുപറയേണ്ടതുണ്ട്.
READ » ഇനിയും നിശ്ശബ്ദമാക്കാനാകില്ല, പെണ്‍ കര്‍ഷക പ്രാതിനിധ്യം
കെ. സഹദേവന്‍: ഇന്ത്യന്‍ കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധിയുടെ ആഴം ഗുരുതരമാണ്. തൊലിപ്പുറ ചികിത്സയിലൂടെ ഭേദമാക്കാവുന്ന ഒന്നല്ല അത്. രാജ്യം നേരിടുന്ന കാര്‍ഷിക പ്രതിസന്ധിയെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനുവേണ്ടി മാത്രമായി പാര്‍ലമെന്റ്? പ്രത്യേക സമ്മേളനം ചേരേണ്ടതുണ്ടെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നത് അതുകൊണ്ടാണ്. ആ ഒരു ആവശ്യത്തെ പിന്തുണയ്ക്കാനും പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരുന്നതിനായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനും സമരത്തെ പിന്തുണയ്ക്കുന്നുവെന്ന് അവകാശപ്പെടുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറാകേണ്ടതുണ്ട്.
READ » കര്‍ഷകര്‍ രൂപപ്പെടുത്തിയത് പുതിയൊരു ‘സ്ട്രഗ്ള്‍ ഇക്കോസിസ്റ്റം' കൂടിയാണ്
ബി. രാജീവന്‍: സോവിയറ്റ് മാര്‍ക്‌സിസത്തിന്റെ രാഷ്ട്രീയ സങ്കല്‍പമനുസരിച്ച് നോക്കിയാല്‍, കര്‍ഷകരും മറ്റും ഒരു പിന്നണി വര്‍ഗമാണ്. വര്‍ഗബോധമുള്ള തൊഴിലാളിവര്‍ഗത്താല്‍ നയിക്കപ്പെടേണ്ട വര്‍ഗ്ഗബോധമില്ലാത്ത ഒരു വിഭാഗമാണ് കര്‍ഷകര്‍. അവരെ യഥാര്‍ഥത്തില്‍ വിപ്ലവശക്തികള്‍ നയിക്കുകയാണ് ചെയ്യേണ്ടത്. കര്‍ഷകര്‍ മാത്രമല്ല, ആദിവാസികളും ദലിതരും പിന്നാക്കക്കാരുമെല്ലാം നയിക്കപ്പെടേണ്ടവരാണ്. പഴയ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ വര്‍ഗസമരത്തിന്റേതായ തന്ത്രം ഇതാണ്. എന്നാല്‍ പുതിയ വര്‍ഗധ്രുവീകരണം പാര്‍ട്ടികളെ മാറ്റിനിര്‍ത്തുന്നതോടൊപ്പം സ്ട്രാറ്റജി ജനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യുന്നു. അപ്പോള്‍ സ്ട്രാറ്റജിയും ടാക്റ്റിസും തമ്മിലുള്ള പഴയ മേല്‍കീഴ് ബന്ധം തലതിരിയുന്നു. വിപ്ലവത്തിന്റെ, സമരത്തിന്റെ സ്ട്രാറ്റജി നേതൃത്വത്തില്‍നിന്ന് ജനം ഏറ്റെടുക്കുകയാണ്. നേതൃത്വത്തെ ജനങ്ങള്‍ ടാക്ടിക്കലായി തെരഞ്ഞെടുക്കുകയും ചെയ്യുന്നു. പുതിയ വര്‍ഗധ്രുവീകരണത്തില്‍ സംഭവിക്കുന്നത് നേരെ മറിച്ചാണ് എന്നര്‍ഥം.
READ » ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുതിയ വഴിത്തിരിവ്
ഡോ. വി.ജി. പ്രദീപ്കുമാര്‍: സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആദ്യമായി കൃഷിയെയും, കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെ പ്രശ്നങ്ങളെ പറ്റി തുറന്ന ചര്‍ച്ചയ്ക്ക് വഴി തെളിച്ചുവെന്നതാണ് കര്‍ഷകസമരത്തിന്റെ പ്രധാന നേട്ടം. കൃഷി മെച്ചപ്പെടുത്തുകയും, കാര്‍ഷിക വിപണി ശക്തിപ്പെടുത്തുകയും വഴി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ താങ്ങാകാന്‍ കാര്‍ഷിക മേഖലയ്ക്ക് കഴിയുമെന്ന വിശ്വാസം രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും, സര്‍ക്കാരിനുമുണ്ടാക്കിയെന്നതാണ് ഈ പ്രക്ഷോഭത്തിന്റെ മറ്റൊരു നേട്ടം.
