ദുരന്താനന്തരം വയനാട്ടിൽ എന്താണ് സംഭവിക്കുന്നത്?

വയനാട്ടിൽ പരിസ്ഥിതിപക്ഷത്തുനിന്ന് നടപ്പിൽ വരുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നും ബദൽ റോഡുകൾ വേണമെന്നും ‘സ്വതന്ത്ര സംഘടകൾ’ എന്ന മുഖംമൂടിയണിഞ്ഞെത്തുന്ന ചില സംഘങ്ങൾ കാമ്പയിൻ നടത്തുകയാണ്. മാത്രമല്ല ടൂറിസ്റ്റുകളെ ആകർഷിക്കാനുള്ള യത്നങ്ങളിലേക്ക് ഇവർ പ്രവേശിച്ചും കഴിഞ്ഞു. ദുരന്താനന്തര വയനാടിനെക്കുറിച്ച് ചില ആശങ്കകൾ പങ്കുവെക്കുന്നു, എം.കെ. രാമദാസ്.

50 ദിനം.
അർദ്ധരാത്രി, ഉറക്കത്തിനിടെ ഒഴുകിപ്പോയ ആയിരത്തോളം മനുഷ്യരോട്, അവരുടെ ആശ്രിതരോട് സമൂഹമെന്ന നിലയിൽ നമുക്ക് ഉത്തരവാദിത്തം നിർവേറ്റാനായോ? 231 പേരെയാണ് ഉരുൾ കൊണ്ടുപോയത്. 78 പേരെ കണ്ടെത്തിയിട്ടില്ല. 498 വീടുകൾ ഒലിച്ചുപോയി. മറ്റൊരു 240 വീടുകൾ വാസയോഗ്യമല്ലാതായി. ഇതെല്ലാം ഔപചാരിക വിവരങ്ങൾ മാത്രം. 2000 കോടി രൂപയുടെ നാശനഷ്ടമെന്ന് ഒരേകദേശകണക്ക്.
എന്നാൽ, യാഥാർത്ഥ്യം ഇതിൽ നിന്നേറെ വ്യത്യസ്തമെന്ന് ഉറപ്പാണ്.

പാസും ചെക്കിങ്ങും

ദുരന്തത്തിൻ്റെ ആദ്യ നാളുകളിൽ അവിടെയുണ്ടായിരുന്ന കാഴ്ചയല്ല മുണ്ടക്കൈയും ചൂരൽമലയും ഇപ്പോൾ നൽകുന്നത്. പോലീസ് സന്ദർശകർക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. ആഘോഷ ദിവസങ്ങളിലെത്തുന്ന വിനോദ സഞ്ചാരികളെ ഉദ്ദേശിച്ചാണ് ഈ നിയന്ത്രണം എന്നാണ് ഇതിനുള്ള അധികൃതരുടെ വിശദീകരണം.

അന്തർദേശീയ തലത്തിൽ പ്രവർത്തിക്കുന്ന ‘ഇസ്കഫ്’ എന്ന സംഘടനയുടെ നേതാക്കളൊന്നിച്ചായിരുന്നു അവിടേക്കുള്ള ഈ യാത്ര. ഭരണകക്ഷിയായ സി പി ഐയുടെ നിയന്ത്രണത്തിലുള്ള സംഘടനയുടെ നേതാക്കൾ സംഘടിപ്പിച്ച അനുമതിയാണ് ദുരന്തമുഖം ഒരിക്കൽക്കൂടി സന്ദർശിക്കാൻ അവസരം ഒരുക്കിയത്.

231 പേരെയാണ് ഉരുൾ കൊണ്ടുപോയത്. 78 പേരെ കണ്ടെത്തിയിട്ടില്ല.
231 പേരെയാണ് ഉരുൾ കൊണ്ടുപോയത്. 78 പേരെ കണ്ടെത്തിയിട്ടില്ല.

ഉന്നത സ്വാധീനത്തിലൂടെ കൈവശമാക്കിയ ‘പാസു’ണ്ടായിട്ടും മേപ്പാടിയിൽ നിന്ന് അങ്ങോട്ടുള്ള മൂന്നാലിടങ്ങളിൽ കർശന പരിശോധന. അതു കഴിഞ്ഞേ അവിടെ എത്താനായുള്ളൂ. എല്ലായിടത്തും സാമാന്യം കഠിനമായ ‘ചെക്കിങ്ങി’ന് വിധേയരാവേണ്ടിയും വന്നു. അതിനിടെ ഒരിടത്ത് അനുമതി പുതുക്കി നൽകി. ചൂരൽമലയിലെ ബെയ്ലി പാലം വരെ പോവാനേ ആദ്യ ‘പാസി’ൽ അനുമതിയുണ്ടായിരുന്നുള്ളൂ എങ്കിലും മുണ്ടക്കൈയും പുഞ്ചിരിവട്ടവും കാണാൻ പോലീസ് അനുവദിച്ചു.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ ചെലവഴിച്ച തുക സംബന്ധിച്ച് ഉയർന്ന വിമർശനങ്ങളിൽ സവിശേഷ ശ്രദ്ധയാകർഷിച്ച ഒന്നായിരുന്നു ചൂരൽമലയിൽ സൈന്യം നിർമ്മിച്ച ബെയ്ലി പാലം. മാധ്യമങ്ങൾ നൽകിയ ദുരിതമുഖ പ്രവൃത്തികളിൽ പ്രധാനപ്പെട്ടതായിരുന്നു ഇത്. ഒരു കോടി രൂപയാണ് ഇതിനുള്ള ചെലവായി സർക്കാർ കോടതിയെ അറിയിച്ചത്.

തകർന്ന വാഹനങ്ങളുടെയും വീട്ടുപകരണങ്ങളുടെയും ഭാഗങ്ങൾ ചിലയിടങ്ങളിൽ പൊങ്ങി നിൽക്കുന്നു. ചില വാഹനങ്ങൾ വീടുകൾക്ക് മുകളിലേക്കോ അകത്തേക്കോ എടുത്തെറിയപ്പെട്ടിട്ടുണ്ട്. എവിടെ നിന്നും ഒന്നും മാറ്റിയിട്ടില്ല.

