മൂക്കുന്നിമലയുടെ ഉപഗ്രഹചിത്രം / Photo: Google Earth

ക്വാറി മൂലധനം തുരന്നെടുക്കുന്ന കേരളം

അനധികൃതവും അമിതവുമായ ക്വാറിയിങ് എന്ന ചൂഷണപ്രക്രിയയ്ക്ക് തദ്ദേശജനാധിപത്യത്തിൽ വേരുകൾ ഉണ്ടാകുന്നതെങ്ങനെയെന്ന്​, പള്ളിച്ചൽ പഞ്ചായത്തിലെ ക്വാറിപ്രശ്നത്തിന്റെ പശ്ചാത്തലത്തിൽ ഒരു പഠനം

​ആമുഖം

കേരളരാഷ്ട്രീയത്തെപ്പറ്റിയുള്ള ചർച്ചകളിലായാലും കേരളത്തി​ന്റെ വികസനത്തെയും പരിസ്ഥിതിസുസ്ഥിരതയെയും പറ്റിയുള്ള സംവാദങ്ങളിലായാലും വീണ്ടും വീണ്ടും ഉയർന്നുവരുന്ന ഒരു വിഷയമാണ് പാറ ഖനനം. പൊതുവെ പറഞ്ഞാൽ ഉദാരവൽക്കരണത്തിനു ശേഷമുള്ള കാലത്തെ മലയാളിമുതലാളിത്തത്തിന്റെ മുഖ്യസവിശേഷതകളിലൊന്നാണ് പാറ ഖനന മൂലധനമെന്നത് സംശയാതീതമാണ്. ഈ ശക്തിക്കെതിരെ കേരളത്തിൽ പലയിടത്തും ചിതറിയ സമരങ്ങൾ നടക്കുന്നുണ്ടെങ്കിലും, പാറ ഖനന മൂലധനശക്തികൾ അജയ്യമായി തുടരുന്നുവെന്നു തന്നെ പറയാം.

കേരളത്തിലിന്ന് ഗ്രാമപ്രദേശങ്ങളിൽ അതിവേഗം വളർന്നുവരുന്ന മൂലധനശക്തിയെ പലപ്പോഴും അന്തംവിട്ടപോലെയാണ് പുരോഗമനശക്തികൾ എതിരിടുന്നത് – അപ്രതീക്ഷിതമായ ഒരു അപകടത്തിന്റെ മുന്നിൽ ചാടിയതു പോലെ. ഈ അവസ്ഥയ്ക്ക് ഭാഗികമായ കാരണം ഇന്നും മലയാളി ഗ്രാമീണ വികസനത്തെപ്പറ്റി നിലനിൽക്കുന്ന വ്യവഹാരങ്ങളാണ്. വികേന്ദ്രീകരണം, തദ്ദേശതല വികസന ആസൂത്രണം എന്നിവയിൽ മൂലധനത്തിന്റെ സാന്നിധ്യസാധ്യത അധികവും പരിഗണിക്കപ്പെട്ടിരുന്നില്ല. ഇന്നും ഗ്രാമീണ വികസനത്തെ ആദ്യംപറഞ്ഞ രണ്ടും വ്യവഹാരങ്ങളിലൂടെയാണ് നാം വിഭാവനം ചെയ്യുന്നത്.

മൂക്കുന്നിമലയിലെ പാറ ഖനനം

ഈ പഠനം കേരളത്തിൽ അനധികൃത ക്വാറിയിങ് നടന്നു വരുന്നതും അതിനെതിരെ തദ്ദേശതലത്തിൽ സംഘടിതമായ സമരം നടന്നുവരുന്നതുമായ ഒരു സ്ഥലത്തെപ്പറ്റിയാണ്. ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ സമരമാണ് തിരുവനന്തപുരം ജില്ലയിലെ നഗരപ്രാന്ത പഞ്ചായത്തായ പള്ളിച്ചൽ പഞ്ചായത്തിൽ 2014 മുതൽ നടന്നുവരുന്നത്. അവിടെ വിശാലമായി പരന്നുകിടക്കുന്ന മൂക്കുന്നിമല എന്ന ചെറുകുന്നിലെ അനധികൃത വൻകിട പാറഖനനത്തിനെതിരെ നാട്ടുകാർ സംഘടിച്ചപ്പോഴും പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിന്റെ ഉത്തരവാദിത്വം വഹിക്കുന്ന പഞ്ചായത്ത് പൂർണമായും ക്വാറി അനുകൂല നിലപാട് സ്വീകരിക്കുകയാണുണ്ടായത്. 2014ൽ അമിതമായ ക്വാറിയിങ് ജനജീവിതത്തെ ദുഃസ്സാധ്യമാക്കിയതോടെ പള്ളിച്ചൽ നിവാസികളായ ഒരു കൂട്ടം ആളുകൾ മൂക്കുന്നിമല സംരക്ഷണ സമിതി (എം.എസ്.എസ്) എന്ന പേരിൽ ഒരു പൗരത്വ കൂട്ടായ്മ രൂപീകരിച്ചു. രാഷ്ട്രീയ, ജാതി, മത ഭിന്നതകൾക്കപ്പുറം സ്വീകാര്യത നേടിയ പ്രസ്തുത കൂട്ടായ്മയുടെ സമരപരിപാടികളിൽ ശക്തമായ സ്ത്രീ സാന്നിധ്യവും പ്രകടമായിരുന്നു. റോഡുകളിലും, പഞ്ചായത്തടക്കമുള്ള പൊതു ഇടങ്ങളിലും വർധിച്ചു കൊണ്ടിരിക്കുന്ന ക്വാറി മൂലധനത്തിന്റെ ആധിപത്യത്തിനെതിരായി രൂപപ്പെട്ട സിവിൽസമൂഹ പ്രതികരണമായിരുന്നു എം.എസ്.എസ്. കുന്നിലെ വിഭവങ്ങളുടെ അപഹരണത്തിന് ആനുപാതികമായി, പഞ്ചായത്തിനു മേലുള്ള ക്വാറി മൂലധനത്തിന്റെ പിടിയും മുറുകികൊണ്ടിരുന്നു. എന്നാൽ ജനകീയാസൂത്രണത്തിന്റെ പ്രാരംഭഘട്ടത്തിൽ, താഴെത്തട്ടിൽ നിന്നുള്ള തദ്ദേശ വികസന പരീക്ഷണത്തിന്റെ താരത്മ്യേന വിജയകരമായ ഉദാഹരണമായി ഉയർത്തിക്കാട്ടപ്പെട്ട പഞ്ചായത്തായിരുന്നു പള്ളിച്ചൽ.

ക്വാറി ഖനനം: തദ്ദേശ ജനാധിപത്യവും ആളുകളുടെ കർതൃത്വവും

അനധികൃതവും അമിതവുമായ ക്വാറിയിങ് എന്ന ചൂഷണപ്രക്രിയയ്ക്ക് തദ്ദേശജനാധിപത്യത്തിൽ വേരുകൾ ഉണ്ടാകുന്നതെങ്ങനെയെന്നാണ് ഈ പഠനത്തിലൂടെ ഞാൻ അന്വേഷിക്കുന്നത്. ഈ ലേഖനം ഉന്നയിക്കുന്നത് പ്രധാനപ്പെട്ട രണ്ടു ചോദ്യങ്ങളാണ്. ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട്, താഴെ തട്ടിൽ നിന്നുള്ള വികസന പരീക്ഷണങ്ങളുടെ ശക്തമായ പൈതൃകം അവകാശപ്പെടാവുന്ന പള്ളിച്ചൽ പഞ്ചായത്ത് പോലുള്ള ഒരിടത്ത്, വികേന്ദ്രീകൃത ജനാധിപത്യ സ്ഥാപനങ്ങളെ പിടിച്ചെടുക്കാൻ, അല്ലെങ്കിൽ അവയെ പൂർണമായും നിരായുധരാക്കാൻ ക്വാറി മൂലധനത്തിന് സാധിച്ചതിന്റെ ചരിത്രപരമായ സാഹചര്യങ്ങളെ എങ്ങനെ മനസ്സിലാക്കാം എന്നതാണ് ഒന്നാമത്തെ ചോദ്യം. രണ്ടാമത്തേത്, പൗര കർതൃത്വമുള്ളവർ (അഥവാ സാമൂഹികവും രാഷ്ട്രീയവുമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും അവയെ സ്വാധീക്കുകയും ചെയ്യുന്ന പ്രബുദ്ധർ) vs. അങ്ങനെ അല്ലാത്തവർ എന്ന ദ്വന്ദ്വത്തിലേക്ക് കടക്കാതെ ക്വാറി ഖനനത്തിന് അനുകൂലമായും പ്രതികൂലമായും നിലപാടെടുക്കുന്ന അവിടുത്തെ ആളുകളുടെ കർതൃത്വത്തെ(agency) എങ്ങനെ മനസ്സിലാക്കാം എന്നതുമാണ്.

ആളുകൾ തങ്ങളത്തന്നെയും, തങ്ങളുടെ ആവാസവ്യവസ്ഥയേയും ഭാവിയേയും വ്യാഖ്യാനിക്കുന്നതിനെത്തന്നെയും സ്വാധീനിക്കാൻ പാകത്തിലുള്ള ഒരു സാമാന്യബോധമായി നവഉദാരത മാറുന്നത് എങ്ങനെയെന്ന് തിരിച്ചറിയേണ്ടതുണ്ട്

ആദ്യ ചോദ്യത്തിന് ഉത്തരം നൽകാൻ, പള്ളിച്ചൽ പഞ്ചായത്തിന്റെയും മൂക്കുന്നിമലയുടെയും പ്രാദേശിക ചരിത്രം അനിവാര്യമായും പഠിക്കാൻ ശ്രമിക്കേണ്ടതുണ്ട്. ഇവിടുത്തെ ജനാധിപത്യ പ്രതിസന്ധിയെപ്പറ്റിയുള്ള പ്രബല ധാരണയെ ഇതിനായി തത്ക്കാലം മാറ്റിനിർത്തേണ്ടതുണ്ട് –അതായത്, 1990കളുടെ അവസാനത്തിൽ, വൻകിട ക്വാറിമുതലിന്റെ വരവോടെയാണ് അവ തുടങ്ങിയതെന്ന ധാരണ. അതുപോലെ കേരളമാതൃകാ വ്യവഹാരവും കേരളത്തിലെ തദ്ദേശ വികസന- ആസൂത്രണ വ്യവഹാരവും മുറുക്കെപ്പിടിച്ച മറ്റൊരു മുൻധാരണയെയും തത്ക്കാലത്തേയ്ക്ക് മാറ്റി നിർത്തേണ്ടതുണ്ട് – സമ്പത്തിന്റെ പുനർവിതരണത്തിലൂടെയും ജനക്ഷേമ പദ്ധതികളിലൂടെയും സാമൂഹിക-സാമ്പത്തിക ഉച്ചനീചത്വവും സംഘർഷങ്ങളും വലിയ അളവിൽ ലഘൂകരിച്ച പ്രദേശമാണ് കേരളം എന്ന ധാരണയെ.

