ബേലൂർ മഖ്നയുടെ റേഡിയോ കോളറും വനം വകുപ്പിന് പിടികിട്ടാത്ത സിഗ്നലും

കേരളത്തിലെ 200 പഞ്ചായത്തുകളിൽ 30 ലക്ഷത്തിലേറെ പേരാണ് വന്യജീവി ആക്രമണ ഭീഷണിയിൽ കഴിയുന്നത്. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ 1310 പേരാണ് സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ മരിച്ചത്. എന്നിട്ടും മനുഷ്യ- വന്യജീവി സംഘർഷം നിരുത്തരവാദപരമായ ഭരണനടപടികളിൽ ഒതുങ്ങുകയാണ്. രണ്ടാഴ്ചയിലേറെയായി കർണാടക വനമേഖലയിൽ കഴിയുന്ന ബേലൂർ മഖ്‌നയുടെ റേഡിയോ കോളറിൽനിന്നുള്ള സിഗ്‌നലും തപ്പി നടക്കുന്ന കേരളത്തിലെ വനംവകുപ്പിൽനിന്ന് പ്രായോഗികവും വിവേകപൂർവവുമായ നടപടി പ്രതീക്ഷിക്കാമോ?

ന്യജീവികളിൽനിന്നുണ്ടാകുന്ന ആക്രമണം വയനാട് അടക്കമുള്ള കേരളത്തിന്റെ വനമേഖലയോട് ചേർന്ന ജനവാസപ്രദേശങ്ങളുടെ തീരാവ്യാധിയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ പത്തു വർഷത്തിനിടെ വയനാട്ടിൽ മാത്രം വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 51 പേരാണ്. 2000- 2023 കാലത്തുമാത്രം വയനാട് ഡിവിഷനൽ 45 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ മൂന്നാഴ്ചക്കിടെ മൂന്നു പേരാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്.

കാട്ടാനയുടെ ആക്രമണത്തിൽ വനം വാച്ചർ വി.പി. പോൾ മരിച്ചതിനെതുടർന്ന് വയനാട്ടിൽ അതിശക്തമായ ജനരോഷമാണുണ്ടായത്. ഫെബ്രുവരി 17 നു നടന്ന ഹർത്താലിൽ ജനം തെരുവിലിറങ്ങി സർക്കാറിനും വനംവകുപ്പിനുമെതിരെ പ്രതിഷേധിച്ചു. ഇതേതുടർന്ന് കേന്ദ്ര- സംസ്ഥാന സർക്കാറുകൾ പതിവുപോലെ ചില മുഖംമിനുക്കൽ നടപടികളുമായി രംഗത്തെത്തി.

കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് വയനാട്ടിലെത്തി മരിച്ചവരുടെ ബന്ധുക്കളെ കണ്ടു. ഉന്നത തലയോഗത്തിൽ ചില തീരുമാനങ്ങളും എടുത്തു:

  • വന്യജീവി ആക്രമണം തടയാൻ കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാന സർക്കാറുകൾ യോജിച്ച് പ്രവർത്തിക്കും.

  • അന്തർ സംസ്ഥാനങ്ങളുമായി യോജിച്ച് ആനത്താര അടയാളപ്പെടുത്തും.

  • മനുഷ്യ- വന്യമൃഗ സംഘർഷം സംബന്ധിച്ച് പഠിക്കാൻ കോയമ്പത്തൂർ സലിം അലി ഇൻസ്റ്റിറ്റിയട്ടിന് ചുമതല നൽകും.

  • വന്യമൃഗ ശല്യം കൂടുതലുള്ള മേഖലകളിൽ ഫെൻസിങ് സംവിധാനം വ്യാപിപ്പിക്കാൻ കൂടുതൽ സഹായം പരിഗണിക്കും. 2022- 23 സാമ്പത്തിക വർഷം ഇതിനായി 15.8 കോടി രൂപ കേരളത്തിന് അനുവദിച്ചതായും കേന്ദ്ര മന്ത്രി പറഞ്ഞു.

