വയനാട്ടിലെ ചൂരൽമലയിലും ​വെള്ളാർമലയിലുമുണ്ടായ ഉരുൾപൊട്ടൽ ബാധിത മേഖല.

ഈ മാപ്പുകൾ പറയും വയനാട് ഉരുൾപൊട്ടലിൻെറ യഥാ‍ർഥ ചിത്രം; ഇനി വേണ്ടത് മാസ്റ്റർ പ്ലാൻ

ഉരുൾപൊട്ടൽ സ്വാഭാവികമായി സംഭവിക്കാവുന്നതാണെങ്കിലും കെട്ടിടനിർമ്മാണചട്ടങ്ങൾ കർശനമായി നടപ്പാക്കുകയും നദീതീരത്ത് കെട്ടിടനിർമ്മാണം ഒഴിവാക്കുകയും ചെയ്തിരുന്നെങ്കിൽ നാശനഷ്ടം കുറയ്ക്കാമായിരുന്നു- ജിയോ അനലിറ്റിക്സ് വിദഗ്ധൻ രാജ് ഭഗത് പളനിച്ചാമി എഴുതുന്നു.

Translated from thesouthfirst.com

രു നൂറ്റാണ്ടിനിടെ നേരിട്ട ഏറ്റവും വലിയ പ്രകൃതിദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് കരകയറാത്ത സാഹചര്യത്തിലാണ് ഇപ്പോഴും കേരളം. ഒരു പരിഷ്കൃത സമൂഹമെന്ന നിലയിൽ, ഉരുൾപൊട്ടലിന്റെ കാരണങ്ങൾ വിലയിരുത്തണം, ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാനുള്ള വഴി കണ്ടെത്തണം.

കേരളത്തിലെ പശ്ചിമഘട്ടത്തിൽ നിന്നുൽഭവിച്ച് പടിഞ്ഞാറോട്ടൊഴുകുന്ന നദികളടങ്ങിയ ‘റിവർ സിസ്റ്റ’മാണ് ചാലിയാർ നദീതടം. അതിന്റെ ചില പോഷകനദികൾ സമുദ്രനിരപ്പിൽ നിന്ന് 2,000 മീറ്ററിലധികം ഉയരത്തിൽ ശക്തമായ സമ്മർദങ്ങളുണ്ടാക്കുന്നു. ഇത് പല ഘട്ടങ്ങളായുള്ള മണ്ണൊലിപ്പിനിടയാക്കുന്നു. ഇതുവഴി, ആഴത്തിലുള്ള താഴ് വരകൾ രൂപപ്പെടുന്നു. പിന്നീട് ബേപ്പൂരിനടുത്ത് അറബിക്കടലിലേക്കൊഴുകുന്നു. ഈ ഭൂപ്രകൃതി കാരണം ഒന്നിലധികം അരുവികളിലായി നിരവധി വെള്ളച്ചാട്ടങ്ങൾ കാണാം.

ചാലിയാർ പുഴ (Chaliyar River)
ചാലിയാർ പുഴ (Chaliyar River)

ചാലിയാറിന്റെ കൈവഴികളിലൊന്നാണ് ഉരുൾപൊട്ടലുണ്ടായ ഇരുവഴിഞ്ഞിപ്പുഴ. ഭൂപടത്തിൽ ഈയൊരു ‘റിവർ സിസ്റ്റ’വും അത് ഒഴുകുന്ന ഭൂപ്രദേശവും കാണാം. വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല, വെള്ളാർമല ഗ്രാമങ്ങളിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തേക്ക് സൂം ചെയ്യുക. വളരെ ചെങ്കുത്തായ ഭൂപ്രദേശത്തിലൂടെയാണ് ഇവിടെ നദി ഒഴുകുന്നത് എന്നുകാണാം.

ഇരുവഴിഞ്ഞിപ്പുഴ സമുദ്രനിരപ്പിൽനിന്ന് ശരാശരി 2,000 മീറ്റർ ഉയരത്തിൽ ഉത്ഭവിച്ച് തീരദേശ ഗ്രാമങ്ങളായ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലൂടെ ഒഴുകുന്നു. വെള്ളാർമല സ്‌കൂളും ഈ ഭൂപടത്തിൽ കാണാം. നദികളുടെ മുകൾഭാഗം കാടുകളുള്ള പ്രകൃതിദൃശ്യങ്ങളാണെന്നത് ശ്രദ്ധിക്കേണ്ടതാണ്.