രണ്ടാമത്തെ ചോദ്യത്തെ സംബന്ധിച്ച്, നവ ഉദാര മുതലാളിത്തത്തിന് വിധേയരാവുന്ന പാവപ്പെട്ടവർ, അതിന്റെ ഹതഭാഗ്യരോ നിഷ്‌ക്രിയരോ ആയ ഇരകളോ, അല്ലെങ്കിൽ മറുവശത്ത്, ഇതിനെ അസന്ദിഗ്ദ്ധമായി ചെറുക്കുന്ന ആളുകളോ ആണെന്ന ധാരണ പുനഃപരിശോധിക്കേണ്ടി വരും. നവഉദാര കർതൃത്വത്തെ കുറിച്ച് സമീപകാലത്ത് നടന്നുവരുന്ന വിശാല ചർച്ചകളിൽ ഈ പുനഃപരിശോധന സാധ്യമാവുന്നുണ്ട്. നവഉദാരവാദനയങ്ങൾക്കും പ്രയോഗങ്ങൾക്കും വിധേയരാവുന്ന പാവപ്പെട്ടവരെ അസന്ദിഗ്ദ്ധ ഇരകളും, ചെറുത്തുനിൽപ്പ് നടത്തുന്നവരുമായി മാത്രം കണക്കാക്കുമ്പോൾ യഥാർത്ഥത്തിൽ അവരെ മുതലാളിത്തത്തിന് പുറത്തു നിൽക്കുന്നവരായി നോക്കിക്കാണുകയാണ് ചെയ്യുന്നത്. സ്വയംസഹായ പ്രത്യയശാസ്ത്രത്തിലൂന്നിയ ജനക്ഷേമത്തിലൂടെ, ഉത്തരവാദപ്പെട്ട ക്ഷേമവിഭവ വിനിയോഗ മാർഗങ്ങളിലേക്ക് ഗുണഭോക്താക്കളെ എത്തിക്കാൻ (തിരിച്ചടവ്, ഗുണഭോക്തൃവിഹിതം അടയ്ക്കുന്നത് എന്നിങ്ങനെയുള്ള വഴികളിലൂടെ) സർക്കാർ ജനക്ഷേമത്തിന്റെ അധികാരികൾ നടത്തുന്ന ശ്രമങ്ങളിലൂടെ, അതായത്, ഭരണത്തി​ന്റെതായ "ദൈനംദിന' നവ ഉദാര പ്രവർത്തനങ്ങളിലൂടെ, പാവപ്പെട്ടവർ നവ ഉദാരതയ്ക്ക് കീഴ്‌പ്പെട്ടവരായി മാറുന്നു എന്നതാണ് യാഥാർത്ഥ്യം. അതിനെ കാണാതിരിക്കാൻ ഈ ആഖ്യാനം ശ്രമിക്കുന്നു.

കാർഷിക നിലങ്ങളിൽ പണിയെടുക്കാൻ വയ്യാത്തവിധം പ്രായാധിക്യം ചെന്ന സ്ത്രീകൾക്ക് ചെറുതാണെങ്കിലും ഒരു വരുമാനമാർഗം കണ്ടെത്താൻ മൂക്കുന്നിമല സഹായിച്ചിരുന്നു

മറ്റുവാക്കുകളിൽ പറഞ്ഞാൽ, ആളുകൾ തങ്ങളത്തന്നെയും, തങ്ങളുടെ ആവാസവ്യവസ്ഥയേയും ഭാവിയേയും വ്യാഖ്യാനിക്കുന്നതിനെത്തന്നെയും സ്വാധീനിക്കാൻ പാകത്തിലുള്ള ഒരു സാമാന്യബോധമായി നവഉദാരത മാറുന്നത് എങ്ങനെയെന്ന് തിരിച്ചറിയേണ്ടതുണ്ട്. പള്ളിച്ചൽ പഞ്ചായത്തിലെ ക്വാറി അനുകൂലികളുടേയും, അവരുടെ എതിരാളികളുടേയും കർതൃത്വം മനസ്സിലാക്കുന്നതിൽ ഇത് നിർണായകമാണ്.

എം.എസ്.എസിനെ പിന്തുണക്കുന്നവരെ സജീവ പൗരന്മാരായും, ക്വാറി കമ്പനികളെ അനുകൂലിക്കുന്നവരെ കൈക്കൂലി കൈപ്പറ്റിയ ഉപഭോക്താക്കളായും കാണാതെ, ഭരണീയതയുടെ (governmentality) വ്യതിരിക്തമായ രണ്ടു സമ്പ്രദായങ്ങളുടെ വിഷയികളായി ഇവരെ മനസ്സിലാക്കേണ്ടതുണ്ട്. മേൽ പറഞ്ഞ രണ്ടു സമ്പ്രദായങ്ങളെ ശിക്ഷണപരവും (disciplinary) നവഉദാരപരവും (neoliberal) എന്ന് മിഷേൽ ഫൂക്കോ (2003, 2008) പ്രശസ്തമായി വിവരിച്ചിട്ടുണ്ട്. ലേഖനം ഉന്നയിക്കുന്ന ഈ രണ്ടു ചോദ്യങ്ങൾക്കുമുള്ള ഉത്തരം പരസ്പര ബന്ധിതമാണെന്ന് ഞാൻ അവകാശപ്പെടുന്നു. നേരത്തെ നിലനിന്നിരുന്ന സ്ഥലസംബന്ധിയായ വിഭജനങ്ങളും, വിഭവ അസമത്വവും സമീപകാല രാഷ്ട്രീയ സാമ്പത്തിക ശക്തികൾ രൂക്ഷമാക്കി എന്നു പറയാം.

1960-കൾ ആവുമ്പോഴേക്ക് മൂക്കുന്നിമല ഏകദേശം തരിശുഭൂമിയായി രൂപാന്തരപ്പെട്ടിരുന്നതായി റബർ കൃഷി ചെയ്യാൻ മൂക്കുന്നിമലയിൽ സ്ഥലം ലഭിച്ച കുടുംബത്തിലെ അംഗം പറയുന്നു.

2019-20 വർഷങ്ങളിൽ പള്ളിച്ചൽ പഞ്ചായത്ത് സന്ദർശിച്ച് ക്രോഡീകരിച്ച ഗുണാത്മകഗവേഷണമാണ് ഈ ലേഖനത്തിന് അടിസ്ഥാനം. പഠനത്തിന്റെ ഭാഗമായി പഞ്ചായത്ത് അംഗങ്ങൾ, എം.എസ്.എസ് പ്രവർത്തകർ, 1990-കളിലെ ജനകീയാസൂത്രണ പദ്ധതിയിൽ ഭാഗഭാക്കായവർ, ഖനന കമ്പനി പ്രതിനിധികൾ, പ്രദേശവാസികൾ, എന്നിവരുമായി 42- ഓളം അഭിമുഖങ്ങൾ നടത്തിയിട്ടുണ്ട്. തീർത്തും ധ്രുവീകരിക്കപ്പെട്ട ഒരു പരിതസ്ഥിതിയിൽ (എന്റെ സഹ ഗവേഷകൻ എം.എസ്.എസിന്റെ നേതാവാണ്) സാമ്പിൾ സെലക്ഷൻ ഒട്ടും എളുപ്പമല്ലായിരുന്നു. അതു കൊണ്ടു തന്നെ ഞങ്ങളോട് സംസാരിക്കാൻ തയ്യാറുള്ളവരുമായി അഭിമുഖം നടത്തിക്കൊണ്ടായിരുന്നു തുടക്കം. പിന്നീട് ക്വാറി അനുകൂലികളിൽ ചിലരും അഭിമുഖത്തിന് സന്നദ്ധത പ്രകടിപ്പിച്ചു. സർവേ വിവരങ്ങൾ കൂടാതെ മറ്റു ഗവേഷകരുടെ പഠനത്തിൽ നിന്ന്​ ലഭ്യമായ നിരീക്ഷണങ്ങൾ കൂടി ഉൾപ്പെടുത്തി ഈ അപര്യാപ്തത മറികടക്കാൻ കഴിഞ്ഞിട്ടുണ്ട് (പള്ളിച്ചൽ പഞ്ചായത്തുമായി ബന്ധപ്പെട്ട് ഗോപിക ജി. ജി. നടത്തിയ പഠനമാണ് ഇതിന് കൂടുതലായും ആശ്രയിച്ചത്). അഭിമുഖങ്ങൾ കൂടാതെ, ഫീൽഡ് നോട്ടുകൾ തയ്യാറാക്കാനും, പ്രദേശവാസികളോട് അനൗപചാരികവും എന്നാൽ സ്പഷ്ടവും ദൈർഘ്യമേറിയതുമായ സംഭാഷണങ്ങളിൽ ഏർപ്പെടാനും ശ്രമിച്ചിട്ടുണ്ട്. ക്യാമ്പയിന്റെ ഭാഗമായി എം.എസ്.എസ് 2014 മുതൽ വിവിധ സർക്കാർ സ്ഥാപനങ്ങൾക്കും, പൊതു ജനത്തിനും വിതരണം ചെയ്ത നോട്ടീസുകൾ, കുറിപ്പുകൾ, നിർദ്ദേശങ്ങൾ എന്നിവയും, മൂക്കുന്നിമലയുടെ അയൽ പഞ്ചായത്തുകളിലെ വികസന റിപ്പോർട്ടുകളും, 2014 മുതൽ ഇക്കാലം വരെ ഖനനവും അനുബന്ധ പ്രശ്‌നങ്ങളെക്കുറിച്ചും പ്രസിദ്ധീകരിച്ചു വന്ന പത്ര വാർത്തകളും, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പള്ളിച്ചലിന്റെ സമീപപ്രദേശങ്ങളിലും, സമാനപ്രദേശങ്ങളിലും ഭൂമിയെ ചൊല്ലി നടന്ന സംഘർഷങ്ങളിലേക്ക് വെളിച്ചം വീശുന്ന ചരിത്ര വിവരങ്ങളും പഠനത്തിന്റെ ഭാഗമായി അപഗ്രഥിച്ചു.

