സിവിൽ അല്ലാത്ത സമൂഹം?
ക്വാറിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും

ക്വാറി മൂലധനം തുരന്നെടുക്കുന്ന കേരളം- 3

പള്ളിച്ചലിലെ ക്വാറി അനുകൂലികൾ

മൂക്കുന്നിമല സംരക്ഷണ സമിതി (എം.എസ്.എസ്) യുടെ ആഖ്യാനങ്ങളിൽ, ക്വാറിയെ പിന്തുണക്കുന്ന പ്രദേശവാസികൾ ക്വാറി മൂലധനത്തിന്റെ ആജ്ഞാനുവർത്തികളായി ഭീഷണി മുഴക്കുന്ന, ജനാധിപത്യ സ്ഥാപനങ്ങളെ അട്ടിമറിക്കുന്ന, അവരുടെ വാടക ഗുണ്ടകളായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. മദ്യവും മയക്കുമരുന്നും നൽകി യുവതയെ വഴിതെറ്റിക്കുകയാണെന്നും, ക്വാറി മൂലധനത്തെ വിമർശിക്കുന്നവരെ റോഡുകളിലും ഗ്രാമസഭകളിലും തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തുകയും, ആക്രമിക്കുകയും, ഇവർക്കു നേരെ ആഭാസവാക്കുകൾ ചൊരിയാറുമുണ്ടെന്ന ആരോപണവും ഇവർക്കെതിരെയുണ്ട്. എന്നാൽ ഈ വിഭാഗം ആളുകൾ എല്ലാവരേയും- എന്തിനേറെ, ക്വാറിയെ പിന്തുണക്കുന്ന പ്രധാനികളെ പോലും- പ്രതിനിധീകരിക്കുന്നില്ലെന്ന കൃത്യമായ തിരിച്ചറിവ് എം.എസ്.എസ്സിനുണ്ട്. പാവപ്പെട്ട പ്രദേശവാസികൾ മാത്രമല്ല, എം.എസ്.എസ്സിനെ ആദ്യ കാലങ്ങളിൽ പിന്തുണച്ച സമ്പന്ന വിഭാഗത്തിൽ പെട്ടവരും കമ്പനികൾക്കൊപ്പം ചേർന്നിട്ടുണ്ടെന്ന് അവർക്കറിയാം. തങ്ങളെ അനുകൂലിക്കുന്നവർക്ക് കമ്പനി ഉറപ്പു വരുത്തുന്ന "ക്വാറി ക്ഷേമം' വ്യത്യസ്ത വിഭാഗങ്ങളിൽ പെട്ട ആളുകൾക്ക്​ ലഭിക്കുന്നുണ്ടെന്നും, ഇത് അവരെ കമ്പനിക്ക് എത്രത്തോളം ആവശ്യമുണ്ട് എന്നതിനേയും, അവരുടെ സാമൂഹിക ഔന്നത്യത്തേയും രാഷ്ട്രീയ സ്വാധീനത്തേയും ആശ്രയിച്ചിരിക്കുമെന്ന വസ്തുതയും ഇവർ അംഗീകരിക്കുന്നു.

നാടാർമാരുടേയും ദളിതരുടേയും അഭിവൃദ്ധിയിൽ അസൂയ തോന്നിയ സവർണ ജാതിക്കാരുടെ പ്രതിലോമ കൂട്ടായ്മയാണ് എം.എസ്.എസ് എന്ന അഭിപ്രായം ക്വാറി അനുകൂലികൾക്കിടയിൽ പ്രബലമാണ്

ക്വാറി അനുകൂലികളിൽ പെട്ട ദരിദ്രരുടെ തന്ത്രങ്ങളെക്കുറിച്ച് ധാരണ ലഭിക്കാൻ, 1990-കളുടെ അവസാനത്തിനു ശേഷം കേരളത്തിൽ വ്യക്ത്യാധിഷ്ഠ ക്ഷേമത്തിന്റെ വളർച്ചക്കൊപ്പം ഉയർന്നു വന്ന പുതിയ നവഉദാര വിഷയിത്വങ്ങളെ ശ്രദ്ധിക്കേണ്ടതുണ്ട്. തദ്ദേശഭരണ ഇടങ്ങളിലെ ആനുകൂല്യ അന്വേഷകരെ കൈകാര്യം ചെയ്യേണ്ട ഭാരിച്ച ഉത്തരവാദിത്തം കുടുംബശ്രീ സ്വയം സഹായ സംഘത്തിന്റെ നേതാക്കൾക്കായിരുന്നു: ആനുകൂല്യ അന്വേഷകർ തിരിച്ചടവിൽ അച്ചടക്കം പാലിച്ചിരുന്നു. പലിശ നിരക്ക് വളരെ കുറവായതു കൊണ്ട് ഇത് എളുപ്പമായിരുന്നു. എന്നാൽ പലപ്പോഴും സ്വയം സഹായ സംഘാംഗങ്ങൾ ചെയ്യേണ്ട അനുബന്ധ ജോലികൾ (governance labour) ഇവർ ചെയ്യാറില്ല. നിയന്ത്രണ വിധേയരല്ലാത്ത ഉപഭോക്താക്കളുമായി സാമ്യമുള്ള ആളുകളെയാണ് തങ്ങൾ കൈകാര്യം ചെയ്യുന്നതെന്ന തോന്നൽ ആ ഗവേഷണക്കാലത്ത് (2007- 8 ൽ) കുടുംബശ്രീയുടെ നേതാക്കൾക്കുണ്ടായി. തങ്ങളുടെ ആവശ്യങ്ങൾക്ക് ഉടൻ പരിഹാരം ലഭിച്ചില്ലെങ്കിൽ പോലും ആത്മാർഥതയോടെ നിലനിന്ന പഴയ തലമുറയിൽ പെട്ട പാർട്ടി അണികളിൽ നിന്ന് വ്യത്യസ്തരായിരുന്നു ഇവർ (p.7). പക്ഷേ ആനുകൂല്യ അന്വേഷകരെ അത്യാർത്തിയുള്ളവരായി എഴുതിത്തള്ളാൻ എളുപ്പമല്ല. സ്വയംസഹായത്തിന്റെയും ഉത്തരവാദവൽക്കരിക്കപ്പെട്ട ജനക്ഷേമത്തിന്റെയും കാലത്ത് (അതായത്, സ്വന്തം ക്ഷേമത്തിന്റെ ഉത്തരവാദിത്വത്തിന്റെ ഒരു ഭാഗം ദരിദ്രർ സ്വയം ഏറ്റെടുത്തുകൊള്ളണമെന്ന നവ ഉദാര ഭരണ തീരുമാനം) ഭരണകൂടത്തിൽ നിന്ന് അത്യന്താപേക്ഷികമായ ഉപഭോഗ വിഭവങ്ങൾ നേടിയെടുക്കാൻ അവർ കണ്ടെത്തിയ പുതിയ മാർഗമായി ഇതിനെ കാണാം.

ക്വാറി പ്രവർത്തനം കാരണം ഭൂഗർഭജലത്തിന്റെ തോത് ശോഷിച്ചതിൽ പിന്നെ ഉപേക്ഷിക്കപ്പെട്ട ക്വാറി കുഴികളാണ് മലയോരത്ത് താമസിക്കുന്നവരുടെ മുഖ്യ ജലസ്രോതസ്സ്

വാർഡ് മെമ്പർമാരുമായി ഞങ്ങൾ നടത്തിയ അഭിമുഖത്തിൽ നിന്നും പള്ളിച്ചൽ ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഗോപിക നടത്തിയ നിരീക്ഷണങ്ങളിൽ നിന്നും (forthcoming), മറ്റിടങ്ങളിൽ ഉള്ളതു പോലെ തന്നെ ബഹുഭൂരിപക്ഷമായ ആനുകൂല്യ അന്വേഷകർ ഇവിടെയുമുണ്ടെന്ന് മനസ്സിലായി. അതു കൊണ്ടു തന്നെ ക്വാറി കമ്പനികൾ വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങൾ കൈപ്പറ്റാൻ അനേകം ആളുകൾ ഉണ്ടായിരുന്നെന്നത് ആശ്ചര്യമുണ്ടാക്കുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ 1990 കളിലെ പുതിയ ജനക്ഷേമവ്യവസ്ഥ ഉദാരവാദവ്യവസ്ഥ വിഭാവനം ചെയ്യുന്ന പൗരജനങ്ങളെയല്ല, ആനുകൂല്യ അന്വേഷികളെയാണ് വളർത്തിയത്.