ഉരുൾപൊട്ടലുണ്ടായ ഇരുവഴിഞ്ഞിപ്പുഴയും മറ്റു ഭാഗങ്ങളും.
ഉരുൾപൊട്ടലുണ്ടായ ഇരുവഴിഞ്ഞിപ്പുഴയും മറ്റു ഭാഗങ്ങളും.

ഗ്രാമങ്ങളിലും പരിസരങ്ങളിലും തോട്ടങ്ങളാണ് ഭൂപ്രകൃതിയെ രൂപപ്പെടുത്തുന്നത്. നഗരപ്രദേശങ്ങളിൽനിന്ന് വളരെ അകലെയുള്ള ഈ ഉയർന്ന പ്രകൃതിദത്ത ഭൂപ്രകൃതിയും തോട്ടവും മേഖലയെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നു​. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,040 മീറ്റർ ഉയരത്തിലുള്ള മുണ്ടക്കൈയിലേക്കും 850 മീറ്റർ ഉയരമുള്ള ചൂരൽമലയിലേക്കും ഇരുവഴിഞ്ഞിപ്പുഴ കുത്തനെ താഴേക്ക് പതിക്കുന്നു. അതിവേഗത്തിലുള്ള ഈ പതനം സംഭവിക്കുന്നത് വെറും അഞ്ച് കിലോമീറ്റർ ദൂരത്തിനുള്ളിലാണ് (ആകാശമാർഗ്ഗം). പ്രൊഫൈൽ മാപ്പിൽ കുത്തനെ ചരിവ് കാണാം. അതിശക്തമായ മഴ പെയ്യാൻ സാധ്യതയുള്ള ഒരു പ്രദേശത്ത് ഇതുപോലെ കുത്തനെയുള്ള ചരിവുകൾ മണ്ണിടിച്ചിലിനിടയാക്കുന്നു.

ഇരുവഴിഞ്ഞിപ്പുഴയുടെ കുത്തനെയുള്ള ചരിവ്
ഇരുവഴിഞ്ഞിപ്പുഴയുടെ കുത്തനെയുള്ള ചരിവ്

കനത്ത മഴ, ചരിവ്, ഡ്രെയിനേജ് പാറ്റേണുകൾ എന്നിവയെ അടിസ്ഥാനമാക്കി, ലോകമെമ്പാടും പലതരം മണ്ണിടിച്ചിൽ സാധ്യതാ ഭൂപടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. നാസയുടെ വിശകലനം അടിസ്ഥാനമാക്കിയുള്ള മാപ്പ് കേരളത്തിൽ ഉരുൾപൊട്ടൽ സാധ്യത കാണിക്കുന്നു. വയനാട്, ഇടുക്കി തുടങ്ങിയ ജില്ലകൾ ഉൾപ്പെടുന്ന കേരളത്തിന്റെ കിഴക്കൻ ഭാഗങ്ങളിലൂടെ കടന്നുപോകുന്ന പശ്ചിമഘട്ടത്തിന്റെ ചരിവുകൾ ഉരുൾപൊട്ടലിന് ഏറെ സാധ്യതയുള്ളതായി ഇതിലൂടെ മനസ്സിലാക്കാം.
ഈയൊരു ഘടന മൂലം നേരത്തെയും പ്രദേശത്ത് മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിരുന്നു. 2020-ൽ മണ്ണിടിച്ചിലുണ്ടായി, അത് നദിയുടെ പാതയിലെ സസ്യങ്ങളെ ഗണ്യമായി നശിപ്പിച്ചു. മേൽമണ്ണും നദീതടവും ഒലിച്ചുപോയി. സസ്യജാലങ്ങൾ പുനരുജ്ജീവിപ്പിക്കാത്തതിനാൽ, നദി മണ്ണിടിച്ചിൽ സാധ്യതയുള്ളതായി തുടരുകയും ചെയ്തു.

2020-ലെ ഉരുൾപൊട്ടലിനുമുമ്പും ശേഷവുമുള്ള 2019-ലെയും 2021-ലെയും ഉപഗ്രഹ ചിത്രങ്ങളിൽ, 2021-ൽ വെളിപ്പെട്ട പ്രദേശം വ്യക്തമായി കാണിക്കുന്നു.