ഇങ്ങോട്ടുള്ള യാത്രക്കിടെ ചായക്കടകളിലും വഴിയോരങ്ങളിലും എന്തിന് നാലാൾ കൂടുന്നിടത്തെല്ലാം പറഞ്ഞു കൊണ്ടിരിക്കുന്നത്, വാർത്താ ചാനലുകൾ പുറത്തുവിട്ട ദുരിതാശ്വാസ കണക്കുകളെക്കുറിച്ചാണ്. മൂക്കത്ത് വിരൽ വെച്ചും ആക്രോശിച്ചും രോഷം പ്രകടിപ്പിക്കുന്നവരെയാണ് കൂടുതലും കാണാനായത്. ഒരാളുടെ ശവസംസ്കാരത്തിനായി 75,000 രൂപ ചെലവഴിച്ചെന്നത് ഇങ്ങനെ ക്രൂരമായ ആക്ഷേപത്തിനുള്ള ഹേതുവായി അവർ ആവർത്തിച്ചുകൊണ്ടിരുന്നു. ഒരുപക്ഷെ, അന്നോളം ദുരന്താഘാതം വിട്ടുമാറാതിരുന്ന മേപ്പാടിയിലെ അതിസാധാരണക്കാർ വരെ സർക്കാരിൻ്റെ കണക്കിലെ കാണാക്കളികളെക്കുറിച്ചോർത്ത് അത്ഭുതപ്പെടുന്നത് കാണാനായി.

ദുരന്തത്തിനിരയായതായി പരിഗണിക്കപ്പെടുന്നവരെ തെരയുന്നതിന് കൂറ്റൻ യന്ത്രങ്ങൾ കിളച്ചുമറിച്ചിട്ട മൺകൂമ്പാരങ്ങളാണ് ചൂരൽമലയിലെ ഇപ്പോഴത്തെ പ്രധാന കാഴ്ച. ഒഴുകിയെത്തിയ ചെളിയും മണ്ണും വെയിലേറ്റ് ഉണങ്ങാൻ തുടങ്ങിയതോടെ തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ നിന്ന് മാത്രമല്ല പുറത്തെ മൺകൂനകളിൽ നിന്നും ദുർഗന്ധം വമിക്കുന്നു.

ചായക്കടകളിലും വഴിയോരങ്ങളിലും എന്തിന് നാലാൾ കൂടുന്നിടത്തെല്ലാം പറഞ്ഞു കൊണ്ടിരിക്കുന്നത്, വാർത്താ ചാനലുകൾ പുറത്തുവിട്ട ദുരിതാശ്വാസ കണക്കുകളെക്കുറിച്ചാണ്.
ചായക്കടകളിലും വഴിയോരങ്ങളിലും എന്തിന് നാലാൾ കൂടുന്നിടത്തെല്ലാം പറഞ്ഞു കൊണ്ടിരിക്കുന്നത്, വാർത്താ ചാനലുകൾ പുറത്തുവിട്ട ദുരിതാശ്വാസ കണക്കുകളെക്കുറിച്ചാണ്.

തകർന്ന വാഹനങ്ങളുടെയും വീട്ടുപകരണങ്ങളുടെയും ഭാഗങ്ങൾ ചിലയിടങ്ങളിൽ പൊങ്ങി നിൽക്കുന്നു. ചില വാഹനങ്ങൾ വീടുകൾക്ക് മുകളിലേക്കോ അകത്തേക്കോ എടുത്തെറിയപ്പെട്ടിട്ടുണ്ട്. എവിടെ നിന്നും ഒന്നും മാറ്റിയിട്ടില്ല. ചൂരൽമല അങ്ങാടിയാരംഭിക്കുന്നിടത്ത് പൊലിസുകാർ റോഡിൽ ബാരിക്കേഡുയർത്തി കാവൽ നിൽക്കുകയാണ്. ഏതാണ്ട് ശൂന്യമാണെയെല്ലായിടവും. ദുരന്തം സംഭവിച്ച ആദ്യദിനങ്ങളിൽ രക്ഷാ പ്രവർത്തകരുടെ ബഹളം എങ്ങും ഉയർന്നിരുന്നു. ഉടമകൾ നഷ്ടപ്പെട്ട വളർത്തുമൃഗങ്ങൾ അലഞ്ഞുതിരിയുന്നതും ഒരു കാഴ്ചയായിരുന്നു.

ബെയ്ലി പാലം കടന്നാൽ, ഉരുളിനെ അതിജീവിച്ച കൂറ്റൻ ആൽമരത്തിൻ്റെ ഇലകൾ നേർത്ത കാറ്റിൽ ഇളകിക്കൊണ്ടേയിരിക്കുന്നതുകാണാം. മരത്തിന് കീഴെയുള്ള ക്ഷേത്രം തറയൊഴികെ ഉരുളെടുത്തുപോയിരുന്നു. ഇവിടെ ക്ഷേത്രപ്രതിഷ്ഠ നിന്നിരുന്നിടത്ത് താൽക്കാലിക സംവിധാനം വിശ്വാസികൾ തയ്യാറായാക്കായിട്ടുണ്ട്. ക്ഷേത്രം ഉണ്ടായിരുന്നിടം നെറ്റ് ഉപയോഗിച്ച് വേർതിരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ചിലരെത്തി പ്രാർത്ഥിച്ചതിൻ്റെയും കാണിക്കയർപ്പിച്ചതിൻ്റെയും ലക്ഷണങ്ങളവിടെയുണ്ട്.

കൽപറ്റ ആസ്ഥാനമായുള്ള ഹ്യൂം സെൻ്റർ ഡയറക്ടർ സി. കെ. വിഷ്ണുദാസ് ജില്ലാ ഭരണകൂടത്തിന് നൽകിയ മുന്നറിയിപ്പ് അതിൻ്റെ പ്രാധാന്യത്തോടെ ദുരന്ത സാധ്യതാ പ്രദേശങ്ങളിൽ എത്തിക്കുന്നതിൽ അവരും വീഴ്ച വരുത്തി.

ബെയ്ലി പാലത്തിൽ നിന്ന് നോക്കിയാൽ വെള്ളരിമല തല ഉയർത്തിനിൽക്കുന്നു. അവിടെ പുഞ്ചിരിമട്ടം വ്യക്തമായും അതിൽ ഉരുൾപൊട്ടിയ ഇടം നേർത്തും കാണാം. സമുദ്രനിരപ്പിൽ നിന്ന് 2300- ലധികം അടി ഉയരമുള്ള വെള്ളരി ഉന്നതിയിൽ ഒന്നാമനാണ്. റാണിയും ക്യാമൽഹമ്പും വെള്ളരിക്ക് സമീപത്തങ്ങിനെ തോളോട് തോൾ ചേർന്ന് നിലകൊള്ളുന്നു.