എന്നാൽ എം.എസ്.എസ് പ്രവർത്തകരിൽ ഇത് അമ്പരപ്പുണ്ടാക്കി. അവരിലൊരാൾ പറയുന്നത്, ""വെറും 10 രൂപ വിതരണം ചെയ്യുന്നെന്നു കേട്ടാൽ പോലും ആളുകൾ അതിന് തിക്കിത്തിരക്കുമായിരുന്നു,'' എന്നാണ്. കേരളത്തിലെ വികേന്ദ്രീകൃത വികസനത്തിൽ വ്യക്ത്യാധിഷ്ഠിതവും, ഉത്തരവാദവത്ക്കരിക്കപ്പെട്ടതുമായ ക്ഷേമത്തിന് നൽകി വന്ന പ്രാധാന്യം സൂചിപ്പിക്കുന്നത്, ഉദാര പൗര- നിർമാണം സാധിക്കില്ലെന്നാണ്. ജനകീയാസൂത്രണ പദ്ധതിയിലെ സന്നദ്ധസേവകർ പലകാരണങ്ങളാൽ ഉൾവലിഞ്ഞതോടെ, ഗ്രാമസഭകളാണ് ആനുകൂല്യ അന്വേഷകരെ രൂപപ്പെടുത്തി എടുത്തത്. ഞാൻ മുമ്പു നടത്തിയ ഗവേഷണത്തിൽ, ആനുകൂല്യ അന്വേഷകർ ഒരേ സമയം വ്യത്യസ്ത വായ്പാ സംഘങ്ങളിൽ ചേർന്ന് നേട്ടമുണ്ടാക്കുന്നതിനെ കുറിച്ച് കുടുംബശ്രീ നേതാക്കൾ പരാതിപ്പെടുന്നുണ്ട്. ആനുകൂല്യ അന്വേഷകർ ക്വാറി കമ്പനികളിൽ നിന്ന്​ നേട്ടങ്ങൾ സ്വീകരിക്കുമെന്നും– തദ്ദേശഭരണസംവിധാനത്തോടു കാട്ടുന്ന അസ്ഥിരമായ കൂറു മാത്രം അവരോടും കാണിക്കുമെന്നും– സങ്കൽപ്പിക്കാൻ ബുദ്ധിമുട്ടൊന്നുമില്ല.

ക്വാറിക്ക് സമീപം താമസിക്കുന്ന ദരിദ്ര കുടുംബങ്ങളിൽ പലരും, ക്വാറിയിൽ നിന്നുള്ള പൊടി കാരണം തങ്ങൾ അസുഖബാധിതരായെന്നും, ക്വാറി പ്രവർത്തനം മൂലം വീടുകൾക്ക് കേട്​ സംഭവിക്കുന്നെന്നും പറഞ്ഞ് കമ്പനികളിൽ നിന്ന് പണം വാങ്ങാറുണ്ടെന്ന് ഞങ്ങളോടു സംസാരിച്ച സാമൂഹ്യ പ്രവർത്തകരും, നാട്ടുകാരും, ക്വാറി തൊഴിലാളികളും മറ്റും ചൂണ്ടിക്കാട്ടുന്നു. ക്വാറിക്ക് സമീപം താമസിക്കുന്ന ക്വാറി അനുകൂലിയായ ജി. ഇതുമായി ബന്ധപ്പെട്ട് ഒരു സംഭവം ഓർത്തെടുക്കുന്നുണ്ട്: ഞാനിത് നേരിട്ട് കണ്ടിട്ടുണ്ട്. എന്റെ അയൽക്കാരൻ കെ., അയാളുടെ സ്വന്തം വീടിന്റെ ചുമരിൽ ചുറ്റിക വെച്ച് അടിക്കുന്നത് കണ്ടിട്ടുണ്ട്. എന്നിട്ടയാൾ പോയിട്ട് (ക്വാറി കമ്പനി മാനേജരുടെ അടുക്കലേക്ക്) നഷ്ടപരിഹാരം മേടിക്കും. 2000 മതുൽ 4000 രൂപ വരെ അയാൾക്ക് കിട്ടും. ഏഴെട്ട് മാസക്കാലം, എല്ലാ ആഴ്ചകളിലും ഇയാളിത് ചെയ്യാറുണ്ടായിരുന്നു. എന്റെ വീടിന് ഒരു പോറൽ പോലും സംഭവിച്ചിട്ടില്ല. ഒടുവിൽ കമ്പനി അയാളുടെ സ്ഥലം സെന്റിന് രണ്ടു ലക്ഷം രൂപ നൽകി വാങ്ങിച്ചു. ആകെ 35 സെന്റ് സ്ഥലം അയാൾക്കുണ്ടായിരുന്നു. ഈ പണം കൊണ്ടയാൾ തന്റെ മൂത്ത മകളെ കെട്ടിച്ചയക്കുകയും, ഇളയ മകളുടെ നഴ്‌സിങ്ങ് പഠനം പൂർത്തിയാക്കുകയും ചെയ്തു. ഇത്തരം പ്രത്യക്ഷമായ തട്ടിപ്പുകൾ ക്വാറി കമ്പനികൾക്ക് തിരിച്ചറിയാൻ കഴിയാറുണ്ടോ എന്ന ചോദ്യത്തിന്, അയാളുടെ സ്ഥലം വാങ്ങിയത് ശല്യം ഒഴിവാക്കാനായിരുന്നു എന്നാണ് അദ്ദേഹം മറുപടി നൽകിയത്.

ക്വാറി ബിസിനസിന് കാര്യമായ ആനുകൂല്യങ്ങൾ നൽകാതിരിക്കുകയും, എന്നാൽ ഒപ്പം തന്നെ അതിനെ നിയന്ത്രിക്കാനുള്ള നിയമങ്ങളെയും സംവിധാനങ്ങളെയും കാര്യമായി നടപ്പിലാക്കാതെ, ഒട്ടും കാര്യക്ഷമമാക്കാതെ നിർത്തുകയും ചെയ്യുക എന്നതാണ് പൊതിവിലെ സർക്കാർ നയം

എന്നിരുന്നാലും, തങ്ങൾക്ക് ചെയ്തു തരുന്ന സേവനങ്ങൾക്കുള്ള പ്രതിഫലമായും ക്വാറി കമ്പനികൾ നൽകുന്ന വിഭവങ്ങളെ ക്വാറി അനുകൂലികൾ കണ്ടേക്കാം. കമ്പനികളുടെ അക്രമങ്ങൾക്ക് മൗനസമ്മതം നൽകുന്നതിനും എതിരാളികളെ ശാരീരികമായി ചെറുക്കുന്നതിനും ക്വാറികൾക്കു വേണ്ടി ശബ്ദിക്കുന്നതിനും മറ്റുമുള്ള ഉപഹാരം. ഇതുമൂലം ക്ഷേമഗുണഭോക്താക്കളെക്കാളും മെച്ചപ്പെട്ടവരാണ് തങ്ങളെന്ന തോന്നൽ ക്വാറി അനുകൂലികളിൽ ഉണ്ടാക്കിയിരിക്കാം. ഞങ്ങൾ അഭിമുഖം നടത്തിയ ക്വാറി അനൂകൂലികൾ, പ്രത്യേകിച്ച്, നാടാർ വിഭാഗത്തിന്റെ നേതാവു പറഞ്ഞത്, നാടാർമാരുടേയും ദളിതരുടേയും അഭിവൃദ്ധിയിൽ അസൂയ തോന്നിയ സവർണ ജാതിക്കാരുടെ പ്രതിലോമ കൂട്ടായ്മയാണ് എം.എസ്.എസ് എന്നാണ്.

അവരിലൊരാളായ ജി.സി, ക്വാറി കമ്പനികളുടെ കടന്നു വരവിനെക്കുറിച്ച് പറയുന്നതിങ്ങനെയാണ്: ഈ പ്രദേശത്തെ ഏറ്റവും ദരിദ്രരായ ആളുകൾക്കാണ് നേട്ടമുണ്ടാക്കാനായത്.... വിദ്യാഭ്യാസം ഇല്ലാത്തവർ വാഹനമോടിക്കാൻ പഠിച്ചു, ലോറികൾ വാങ്ങിച്ചു, യഥാർത്ഥത്തിൽ അവരുടെ ജീവിതം മെച്ചപ്പെട്ടു. അതുകൊണ്ട്, നല്ല കാര്യങ്ങളും മോശം കാര്യങ്ങളും ഉണ്ടായിട്ടുണ്ട്. സ്ഥലം വിറ്റവരുടെ ജീവിതവും മെച്ചപ്പെട്ടു. അവർ മറ്റു സ്ഥലങ്ങളിലേക്കു പോയി, സ്ഥലം വാങ്ങി, രണ്ടു നില വീടെടുത്തു... അവരൊക്കെ ഒരുപാട് നേടി. ചോദിക്കുന്ന സഹായങ്ങളെല്ലാം ക്വാറി ഉടമകൾ നൽകുമായിരുന്നു. ഇതുകൊണ്ടു തന്നെ സമരങ്ങൾ വിജയിക്കില്ല. ഒരുപാട് ആളുകൾ കുന്നിന്റെ ചുവട്ടിൽ വീടു വെക്കാൻ സ്ഥലം വാങ്ങിയിരുന്നു. ഇവർക്ക് നിർമ്മാണാവശ്യത്തിനുള്ള കല്ലുകളും, എം-സാൻഡും മറ്റു സഹായങ്ങളും ക്വാറികളിൽ നിന്ന് ലഭിക്കുമായിരുന്നു. വലിയ അളവിൽ ഭൂമി കൈവശം വെച്ചിരുന്ന ജന്മി കുടുംബങ്ങളിൽ പെട്ടവരാണ് ഇന്ന് ഇതിനെതിരെ സമരം ചെയ്യുന്ന നേതാക്കൾ.

