ക്വാറി മൂലധനം സാമ്പ്രദായിക പൗരസമൂഹത്തിന്റെ പിന്തുണ നേടിയെടുക്കുന്നത് എങ്ങനെ? പ്രതിഷേധക്കാരെ വിലക്കെടുക്കുന്നത് എങ്ങനെ? സമൂഹത്തെ വിഭജിക്കുന്നത് എങ്ങനെ? മൂക്കുന്നിമലയിലെ പാറ ഖനനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള പഠനം തുടരുന്നു
2002-ൽ കേരള സർക്കാർ കേരള നദീതീര സംരക്ഷണ- മണൽ വാരൽ നിയന്ത്രണ നിയമം പാസാക്കി. നിർമാണ മേഖലയിലെ ഉണർവും, പുതിയ നിയമവും മൂലം ബദൽ മാർഗങ്ങൾക്ക് ആവശ്യക്കാരും വർധിച്ചു. എം-സാൻഡ് അത്യന്തം ലാഭകരമായ സാധ്യതയായി മാറി.
മൂക്കുന്നിമലയിൽ ക്വാറി മൂലധനത്തിന്റെ ചവിട്ടുപടിയായി നിന്നത് ചെറുകിട ക്വാറി ഉടമകളായിരുന്നു. ക്വാറി മൂലധനത്തിന്റെ കടന്നുവരവ് സാധ്യമാക്കിയത് ഇവരാണ്. ഇവരിലൊരാൾ തന്റെ ഭൂമിയിലൂടെ മറ്റു പ്രദേശങ്ങളിലേക്കുള്ള വഴി അടച്ച്, അതിലൂടെ സഞ്ചരിക്കാൻ പ്രദേശവാസികളും, ക്വാറിയിലേക്കു പോകുന്ന ലോറിക്കാരും പണം നൽകണമെന്നാവശ്യപ്പട്ട സംഭവം അഭിമുഖത്തിൽ പങ്കെടുത്ത ഒട്ടുമിക്ക ആളുകളും ഓർക്കുന്നുണ്ട്: ""അന്യർക്ക് പ്രവേശനമില്ലെന്ന ഒരു ബോർഡ് അയാളവിടെ തൂക്കി. എന്തൊരു വിരോധാഭാസം'', എം.എച്ച്. എന്ന എം.എസ്.എസ് നേതാവ് പറയുന്നു.
ഒരു ചെറുകിട ക്വാറി ഉടമ വഞ്ചിക്കപ്പെട്ട സംഭവത്തെക്കുറിച്ച് 60-കാരനായ വി. പറയുന്നതിങ്ങനെയാണ്: മച്ചേലിൽ ചെറിയൊരു ക്വാറി നടത്തുന്ന കെ. എൻ. എന്നൊരാളുണ്ടായിരുന്നു. അതിന്റെ നടത്തിപ്പിന് അയാൾ ബാങ്കിൽ നിന്ന് ലോണെടുത്തിരുന്നു. ക്വാറിയാണെങ്കിൽ നഷ്ടത്തിലും. ഇപ്പോൾ ഇവിടുത്തെ വലിയൊരു ക്വാറിയുടെ ഉടമയായ അന്നത്തെ ബാങ്ക് മാനേജർ അയാൾക്ക് 20 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. കെ.എൻ. പ്രതീക്ഷിച്ചതിലും കൂടുതലായിരുന്നു അത്, ഒരു 15 ലക്ഷം രൂപ കിട്ടിയേക്കുമെന്നായിരുന്നു അയാളുടെ ധാരണ. കൂടാതെ ബാങ്കു മാനേജർ വളഞ്ഞ വഴിയിലൂടെ തൊഴിലാളി യൂണിയനെ കൂട്ടുപിടിച്ച് സമരം നടത്തി കെ.എന്നിന്റെ മേൽ സമ്മർദ്ദവും ചെലുത്തി. പ്രതീക്ഷിച്ചതിലും കൂടുതലുള്ള 20 ലക്ഷം രൂപയിൽ അയാൾ സംതൃപ്തനായിരുന്നു. എന്നാൽ വിൽപനയിൽ വസ്തുവിന്റെ വില 40 ലക്ഷമാണെന്നാണ് കാണിച്ചത്. 35 ലക്ഷം രൂപയുടെ ലോൺ കിട്ടാൻ ഇത് ബാങ്കു മാനേജരെ സഹായിച്ചു. തൊഴിലാളികൾക്ക് മാസം 500 രൂപ പെൻഷൻ നൽകി, അവരെയും ക്വാറി കമ്പനി വിലക്കെടുത്തു. അതിന്നും നൽകിപ്പോരുന്നുണ്ട്.
‘‘എന്നെ ഒരിക്കൽ ഇവർ ലോറി കൊണ്ട് ഇടിച്ചിടാൻ നോക്കി. ഇടിച്ചു കൊല്ലാനായിരുന്നു ശ്രമം. അതിനുശേഷമവർ കൈക്കൂലിയായി ഒരു ലക്ഷം രൂപയും കൊണ്ട് എന്നെ കാണാൻ വന്നു. അന്നത് വലിയൊരു തുകയായിരുന്നു. ഞാനവരെ തിരിച്ചയച്ചു.’’
2005-നു ശേഷം പഞ്ചായത്ത് കമ്മിറ്റിയേയും, പ്രാദേശിക രാഷ്ട്രീയക്കാരേയും സ്വാധീനിക്കാൻ ചെറുകിട ക്വാറി താൽപര്യങ്ങൾക്ക് കഴിഞ്ഞിരുന്നെന്നും, അത് വലിയ കമ്പനികൾക്ക് കാര്യങ്ങൾ എളുപ്പമാക്കിയെന്നും ഇവിടുത്തെ പ്രവർത്തകർ പറയുന്നു. എന്നാൽ 1990-കളിൽ തന്നെ അനധികൃത ക്വാറികൾ അടപ്പിക്കാൻ ശ്രമിച്ച അന്നത്തെ ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്ന ബി.എൽ. പറയുന്നത്, ക്വാറി പ്രവർത്തനങ്ങൾക്കെതിരായ ശബ്ദങ്ങൾക്കെതിരെ അന്നുമുതൽക്കെ ക്രിമിനൽ ഭീഷണിയുണ്ടായിരുന്നെന്നാണ്: ബ്ലോക്ക് പഞ്ചായത്തിലുണ്ടായിരുന്ന കാലം തൊട്ട് ഞങ്ങളിതിനെ എതിർക്കുന്നുണ്ട്. പാറ ഖനനത്തിനെതിരെ അന്ന് ഞാൻ ഔദ്യോഗികമായി തന്നെ പരാതി നൽകിയിരുന്നു. ഇവർ (പഞ്ചായത്ത്) സ്റ്റോപ്പ് മെമ്മോ നൽകി ക്വാറികൾ സീൽ ചെയ്തു. എന്നാൽ സർക്കാർ ഞങ്ങളോടൊപ്പം കക്ഷി ചേർന്നില്ല. ഇത് നടക്കുന്നത് 1998-ലാണ്. പാറ കുഴിക്കാൻ ഞങ്ങളവർക്ക് അനുവാദം നൽകിയില്ല. അവർ വലിയ കക്ഷികളൊന്നുമല്ലായിരുന്നു, എല്ലാവർക്കും ഖനനത്തിനുള്ള അനുമതിയുമുണ്ടായിരുന്നില്ല. ഇവർക്ക് അനുമതി നിഷേധിച്ചതിനു പിന്നാലെ കൂട്ടത്തിൽ ചിലർ എന്റെ വീട്ടിലേക്കു വന്നു. വന്നവരിൽ എല്ലാവരും മൂക്കുന്നിമലയിൽ സ്ഥലം കൈവശമുള്ളവരായിരുന്നില്ല. അന്നും വലിയ കമ്പനികളുണ്ടായിരുന്നെങ്കിലും എണ്ണത്തിലും വ്യാപ്തിയിലും അവർ ചുരുക്കമായിരുന്നു... വീട്ടിൽ വന്നവരിൽ മലയത്തു നിന്നുള്ള ഒരു നായരുണ്ടായിരുന്നു... അക്കാലത്ത് അനുവദനീയമായതിലും നൂറുമടങ്ങ് അധികം ഇവർ ഖനനം ചെയ്തിരുന്നു. അവർ അക്രമകാരികളുമായിരുന്നു. എന്നെ ഒരിക്കൽ ഇവർ ലോറി കൊണ്ട് ഇടിച്ചിടാൻ നോക്കി. ഞാൻ ഒരു ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്നു. കാലേക്കൂട്ടി പദ്ധതിയിട്ടതു പ്രകാരം എന്നെ ഇടിച്ചു കൊല്ലാനായിരുന്നു ശ്രമം. 1998-ലോ 99-ലോ മറ്റോ ആയിരുന്നു ഈ സംഭവം. അതിനുശേഷമവർ കൈക്കൂലിയായി ഒരു ലക്ഷം രൂപയും കൊണ്ട് എന്നെ കാണാൻ വന്നു. 1999-ലായിരുന്നിതെന്ന് ഓർക്കണം. അന്നത് വലിയൊരു തുകയായിരുന്നു. ഞാനവരെ തിരിച്ചയച്ചു. ഒറ്റയ്ക്ക് ഞാനിവരെ ചെറുത്തു, ശക്തമായിത്തന്നെ. പിന്നീവർ ഹൈക്കോടതിയിൽ പോയി പാറ പൊട്ടിക്കുന്നതിന് അനുമതി നേടി. അവരെക്കൊണ്ട് ഞങ്ങൾ ക്വാറികളെല്ലാം അടപ്പിച്ചിരുന്നു. ഞങ്ങളെ സഹായിക്കാൻ ഹൈക്കോടതിയിൽ ആരുമില്ലാതെ പോയി. സർക്കാർ ഞങ്ങളെ പിന്തുണച്ചില്ല, ഞങ്ങളോടൊപ്പം കോടതിയിൽ കക്ഷി ചേരാൻ പഞ്ചായത്തും സന്നദ്ധമായില്ല.
നിലവിൽ ക്വാറിയിൽ പണിയെടുക്കുന്ന, തന്റെ ഭാര്യയെ കൊലപ്പെടുത്തിയ കുപ്രസിദ്ധനായ ഒരു ഗുണ്ട, തന്നെ അപായപ്പെടുത്താൻ ശ്രമിച്ചിരുന്നെന്ന് ബി.എൽ. പറയുന്നു. നിലവിലെ സാഹചര്യത്തെ അപേക്ഷിച്ച് പണ്ടു കാലത്ത് ക്വാറിയിൽ കൂടുതലായും ജോലിക്കെടുത്തിരുന്നത് പ്രദേശവാസികളെയായിരുന്നു. അതു കൊണ്ടു തന്നെ ക്വാറികൾക്കെതിരായ പ്രവർത്തനങ്ങൾ അവരുടെ വരുമാനത്തെ ബാധിക്കുമെന്നതിനാൽ ബി.എല്ലിനെതിരെ നിരവധി പോസ്റ്ററുകളും ഇവിടങ്ങളിൽ പ്രചരിച്ചിരുന്നു.