ഈ പ്രശ്നം പരിഹരിക്കുന്നതിൽ സംസ്ഥാനങ്ങൾക്കുള്ള അധികാരം കേരളം പ്രയോഗിക്കുന്നില്ല എന്ന വിമർശനവും കേന്ദ്രമന്ത്രി ഉന്നയിച്ചു. വനസംരക്ഷണ നിയമത്തിന്റെ 11-ാം സെക്ഷനിൽ ആക്രമണകാരിയായ വന്യമൃഗത്തെ പിടികൂടി കൂട്ടിലടക്കാനോ കൊല്ലാനോ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ടെന്നും ഈ അധികാരം കേരളം വിനിയോഗിക്കണം എന്നും മന്ത്രി പറഞ്ഞു. ചില സംഭവങ്ങളിൽ ആക്രമണകാരിയായ പുലിയെ കൊന്നു എന്നിരിക്കട്ടെ, ഇക്കാര്യം കേന്ദ്രവുമായി ചർച്ച ചെയ്യാം, ഒരു ഫോൺ കോളിലൂടെ പോലും ഈ വിഷയത്തിൽ കേന്ദ്രത്തിന് മറുപടി പറയാനാകും എന്നാണ് കേന്ദ്ര മന്ത്രി പറഞ്ഞത്.

എന്നാൽ, സംസ്ഥാനത്തെ പ്രതിക്കൂട്ടിലാക്കുന്ന കേന്ദ്ര മന്ത്രിയുടെ വാദത്തെ സംസ്ഥാന വനം വകുപ്പുമന്ത്രി തള്ളിക്കളയുന്നു. ജനവാസമേഖലയിൽഇറങ്ങുന്ന ആക്രമണകാരിയായ വന്യജീവിയെ വെടിവച്ചുകൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ട് എന്ന ഭുപേന്ദർ യാദവിന്റെ പ്രസ്താവന ശരിയല്ലെന്ന് സംസ്ഥാന വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറയുന്നു. വന്യജീവിയെ കൊല്ലുന്നതിനുമുമ്പ് അതിനെ പിടികൂടാനോ മയക്കുവെടി വെക്കാനോ മറ്റൊരു സ്ഥലത്തേക്കുമാറ്റാനോ സാധ്യമല്ലെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡന് ബോധ്യപ്പെടണം.

കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടയാളുടെ വീട്ടില്‍ / Photo: Twitter
കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടയാളുടെ വീട്ടില്‍ / Photo: Twitter

15.8 കോടി രൂപ അനുവദിച്ചുവെന്ന കേന്ദ്ര മന്ത്രിയുടെ പ്രസ്താവനയും ശശീന്ദ്രൻ നിഷേധിച്ചു. 12.73 കോടി രൂപയാണ് വിവിധ സ്കീമുകളിലായി അനുവദിച്ചത് എന്നും 620 കോടി രൂപയുടെ പദ്ധതി തയാറാക്കി 2022 നവംബർ 24ന് കേന്ദ്ര സർക്കാറിന് സമർപ്പിച്ചെങ്കിലും പണം അനുവദിക്കാനാകില്ലെന്നും മറ്റു മാർഗങ്ങൾ കണ്ടെത്താനുമാണ് കേന്ദ്രം നിർദേശിച്ചതെന്നും എ.കെ. ശശീന്ദ്രൻ പറയുന്നു.

ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അധികാരം സംബന്ധിച്ച് സംസ്ഥാന നിയമസഭ കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു പ്രമേയം പാസാക്കിയിരുന്നു. വന്യജീവിസംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ ഒന്നിൽ പെട്ട വന്യമൃഗത്തെ മനുഷ്യജീവന് അപകടകരമായ സാഹചര്യത്തിൽ പിടികൂടാനോ കൊല്ലാനോ ചീഫ് വൈൽഡ് ലൈഫ് വാർഡ് അധികാരം നൽകുന്ന നിയമത്തിലെ സെക്ഷൻ 11(1) (എ) ഭേദഗതി ചെയ്യണമെന്നായിരുന്നു പ്രമേയം. ഈ നിർദേശം കേന്ദ്രം അംഗീകരിച്ചില്ല.