അവരുടെ പൂർവികരുടെ അനുഭവങ്ങളിൽ നിന്ന്​ തീർത്തും വ്യത്യസ്തമായിരുന്നു ഇത്, വിശിഷ്യ ദളിത് വിഭാഗത്തിൽ പെട്ടവരുടെ കാര്യത്തിൽ. എം.എസ്.എസിലെ ദളിത് നേതാവ് എസ്, തന്റെ സമുദായത്തിന്റെ പൂർവകാലത്തെക്കുറിച്ച് പറയുന്നതിങ്ങനെയാണ്: മൂക്കുന്നിമലയിലെ മരങ്ങൾ അനധികൃതമായി വെട്ടുന്നതിന് അവരെയായിരുന്നു ഉപയോഗിക്കാറ്. ഈ നിയമലംഘനത്തിന് നേതൃത്വം നൽകിയത് സവർണ ജന്മികളായിരുന്നെങ്കിലും, പഴി കേൾക്കേണ്ടി വന്നതും, അറസ്റ്റിലായതും ദളിതരാണ്. ഞാൻ കോടതിയിൽ ഈ കേസുകൾ കണ്ടിട്ടുള്ളതു കൊണ്ടുതന്നെ എനിക്കിത് നേരിട്ടറിവുള്ള കാര്യമാണ്. ഈ കുറ്റത്തിന് ശിക്ഷിക്കപ്പെടുന്നവരുടെ മേൽവിലാസം ഉറപ്പായും പഞ്ചായത്തിലെ കുന്നിന് സമീപം താമസിക്കുന്ന ചെറ്റക്കുടിലുകളിൽ ഒന്നിന്റേത് ആയിരിക്കും. രണ്ടു സന്ദർഭങ്ങളിലും അവർണ ജാതിയിൽ പെട്ട പുരുഷന്മാർ വരേണ്യ വർഗത്തെ സേവിക്കുകയാണ്- പഞ്ചായത്തിലെ വരേണ്യ ജാതിക്കാരെ സേവിച്ചപ്പോൾ അവർക്ക് ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നു; എന്നാൽ, "വരത്തനായ' ക്വാറി മൂലധനം അവർക്ക് തക്കതായ പ്രതിഫലം നൽകിപ്പോന്നു. ക്വാറി കമ്പനികൾക്കു വേണ്ടി ചില്ലറ ഗുണ്ടായിസങ്ങളൊക്കെ കാണിച്ച് കാശുകാരനായ കെ ഓ. എന്നയാൾ വിവരിച്ച ഒരു സംഭവത്തെക്കുറിച്ച് എം.എസ്.എസിന്റെ ഒരു നേതാവ് ഞങ്ങളോട് പങ്കു വെക്കുന്നുണ്ട്. അയാൾ പറഞ്ഞത് ഇതാണ്: ‘‘ഈ ജില്ലയിലെ ഏറ്റവും നല്ല കള്ള് വാറ്റിയിരുന്നത് (നിയമവിരുദ്ധമായി) എന്റെ അച്ഛനായിരുന്നു. അച്ഛൻ എങ്ങനെയാണ് മരിച്ചതെന്ന് നിങ്ങൾക്കറിയോ? പോലീസ് ചവിട്ടിക്കൊന്നതാണ്. അങ്ങനെ കൊല്ലപ്പെട്ട ഒരാളുടെ മകനായ ഞാനിന്ന് ഇവിടെ വിലസുകയാണ്. നായന്മാർക്ക് അതൊട്ടും സഹിക്കുന്നില്ല!''

ഖനനത്തിന് ശേഷം രൂപപ്പെട്ട കുഴികളിൽ നിന്ന് മീൻ പിടിക്കുന്ന പ്രദേശവാസികൾ

അപ്പോൾ ഈ വിഷയത്തിൽ എം.എസ്.എസ് കൈക്കൊള്ളുന്ന ധാർമിക നിലപാടുകളെല്ലാം തന്നെ വെറും വാചകമടി മാത്രമാണെന്ന് ക്വാറി ഉടമകൾ പ്രഖ്യാപിക്കുന്നതിനോട് ഇവിടുത്തെ ക്വാറി അനുകൂലികളായ കീഴ്ജാതിക്കാർ യോജിക്കുന്നത് ചുമ്മാതല്ല. ക്വാറിവിരുദ്ധ സമരത്തിലെ മുൻഗാമികളെ പോലെ ഏറ്റവും ലാഭം കിട്ടുന്ന ഇടപാടിന് കാത്തു നിൽക്കുന്ന സൂത്രശാലികളാണ് എം.എസ്.എസ് എന്ന അഭിപ്രായത്തിലും ക്വാറി അനുകൂലികൾക്കും, ക്വാറി തൊഴിലാളികൾക്കും മുതലാളിമാർക്കും അഭിപ്രായ വ്യത്യാസം ഇല്ലെന്ന കാര്യത്തിൽ അത്ഭുതമില്ല. സ്വാഭാവികമായും എം.എസ്.എസ് പ്രവർത്തകരെ ഇവർ കപടനാട്യക്കാരായും (സ്വന്തം വീട് നിർമാണത്തിന് ആവശ്യം പോലെ ഗ്രാനൈറ്റും, ഇതേ ക്വാറികളിൽ നിന്ന് തന്നെ സൗജന്യമായി ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിക്കുന്നതും), ക്വാറി കമ്പനികൾക്കു മേൽ അമിത സമ്മർദ്ദം ചെലുത്തി അവരിൽ നിന്ന് കൂടുതൽ വലിയ തുക നേടിയെടുക്കാൻ ശ്രമിക്കുന്നവരും ആയാണ് ഉയർത്തിക്കാട്ടുന്നത്. അതായത് കമ്പനികളിൽ നിന്ന്​ സ്ഥിരമായി പണം കൈപ്പറ്റുന്നെന്ന് ആരോപിക്കപ്പെടുന്ന പഞ്ചായത്ത് അംഗങ്ങളിൽ നിന്ന്​ ഒട്ടും വ്യത്യസ്തരല്ല ഇക്കൂട്ടർ എന്നാണവർ പറയുന്നത്. പഞ്ചായത്തംഗങ്ങൾ ഇന്ന് കാശു വാങ്ങുമ്പോൾ, എം.എസ്.എസ് പ്രവർത്തകർ ഭാവിയിലേക്കുള്ള വരുമാന മാർഗമായാണ് ഇതിനെ കാണുന്നതെന്ന വ്യത്യാസം മാത്രമേ ഉള്ളുവെന്നും അവർ പറയുന്നു. വരേണ്യ വർഗവുമായി തട്ടിച്ചു നോക്കുമ്പോൾ, അടിസ്ഥാന സൗകര്യങ്ങളും അവകാശങ്ങളും ചരിത്രപരമായി നിഷേധിക്കപ്പെട്ട ആളുകൾക്ക് ഒരിക്കലെങ്കിലും ലഭിച്ച മെച്ചപ്പെട്ടു നിൽക്കുന്ന ഒരു സ്ഥിതിവിശേഷമായാണ് അവർ ഇതിനെ വിലയിരുത്തുന്നത്.

ഇതു മാത്രമല്ല, പൊതുവേ പറഞ്ഞാൽ, കേരളത്തിലെ ഭരണീയതയുടെ സ്വഭാവം "നവ ഉദാര ഭരണീയത'യോട് അടുത്തു കൊണ്ടിരിക്കുകയാണെന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. അതിൽ വിപണിയാണ് എല്ലാ പെരുമാറ്റത്തിന്റേയും മാതൃക. പൗരന്മാരെ നിശ്ചിതരീതിയിൽ– വിപണിയിലെ മത്സരസ്വഭാവത്തെ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും പ്രസരിപ്പിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന രീതിയിൽ– പെരുമാറാനാവശ്യമായ പ്രോത്സാഹന വിഭവങ്ങൾ മാത്രമാണ് നവഉദാരവാദപരമായ ഭരണനിർവഹണ പ്രക്രിയയിൽ പരിഗണിക്കപ്പെടാറ്. വികേന്ദ്രീകൃത വികസനത്തിന്റെ ഭാഗമായി ഉത്തരവാദവത്ക്കരിക്കപ്പെട്ട ക്ഷേമത്തിലേക്ക് കേരളം മാറാൻ തുടങ്ങിയ 1990കൾ മുതൽ, നവഉദാര ഭരണീയത കേരളത്തിൽ കാലുറപ്പിച്ചു എന്ന് വാദിക്കാം. എന്നിരുന്നാലും പരസ്പര ആശ്രയത്തത്തിന്റേയും, കരുതലിന്റേയും ധാർമിക ഭാഷയിൽ പൊതിഞ്ഞാണ് കേരളത്തിന്റെ തദ്ദേശഭരണ നിർവഹണം ഇന്നും നടക്കുന്നത്. അടിസ്ഥാന വികസനത്തിന് പ്രാധാന്യം നൽകി, ത്വരിതഗതിയിലുള്ള ആഗോള മൂലധന വളർച്ചയെ അനുകൂലിക്കുന്ന നിലപാട് കേരള സർക്കാർ സ്വീകരിച്ചെങ്കിലും, മൂലധന വരവിനെ നേരിട്ട് പ്രേരിപ്പിക്കുന്നത് (പ്രത്യേകിച്ച് പ്രകൃതി വിഭവം എടുക്കുന്നവരെ) എളുപ്പമായിരുന്നില്ല. പ്രതിപക്ഷ പൗര സമൂഹവും, വിമർശനാത്മക സമീപനമുള്ള മാധ്യമങ്ങളും കേരളത്തിൽ പൂർണമായും നിശബ്ദരാക്കപ്പെട്ടിട്ടില്ല എന്ന വസ്തുത നിലനിൽക്കുമ്പോൾ, ക്വാറി മൂലധനത്തിന് അനുകൂലമായും പ്രദേശവാസികൾക്ക് എതിരേയും പ്രവർത്തിക്കുന്ന നവഉദാര ഭരണീയതയെ തുറന്ന് സ്വീകരിക്കുക സാധ്യമല്ല.