ജനകീയാസൂത്രണ പരിപാടിയുടെ പ്രവർത്തകർ, 1990-കളിൽ തങ്ങളുടെ പ്രവർത്തനങ്ങൾക്കുണ്ടായിരുന്ന പരിമിതികൾ സത്യസന്ധമായി തുറന്നു സമ്മതിക്കുന്നുണ്ട്. പഞ്ചായത്തിലെ ജനങ്ങളുടെ സക്രിയ പങ്കാളിത്തത്തോടെ ഉത്സാഹപൂർവം വിഭവ ഭൂപട നിർമ്മാണം പോലുള്ള പ്രവർത്തനങ്ങൾ നടന്നിരുന്നുവെങ്കിലും, "പ്രാദേശിക വികസനം' എന്നാൽ "റോഡു നിർമാണം' എന്ന സമീകരണത്തെ ചെറുക്കാൻ തങ്ങൾക്ക് കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ലെന്ന് പ്രവർത്തകരായ എച്ചും-ഉം, എൽ-ഉം അഭിമുഖത്തിൽ പറയുന്നു. പാരിസ്ഥിതിക ബന്ധങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും, പ്രദേശത്തെ പാവപ്പെട്ടവർക്ക് ഒരു ഉപജീവനമാർഗമായി ചെറുകിട ക്വാറിയെ വ്യവസ്ഥപ്പെടുത്തുന്നതിനെക്കുറിച്ച് തങ്ങൾ ആലോചിച്ചു പോലുമില്ലെന്നും അവർ സമ്മതിക്കുന്നു. അതേക്കുറിച്ചവർ ചിന്തിച്ചു തുടങ്ങിയപ്പോഴേക്കും ഏറെ വൈകിയിരുന്നു: വിഭവ ഭൂപട നിർമ്മാണവും വികസന സെമിനാറും നടത്തി ഏതാണ്ട് ഒരു വർഷത്തിനു ശേഷം, ഇനി എന്തൊക്കെ കാര്യങ്ങൾ ചെയ്യാൻ സാധിക്കും എന്ന് ചർച്ച ചെയ്യാൻ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെയും മറ്റും നേമം സ്‌കൂളിൽ വിളിച്ചു കൂട്ടാൻ ഞങ്ങൾ തീരുമാനിച്ചു. പ്രസിഡന്റും കുറച്ചു മെമ്പർമാരും അതിൽ പങ്കെടുത്തു. വ്യാപകമായി റോഡു നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സമയമായിരുന്നു അത്. ഇതുസംബന്ധിച്ച് എന്തെങ്കിലും ചെയ്യണമെന്ന് ഞങ്ങൾ തീരുമാനിച്ചു. റോഡു നിർമാണം ഒട്ടും ശാസ്ത്രീയമല്ലെന്ന് ഞങ്ങളവരോട് പറഞ്ഞു. റോഡുകൾ ആവശ്യമാണെന്നിരിക്കത്തന്നെ, കനാലുകളും, ആറുകളും നികത്തിയുള്ള റോഡു നിർമാണം അപകടകരമാണ്. റോഡു നിർമാണത്തിന് ജനകീയാസൂത്രണ പദ്ധതിയുടെ കൺവീനർമാരെ നിയമിക്കണമെന്നായിരുന്നു ഞങ്ങൾക്ക്. സത്യത്തിൽ റോഡു നിർമാണത്തിന് കേരളത്തിലുടനീളം പകർത്താവുന്ന, അഞ്ചു മാതൃകാ റോഡുകൾ നിർമിക്കാമെന്നായിരുന്നു ഞങ്ങളുടെ നിർദ്ദേശം. അത് ചർച്ച ചെയ്യാൻ കൂടിയായിരുന്നു ഞങ്ങൾ ഒത്തുചേർന്നത്. എല്ലാം ശ്രദ്ധിച്ചു കേട്ട പ്രസിഡന്റ് ഞങ്ങൾ പറഞ്ഞ കാര്യങ്ങളെല്ലാം ശരിവെച്ചു. എന്നാൽ തന്നെ നിയന്ത്രിക്കുന്നത് "മറ്റു ശക്തികളാണെന്ന്' അയാൾ ഞങ്ങളോടു പറഞ്ഞു. അഞ്ചു റോഡുകൾക്ക് പഞ്ചായത്ത് ടെന്റർ വിളിക്കുമെന്ന് അറിഞ്ഞയുടൻ, ഈ "ശക്തികൾ' കരാറുകാരെ പോയിക്കണ്ട് അയാൾ പോലുമറിയാതെ ലാഭത്തിന്റെ വിഹിതം കൈപ്പറ്റി. ഈ വിഹിതം മേടിച്ചത് ചില പ്രത്യേക ആവശ്യങ്ങൾക്കാണെന്നു മാത്രമാണ് അയാളോടവർ പറഞ്ഞത്. ഞങ്ങളോടായതുകൊണ്ടു മാത്രമാണ് ഇക്കാര്യങ്ങൾ പങ്കുവെക്കാൻ അയാൾ തയ്യാറായത്.
മാസം തോറും പണം നൽകിയും, ആഘോഷദിവസങ്ങളിൽ സമ്മാനങ്ങൾ നൽകിയും, സ്‌കൂളുകൾ തുറക്കുമ്പോൾ കിറ്റുകൾ നൽകിയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രദേശവാസികളെയും ഇവർ സ്വാധീനിച്ചു
രാഷ്ട്രീയപാർട്ടികൾ സംഭാവന ക്വാട്ട നിശ്ചയിച്ചതും, പഞ്ചായത്തു പ്രസിഡൻറിനേയും അംഗങ്ങളേയും ഇതു പിരിക്കാൻ ചുമതലപ്പെടുത്തിയതും വ്യവസ്ഥിതിയുടെ പരാജയമായിരുന്നെന്ന് അവർ സമ്മതിക്കുന്നു. ക്വാട്ട തികയ്ക്കാനുള്ള എളുപ്പമാർഗം പൊതുനിർമാണമാണ്. സംഘടിത റോഡു നിർമാണ സംസ്‌കാരവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന വികസനത്തെക്കുറിച്ചുള്ള പൊതുബോധത്തെ ഇതിന് ഉപയോഗിച്ചത് എങ്ങനെയെന്ന് എച്ച്. ചൂണ്ടിക്കാട്ടുന്നു: ""റോഡു നിർമാണത്തിന് ഭൂമി കയ്യേറുന്ന രീതി മുമ്പ് തീർച്ചയായും ഉണ്ടായിരുന്നു. എന്നാൽ ഇവ കോൺക്രീറ്റ് ചെയ്തവയായിരുന്നില്ല. സത്വര ആവശ്യങ്ങൾക്കുമാത്രമായിരുന്നു അവ ഉപയോഗിച്ചിരുന്നത്''.
വർത്തമാനകാലത്ത്, നഗരവൽക്കരണത്തിന്റെ തോത് വർധിച്ചതോടൊപ്പം റോഡുകളുടെ ആവശ്യവും കൂടി. തങ്ങൾക്ക് നേരിട്ട് ഖ്യാതി നേടിയെടുക്കാൻ പറ്റുന്ന "പ്രത്യക്ഷ വികസനം' അന്വേഷിച്ചു നടക്കുന്ന പഞ്ചായത്തംഗങ്ങളുടെ താൽപര്യങ്ങളുമായി ഇതു കൃത്യമായി പൊരുത്തപ്പെടുന്നുണ്ട്. എം.എസ്.എസിന്റെ പ്രവർത്തകനായ എ.ഇ. പറയുന്നതിങ്ങനെയാണ്: ഒരു ഓട്ടോയ്ക്ക് വരാൻ പാകത്തിൽ തങ്ങൾക്ക് മുന്നിലൂടെ ഒരു റോഡ് വേണമെന്ന് പ്രദേശവാസികൾക്കുണ്ടായിരുന്നു. കേവലം രണ്ടായിരമോ, മൂവായിരമോ ഉണ്ടായിരുന്ന ഭൂമി വില, റോഡു വന്നശേഷം അഞ്ചു ലക്ഷമോ അതിലധികമോ ആയി ഉയർന്നു. കനാൽ തീരങ്ങളെല്ലാം റോഡാക്കി മാറ്റിയിരുന്നു. റോഡിന് സ്ഥലം കയ്യേറാൻ തുടങ്ങിയതോടെ കനാൽ ശുഷ്‌കിച്ചു. ഇവിടം ഇപ്പോൾ ഒരു ഹൗസിങ് കോളനി പോലുണ്ട്. ചില സ്ഥലങ്ങളിൽ പ്രദേശവാസികൾ തന്നെ മുൻകൈയ്യെടുത്ത് സ്ഥലം വാങ്ങി, റോഡ് സൗകര്യം ഒരുക്കി, ഭൂമിയെ വിൽപ്പനയ്ക്ക് ഉതകുന്ന തരത്തിലാക്കി മാറ്റുന്ന പ്രവണതയുമുണ്ട്. പെട്ടെന്ന് ആളുകളുടെ ശ്രദ്ധയിൽ പെടുമെന്നുള്ളതു കൊണ്ടുതന്നെ റോഡു നിർമാണത്തോട് പഞ്ചായത്തംഗങ്ങൾക്കും താൽപര്യമായിരുന്നു. റോഡിനരികിൽ ഇന്നയിന്ന അംഗത്തിന്റെ കാലയളവിലാണ് റോഡു നിർമിച്ചതെന്ന ബോർഡു വെക്കാനും, തറക്കല്ലിടൽ ചടങ്ങ് നടത്താനുമുള്ള സാധ്യതകളുണ്ട്.