ഉച്ചയായതോടെ ചുട്ടുപൊള്ളുന്ന വെയിൽ. എങ്കിലും കോട മഞ്ഞ് പർവ്വത ശിഖരങ്ങളെ തലോടി തെന്നി നീങ്ങുന്നു. ചൂട് കാറ്റിനെ ശമിപ്പിച്ച് ചെറുകുളിര് ചൂരൽമലയെയും കടന്ന് പോവുന്നു. അഞ്ചോ ആറോ മീറ്ററിൽ ഒതുങ്ങിയിരുന്ന, സ്കൂളിനോട് ചേർന്നൊഴുകിയിരുന്ന പുഴയെ ഉരുൾപൊട്ടൽ മുന്നൂറോ നാനൂറോ മീറ്ററിൽ വിസ്തൃതമാക്കിയിട്ടുണ്ട്. ദുരന്താദ്യദിനങ്ങളിൽ പരന്നൊഴുകിയ ജലത്തിൽ പുഴയുടെ ആഴം വൃക്തമായിരുന്നില്ല. വെള്ളത്തിലൂടെ വന്നടിഞ്ഞ പാറക്കഷ്ണങ്ങളുടെ വലിപ്പം മനസ്സിലാക്കാൻ അപ്പോൾ കഴിയുമായിരുന്നില്ല. എന്നാൽ, നേർത്തൊഴുകുന്ന പുഴ ഉരുൾപൊട്ടലിൻ്റെ വ്യാപ്തി നമ്മെ ബോധ്യപ്പെടുത്തിതരുന്നു.

കൊഗപ്പന്റെയും അന്നയ്യന്റെയും
കഥ, ജീവിതം

കർണാടകയിലെ മംഗലാപുരത്ത് റയിൽവേ ലൈൻ ജോലി ചെയ്തിരുന്ന കൊഗപ്പൻ കുടുംബത്തോടൊപ്പം വയനാട്ടിലെത്തുന്നത് അല്പം കൂടി മെച്ചപ്പെട്ട ജീവിതസാഹചര്യം പ്രതീക്ഷിച്ചാണ്. അദ്ദേഹത്തിൻ്റെ അഞ്ചുമക്കളിലൊരാളാണ് അന്നയ്യൻ. കൊറഗപ്പൻ തോട്ടത്തിലെ പണിയിൽ വിരമിച്ചതിനുശേഷമാണ് പത്താം തരം വരെ പഠിച്ച അന്നയ്യന് സൂപ്പർവൈസറായി സ്ഥിരം ജോലി കിട്ടുന്നത്.

ഇവരുടെ രണ്ട് ഏക്കറോളം കൃഷിഭൂമിയും വീടും പുഴയോരത്താണ്. വീട്ടിൽ നിന്ന് ഏതാണ്ട് 200 മീറ്ററോളം അകലെയാണ് പുഴയൊഴുകിയിരുന്നത്. കാപ്പി, കുരുമുളക്, ഏലം, കമുക് തുടങ്ങിയ വിളകളെല്ലാം നന്നായി വിളവ് കൊടുത്തു. നല്ല വരുമാനവും കിട്ടി. ഭാര്യ ശകുന്തളയ്ക്ക് മേപ്പാടി ഹയർ സെക്കണ്ടറി സ്കൂളിൽ താൽകാലിക ജോലിയുണ്ട്. ചുരുക്കി പറഞ്ഞാൽ അല്ലലില്ലാതെ കഴിയുന്ന കുടുംബമായിരുന്നു അവരുടെത്.

ഒരു സിസ്റ്റത്തിൻ്റെ പരാജയമാണ് ഇവിടെ സംഭവിച്ചത്. അതിസാധാരണ പൗരർ പോലും ഭരണകൂടം നൽകുന്ന നിർദ്ദേശങ്ങൾ അവഗണിക്കുകയോ നിസ്സാരവൽക്കുകയോ ചെയ്യുന്നതായി ഈ സംഭവം തെളിയിക്കുന്നു.

സാധാരണ ഗതിയിൽ മഴ കനത്ത് ചെയ്യുമ്പോൾ ചെറിയ തോതിലുള്ള പ്രയാസങ്ങൾ അനുഭവിക്കേണ്ടി വന്നിരുന്നെങ്കിലും 2019- ലെ പുത്തുമല ഉരുൾപൊട്ടൽ ചൂരൽമലക്കാരെ ശരിയ്ക്കും ഭയപ്പെടുത്തിയിരുന്നു. പിന്നീട് കാലവർഷത്തിൽ തുടർച്ചയായി മഴ പൊയ്തപ്പോഴൊക്കെ ഇവിടെ താമസിക്കുന്നവർ ആകുലരായി. സാവകാശമാണ് ഇത്തരം ആശങ്കകളിൽ നിന്ന് അവർ മുക്തരായത്.

ഇത്തവണ ശാന്തമായി പെയ്ത മഴ രൗദ്രഭാവം പൂണ്ടത് ഇവിടെ വസിച്ചിരുന്നവർ അറിയാതിരുന്നില്ല. എന്നാൽ ഒരു നിസംഗത ഈ മനുഷ്യരെ മൂടി. മഴയുടെ രൂക്ഷത സംബന്ധിച്ച വിവരങ്ങൾ ലഭിക്കാൻ വഴിയുണ്ടായിട്ടും അതൊന്നും മുഖവിലക്കെടുക്കാൻ അന്നയ്യൻ ഉൾപ്പടെയുള്ളവർ ഒരുക്കമായിരുന്നില്ല.

മേപ്പാടി ഗ്രാമ പഞ്ചായത്തും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും നേരിട്ട് മുന്നറിയിപ്പുകൾ നൽകാനും മാറ്റിപ്പാർപ്പിക്കാനും ചെറുശ്രമങ്ങൾ ആരംഭിച്ചെങ്കിലും അതിൻ്റെ ഗൗരവം ഉൾക്കൊള്ളുന്നതിൽ പ്രദേശവാസികൾ മടിച്ചു. കൽപറ്റ ആസ്ഥാനമായുള്ള ഹ്യൂം സെൻ്റർ ഫോർ എക്കോളജി ആൻ്റ് വൈൽഡ് ലൈഫ് ബയോളജി ഡയറക്ടർ സി. കെ. വിഷ്ണുദാസ് ജില്ലാ ഭരണകൂടത്തിന് നൽകിയ മുന്നറിയിപ്പ് അതിൻ്റെ പ്രാധാന്യത്തോടെ ദുരന്ത സാധ്യതാ പ്രദേശങ്ങളിൽ എത്തിക്കുന്നതിൽ അവരും വീഴ്ച വരുത്തി.