ഈ വാദപ്രതിവാദങ്ങളിൽനിന്ന് ഒരു കാര്യം വ്യക്തമാണ്. വന്യമൃഗങ്ങളും മനുഷ്യരും തമ്മിൽ വർധിച്ചുവരുന്ന സംഘർഷം പരിഹരിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ ഭാഗത്തുനിന്നുള്ള നടപടികൾ, ഈ പ്രശ്‌നത്തിന്റെ യഥാർഥ കാരണങ്ങളെ അഭിസംബോധന ചെയ്യുന്നതല്ല. മാത്രമല്ല, ഏറ്റവും പ്രാഥമികമായ പരിഹാര നടപടികൾ പോലും ഇന്നും വയനാട്ടിൽ പ്രാവർത്തികമാക്കിയിട്ടില്ല. വനപാലകർക്ക് അത്യാധുനിക ഉപകരണങ്ങൾ ലഭ്യമാക്കുക, വന്യജീവി സങ്കേതങ്ങൾക്കുള്ളിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുക, അടിക്കാട് വെട്ടൽ, ട്രഞ്ച് നിർമാണം തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്താൻ സംസ്ഥാനത്തിന് ഇളവ് നൽകുക തുടങ്ങി, വയനാട്ടിലെ ജനപ്രതിനിധികൾ ഉന്നയിക്കുന്ന പ്രാഥമിക ആവശ്യങ്ങൾ ചുവപ്പുനാടയിലാണ്.
2022- 23ൽ സംസ്ഥാനത്ത് 158.4 കിലോമീറ്റർ ട്രെഞ്ചുകളുടെ അറ്റകുറ്റപ്പണിയാണ് നടന്നത്. 42.6 കിലോമീറ്ററിൽ സോളാർ വേലികളും 237 മീറ്റർ കോമ്പൗണ്ട് വാളും നിർമിച്ചു. പ്രശ്‌നത്തിന്റെ വ്യാപ്തി കണക്കിലെടുത്താൽ, ഇവയെല്ലാം, തീർത്തും അപര്യാപ്തമായ പരിഹാരങ്ങളാണ്.

എ.കെ. ശശീന്ദ്രന്‍
എ.കെ. ശശീന്ദ്രന്‍

ദുരന്തത്തിന്റെ ഞെട്ടിപ്പിക്കുന്ന ഡാറ്റ

കഴിഞ്ഞ ഒരു ദശകത്തിനിടയിൽ സംസ്ഥാനത്തെ മനുഷ്യജീവനും കാർഷികമേഖലക്കുമുണ്ടായ നാശനഷ്ടങ്ങളുടെ അളവ്, വന്യജീവി- മനുഷ്യ സംഘർഷത്തിന്റെ ഗുരുതരാവസ്ഥ വ്യക്തമാക്കുന്ന ഒന്നാണ്. കേരളത്തിൽ ആലപ്പുഴ ഒഴികെയുള്ള ജില്ലകൾ വന്യജീവി ആക്രമണഭീഷണിയിലാണ്. 200 പഞ്ചായത്തുകളിൽ 30 ലക്ഷത്തിലേറെ പേരാണ് വന്യജീവി ആക്രമണ ഭീഷണിയിൽ കഴിയുന്നത്. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ 1310 പേരാണ് സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ മരിച്ചത്. ഇവരിൽ 270 പേരും പാലക്കാട്ട് ജില്ലയിലാണ്. കഴിഞ്ഞ നാലു വർഷത്തിനിടെ സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ മാത്രം കൊല്ലപ്പെട്ടത് 57 പേരാണ്. 4000-ലേറെ പേർക്ക് ഗുരുതര പരിക്കേറ്റു. വനംവകുപ്പിന്റെ കണക്കനുസരിച്ച്, 39,000-ലേറെ കർഷകർക്ക് വിള നാശമുണ്ടായി. വയനാട്ടിൽ കൃഷി നാശമുണ്ടാക്കുന്നത് ഏറെയും കാട്ടാനകളാണ്. കഴിഞ്ഞ എട്ടുവർഷത്തിനിടെ, വന്യജീവി ആക്രമണത്തിൽ 70 കോടിയോളം രൂപയുടെ കൃഷി നാശമാണ് കേരളത്തിലുണ്ടായത്.

വനംവകുപ്പിന്റെ ഡാറ്റ അനുസരിച്ച്, 2022-23ൽ 8873 വന്യജീവി ആക്രമണങ്ങളാണുണ്ടായത്. ഇവയിൽ 4193 എണ്ണം കാട്ടാനകളുടെയും 1524 എണ്ണം കരടികളുടെയും 193 എണ്ണം കടുവകളുടെയുമായിരുന്നു. ഇവയിൽ 98 പേർ മരിച്ചു, മരണങ്ങളിൽ 27 എണ്ണവും കാട്ടാനയുടെ ആക്രമണം മൂലമായിരുന്നു.

കേരളത്തിൽ ആനകൾ
കുറയുന്നു, പക്ഷേ...