ജനകീയാസൂത്രണ പദ്ധതിയുടെ തലമുതിർന്ന പ്രവർത്തകൻ എൽ. പറയുന്നത്, പഞ്ചായത്തംഗങ്ങൾക്കിടയിലെ ഇത്തരം ആത്മപ്രകാശന സംസ്‌കാരം പഞ്ചായത്തിന്റെ വികസന ചർച്ചകളിൽ നിന്നും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനെ മാറ്റിനിർത്തുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നാണ്: "പറയാൻ പോകുന്നത് സംഭവിച്ചത് 2005 കഴിഞ്ഞാണ്. പഞ്ചായത്ത് പ്രസിഡൻറ് ക്വാറികളോട് വളരെ അടുപ്പമുള്ള സി.പി.എം നേതാവായിരുന്നു. വികസന സെമിനാറുകളിൽ പരിഷത്ത് പ്രവർത്തകർ പങ്കെടുക്കുന്നത് സാധാരണമായിരുന്നു. അന്ന് ആമുഖ പ്രസംഗത്തിന് എന്നെ ക്ഷണിച്ചു. ഫ്‌ളക്‌സ് അടിച്ചും മറ്റും റോഡു വികസനത്തിന്റെ ഖ്യാതി അവകാശപ്പെടുന്ന സംസ്‌കാരത്തിനെതിരെ ഞാൻ തുറന്നു സംസാരിച്ചു. അവർക്കത് ഇഷ്ടപ്പെട്ടില്ല. അതിനു ശേഷം ഞങ്ങൾ പിന്നീട് ചേർന്നു പ്രവർത്തിച്ചിട്ടില്ല. യു.ഡി.എഫ് അധികാരത്തിൽ വന്നശേഷം കാര്യങ്ങൾ പൂർണമായും കൈവിട്ടു പോയി. ഞാൻ എന്തോ ഒരാവശ്യത്തിന് പഞ്ചായത്തിൽ പോയപ്പോൾ കണ്ടത്, ഒരുപാട് കഷ്ടപ്പെട്ട്, സജീവ ജനപങ്കാളിത്തത്തോടെ ഞങ്ങളുണ്ടാക്കിയ വിഭവ ഭൂപടം ചുരുട്ടിക്കൂട്ടി സെക്രട്ടറിയുടെ മുറിയുടെ മൂലയിൽ നിക്ഷേപിച്ചതാണ്.'
‘‘ക്വാറികൾ വരുന്നതിന് മുമ്പ്, ഒരുപാട് ആളുകളും, കുടുംബങ്ങളും മലഞ്ചെരുവിൽ താമസിച്ചിരുന്നു. മൈനിങ് കമ്പനി ഇവിടെ വന്നശേഷം, എല്ലാവരേയും കുടിയൊഴിപ്പിച്ചു. പഞ്ചായത്തിന്റേയും, വില്ലേജ് ഓഫീസിന്റേയും, രാഷ്ട്രീയക്കാരുടേയും മൗനാനുവാദത്തോടെയാണ്അവരെ പുറത്താക്കിയത്.’’
കെ.എസ്.എസ്.പിയുടെ വികസന കാഴ്ചപ്പാട് 1996-ലെ പഞ്ചായത്ത് വികസന റിപ്പോർട്ടിൽ വ്യക്തമാണ്. മികച്ച സാങ്കേതികവിദ്യയുടെ സഹായത്താലും, പ്രാദേശിക മാർക്കറ്റിങ്ങിലൂടെയും, ആളുകൾ വ്യാപകമായി ചെയ്തിരുന്ന നെയ്ത്ത് പോലുള്ള പ്രാദേശിക വ്യവസായങ്ങളെ പുനരുദ്ധരിക്കണമെന്ന് ഇതിൽ പറയുന്നുണ്ട്. ഇതിൽ പറഞ്ഞ പ്രതീക്ഷാവഹമായ ചില പദ്ധതികളുൾപ്പടെ എല്ലാ പരിശ്രമങ്ങളും 2005-നുശേഷം പൂർണമായും ഉപേക്ഷിക്കപ്പെട്ടു.
ഇതേ സമയത്തു തന്നെയാണ്, മൂക്കുന്നിമലയിൽ കൃഷി ചെയ്യാൻ സ്ഥലം ലഭിച്ചവരിൽ നിന്നും ചെറുകിട കർഷകരിൽ നിന്നും ഭീമമായ തുകയ്ക്ക് സ്ഥലം വാങ്ങി ക്വാറി മൂലധനം പഞ്ചായത്തിൽ കാലുറപ്പിക്കാൻ തുടങ്ങിയത്. മാസം തോറും പണം നൽകിയും, ആഘോഷദിവസങ്ങളിൽ സമ്മാനങ്ങൾ നൽകിയും, സ്‌കൂളുകൾ തുറക്കുമ്പോൾ കിറ്റുകൾ നൽകിയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രദേശവാസികളെയും ഇവർ സ്വാധീനിച്ചു. അവരുടെ തന്ത്രങ്ങൾ പലതും തദ്ദേശതല ഐതീഹ്യങ്ങളായി മാറിയിട്ടുണ്ട് - ഉദാഹരണത്തിന്, 12 വയസ്സുകാരനായ, പാവപ്പെട്ട വീട്ടിലെ ഒരു സ്‌കൂൾ കുട്ടി, ഓണത്തിന് താൻ രൂപകൽപന ചെയ്ത പൂക്കളം തയ്യാറാക്കാനുള്ള പണം ആവശ്യപ്പെട്ട് പ്രദേശത്തെ വലിയൊരു ക്വാറി കമ്പനിയിൽ പോയി, അവർ ഉടൻ 12,000 രൂപ കുട്ടിക്ക് എടുത്തു കൊടുത്തു എന്ന കഥ. പ്രദേശവാസികൾക്ക് പണവും, റേഷനും, വീടുകൾക്ക് സംഭവിക്കുന്ന കേടുപാടുകൾക്ക് നഷ്ടപരിഹാരവും, മറ്റു സ്ഥലങ്ങളിൽ പുതിയ വീടു വെക്കാനുള്ള സഹായവും മറ്റും ഇവർ നൽകിപ്പോന്നു. എന്നാൽ യഥാർത്ഥത്തിൽ ക്വാറി കമ്പനികൾ തങ്ങളുടെ സ്ഥലങ്ങൾക്ക് വളരെ ഉദാരമായ വിലയാണ് വാഗ്ദാനം ചെയ്തതെന്ന പാവപ്പെട്ട പ്രദേശവാസികളുടെ സാമാന്യബോധം അതിശയോക്തി കലർന്നതായിരുന്നു. പഞ്ചായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകളുടെ ജീവിതം സാകൂതം നിരീക്ഷിക്കുന്ന 45-കാരിയായ എ. പറയുന്നു: ക്വാറികൾ വരുന്നതിന് മുമ്പ്, ഒരുപാട് ആളുകളും, കുടുംബങ്ങളും മലഞ്ചെരുവിൽ താമസിച്ചിരുന്നു. മൈനിങ് കമ്പനി ഇവിടെ വന്നശേഷം, എല്ലാവരേയും ഇവിടെ നിന്ന് കുടിയൊഴിപ്പിച്ചു. പഞ്ചായത്തിന്റേയും, വില്ലേജ് ഓഫീസിന്റേയും, രാഷ്ട്രീയക്കാരുടേയും മൗനാനുവാദത്തോടെയാണ്അവരെ പുറത്താക്കിയത്. അവർക്ക് നഷ്ടപരിഹാരമായി നൽകിയത് തുച്ഛമായ തുകയാണ്, അല്ലാതെ ക്വാറി കമ്പനികൾ അവകാശപ്പെടുന്നതുപോലെ വലിയ തുകയൊന്നും ലഭിച്ചിട്ടില്ല. എല്ലാവരും അവിടെ നിന്ന് പല പ്രദേശങ്ങളിലേക്കായി ചിതറപ്പെട്ടു. എങ്ങോട്ടേക്കാണ് പോയതെന്ന് ഞങ്ങൾക്കറിയില്ല. ചിലർ മക്കളോടൊപ്പം താമസിക്കാൻ പോയി, മറ്റു ചിലർ അടുത്തു തന്നെയുള്ള പ്രദേശങ്ങളിൽ താമസമാരംഭിച്ചു. ഈയിടെ അവരെ ഞങ്ങൾ അധികം കാണാറേയില്ല. ചിലപ്പോൾ അപ്രതീക്ഷിതമായ ഒരു മുഖം കാണുമ്പോൾ, "ചേച്ചീ, നിങ്ങൾ മൂക്കുന്നിമലയിൽ അല്ലായിരുന്നോ താമസം?' എന്ന് ചോദിക്കും. "അതേ മോളെ, ഞാൻ അവിടെയായിരുന്നു. M കമ്പനി സ്ഥാപിതമായപ്പോൾ കുടിയൊഴിപ്പിച്ചതാണ് ഞങ്ങളെ. ഞാനിപ്പോൾ മകളുടെ കൂടെയാണ് താമസം എന്നവർ മറുപടി നൽകും.'
ഒരുപാട് തവണ കേട്ടിട്ടുണ്ട് ഞാനിത്. ചിലർ മക്കളോടൊപ്പം പോയി, മറ്റു ചിലർ ബന്ധുക്കളുടെ സ്ഥലങ്ങളിലും. ഇവരിൽ ഭൂരിഭാഗം പേരും അങ്ങേയറ്റം ദാരിദ്ര്യമനുഭവിക്കുന്നവരായിരുന്നു. ക്വാറികൾ പിടിച്ചെടുത്ത ഇടങ്ങളിലാണവർ താമസിച്ചിരുന്നത്. തുടക്കത്തിൽ പാറ പൊട്ടിക്കുന്നതിനും ക്രഷർ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനും മുമ്പ് ആ പ്രദേശത്തിന് ചുറ്റുമുള്ള പാവപ്പെട്ടവർക്കെല്ലാം പണം നൽകിയിരുന്നു. അതു കൊണ്ടാണവർ, അവിടെയുള്ള ആളുകൾക്കൊന്നും പ്രശ്‌നമില്ലല്ലോ, പിന്നെ നിങ്ങൾക്കെന്താണ് എന്ന് ചോദിക്കുന്നത്. പ്രദേശത്ത് സ്വാധീനമുള്ള ഒരാളെ സമീപിക്കുകയാണ് അവരുടെ പ്രവർത്തനത്തിന്റെ ആദ്യ പടി. എനിക്ക് ഒരു പത്തു പേരെ പരിചയമുണ്ടെന്നും കരുതുക. ഇവർ എന്റെ അടുക്കൽ വന്ന് ഇങ്ങനെ പറയും; പാറപൊട്ടിക്കുന്നത് ഈ കുടുംബങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. നിങ്ങൾ എങ്ങനെയെങ്കിലും ആ സ്ഥലം വിൽക്കാൻ അവരെ പറഞ്ഞു സമ്മതിപ്പിക്കാമോ. അവർക്ക് ഞങ്ങൾ എത്ര കാശു വേണമെങ്കിലും കൊടുക്കാം. അവരെ കൊണ്ട് സമ്മതപത്രത്തിൽ ഒപ്പിടീക്കാൻ നിങ്ങൾ സഹായിക്കുമോ?