READ » ഇനി നമ്മുടെ പ്രധാന പരിഗണനയിലേക്കുവരികയാണ്
വിജൂ കൃഷ്ണന്‍: ഈ സമരത്തില്‍ ഉന്നയിക്കപ്പെട്ട രാഷ്ട്രീയം ജനങ്ങളിലേക്ക് വ്യാപകമായി എത്തിക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. മാധ്യമങ്ങളിലൊന്നും വന്നിട്ടില്ലാത്ത പല കാര്യങ്ങളുമുണ്ട്. സി.ഐ.ടി.യുവും കര്‍ഷക തൊഴിലാളി യൂണിയനും കര്‍ഷക സംഘവും ചേര്‍ന്ന് ജൂലൈ- ആഗസ്റ്റ് മാസങ്ങളില്‍ എല്ലാ സംസ്ഥാനങ്ങളിലും കോര്‍പറേറ്റുകള്‍ക്കെതിരെ വിപുലമായ ക്യാംപയിന്‍ നടത്തിയിരുന്നു. സമരത്തിന്റെ ആവശ്യങ്ങള്‍ താഴേത്തട്ടില്‍ വരെ എത്തിക്കാന്‍ ശ്രമിച്ചു. ഉദാഹരണത്തിന് ആന്ധ്ര പ്രദേശില്‍ 30 ലക്ഷം നോട്ടീസ് അച്ചടിച്ച് 12,000 ഗ്രാമങ്ങളില്‍ യോജിച്ച പ്രചാരണം നടത്തി. വീണ്ടും വീണ്ടും പ്രധാനമന്ത്രി പറയുന്നത്, ഇത് പഞ്ചാബില്‍ നിന്നുള്ള ചിലര്‍ മാത്രം നടത്തുന്ന സമരമാണെന്നാണ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്നു പ്രഖ്യാപിച്ച പ്രസംഗത്തിലും പ്രധാനമന്ത്രി അത് തന്നെയാണ് പറഞ്ഞത്- കാര്‍ഷിക നിയമങ്ങളുടെ പ്രയോജനത്തെക്കുറിച്ച് ഒരു ചെറിയ വിഭാഗത്തെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല എന്ന്. അത്ര ചെറിയ വിഭാഗമാണെങ്കില്‍ അവര്‍ ഇത്ര ഭയക്കേണ്ട കാര്യം ഉണ്ടായിരുന്നില്ലല്ലോ. അങ്ങനെയാണെങ്കില്‍ കാര്‍ഷിക നിയമങ്ങള്‍ക്ക് അനുകൂലമായി കൂടുതല്‍ ജനങ്ങളെ അണിനിരത്താന്‍ അവര്‍ക്ക് കഴിയേണ്ടതല്ലേ?
READ » ആക്രമണങ്ങളെയും കൊടുങ്കാറ്റുകളെയും അതിജീവിച്ച് ഒരു സമരം വിജയിച്ച അനുഭവം
എ.ആര്‍. സിന്ധു: സാമൂഹികമായി വളരെ പിന്നാക്കം നില്‍ക്കുന്ന, ഫ്യൂഡലും പാട്രിയാര്‍ക്കലുമായ ഹരിയാന പോലുള്ള സമൂഹങ്ങളിലുള്‍പ്പെടെ വലിയ തോതിലുള്ള ജനാധിപത്യവല്‍ക്കരണ, രാഷ്ട്രീയവല്‍ക്കരണ പ്രക്രിയ ഈ സമരത്തിന്റെ ഭാഗമായി നടന്നിട്ടുണ്ട്. ജാതീയ വേര്‍തിരിവുകള്‍ക്കുമുകളില്‍ ചിന്തിക്കാനുള്ള ഒരു സാധ്യതയും ലിംഗ പദവിക്കതീതമായി പങ്കാളിത്തത്തിലേക്ക് വരുന്ന സ്ത്രീകളുടെ ഒരു മുന്നേറ്റവും ഉറപ്പുവരുത്താന്‍ ഈ സമരത്തിന് സാധിച്ചു. കിസാന്‍ സഭയുടേയും സി.ഐ. ടി. യു.വിന്റേയും ജനാധിപത്യ മഹിളാ അസോസിയേഷന്‍ പോലുള്ള സംഘടനകളുടെയും ബോധപൂര്‍വ ഇടപെടലുകള്‍ ഇതില്‍ നടന്നിട്ടുണ്ട്. ഗ്രാമഗ്രാമാന്തരങ്ങളില്‍ പോയി സ്ത്രീകര്‍ഷകരെ, കര്‍ഷക കുടുംബങ്ങളിലെ സ്ത്രീകളെ സംഘടിപ്പിച്ച് ഇതില്‍ കൊണ്ടുവരാനും ഇങ്ങനെയൊരു സമരാന്തരീക്ഷത്തിന്റെ ഭാഗമാക്കാനും കഴിഞ്ഞിട്ടുണ്ട്.