കേരളത്തിലെ ഉരുൾപൊട്ടൽ സാധ്യതാ മാപ്പ്
കേരളത്തിലെ ഉരുൾപൊട്ടൽ സാധ്യതാ മാപ്പ്

തെക്കുപടിഞ്ഞാറൻ മൺസൂൺ 2024-ൽ ഇതുവരെ ഉരുൾപൊട്ടലുണ്ടായ മേഖലയിൽ സമൃദ്ധമായിരുന്നു. ഈ പ്രദേശത്തെ മണ്ണിൽ നല്ല ഈർപ്പമുണ്ടെന്നാണ് ഇതിനർത്ഥം. ജൂലൈ 29, 30 തീയതികളിൽ, അതിശക്തമായ മഴ- 500 മില്ലീമീറ്ററിൽ കൂടുതൽ- പെയ്തപ്പോൾ, മുമ്പത്തെ മണ്ണിടിച്ചിലിൽ ഇളകിക്കിടന്ന മണ്ണ് ജൂലായ് 30-ന് മണ്ണിടിച്ചിലുകളുടെ പരമ്പര തന്നെ സൃഷ്ടിച്ചു.

ഉപഗ്രഹ ചിത്രങ്ങളെ അടിസ്ഥാനമാക്കിയും ചില വ്യാഖ്യാനങ്ങൾ സാധ്യമാണ്.

ഒന്ന്: രണ്ട് വ്യത്യസ്ത ശീർഷങ്ങൾ (top) പ്രത്യക്ഷമായി. അതായത്, സംഭവിച്ചത് രണ്ട് ഭാഗങ്ങളുള്ള മണ്ണിടിച്ചിലാണ് എന്നർഥം. ആദ്യമുണ്ടായ ഉരുൾപൊട്ടൽ സസ്യജാലങ്ങളുടെ പ്രധാന ഭാഗത്തെ ഒഴുക്കിക്കൊണ്ടുപോയി, മുകൾ ഭാഗത്ത് പതിച്ച ഒന്നായിരുന്നു.
സസ്യജാലങ്ങളും മറ്റ് തടസ്സങ്ങളും ഇല്ലാതായതോടെ, രണ്ടാമത്തെ മണ്ണിടിച്ചിലിന് ഇത് ആക്കം കൂട്ടി. അങ്ങനെ അത് കൂടുതൽ ശക്തിയുള്ളതും വിനാശകരവുമായി.

ജൂലൈ 30-ന് വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങൾ.
ജൂലൈ 30-ന് വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങൾ.

രണ്ട്: 2020 മുതലുള്ള പഴയ മണ്ണിടിച്ചിൽ വീണ്ടും ശക്തമായതാണ് ഈ ഉരുൾപൊട്ടലിലൂടെ സംഭവിച്ചത് എന്ന് ഉപഗ്രഹ ചിത്രങ്ങളിൽനിന്ന് വ്യക്തമാണ്.
നിർഭാഗ്യവശാൽ, ഉരുൾപൊട്ടൽ നടന്നതിന്റെ താഴ്ഭാഗം ജനവാസ മേഖലയിലായിരുന്നു. നദിയോട് ചേർന്ന് ബഫർ ഏരിയകളില്ലാത്തതിനാലും കെട്ടിടങ്ങൾ അരുവിയോടു ചേർന്ന് കിടക്കുന്നതിനാലും ഗുരുതര പ്രത്യഘാതമുണ്ടായി.

ഉരുൾപൊട്ടൽ സ്വാഭാവികമായി സംഭവിക്കാവുന്നതാണെങ്കിലും കെട്ടിടനിർമ്മാണചട്ടങ്ങൾ കർശനമായി നടപ്പാക്കുകയും നദീതീരത്ത് കെട്ടിടനിർമ്മാണം ഒഴിവാക്കുകയും ചെയ്തിരുന്നെങ്കിൽ നാശനഷ്ടം കുറയ്ക്കാമായിരുന്നു. ഈ കെട്ടിടങ്ങളിൽ ചിലത് വിനോദസഞ്ചാരികളെ ലക്ഷ്യം വച്ചുള്ള വില്ലകളായിരുന്നു. ആഘാതം നേരിട്ട ചില പ്രദേശങ്ങളും കെട്ടിടങ്ങളും ഗൂഗിൾ എർത്ത് ഇമേജിൽ കാണാം. വലിയ ജനവാസ കേന്ദ്രങ്ങളുള്ളതിനാൽ മരണസംഖ്യ ഗണ്യമായി ഉയർന്നിട്ടുണ്ട്.