ഇവരെ സജീവമായി പിന്തുണച്ച പ്രദേശത്തെ പാവപ്പെട്ട ആളുകളിൽ ചിലർക്ക് കൂടുതൽ ഉദാര സഹായങ്ങൾ ലഭിച്ചിരുന്നു. പുതിയ വീട്, ലോറികൾ, ഇരുചക്രവാഹനങ്ങൾ, മൊബൈൽ ഫോണുകൾ, യഥേഷ്ടം പണം എന്നിവ ക്വാറി ഉടമകൾ നൽകിപ്പോന്നു. ക്വാറി മൂലധനത്തിന്റെ ആജ്ഞാനുവർത്തികളായി തങ്ങൾക്കെതിരെ അക്രമം അഴിച്ചു വിടുന്നത് പ്രധാനമായും ഇക്കൂട്ടരാണെന്ന് എം.എസ്.എസ് പ്രവർത്തകർ ആരോപിക്കുന്നു. അതേസമയം, എല്ലാ രാഷ്ട്രീയക്കാരും, പൊതുപ്രവർത്തകരും, പൊതു ജീവിതത്തിൽ ഇടപെടാത്ത പ്രദേശവാസികളും ഒരു പോലെ സമ്മതിക്കുന്ന കാര്യം പഞ്ചായത്ത് സമിതി പൂർണമായും ഇക്കൂട്ടരുടെ അധീനതയിലാണെന്നതാണ്. അതുകൊണ്ടുതന്നെ, ഇതര സംസ്ഥാന തൊഴിലാളികൾ ക്വാറി സൈറ്റുകളിൽ വെച്ച് അപകടത്തിൽ പെടുന്നതും, മരിക്കുന്നതുമായ സംഭവങ്ങൾ ക്വാറി കമ്പനികൾ വിജയകരമായി മൂടി വെക്കാറുണ്ടെന്നതിലും എല്ലാവർക്കും ഇതേ അഭിപ്രായ ഐക്യമാണ്.
റബർ കൃഷിക്ക് അനുവദിച്ചു നൽകിയ ഭൂമിയിൽ മറ്റു വ്യവസായങ്ങൾ ചെയ്യുന്നത് തടയാൻ 2012-ൽ ഹൈക്കോടതി കളക്ടറോട് നിർദ്ദേശിച്ചിരുന്നെങ്കിലും അത് അവഗണിക്കപ്പെട്ടു. ഇതിനെതിരെ സമരം സംഘടിപ്പിക്കാനുള്ള ശ്രമമുണ്ടായെങ്കിലും എല്ലാത്തിനും അൽപായുസ്സായിരുന്നു. ഓരോ പ്രാവശ്യവും പ്രതിഷേധക്കാർ സമരത്തിനൊരുങ്ങുമ്പോഴും ക്വാറി മൂലധനം ഇവരെ വിലക്കെടുത്തു എന്നായിരുന്നു അന്നത്തെ ജനശ്രുതി. ക്രമേണ, പ്രദേശത്തെ സാമ്പ്രദായിക പൗരസമൂഹത്തിന്റെ പിന്തുണയും ക്വാറി മൂലധനം നേടിയെടുത്തു. ചില അമ്പലങ്ങൾക്കും പള്ളികൾക്കും ഉദാര സംഭാവനകൾ അവർ നൽകി. അവർ പിന്നീട് മറ്റു വിഭവങ്ങളും ഉപയോഗിക്കാൻ തുടങ്ങി, പ്രത്യകിച്ച് ജലവിഭവങ്ങൾ. അതിന്റെ ഉടമകൾക്കവർ ചെറിയൊരു തുകയും നൽകി ചൊൽപ്പടിയിൽ നിർത്തി.
ക്വാറി കമ്പനികളുടെ പ്രവർത്തനം ഇടക്കോട് വാർഡിലെ ജനങ്ങളുടെ ആരോഗ്യത്തെ നേരിട്ട് ബാധിക്കാൻ തുടങ്ങിയതോടെ, 2014-ലാണ് എം.എസ്.എസ് രൂപീകരിക്കുന്നത്. അരിക്കടമുക്ക്- മൂക്കുന്നിമല പഞ്ചായത്തു റോഡിലൂടെയുള്ള ലോറികളുടെ നിരന്തരപ്രവാഹം റോഡിനെ ഏതാണ്ട് പൂർണമായും നശിപ്പിച്ചിരുന്നു. റോഡിലെ പൊടിയും, മറ്റു ബുദ്ധിമുട്ടുകളും ജനങ്ങളുടെ ശാരീരിക ആരോഗ്യത്തേയും, സസ്യജാലങ്ങളേയും, എന്തിനേറെ, കുട്ടികളുടെ ദൈനംദിന ക്രമത്തെ വരെയും അവതാളത്തിലാക്കി (റോഡ് ഉപയോഗശൂന്യമായെന്ന് പ്രദേശവാസികൾ). രണ്ടു ലോറികൾക്ക് സഞ്ചരിക്കാൻ പാകത്തിൽ, കാൽനടയാത്ര അസാധ്യമാക്കും വിധം റോഡ് ടാർ ചെയ്യാനുള്ള കമ്പനികളുടെ ശ്രമം പ്രദേശവാസികളെ രോഷാകുലരാക്കി. പൊതുറോഡ് മെച്ചപ്പെടുത്തുന്നതും, സ്വകാര്യ താൽപര്യങ്ങളും തമ്മിൽ ഒരു ബന്ധവും ഉണ്ടാവാൻ പാടില്ലെന്നവർ ചൂണ്ടിക്കാട്ടി.
റോഡിൽ ക്വാറി മൂലധനത്തിനുള്ള ആധിപത്യം ചെറുക്കാനുള്ള എം.എസ്.എസിന്റെ സജീവ ശ്രമങ്ങൾ, ക്വാറി അനുകൂലികളും എം.എസ്.എസും തമ്മിലുള്ള ഏറ്റുമുട്ടലുകൾക്ക് കാരണമായി. ഇവർക്ക് രാഷ്ട്രീഭേദമില്ലാതെ പഞ്ചായത്തംഗങ്ങളുടെ പിന്തുണ ലഭിച്ചിരുന്നു. 2014 മുതൽ ഇന്നു വരെ, ഗ്രാമസഭകളിലും തെരുവുകളിലും ഈ ഏറ്റുമുട്ടൽ ഏറിയും കുറഞ്ഞും നടന്നുകൊണ്ടിരിക്കുന്നു. എം.എസ്.എസിന്റെ മുൻനിര പ്രവർത്തകർ സ്വാഭാവികമായും, ഇടക്കോട് വാർഡിലെ സവർണ ജാതികളിലും, സമുദായങ്ങളിലും പെട്ട അഭ്യസ്തവിദ്യരും, ഉദ്യോഗസ്ഥരും, ഇടത്തരം സാമൂഹിക സാംസ്‌കാരിക മൂലധനം ഉള്ളവരുമായിരുന്നു. മറുവശത്ത്, അവരുടെ എതിരാളികൾ പ്രാദേശിക രാഷ്ട്രീയ നേതാക്കളും, ഖനി തൊഴിലാളികളും, പഞ്ചായത്തംഗങ്ങളും, ക്വാറിയുടെ സമീപപ്രദേശങ്ങളിൽ താമസിക്കുന്ന ക്വാറി മൂലധനത്തെ അനുകൂലിക്കുന്നവരും ആയിരുന്നു.
ഏറ്റവും പ്രധാനികളായ നായർ ജന്മികളുടെ കുടുംബങ്ങൾ സജീവമായി ക്വാറികൾക്കൊപ്പം നിൽക്കുന്നുമുണ്ട്. സാമ്പ്രദായിക വരേണ്യ പൗര സമൂഹത്തിന്റെ നല്ലൊരു ഭാഗവും ക്വാറി മൂലധനത്തോടൊപ്പമാണ്
പഞ്ചായത്തിലെ ഈ വിഭജനം, സവർണ ജാതിയിൽപ്പെട്ട പ്രബലരായ വരേണ്യ നായർ ജന്മികളുടെ പിന്മുറക്കാരും, വിഭവ ശേഷിയില്ലാത്ത ദരിദ്രരായ ദളിത്/ നാടാർ വിഭാഗക്കാരും തമ്മിൽ ചരിത്രപരമായി നിലനിന്നിരുന്ന വിഭജനത്തിന്റെ വിപുലീകരണമാണെന്ന് തോന്നിയേക്കാം. ഈ പ്രദേശത്തെ ദരിദ്രർ, പുതിയ കാലത്തെ തീവ്ര മുതലാളിത്തത്തെ കൂട്ടു പിടിച്ച്, അവർ അപഹരിക്കുന്നതിൽ നിന്ന്ഓഹരി പറ്റി, തങ്ങളനുഭവിച്ച ചരിത്രപരമായ വിഭവ നിഷേധത്തെ പരിഹരിക്കാൻ ശ്രമിക്കുകയാണെന്ന് വേണമെങ്കിൽ വാദിക്കാം. എന്നാൽ ഉപരിപ്ലവമായി നോക്കിക്കാണുന്നത്ര ലളിതമല്ല ഈ വിഭജനം. എം.എസ്.എസ്സിൽ മുൻനിര ദളിത് പ്രവർത്തകർ ഉള്ളതുപോലത്തന്നെ, ഏറ്റവും പ്രധാനികളായ നായർ ജന്മികളുടെ കുടുംബങ്ങൾ സജീവമായി ക്വാറികൾക്കൊപ്പം നിൽക്കുന്നുമുണ്ട്. സാമ്പ്രദായിക വരേണ്യ പൗര സമൂഹത്തിന്റെ നല്ലൊരു ഭാഗവും ക്വാറി മൂലധനത്തോടൊപ്പമാണ്. നവ ഉദാര സാമാന്യബോധം ആധിപത്യ സ്വഭാവത്തിലേക്ക് തിരിയുന്ന ഈ കാലത്ത്, മുമ്പേ ഉണ്ടായിരുന്ന ഈ വിഭജനം വീണ്ടും രൂപാന്തരപ്പെടുന്നതായിരിക്കാം.
പള്ളിച്ചലിലെ സിവിൽസമൂഹം - എം.എസ്.എസ്
എം.എസ്.എസ് പ്രവർത്തകരുടെ ആഖ്യാനങ്ങൾക്ക് സാമൂഹിക- സാംസ്‌കാരിക വിശേഷാധികാരത്തിന്റെ (privilege) ആനുകൂല്യം ഉണ്ടെന്ന് നിസംശയം പറയാം. ഉദാഹരണത്തിന്, കേരളത്തിലെ സാമൂഹിക ഐക്യത്തെക്കുറിച്ചുള്ള ആഖ്യാനമെടുക്കാം- ആളുകൾ സമത്വത്തിലും സമാധാനത്തിലും ജീവിക്കുന്നു എന്ന ആഖ്യാനം പ്രബല വിഭാഗക്കാർക്ക് ഉതകുന്നതാണ്. മലയാളി സമൂഹത്തിൽ പതഞ്ഞു പൊങ്ങുന്ന അസമത്വങ്ങൾക്കു നേരെ കണ്ണടക്കുന്ന ആഖ്യാനമാണിതെന്ന് തീർച്ചയായും മനസ്സിലാക്കാം – പ്രത്യേകിച്ച് 2000നു ശേഷം കേരളത്തിൽ വളർന്നുവന്ന അസമത്വങ്ങളെക്കുറിച്ച് നിരവധി ഗവേഷണപഠനങ്ങൾ ലഭ്യമായ സ്ഥിതിക്ക്.