വന്യജീവികളുടെ എണ്ണത്തിലുണ്ടായ വർധന, വനത്തിന്റെ സ്വഭാവിക ആവാസവ്യവസ്ഥയുടെ നാശം, കാലാവസ്ഥാ വ്യതിയാനം, കൃഷിരീതിയിലെ മാറ്റങ്ങൾ, അധിനിവേശ സസ്യങ്ങളും ഏകവിളത്തോട്ടങ്ങളുമുണ്ടാക്കുന്ന പാരിസ്ഥിതിക അസന്തുലിതാവസ്ഥ, കടുത്ത ചൂട്, മഴയിലെ ഏറ്റക്കുറച്ചിൽ, വനത്തോടുചേർന്നുള്ള ഭൂവിനിയോഗത്തിലെ മാറ്റങ്ങൾ, കാടിനുള്ളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ അനിയന്ത്രിതമായ വ്യാപനം എന്നിവയാണ് മനുഷ്യ - വന്യജീവി സംഘർഷത്തിന്റെ അടിസ്ഥാന കാരണങ്ങൾ.

ചിന്നക്കനാലില്‍ നാശം വിതച്ച അരിക്കൊമ്പന്‍
ചിന്നക്കനാലില്‍ നാശം വിതച്ച അരിക്കൊമ്പന്‍

തമിഴ്‌നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താൽ, കേരളത്തിൽ വന്യമൃഗങ്ങളുടെ എണ്ണം കുറയുകയാണ് ചെയ്യുന്നത്. 2023 ഏപ്രിൽ 10- മെയ് 15 കാലത്ത് വയനാട്ടിലെ കാടുകളിൽ നടന്ന കടുവകളുടെ കണക്കെടുപ്പിൽ 84 കടുവകളുണ്ടെന്നാണ് കണ്ടെത്തിയത്. 2018-ൽ ഇത് 120 ആയിരുന്നു. 84 കടുവകളിൽ 69 എണ്ണം വയനാട് വന്യജീവി സങ്കേതത്തിലും എട്ടെണ്ണം നോർത്ത് വയനാട് ഡിവിഷനിലും ഏഴെണ്ണം സൗത്ത് വയനാട് ഡിവിഷനിലുമാണ്.

2017-2023 കാലത്ത് കേരളത്തിലെ കാട്ടാനകളുടെ എണ്ണത്തിൽ 40 ശതമാനത്തിന്റെ കുറവുണ്ടായി. 2023 മേയിൽ നടന്ന കാട്ടാനയുടെ ബ്ലോക്ക് കൗണ്ട് കണക്കെടുപ്പിൽ 1920 കാട്ടാനകളുണ്ടെന്ന് കണ്ടെത്തി. ആനപ്പിണ്ഡത്തെ അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പിൽ എണ്ണം 2386 ആയിരുന്നു. അപ്പോൾ, ശരാശരി 1920-നും 2000-നും ഇടയിലാണ് ആനകളുടെ എണ്ണം. 2017ൽ 3322 ആനകളാണുണ്ടായിരുന്നത്.
എന്നാൽ, കർണാടകത്തിലും തമിഴ്‌നാട്ടിലും ആനകളുടെ എണ്ണം കൂടി. കർണാടകയിൽ ആനകളുടെ എണ്ണം 2017-ൽ 6049 ആയിരുന്നത് 2023-ൽ 6395 ആയി. തമിഴ്‌നാട്ടിൽ ഇതേ കാലത്ത് 2761-ൽ നിന്ന് 2961 ആയി കൂടി.
വരൾച്ച മൂലം 2017-ൽ കേരളത്തിലെ വനപ്രദേശങ്ങളിലേക്കു വന്ന ആനകൾ പിന്നീട് തിരിച്ചുപോയതുകൊണ്ടാകാം എണ്ണത്തിൽ കുറവുണ്ടായതെന്നാണ് വിദഗ്ധർ പറയുന്നത്.