പള്ളിച്ചലിലെ സ്ഥലസംബന്ധിയായ മാറ്റങ്ങളും വിഭവങ്ങളുടെ പ്രാപ്യതയും; ഒരു ഹ്രസ്വ ചരിത്രം

മൂക്കുന്നിമലയിൽ ജനിച്ചു വളർന്ന ഒരു പ്രാദേശിക ചരിത്രകാരന്റെ ഓർമകളിൽ, ഭീമാകാരമായ ഒരു പ്രകൃതി സാന്നിധ്യമായിരുന്നു മൂക്കുന്നിമല. എന്നാലത് കേവലം ദൃഷ്ടിഗോചരമായ സാന്നിധ്യം മാത്രമായിരുന്നില്ല, ജില്ലയിലെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് പ്രാദേശിക കാലാവസ്ഥയെ ശീതളമാക്കി നിർത്തുന്നതിൽ മൂക്കുന്നിമലക്ക് വലിയ പങ്കുണ്ടായിരുന്നു.
20-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ, കൃത്യമായി പറഞ്ഞാൽ 1960-കളിൽ, മലയുടെ വലിയ ഭാഗങ്ങൾ റബർ കൃഷിക്കായി വെവ്വേറെ കുടുംബങ്ങൾക്ക് കൈമാറുന്നതിന് മുമ്പു വരെയുള്ള കാര്യങ്ങൾ അദ്ദേഹം ഓർത്തെടുക്കുന്നുണ്ട്. മൂക്കുന്നിമലയിൽ കുട്ടിക്കാലം ചെലവിട്ട മറ്റാളുകളും ഇത് ശരിവെക്കുന്നുണ്ട്. 1896-ൽ തിരുവിതാംകൂർ സർക്കാർ മൂക്കുന്നിമല സംരക്ഷിത വനമേഖലായി പ്രഖ്യാപിച്ചിരുന്നു. ചന്ദനം, ഈട്ടി തുടങ്ങി വിലപിടിപ്പുള്ള തടികൾ മൂക്കുന്നിമലയിൽ ധാരാളമായുണ്ടായിരുന്നെന്ന് തങ്ങളുടെ മാതാപിതാക്കളിൽ നിന്നും, പൂർവ്വികരിൽ നിന്നും ഇവർക്ക് കേട്ടറിവുണ്ട്. നിബിഡവനമായതു കൊണ്ടു തന്നെ, കുറ്റവാളികളുടെയും മറ്റും ഒളിത്താവളമായിരുന്നിതെന്നും അവർ പറയുന്നുണ്ട്. 1920-കളിൽ തന്റെ മുത്തച്ഛൻ ഇതു പോലെ മൂക്കുന്നിമലയിൽ അഭയം തേടിയിട്ടുണ്ടെന്ന് 74 വയസ്സുകാരനായ ആർ.എൻ ഞങ്ങളോടു പറഞ്ഞു.

1930- ആയപ്പോഴേക്കും ഇവിടത്തെ മരങ്ങൾ സർക്കാരും, അതു പോലെ തടികടത്തുകാരും അനധികൃതമായി വെട്ടിമുറിക്കാൻ ആരംഭിച്ചു. വീടുകളുടെ മച്ചുകൾ പണിയുന്ന ജോലി ചെയ്തിരുന്ന തന്റെ മുത്തച്ഛന്, മൂക്കുന്നിമലക്ക് സമീപം താമസിക്കുന്നവർ നിയമവിരുദ്ധമായി മുറിച്ച മരത്തടികൾ വിറ്റിരുന്നത് 54-കാരനായ എച്ച്​. ഓർക്കുന്നു. കുട്ടിക്കാലത്ത് (1950 കൾ) തന്റെ സമുദായത്തിലെ ആണുങ്ങളെ, അതായത് പ്രദേശത്തെ ദളിതരെ, ഉപയോഗിച്ച് നാട്ടിലെ ശൂദ്ര (നായർ) ഭൂവുടമകൾ അനധികൃതമായി മരം മുറിച്ച് വിറ്റിരുന്നത് 63- വയസ്സുകാരനായ എസ്. ഓർക്കുന്നു.1960-കൾ ആവുമ്പോഴേക്ക് മൂക്കുന്നിമല ഏകദേശം തരിശുഭൂമിയായി രൂപാന്തരപ്പെട്ടിരുന്നതായി റബർ കൃഷി ചെയ്യാൻ മൂക്കുന്നിമലയിൽ സ്ഥലം ലഭിച്ച കുടുംബത്തിലെ അംഗമായിരുന്ന 84-കാരിയായ എസ്.ബി. പറയുന്നു. 60-കളിൽ താൻ ആദ്യമായി മൂക്കുന്നിമല സന്ദർശിച്ചപ്പോൾ അവിടെ ശേഷിച്ചിരുന്നത് ചെറിയ മരങ്ങളും, കുറ്റിക്കാടുകളും, പുല്ലുകളും മാത്രമായിരുന്നെന്ന് അവർ ഓർത്തെടുക്കുന്നു.

മൂക്കുന്നിമലയുടെ അടിവാരത്തുള്ള എടക്കോട് പഞ്ചായത്തിൽ നെൽകൃഷി വ്യാപകമായിരുന്നു. പിന്നീട് ജലക്ഷാമത്തെ തുടർന്ന് കൃഷിക്കാർ വാഴകൃഷിയിലേക്കും മറ്റും തിരിയാൻ നിർബന്ധിതരായി

മൂക്കുന്നിമലക്കു ചുറ്റുമുള്ള, നിലവിൽ പഞ്ചായത്തുകളായി രൂപാന്തരപ്പെട്ട മലയിൻകീഴ്, പള്ളിച്ചൽ, വിലവൂർക്കൽ തുടങ്ങിയ പ്രദേശങ്ങളിൽ, 19-ാം നൂറ്റാണ്ടു മുതൽ അവിടങ്ങളിലെ വിശാലമായ നെൽപ്പാടങ്ങൾ നിയന്ത്രിച്ചു വന്ന ശൂദ്ര (നായർ) ഭൂവുടമകളുടെ ആധിപത്യമായിരുന്നു. 1980-കൾ വരെ ഈ പ്രദേശങ്ങളിൽ നെൽകൃഷിക്കായിരുന്നു പ്രാധാന്യം നൽകിപ്പോന്നത്. പള്ളിച്ചലിലെ, പ്രത്യേകിച്ച്, മൂക്കുന്നിമലയുമായി ചേർന്നു കടിക്കുന്ന എടക്കോട് വാർഡിലെ നെൽപാടങ്ങളും, നിലങ്ങളും നായർ ജന്മികളുടെ അധീനതയിലായിരുന്നു. പള്ളിച്ചൽ പഞ്ചായത്തായി പിന്നീട് രൂപാന്തരപ്പെട്ട പ്രദേശങ്ങളിൽ നായർ വിഭാഗത്തിന് ശേഷം പ്രാമുഖ്യമുണ്ടായിരുന്നത് അവർണ ജാതിയായ നാടാർ വിഭാഗത്തിനും, ദളിത് പുലയ വിഭാഗത്തിനുമായിരുന്നു. നായന്മാരുടെ നിലങ്ങളിൽ പണിയെടുക്കുന്നവരായിരുന്നു ഇവരിൽ ഭൂരിഭാഗവും. എന്നാൽ തിരുവിതാകൂറിൽ കാടു തെളിച്ച് അവിടം കൃഷിയോഗ്യമായ ഭൂമിയാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട് നായന്മാരും ദളിതരും തമ്മിൽ സംഘർഷങ്ങൾ നിലനിന്നിരുന്നു. 20-ാം നൂറ്റാണ്ടിലെ ദളിത് പോരാട്ടങ്ങൾക്ക് ദിശാബോധം നൽകിയ അയ്യങ്കാളി തന്നെയാണ് തിരുവിതാംകൂറിലെ ശ്രീമൂലം പോപ്പുലർ അസംബ്ലിയിൽ 1912-ൽ ഇതിനെക്കുറിച്ച് പരാമർശിച്ചത്. കാടുകളും മറ്റു പ്രദേശങ്ങളും നിരത്തി കൃഷിയോഗ്യമാക്കുന്നതിനെക്കുറിച്ച് (പുതുവൽ) നടന്ന ഒരു ചർച്ചയിൽ, പുലയർ നിരത്തിയ പ്രദേശങ്ങൾ വിട്ടു കിട്ടാൻ അവർ അപേക്ഷിച്ചെങ്കിലും, അവരുടെ ആവശ്യം വ്യവസ്ഥാപിതമായി തഴയപ്പെട്ടത് അദ്ദേഹം അസംബ്ലിയിൽ ചൂണ്ടിക്കാട്ടി. നെയ്യാറ്റിൻകര, വിളവൻകോട്, തിരുവനന്തപുരം, നെടുമങ്ങാട് താലൂക്കുകളിലായിരുന്നു ഈ പ്രശ്‌നം ഏറ്റവും രൂക്ഷമായി ഉണ്ടായിരുന്നത്. "റവന്യു വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ, പ്രദേശവാസികൾ ദളിതരുടെ മുന്നിൽ നിരവധി പ്രതിബന്ധങ്ങൾ സൃഷ്ടിച്ചു. തത്ഫലം അതുവരെ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന, പുലയർ നിരത്തിയ പുതവലുകൾ ധനാഢ്യരായ മേൽ ജാതിക്കാർ കൈക്കലാക്കുകയും, പുലയരെ അവർ അവിടെനിന്ന് പുറത്താക്കുകയും ചെയ്തു. ചെറുതെങ്കിലും മുമ്പുണ്ടായിരുന്ന ആവാസവ്യവസ്ഥ പോലും ഇന്നവർക്ക് നഷ്ടപ്പെട്ടിരിക്കുന്നു.''