ശക്തമായ നിരുത്സാഹപ്പെടുത്തൽ, നിയമം വഴിയും നിയമപ്രയോഗം വഴിയും സർക്കാർ നയങ്ങളിൽ ഇല്ലാത്തിടത്തോളം അമിതവും അപകടകരവുമായ ഖനനം സ്വീകര്യമാണെന്ന നിശബ്ദമായ ധാരണ പൊതുവിലുണ്ട്, പ്രത്യേകിച്ച് ക്വാറിയെ അനുകൂലിക്കുന്നവർക്ക്

അതുകൊണ്ടു തന്നെ, അമിതവും, ദോഷകരവുമായ ഖനനത്തെ പ്രത്യക്ഷത്തിൽ പ്രതിരോധിക്കാൻ ദുർബ്ബലമായ നിയമങ്ങൾ ആവിഷ്‌കരിക്കുകയോ, കാര്യക്ഷമമല്ലാത്ത തരത്തിൽ അവ നടപ്പിൽ വരുത്തുകയോ ആയിരുന്നു തന്ത്രം. ഉദാഹരണത്തിന് ഖനനത്തിന്റെ കാര്യം എടുക്കുകയാണെങ്കിൽ, ക്വാറി ബിസിനസിന് കാര്യമായ ആനുകൂല്യങ്ങൾ നൽകാതിരിക്കുകയും, എന്നാൽ ഒപ്പം തന്നെ അതിനെ നിയന്ത്രിക്കാനുള്ള നിയമങ്ങളെയും സംവിധാനങ്ങളെയും കാര്യമായി നടപ്പിലാക്കാതെ, ഒട്ടും കാര്യക്ഷമമാക്കാതെ നിർത്തുകയും ചെയ്യുക എന്നതായിരുന്നു സർക്കാർ നയം. രണ്ടാമതായി, ഖനനവുമായി ബന്ധപ്പെട്ട പൊതു പ്രതിഷേധങ്ങൾ (ഇവയിൽ പ്രധാനപ്പെട്ട പ്രതിഷേധമാണ് മൂക്കുന്നിമലയിലേത്), പൊട്ടിപ്പുറപ്പെട്ടതോടെ ഇതുമായി ബന്ധപ്പെട്ട നയപരമായ നടപടിക്രമങ്ങളുടെ സഞ്ചാരദിശയും വേഗതയും അസ്ഥിരമാണെന്നും, അതിനെ മനപ്പൂർവം ഇഴയ്ക്കുകയാണെന്നും കാണാം.

പുതിയ നൂറ്റാണ്ട് വരെ നീളുന്ന, ഒരുപാട് വർഷങ്ങളായുള്ള ചെറിയ ധാതുക്കളുടെ ഖനനം ഏതാണ്ട് പൂർണമായും നിയന്ത്രണങ്ങളിൽ നിന്ന് മുക്തമായിരുന്നു (ചെറുകിട ഖനനം ചെയ്തിരുന്ന പ്രദേശവാസികൾക്ക് ആ കാലത്തെക്കുറിച്ച് നല്ല അഭിപ്രായമാണ്). പിന്നീട് സാഹചര്യം മുറുകി തുടങ്ങിയപ്പോൾ (ഉദാഹരണത്തിന്, ഖനനം പ്രതികൂലമായി ബാധിച്ചവരുടെ പരാതികളെ തുടർന്ന് കോടതി നടത്തിയ ഇടപെടലുകൾക്കു ശേഷം), ഇത് നടപ്പിലാക്കാൻ ചുമതലപ്പെട്ടവർ ഉഴപ്പു കാണിച്ചെന്ന് രേഖകളിൽ നിന്നും മനസ്സിലാക്കാം (എം.എം.എസ് ഇത് നിരന്തരമായി ഉയർത്തിക്കാണിക്കുന്നുണ്ട്). സർക്കാറിന് വമ്പിച്ച സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന തരത്തിൽ ഭീമമായ അഴിമതിയും ചൂഷണവും മൂക്കുന്നിമലയിൽ നടക്കുന്നുണ്ടെന്ന് സർക്കാർ ഏജൻസികൾ തന്നെ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് നടപ്പിലാക്കിയ നിയന്ത്രണങ്ങൾ പക്ഷെ പ്രതികൂലമായി ബാധിച്ചത് ചെറുകിട പാറമടകളെ മാത്രമായിരുന്നു. എന്നും പ്രതികൂല നടപടികൾക്ക് മീതെയായിരുന്നു വൻകിട പാറമടകൾ.

അപ്പോൾ പ്രാദേശിക തലങ്ങളിൽ നമ്മൾ കാണുന്നത് നവ ഉദാര ഭരണീയതയുടെ നേരിട്ടുള്ള കടന്നുവരല്ല, മറിച്ച് പതുക്കെ, എന്നാൽ സ്ഥായിയായ നവ ഉദാര ഭരണീയതയുടെ പ്രച്ഛന്ന പ്രവേശത്തെയാണ്. ക്വാറി കമ്പനികളുടെ ലൈസൻസ് പുതുക്കാൻ പഞ്ചായത്ത് കമ്മിറ്റി സ്വീകരിച്ച തന്ത്രം (2014 മുതൽ എം.എസ്.എസ്സിന്റെ നോട്ടീസുകളിൽ ഇതേക്കുറിച്ച് സ്ഥിരമായി പരാമർശിക്കാറുണ്ട്) ഇതിനെ ശരിവെക്കുന്നുണ്ട്. നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ചുമതലപ്പെട്ട സർക്കാർ വകുപ്പുകളുടേതിന് സമാനമായ അലംഭാവമായിരുന്നു അവരുടേതും- നിയമങ്ങൾ പാലിക്കാതെ അവർ ഈ വിഷയത്തിൽ നിന്നും ഒഴിഞ്ഞുമാറി, ഉത്തരവാദിത്തം പഞ്ചായത്ത് സെക്രട്ടറിക്ക് കെട്ടിവെച്ചു- അതായത് ഏർപ്പെടുത്താൻ ബാധ്യതയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താതെ, എന്നാൽ ക്വാറി കമ്പനികൾക്ക് പ്രത്യക്ഷത്തിൽ തുറന്ന പിന്തുണ നൽകാതെയും അവരിത് പ്രാവർത്തികമാക്കി.

ഇവിടെ ശ്രദ്ധേയമായ കാര്യമിതാണ് – ഉദാരവാദ ഭരണീയതയുടെ ഭാഷയെ പഞ്ചായത്തടക്കമുള്ള തദ്ദേശ ഭരണം പഴയ ജനകീയാസൂത്രണ ധാർമിക ഭാഷയായി നിലനിർത്തിയിട്ടുണ്ട്. പക്ഷേ മൂലധനത്തെ ചെറുക്കുംവിധമുള്ള, അല്ലെങ്കിൽ ശക്തമായി നിരുത്സാഹപ്പെടുത്തുന്ന, നടപടികൾ, നിയമങ്ങൾ, സംവിധാനങ്ങൾ മുതയാവയുടെ അഭാവത്തെ പള്ളിച്ചലിലെ തദ്ദേശഭരണാധികാരികൾ മൗനസമ്മതമായി എണ്ണിയിരിക്കുന്നുവെന്ന് വ്യക്തമാണ്.
അതായത് ശക്തമായ നിരുത്സാഹപ്പെടുത്തൽ, നിയമം വഴിയും നിയമപ്രയോഗം വഴിയും സർക്കാർ നയങ്ങളിൽ ഇല്ലാത്തിടത്തോളം അമിതവും അപകടകരവുമായ ഖനനം സ്വീകര്യമാണെന്ന നിശബ്ദമായ ധാരണ അവർക്കുണ്ട്. ക്വാറി കമ്പനി പ്രതിനിധികളുമായി ഞങ്ങൾ നടത്തിയ അഭിമുഖങ്ങളിൽ ഇത് വ്യക്തമാണ്.

ക്വാറി വാഹനങ്ങൾ ഗതാഗതത്തിനായി ഉപയോഗിക്കുന്ന, പ്രദേശത്തെ ചെറുകിട ഖനിയുടമയുടെ സ്വകാര്യ സ്ഥലത്ത് സ്ഥാപിച്ച സമയക്രമം സൂചിപ്പിക്കുന്ന ബോർഡ്

ഇവിടെയാണ് നവ ഉദാരവാദ ഭരണീയത, നിയമലംഘനത്തെയും കുറ്റവാസനയെത്തന്നെയും കാണുന്ന രീതിയെപ്പറ്റി ചിന്തിക്കേണ്ടത്. നവ ഉദാരവാദ ഭരണീയതയിൽ നിയമലംഘകരും കുറ്റവാളികളും മറ്റാരേയും പോലെ തങ്ങളുടെ സ്വന്തം താത്പര്യങ്ങൾ ഏറ്റവും സുഗമമായ രീതിയിൽ നേടിയെടുക്കാൻ ശ്രമിക്കുന്ന, യുക്തിസഹമായ തെരെഞ്ഞെടുപ്പു നടത്തുന്നവർ മാത്രമാണ്. നവ ഉദാരവാദ ചട്ടക്കൂടിനുള്ള മനുഷ്യരുടെ സ്വത്വങ്ങൾ സ്വതാത്പര്യാർത്ഥം സദാ കണക്കുകൂട്ടലിൽ ഏർപ്പെട്ടുകൊണ്ടേയിരിക്കും – എല്ലാ ബന്ധങ്ങളും തെരെഞ്ഞെടുപ്പുകളും ഈ കണക്കുകൂട്ടലിനു വിധേയമാണ്. പിന്നെ, ഈ കണക്കുകൂട്ടൽ സാമൂഹ്യവിരുദ്ധതയായി പരിണമിക്കാതിരിക്കാൻ ഭരണകൂടം ശക്തമായ നിരുത്സാഹപ്പെടുത്തൽ നടപടികൾ കൈക്കൊള്ളണമെന്ന് നവഉദാരവാദയുക്തി ഉപദേശിക്കുന്നു. നിരുത്സാഹപ്പെടുത്തലിലൂടെ മാത്രം രൂപപ്പെടുത്തുന്ന സ്വത്വങ്ങളാണ് നവഉദാരവാദ പൗരവ്യക്തികളുടേത് – മുൻപ് ചർച്ച ചെയ്ത ഉദാരവാദപൗരജന സങ്കല്പത്തിൽ നിന്ന്​ തികച്ചും വ്യത്യസ്തമായവ.