അധിനിവേശസസ്യങ്ങൾ എന്ന വില്ലൻ

വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നതിന്റെ ഒരു പ്രധാന കാരണമായി വനംവകുപ്പ് ചൂണ്ടിക്കാട്ടുന്നത്, വനത്തിലെ അധിനിവേശ സസ്യങ്ങളുടെ വ്യാപനമാണ്. ആനത്തൊട്ടാവാടി, കൊങ്ങിണിപ്പൂവ്, പാവാടപ്പൂവ്, മഞ്ഞക്കൊന്ന, കമ്യൂണിസ്റ്റ് പച്ച, തോട്ടപ്പയർ, ചുഴലിപ്പാറകം തുടങ്ങിയവ മറ്റു ചെടികളുടെയും സ്വഭാവിക വനപ്രകൃതിയുടെയും നിലനിൽപ്പിന് ഭീഷണിയാകുന്നു. ഇവയുടെ വിസ്തൃതി കൂടിക്കൊണ്ടിരിക്കുകയാണ്. ഇതോടെ, വന്യമൃഗങ്ങൾ ആശ്രയിക്കുന്ന ഭക്ഷ്യശൃംഖല തകർക്കപ്പെടുന്നു. ഇത്തരം മൃഗങ്ങൾക്ക് പച്ചപ്പുല്ലുപോലും കിട്ടാത്ത അവസ്ഥയുണ്ട്. വേനലിൽ, ചൂടു കൂടുന്നതിനും അധിനിവേശ സസ്യങ്ങൾ കാരണമാകുന്നു. പന്നി, മലയണ്ണാൻ, മാൻ, മയിൽ, കുരങ്ങ്, മുള്ളൻ പന്നി, കാട്ടാന തുടങ്ങിയവ നാട്ടിലിറങ്ങാൻ തുടങ്ങിയതിന്റെ ഒരു കാരണം ഇതാണ്. വനത്തിൽ സസ്യഭുക്കുകളായ ഇത്തരം മൃഗങ്ങളുടെ എണ്ണം വൻതോതിൽ കുറഞ്ഞതോടെ മാംസാഹാരികളായ മൃഗങ്ങൾക്ക് ഇരകളെ കിട്ടാതാകുകയും ഇവയും നാട്ടിലേക്കു വന്നുതുടങ്ങുകയും ചെയ്തു.

കേരളത്തിലെ കാടുകളില്‍ വ്യാപകമായി കാണപ്പെടുന്ന സെന്ന സ്പെക്ടാബിലിസ് എന്ന മഞ്ഞക്കൊന്ന / Photo: Wikimedia Commons
കേരളത്തിലെ കാടുകളില്‍ വ്യാപകമായി കാണപ്പെടുന്ന സെന്ന സ്പെക്ടാബിലിസ് എന്ന മഞ്ഞക്കൊന്ന / Photo: Wikimedia Commons

കേരളത്തിൽ 80-ഓളം അധിനിവേശ സസ്യങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഇവയിൽ 30 ഇനങ്ങൾ വനസസ്യങ്ങൾക്ക് കടുത്ത ഭീഷണിയുയർത്തുന്നുണ്ട്. വയനാട് വൈൽഡ് ലൈഫ് ഡിവിഷനിൽ 12,300 ഹെക്ടർ വനഭൂമിയിലാണ് മഞ്ഞക്കൊന്ന അടക്കമുള്ള അധിനിവേശ സസ്യങ്ങൾ വ്യാപിച്ചുകിടക്കുന്നത്. ഇത് വയനാട് വന്യജീവി സങ്കേതത്തിലെ സ്വാഭാവിക വനത്തെ തന്നെ നശിപ്പിക്കുകയാണ്. 1980-കളിലാണ് വയനാടൻ കാടുകളിൽ അധിനിവേശ സസ്യങ്ങളെത്തുന്നത്. കാൽനൂറ്റാണ്ടുകൊണ്ട്, ഈ സസ്യങ്ങൾ വയനാടൻ വനത്തിലാകെ വ്യാപിച്ചു.
സസ്യഭുക്കുകളായ വന്യജീവികൾക്കും തദ്ദേശ വൃക്ഷങ്ങൾക്കും ഏറ്റവും വലിയ ഭീഷണിയാണ് മഞ്ഞക്കൊന്ന. മുത്തങ്ങ, കുറിച്യാട് ഫോറസ്റ്റ് റേഞ്ചുകളിൽ മഞ്ഞക്കൊന്ന നശിപ്പിക്കാൻ 1672 ഹെക്ടറിൽ 5.31 കോടി രൂപയുടെ പദ്ധതി നബാർഡിന്റെ സഹായത്തോടെ നടപ്പിലാക്കുന്നുണ്ടെങ്കിലും, ശാസ്ത്രീയവും സ്ഥായിയായതുമായ പരിഹാരത്തെക്കുറിച്ചുള്ള ആലോചനകൾ നടക്കുന്നില്ല.

പാലക്കാട് ജില്ലയിലെ 1.80 ലക്ഷം ഹെക്ടർ വനഭൂമിയിൽ 3000-ലധികം ഹെക്ടറിലാണ് അധിനിവേശ സസ്യങ്ങൾ വ്യാപിച്ചുകിടക്കുന്നത്.