ലഭിച്ച സൂചനകൾ ശ്രദ്ധയോടെ പ്രയോജനപ്പെടുത്താൻ അവർ തയ്യാറായതുമില്ല. ഒരു സിസ്റ്റത്തിൻ്റെ പരാജയമാണ് ഇവിടെ സംഭവിച്ചത്. അതിസാധാരണ പൗരർ പോലും ഭരണകൂടം നൽകുന്ന നിർദ്ദേശങ്ങൾ അവഗണിക്കുകയോ നിസ്സാരവൽക്കുകയോ ചെയ്യുന്നതായി ഈ സംഭവം തെളിയിക്കുന്നു. സിസ്റ്റത്തിലുള്ള വിശ്വാസം ക്ഷയിച്ചുപോയ പൗരസമൂഹമായി നമ്മൾ മാറിയതിൻ്റെ ഉദാഹരണമായും ഈ സംഭവത്തെക്കാണാം. ജീവൻ രക്ഷിക്കാനെങ്കിലും ഇത്തരം സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന ചിന്ത ഇനിയെങ്കിലും വളർത്തിയെടുക്കേണ്ടതുണ്ട്.

അന്നയ്യൻ പറഞ്ഞു:
‘‘ഉരുൾപൊട്ടുലുണ്ടായ രാത്രിയ്ക്ക് മുമ്പുള്ള ദിവസം ഉച്ചയോടെ പുഴയിലൂടെ ചെളി കലങ്ങിയ വെള്ളം പ്രവഹിച്ചുതുടങ്ങിയിരുന്നു. എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുന്നതായിരുന്നു ആ സംഭവം. വൈകുന്നേരമായതോടെ മഴയും ശക്തിപ്പെട്ടു. കനത്ത മഴയാണ് കുറെ ദിവസമായി പെയ്തിരുന്നത്. മാറണമെന്നുള്ള മുന്നറിയിപ്പൊക്കെ തന്നിരുന്നു. ചില വീട്ടുകാരെല്ലാം അവരവരുടെ ബന്ധുവീടുകളിലേക്ക് പോയി. പുഴയിൽ നിന്ന് ഉയരത്തിലാണ് എൻ്റെ വീട്. അങ്ങോട്ടേക്ക് വെള്ളം കയറില്ലെന്നാണ് കരുതിയത്. എന്നാൽ സന്ധ്യ മുതൽ കാര്യങ്ങൾ കൂടുതൽ വഷളാവുന്നതായി തോന്നി. വീടുപേക്ഷിച്ചു പോവുകയെന്നത് ആലോചിക്കാനേ കഴിഞ്ഞില്ല. പറിച്ചുണക്കിയ 70 ചാക്ക് കാപ്പി വിറ്റ പണം വീട്ടിലുണ്ട്. ഉണങ്ങിയ കുരുമുളകുണ്ട്. അത്രയും കാലത്തെ സമ്പാദ്യമെല്ലാം പണമായും സ്വർണ്ണമായും വീട്ടിലുണ്ട്. വീടു വിട്ട്, എങ്ങിനെ പോവും? ഞങ്ങൾക്ക് രണ്ട് നായ്ക്കളും പൂച്ചയുമൊക്കെയുണ്ട്. നായ്ക്കൾ പ്രത്യേക ശബ്ദത്തിൽ ഒരിയിട്ടു. പൂച്ചകൾ പരക്കം പാഞ്ഞു. രക്ഷയില്ലെന്ന് മനസ്സിലാക്കിയ ഞങ്ങൾ ഒടുവിൽ മുകളിലേക്ക് കയറാൻ തീരുമാനിച്ചു. അവിടെയുള്ള സുകുമാരൻ്റെ വീട്ടിലേക്കാണ് എല്ലാവരും കയറിയെത്തിയത്. നാല്പതുദിവസം പ്രായമുള്ള കുഞ്ഞടക്കം എന്താണ്ട് അമ്പത് പോരോളമുണ്ട്. ചിലരെ അങ്ങോട്ട് കയറിയെത്താൻ സഹായിച്ചു. രാത്രി കൂടുതൽ ഇരുണ്ടതോടെ എന്തെല്ലാമോ ശബ്ദങ്ങൾ കേട്ടു തുടങ്ങി. മരങ്ങൾ ഉലഞ്ഞ് മുറിഞ്ഞ് വീഴുന്നതായി തോന്നി.
കമുകുകൾ കാറ്റിൽ ആടിയുലഞ്ഞ് പൊട്ടി വീണു. ഇവിടെ മുമ്പത്തെ ദിവസങ്ങളിൽ രാത്രിയിൽ കാട്ടാന ഇറങ്ങിയിരുന്നു. അവൻ വീണ്ടും വന്നതാണെന്ന് കരുതി. പുറത്ത് കറുത്ത ഇരുട്ട്. കൈവശമുള്ള ടോർച്ചടിച്ച് നോക്കിയപ്പോൾ വെള്ളം കയറി വരുന്നതായാണ് തോന്നിയത്. ഭയന്ന ഞങ്ങൾ വീണ്ടും മുകളിലെ കാട്ടിലേക്ക് കയറി. പുലർച്ചെയോടെ ഒരു വൻ പൊട്ടിത്തെറിയുടെ ഒച്ച കേട്ടു. പിന്നെ വിമാനം താഴ്ന്ന പറക്കുന്നതു പോലെ ശബ്ദം. ആരും ജീവനോടെ അവശേഷിക്കില്ലെന്ന് തോന്നിയ സമയമായിരുന്നു അത്. പിന്നീടെന്നും മനസ്സിലായില്ല . ജീവനുൾപ്പെടെ സകലതും നഷ്ടമായെന്ന് പേടിച്ചു പോയ ഘട്ടം. നേരം പുലരുന്നതു വരെ പേടിച്ചരണ്ട് സമയം തള്ളിനീക്കി. മാനം തെളിഞ്ഞു വരുന്തോറും പേടിയും കൂടി വന്നു. ഒരു കടലായി വെള്ളമൊഴുകി കൊണ്ടിരിക്കുന്നു. എൻ്റെ വീടോ കൃഷിയിടമോ ഒന്നും കാണാനില്ല. എവിടെയും നിറഞ്ഞൊഴുകുന്ന വെള്ളം മാത്രം. പാറക്കൂട്ടങ്ങൾ മാത്രം വെള്ളത്തിന് മുകളിൽ പൊങ്ങിനിന്നു. വൻമരങ്ങളും അവയുടെ ശിഖരങ്ങളും പാറകൾക്കിടയിൽ പരന്ന് കിടന്നിരുന്നു. അങ്ങോട്ട് പോവാനോ നോക്കാനോ പോലും പേടിച്ചു. നേരം പുലരുന്നതിനനുസരിച്ച് വെള്ളവും ഇറങ്ങിക്കൊണ്ടിരുന്നു. മരച്ചില്ലകൾക്കും കരിങ്കൽ കഷണങ്ങൾക്കുമിടയിൽ നഗ്ന ശരീരങ്ങൾ അവിടവിടെയായി ചിതറിക്കിടക്കുന്നു.
പതിനഞ്ചോളം മനുഷ്യരുടെ മൃതദേഹങ്ങൾ ഇവിടെ നിന്ന് മാത്രം രക്ഷാപ്രവർത്തകർ കണ്ടെടുത്തു.
ഞാനിപ്പോൾ വാടകവീട്ടിൽ ഭാര്യയോടൊപ്പം കഴിയുകയാണ്. അവൾക്ക് കിട്ടുന്ന തുച്ചമായ വേതനമാണാശ്രയം. ഓർക്കാനേ കഴിയുന്നില്ല. ഉറങ്ങിയിട്ട് നാളുകളേറെയായി. ഒന്ന് മയങ്ങിയാൽ ഉടനെ ഞെട്ടി ഉണരും. എന്നോടൊന്നിച്ച് ജീവിച്ചിരുന്നവർ മറഞ്ഞിരിക്കുന്നു. ഒറ്റയായത് പോലെ ".

