പ്രകൃതി ദുരന്തത്തിനിരയായി സ്വന്തമായതെല്ലാം നഷ്ടപ്പെട്ടവർക്ക് പറയാനുള്ളത് വേദനിപ്പിക്കുന്ന അനുഭവങ്ങളെയും അതിജീവനപോരാട്ടങ്ങളെയും കുറിച്ചാണ്.
അപ്രതീക്ഷിതമായെത്തിയ ദുരന്തത്തിൽ ഇരകളായ കവളപ്പാറയിലെ ജനങ്ങൾ അതീജീവനത്തിന്റെ പാതയിലാണ്. സർക്കാർ ഇടപെടലിലൂടെയും അല്ലാതെയും ഏറെ സാഹായങ്ങൾ ദുരന്തബാധിതർക്ക് ലഭിച്ചെങ്കിലും പഴയ ജീവിതം തിരിച്ചുപിടിക്കാൻ ഇനിയുമേറെ ജീവതപ്പോരാട്ടം ബാക്കിയുണ്ട്.
കവളപ്പാറ മുത്തപ്പൻ കുന്നിലുണ്ടായ ഉരുൾപൊട്ടലിൽ ഇല്ലാതായത് 59 ജീവനുകളാണ്. 48 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തങ്കിലും 11 പേരെ ഇപ്പോഴും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
മലപ്പുറം നിലമ്പൂരിലെ കവളപ്പാറയിൽ ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന 24 ആദിവാസി കുടുംബങ്ങളുൾപ്പെടെ 76 കുടുംബങ്ങളെ ഇപ്പോഴും മാറ്റിപ്പാർപ്പിച്ചിട്ടില്ല. ദുരന്തത്തിൽ കൃഷി നഷ്ടപ്പെട്ടവർക്ക് പകരം ഭൂമിയോ തുകയോ ലഭിച്ചിട്ടില്ല. 2019 ഓഗസ്റ്റ് എട്ടിന് രാത്രി 7.30നുണ്ടായ ശക്തമായ മഴയെ തുടർന്ന് കവളപാറ മുത്തപ്പൻ കുന്നിലുണ്ടായ ഉരുൾപൊട്ടലിൽ ഇല്ലാതായത് 59 ജീവനുകളാണ്. 48 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തങ്കിലും 11 പേരെ ഇപ്പോഴും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
കേരളത്തെ നടുക്കിയ കവളപ്പാറ ദുരന്തത്തിന് അഞ്ചാണ്ടുകൾ പൂർത്തിയാവുകയാണ്. എന്നാൽ ഇപ്പോഴും കവളപ്പാറയിലെ ജനങ്ങൾ അധികാരികളുടെ കണ്ണടയ്ക്കലുകളോട് സന്ധിയില്ലാ സമരത്തിലാണ്.
കവളപ്പാറ പ്രളയാനന്തര പുനരുദ്ധാരണത്തിന് വിദഗ്ധ സമിതിയെ നിയോഗിച്ച് പുനരുദ്ധാരണ പാക്കേജ് അനുവദിക്കുക, നഷ്ടപ്പെട്ട കൃഷിഭൂമിയുടെ ബാങ്ക് വായ്പകൾ എഴുതി തള്ളുക, കവളപ്പാറയിലെ ഭീഷണി നേരിടുന്ന കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങളാണ് ജനങ്ങൾക്കുള്ളത്.
“ഉരുൾപൊട്ടൽ നടന്ന ആദ്യദിവസങ്ങളിൽ ഭക്ഷണവും വസ്ത്രവും ലഭ്യമാകുന്നത് വരെ രാഷ്ട്രീയമോ ജാതിയോ മതമോ ഒന്നും ഒരു പ്രശ്നമായി ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീടങ്ങോട്ട് ചികിത്സ, ആരോഗ്യം, പാർപ്പിടം തുടങ്ങിയ സഹായങ്ങൾ ലഭിക്കാനാവുമ്പോഴേക്കും ഇവയെല്ലാം കടന്നുവന്നു.” - കവളപാറയിൽ ഉണ്ടായ ഉരുൾപ്പൊട്ടലിൽ പരിക്കേറ്റ ജയൻ പറയുന്നു.