2018- ൽ ഡെറാഡൂൺ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടും പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനും ചേർന്ന് നടത്തിയ പഠനത്തിൽ, അധിനിവേശസസ്യങ്ങളുടെ ഭീഷണി ഒരു പ്രധാന കാരണമായി എടുത്തു പറയുന്നുണ്ട്. പുല്ലും കുറ്റിച്ചെടികളും ഇല്ലാതായി വനഭൂമി തരിശിനുസമാനമായ അവസ്ഥയിലാണ്. ആനകളാണ് ഇതുമൂലം ഏറ്റവും ഭീഷണി നേരിടുന്നതെന്നാണ് പഠനത്തിലെ കണ്ടെത്തൽ. 2018-ലെ പ്രളയം സെന്ന, മികാനിയ, ലന്റാന, യുപറ്റോറിയം എന്നീ ഇനങ്ങളിലുള്ള അധിനിവേശസസ്യങ്ങളുടെ വ്യാപനത്തിനിടയാക്കിയതായി വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്റെ 2023-ലെ റിപ്പോർട്ടിൽ പറയുന്നു.

വനത്തിനകത്തെ ഏക വിളത്തോട്ടങ്ങളും ഇതേ അപകടം വരുത്തിവക്കുന്നുണ്ട്. ഇതിൽ വനംവകുപ്പുതന്നെയാണ് ഒന്നാം പ്രതി. തേക്ക്, അക്കേഷ്യ, കശുമാവ്, യൂക്കാലിപ്റ്റസ്, മാഞ്ചിയം തുടങ്ങിയ വിളകളുടെ തോട്ടങ്ങൾ വനത്തിലെ സ്വഭാവിക പരിസ്ഥിതിക്ക് വിനാശമാകുന്നു. അക്കേഷ്യ, യൂക്കാലിപ്റ്റസ് കൃഷി 2018-ൽ വനം വകുപ്പ് നിരോധിച്ചുവെങ്കിലും സ്വഭാവിക വനം അതിന്റെ ജൈവപ്രകൃതി വീണ്ടെടുക്കാൻ സമയമെടുക്കും. ഇതുവരെ 1115 ഹെക്ടർ വനമാണ് സ്വഭാവിക ഹാബിറ്റാറ്റ് തിരിച്ചുപിടിച്ചിട്ടുള്ളൂ.

സംസ്ഥാനത്തിന്റെ നികുതിയേതര വരുമാനത്തിൽ ഗണ്യമായ സംഭാവന നൽകുന്നതാണ് വനത്തിൽനിന്നുള്ള വരുമാനം. 2022- 23ൽ വനമേഖലയിൽനിന്നുള്ള വരുമാനം 289 കോടി രൂപയുടേതായിരുന്നു. ഇതിന്റെ നല്ലൊരു ഭാഗം- 262 കോടി രൂപ- ലഭിച്ചത് തടി വിൽപ്പനയിൽനിന്നാണ്. ഈ തടിവിൽപ്പനയിൽ അക്കേഷ്യയും ഒരു പ്രധാന ഇനമാണ്. അതേസമയം, മാഞ്ചിയം, യൂക്കാലിപ്റ്റസ് എന്നിവയുടെ ഉൽപാദനം 2021- 22നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം കുറഞ്ഞതായി വനം വന്യജീവി വകുപ്പിന്റെ ഡാറ്റ പറയുന്നു.

അരിക്കൊമ്പൻ മോഡൽ
പരിഹാരം പോരാ...

അരിക്കൊമ്പൻ വിഷയത്തിൽ കേരളത്തിൽ നടന്ന കാടിളക്കൽ, ഈ വിഷയത്തിലുള്ള അത്യന്തം അപക്വമായ സമീപനത്തിന്റെ തെളിവാണ്. ഈ ആനയെ മറ്റൊരിടത്ത് കുടിയിരുത്തിയതോടെ, ആ പ്രശ്‌നം അവസാനിച്ചു എന്നാണ് സർക്കാർ പൊതുസമൂഹത്തെ വിശ്വസിപ്പിക്കുന്നത്. എന്നാൽ, ഇത് സ്ഥായിയായ പരിഹാരം വേണ്ട ഒരു പ്രശ്‌നമായി എവിടെയും പരിഗണിക്കപ്പെടുന്നില്ല. 365 ഹെക്ടർ വിസ്തൃതിയിൽ ഭക്ഷ്യയോഗ്യമല്ലാത്ത യുക്കാലിപ്റ്റസ് മരങ്ങൾ വളർന്നുനിൽക്കുന്ന വനപ്രദേശത്തായിരുന്നു അരിക്കൊമ്പൻ കഴിഞ്ഞിരുന്നതെന്നുകൂടി ഓർക്കണം. ഇത്തരം പ്രതികൂലാവസ്ഥകളിൽ കഴിയുന്ന ഏത് ആനയും എപ്പോൾ വേണമെങ്കിലും നാട്ടിലിറങ്ങാം. അതാണിപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