അന്നയ്യൻ പറഞ്ഞവസാനിപ്പിച്ചു.

സമാന കഥകൾ മാധ്യമങ്ങൾ യഥേഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റിപ്പോർട്ടുകളിലേറെയും ഉദ്വേഗജനകത്വം കുത്തിനിറച്ചവയായിരുന്നു എന്നതാണ് വാസ്തവം. ഇതിലൂടെ കാഴ്ചക്കാരെ വൈകാരികതയുടെ കൊടുമുടി കയറ്റുകയും യാഥാർത്ഥ്യം മൂടിവെക്കുകയും ചെയ്തു. ടെലിവിഷൻ വാർത്താചാനലുകൾ അവരുടെ മത്സരവേദിയായി മുണ്ടക്കൈയെ മാറ്റിയെടുക്കുകയും ഭരണകൂടം അത് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. വാർത്തകളുടെ ആധിക്യം സാധാരണ ചാനൽ പ്രേക്ഷകരെപ്പോലും ട്രോമയിലെത്തിച്ചതായി പലയിടത്തു നിന്നും പരാതിയുണ്ടായി. ഈ കോലാഹലങ്ങൾക്കിടയിൽ മുഖ്യധാരാ മാധ്യമങ്ങൾ സ്വധർമ്മം കൈവിടുകയായിരുന്നു.

ആരും ജീവനോടെ അവശേഷിക്കില്ലെന്ന് തോന്നിയ സമയമായിരുന്നു അത്. പിന്നീടെന്നും മനസ്സിലായില്ല . ജീവനുൾപ്പെടെ സകലതും നഷ്ടമായെന്ന് പേടിച്ചു പോയ ഘട്ടം. നേരം പുലരുന്നതു വരെ പേടിച്ചരണ്ട് സമയം തള്ളിനീക്കി.

നുഴഞ്ഞുകയറുന്ന
‘സ്വതന്ത്ര സംഘടന’കൾ

പരിസ്ഥിതിയനുകൂല വാർത്തകളുടെ പേരിൽ നിരന്തരം ക്രൂശിക്കപ്പെടുന്ന മാധ്യമങ്ങളും പ്രവർത്തകരും പ്രകൃതിദുരന്ത ഘട്ടങ്ങളിൽ പൊതുവെ അംഗീകരിക്കപ്പെടുകയാണ് പതിവ്. പശ്ചിമഘട്ട പ്രദേശങ്ങളുടെ സംരക്ഷണത്തിനായി ചില ശ്രമങ്ങൾ ആരംഭിച്ചതോടെയാണ് ഈ പരസ്പര ബഹുമാനം നഷ്ടമായത്. ഗാഡ്ഗിൽ, കസ്തൂരിരംഗൻ ശുപാർശകൾ വന്നതോടെ ഈ ബന്ധം പൂർണമായും തകർന്നു.

ദുരന്തകാരണങ്ങളിൽ മനുഷ്യരുടെ ഇടപെടലുമുണ്ടെന്നു വ്യക്തമായത് പശ്ചിമഘട്ട ദേശവാസികളെ സംബന്ധിച്ച് വലിയ തിരിച്ചടിയാണുണ്ടാക്കിയത്. പശ്ചിമഘട്ട പ്രദേശങ്ങളുടെ സുരക്ഷയ്ക്ക് കർഷകർ ഉൾപ്പെടെയുള്ളവർക്ക് നിയന്ത്രണം അത്യാവശ്യമെന്ന നിർദ്ദേശമാണ് കർഷകരോഷത്തിന് പ്രധാനമായും നിദാനമായത്. കർഷകരുടെ ഈ വിയോജിപ്പ് ശമിപ്പിക്കുന്നതിനുള്ള വ്യയങ്ങളൊന്നും രാഷ്ട്രീയ കക്ഷികളുടെ ഭാഗത്ത് നിന്നുണ്ടായില്ല. താൽകാലിക രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഏതാണ്ടെല്ലാ കക്ഷികളും കർഷകരെ ഉപയോഗപ്പെടുത്തുകയാണുണ്ടായത്.

ഭരണതലത്തിൽ സ്വാധീനമുണ്ടായിരുന്ന പാർട്ടികൾ നിശ്ശബ്ദരായ ഈ സന്ദർഭം പ്രയോജനപ്പെടുത്തിയത് മതസംഘടനകളോ സമ്മർദ്ദസംഘങ്ങളോ ആണ്. സ്വതന്ത്ര സംഘടനകളെന്ന ലേബലിൽ അവർ സമൂഹത്തിൽ നുഴഞ്ഞുകയറി പലപ്പോഴും സംഘർഷം സൃഷ്ടിച്ചു. ആഗോളവൽകരണാനന്തരം വിലത്തകർച്ച നേരിട്ട കർഷകരുടെ രോഷം മുതലെടുക്കാനും ഇത്തരം സ്വതന്ത്ര വേഷധാരികൾക്ക് കഴിഞ്ഞു. വയനാട്ടിൽ പുൽപ്പള്ളിയിലെ വനത്തിൽ ഡി ടി പി സി ജീവനക്കാരൻ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച സന്ദർഭത്തെ അക്രമാസക്തമാക്കിയത് ഈ സംഘത്തിൻ്റെ ശ്രമഫലമെന്ന് പിന്നീട് വ്യക്തമായിരുന്നു.