ഇതിന് പരിഹാരമെന്നോണം, വിളപ്പിൽപകുതിയിലെ 500 ഏക്കർ പുറമ്പോക്ക് പുലയർക്ക് പതിച്ചു നൽകാമെന്ന് ദിവാൻ വാഗ്ദാനം ചെയ്തു. 1913-ൽ GO No 13029 of 4 ഡിസംബർ 1912, പ്രകാരം വിളപ്പിൽപകുതിയിലെ 500 ഏക്കർ സർക്കാർ നിലം, പുലയ സമുദായ ഉന്നമനത്തിനായി അയ്യങ്കാളി ആരംഭിച്ച സാധുജന പരിപാലന സംഘത്തിനായി കരുതിവെച്ചെന്ന് ദിവാൻ വ്യക്തമാക്കി. ഈ ഭൂമി ഒരോ ഏക്കറായി തിരിച്ച്, തിരുവനന്തപുരത്തെ താൽപര്യപ്പെടുന്ന പുലയർക്ക് പതിച്ചു നൽകാൻ തിരുവനന്തപുരം പേഷ്‌കാർ നിർദേശിച്ചു. പള്ളിച്ചലുമായി 16 കിലോമീറ്റർ ദൂരം മാത്രമാണ് വിളപ്പിലിലേക്കുള്ളത്. മൂക്കുന്നിമലയുമായി ചേർന്നു കിടക്കുന്ന പ്രദേശം. എന്നാൽ, അവകാശപ്പെട്ട ഭൂമി പുലയർക്ക് ഇനിയും പതിച്ചു കിട്ടിയില്ലെന്ന് 1914-ൽ അയ്യങ്കാളി അസംബ്ലിയിൽ പരാതിപ്പെട്ടു. സി. ശാരദൻ സോളമൻ, ടി. ചോതി, തുടങ്ങി പുലയ വിഭാഗത്തിൽ പെട്ട മറ്റ് അംഗങ്ങളും അയ്യങ്കാളി പറഞ്ഞതിനെ ശരിവെച്ചു. എത്രയും പെട്ടെന്ന് നടപടിയെടുക്കാം എന്ന് ദിവാൻ അന്ന് ഉറപ്പു നൽകുകയുണ്ടായി. എന്നാൽ ഭൂമി പതിച്ചു കൊടുക്കാത്തതിനാൽ 1915-ൽ അയ്യങ്കാളിക്കും, സഹ അംഗങ്ങൾക്കും ഇതേ സംബന്ധിച്ച് വീണ്ടും സഭയിൽ പരാതി ഉന്നയിക്കേണ്ടി വന്നു. 1916-ൽ, സ്വാധീനമുള്ള വ്യക്തികൾ തങ്ങൾക്ക് അവകാശപ്പെട്ട ഭൂമിയുടെ ഭാഗങ്ങൾ സ്വന്തമാക്കിയെന്നും, അവരോട് ഏറ്റുമുട്ടാൻ പുലയർക്ക് സാധിക്കില്ലെന്നും, വിഷയത്തിൽ സർക്കാർ അലസത കാണിക്കുന്നെന്നും അയ്യങ്കാളി വീണ്ടും പരാതിപ്പെട്ടു. 1917 ആയിട്ടും പ്രശ്‌നങ്ങൾക്ക് പരിഹാരമായില്ല. 1918-ലും പരാതി ആവർത്തിച്ചു.

മൂക്കുന്നിമല നിബിഢവനമായിരുന്നപ്പോഴും, പ്രദേശവാസികൾ, വിശിഷ്യ പാവപ്പെട്ട പ്രദേശവാസികൾ, ജീവനോപാധികൾക്കായി അവിടം ഉപയോഗിച്ചിരുന്നെന്ന വസ്തുത പ്രധാനപ്പെട്ടാണ്

നിശ്ചയിച്ച 500 ഏക്കറിൽ, വെറും 242.48 ഏക്കർ സ്ഥലം മാത്രമാണ് രജിസ്‌ട്രേഷന് ലഭ്യമായിട്ടുള്ളതെന്നും, ബാക്കി സ്ഥലങ്ങൾ "മറ്റുള്ളവരുടെ അധീനതയിൽ'' ആണെന്നും കാണിക്കുന്ന കണക്ക് 1919-ൽ അയ്യങ്കാളി സഭയിൽ സമർപ്പിച്ചു. ലഭ്യമായ ഭൂമിയുടെ വലിയ ഭാഗം തരിശുനിലവും പാറകൾ നിറഞ്ഞതുമായിരുന്നു, എന്നാൽ രജിസ്‌ട്രേഷൻ നടപടികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കാനും, ആരും ലഭ്യമായ ഭൂമിയിൽ പ്രവേശിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്താനും ഉത്തരവിറക്കാൻ അയ്യങ്കാളി നിർദ്ദേശിച്ചു. ഈ വിഷയം അദ്ദേഹം 1920-ൽ വീണ്ടും ഉന്നയിച്ചു. പ്രാദേശിക വരേണ്യ വർഗവും, റവന്യു ഉദ്യോഗസ്ഥരും ഉപജാപം നടത്തി പുലയർക്ക് ഭൂമി നിഷേധിക്കുന്നതിനെ ശ്രീമൂലം പോപ്പുലർ അസംബ്ലിയിലെ ദളിത് പ്രതിനിധികൾ വരും വർഷങ്ങളിലും ചോദ്യം ചെയ്തു കൊണ്ടേയിരുന്നു. നാടാർമാരുടെ കാര്യമെടുക്കുകയാണെങ്കിൽ, തിരുവനന്തപുരത്തെ നാടാർ കർഷകരിൽ ഭൂരിഭാഗം പേരും അഭിവൃദ്ധി നേടിയവരായിരുന്നു. 19-ാം നൂറ്റാണ്ടിൽ തന്നെ അവരെ വ്യാവസായികമായി കൃഷി ചെയ്യുന്നവരായി അംഗീകരിക്കപ്പെട്ടു. തിരുവിതാംകൂർ രാജാവ് ആയില്യം തിരുനാൾ രാമ വർമ്മ 1874-ൽ നടത്തിയ പൊതു പ്രഭാഷണത്തിൽ, പുതിയ തിരുവിതാംകൂർ രാജ്യത്തിന് ഇവർ മാതൃകയാണെന്ന് പ്രശംസിച്ചിരുന്നു. എന്നിരുന്നാലും, ഇവരിൽ വലിയൊരു വിഭാഗം പാവപ്പെട്ട തൊഴിലാളികളും, ജീവിക്കാൻ വേണ്ടി കൂലിത്തൊഴിൽ സ്വീകരിച്ചവരുമായിരുന്നു.

പാവപ്പെട്ടവരുടെ ഉപജീവന സ്രോതസ്സ്​

മേൽപറഞ്ഞ ഭൂമിയുമായി ബന്ധപ്പെട്ട പോരാട്ടങ്ങളുടെ വിവരണങ്ങളെ ഞങ്ങൾ അഭിമുഖം നടത്തിയ വ്യക്തികൾ വിവരിച്ച പള്ളിച്ചലിന്റെ ചരിത്രം ശരിവെക്കുന്നുണ്ട്. ഇവിടങ്ങളിലെ ദളിതർക്ക് താമസിക്കുന്ന ചെറിയ കുടിലുകളല്ലാതെ, കൃഷിയോഗ്യമായ ഭൂമി ലഭ്യമല്ലായിരുന്നു. ചില നാടാർ കുടുംബങ്ങൾക്ക് കുറച്ചു കൂടെ ഭേദപ്പെട്ട ഭൂമി ലഭ്യതയുണ്ടായിരുന്നു. ഉദാഹരണത്തിന്, നാടാർ വിഭാഗത്തിനിടയിൽ സമുന്നതനും, ക്വാറി അനുകൂലിയുമായ 74-കാരനായ സി.ഇ. യുടെ മുത്തച്ഛന്, ജില്ലയിലെ മറ്റൊരു പ്രദേശത്തു നിന്ന് പള്ളിച്ചലിലേക്ക് കുടിയേറിയത് 50 ഏക്കർ സർക്കാർ ഭൂമി കുത്തകപ്പാട്ടമായി എടുത്തുകൊണ്ടാണ്. എന്നാൽ ചിലർക്ക് കുത്തകപ്പാട്ടമായി ഭൂമി ലഭിച്ചിരുന്നെങ്കിലും, ഇവിടെ ഉണ്ടായിരുന്ന മിക്ക നാടാർമാരും ദരിദ്രരും ഭൂമി ഇല്ലാത്തവരും നായർ ജന്മികളുടെ ഭൂമിയിൽ പണിയെടുക്കുന്നവും, കുന്നിൻ ചെരിവിൽ മൺകട്ടകൾ കൊണ്ടു നിർമ്മിച്ച ഓല മേഞ്ഞ വീടുകളിൽ താമസിക്കുന്നവരും ആയിരുന്നെന്ന് അദ്ദേഹം ഓർത്തെടുക്കുന്നു. ഭൂവുടമയുടെ നിലത്തിൽ കിഴങ്ങു കൃഷിയും, പിന്നീട് കുന്നിൻ ചെരിവിൽ തെളിച്ചെടുത്ത ചെറിയ സ്ഥലങ്ങളിൽ നെൽകൃഷിയുമാണിവർ ചെയ്തു പോന്നിരുന്നത്. പ്രദേശത്തെ ജലസ്രോതസ്സുകളും, വഴികളും ഉപയോഗിക്കുന്നതിന് ജാതി അടിസ്ഥാനത്തിൽ നിലനിന്നിരുന്ന നിയന്ത്രണങ്ങളെക്കുറിച്ച് തന്റെ പൂർവ്വികർ പറഞ്ഞ അറിവുകളും സി.ഇയ്ക്കുണ്ട്. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഞങ്ങളുമായി അഭിമുഖത്തിലേർപ്പെട്ട മറ്റു മുതിർന്ന പ്രദേശവാസികൾ ശരിവെക്കുന്നുണ്ട്. കുന്നിൻ ചെരിവുകളിലെ കുടിലുകളിലാണ് പാവപ്പെട്ട നാടാർ കുടുംബങ്ങൾ താമസിച്ചിരുന്നതെന്ന്. ചില നാടാർ കുടുംബങ്ങൾ സർക്കാർ ഭൂമി പാട്ടത്തിനെടുത്ത് സ്വന്തമായി തോട്ടങ്ങൾ പരിപാലിച്ചിരുന്നു. എങ്കിലും, നായർ ഭൂവുടമകളുടെ കേരകൃഷിയിടങ്ങളിൽ ജോലി ചെയ്തും, ജന്മികളിൽ നിന്ന് ചക്കയും മാങ്ങയും വിലക്കു വാങ്ങി പ്രാവച്ചമ്പലത്തേയും, തിരുവനന്തപുരം പട്ടണത്തിലേയും ചന്തകളിൽ കൊണ്ടു പോയി വിറ്റുമായിരുന്നു ഇവർ അധികവും ജീവിച്ചതെന്നും അദ്ദേഹം ഓർത്തെടുക്കുന്നു.