കേരളം, കർണാടകം, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ വനമേഖലകളെ ഉൾക്കൊള്ളുന്ന വിപുലമായ ശാസ്ത്രീയപഠനവും നയതീരുമാനവുമാണ് ദീർഘകാല പരിഹാരമായി വരേണ്ടത്. പാരിസ്ഥിതിക മാറ്റങ്ങളും മനുഷ്യ ഇടപെടലുകളും എങ്ങനെയാണ് സ്വഭാവിക വനത്തെ മാറ്റിത്തീർത്തത്, അവ വന്യമൃഗങ്ങളുടെ ഭക്ഷ്യശൃംഖലയിലും സഞ്ചാരഗതിയിലുമുണ്ടാക്കിയ പ്രത്യാഘാതങ്ങൾ, കാടിനോടുചേർന്ന ഭൂവിനിയോഗത്തിലെ മാറിയ പ്രവണതകൾ തുടങ്ങിയ നിരവധി വിഷയങ്ങളെ സമഗ്രമായ ശാസ്ത്രീയ പഠനങ്ങൾക്ക് വിധേയമാക്കുക.

പന്നിയാര്‍ എസ്റ്റേറ്റില്‍ അരിക്കൊമ്പന്‍ തകര്‍ത്ത റേഷന്‍ കട
പന്നിയാര്‍ എസ്റ്റേറ്റില്‍ അരിക്കൊമ്പന്‍ തകര്‍ത്ത റേഷന്‍ കട

ഒപ്പം, ജനകീയവും ജനാധിപത്യപരവുമായ വികേന്ദ്രീകരണം വനം വകുപ്പ് അടക്കമുള്ള വനമേഖലയിലെ അധികാര സംവിധാനങ്ങളിൽ കൊണ്ടുവരിക. സംസ്ഥാന വനംവകുപ്പ് ഇന്നും ഒരുതരം കൊളോണിയൽ ഹാങ് ഓവറുള്ള അധികാരസംവിധാനമാണ്. വനപരിപാലനത്തിന്റെ കാര്യത്തിൽ അത്യന്തം കേന്ദ്രീകൃതമായ ബ്യൂറോക്രാറ്റിക് സിസ്റ്റമാണ് വനം വകുപ്പിന് ഇന്നുമുള്ളത്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ എന്ന ഒരൊറ്റ ഉദ്യോഗസ്ഥന്റെ അധികാരത്തെച്ചൊല്ലിയാണ് ഇന്നും കേന്ദ്രവും സംസ്ഥാനവും തമ്മിൽ തർക്കിക്കുന്നത്. പ്രശ്നഭൂമിയായ വയനാട്ടിലെ തദ്ദേശ ജനാധിപത്യ സംവിധാനങ്ങളുടെയും അവിടുത്തെ ഉദ്യോഗസ്ഥ സംവിധാനങ്ങളുടെയും ഇടപെടലുകൾ ഈ ഒരൊറ്റ ഉദ്യോഗസ്ഥ​ന്റെ അധികാരത്തിന് വിധേയമാണിപ്പോഴും.

വനത്തെ ആശ്രയിച്ചുജീവിക്കുന്ന ഗോത്ര വിഭാഗങ്ങളുടെയുമ ആശ്രിത വിഭാഗങ്ങളുടെയും അവകാശസംരക്ഷണം ഉറപ്പുവരുത്തുന്ന വനാവകാശ നിയമത്തിന്റെ നടത്തിപ്പ് പരിതാപകരമായ നിലയിലാണിപ്പോഴും. വന പരിപാലനത്തിലും സംരക്ഷണത്തിലും പ്രാദേശിക സമൂഹങ്ങളെ ഉൾപ്പെടുത്തുക എന്നത് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള അടിസ്ഥാന കാര്യങ്ങളാണ്. യഥാർഥ പ്രശ്നം നേരിടുന്ന ഇടത്തെ മനുഷ്യരെയോ ജനപ്രതിനിധികളെയോ വിശ്വാസത്തിലെടുക്കുകയോ അവർക്ക് പങ്കാളിത്തം നൽകാത്തതോ ആയ ഒരു സംവിധാനം. വനത്തിനോടുചേർന്ന് ജീവിക്കുന്ന മനുഷ്യരെ വിശ്വാസത്തിലെടുത്തും അവരുടെ കൂടി പങ്കാളിത്തത്തിലുമായിരിക്കണം ഈ സംഘർഷത്തിന്റെ പ്രശ്‌നപരിഹാര നടപടികളോരോന്നും. ‍