മുണ്ടക്കൈ ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾ ഭൂരിഭാഗവും പ്രാരംഭഘട്ടത്തിൽ ദുരന്തകാരണങ്ങളെക്കുറിച്ചുള്ള വാർത്തകൾക്ക് പ്രാധാന്യം നൽകിയില്ല എന്നുമാത്രമല്ല മാധ്യമാന്വേഷണം അവിടേക്ക് എത്താതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്തു. ഇപ്പോഴതിൻ്റെ സമയമല്ലെന്ന സർക്കാർ ഭാഷ്യം പൂർണമായും വിഴുങ്ങുകയായിരുന്നു മാധ്യമങ്ങൾ. അതിനിടെ, ഉരുൾപൊട്ടലിനിടയാക്കിയ കാരണങ്ങൾ സംബന്ധിച്ച ശാസ്ത്രജ്ഞരുടെ അഭിപ്രായങ്ങൾ തടയാനുള്ള ഉത്തരവ് പുറത്തിറക്കുകയും വിവാദമായതോടെ സർക്കാർ പിൻവലിക്കുകയും ചെയ്തു.

ഈ മേഖലയിൽ മാത്രം നൂറ് കണക്കിന് ഹോം സ്റ്റേകളും റിസോർട്ടുകളും പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഇവിടങ്ങളിലേക്കെല്ലാം റോഡും നിർമ്മിച്ചിട്ടുണ്ട്. കുഴൽ കിണറുകളും കുഴിച്ചിട്ടുണ്ട്. 45 ഡിഗ്രിയിലധികം ചെരിവുള്ള ഭൂമിയിൽ യാതൊരു നിയന്ത്രണവുമില്ലാതെയാണ് ഇവിടങ്ങളിലെല്ലാം നിർമ്മാണം നടന്നത്.

മാധ്യമങ്ങളിൽ നിന്ന് അപൂർവ്വമായി വന്ന വിമർശനങ്ങൾ സർക്കാരിൻ്റെ മാത്രമല്ല നിക്ഷിപ്ത താല്പര്യക്കാരുടെയും അപ്രീതിയ്ക്ക് മാത്രമല്ല ശത്രുതക്ക് ഹേതുവാകുന്നതും ഇതിനിടെ കണ്ടു.

മുണ്ടക്കൈ എന്ന നിശ്ശബ്ദ ദേശം

മുണ്ടക്കൈ ഇന്നൊരു നിശ്ശബ്ദ ദേശമാണ്. ഉരുൾപൊട്ടൽ കവർന്നെടുക്കാതെ രക്ഷപ്പെട്ടവർ പോലും ഉപേക്ഷിച്ച നാട്. ‘നോ മാൻസ് ലാൻഡ്’. ഭൂരിഭാഗം വീടുകളും ഒഴുകി​പ്പോയതുകൊണ്ട് അവിടമെല്ലാം നദിയായി പരിണമിച്ചിട്ടുണ്ട്. മുണ്ടക്കൈ നിന്ന് നോക്കായാൽ ഉരുൾപൊട്ടലിൻ്റെ പ്രഭവകേന്ദ്രം വ്യക്തമായി കാണാം. നൂറിലേറെ ഏക്കർ നിബിഡ വനഭൂമി ഒഴുകിപ്പോയിട്ടുണ്ട്. ഒരു വലിയ മുറിവ് പോലെ അത് നമ്മെ ഭീതിപ്പെടുത്തുകയും ആശങ്കപ്പെടുത്തുകയും ചെയ്യും. എത്രത്തോളം ശക്തിയോടെ ഉരുൾ തകർന്നിട്ടുണ്ടാവുമെന്ന ഒരേകദേശ ധാരണ പുഞ്ചിരിമട്ടം നേരിൽ കണ്ടാൽ മാത്രമേ കിട്ടൂ. ദൃശ്യങ്ങൾ പകർത്തുന്ന ക്യാമറയുടെ ശേഷിയെ വെല്ലുവിളിക്കും ഉരുൾ തകർത്ത മുണ്ടക്കൈ. ഉരുൾപൊട്ടി രൂപമെടുത്ത ഗർത്തങ്ങൾ ആരെയും ഭീതിപ്പെടുത്തും.

‘ഡാം ഇഫക്റ്റി’ൻ്റെ ഭാഗമായി തെറിച്ചെത്തിയ കൂറ്റൻ പാറ മസ്ജിദിൻ്റെ മുന്നിലാണ് കിടക്കുന്നത്. സമീപത്ത് തന്നെ എവിടെ നിന്നോ തെറിച്ചെത്തിയ ഒരു വാഹനം തലകീഴായി മണ്ണിന് മുകളിൽ കാണാം. ഇപ്പോൾ പകൽ രണ്ടു പോലീസുകാർ സന്ദർശകരുടെ നീക്കങ്ങൾ ശ്രദ്ധിച്ച് മുണ്ടക്കൈയിലുണ്ട്. ഉപേക്ഷിച്ചു പോയ വീടുകളുടെയും കടകളുടെയും സമീപത്തേക്ക് സന്ദർശകർ പോവുന്നത് അവർ വിലക്കുന്നു. വാക്കുകൾ കൊണ്ടോ ചിത്രങ്ങളുപയോഗിച്ചോ വിശദമാക്കാൻ കഴിയാത്ത ദൃശ്യങ്ങളാണ് അവിടെ കാണാനായത്. മനുഷ്യരുടെ ചിന്തകൾക്കപ്പുറത്താണ് മുണ്ടക്കൈ ഉരുൾപൊട്ടലിൻ്റെ വ്യാപ്തി. ഉരുൾപൊട്ടലുണ്ടായ പുഞ്ചിരിമട്ടത്തിന് സമാനമായ നിരവധി മലഞ്ചെരുവുകൾ ഇവിടുണ്ട്. ഒരു പക്ഷെ, ഇതേക്കാൾ ‘ലാൻഡ് സ്ലൈഡിങ്’ സാധ്യതയുള്ള സ്ഥലങ്ങൾ ഈ പരിസരങ്ങളിലുണ്ട്.