ഈ ആഖ്യാനം ആഴത്തിൽ തെര്യപ്പെടുത്തിയ ധാരണയാണ് എം.എസ്.എസ്സിലെ ഒട്ടുമിക്ക പ്രവർത്തകരും പള്ളിച്ചലിലെ സമൂഹത്തെക്കുറിച്ച് വെച്ചു പുലർത്തുന്നതെന്ന് ഞങ്ങൾ മനസ്സിലാക്കി. ക്വാറികളാണ് ഞങ്ങളെ രണ്ടായി വിഭജിച്ചത്, എ.ഇ. പറയുന്നു: ""ആളുകൾ ഐക്യത്തിൽ ജീവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എല്ലാവരും തമ്മിൽ പരസ്പരം നല്ല ബന്ധമായിരുന്നു. ഇപ്പോൾ ക്വാറി ഉടമകളിൽ നിന്ന് പണം സ്വീകരിക്കുന്നവർ ശത്രുപക്ഷത്താണ്. ഈ പുതിയ വരുമാന സ്രോതസ്സ് കണ്ട്, അതിൽ നിന്ന് പങ്കുപറ്റി, അവർ പത്തനംതിട്ടയിൽ നിന്നും മറ്റുമുള്ള വരത്തൻമാരുമായി (ക്വാറി കമ്പനി ഉടമകൾ) അടുത്തു. മുൻപുണ്ടായിരുന്ന ഐക്യം ഗണ്യമായി ശയിച്ചു.''
തീർച്ചയായും ഇതു തന്നെയായിരുന്നു പ്രാദേശിക വികസനത്തെക്കുറിച്ച് പഞ്ചായത്ത് വെച്ചു പുലർത്തിയ കാഴ്ചപ്പാടിന്റെ സ്വഭാവവും. ഇതിനെക്കുറിച്ച് 1996-ലെ പഞ്ചായത്ത് വികസന റിപ്പോർട്ടിൽ വിശദമായി മനസ്സിലാക്കാം (p.16). ഇത് ഒട്ടും യാദൃശ്ചികമായിരുന്നില്ല. ഞങ്ങൾ അഭിമുഖം നടത്തിയവരിൽ സവിശേഷാധികാരമുള്ള സമുദായാംഗങ്ങൾക്ക് അവരുടെ പഞ്ചായത്തിലെ ദളിതരെക്കുറിച്ച് ശുഷ്‌കമായ അറിവു മാത്രമേ ഉണ്ടായിരുന്നുള്ളു, പ്രത്യേകിച്ച് അവരുടെ വിഭവ ലഭ്യതയുടെ ചരിത്രത്തെക്കുറിച്ച്. തങ്ങളുടെ ജോലിസ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ഇടക്കോട്ടെ റെയിൽ പാളത്തിന് കുറുകെ ഒരു മേൽപ്പാലം പണിയണമെന്ന ആ പ്രദേശത്തെ ദളിതരുടെ ആവശ്യത്തെക്കുറിച്ചും അവർ സംഘടിപ്പിച്ച പ്രതിഷേധത്തെക്കുറിച്ചും ഗോപിക ജി.ജി. (പ്രസിദ്ധീകരിക്കാൻ പോകുന്ന തന്റെ പഠനത്തിനായുള്ള) തന്റെ ഫീൽഡ്‌വർക്കിൽ നിരീക്ഷിക്കുന്നുണ്ട്. എം.എസ്.എസ് തങ്ങളുടെ ആവശ്യങ്ങൾ കണ്ടതായി നടച്ചില്ലെന്നും, ഇതിൽ പങ്കെടുക്കാതെ മാറിനിന്നതിനെ അവർ ന്യായീകരിക്കുകയും ചെയ്തതായി ഗോപികയുമായി അഭിമുഖത്തിലേർപ്പെട്ട ദളിതർ പരാതിപ്പെടുന്നു. ഞങ്ങളുമായി അഭിമുഖത്തിലേർപ്പെട്ട ആരും തന്നെ ഈ സംഭവം പരാമർശിക്കുക പോലും ചെയ്തില്ല എന്നത് ശ്രദ്ധേയമാണ്.
പഞ്ചായത്തിലെ ക്വാറി മൂലധനത്തിനെതിരെ രൂപപ്പെട്ട അനേകം ചെറുത്തുനിൽപ്പുകളിലും, പ്രതിഷേധ കൂട്ടായ്മകളിലും അവസാനത്തേതാണ് എം.എസ്.എസ്. ഇവയെയെല്ലാം ഒന്നുകിൽ ക്വാറി കമ്പനികൾ വിലക്കെടുക്കുകയോ, ശക്തി ക്ഷയിച്ച് ഇല്ലാതാവുകയോ ചെയ്യുകയായിരുന്നു
എന്നാൽ ദളിതരും, സാമൂഹ്യ നീതിയും എം.എസ്.എസ്സിന്റെ വ്യവഹാരങ്ങളിൽ ഇല്ലെന്ന് ഇത് അർത്ഥമാക്കുന്നില്ല. ഞങ്ങൾ നടത്തിയ അഭിമുഖങ്ങളിൽ നിന്നും, 2014 മുതൽ എം.എസ്.എസ് പ്രസിദ്ധപ്പെടുത്തിയ നോട്ടീസുകളിൽ നിന്നും, അടിസ്ഥാന ജീവിത സൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ടവർക്ക് ഭൂമിയുൾപ്പടെയുള്ള വിഭവങ്ങൾ ലഭ്യമാക്കണമെന്ന ആവശ്യം അവർ നിരന്തരം ഉന്നയിച്ചിരുന്നതായി മനസ്സിലാക്കാം. പക്ഷേ ദളിതരും സവർണരും തമ്മിലുള്ള അധികാര- അന്തരം ഇപ്പോഴും രൂക്ഷമായതിനാൽ ക്വാറിയെ പിന്തുണക്കുന്ന പാവപ്പെട്ടവരുടെ സംശയങ്ങളെ തണുപ്പിക്കാൻ ഇതു പോരെന്നു വ്യക്തമാണ്. മാത്രമല്ല, ക്വാറിയെ പിന്തുണക്കുന്ന പാവപ്പെട്ട പ്രദേശവാസികളുടെ പ്രവൃത്തികൾ പല എം.എസ്.എസ് പ്രവർത്തകരും പ്രത്യേക സദാചാര കണ്ണുകളിലൂടെ മാത്രം നോക്കിക്കാണുമ്പോൾ, ദളിതർക്ക് ഭൂമി നൽകണമെന്ന ഇവരുടെ ആവശ്യത്തിന്റെ പ്രധാന്യത്തെ അത് റദ്ദു ചെയ്യുന്നു. ഉദാഹരണത്തിന്, സ്‌കൂളുകൾ പുനരാരംഭിക്കുമ്പോൾ ക്വാറി കമ്പനികൾ വിതരണം ചെയ്യുന്ന കിറ്റുകൾ വാങ്ങാൻ പോയവരെ പൊതുപ്രവർത്തകനായ എ.ഇ. വിമർശിക്കുന്നുണ്ട്: ""ഞങ്ങളിൽ പലരും വിദ്യാഭ്യാസം ലഭിക്കാൻ ഒരുപാട് കഷ്ടപ്പെട്ട ഒരു സമയമുണ്ടായിരുന്നു, പക്ഷെ ഇത് ഞങ്ങൾ ചെയ്യുമായിരുന്നില്ല.'' എം.എസ്.എസ്സിൽ പ്രമുഖരായ ദളിതർ നേതൃസ്ഥാനം വഹിക്കുന്നുണ്ടെങ്കിലും ഈ വിഭജനം പരിഹരിക്കപ്പെടുന്നില്ല. കാരണം, വിദ്യാഭ്യാസമുള്ളവരും, ഉദ്യോഗാർത്ഥികളും, ഇടത്തരം വർഗത്തിൽ പെട്ടവരായ ഇവരും ക്വാറി അനുകൂലികളായ കീഴ്ജാതിക്കാരും ദളിതരും തമ്മിൽ വർഗപരമായും വിദ്യാഭ്യാസപരമായും വലിയ അന്തരമുണ്ട്. പലപ്പോഴും തങ്ങളുടെ ദലിത് സഹപ്രവർത്തകരെ സവർണർ വിലമതിക്കുന്നത് തികച്ചും വരേണ്യമായ രീതികളിലാണ് – സംവരണം സ്വീകരിക്കാതെ "കഴിവ്' കൊണ്ട് വളർന്നവർ എന്ന പട്ടം ചാർത്തിക്കൊടുത്തുകൊണ്ട്.
എങ്കിലും, ക്വാറി മൂലധനവും, രാഷ്ട്രീയക്കാരും (പ്രദേശികമല്ലാത്ത സ്വാധീനവും, ബന്ധങ്ങളും ഉള്ളവർ), പഞ്ചായത്തും (തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും, ഉദ്യോഗസ്ഥരും), ജുഡീഷ്യറിയിലെ ഒരു വിഭാഗവും, പൊലീസും, പ്രദേശത്തെ വലിയൊരു വിഭാഗം ജനങ്ങളും ശക്തമായി സംഘടിച്ചു നിൽക്കെ, ഇവർക്കെതിരെ പരിമിതമെങ്കിലും ഫലപ്രദമായ ചെറുത്തുനിൽപ്പ് നടത്താൻ എം.എസ്.എസ്സിന് കഴിഞ്ഞത് എങ്ങനെയാണ്?
പൊതുതാൽപര്യങ്ങൾ സംരക്ഷിക്കാൻ സംഘടിച്ച, നിയമത്തോടുള്ള പ്രതിബദ്ധതയും ധാർമികതയും പങ്കുവയ്ക്കുന്ന പൗരജനങ്ങളാണ് തങ്ങളെന്ന എം.എസ്.എസ്സിന്റെ അവകാശവാദത്തിൽ നിന്നുവേണം ഈ ചോദ്യത്തിന് ഉത്തരം ആരംഭിക്കാൻ. പഞ്ചായത്തിലെ ക്വാറി മൂലധനത്തിനെതിരെ രൂപപ്പെട്ട അനേകം ചെറുത്തുനിൽപ്പുകളിലും, പ്രതിഷേധ കൂട്ടായ്മകളിലും അവസാനത്തേതാണ് എം.എസ്.എസ് എന്ന് ഞങ്ങളുമായി സംസാരിച്ച നിരവധി പ്രവർത്തകർ സൂചിപ്പിച്ചു. ഇവയെയെല്ലാം ഒന്നുകിൽ ക്വാറി കമ്പനികൾ വിലക്കെടുക്കുകയോ, ശക്തി ക്ഷയിച്ച് ഇല്ലാതാവുകയോ ചെയ്യുകയായിരുന്നു. എല്ലാവരേയും ഒരുപോലെ ബാധിക്കുന്ന, പഞ്ചായത്തിലെ ദീർഘകാല സുസ്ഥിര ജീവിതത്തെ ഇല്ലാതാക്കാൻ പ്രാപ്തിയുള്ള, ഒരു പ്രശ്‌നത്തിനെതിരെ രാഷ്ട്രീയ ചായ്‌വുകൾ മാറ്റി നിർത്തി, സിവിൽ സമൂഹമായി പെരുമാറിയെന്നതാണ് എം.എസ്.എസ്സിന്റെ വിജയത്തിന് കാരണം എന്ന് അതിലെ പ്രവർത്തകർ പറയുന്നു: ""ഈ പോരാട്ടത്തിൽ എല്ലാ രാഷ്ട്രീയ കക്ഷികളിൽ നിന്നുമുള്ള ആളുകളുമുണ്ട്- സി.പി.എം, കോൺഗ്രസ്, ബി.ജെ.പി എന്നിങ്ങനെ'', മുൻനിര വനിത പ്രവർത്തക ബി.ആർ. പറയുന്നു: ""എം.എച്ചും-ഉം ഞാനും ഒരേ രാഷ്ട്രീയ കാഴ്ചപ്പാടുള്ളവരാണ്. എന്നാൽ ഇവിടെ ഞങ്ങൾ ആ രാഷ്ട്രീയം സംസാരിക്കാറില്ല. ഇവിടെയുള്ള ആളുകൾ എല്ലാവരും ഒരുപോലെയാണ്. എല്ലാവർക്കും പ്രദേശവാസികൾക്ക് നല്ലതു ചെയ്യണം എന്നു മാത്രമാണുള്ളത്.''