അപ്പോൾ കാര്യങ്ങൾ വ്യക്തമാണ്. നവ ഉദാരവാദ പൗരവ്യക്തിയെ സംബന്ധിച്ച്​ഭരണകൂടം ശക്തമായി നിരുത്സാഹപ്പെടുത്താത്ത പ്രവൃത്തികളൊന്നും തന്നെ നിയമലംഘനങ്ങളോ കുറ്റമോ ആയി തോന്നണമെന്നില്ല. എന്തിന്, ഇത്തരം പ്രവർത്തനങ്ങൾ ജോലി ആയിപ്പോലും കണക്കാക്കപ്പെടുകയും ചെയ്യും. പള്ളിച്ചൽ പഞ്ചായത്തിൽ നിയമവിരുദ്ധ പ്രവൃത്തികൾ/ ആളുകൾ, സ്വീകരിക്കപ്പെടുന്നത്ര വേഗത്തിൽ തന്നെ ഉപേക്ഷിക്കപ്പെടുന്നതും എന്തു കൊണ്ടാണെന്ന് എളുപ്പം മനസ്സിലാക്കാം. കൈക്കൂലി വാങ്ങുന്ന പ്രാദേശിക രാഷ്ട്രീയക്കാർ പൊതുകാര്യാലയങ്ങളിലെ സ്ഥാനമാനങ്ങൾക്ക് അർഹരല്ലെന്ന അഭിപ്രായം പ്രദേശവാസികൾക്കില്ലെന്ന് അവരുമായി നടത്തിയ അനൗപചാരിക സംഭാഷണങ്ങളിൽ ഞങ്ങൾക്ക് മനസ്സിലായി. ഈയിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റവും അഴിമതിയാരോപിതരായ സ്ഥാനാർഥികളും ജയം കണ്ടു. ക്വാറികളെ കഴിഞ്ഞ കുറേ വർഷങ്ങളായി ഉദാരമായി സഹായിക്കുകയും, അവർക്കു വേണ്ടി മധ്യസ്ഥം പറയുകയും, തന്റെ അണികൾക്ക് നിസ്സാര വിലക്കോ, സൗജന്യമായോ, നിർമാണ സാമഗ്രികൾ നൽകുകയും ചെയ്യുന്ന ഒരു സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് ചോദിച്ചപ്പോൾ പ്രദേശവാസിയായ പി. യുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ""അയാൾക്ക് കുറച്ചധികം പ്രായമുണ്ട്, പോരാത്തതിന് അസുഖങ്ങളും. കമ്പനികളെ സമീപിക്കാനുള്ള ഏക വഴി ഇപ്പോൾ അയാൾ മാത്രമല്ല... ഏതൊരു പഞ്ചായത്തു മെമ്പർക്കും അതിനു കഴിയും... അവർക്കിനി ഇയാളോട് പ്രത്യേകിച്ച് കടപ്പാടൊന്നും ഇല്ല.''

പള്ളിച്ചലിലെ പ്രശ്‌നം തദ്ദേശ ഭരണകൂടത്തിന്റെ പരാജയത്തെക്കാളും, തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ മേൽ ആരോപിക്കപ്പെടുന്ന അഴിമതിയെക്കാളും ഗൗരവതരമായ ഒന്നാണ്. 1990കളിലെ വികേന്ദ്രീകൃത വികസന സംരഭങ്ങളിൽ കാര്യമായി പരിഗണിക്കപ്പെടാതെ പോയ, കാലങ്ങളായുള്ള സാമൂഹിക- സാമ്പത്തിക വിടവാണ് ഇതിന്റെ കാരണം

ഉദാരവാദ ഭരണീയത പൊള്ളയായതോടെ ജൈവരാഷ്ട്രീയത്തെപ്പറ്റി ആളുകൾ നിശബ്ദം സ്വാംശീകരിക്കുന്ന ധാരണകൾക്കും വലിയ മാറ്റമുണ്ടായി. നവ ഉദാര ഭരണീയത ആളുകളുടെ സാമാന്യബോധത്തിൽ ഇന്ന് പൂർവ്വാധികം കടന്നുകയറുന്നതിന്റെ കാരണങ്ങളിലൊന്ന് ഇതാണ്. ഞങ്ങളോട് സംസാരിച്ച പഞ്ചായത്തു മെമ്പർമാരും, ഖനിത്തൊഴിലാളികളും, ക്വാറി അനുകൂലികളും, നീണ്ട സംഭാഷണങ്ങളിലേർപ്പെട്ടവരും ഒരുപോലെ പറഞ്ഞ കാര്യം, ഞങ്ങൾക്ക് വികസനം(വളർച്ച എന്നു വായിക്കുക) ഇല്ലാതെ പറ്റില്ല, അതിനു നിർമാണ സാമഗ്രികൾ വേണം'' എന്നാണ്. ക്വാറി പ്രതിനിധികൾക്കും അവരുടെ അനുകൂലികൾക്കും യൂണിയൻ നേതാക്കൾക്കും, പഞ്ചായത്ത് അംഗങ്ങൾക്കും, പ്രാദേശിക-സംസ്ഥാന തല രാഷ്ട്രീയക്കാർക്കുമുള്ള അന്തർലീനമായ ധാരണ, ഭരണകൂടം ജീവനെ നേരിട്ട് ഇടപെട്ടുകൊണ്ട്, കൂട്ടായ രീതിയിൽ, സംരക്ഷിക്കുകയും, പരിപോഷിപ്പിക്കുകയും, വളർത്തുകയും ചെയ്യും എന്നല്ല. മറിച്ച് വൻകിട വികസനത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിലൂടെ സ്വകാര്യവ്യക്തികളുടെ കഴിവുകൾക്കും മുതൽമുടക്കിനും പരമാവധി ലാഭമുണ്ടാക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കുന്നതിലൂടെയാണ് ഭരണകൂടം ജൈവാധികാരം ചെലുത്തേണ്ടതെന്ന് അവർ കരുതുന്നു. അന്തമില്ലാത്ത വളർച്ചയിലൂടെ വ്യക്തികൾ അവരുടെ സുരക്ഷ വിപണിയിലൂടെ കണ്ടെത്തിക്കൊള്ളാനുള്ള സാഹചര്യമുണ്ടാക്കുന്നതിനെയാണ് അവർ ഭരണീയതയായി തിരിച്ചറിയുന്നത്. അതുകൊണ്ടു തന്നെ അവരുടെ സങ്കൽപ്പത്തിൽ, ജൈവാധികാരത്തിന്റെ പ്രയോഗം നേരിടുന്ന വലിയ അപകടം വളർച്ചയെ നിയന്ത്രിക്കാൻ ശ്രമിക്കലാണ്!! ഭാവിയെക്കുറിച്ചും, സുസ്ഥിര പരിസ്ഥിതിയെക്കുറിച്ചും, പ്രാദേശിക ദേശങ്ങൾ
​വാസയോഗ്യമാക്കുന്നതിനെക്കുറിച്ചുമുള്ള എല്ലാ ചർച്ചകളും ഈ ചട്ടക്കൂടിനുള്ളിൽ വിലകുറഞ്ഞ ‘വാചകമടി' മാത്രമാണ്. ഇവിടെയുള്ള പരിസ്ഥിതി നാശത്തിൽ നിന്ന് സുരക്ഷിതങ്ങളായ മറ്റിടങ്ങളിലേക്കു മാറിത്താമസിക്കാമെന്ന പ്രതീക്ഷ വച്ചുപുലർത്തുന്നത് വരേണ്യരും ക്വാറി ഉടമകളും മാത്രമല്ല, ക്വാറി അനുകൂലികളായ ദരിദ്രരും അതു വിശ്വസിക്കുന്നു. തന്നെയുമല്ല, സമീപകാലത്തെ സൂക്ഷ്മ കാലാവസ്ഥാ വ്യതിയാനങ്ങൾ കാരണം പള്ളിച്ചലിലുണ്ടായ ബുദ്ധിമുട്ടുകൾ, പ്രധാനമായും വെള്ളത്തിന്റെ ലഭ്യതക്കുറവ്, മലഞ്ചെരുവിൽ താമസിച്ച പാവപ്പെട്ട കുടുംബങ്ങൾ കാലാകാലങ്ങളായി അനുഭവിച്ചതാണെന്ന് ഓർക്കണം. അവരുടെ ചെറിയ പറമ്പുകൾ വിലപ്പനക്കുതകുന്ന സ്ഥലമാക്കി മാറ്റാൻ അനുവദിക്കുന്ന തരത്തിലായിരുന്നു പ്രാദേശിക വികസനത്തിന്റെ റോഡു നിർമാണ ശൈലി.