കവളപാറയിൽ ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന 128 കുടുംബങ്ങളിൽ 76 കുടുംബങ്ങളെ ഇപ്പോഴും മാറ്റിപാർപ്പിച്ചിട്ടില്ല.
കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്ന് ജിയോളജി വകുപ്പ് നിർദേശം നൽകിയിട്ടുണ്ടെങ്കിലും പുനരധിവാസത്തിന് മറ്റ് വഴികൾ ഒന്നുമില്ലാത്തതിനാൽ 76 കുടുംബങ്ങൾ ഇപ്പോഴും ഇവിടെ തുടരുകയാണ്. കൃഷി നഷ്ടപ്പെട്ടവർക്ക് പകരം ഭൂമിയും ലഭിച്ചിട്ടില്ല.
“ഇപ്പോ മഴ തോർന്നിട്ടേയുള്ളൂ.. വലിയ മഴ പെയ്യുമ്പോ മ്മള് അക്കരെപോവും . ആറ് മണിയാവുമ്പോ ചോറോ ഭക്ഷണൊക്കെ കയ്ച്ചിട്ട് വായനശാലയിലോ സ്കൂളിലോ പോയി കെടക്കും. എന്നിട്ട് രാവിലെ വെരും. പരാതി പോലെ എല്ലാം എയ്തികൊടുത്തതാ.. ഇപ്പോ യാതൊരു അന്തോംയില്ല പിന്നെ.. കൊടന്നൊറങ്ങാൻ പറ്റണില്ല. പേടിയാണ്. ഉരുൾപൊട്ടൽ പൊട്ടിയ സമയത്ത് ഉരുൾപൊട്ടിയ വെള്ളം മുഴുവൻ ഞങ്ങളെ വീട്ടിന്റെ ഇപ്പറത്തൂടെയാണേ വന്നത്. മണ്ണ് നെറഞ്ഞു. പിന്നെത്തെ പൊട്ട് വര്ണത് വീടിന്റെ സൈഡി കൂടെ ചോര് ഇണ്ടേ.. അയ്ൽകൂടെയാ വര്ആ.. തോരാത്ത കനത്തില് മഴ വരുമ്പോ ആരും ഈട ഉറങ്ങലില്ല. ഉറങ്ങാതെ കാതോർത്ത് ഇരിക്കും. ഉറങ്ങലില്ല. ഞങ്ങൾ മാറണങ്കില് ദൂരേ പോവണം. അക്കരെയെടെങ്കിലും കിട്ടീനെങ്കിൽ പോവേണ്ടേ ധാരണയൊക്കെയിണ്ട്. ഞങ്ങൾക്ക് പിന്നെ സ്ഥലൊന്നും പോയില്ല. താമസിക്കാൻ ഒരു വീട്..എല്ലാവർഷോം രാത്രിയാവുമ്പോ ഇങ്ങനെ മാറിമാറി പോവാ...കൊറെയാൾ ബന്ധുവീട്ടില് പോവും.. ബാക്കിയുള്ളോര് വായനശാലയിലേക്കും,” കവളപ്പാറ ഉരുൾ പൊട്ടലിൽ പുനരധിവസിപ്പിക്കപ്പെടാത്ത കുടുംബാംഗം ഇലമുടിയിൽ ജാനകി പറയുന്നു.
“നിലവിൽ അവിടെ വീട് നഷ്ടപ്പെട്ടവർക്ക് വീട് ലഭ്യമായെങ്കിലും ഇനിയവിടെ ഭീഷണി നേരിടുന്ന 76 കുടുംബങ്ങളെ കൂടി പുനരധിവസിപ്പിച്ചാൽ മാത്രമേ 100 ശതമാനം പുനരധിവാസം പൂർത്തിയാവുകയുള്ളൂ. നിലവിലെ താമസക്കാർ ശക്തമായി ഒരു മഴ വന്നാൽ ക്യാമ്പിലേക്ക് മാറേണ്ടി വരും. അപേക്ഷകളും പരാതികളും നൽകിയിട്ടും സർക്കാരിന്റെ എല്ലാ വിഭാഗവും കൈയൊഴിഞ്ഞതിനാൽ ഇതുമായി ബന്ധപ്പെട്ട കേസ് നിലവിൽ ഹൈകോടതിയിലാണ്, കേസ് നടത്തികൊണ്ട് പോവാൻ വലിയ സാമ്പത്തിക ബുദ്ധിമുട്ടുമുണ്ട് ” - കവളപ്പാറ വാർഡ് മെമ്പർ ദിലീപ് പറയുന്നു
സ്ഥലം വാങ്ങാൻ നാലു ലക്ഷം രൂപയും വീടുവെയ്ക്കാൻ ആറു ലക്ഷം രൂപയുമാണ് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ നൽകിയത്. സന്നദ്ധ സംഘങ്ങളുടെ സഹായത്തോടെയാണ് വീടുകൾ നിർമിച്ചത്.