READ » ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ ഒരു വര്‍ഗരാഷ്ട്രീയം ഇന്ത്യന്‍ രാഷ്ട്രീയം മാറുകയാണ്
പി. കൃഷ്ണകുമാര്‍: അടിയന്തരമായി ചെയ്യേണ്ടത്, ഈ സമരത്തെ എല്ലാ സംസ്ഥാനങ്ങളിലേക്കും കൊണ്ടുപോവുക എന്നതാണ്. എല്ലാ ജില്ലകളിലേക്കും, എല്ലാ പട്ടണങ്ങളിലേക്കും, എല്ലാ ഗ്രാമങ്ങളിക്കും വ്യാപിപ്പിക്കുക. സംയുക്ത കിസാന്‍ മോര്‍ച്ച തുടരുകയാണ് വേണ്ടത്. ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദിയും സംയുക്ത കിസാന്‍ വേദിയും യോജിച്ച് പ്രവര്‍ത്തിക്കുകയാണ്. ആ ഐക്യം നിലനില്‍ക്കണം. ഗ്രാമങ്ങളിലും പട്ടണങ്ങളിലും സംയുക്ത കിസാന്‍ മോര്‍ച്ചയുടെയും തൊഴിലാളി യൂണിയനുകളുടെയും സംയുക്തവേദി ഒരുമിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കണം. ഇതോടെ, രാഷ്ട്രീയത്തില്‍ കര്‍ഷക പ്രശ്നത്തെ, തൊഴിലാളികളുടെ അവകാശങ്ങളെ മുഖ്യ രാഷ്ട്രീയപ്രശ്നമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയും. കാര്‍ഷിക പ്രശ്നത്തെ അവഗണിക്കുന്ന ഒരു രാഷ്ടീയ പാര്‍ട്ടിക്കും ഈ രാജ്യത്ത് നിലനില്‍ക്കാനോ വളരാനോ കരുത്ത് നേടാനോ കഴിയില്ല എന്ന അവസ്ഥ ഉണ്ടാക്കിയെടുക്കാന്‍ കഴിയും. അതിനുകഴിയുന്ന ബദല്‍ നയങ്ങള്‍ മുന്നോട്ട് വെക്കാനും നമുക്ക് സാധിക്കും. ആ ബദല്‍ നയങ്ങളുടെ അടിസ്ഥാനത്തില്‍ കാര്‍ഷിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്ന, കൂടുതല്‍ വിപുലമായ സമര രൂപങ്ങളായിരിക്കും ഇനി സ്വീകരിക്കാന്‍ പോകുന്നത്.
READ » ഒരു സമരം ലക്ഷ്യത്തിലേക്ക് സഞ്ചരിച്ച വഴികള്‍
ഊരാളി മ്യൂസിക് ബാന്‍ഡ്: കര്‍ഷകരോടൊത്ത് സമരത്തിലുണ്ടായിരുന്ന 12 ദിവസവും ഭക്ഷണത്തിന് മുട്ടുണ്ടായില്ല. സ്വന്തം കൃഷിയിടത്തില്‍ നിന്ന് വിളയിച്ചെടുത്തവ, ഒരുക്കി, വച്ചു വിളമ്പി, ഊട്ടിക്കൊണ്ടുള്ള ജീവിത സമരം. സമര ജീവിതം. തെരുവില്‍ ജീവിതകാലം മുഴുവന്‍ കഴിയാന്‍ വിധിക്കപ്പെട്ടവര്‍ക്കും കര്‍ഷകര്‍ വിളമ്പുന്നത് പ്രതീക്ഷയാണ്. പുതിയ ഇന്ത്യയെന്ന പ്രതീക്ഷ.
READ » സമരചിത്രങ്ങള്‍: ഊരാളി മ്യൂസിക് ബാന്‍ഡ് ഡല്‍ഹിയിലെ സമരയോരങ്ങളില്‍നിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍
Truecopy Webzine
May 17, 2022
8 minutes read
Truecopy Webzine
May 10, 2022
4 minutes read
Truecopy Webzine
May 07, 2022
3 Minutes Read
Truecopy Webzine
May 07, 2022
4 Minutes Read
Truecopy Webzine
Apr 29, 2022
2 Minutes Read
Truecopy Webzine
Apr 26, 2022
4 Minutes Read
Truecopy Webzine
Apr 25, 2022
4 Minutes Read