പ്രൊഫ. മാധവ് ഗാഡ്ഗിൽ
പ്രൊഫ. മാധവ് ഗാഡ്ഗിൽ

1972-ലെ വന്യജീവിസംരക്ഷണനിയമം ഭരണഘടനാവിരുദ്ധമാണെന്ന കടുത്ത വിമർശനമുന്നയിക്കുന്നുണ്ട്, പ്രൊഫ. മാധവ് ഗാഡ്ഗിൽ. മനുഷ്യരുടെ ജീവനും സ്വത്തും നശിപ്പിക്കുന്നത് ക്രിമിനൽ കുറ്റമാക്കുന്ന ഐ.പി.സി 100, 103 വകുപ്പുകളുടെ ലംഘനമാണ് ഈ നിയമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പുതിയ ജീവിതസാഹചര്യങ്ങളിൽ വന്യജീവി സംരക്ഷണനിയമം ഒരു പഴഞ്ചൻ നിയമമായി മാറിയതായി മറ്റു വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നുണ്ട്. കേന്ദ്ര വന്യജീവി സംരക്ഷണനിയമത്തിൽ കാലോചിത മാറ്റങ്ങൾ വരുത്തണമെന്ന ആവശ്യത്തിനോട് കേന്ദ്ര സർക്കാർമുഖം തിരിഞ്ഞുനിൽക്കുകയാണ്. വന്യമൃഗങ്ങളെയും മനുഷ്യരെയും ശത്രുപക്ഷത്തുനിർത്തുള്ള വൈകാരിക സമീപനം മാറ്റിവച്ച്, കാലാനുസൃതമായ മാറ്റമുൾക്കൊണ്ട് പുതിയ നയങ്ങളും നിയമങ്ങളും പ്രശ്നപരിഹാരത്തിന് അനിവാര്യമായിരിക്കുന്നു.

വയനാട്ടിൽ ഒരാളുടെ ജീവനെടുത്ത ബേലൂർ മഖ്ന എന്ന ആനയെ മയക്കുവെടി വക്കാൻ ബാവലി ചെക്ക്പോസ്റ്റ് കടന്ന കേരള സംഘത്തെ കഴിഞ്ഞദിവസം കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞതായി വാർത്തയുണ്ടായിരുന്നു. ഈ ഉദ്യോഗസ്ഥരുടെ മുൻകൈയിലാണ് പരിഹാരശ്രമത്തിന് തുടക്കമിടേണ്ടത് എന്നും ഓർക്കുക. ‘തമ്മിൽ കണ്ടാൽ വെടിവെക്കും എന്ന മട്ടിൽ നിൽക്കുന്ന’ ഈ ഉദ്യോഗസ്ഥരെ വച്ചാണ് ആക്ഷൻ പ്ലാനുണ്ടാക്കി ബേലൂർ മഖ്നയെ പിടികൂടാൻ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. രണ്ടാഴ്ചയിലേറെയായി കർണാടക വനമേഖലയിൽ കഴിയുന്ന ബേലൂർ മഖ്നയുടെ റേഡിയോ കോളറിൽനിന്നുള്ള സിഗ്‌നലും തപ്പി നടക്കുന്ന കേരളത്തിലെ വനംവകുപ്പിൽനിന്ന്, വന്യജീവി- മനുഷ്യ സംഘർഷത്തിൽ പ്രായോഗികവും വിവേകപൂർവവുമായ നടപടി പ്രതീക്ഷിക്കാമോ?


Summary: ബേലൂർ മഖ്‌നയുടെ റേഡിയോ കോളറിൽനിന്നുള്ള സിഗ്‌നലും തപ്പി നടക്കുന്ന കേരളത്തിലെ വനംവകുപ്പിൽനിന്ന് പ്രായോഗികവും വിവേകപൂർവവുമായ നടപടി പ്രതീക്ഷിക്കാമോ?


കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

Comments