മരിച്ചവരുടെ ബന്ധുക്കൾക്കും സർക്കാർ സഹായം കിട്ടി. കവളപ്പാറ പട്ടികവർഗ കോളനിക്കാരായ 33 കുടുംബങ്ങൾക്ക് ഉപ്പട ആനക്കല്ലിലാണ് പുനരധിവാസം ഒരുക്കിയത്. പത്ത് സെന്റ് മുതൽ രണ്ടു ഏക്കർവരെ ഭൂമി നഷ്ടപ്പെട്ട കവളപ്പാറക്കാരുണ്ട്. അവർക്കു നഷ്ടപരിഹാരമോ പകരം ഭൂമിയോ കിട്ടിയിട്ടില്ല.
സ്ഥലം വാങ്ങാൻ നാലു ലക്ഷം രൂപയും വീടുവെയ്ക്കാൻ ആറു ലക്ഷം രൂപയുമാണ് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ നൽകിയത്. മരിച്ചവരുടെ ബന്ധുക്കൾക്കും സർക്കാർ സഹായം ലഭിച്ചിട്ടണ്ട്
“ വകുപ്പുകളെ ഏകോപ്പിച്ച് നിലവിൽ കേൾക്കേണ്ട ആളുകളെ കേൾക്കുകയും കാണേണ്ടവരെ കാണുകയും ചെയ്യണം. ഭൂമി തരം തിരിക്കുന്നതിന്റെ ഏറ്റവും വലിയ പ്രശ്നം നമ്മുടേത് സർവേ ഭൂമി അല്ലായെന്നതാണ്. വനാത്തിർത്തി നിർണയിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഭൂമി തരംതിരിച്ച് നൽകാൻ കഴിയില്ല. തത്തുല്യമായ തുക ലഭിക്കുകയോ ചെയ്തില്ല. വന്യജീവി ശല്യം കാരണം വലിയ കൃഷി നാശം ഉണ്ടാവുന്നു. ഈ ഒരു ദുരന്തം കാരണം ഭൂമിയ്ക്ക് വില കുറഞ്ഞതിനാൽ പണയ വസ്തുവായി സർക്കാർ ബാങ്കുകളും സ്വകാര്യ ബാങ്കുകളും ഏറ്റെടുക്കുന്നില്ല. സർക്കാർ വാസയോഗ്യമല്ലെന്ന് ഉറപ്പിച്ചു പറഞ്ഞ സ്ഥിതിക്ക് ഇനി പുതിയ ആൾക്കാർക്ക് ഒക്കെ വന്ന് താമസിക്കാൻ ഭയമായിരിക്കും. എന്നാലും ജനിച്ചു വളർന്ന മണ്ണ് എങ്ങനെയാണ് വിട്ടുപോവുന്നത് അതും വേദനയാണ്. ” - ജയൻ പറയുന്നു
നിലവിൽ പുനരധിവാസം പൂർത്തിയാക്കാത്ത ആദിവാസി കുടുംബങ്ങൾക്ക് മഴയെ പേടിക്കാതെ താമസിക്കാൻ പറ്റുന്ന ഒരു വീടും കൃഷി ഭൂമി നഷ്ടമായവർക്ക് ഭൂമിയും ലഭിച്ചാൽ മാത്രമേ കവളപാറ ജനങ്ങളുടെ അതിജീവന പോരാട്ടങ്ങൾ അവസാനിക്കുകയുള്ളൂ.