ഉരുൾപൊട്ടലിന് മുമ്പ് മുണ്ടക്കൈക്കും പുഞ്ചിരി മട്ടത്തിനും ഇടയിലെ മലഞ്ചെരുവുകളിൽ ഹോം സ്റ്റേകളും റിസോർട്ടുകളുമുണ്ടായിരുന്നു. ഇവയിൽ ഭൂരിഭാഗവും പൂർണമായി തകർന്നു. ദുരന്തസ്ഥലത്ത് പ്രവർത്തിച്ചിരുന്ന ഒരു റിസോർട്ട് ഉരുൾപൊട്ടലിന് തൊട്ട് മുൻദിവസം അതിഥികളെ ഒഴിവാക്കിയതുകൊണ്ടു മാത്രം അവരുടെ ജീവൻ രക്ഷിക്കാനായി. അവർ അവിടെ താഴ്ത്തിയ കുഴൽ കിണറിൽ നിന്ന് ചെളി വെള്ളം വരുന്നത് മനസ്സിലാക്കിയാണ് ഈ മുൻകരുതൽ എടുത്തത്. പ്രസ്തുത റിസോർട്ട് പ്രവർത്തിച്ചിരുന്ന ഇടം അടയാളപ്പെടുത്താൻ കഴിയാത്തവിധം മുഴുവനായും ഉരുളെടുത്ത് പോയി. ഇവ്വിധം തലനാരിഴക്ക് ജീവൻ കിട്ടിയവർ അധികമില്ല. അതിലുമെത്രയോ പേരുടെ ഉയിർ ഇവിടെ പൊലിഞ്ഞു.

ഈ മേഖലയിൽ മാത്രം നൂറ് കണക്കിന് ഹോം സ്റ്റേകളും റിസോർട്ടുകളും പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഇവിടങ്ങളിലേക്കെല്ലാം റോഡും നിർമ്മിച്ചിട്ടുണ്ട്. കുഴൽ കിണറുകളും കുഴിച്ചിട്ടുണ്ട്. 45 ഡിഗ്രിയിലധികം ചെരിവുള്ള ഭൂമിയിൽ യാതൊരു നിയന്ത്രണവുമില്ലാതെയാണ് ഇവിടങ്ങളിലെല്ലാം നിർമ്മാണം നടന്നത്. കൂടാതെ അടുത്ത കാലത്താണ് ‘ഗ്ലാസ് ബ്രിഡ്ജ്’ എന്ന പേരിൽ ചില്ല് പാലങ്ങൾ തുറന്നത്. വിനോദസാഞ്ചാര സീസൺ സമയങ്ങളിൽ ആയിരത്തിലധികം സഞ്ചരികൾ പ്രതിദിനം ഓരോ ഗ്ലാസ് ബ്രിഡ്ജിലുമുണ്ടാവും. അഞ്ഞൂറോളം ‘ഫോർ വീൽ’ ജീപ്പുകളാണ് മലമുകളിലൂടെയും ചരിവുകളിലൂടെയും നിരന്തരം ഓടിക്കൊണ്ടിരുന്നത്. ഇത് സൃഷടിക്കുന്ന പ്രശ്നങ്ങൾ വേറെയാണ്.

തൊഴിലാളികൾക്ക് ദുരിതം മാത്രം നൽകികൊണ്ടാണ് ഈ മലഞ്ചെരുവിലും കൊടുമുടിയിലുമെല്ലാം തേയിലത്തോട്ടങ്ങൾ പ്രവർത്തിച്ചുവരുന്നത്. ഭൂപരിഷ്കരണം നടപ്പാക്കിയ സന്ദർഭത്തിൽ വൻ തോട്ടങ്ങളെ ഭൂപരിധിയിൽ നിന്നും മാറ്റി നിർത്തിയതിത്, അവയുടെ വ്യവസായ മൂല്യവും തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങളും കണക്കിലെടുത്താണ്. ഈ വ്യവസായം ഇന്ന് ഗുരുതര പ്രതിസന്ധി നേരിടുകയാണ്. ഉൽപന്ന വിലയിടിവാണ് മുഖ്യ വെല്ലുവിളി. ആയിരക്കണക്കിന് സ്ഥിരം തൊഴിലാളികൾ ജോലി ചെയ്തിരുന്ന തോട്ടങ്ങളിൽ നാമമാത്രമാണ് ഇന്ന് അവരുടെ എണ്ണം. കമ്പനികളൊന്നും പുതുതായി സ്ഥിരം തൊഴിലാളികളെ നിയമിക്കുന്നില്ല. സൗജന്യ ചികിത്സയുൾപ്പെടെ അവർക്ക് നൽകിയിരുന്ന ഏതാണ്ടെല്ലാ ആനുകൂല്യങ്ങളും റദ്ദു ചെയ്തിരിക്കുകയാണ്. ഏഴോ എട്ടോ തലമുറകളായി എസ്റ്റേറ്റ് ലയങ്ങളിൽ കഴിഞ്ഞുകൂടിയവരുടെ പിന്മുറക്കാരാണ് മുണ്ടക്കൈയിലേയും ചൂരൽ മലയിലേയും മനുഷ്യരിലധികവും. ഇവിടം വിട്ടൊരു ജീവിതം അവർക്ക് ചിന്തിക്കുന്നതിനപ്പുറമാണ്. ഒഴിഞ്ഞു പോയ പാഡി മുറികളിൽ താമസിച്ചിരുന്ന അന്യ സംസ്ഥാന തൊഴിലാളികളിൽ എത്ര പേരുടെ ജീവൻ ഉരുൾകൊണ്ടു പോയെന്നതിൽ ആർക്കും തീർപ്പൊന്നുമില്ല. അവരിൽ ഭൂരിഭാഗവും ജോലി ചെയ്തിരുന്നത് എസ്റ്റേറ്റുകളിലോ റിസോർട്ടുകളിലോ ആണ്. അവിടെയൊന്നും ഇവരുടെ പേരുവിവരങ്ങൾ ഇല്ല.

വികസനവാദികളുടെ
വ്യാജങ്ങൾ

രക്ഷാപ്രവർത്തനം അവസാനിക്കുന്നതിന് മുമ്പേ പൊതു സമൂഹത്തിൽനിന്ന് ഉയർന്നുവന്ന ആവശ്യങ്ങളിൽ പ്രധാനം ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നതായിരുന്നു. കക്ഷിരാഷ്ട്രീയാതീതമായി ഏതെണ്ടല്ലാ പ്രസ്ഥാനങ്ങളും ഇതേ ആവശ്യം ഉന്നയിച്ചു. എന്നാൽ വിചിത്രമെന്ന് പറയട്ടെ, രണ്ടാഴ്ചയോളമായി ഇതൊരു പ്രാദേശിക പ്രശ്നം മാത്രമാണിതെന്ന് പ്രചരിപ്പിക്കുകയാണ് എല്ലാവരും.