എം.എസ്.എസ് പ്രവർത്തകരുമായി നടത്തിയ അഭിമുഖങ്ങളിൽ നിന്ന് അവരുടെ പ്രവർത്തന തന്ത്രം വ്യക്തമാണ്. നവ ഉദാര ഭരണീയതയുടെ വർധിച്ചു വരുന്ന ആധിപത്യവും, പഞ്ചായത്ത് ഭരണത്തിലും നാട്ടുകാർക്കിടയിലും
ഉള്ള, പ്രാദേശിക തലങ്ങളിലെ അതിന്റെ ഒളിച്ചുകടത്തലും പൂർണമായും തിരിച്ചറിയുന്നുണ്ട്. ക്വാറി കമ്പനികളെ എം.എസ്.എസ് പ്രതിരോധിക്കുന്ന രീതിയിൽ നിന്ന്​ നമുക്കിത് മനസ്സിലാക്കാം. അവർ ക്വാറി കമ്പനികളെ ചെറുക്കുന്നത് റോഡിൽ വെച്ച് ലോറി തടയുന്നതു പോലുള്ള ""നേരിട്ടുള്ള നടപടികളിലൂടെ'' മാത്രമല്ല, മറിച്ച് കോടതി മുതൽ മലിനീകരണ നിയന്ത്രണ ബോർഡ്, പഞ്ചായത്ത് ഡയറക്​ടറേറ്റ്, പി.ഡബ്ല്യു.ഡി, റവന്യു വകുപ്പ്, കളക്ടർ, വിജിലൻസ് ബ്യൂറോ, ഗ്രീൻ ട്രൈബ്യൂണൽ വരെയുള്ള സർക്കാർ ഏജൻസികളുടെ കുരുക്കുകൾക്കിടയിൽ നിരന്തരം ജോലി ചെയ്ത്, അവർക്കെതിരെ ഹരജികൾ നൽകുകയും, പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചും കൂടിയാണ്. ഇത്തരം പ്രവർത്തനങ്ങളിലൂടെ നവഉദാര ഭരണീയതയുടെ നിഗൂഢമായ വളർച്ച പുറത്തു കൊണ്ടു വരാൻ എം.എസ്.എസ്സിന് സാധിച്ചിട്ടുണ്ട്. ഉദാരവാദ പൗരമൂല്യങ്ങളുടെ വക്താക്കളായ മാധ്യമങ്ങളെ ഇതിനെതിരായി ഉപയോഗിക്കാനും അവർക്ക് കഴിഞ്ഞിട്ടുണ്ട്.

ദരിദ്രരായ ക്വാറി അനുകൂലികളുടേയും, ക്വാറി കമ്പനികളുടേയും ക്വാറിയെ സഹായിക്കുന്ന രാഷ്ട്രീയക്കാരുടേയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടേയും കർതൃത്വത്തെ ഒരുമിച്ചു കൂട്ടിക്കെട്ടുന്നതിനെതിരെ ജാഗ്രത പുലർത്തണം. മുൻപ് സൂചിപ്പിച്ചതു പോലെ, ഉത്തരവാദവത്ക്കരിക്കപ്പെട്ട ജനക്ഷേമത്തിന്റെ വരവോടെ ഉദാരവാദ ഭരണീയതക്കുണ്ടായ തളർച്ചയോടുള്ള പ്രതികരണമാണ് ആനുകൂല്യ അന്വേഷകർ. പള്ളിച്ചലിൽ മൂലധനം നടത്തുന്ന വിഭവ ചൂഷണത്തിന്റെ, ചെറുതാണെങ്കിലും ഒരു പങ്കുപറ്റാൻ പാകത്തിൽ അവർ വളർന്നിട്ടുണ്ടെന്നു കാണാം. ക്വാറി മൂലധനത്തിന്റെ കർതൃത്വത്തെ ഭരണകൂടം പരോക്ഷമായി ആണെങ്കിലും, സജീവമായിത്തന്നെ പ്രാദേശിക തലത്തിലും അതിനപ്പുറവും പിന്തുണയ്ക്കുന്നുണ്ട്. ദരിദ്രരായ ക്വാറി അനുകൂലികളുടെ കർതൃത്വം പക്ഷെ അനിശ്ചിതത്വത്തിലാണ്. ദീർഘകാലാടിസ്ഥാനത്തിൽ ഇവർ സംരക്ഷിക്കപ്പെടുകയും പിന്തുണക്കപ്പെടുകയും ചെയ്യുമെന്നതിന് യാതൊരുറപ്പുമില്ല.

മാത്രമല്ല, ക്രിമിനൽ പ്രവർത്തനങ്ങളിലൂടെ ക്വാറി മൂലധനത്തെ പിന്തുണച്ച് സമ്പന്നരായ ആളുകൾക്കു പോലും അവരുടെ പുത്തൻ പണത്തിന്റെ ബലം കൊണ്ടു മാത്രം സാമൂഹിക ബഹിഷ്‌കരണത്തിൽ നിന്ന് പുറത്തു കടക്കാൻ കഴിയുമെന്ന് ഒരുറപ്പുമില്ല. ഇന്ന് പഞ്ചായത്തിലെ ഏറ്റവും സമ്പന്നരിൽ ഒരാളായ കെ ഓ. യെക്കുറിച്ച് മറ്റുള്ളവർ പറയുന്നതിങ്ങനെയാണ്: ""അയാൾ കാശുകാരനായതു മുതൽ പ്രദേശത്തെ പള്ളിയെ സുഖിപ്പിക്കാൻ തുടങ്ങി. അവർ സന്തോഷത്തോടെ അയാളുടെ സംഭാവനകൾ സ്വീകരിച്ചു. എന്നാൽ അയാൾ "യേശു കളിക്കാൻ' തുടങ്ങിയപ്പോൾ, അവർ അയാളെ പിടിച്ച് പുറത്താക്കി. ഇപ്പോൾ മറ്റൊരു പള്ളിയിൽ ഇതുതന്നെ ചെയ്യാൻ ശ്രമിക്കുകയാണ്. അതേ നാടകം അവിടെയും നടക്കുകയാണ്. അവിടുന്നും അവർ പരമാവധി പണം ഒഴുക്കിക്കും, എന്നിട്ടു പുറത്താക്കും.''

ചുരുക്കി പറയുകയാണെങ്കിൽ, പള്ളിച്ചലിലെ പ്രശ്‌നം തദ്ദേശ ഭരണകൂടത്തിന്റെ പരാജയത്തെക്കാളും, തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ മേൽ ആരോപിക്കപ്പെടുന്ന അഴിമതിയെക്കാളും ഗൗരവതരമായ ഒന്നാണ്. 1990കളിലെ വികേന്ദ്രീകൃത വികസന സംരഭങ്ങളിൽ കാര്യമായി പരിഗണിക്കപ്പെടാതെ പോയ, കാലങ്ങളായുള്ള സാമൂഹിക- സാമ്പത്തിക വിടവാണ് ഇതിന്റെ കാരണം. അതുകൊണ്ട് ഇവിടുത്തെ ജനാധിപത്യപ്രതിസന്ധിയുടെ പരിഹാരശ്രമത്തിൽ അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾ ഉപരിപ്ലവവും, താൽകാലിക ആശ്വാസം മാത്രം നൽകുന്നതുമാണെന്ന് വ്യക്തമാണ്. സാമൂഹിക-സാമ്പത്തിക വിടവിന്റെ രൂക്ഷത വെച്ചു നോക്കുമ്പോൾ, ഭീമമായ ക്വാറി മൂലധനത്തെ പൂർണമായും എടുത്തുമാറ്റേണ്ടത് അനിവാര്യത ആണെങ്കിലും അതു മാത്രം ഒരിക്കലും മതിയാവില്ല.

ധാർമിക ഭാഷ ഉപയാഗിക്കുകയും, എതിർപക്ഷത്തുള്ളവരെ നൂറ്റാണ്ടുകളായി ക്രൂരമായ അനീതിക്ക് പാത്രമായ വിഭാഗത്തിന്റെ പിന്മുറക്കാരായി കാണാതെ അവരെ ക്വാറി പണിക്കാരായും, വാടക ഗുണ്ടകളായും വിലയിരുത്തുന്നുണ്ടെങ്കിലും എം.എസ്.എസ്സിന് ഇതറിയാം. വലിയതും, നിയമവിരുദ്ധവുമായ ക്വാറികൾ അടച്ചു പൂട്ടിയാൽ മാത്രം പോര, അതു കൊണ്ട് സാമ്പത്തിക നഷ്ടം ഉണ്ടാവുന്ന പാവപ്പെട്ട തൊഴിലാളികൾക്ക്, സ്ഥലവും, തൊഴിൽ ഇല്ലാതാവുന്നതിന് മതിയായ നഷ്ടപരിഹാരവും, ആരോഗ്യപരിരക്ഷയും, ആജീവനാന്ത പെൻഷനും നൽകണമെന്ന എം.എസ്.എസ്സിന്റെ ആവശ്യങ്ങളിൽ നിന്ന്​ ഇത് മനസ്സിലാക്കാം. 20ാം നൂറ്റാണ്ടിൽ കേരളത്തിലെ നവഉദാര ഭരണകൂടത്തിന്റെ കീഴിൽ പ്രബലമായിരുന്ന വാഗ്ദാനങ്ങളാണ് ഇവയെന്ന് എളുപ്പം മനസ്സിലാക്കാം. കേരളത്തിന്റെ public action- സമയത്ത് ഭരണകൂടം പാവപ്പെട്ടവർക്ക് നൽകിയ വാഗ്ദാനങ്ങളെ ഈ നിർദ്ദേശങ്ങൾ മറികടക്കുന്നുണ്ട്. ക്ഷേമപ്രവർത്തനങ്ങളുടെ പോരായ്മകളിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.