ഞങ്ങളുമായി അഭിമുഖത്തിലേർപ്പെട്ട പലരും, പ്രത്യേകിച്ച് ബി.ജെ.പി, സി.പി.എം അനുകൂലികൾ, ഈ വിഷയത്തെച്ചൊല്ലി തങ്ങൾ പ്രാദേശിക പാർട്ടി നേതൃത്വവുമായി പരസ്യമായി തെറ്റിപ്പിരിഞ്ഞത് എങ്ങനെയെന്ന് പറയുന്നുണ്ട്. തങ്ങളുടെ രാഷ്ട്രീയ പാർട്ടികളോടു തോന്നിയ അഗാധമായ നൈരാശ്യബോധത്തിൽ നിന്ന് ഏകോപിച്ച ഈ പ്രവർത്തകർ, ഒരു രാഷ്ട്രീയ കക്ഷിക്കും പിടിച്ചെടുക്കാൻ സാധിക്കാത്ത വിധത്തിൽ സമിതിയെ രൂപപ്പെടുത്താൻ പരിശ്രമിച്ചിരുന്നു. തങ്ങൾക്ക് ലഭ്യമായ സാമൂഹിക സാംസ്‌കാരിക മൂലധനം മാത്രമല്ല, ധാർമിക മൂലധനത്തേയും അവർ ഇതിന് വിനിയോഗിച്ചു. തങ്ങളുടെ പ്രസ്ഥാനത്തെക്കുറിച്ചും നേതാക്കളെക്കുറിച്ചും പറയുമ്പോൾ, എം.എസ്.എസ്സിന്റെ പ്രവർത്തകർ "സംശുദ്ധം' എന്ന വിശേഷണം തുടർച്ചയായി ഉപയോഗിക്കുന്നത് യാദൃശ്ചികത ആയിരുന്നില്ല. മുമ്പുണ്ടായിരുന്നവരെ വിലക്കെടുത്തതു പോലെ, തങ്ങളെ സ്വാധീനിക്കാൻ കഴിയില്ലെന്ന എം.എസ്.എസ്സിന്റെ നിരന്തരവാദത്തെ ഇത് അരക്കിട്ടുറപ്പിച്ചു. എം.എസ്.എസ്സിന്റെ രൂപീകരണത്തിന്റെ ആദ്യകാലത്തെക്കുറിച്ച് മുൻനിര പ്രവർത്തകനായ എം.ഇ. പറയുന്നതിങ്ങനെയാണ്: ""മുന്നനുഭവങ്ങൾ ഉള്ളതു കൊണ്ടു തന്നെ വളരെ ശ്രദ്ധയോടെയാണ് ഞാൻ പ്രതിഷേധത്തിന്റെ ഭാഗമായത്. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രാദേശിക നേതാക്കൾ പങ്കെടുത്ത, വളരെ വിപുലമായ ആദ്യത്തെ മീറ്റിങ്ങിൽ തന്നെ, രാഷ്ട്രീയ പാർട്ടികളുടെ നേതൃസ്ഥാനത്തിരിക്കുന്ന ആരും സമിതിയിൽ അംഗങ്ങളാവാൻ പാടില്ലെന്നും അങ്ങനെ സംഭവിച്ചാൽ ഞാനിതിൽ നിന്ന് പിന്മാറുമെന്നും പ്രഖ്യാപിച്ചു. എല്ലായ്‌പ്പോഴും ചെയ്യുന്നതു പോലെ പ്രതിഷേധത്തിൽ കയറിപ്പറ്റി അതിനെ പിടിച്ചടക്കാമെന്ന ധാരണയിലാണ് ഈ അംഗങ്ങൾ അവിടെ എത്തിയത്. എന്തായാലും എന്റെ അഭിപ്രായം അംഗീകരിക്കപ്പെടുകയും ജി.പി സാറിനെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്തു. ഞാൻ പഠിച്ച സ്‌കൂളിലെ ഹെഡ്മാസ്റ്ററായിരുന്നു അദ്ദേഹം, ആദരണീയനും, നീതിബോധം പുലർത്തുകയും ചെയ്തിരുന്ന അദ്ദേഹത്തിനന്ന് 84 വയസ്സായിരുന്നു. പ്രാദേശിക ലൈബ്രറിയുടെ പ്രസിഡന്റിനെ പ്രസ്ഥാനത്തിന്റെ ചെയർമാനായും, ഗവേഷകനും പണ്ഡിതനുമായ എം.എച്ച്. സാറിനേയും, സർക്കാർ സർവ്വീസിൽ നിന്ന് വിരമിച്ച എസ്സി-നെയും അതിന്റെ കൺവീനർമാരും ആയി നിശ്ചയിച്ചു. ഉടൻ തന്നെ ഞങ്ങൾ സമിതി രജിസ്റ്റർ ചെയ്തു.''
ക്വാറി കമ്പനികളും അവരുടെ അനുയായികളും പൊലീസ് കേസുകൾ നൽകി എം.എസ്.എസ്സിനെ നിരന്തരം ഉപദ്രവിക്കുമ്പോഴും, എന്തുകൊണ്ടാണ് തിരിച്ച് കേസു കൊടുക്കാത്തതെന്ന ചോദ്യത്തിന് മറുപടിയായി അവർ നിരത്തുന്നത് ഉന്നത ധാർമിക നിലപാടാണ്
ക്വാറി മൂലധനത്തിനെതിരായി എടുത്ത ധാർമിക നിലപാടായിരുന്നു എം.എസ്.എസ് പ്രവർത്തകരെ ഏകോപിപ്പിക്കുന്ന ഘടകം. ബി.ജെ.പി അണികൾക്കും, സി.പി.എം അനുയായികൾക്കുമിടയിൽ പരസ്പരം നിലനിന്നിരുന്ന അവിശ്വാസത്തെ മയപ്പെടുത്താൻ ഇതിനു കഴിഞ്ഞു.""കളങ്കിതരല്ലാത്ത, തങ്ങളുടേതായ ധാർമിക ബോധം പുലർത്തുന്ന പ്രവർത്തകർ ബി.ജെ.പിയിലും ആർ.എസ്.എസ്സിലുമുണ്ട്. തങ്ങളെ ക്വാറി മൂലധനത്തിന് വിൽപനയ്ക്ക് വെക്കാതെ, ആളുകളോടൊപ്പം നിൽക്കാൻ അവർക്ക് സാധിച്ചു,'' എന്ന് ശാസ്ത്രസാഹിത്യപരിഷത്ത് പ്രവർത്തകൻ എൽ. പറയുന്നു. എം.എസ്.എസ്സിന് ജാതി, മത, പ്രാദേശിക സങ്കുചിതബോധം ഇല്ല. ആക്രമണമോ, സമാധാനപരമായ സാമൂഹിക ജീവിതത്തെ തകിടം മറിക്കാനുള്ള ശ്രമമോ ഞങ്ങളുടെ ഭാഗത്തു നിന്ന് ഇന്നേവരെ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല, എന്ന് 2014 നവംബറിൽ അവർ പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു. 2015 ജനുവരിയിൽ കളക്ടറേറ്റിലേക്കുള്ള പ്രതിഷേധ മാർച്ചിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള നോട്ടീസിൽ, ക്വാറി മൂലധനവും അഴിമതിക്കാരായ ഉദ്യോഗസ്ഥരും "ജനങ്ങളുടെ സംഘടിതശക്തി'യുടെ വീര്യം അറിയുന്നുണ്ടെന്ന് പ്രഖ്യാപിക്കുകയും, ഇത് എം.എസ്.എസ്സിന്റെ നേട്ടമാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നുണ്ട്. മറ്റു നോട്ടീസുകളിൽ പരമാധികാരത്തിന്റെയും, പ്രകൃതി വിഭവങ്ങളുടെ മുതലാളിത്ത ചൂഷണങ്ങൾക്കെതിരായ ധാർമിക ശക്തിയുടേയും വാഹകർ "ജനങ്ങളാണെന്ന്' സൂചിപ്പിക്കുന്ന- "ജനശക്തി', "ജനകീയപ്രതിഷേധം' എന്നീ പ്രയോഗങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഉന്നതനേട്ടങ്ങൾ കൈവരിച്ച പ്രദേശത്തെ വിദ്യാർത്ഥികളെ അഭിനന്ദിച്ച് എം.എസ്.എസ് പുറത്തിറക്കിയ നോട്ടീസിൽ (ഒക്ടോബർ 2, 2016) അവർ പ്രസ്ഥാനത്തെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്: സങ്കുചിത ജാതി, സമുദായ ബോധത്തിൽ നിന്ന്ലിംഗവിവേചനത്തിൽ നിന്നും, സങ്കുചിത പ്രാദേശിക വാദത്തിൽ നിന്നും മുക്തരായ, പുരോഗമനവാദികളായ നാട്ടുകാരുടെ സാംസ്‌കാരിക കൂട്ടായ്മയാണ് എം.എസ്.എസ്. സാമൂഹ്യപ്രവർത്തങ്ങളിൽ ജനപങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, അനീതിക്കെതിരായി പോരാടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ജനങ്ങളെ ബോധ്യപ്പെടുത്തലാണ് എം.എസ്.എസ്സിന്റെ പ്രഖ്യാപിത ലക്ഷ്യം. പോരാട്ടത്തെക്കുറിച്ചുള്ള ഈ ബോധം നേടിയെടുക്കുന്നതിനുള്ള ആദ്യ പടി, സമൂഹത്തേക്കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കലാണ്. കുട്ടികൾക്കും, സ്ത്രീകൾക്കും, വയോജനങ്ങൾക്കും എല്ലാം ഇതിൽ പങ്കെടുക്കാൻ തുല്യാവകാശമുണ്ട്.