മൂക്കുന്നിമല നിബിഢവനമായിരുന്നപ്പോഴും, പ്രദേശവാസികൾ, വിശിഷ്യ പാവപ്പെട്ട പ്രദേശവാസികൾ, ജീവനോപാധികൾക്കായി അവിടം ഉപയോഗിച്ചിരുന്നെന്ന വസ്തുത പ്രധാനപ്പെട്ടാണ്. മൂക്കുന്നിമല എങ്ങനെയാണ് പാവപ്പെട്ട, അവർണ ജാതിയിലെ സ്ത്രീകളുടെ ഉപജീവനമാർഗത്തിന്റെ മുഖ്യ സ്രോതസ്സായത് എന്നതിനെക്കുറിച്ചുള്ള വിശദ വിവരണങ്ങളും ആഖ്യാനങ്ങളും ഞങ്ങളുമായി അഭിമുഖത്തിലേർപ്പെട്ട മുതിർന്ന ആളുകൾ പങ്കുവെക്കുന്നുണ്ട്. കാലിത്തീറ്റയും, വിറകും, ഔഷധഗുണമുള്ള ചെടികളും ശേഖരിക്കാൻ ഇവർ കൂട്ടത്തോടെ മല കയറുമായിരുന്നു. തെക്കുനിന്ന് തിരുവനന്തപുരത്തേക്കും, തിരിച്ചും യാത്ര പോകുന്ന കാളവണ്ടികൾ രാത്രി കാലങ്ങളിൽ തങ്ങുന്ന പ്രാവച്ചമ്പലം ജംങ്ഷനടുത്തുള്ള ചന്തയിൽ ഇവർ ശേഖരിക്കുന്ന കാലിത്തീറ്റയ്ക്ക് ആവശ്യക്കാരുണ്ടായിരുന്നു. മൂക്കുന്നിമലയിൽ പോയി ആടുകൾക്ക് ആഹാരമായി നൽകുന്ന കൊഴയും കാലിത്തീറ്റയും, നിലത്തിനാവശ്യമായ വളവും, ഗാർഹികാവശ്യങ്ങൾക്കുള്ള വിറകുകൊള്ളികളും ശേഖരിച്ച് പള്ളിച്ചാലിലും സമീപപ്രദേശങ്ങളിലും വിതരണം ചെയ്തിരുന്നത് ഈ സ്ത്രീകളാണ്. കാർഷിക നിലങ്ങളിൽ പണിയെടുക്കാൻ വയ്യാത്തവിധം പ്രായാധിക്യം ചെന്ന സ്ത്രീകൾക്ക് ചെറുതാണെങ്കിലും ഒരു വരുമാനമാർഗം കണ്ടെത്താൻ മൂക്കുന്നിമല സഹായിച്ചിരുന്നു.

മൂക്കുന്നിമലയിൽ നിന്ന് ഉൽഭവിച്ച്, വേനൽക്കാലത്തും സമൃദ്ധമായി ഒഴുകിയിരുന്ന വലക്കുഴി ആറിൻറെ നിലവിലത്തെ അവസ്ഥ. ആറിന് റോഡിന്റെ പകുതിയോളം വീതിയുണ്ടായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു.

1960ന് മുമ്പ് പ്രദേശത്ത് റബർ കൃഷി വ്യാപകമാവുന്നതിന് മുമ്പ്, മലമുകളിൽ നിന്ന്​ലഭിച്ചിരുന്ന വിവിധ തരം പഴവർഗങ്ങളെക്കുറിച്ച് അഭിമുഖത്തിൽ പങ്കെടുത്ത മുതിർന്ന ഒരു അംഗം പറയുന്നുണ്ട്. കളിമണ്ണു കുഴിച്ചെടുക്കുന്ന നിലങ്ങൾ നിരത്താനുള്ള കമ്പുകളും, കൊള്ളികളും വിതരണം ചെയ്തതും മൂക്കുന്നിമലയായിരുന്നു. മൂക്കുന്നിമലയുടെ ചരിവുകളിലൂടെ എട്ടു മുതൽ 12 അരുവികൾ വരെ ഒഴുകിയിരുന്നതായി അഭിമുഖത്തിൽ പങ്കെടുത്ത 50 വയസ്സിനു മുകളിൽ പ്രായമായവർ ഓർക്കുന്നു. ഇവരിൽ പലരും മലയുടെ ഉച്ചിയിലേക്ക് യാത്ര ചെയ്തതും, അവിടെ നിന്നുള്ള തിരുവനന്തപുരം നഗരത്തിന്റെ വിദൂര കാഴ്ചയെക്കുറിച്ചും, ഒരു പഴയ കോളോണിയൽ ബംഗ്ലാവിന്റെ അവശിഷ്ടങ്ങൾ കണ്ടതിനെക്കുറിച്ചുള്ള ഓർമകളും ഞങ്ങളോട് പങ്കുവെച്ചിരുന്നു. തീർച്ചയായും, മലമുകളിലെ പാറക്കൂട്ടങ്ങൾ കേവലം നിർജീവമായി കല്ലുകളായിരുന്നില്ല, മറിച്ച് സംസ്‌കാരത്താൽ പൊതിഞ്ഞു കെട്ടിയവയായിരുന്നു അത്. ഞങ്ങൾ സംസാരിച്ച പള്ളിച്ചൽ നിവാസികളുടെ ഓർമ്മകളിലെല്ലാം ഈ പാറകളെ ചുറ്റിപറ്റി പ്രചാരത്തിലുണ്ടായിരുന്ന ഐതീഹ്യങ്ങളും, അവയ്ക്ക് നൽകിയിരുന്ന പേരുകളും മറ്റും ഉണ്ടായിരുന്നു. മലയെക്കുറിച്ചുള്ള ഐതിഹ്യങ്ങൾ പലതും മഹാഭാരതകഥാസന്ദർഭങ്ങളുമായി ബന്ധപ്പെട്ടവയാണ്. മൂക്കുന്നിമലയിലെ വന്യജീവികളുടെ ബാഹുല്യത്തെക്കറിച്ചും ഇവർ ഓർക്കുന്നുണ്ട്. മൂക്കുന്നിമലയുമായി തലമുറകളായി ബന്ധമുള്ള ഒരു നായർ കുടുംബത്തിലെ 54-കാരനായ കർഷകൻ, അവിടങ്ങളിലുണ്ടായിരുന്ന കേഴമാനിന്റേയും, കാട്ടുപന്നികളുടേയും ബഹുലതയെക്കുറിച്ച് തന്റെ മുത്തച്ഛൻ പറഞ്ഞത് ഓർക്കുന്നു. മാത്രമല്ല ഈ മുത്തച്ഛന്റെ മുത്തച്ഛന്റെ കുട്ടിക്കാലത്ത് (പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യദശകങ്ങളിലോ അതിനു മുമ്പോ) അവിടങ്ങളിൽ ചെമ്മരിയാടുകളെ വളർത്തിയിരുന്നതായും പറയുന്നുണ്ട് (പ്രദേശത്തുണ്ടായിരുന്ന ശീതള കാലാവസ്ഥയെ ഇത് സൂചിപ്പിക്കുന്നു).

മുകളിൽ പ്രതിപാദിച്ച അയ്യങ്കാളിയുടെ പരാതിയിൽ വ്യക്തമാക്കുന്നതു പോലെ, ആധുനിക കൃഷിരീതികൾക്ക് സാധ്യതയുള്ള ഇടമായി ഈ പ്രദേശത്തെ നോക്കിക്കാണുമ്പോൾ, കേവലം പാറകൾ നിറഞ്ഞ തരിശുഭൂമിയെന്ന് മലഞ്ചെരിവുകൾ വിലയിരുത്തപ്പെടും. മലയാള പ്രദേശങ്ങളിൽ, മലമ്പ്രദേശങ്ങളെക്കുറിച്ചുള്ള ധാരണകളിലെ ഈ വ്യതിയാനം 20ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ ആരംഭിച്ചിരുന്നു.

ഭൂമിക്ക്​ സംഭവിച്ച മാറ്റങ്ങൾ

മൂക്കുന്നിമലയിലെ ഭൂസംബന്ധിയായ മാറ്റങ്ങളിൽ 20-ാം നൂറ്റാണ്ടിലെ രണ്ടു സംഭവങ്ങൾ അതീവപ്രധാനങ്ങളാണ്. 1960-ൽ 90 കുടുംബങ്ങൾക്ക് ഉപാധികളോടെ മൂക്കുന്നിമലയിലെ 350-ഓളം ഏക്കർ ഭൂമി കേരള സർക്കാർ റബർ കൃഷിക്ക് തീറെഴുതി നൽകിയതാണ് ഒന്നാമത്തെ സംഭവം. സ്വകാര്യ വ്യക്തികളെ സർക്കാർ ഭൂമിയിൽ റബർ കൃഷി ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സർക്കാർ പ്രത്യേക നിയമങ്ങളും നടപ്പിൽ വരുത്തിയിരുന്നു. റബർ കൃഷിക്കു പുറമെ മറ്റാവശ്യങ്ങൾക്കായി ഭൂമി ഉപയോഗിക്കില്ലെന്നും (വീടുകൾക്കും, പൂന്തോട്ടങ്ങൾക്കും ഒഴികെ), സ്ഥലം പതിച്ചു നൽകിയതിനു ശേഷവും പ്രദേശത്തെ റോഡുകൾ, വഴികൾ, അരുവികൾ, ഖനികൾ, ക്വാറികൾ എന്നിവയിലുള്ള അധികാരം സർക്കാറിനായിരിക്കുമെന്നും ഉപാധി വെച്ച് മൂക്കുന്നിമലയുടെ ഒരു ഭാഗം വിതരണം ചെയ്തത് റവന്യു വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു. എന്നാൽ സ്ഥലം ലഭിച്ച ആളുകളെല്ലാം സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവരോ, കർഷകരോ ആയിരുന്നില്ല- അവരെല്ലാം സ്വാതന്ത്ര്യ സമര സേനാനികളായിരുന്നു (എന്നാൽ അതല്ല, അവർ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പട്ടം എ. താണുപ്പിള്ളയുടെ ആശ്രിതരായിരുന്നെന്ന് പള്ളിച്ചലിൽ ജനിച്ച, അഭിമുഖത്തിൽ പങ്കെടുത്ത മുതിർന്ന അംഗങ്ങളിൽ ചിലർ അവകാശപ്പെടുന്നു).