മൂക്കുന്നിമലയിൽ പാട്ടക്കാലാവധി അവസാനിച്ചതിന് ശേഷം അടച്ചിട്ട ക്വാറി കമ്പനികളിലൊന്ന്‌

1990-കളിലെ വികേന്ദ്രീകൃത വികസനത്തിലും, താഴെതട്ടിൽ നിന്നാരംഭിക്കുന്ന ആസൂത്രണങ്ങളിലും ഉള്ള കേരളത്തിന്റെ പരീക്ഷണങ്ങളെക്കുറിച്ച് നിലനിൽക്കുന്ന പൊതുധാരണകൾ പുനർവിചിന്തനം ചെയ്യേണ്ടതുണ്ട്. അതിൽ പ്രധാനപ്പെട്ടത്, 20-ാം നൂറ്റാണ്ടിന്റെ പകുതിയിൽ ഇടതുപക്ഷം തുടങ്ങി വെച്ച പുനർവിതരണ അജണ്ടയുടെ തുടർച്ചയായിട്ടാണ് ഈ പരീക്ഷണങ്ങളെ കാണുന്നത് എന്നതാണ്. പള്ളിച്ചൽ പഞ്ചായത്തിലെ ജാതി- വർഗ അസമത്വത്തെക്കുറിച്ച് എന്തെങ്കിലും ചെയ്യാൻ അതിന് സാധിച്ചിട്ടില്ല, അല്ലെങ്കിൽ ശ്രമിച്ചിട്ടില്ല എന്ന് അവിടത്തെ സ്ഥിരമായ സാമൂഹിക- സാമ്പത്തിക വിഭജനത്തിൽ നിന്ന്​ മനസ്സിലാക്കാം. രണ്ടാമതായി, 1990-കളിൽ പ്രാദേശിക ജനാധിപത്യത്തിന്റെ ചാലകശക്തിയായി സ്വയംഭരണത്തെ ശക്തിപ്പെടുത്താൻ രൂപപ്പെടുത്തിയ ഭരണ കേന്ദ്രീകൃത "സിവിൽസമൂഹ'ത്തിന്റെ മേലുണ്ടായിരുന്ന പ്രതീക്ഷകൾ അസ്ഥാനത്തായിരുന്നു. പള്ളിച്ചലിൽ ""സാമൂഹിക ഒരുമ'' എന്ന സാങ്കൽപ്പിക സാമൂഹിക അടിത്തറയുടെ മുകളിലാണിതിനെ കെട്ടിപ്പടുത്തത്. ഈ പ്രശ്‌നങ്ങളിൽ ഏറ്റവും നിശബ്ദവും, നിഷ്‌ക്രിയമായും കാണപ്പെട്ട ഒരു കൂട്ടർ സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങളായിരുന്നു. ചെറു വായ്പകൾ നൽകുക, ചെറുകിട വ്യവസായങ്ങളെ സഹായിക്കുക, തുടങ്ങിയ കാര്യങ്ങൾക്കപ്പുറം പഞ്ചായത്തിലെ കുടുംബശ്രീ ഈ വിഷയത്തിൽ കാര്യമായി ഇടപെട്ടിട്ടില്ല. ക്വാറികൾക്കെതിരെ ശക്തമായ കാഴ്ചപ്പാട് വെച്ചു പുലർത്തുമ്പോഴും പഞ്ചായത്തിലെ സ്ത്രീകൾ, വിശിഷ്യ ദരിദ്രർ, തുറന്നു പക്ഷം പിടിക്കുന്നതിൽ അലസത കാണിക്കുന്നത് എന്തു കൊണ്ടാണെന്ന ചോദ്യത്തിന് എ. എന്ന വനിത തന്ന മറുപടിയിൽ ദരിദ്രരായ സ്ത്രീകളുടെ നിസ്സഹായാവസ്ഥ വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്: ""ക്വാറിപ്രവർത്തനം കൊണ്ട് കഷ്ടപ്പെടുന്ന വാർഡുകളിലെ ജനങ്ങൾ വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഞാൻ ഈ വാർഡുകളിലൊന്നിൽ ജീവിക്കുന്ന, സ്വന്തം അഭിപ്രായങ്ങൾ തുറന്നു പ്രകടിപ്പിക്കുന്ന ഒരാളാണെന്നു കരുതുക. എനിക്ക് ക്വാറി ആളുകളെ പോയികണ്ട് രണ്ടു പറയണമെന്നുണ്ട്. എന്നാൽ എനിക്കൊപ്പം ആരുണ്ടാവില്ല, അതു കൊണ്ട് സംഘർഷങ്ങളെ ഉള്ളിലിട്ട് തണുപ്പിക്കുക മാത്രമാണ് മാർഗം. എല്ലാവരും രോഷത്തെ അവരവരുടെ ഉള്ളിൽ തന്നെ കുഴിച്ചിടുകയാണ്. സ്ത്രീകളുടെ കാര്യത്തിലാണെങ്കിൽ, സ്വന്തം അഭിപ്രായം രേഖപ്പെടുത്തിയാൽ, അവരുടെ വീട്ടിലുള്ള, അല്ലെങ്കിൽ അവരുമായി ബന്ധമുള്ള പുരുഷന്മാരെ മറ്റുള്ളവർ ശത്രുതയോടെ കാണാൻ തുടങ്ങും. ഒരുപാട് ആളുകൾക്ക് സംസാരിക്കണമെന്നുണ്ട്, എനിക്കത് ഉറപ്പിച്ചു പറയാൻ സാധിക്കും. എന്നാൽ അവർ അത് കുടുംബത്തിനുള്ളിൽ തന്നെ തളച്ചിടുകയാണ്. ഒരു അമ്മയ്ക്ക് രണ്ടു ആൺമക്കളുണ്ടെന്നു കരുതുക. അതിലൊരാൾ ക്വാറി അനുകൂലിക്കുകയും മറ്റെയാൾ അതിനെ എതിർക്കുകയും ചെയ്യുന്നയാളാണ്. അതിൽ മൂത്തയാൾ അമ്മയോട് പറയുകയാണ്, "അമ്മേ ഞാൻ ക്വാറിക്കെതിരായി സമരത്തിന് പോവുകയാണ്, നിങ്ങളുടെ മകനോട് ആ പ്രദേശത്തേക്ക് വരേണ്ടെന്ന് പറഞ്ഞേക്ക്. അവൻ വന്നാൽ അവിടെ തല്ലുനടക്കും'. ഇളയമകൻ അമ്മയോട് പറയുകയാണ്, "അമ്മേ നിങ്ങളുടെ മകനോട് ക്വാറിയുടെ അടുത്തേക്ക് വരേണ്ടെന്ന് പറഞ്ഞേക്ക്. ആരാണെന്നൊന്നും ഞാൻ നോക്കില്ല.' ഈ രണ്ടു പേരും ഒരേ അമ്മയുടെ മക്കളാണ്. ആ അമ്മ എന്തു ചെയ്യും? അവർ പറയും, "നിങ്ങൾ ആരെങ്കിലും ഈ വീടിന്റെ പടി കടന്ന് പുറത്തിറങ്ങിയാൽ ഞാൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്യും'. അതിനു ശേഷം അമ്മ നടുക്കും, ഇരുവശത്ത് രണ്ടു മക്കളും ചേർന്ന് വീടിന്റെ പടിക്കൽ താടിക്ക് കൈയ്യും കൊടുത്ത് നിരാശരായി ഇരിക്കും. ഒന്നുകിൽ അവർ കൊല്ലപ്പെടും, അല്ലെങ്കിൽ ക്വാറിയുടെ ആളുകൾ അവർക്കിടയിൽ പരസ്പര വിദ്വേഷമുണ്ടാക്കും, അതുമല്ലെങ്കിൽ അമ്മ മരിക്കും. ആൺകുട്ടികൾ രണ്ടു പേരും പരസ്പരം വിരൽചൂണ്ടി, എനിക്ക് പോകാൻ പറ്റാത്തതിന്റെ കാരണം അവനാണെന്നു പറയും. ഇളയവന്റെ പാർട്ടിയിൽ പെട്ട ആളുകൾ മൂത്തവനെ തല്ലി ഇറങ്ങി വരാൻ പറയും. മൂത്തവന്റെ പാർട്ടിക്കാർ വന്നിട്ട് പറയും, "ഒന്നുമില്ലെങ്കിൽ അവൻ നിന്റെ ഇളയതല്ലേ, നല്ലൊരു അടി കൊടുത്ത്, അവനെ പൂട്ടിയിട്ട് ഇറങ്ങിപ്പോര്', എന്ന്. എല്ലാ കുടുംബത്തിലും ഇങ്ങനെയാണ്. നിങ്ങൾ രണ്ടുപേരും സഹോദരങ്ങളാണ്, ഞങ്ങളിതിൽ ഇടപെടില്ല, പോവുകയാണെന്ന് ഒരു പാർട്ടിക്കാരും പറയില്ല.''