ഇനിയെന്ത്?

സാറ്റലൈറ്റ് ചിത്രങ്ങളും മറ്റ് ഡാറ്റാ സെറ്റുകളും ഉപയോഗിച്ച് നടത്തിയ പ്രാഥമിക വിശകലനം, മണ്ണിടിച്ചിലിനുള്ള പ്രേരണ സ്വാഭാവികമാണെന്ന് കാണിക്കുന്നു. എന്നാൽ, മേഖലയിലുണ്ടായ വ്യാപകമായ വികസനപ്രവർത്തനങ്ങൾ നാശനഷ്ടം രൂക്ഷമാക്കി. അതിശക്തമായ മഴയെക്കുറിച്ചുള്ള കാലാവസ്ഥാ പ്രവചനങ്ങളോ മുന്നറിയിപ്പുകളോ ഉണ്ടായിരുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. എന്റെ അഭിപ്രായത്തിൽ, ഹ്രസ്വകാല പ്രവചനങ്ങൾ നാം ഉദ്ദേശിക്കുന്ന രീതിയിൽ പ്രവർത്തിക്കില്ല. വയനാട് ജില്ലയിൽ മുഴുവൻ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിൽ പോലും ദുരന്തം ഏതാണ്ട് ഇതേ രീതിയിൽ തന്നെയാകുമായിരുന്നു. കൃത്യതയില്ലാത്ത നമ്മുടെ പ്രവചനങ്ങൾ സ്ഥല-കാലങ്ങളെക്കുറിച്ച് പലപ്പോഴും സൂക്ഷ്മത (spatio-temporal granularity) പുലർത്താറില്ല. ഇതുമൂലം അപകടസാധ്യതയുള്ള സ്ഥലങ്ങൾ പെട്ടെന്ന് തിരിച്ചറിയുന്നത് ബുദ്ധിമുട്ടായിരിക്കും.

Satellite images showing previous landslide along the stream in 2020.
Satellite images showing previous landslide along the stream in 2020.

ദുർബലമായ പ്രദേശങ്ങൾ തിരിച്ചറിയാനും ഭൂപ്രകൃതി നിരീക്ഷിക്കാനും സൂക്ഷ്മതലത്തിലുള്ള ഡാറ്റയുടെ അഭാവം നിലനിൽക്കുന്നുണ്ടെന്നത് വസ്തുതയാണ്. വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങി മഴയുമായി ബന്ധപ്പെട്ട സംഭവങ്ങളോ മഴ തന്നെയോ കൃത്യമായി പ്രവചിക്കാൻ തക്ക വണ്ണം സമീപ വർഷങ്ങളിലെങ്കിലും നമ്മുടെ മുന്നറിയിപ്പ് സംവിധാനങ്ങൾ അതിവേഗം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാനാകില്ല. അതിനാൽ തന്ത്രപരമായ പദ്ധതികളും റോഡ്മാപ്പുകളും ഉപയോഗിച്ച് ദീർഘകാല ആസൂത്രണം അനിവാര്യമാണ്.

ഈയൊരു ദുരന്തത്തിന്റെ പാശ്ചാത്തലത്തിൽ സമീപ ഭാവിയിൽ നമ്മൾ ചെയ്യേണ്ട ചില കാര്യങ്ങൾ:

  • അപകടസാധ്യതയെക്കുറിച്ച് വിദഗ്ധരുടെ ടെക്നോക്രാറ്റിക് റിപ്പോർട്ടുകളുണ്ട്, ഇക്കോളജിക്കലായ അപകടാവസ്ഥകളെക്കുറിച്ചുള്ള മേഖലാതല ശുപാർശകളുണ്ട്. എങ്കിലും, ഇവയിൽ മിക്കവയും മേഖലയിലെ ജനങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ ആവശ്യങ്ങൾക്ക് ബദൽ നിർദേശിക്കുന്നില്ല.