1990-കൾക്കു ശേഷം റബറിന്റെ വില ഇടിയാൻ തുടങ്ങിയപ്പോൾ ക്വാറി കമ്പനികൾക്ക് തങ്ങളുടെ സ്ഥലം വിൽക്കാൻ ഈ കുടുംബങ്ങളെല്ലാം തയ്യാറായി. ആളുകൾ ഇവിടം വിട്ടു പോയത് ഒരിക്കലും അവർക്ക് അനുവദിച്ച സ്ഥലങ്ങളിലെ സൗകര്യക്കുറവ് മൂലമായിരുന്നില്ല.

റബർ മരങ്ങളിൽ നിന്ന് ആദായം ലഭിക്കുന്നതു വരെ അവിടെ തങ്ങാനും, പിന്നീട് ദൂരദേശത്തുള്ള സ്വന്തം വീടുമായുള്ള ബന്ധം സൂക്ഷിക്കാനുള്ള വിഭവങ്ങളും, അവരെ പിന്തുണക്കാനുള്ള ബന്ധുക്കളും ഇവരിൽ പലർക്കുമുണ്ടായിരുന്നു. 84- വയസ്സുകാരിയായ എസ്.ബി പറയുന്നു: ആ കാലത്ത് ഇവിടം ഏതാണ്ട് വിജനമായിരുന്നു- വലിയ പാറക്കഷ്ണങ്ങളും കുറ്റിക്കാടുകളും നിറഞ്ഞ സ്ഥലം. പാമങ്ങോടു നിന്നു വരുന്ന പണിക്കാർ മാത്രമായിരുന്നു അവിടെയുണ്ടായിരുന്നത്. പുതുതായി നട്ട റബറിൽ നിന്ന് ആദായം ലഭിക്കാൻ അഞ്ചു വർഷമെടുക്കും, ആ സമയത്തു മാത്രമാണ് സ്ഥലമുടമകൾ ഇവിടെ താമസിക്കാറുണ്ടായിരുന്നത്. സ്‌കൂളിലെ വേനലവധിക്കാണ് ഞാനിവിടെ വരാറ്. അവിടെ ഉണ്ടായിരുന്ന ഓലമേഞ്ഞ ഒരു കുടിലിൽ താമസിച്ചാണ് ഞാൻ ജോലിക്കാരുടെ മേൽനോട്ടം വഹിച്ചത്. എന്റെ മകൾക്കന്ന് നാലു വയസ്സായിരുന്നു. സ്‌കൂൾ തുറന്നാൽ ഞങ്ങൾ തിരിച്ചു പോകും. ഞാൻ ഇവിടേക്ക് താമസം മാറുന്നത് എനിക്ക് ഒരു പെൺകുഞ്ഞും, ഒരാൺകുഞ്ഞും കൂടി ജനിച്ചതിനു ശേഷമാണ്. എനിക്കു മൊത്തം ആറു മക്കളാണ്. 1967-ലാണ് ഞാനിവിടെ സ്ഥിരതാമസത്തിനെത്തുന്നത്. ഞങ്ങൾക്കു മുന്നെ ഇവിടെ എത്തിയ കുടുംബങ്ങളുണ്ട്- അയിരൂരിൽ നിന്നും വന്ന ഒരു എൻ.പി, അയാളുടെ ഭാര്യ, മൂന്ന് കുട്ടികൾ. ഞങ്ങളുടേതു പോലുള്ള ഒരു കുടിലിലായിരുന്നു അവരുടേയും താമസം. പിന്നെ മല്ലപ്പള്ളിയിൽ നിന്നും വന്ന ഒരു എം. അയാൾ സെക്രട്ടറിയേറ്റിലെ ജോലിക്കാരനായിരുന്നു. പിന്നെ ഞങ്ങളുടേതിന് തൊട്ടു താഴെ താമസിച്ച അമ്പലപ്പുഴക്കാരനായ കെ.പി. യും അയാളുടെ ഭാര്യയും രണ്ടു മക്കളും. ബാക്കിയുള്ളവർ പിന്നീടു വന്നവരാണ്. കരനെൽ ഉൾപ്പടെ ഇവിടെ ധാരാളമായി കൃഷിയുണ്ടായിരുന്നു. കിണറിനരികിൽ ഒരിടത്ത് ഞാനും കൃഷി ചെയ്യാറുണ്ടായിരുന്നു. അവിടെ നിന്നും കിട്ടുന്ന ആദായം ചാക്കിലാക്കി കെട്ടി ആലപ്പുഴക്ക് കൊണ്ടുപോകും! മരച്ചീനി, ചേന, ചേമ്പ്, വാഴപ്പഴം തുടങ്ങിയവ. അന്ന് എല്ലാവരും കൃഷി ചെയ്യുമായിരുന്നു. തുടക്കത്തിൽ ഇവിടേക്ക് കുടിയേറിയ ആളുകൾക്കൊക്കെ അവരുടെ വീടുകളിൽ നിന്നും നല്ല പിന്തുണ കിട്ടിയിരുന്നു. ആങ്ങളമാരോ, അല്ലെങ്കിൽ അമ്മമാരോ ഒക്കെ ചെറിയ തുകകൾ അയച്ചു കൊടുക്കാറുണ്ടായിരുന്നു. എന്നാൽ റബറിൽ നിന്നും ആദായം കിട്ടിത്തുടങ്ങിയതിന് പിന്നാലെ ഇതിന്റെ ആവശ്യമില്ലാതായി. ആളുകൾക്ക് സ്ഥിരവരുമാനം കിട്ടിത്തുടങ്ങി. അവരുടെ മക്കളെ അടുത്തുള്ള സ്‌കൂളുകളിൽ ചേർത്തു. എന്റെ എല്ലാ മക്കളും നേമം സ്‌കൂളിലാണ് പഠിച്ചത്. അവരെല്ലാവരും ഉയരങ്ങൾ താണ്ടി!

എസ്.ബിയുടെ മക്കൾ മാത്രമല്ല, ഈ കുടുംബങ്ങളിലെ ഇളംതലമുറയിൽ പെട്ട എല്ലാവരും തന്നെ "ഉയരങ്ങൾ കീഴടക്കിയവരായിരുന്നു'. എല്ലാവരും ഡിഗ്രിയും, സർക്കാർ ഉദ്യോഗവും നേടിയവർ. 1990-കൾക്കു ശേഷം റബറിന്റെ വില ഇടിയാൻ തുടങ്ങിയപ്പോൾ ക്വാറി കമ്പനികൾക്ക് തങ്ങളുടെ സ്ഥലം വിൽക്കാൻ ഈ കുടുംബങ്ങളെല്ലാം തയ്യാറായി. ആളുകൾ ഇവിടം വിട്ടു പോയത് ഒരിക്കലും അവർക്ക് അനുവദിച്ച സ്ഥലങ്ങളിലെ സൗകര്യക്കുറവ് മൂലമായിരുന്നില്ല. ഒരു റോഡു നിർമിക്കാനും, ബസ് സർവീസ് അനുവദിക്കാനും സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ ഈ പ്രദേശത്തെ കുടുംബങ്ങൾ ഒത്തുചേർന്നതും അത് യാഥാർത്ഥ്യമായതും എസ്.ബി ഓർക്കുന്നു. സ്ഥലം പതിച്ചു കിട്ടിയ കുടുബങ്ങളിൽ മൂന്നെണ്ണം മാത്രമാണ് ഇന്ന് മൂക്കുന്നിമലയിൽ ശേഷിക്കുന്നത്.

മൂക്കുന്നിമലയിലെ എയർഫോഴ്‌സ് സ്റ്റേഷന്റെ ഉപഗ്രഹചിത്രം. ഈ പ്രദേശത്ത് വിവിധ ആവശ്യങ്ങൾക്കായി ഓരോ തവണ സ്ഥലം ഏറ്റെടുക്കുമ്പോഴും അവതാളത്തിലായത് അടിസ്ഥാനവർഗ്ഗത്തിൻറെ ആവാസവ്യവസ്ഥയായിരുന്നു / Photo: Google Earth

അതിനിടെ, 1970-കളുടെ തുടക്കത്തിൽ കേരളത്തിലെ ഭൂപരിഷ്‌കരണം ചെറുപുരയിടങ്ങളിലും, കുടിലുകളിലും താമസിച്ച പാവപ്പെട്ട, അവർണ ജാതിയിൽ പെട്ട അനേകമാളുകളുടെ അവകാശങ്ങൾ വ്യവസ്ഥാപിതമാക്കി. നായർ ഭൂവുടമകളെ ആശ്രയിച്ചു ജീവിച്ച നാടാർ, പട്ടിക ജാതി വിഭാഗത്തിൽ പെട്ട 250 കുടുംബങ്ങൾക്ക് ചെറിയ പുരയിടങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് സി.ഇ അവകാശപ്പെടുന്നുണ്ട്. ഒറ്റി പാട്ടത്തിന് സ്ഥലമെടുത്ത ചില ചെറുകിട കർഷകർ നിയമപോരാട്ടങ്ങളിൽ ഏർപ്പെട്ടു. ചിലർ കേസ് ജയിച്ചു, ബാക്കിയുള്ളവരെ ജന്മികൾ ബലപ്രയോഗത്തിലൂടെ കുടിയൊഴിപ്പിച്ചു. പോരാതെ, ഇതേ കാലത്തും ശേഷവും വിവിധ സർക്കാർ വകുപ്പുകളുടെ സ്ഥലമേറ്റെടുപ്പു മൂലം പാവപ്പെട്ട വിഭാഗങ്ങൾക്ക് നിരന്തരം മാറിത്താമസിക്കേണ്ടതായും വന്നു. 1978-ൽ ഇന്ത്യൻ സൈന്യത്തിന്റെ ഫയറിങ്ങ് റേഞ്ചിന്റെ നിർമാണത്തിന്​ മൂക്കുന്നിമലയിലെ 60-ഓളം ഏക്കർ ഭൂമി ഏറ്റെടുത്തിരുന്നു. കൂടാതെ 1980-കളുടെ തുടക്കത്തിൽ, മലയുടെ ഉച്ചിയിലെ 90-ലധികം ഏക്കർ ഭൂമി ഇന്ത്യൻ വ്യോമസേനയുടെ ദക്ഷിണ Air Command-നു വേണ്ടിയും ഏറ്റെടുക്കുകയുണ്ടായി. 1970-കളിൽ (ഈയടുത്തും) റെയിൽവേയ്ക്കു വേണ്ടിയും പഞ്ചായത്തിലെ ഭൂമി ഏറ്റെടുത്തു.