നിശബ്ദമായ കൈയ്യൊഴിയലിൽ നിന്നും, നിരന്തര തകർച്ചയിൽ നിന്നും കേരളത്തെ രക്ഷിക്കാൻ കഴിവുള്ള, 21-ാം നൂറ്റാണ്ടിന് അനുസൃതമായ പൊതു ഇടപെടലുകളെ ഉൾക്കൊള്ളുന്ന ഒരു കേരള മോഡലിനെ കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു

പൊതുകാര്യങ്ങൾക്കു വേണ്ടി വിവിധ രാഷ്ട്രീയ പാർട്ടികളിൽ പെട്ടവർ ഒരുമിച്ചു പ്രവർത്തിക്കണമെന്ന ഇ.എം.എസ് നമ്പൂതിരിപ്പാടിനെ പോലുള്ള നേതാക്കളുടെ കാഴ്ചപ്പാട് പ്രസക്തമാണ്. എം.എസ്.എസ് ഇതിന്റെ തെളിവാണ്. എന്നാൽ ഇത്തരം ഐക്യങ്ങളുടെ പോരായ്മകളും (വരേണ്യ കൂട്ടായ്മയുടെ പരിമിതികളെ അതിന് മറികടക്കാൻ സാധിച്ചിട്ടില്ല) പ്രത്യക്ഷത്തിൽ കാണാൻ സാധിക്കും. അത്തരം കൂട്ടയായ്മകൾ ഹിംസ്രാത്മക മൂലധനത്തിന്റെ കടന്നാക്രമണത്തെ ചെറുക്കാൻ താനെ ഉയർന്നുവന്നു കൊള്ളുമെന്നും അതിന്റെ പ്രതിരോധം വിജയകരമാകുമെന്നുമുള്ള വിചാരം ഒരർത്ഥത്തിലും നിലനിൽക്കത്തക്കതല്ല.

മാത്രമല്ല, പാരിസ്ഥിതിക കാഴ്ചപ്പാടില്ലാതെയുള്ള താഴെത്തട്ടിൽ നിന്നുള്ള ആസൂത്രണത്തിന്റെ പരിമിതികളും ഇപ്പോൾ വ്യക്തമാണ്. ആനുകൂല്യം കൈപ്പറ്റുന്ന വിഷയികളുടെ ബാഹുല്യം ഒരു ഭാഗത്തും, പഞ്ചായത്തിനേയും അതിന്റെ സ്ഥാപനങ്ങളേയും ആവശ്യമില്ലാത്ത സമ്പന്നരായ മധ്യവർഗം മറുഭാഗത്തും നിൽക്കെ, വികസനത്തെക്കുറിച്ച് പുനർവിചിന്തനം ചെയ്യുന്നതിനുള്ള നിർണായക ചിന്താമണ്ഡലമായി പഞ്ചായത്തിനെ കാണാൻ സാധിക്കില്ല. മറ്റെന്തിനെക്കാളും, ചരിത്രപരമായി രൂപം കൊണ്ട സാമൂഹിക- സാമ്പത്തിക വിടവിനെ നികത്തേണ്ടത് മുമ്പത്തേക്കാളും അത്യാവശ്യമായിരിക്കുന്നു. പരിസ്ഥിതിയുടെ സുസ്ഥിരതയെക്കുറിച്ചുള്ള ആശങ്കകളും ഇനി മാറ്റി വെക്കാൻ സാധിക്കില്ല. പാരിസ്ഥിതിക ദുരന്തങ്ങളിൽ നിന്ന്​ അത്​ വ്യക്തമാണ്. 2018 മഹാപ്രളയം, 2019-ലും തുടർന്ന രൂക്ഷമായ പ്രളയം, നിരന്തരം സംഭവിക്കുന്ന വരൾച്ചയും വെള്ളത്തിന്റെ ലഭ്യതക്കുറവും, കാലാവസ്ഥ വ്യതിയാനുമായി ബന്ധപ്പെട്ടുണ്ടാവുന്ന ചുഴലിക്കാറ്റും താപനിലയുടെ വർധനവും, മനുഷ്യനും മൃഗങ്ങളും തമ്മിലുണ്ടാവുന്ന നിരന്തര സംഘർഷങ്ങളുമെല്ലാം ഇതിന് ഉദാഹരണമാണ്. പാരിസ്ഥിതിക സുരക്ഷയേയും, സാമൂഹ്യ നീതിയേയും ഒരിക്കലും ഒന്നിനെ അപേക്ഷിച്ച് മാറ്റി നിർത്താനോ അവഗണിക്കാനോ സാധിക്കില്ല. കാരണം,a) പരിസ്ഥിതി സംബന്ധിയായ വിഷയം പ്രാദേശിക തലത്തിൽ ഒതുങ്ങുന്നതല്ല. മൂക്കുന്നിമല പള്ളിച്ചലിന്റെ മാത്രമല്ല, മുഴുവൻ ജില്ലയുടെ കാലാവസ്ഥയെ സ്വാധീനിക്കുന്നുണ്ട്.b) ദരിദ്രരായി ക്വാറി അനുകൂലികൾക്കു ലഭിക്കുന്ന ""സാമൂഹിക നീതി'' അസ്ഥിരവും, ക്രമവിരുദ്ധമാണെന്നും മാത്രമല്ല, അത് ജനാധിപത്യ താൽപര്യത്തേയും, സാമൂഹിക അനീതിയെ തുടച്ചു നീക്കാനുള്ള ശ്രമങ്ങളേയും വകവെക്കാത്ത ദാനം മാത്രമായി ചുരുങ്ങുകയാണ്.

പഞ്ചായത്ത് രാജിന്റെ അടിസ്ഥാന ഘടനയെ അതിന്റെ വേരുകളിൽ നിന്നുകൊണ്ട് പുനർവിചിന്തനം ചെയ്യേണ്ടതുണ്ടെന്ന് നമുക്ക് കാണാം. മൂലധനം, വിശിഷ്യ പ്രകൃതി വിഭവം ചൂഷണം ചെയ്യുന്ന മൂലധനം കേരളത്തിന്റെ പ്രാദേശിക തലങ്ങളിലേക്ക് ആഴത്തിൽ കടന്നു കയറുന്ന വർത്തമാന കാല സാഹചര്യങ്ങൾക്ക് അനുസൃതമായി വേണം ഇതിനെ പുനർരൂപീകരിക്കാൻ. മറ്റു വാക്കുകളിൽ പറഞ്ഞാൽ, മൂലധനത്തെ ഭരണക്രമത്തിന്റെ ചട്ടക്കൂടുകൾക്കുള്ളിൽ കൊണ്ടുവരണം എന്നതാണ് യഥാർത്ഥ വെല്ലുവിളി. അതുണ്ടാക്കുന്ന കുഴപ്പങ്ങളുടെ ഉത്തരവാദിത്തം അതിനു മാത്രമായിരിക്കണം. കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റിക്കു പുറമെ, ഉണ്ടാക്കുന്ന ലാഭം പ്രദേശവാസികളുമായി മാന്യമായി പങ്കുവെക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തണം, പ്രകൃതിക്കും ജീവനും ദോഷകരമായ പരിണിതഫലങ്ങളുണ്ടാക്കുന്ന പ്രവർത്തനങ്ങളെ നിയന്ത്രിക്കണം. നിർലോഭ ഖനനത്തിനെതിരെ പ്രദേശവാസികൾ, പ്രത്യേകിച്ച് തദ്ദേശവിഭാഗങ്ങൾ, ലോകം ഒട്ടാകെ നടത്തിയ അവകാശ പോരാട്ടങ്ങളെക്കുറിച്ച് നിരവധി പഠനങ്ങൾ ലഭ്യമാണ്. പ്രാദേശിക സാമ്പത്തിക വികസനം എന്ന ലക്ഷ്യം സാധ്യമാക്കുന്നതിന് അടിസ്ഥാന തലത്തിൽ തുല്യമായ പങ്കാളിത്തങ്ങൾ ഉറപ്പുവരുത്താൻ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്കു കഴിയുമെന്ന് തെളിയിക്കുന്ന പഠനങ്ങളും നമുക്കു മുന്നിലുണ്ട്.

എന്നാൽ കേരളത്തിന്റെ വികസന നയങ്ങളെ വിമർശനാത്മകമായി സമീപിക്കാനുള്ള വ്യവസ്ഥാപിതമായ ശ്രമം ആവശ്യമുണ്ട്. നവഉദാര ഭരണീയതയുടെ ഒളിച്ചു കടത്തത്തിന് തടയിടുക എന്നതാണ് ഇതിന്റെ ആദ്യപടിയായി ചെയ്യാനുള്ളത്. നിശബ്ദമായ കൈയ്യൊഴിയലിൽ നിന്നും, നിരന്തര തകർച്ചയിൽ നിന്നും കേരളത്തെ രക്ഷിക്കാൻ കഴിവുള്ള, 21-ാം നൂറ്റാണ്ടിന് അനുസൃതമായ പൊതു ഇടപെടലുകളെ ഉൾക്കൊള്ളുന്ന ഒരു കേരള മോഡലിനെ കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. ▮

(അവസാനിച്ചു)


ജെ. ദേവിക

എഴുത്തുകാരി, ചരിത്രകാരി, സാമൂഹ്യവിമർശക, ഫെമിനിസ്റ്റ്, വിവർത്തക. സെന്റർ ഫോർ ഡവലപ്പ്‌മെന്റ് സ്റ്റഡീസിൽ അധ്യാപിക. ആണരശുനാട്ടിലെ കാഴ്ചകൾ: കേരളം സ്ത്രീപക്ഷ ഗവേഷണത്തിൽ, കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ, Her Self: Early Writings on Gender by Malayalee Women 1898-1938, Womanwriting= Manreading? എന്നിവ പ്രധാന കൃതികൾ.

Comments