  • ബദൽ മാർഗങ്ങളുടെ അഭാവത്തിൽ കൊണ്ടുവരുന്ന നിയന്ത്രണങ്ങൾ പരാജയപ്പെടും. അതിനാൽ പ്രാദേശിക തലത്തിൽ തന്ത്രപരമായ വികസന പദ്ധതി അനിവാര്യമാണ്. മേഖലയിലെ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെയും പാരിസ്ഥിതികവും സാമ്പത്തികവുമായ വശങ്ങൾ പരിഗണിക്കുന്നതുമായിരിക്കണം ഈ പദ്ധതി.

  • പ്രാദേശിക വികസന പദ്ധതിയുടെ അടിസ്ഥാനത്തിൽ, വിശദമായ മാസ്റ്റർ പ്ലാൻ തയാറാക്കണം. ശാസ്ത്രീയമായി തയ്യാറാക്കിയ അപകട സാധ്യതാ ഭൂപടങ്ങളും അനുബന്ധ വിശകലനങ്ങളും അടങ്ങുന്നതായിരിക്കണം ഈ മാസ്റ്റർ പ്ലാൻ. എവിടെ എന്ത് നിർമ്മിക്കണം, എങ്ങനെ നിർമ്മിക്കണം എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ അതിലുണ്ടായിരിക്കണം.

  • ഈ മാസ്റ്റർ പ്ലാനുകളും പ്രാദേശിക വികസന പദ്ധതികളും മുകളിൽ നിന്ന് താഴേക്ക് അടിച്ചേൽപ്പിക്കുന്നതോ സ്വേച്ഛാധിപത്യ സ്വഭാവമുള്ളതോ ആകരുത്. പുറത്തുള്ള വിദഗ്ധരുമായി കൂടിയാലോചിക്കാമെങ്കിലും, പ്രാദേശിക ഭരണസംവിധാനങ്ങളുടെയും ആസൂത്രണ ഏജൻസികളുടെയും മാർഗനിർദേശത്തിലൂടെ, പ്രാദേശിക അക്കാദമിക് സ്ഥാപനങ്ങളെ ഉപയോഗിച്ചുവേണം അതാതു മേഖലയ്ക്കുവേണ്ട പഠനവും നിരീക്ഷണവും നടത്താനും പദ്ധതികൾ ആസൂത്രണം ചെയ്യാനും.

  • മുമ്പ് പലതവണ ഇത്തരം പരിഹാരങ്ങൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും, അവ പ്രായോഗികമായി നടപ്പാക്കുന്നതിന് വിഘാതമായ നിരവധി അടിസ്ഥാന യാഥാർത്ഥ്യങ്ങളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, അവയുടെ നടത്തിപ്പ് പരാജയപ്പെട്ടു. നിരോധനങ്ങളും നിയന്ത്രണ ചട്ടക്കൂടുകളും കൊണ്ടുവന്ന് ഒറ്റരാത്രികൊണ്ട് പാരിസ്ഥിതികമായ ആവശ്യങ്ങൾക്കും സാമ്പത്തികമായ പരിഗണനകൾക്കും തമ്മിൽ ഒരു ബാലൻസിംഗ് ഉണ്ടാക്കാൻ സാധ്യമല്ല.

  • അതിനാൽ, പ്രാദേശികമായി വിശദമായ റോഡ് മാപ്പ് തയ്യാറാക്കുക, അവിടുത്തെ അടിസ്ഥാന യാഥാർത്ഥ്യങ്ങളെ മുൻനിർത്തി ലക്ഷ്യങ്ങളും സമയപരിധിയും നിശ്ചയിക്കുക, പ്രായോഗിക വഴി നിർദേശിക്കുക തുടങ്ങിയവയാണ് ആദ്യപടി.

  • ഇടുക്കിയും വയനാടും അടക്കമുള്ള സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശങ്ങൾക്കായി അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിലോ മാസങ്ങൾക്കുള്ളിലോ ഇത്തരത്തിലൊരു റോഡ് മാപ്പ് തയ്യാറാക്കാൻ കഴിഞ്ഞാൽ ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാനാകും.

(കടപ്പാട്: TheSouthFirst.comൽ രാജ് ഭഗത് പളനിച്ചാമി എഴുതിയ ലേഖനം)

(വിവർത്തനം: കെ. സഹദേവൻ)

Comments