വിശാലമായ നെൽപാടത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിച്ചാണ് പുതിയ റോഡ് നിർമ്മിച്ചത്. ഈ റോഡാണ് മൂക്കുന്നിമലയിലേക്കുള്ള ക്വാറി മൂലധനത്തിന്റെ പ്രവേശനം എളുപ്പമാക്കിയത്

ഓരോ തവണ സ്ഥലം ഏറ്റെടുക്കുമ്പോഴും അവതാളത്തിലായത് പാവപ്പെട്ടവരുടെ ആവാസവ്യവസ്ഥയായിരുന്നു. ഗത്യന്തരമില്ലാതെ ഇവർ പ്രദേശത്തെ വാസയോഗ്യത കുറഞ്ഞ, വില താരതമ്യേന കുറവായ, പാറയ്ക്ക് സമീപമുള്ള താഴ്ന്ന ചരിവുകളിലേക്ക് താമസം മാറി. 1970-കളിൽ ഈ പ്രദേശങ്ങൾക്ക് സെന്റിന് വെറും 50 രൂപയും, 1990-കളിൽ 1000 രൂപയും മാത്രമായിരുന്നെന്ന് പ്രദേശവാസികൾ ഞങ്ങളോടു പറഞ്ഞു. 1970-കളിൽ റബർ കൃഷിക്കായി കൂടുതൽ ആളുകൾ മൂക്കുന്നിമലയിലെത്തിയതോടെ, ജീവനോപാധികൾക്ക് മലയെ ആശ്രയിച്ചിരുന്ന പ്രദേശത്തെ പാവപ്പെട്ട സ്ത്രീകളുടെ സാധ്യതകളും ചുരുങ്ങി. വിറകു കൊള്ളികളും, കാലിത്തീറ്റയും ശേഖരിക്കാൻ സ്ഥിരമായി മൂക്കുന്നിമലയിലേക്ക് പോയിരുന്ന തന്റെ അമ്മ പിന്നീട് കാളവണ്ടികൾ അപൂർവമായതിന് പിന്നാലെ മലയിലേക്കുള്ള സന്ദർശനവും ഏതാണ്ട് പൂർണമായി നിർത്തിയെന്ന് എസ്. പറയുന്നു.

പുരയിട ഖനനം

പട്ടണത്തിലേക്കും അതിനപ്പുറത്തേക്കും എത്തിപ്പെടാൻ പാകത്തിൽ, പള്ളിച്ചൽ പഞ്ചായത്തിന്റെ കേന്ദ്ര ഭാഗവുമായി മൂക്കുന്നിമലയെ ബന്ധിപ്പിക്കുന്ന റോഡിന്റെ നിർമാണമാണ് ഈ പ്രദേശത്തിന്റെ ഭൂസംബന്ധിയായ ചരിത്രത്തിലെ പ്രധാനപ്പെട്ട മറ്റൊരു സംഭവം. റോഡിന്റെ അരിക്കടമുക്ക് ജംഗ്ഷൻ മുതൽ മൂക്കുന്നിമല വരെയുള്ള ഭാഗം 1980-കളുടെ പകുതിയിൽ നേരിട്ടുള്ള സാമൂഹിക ഇടപെടലിലൂടെ നിർമിച്ചെടുത്തതാണ്. നേരത്തെ മൂക്കുന്നിമല നിവാസികൾ പട്ടണത്തിലേക്ക് യാത്ര ചെയ്തത് മച്ചേൽ-പാമാങ്കോട് വഴി മലയുടെ വടക്കു പടിഞ്ഞാറ് ഭാഗത്തൂടെയായിരുന്നു. ഇപ്പോളവർക്ക് പ്രാവച്ചമ്പലം ജംഗ്ഷനിലേക്ക് പുതിയ റോഡു വഴി എത്താം. വിശാലമായ നെൽപാടത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിച്ചാണ് പുതിയ റോഡ് നിർമ്മിച്ചത്. ഈ റോഡാണ് മൂക്കുന്നിമലയിലേക്കുള്ള ക്വാറി മൂലധനത്തിന്റെ പ്രവേശനം എളുപ്പമാക്കിയത്. ഈ റോഡു നിർമാണത്തിൽ ഭാഗഭാക്കായ പ്രദേശവാസിയായ 54-കാരൻ ജി.കെ ആവേശത്തോടെയാണ് അതിനെക്കുറിച്ചോർക്കുന്നത്: ഇവിടെ ഒരു റോഡുമില്ലായിരുന്നു, അതിനെത്തുടർന്നുള്ള കഷ്ടപ്പാടുകളും. നിരന്നുനിൽക്കുന്ന നെൽപാടങ്ങൾക്ക് സമാന്തരമായി ഒരു മീറ്റർ ഉയരത്തിൽ നിർമിച്ച വരമ്പിലൂടെ കാൽനടയായിട്ടായിരുന്നു അന്ന് സഞ്ചാരം. ഗർഭിണികളെ പാടത്തിനിപ്പുറത്തേക്ക് എടുത്തു കൊണ്ടുവരേണ്ട സ്ഥിതി വരെ ഉണ്ടായിട്ടുണ്ട്. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനാൽ ഒരു വയോധികൻ മരിക്കുകയും ചെയ്തിരുന്നു. 85-ഓളം കുടുംബങ്ങൾക്കാണ് ഈ റോഡു വന്നതുകൊണ്ട് നേട്ടമുണ്ടായത്. അതുകൊണ്ടു തന്നെ കക്ഷി രാഷ്ട്രീയ ഭേദമന്യെ സ്ത്രീകളും, പുരുഷന്മാരും അടങ്ങുന്ന പ്രദേശവാസികളെല്ലാം തന്നെ പാടം കയ്യേറിയുള്ള റോഡു നിർമാണത്തിൽ പങ്കാളികളായി! ഈ പാടം പട്ടം താണുപിള്ളയുടെ അനന്തരവന്റെ പേരിലായിരുന്നു- മധുസൂദനൻ നായർ. അയാൾ പ്രാവച്ചമ്പലത്തായിരുന്നു താമസം. എന്നാൽ ഇവിടങ്ങളിലെ പാടങ്ങളിൽ അയാൾക്ക് ഉടമസ്ഥാവകാശമുണ്ടായിരുന്നു. എല്ലാ രാഷ്ട്രീയ കക്ഷികളിൽ നിന്നുള്ള ആളുകളും ഈ റോഡു നിർമ്മാണത്തിന്റെ ഭാഗമായിരുന്നു. ഇതിനോടു സഹകരിച്ച സ്ത്രീകൾ പലരും ഉദ്യോഗസ്ഥരും, വിദ്യാഭ്യാസമുള്ളവരും, വിവിധ സാമൂഹിക ശ്രേണിയിൽ നിന്നുള്ളവരുമായിരുന്നു. ആണുങ്ങൾ പിക്കാസു കൊണ്ടു വയൽ കുറുകെ കീറി വഴി തെളിച്ചപ്പോൾ, പെണ്ണുങ്ങൾ ഈ മണ്ണ് കുട്ടയിലാക്കി പുറത്തെത്തിച്ചു. ഒറ്റ രാത്രി കൊണ്ടാണ് ഞങ്ങൾ റോഡുണ്ടാക്കിയത്.
ഇത് തീർച്ചയായും നിയമവിരുദ്ധമായിരുന്നു. വയലു കയ്യേറിയതിന് പൊലീസ് ഞങ്ങൾ എല്ലാവർക്കുമെതിരെ കേസെടുത്തു. റോഡു നിർമ്മാണത്തിൽ പങ്കെടുത്ത ആണുങ്ങളെല്ലാവരും ഒളിവിൽ പോയി. പൊലീസുകാർ അന്വേഷിച്ചെത്തിയപ്പോൾ, റോഡുണ്ടാക്കിയതിന്റെ ഉത്തരവാദികൾ തങ്ങളാണെന്ന് സ്ത്രീകൾ പറഞ്ഞു. അക്കാലത്ത് ഇവിടെ ശക്തരായ കുറച്ച് സ്ത്രീകളുണ്ടായിരുന്നു. ഇതോടെ പൊലീസ് തിരിച്ചു പോവുകയും കേസുകൾ പിൻവലിക്കുകയും ചെയ്തു.