അതുകൊണ്ടു തന്നെ, പള്ളിച്ചലിലെ ജനങ്ങളുടെ ധ്രുവീകരണത്തെക്കുറിച്ച് സംസാരിക്കാൻ, ധാർമികത പ്രതിഫലിക്കുന്ന ഭാഷാപ്രയോഗങ്ങൾ എം.എസ്.എസ് അടിക്കടി ഉപയോഗിക്കുന്നതിൽ അതിശയോക്തി ഒട്ടുമില്ല. പൊതു പ്രചാരണ നോട്ടീസുകളിൽ ഖനിയിൽ ജോലി ചെയ്യുന്നവരെ വിശേഷിപ്പിക്കുന്നതിന് "കൊള്ളക്കാർ', "മാഫിയ', "പകൽക്കൊള്ളക്കാർ', "കള്ളന്മാർ', "നാട്ടുകാരുടെ ദാരിദ്ര്യത്തിനു വിലയിടുന്നവർ', എന്നിങ്ങനെയുള്ള പ്രയോഗങ്ങളാണ് ഉപയോഗിക്കുന്നത്. ക്വാറി മൂലധനവുമായി ചേർന്നു പ്രവർത്തിക്കുന്ന പഞ്ചായത്ത് ഉദ്യോഗസ്ഥരെ "ദല്ലാളുകൾ', "കങ്കാണികൾ', "മച്ചമ്പി രാഷ്ട്രീയക്കാർ', "ഉച്ചിഷ്ടം ഭോജികൾ', "വാലാട്ടികൾ', "ചെരുപ്പുനക്കികൾ' എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ ഉപയോഗിച്ചാണ് വിശേഷിപ്പിക്കുന്നത്. ക്വാറിയെ പിന്തുണക്കുന്ന പ്രദേശവാസികളിൽ അക്രമസ്വഭാവമുള്ളവരെ വിശേഷിപ്പിക്കുന്നത് "ഗുണ്ടകൾ', "കുടിയന്മാർ', "മദ്യവും മയക്കുമരുന്നും നൽകി യുവത്വത്തെ വഴിതെറ്റിക്കുന്നവർ', "വാടക ഗുണ്ടകൾ', "വിലക്കെടുക്കപ്പെട്ടവർ', "നിരക്ഷരർ', "വിവരമില്ലാത്തവർ'/ "വിഡ്ഢികൾ' എന്നിങ്ങനെയാണ്. ക്വാറി കമ്പനികളും അവരുടെ അനുയായികളും പൊലീസ് കേസുകൾ നൽകി എം.എസ്.എസ്സിനെ നിരന്തരം ഉപദ്രവിക്കുമ്പോഴും, എന്തുകൊണ്ടാണ് തിരിച്ച് കേസു കൊടുക്കാത്തതെന്ന ചോദ്യത്തിന് മറുപടിയായി അവർ നിരത്തുന്നത് ഉന്നത ധാർമിക നിലപാടാണ്. ക്വാറികളെ പിന്തുണക്കുന്ന പാവപ്പെട്ട ജനങ്ങൾ കേസിന്റെ ഭാരം പേറേണ്ടി വരുമെന്നും, യഥാർത്ഥ കുറ്റവാളിയായ ക്വാറി മൂലധനം നിഷ്പ്രയാസം രക്ഷപ്പെടുമെന്നുമാണ് അവരുടെ അവരുടെ മറുപടി.
പ്രതിഷേധക്കാർ റോഡിലെ ലോറികളുടെ മുന്നിലേക്ക് ഇറങ്ങിച്ചെന്നത്, പൊതുസ്ഥലം പ്രതീകാത്മകമായി തിരിച്ചു പിടിക്കുന്നതിന് മാത്രമായിരുന്നില്ല, ജനങ്ങളുടെ ജീവശാസ്ത്രപരമായ നിലനിൽപ്പ് സാധ്യമാക്കുന്നതിൽ ഭരണകൂടത്തിന്റെ കഴിവില്ലായ്മ തുറന്നു കാട്ടുന്നതിനു വേണ്ടിയുമായിരുന്നു.
എം.എസ്.എസ് പ്രവർത്തകർ കൈകാര്യം ചെയ്യുന്ന കർതൃത്വത്തിന്റെ സ്വഭാവത്തെക്കുറിച്ച് ഇത് നമ്മോട് എന്താണ് പറയുന്നത്? എം.എസ്.എസ്സിന്റെ പൊതുവ്യവഹാരങ്ങളിൽ നിന്നും, ഞങ്ങൾ നടത്തിയ അഭിമുഖങ്ങളിൽ നിന്നും രാഷ്ട്രീയത്തെയും വിപണിയെയും കുറിച്ച് അവർ വച്ചുപുലർത്തുന്ന ധാരണകളെ ഉദാരവാദപരമെന്നു വിശേഷിപ്പിക്കാം. കുറഞ്ഞപക്ഷം ഉദാരവാദപരമായ രാഷ്ട്രീയചട്ടക്കൂടിനുള്ളിൽ നിന്ന് പ്രവർത്തിക്കാൻ അവർ ഒരുക്കമാണ്. ആ ചട്ടക്കൂടിനുള്ളിൽ ഭരണകൂടത്തിന് ബിസിനസ് രംഗത്ത് കാണുന്ന അനാശാസ്യ പ്രവണതകളെ നിയന്ത്രിക്കാൻ ബാദ്ധ്യതയുണ്ട് – സ്വകാര്യ മൂലധനത്തെയും സ്വതന്ത്രവിപണിയെയും സംരക്ഷിക്കേണ്ടത് – അതിനുള്ളിൽ അനാശാസ്യവും കുറ്റകരവുമായ ഇടപെടലിലൂടെ ലാഭം കൊയ്തെടുക്കുന്നതിനെ തടയേണ്ടത് ഭരണകൂടം തന്നെയാണ്. ആ വിശ്വാസത്തോടെയാണ് എം.എസ്.എസ് ഭരണകൂടത്തിന്റെ വിവിധ സ്ഥാപനങ്ങളെ നീതിയ്ക്കായി സമീപിച്ചത്. ഉദാരവാദ രാഷ്ട്രീയഭാവനയിൽ പൗരജനങ്ങൾ പൗരധർമവും നൈതികതയും സ്വയം ആന്തരികവത്ക്കരിക്കുന്നവരാണ് – തെറ്റുകൾ ചെയ്യാതിരിക്കുക എന്നു മാത്രമല്ല, ശരികളെ സ്വാംശീകരിച്ച് അവയനുസരിച്ചു ജീവിക്കുക എന്നു കൂടി ഉദാരവാദപൗരത്വം ആവശ്യപ്പെടുന്നു. സ്വതാൽപര്യം നേടിയെടുക്കാൻ ഉത്സുകരാണെങ്കിലും ഉദാരവാദപൗരത്വത്തിന്റെ വിഷയികൾ അതിനെ സ്വകാര്യ ലാഭക്കൊയ്ത്തുമായി കൂട്ടിക്കുഴയ്ക്കില്ല. മറിച്ച്, സ്വതാത്പര്യങ്ങൾ നേടാൻ പരസ്പരസഹകരണം അനിവാര്യമാണെന്ന് അവർ കരുതുന്നു.
ഭരണകൂടത്തിന്റെ ജൈവരാഷ്ട്രീയത്തെപ്പറ്റിയുള്ള (biopolitics) ഇവരുടെ ധാരണ മിഷേൽ ഫൂക്കോ (2008) ആവിഷ്‌കരിച്ച disciplinary biopolitics – ശിക്ഷണപരമായ ജൈവരാഷ്ട്രീയം – എന്നതിനോടു ചേർന്നു നിൽക്കുന്നു. ശിക്ഷണപരമായ ജൈവരാഷ്ട്രീയം ഒരു സവിശേഷ രാഷ്ട്രീയ വിവേകമാണ്. ജീവന്റെ തന്നെ നടത്തിപ്പ്- അതിന്റെ പരിപാലനം, വളർച്ച- എന്നിവ അതിന്റെ കേന്ദ്രസ്ഥാനത്താണ്. ജീവനെ നിലനിർത്തുന്നതായ ആ രാഷ്ട്രീയ വിവേകം ഭരണീയസമൂഹത്തിന്റെ ജൈവപരമായ നിലനില്പിനെ, ആരോഗ്യത്തെ, അതിജീവനത്തെ, പുനരുത്പാദനത്തെ, പ്രജനനത്തെ, സ്വന്തം ഉത്തരവാദിത്വമായി ഭരണകൂടം സ്വീകരിക്കുകയും അതിന്റെ പേരിൽ ഭരണതന്ത്രങ്ങൾ ആവിഷ്കരിക്കുകയും ചെയ്യുന്നു. 19-ാം നൂറ്റാണ്ടു മുതൽക്കേ മലയാളി സ്വത്വവും, പൗരബോധവും രൂപീകരിക്കുന്നതിൽ ഈ ആധുനിക ജൈവരാഷ്ട്രീയം- അതിന്റെ എല്ലാ നിഷേധങ്ങളും, ആന്തരിക മുറിവുകളും പിളർപ്പുകളും ഉൾപ്പടെ- ഒരു അഭിവാജ്യ ഘടകമായിരുന്നെന്ന് വാദിക്കാം. സ്വാതന്ത്ര്യാനന്തര കാലത്ത് രൂപപ്പെട്ട ദേശീയ- വികസനവാദ ഭരണകൂടത്തിന്റെ കേരളീയ വകഭേദം ചെലുത്തിയ ജൈവാധികാരപ്രയോഗമായി സ്വാതന്ത്ര്യാന്തര മലയാളി സമൂഹത്തിൽ ഭരണകൂടത്തിന്റെ ജനക്ഷേമപ്രവർത്തനങ്ങളെ കാണാം. ഇത് സുലളിതമായ പ്രക്രിയ ആയിരുന്നില്ല – മറിച്ച് ഇടതുപ്രസ്ഥാനങ്ങളിലൂടെ, വിവിധ ചെറുസമരങ്ങളിലൂടെ ജനങ്ങളായി സംഘടിപ്പിക്കപ്പെട്ട സമൂഹവും ഭരണകൂടവും തമ്മിൽ കല്ലുകടി നിറഞ്ഞ ബന്ധത്തിലൂടെത്തന്നെയാണ് ഇതു സാധ്യമായത്. ഈ ബന്ധത്തിന്റെ തകർച്ചയും ഈ രാഷ്ട്രീയവിവേകത്തിന്റെ അസ്തമയത്തെയുമാണ് എം.എസ്.എസ് പ്രവർത്തകർ തങ്ങളുടെ പൊതു പ്രതിഷേധങ്ങൾ കൊണ്ടും, പ്രവർത്തനങ്ങൾ കൊണ്ടും വെളിച്ചത്തു കൊണ്ടു വരാനും പരിഹരിക്കാനും ശ്രമിച്ചത്.