മൂക്കുന്നിമലയിൽ പ്രവർത്തിക്കുന്ന ക്രഷർ യൂണിറ്റുകളിലൊന്ന്

നായർ ജന്മികൾ താമസിച്ചിരുന്ന ഇടക്കോട് വാർഡും, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന തൊഴിലാളികളും, റബർ കർഷകരും താമസിക്കുന്ന മൂക്കുന്നിമല വാർഡും തമ്മിൽ നിലനിന്നിരുന്ന സംഘർഷങ്ങൾ റോഡുണ്ടാക്കിയതോടെ പാരമ്യത്തിലെത്തിയതായി റോഡു നിർമ്മാണത്തിന് സാക്ഷിയായ എസ്. പറയുന്നു. ഈ പറഞ്ഞതിൽ രണ്ടാമത്തെ വിഭാഗത്തിന്റെ ആവശ്യമായിരുന്നു പുതിയ റോഡ്. എന്നാൽ റബർ കൃഷി ചെയ്യാൻ പതിച്ചു നൽകിയ ഭൂമിയിൽ ചിലതിൽ ഗ്രാനൈറ്റിന്റെ നിക്ഷേപമുണ്ടായിരുന്നു. ഇതിന്റെ ഉടമസ്ഥർക്ക് ഖനനം ആരംഭിക്കാനുള്ള സാധ്യത തുറന്നു കൊടുത്തതും ഈ റോഡാണ് (നിർമാണത്തിനുശേഷം 1990-കളുടെ തുടക്കത്തിൽ തന്നെ റോഡ് ടാർ ചെയ്തിരുന്നു). 1990-കളിൽ ചെറുകിട ഖനനം ആരംഭിച്ചു. നിയന്ത്രിത ഖനനത്തിനുള്ള അനുമതിയും ഇവർക്ക് ലഭിച്ചതായി മനസ്സില്ലാക്കുന്നു. 1980-കളുടെ അവസാനം, താൻ മൂക്കുന്നിമല സന്ദർശിച്ചപ്പോൾ അവിടെ ഖനനം തുടങ്ങിയിരുന്നതായി ശാസ്ത്രസാഹിത്യപരിഷത് പ്രവർത്തകൻ എൽ. പറയുന്നു: ഞങ്ങൾ മല സന്ദർശിക്കാനെത്തിയപ്പോൾ അവിടെ ഖനനം ആരംഭിച്ചിരുന്നു. എന്നാലത് നാടൻ പണിയാധുങ്ങൾ ഉപയോഗിച്ച് സ്വകാര്യ ആവശ്യങ്ങൾക്കു വേണ്ടിയുള്ളതായിരുന്നു. മല മൊത്തമായി ഇടിച്ചു നിരത്തുന്ന രീതി അവിടെ ഉണ്ടായിരുന്നില്ല. വീടുപണിയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കും മറ്റുമായിരുന്നത്. അതിനെ വേണമെങ്കിൽ പുരയിട ഖനനം (homestead quarrying) എന്നു വിളിക്കാം. അതിനുശേഷം സെക്രട്ടറിയേറ്റിൽ ജോലി ചെയ്തിരുന്ന കെ. എന്ന വ്യക്തിയാണ് ഇവിടെ വലിയ തോതിലുള്ള ഖനനപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. വലിയ പാറക്കഷ്ണങ്ങൾ പൊട്ടിച്ച്, ക്രഷർ ടെക്‌നോളജി ഉപയോഗിച്ച് അവ ചെറിയ കരിങ്കൽചീളുകളാക്കി മാറ്റുകയാണ് ഇവർ ചെയ്തിരുന്നത്. പ്രസ്തുത രീതി ഇവിടെ ആവിഷ്‌കരിച്ചത് ഇവരാണ്. പിന്നീട് പ്രദേശവാസികൾ ഇത് ഏറ്റെടുക്കുകയും, പിന്നീടത് വികസിക്കുകയും ചെയ്തു. മലയിൽ സ്ഥലം ലഭിച്ച സ്വാതന്ത്ര്യ സമരസേനാനികളിൽ ഒരാളായിരുന്നു കെ. സെക്രട്ടറിയേറ്റിൽ ഉദ്യോഗസ്ഥനായിരുന്ന കെ-യ്ക്ക് അവിടെ നിന്നായിരിക്കണം വാണിജ്യാവശ്യത്തിന് പാറ വിൽക്കാമെന്ന ആശയം ലഭിച്ചത്.

ചെറിയ തോതിലുള്ള ഉത്പാദനം ആയിരുന്നതു കൊണ്ടു തന്നെ അന്ന് മലിനീകരണത്തോതും രൂക്ഷമായിരുന്നില്ല. പണിയായുധങ്ങൾ കൊണ്ട് കൈകളുപയോഗിച്ചുള്ള ഖനനം താരത്മ്യേന നിരുപദ്രവകരമായിരുന്നെന്ന് പ്രദേശവാസികൾ ഓർക്കുന്നു.

സ്ഥലം ലഭിച്ച സ്വാതന്ത്ര്യസമര സേനാനികൾ സാമ്പത്തികമായി പിന്നോക്കവസ്ഥയിലായിരുന്നില്ല. അവർ ഇവിടെയെത്തിയ ശേഷം സ്ഥലമേറ്റെടുത്ത് കാടു തെളിച്ച്, പ്രദേശം മുഴുവൻ റബർ കൃഷി തുടങ്ങി അതിൽ നിന്ന് ആദായമെടുക്കാൻ തുടങ്ങി. ശേഖരിച്ച റബർ പാൽ കുരങ്ങുകൾ ഇടക്കിടെ നശിപ്പിക്കും, എന്നാൽ അവർക്കത് ഒരു പ്രശ്‌നമല്ലായിരുന്നു. കൂടുതൽ ലാഭം കിട്ടുന്ന കാര്യങ്ങളിലായിരുന്നു അവർക്ക് താൽപര്യം. സ്വന്തമായി വലിയ ക്വാറി യൂണിറ്റുകൾ തുടങ്ങാൻ പ്രാപ്തിയില്ലാത്തവർ തങ്ങളുടെ സ്ഥലം മറ്റുള്ളവർക്ക് വിൽക്കാൻ തുടങ്ങി. തങ്ങളെ തേടിയെത്തുന്ന നിലങ്ങളെല്ലാം വലിയ ക്വാറി കമ്പനികൾ മേടിച്ചു കൂട്ടുകയും ചെയ്തു. നിരവധി വലിയ കമ്പനികൾക്ക് അങ്ങനെ ഇവിടെ സ്ഥലമുണ്ടായി, 2008 മുതൽ.

വികസന റിപ്പോർട്ടിൽ പറയുന്നത്​

1990-കളിൽ നെൽകൃഷി വ്യവസായം ശോഷിച്ചപ്പോൾ, മലയോരത്ത് താമസിക്കുന്ന തൊഴിലെടുക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ, പ്രത്യേകിച്ച് സ്ത്രീകൾ, തുടക്കത്തിലുണ്ടായിരുന്ന ചെറിയ ക്വാറികളിൽ കല്ലു പൊടിക്കുന്ന ജോലിക്ക് പോകാൻ തുടങ്ങി. ചെറിയ തോതിലുള്ള ഉത്പാദനം ആയിരുന്നതു കൊണ്ടു തന്നെ അന്ന് മലിനീകരണത്തോതും രൂക്ഷമായിരുന്നില്ല. ചീളുകൾ തെറിച്ചു വീഴുന്നതുമായി ബന്ധപ്പെട്ട് അയൽക്കാർ തമ്മിൽ തർക്കങ്ങൾ പതിവായിരുന്നെങ്കിലും, പണിയായുധങ്ങൾ കൊണ്ട് കൈകളുപയോഗിച്ചുള്ള ഖനനം താരത്മ്യേന നിരുപദ്രവകരമായിരുന്നെന്ന് പ്രദേശവാസികൾ ഓർക്കുന്നു. 1980-കളുടെ അവസാനത്തിലും 90-കളുടെ ആരംഭത്തിലുമായി, പള്ളിച്ചൽ പഞ്ചായത്തിലെ പാവപ്പെട്ട തൊഴിലാളികൾ കൂടുതലായി നിർമ്മാണ മേഖലകളിലേക്കും, മറ്റു ജോലികൾക്കായി പഞ്ചായത്തിന് പുറത്തേക്കും പോകാൻ തുടങ്ങി.

ജനകീയാസൂത്രണത്തിന്റെ ഭാഗമായി 1996-ൽ പ്രസിദ്ധീകരിച്ച പള്ളിച്ചലിന്റെ പഞ്ചായത്ത് വികസന റിപ്പോർട്ട് മേൽ പറഞ്ഞ കാര്യങ്ങളെ ശരിവെക്കുന്നുണ്ട്. കൃഷിയോടുള്ള വിമുഖതയും, ജലാശയങ്ങൾ ഉപയോഗിക്കുന്നതിലുണ്ടായ കുറവും, നിർമ്മാണ മേഖലയിലേക്കുള്ള ആളുകളുടെ പോക്കും, റബറിൽ നിന്നും ലഭിക്കുന്ന ആദായത്തിലുണ്ടായ കുറവുമെല്ലാം ഇതിൽ പരാമർശിക്കുന്നുണ്ട്. ക്വാറി പ്രവർത്തനങ്ങൾ അനഭലഷണീയവും, പരിസ്ഥിതിക്ക് ദോഷം ചെയ്യാൻ സാധ്യതയുള്ളതുമാണെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും, അതിനെ ഗുരുതസ്വഭാവമുള്ള ആപത്തായി ഈ റിപ്പോർട്ട് നോക്കിക്കാണുന്നില്ല. പഞ്ചായത്തിൽ ചെറുകിട വ്യാവസായിക യൂണിറ്റുകളിൽ നാലെണ്ണം ഗ്രാനൈറ്റ് ക്രഷർ യൂണിറ്റുകളാണ് (p. 55) , ഒരു ഗ്രാനൈറ്റ് മെറ്റൽ നിർമ്മാണ സഹകരണസ്ഥാപനത്തെക്കുറിച്ചും ഇതിൽ പരാമർശിക്കുന്നുണ്ട് (page. 49). ദളിതരുടെ ഭൂരാഹിത്യത്തെക്കുറിച്ചും (എന്നാൽ മറ്റ് അവർണ ജാതികളിൽ പെട്ട സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ കുറിച്ച് പറയുന്നില്ല) അവർക്കു ഭൂമി ലഭ്യമാക്കേണ്ടതിനെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.▮

(തുടരും)


ജെ. ദേവിക

എഴുത്തുകാരി, ചരിത്രകാരി, സാമൂഹ്യവിമർശക, ഫെമിനിസ്റ്റ്, വിവർത്തക. സെന്റർ ഫോർ ഡവലപ്പ്‌മെന്റ് സ്റ്റഡീസിൽ അധ്യാപിക. ആണരശുനാട്ടിലെ കാഴ്ചകൾ: കേരളം സ്ത്രീപക്ഷ ഗവേഷണത്തിൽ, കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ, Her Self: Early Writings on Gender by Malayalee Women 1898-1938, Womanwriting= Manreading? എന്നിവ പ്രധാന കൃതികൾ.

Comments