അരിമുക്ക്- മൂക്കുന്നിമല റോഡിൽ ക്വാറിയിലെ ലോറികൾ തടഞ്ഞതും, കേരളത്തിന്റെ ദേശീയോത്സവമായ ഓണത്തിന് നിരാഹാരം കിടന്നതും, പഞ്ചായത്തിന് അകത്തും പുറത്തുമുള്ള സർക്കാർ സ്ഥാപനങ്ങളിൽ ധർണകളും പ്രതിഷേധങ്ങളും സംഘടിപ്പിച്ചതും ഇതിന്റെ ഭാഗമായിട്ടാണ്. പ്രതിഷേധക്കാർ റോഡിലെ ലോറികളുടെ മുന്നിലേക്ക് ഇറങ്ങിച്ചെന്നത്, പൗരന്മാർക്ക് അവകാശപ്പെട്ട പൊതുസ്ഥലം പ്രതീകാത്മകമായി തിരിച്ചു പിടിക്കുന്നതിന് മാത്രമായിരുന്നില്ല, അവിടുത്തെ ജനങ്ങളുടെ ജീവശാസ്ത്രപരമായ നിലനിൽപ്പ് സാധ്യമാക്കുന്നതിൽ ഭരണകൂടത്തിന്റെ കഴിവില്ലായ്മയെ തുറന്നു കാട്ടുന്നതിനു വേണ്ടിയുമായിരുന്നു. ക്വാറി മൂലധനത്തിന്റെ സുഗമമായ ഉത്പാദനം നിർത്തലാക്കാൻ പ്രതിഷേധക്കാർക്ക് സ്വന്തം ശരീരം ഉപയോഗിക്കേണ്ടി വന്നത്, ക്വാറി മൂലധനം ഉയർത്തിയ നിരന്തര ഭീഷണിയെ ചെറുക്കാൻ ജനങ്ങൾ സ്വന്തം ശരീരത്തെ ഉപയോഗിക്കാനും, തങ്ങളുടെ ജീവൻ അപകടത്തിലാക്കാനും നിർബന്ധിതരാവുന്ന ഉദാര ഭരണക്രമത്തിലെ പ്രതിസന്ധിയെ തുറന്നുകാട്ടുന്നു. ക്വാറിയിൽ നിന്നുള്ള പൊടി, ജലവിഭവങ്ങളെ മലിനമാക്കുന്ന എം-സാൻഡിന്റെ അവിശിഷ്ടങ്ങൾ, എല്ലാ ജീവജാലങ്ങളേയും ബാധിക്കുന്ന സൂക്ഷമമായ കാലാവസ്ഥാ വ്യതിയാനം, ക്വാറിയിൽ നിന്നുള്ള സ്‌ഫോടനങ്ങൾ കാരണം ജീവനു സംഭവിച്ചേക്കാവുന്ന ഭീഷണി, മണ്ണിടിച്ചിൽ സാധ്യത എന്നിങ്ങനെ തുടങ്ങി, തങ്ങളുടെ ജീവശാസ്ത്രപരമായ അസ്തിത്വത്തെ അപകടത്തിലാക്കാൻ കെൽപ്പുള്ള ഒന്നായിട്ടാണ് ക്വാറി മൂലധനം ഉയർത്തുന്ന ഈ നിരന്തര ഭീഷണിയെ അവർ നോക്കിക്കാണുന്നത്.
എന്നിരുന്നാലും, ധാർമിക ശുദ്ധിയുള്ള പൗരസമൂഹത്തിലൂടെ ഉദാര കാര്യകർത്താക്കൾ ചെലുത്തുന്ന ഈ പ്രതിരോധം രാഷ്ട്രീയ പാർട്ടികളിൽ നിന്നോ, മുഖ്യധാരാ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളിൽനിന്നോ തീർത്തും അകന്നു നിൽക്കുന്നവയല്ല. ചരിത്രപരമായ അധികാര വ്യത്യാസങ്ങളുടെ രാഷ്ട്രീയ ഭാണ്ഡങ്ങൾ അഴിച്ചുവയ്ക്കാനുള്ള ഉറച്ച വഴിയുമല്ലിത്. ഉദാഹരണത്തിന്, കക്ഷിരാഷ്ട്രീയത്തിൽ നിന്ന് പൂർണമായും മാറിനിൽക്കുമെന്ന എം.എസ്.എസ്സിന്റെ നിശ്ചയദാർഢ്യം കൊണ്ടു മാത്രമല്ല അവർ തദ്ദേശ തെരഞ്ഞെടുപ്പിൽ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചത്. മറിച്ച്, നിലവിൽ അവർക്കുള്ള രാഷ്ട്രീയ ബന്ധങ്ങൾ അതു പോലെ നിലനിർത്തുന്നത് ആവശ്യമായതുകൊണ്ടുമാണെന്ന് മനസ്സിലാക്കാം.
ബി.ജെ.പിയെ അനുകൂലിക്കുന്നവരുടെ പ്രശ്‌നം, "അച്ചായന്മാർ' പ്രാദേശിക വിഭവങ്ങൾ അപഹരിക്കുന്നതാണ്. മറ്റു ചിലരുടെ പ്രശ്‌നം ദളിതർ തങ്ങളുടെ സമ്പത്ത് പ്രദർശിപ്പിക്കുന്നതായിരുന്നു
എം.എസ്.എസ്സിലെ അംഗങ്ങൾ പ്രമുഖ രാഷ്ട്രീയ പാർട്ടിയിലെ പ്രവർത്തകരാണെന്ന കാരണം ഒന്നു കൊണ്ടുമാത്രമാണ് ക്വാറി മൂലധനം തങ്ങൾക്കെതിരെ ക്രൂരമായ അക്രമങ്ങൾ അഴിച്ചു വിടാത്തതെന്ന് ഞങ്ങളോട് സംസാരിച്ച ചില പ്രവർത്തകർ തുറന്നു പറയുന്നുണ്ട്. ഉദാഹരണത്തിന്, ആർ.എസ്.എസ്സിലും, സി.പി.എമ്മിലും ദീർഘകാലം പ്രവർത്തിച്ച, പഞ്ചായത്തിനു പുറത്തും കാര്യമായ സ്വാധീനമുള്ള ആളുകൾ എം.എസ്.എസ്സിലുണ്ടെന്ന് എസ്. ചൂണ്ടിക്കാട്ടുന്നു. പോരാതെ, മതപരവും, മതേതരവുമായ ചില സാമ്പ്രദായിക, സാമൂഹിക സ്ഥാപനങ്ങളും എം.എസ്.എസ് അംഗങ്ങളുടെ നിയന്ത്രണത്തിലുണ്ട്. ഉദാഹരണത്തിന്, ഒരു അമ്പലവും, എൻ.എസ്.എസി (നായർ സർവീസ് സൊസൈറ്റി) ന്റെ പ്രാദേശിക സമിതിയും (കരയോഗം), പ്രദേശത്തെ വായനശാലയും ക്വാറി മൂലധനം വാഗ്ദാനം ചെയ്ത സംഭാവന നിരസിച്ചിരുന്നു. രണ്ടാമതായി, രാഷ്ട്രീയമായും ആശയപരമായുമുള്ള പരിശീലനം കൊണ്ടും, ജാതി കൊണ്ടും ഇവർ സമ്പാദിച്ചതെല്ലാം ഈ സാമൂഹിക കൂട്ടായ്മയുടെ ഭാഗമായതു കൊണ്ട് ഉപേക്ഷിച്ചില്ലെന്നതും വ്യക്തമാണ്. അഭിമുഖത്തിൽ പങ്കെടുത്ത എം.എസ്.എസ് പ്രവർത്തകരിൽ പല അളവുകളിലായി ഇതിന്റെ സ്വാധീനം കാണാമായിരുന്നു. ബി.ജെ.പിയെ അനുകൂലിക്കുന്നവരുടെ പ്രശ്‌നം, "അച്ചായന്മാർ' പ്രാദേശിക വിഭവങ്ങൾ അപഹരിക്കുന്നതാണ്. മറ്റു ചിലരുടെ പ്രശ്‌നം ദളിതർ തങ്ങളുടെ സമ്പത്ത് പ്രദർശിപ്പിക്കുന്നതായിരുന്നു- അവരുടെ വാഹനങ്ങൾ, പുതിയ വസ്ത്രങ്ങൾ, ഫോണുകൾ എന്നിവയും, ക്വാറി മൂലധനത്തിന്റെ പണം കൊണ്ട് അവർണ ജാതിയിൽ പെട്ടവർ ഉണ്ടാക്കിയ വീടുകളിൽ സവർണ ജാതിക്കാരായ കുടുംബങ്ങൾ വാടകയ്ക്ക് താമസിക്കേണ്ടി വരുന്നതും ഒക്കെയായിരുന്നു അവരുടെ പ്രശ്‌നം. ഈ അസ്വസ്ഥതയ്ക്കും ധാർമിക പരിവേഷമാണ് അവർ നൽകുന്നത് - എതിരാളികളുടെ ധാർമിക പരാജയത്തിന്റെ തെളിവുകൾ കണ്ടെത്താൻ അതോടെ എളുപ്പമാകുന്നു. ക്വാറിയെ അനുകൂലിക്കുന്നവർ ജാതി അസമത്വത്തെ കുറിച്ച് ഓർമപ്പെടുത്തുന്നത്, അവരുടെ "വർഗീയ നിലപാടിനെ' ന്യായീകരിക്കുന്നതിന്റെ തെളിവായാണ് അഭിമുഖത്തിൽ പങ്കെടുത്ത ചിലയാളുകൾ വായിച്ചെടുക്കുന്നത്.
മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഈ ധാർമിക ഭാഷ പഞ്ചായത്തിലെ അധികാരത്തിന്റെ സാമൂഹിക ചരിത്രത്തെ അദൃശ്യമാക്കുകയാണ്. എം.എസ്.എസ് പ്രവർത്തകർക്കിടയിലെ ചില ആഭ്യന്തര സംഘർഷങ്ങളേയും ഇത് മൂടിവയ്ക്കുന്നു. ഇന്നും നിലനിന്നും പോരുന്ന സാമൂഹിക-സാമ്പത്തിക വിഭജനങ്ങളേയും ചിരസ്ഥായിയായ വരേണ്യതയേയും കുറിച്ചുള്ള ചോദ്യങ്ങൾ അഭിസംബോധന ചെയ്യാൻ അനുവദിക്കുന്ന ഒരു ഭാഷ കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ് മുതിർന്ന ദളിത് നേതാവ് എസ്. ധാർമികതയുടെ ഭാഷ അപര്യാപ്തമാണെന്നതിനുള്ള ഏറ്റവും നല്ല തെളിവ്, അദ്ദേഹത്തിന്റെ പരാതികൾ പലപ്പോഴും, ഈഗോ പ്രശ്‌നവും, വ്യക്തിപരമായ കുത്തുവാക്കുകളും ആയാണ് മറ്റുള്ളവർ മനസ്സിലാക്കുന്നത് എന്നതാണ്. ▮
(തുടരും)