ടൂറിസ്റ്റുകളുടെ വരവ് ഗണ്യമായി കുറഞ്ഞതോടെയാണ് ആഴ്ചകൾക്കുള്ളിൽ ഈ മനം മാറ്റം. വിനോദ സഞ്ചാരികൾ എത്തിയില്ലെങ്കിൽ വയനാട് ഉരുൾപൊട്ടലിനെക്കാൾ ഗുരുതരമായ തകർച്ച നേരിടുമെന്ന പ്രചാരണം നടത്തുന്നവർ വികസനവാദികളുടെ ശ്രേണിയിൽ ഉൾപ്പെടുന്നവരാണ്. എസ്റ്റേറ്റ് മുതലാളിമാർ, കരിങ്കൽ ഖനനം നടത്തുന്നവർ, റിസോർട്ടുടമകൾ, തുടങ്ങിയവരാണ് പ്രധാനമായും ഈ വികസനവാദികൾ. ഇവർക്കൊപ്പം സ്വതന്ത്ര കർഷക സംഘടനയുടെ ഭാരവാഹികൾ എന്ന പേരിൽ ചിലരും അണിചേരുന്നു.

മാധവ് ഗാഡ്ഗില്‍
മാധവ് ഗാഡ്ഗില്‍

പശ്ചിമഘട്ട ദേശങ്ങളിൽ കൊണ്ടുവരുന്ന നിയന്ത്രണങ്ങൾ കർഷകരെ കുടിയിറക്കാനുളള ഗൂഢാലോചനയാണെന്ന പ്രചാരണമാണ് ഇവർ പ്രധാനമായും ഉയർത്തുന്നത്. ഇതിനായി അവർ വ്യാജമായ സ്ഥിതിവിവര കണക്കുകൾ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ഇവർ കൂടി ചേർന്നതോടെ വികസനവാദികളുടെ പട്ടികയുടെ നീളം വർധിച്ചു. ഈ മൂവരുടെയും മുഖ്യ ശത്രു പരിസ്ഥിതി പ്രവർത്തകരാണ്. വിചിത്ര വാദങ്ങളാണ് പരിസ്ഥിതി പ്രവർത്തകർക്കെതിരെ ഇവർ ഉയർത്തിവിടുന്നത്. ഈ സാഹചര്യത്തിലാണ് സർക്കാരും സർക്കാരിനെ നയിക്കുന്ന പാർട്ടികളും പരിസ്ഥിതി പ്രവർത്തകരെ എതിരാളികളായി മുദ്രകുത്തുന്നത്. പരിസ്ഥിതിയനുഭാവം പുലർത്തുന്നവരെ അധിക്ഷേപിക്കാനായി സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ മൂവരും വിദഗ്ധരാണ്.

മഹാദുരന്തത്തിൻ്റെ അലയൊലികൾ അല്പമൊന്നകലുന്നതിന് മുമ്പുതന്നെ തുരങ്ക പാതയ്ക്കും വേണ്ടിയുള്ള സമ്മർദ്ദതന്ത്രം പരസ്യമായി പയറ്റാൻ തുനിയുന്നവർക്ക് പിന്തുണയുമായി വികസന വാദികളുടെ പട തന്നെയുണ്ട്. പരിസ്ഥിതി പക്ഷത്തുനിന്ന് നടപ്പിൽ വരുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നും ബദൽ റോഡുകൾ വേണമെന്ന ആവശ്യവും ദുരന്തമുഖത്ത് ഉന്നയിക്കുന്നതിൽ ഇവരിലാർക്കും ഖേദമില്ല. എന്നു മാത്രമല്ല ടൂറിസ്റ്റുകളെ ആകർഷിക്കാനുള്ള യത്നങ്ങളിലേക്ക് ഇവർ പ്രവേശിച്ചും കഴിഞ്ഞു.

മുപ്പത് വർഷങ്ങൾക്ക് മുമ്പ് 1994 സെപ്തംബർ 24 നാണ് പടിഞ്ഞാറത്തറ - പൂഴിത്തോട് റോഡ് നിർമ്മിക്കുന്നതിൻ്റെ മുന്നോടിയായി ഒരു ശിലാഫലകം പടിഞ്ഞാറത്തറയിൽ സ്ഥാപിക്കുന്നത്. മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. എന്നാൽ ചടങ്ങ് കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും റോഡ് നിർമാണം തുടങ്ങിയില്ല. അന്നത്തെ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ടും പ്രദേശവാസിയുമായ സണ്ണി ജോസഫിൻ്റെ നേതൃത്വത്തിൽ പരാതിയുമായി മുഖ്യമന്ത്രിയുടെ മുന്നിലെത്തി.
‘‘അതൊന്നും നടക്കില്ല. വയനാട്ടിലേക്ക് മറ്റൊരു റോഡ് വരണമെന്ന് എനിക്ക് താല്പര്യമുണ്ട്. പക്ഷെ, കേന്ദ്രത്തിൻ്റെ അനുമതി ലഭിക്കില്ല. കൊടും വനത്തിൻ്റെ കോർ ഏരിയയിലൂടെയാണ് പാത കടന്നുപോവേണ്ടത്. അവിടം വന്യമൃഗങ്ങളുടെ മുഖ്യ ആവാസ കേന്ദ്രം കൂടിയാണ്’’ എന്നായിരുന്നു കരുണാകരൻ്റെ മറുപടിയെന്ന് പിന്നീട് പരിസ്ഥിതി പ്രവർത്തകനായി മാറിയ സണ്ണി ജോസഫ് പറഞ്ഞു.

മഹാദുരന്തത്തിൻ്റെ അലയൊലികൾ അല്പമൊന്നകലുന്നതിന്  മുമ്പുതന്നെ തുരങ്ക പാതയ്ക്കും വേണ്ടിയുള്ള സമ്മർദ്ദതന്ത്രം പരസ്യമായി പയറ്റാൻ തുനിയുന്നവർക്ക് പിന്തുണയുമായി വികസന വാദികളുടെ പട തന്നെയുണ്ട്.
മഹാദുരന്തത്തിൻ്റെ അലയൊലികൾ അല്പമൊന്നകലുന്നതിന് മുമ്പുതന്നെ തുരങ്ക പാതയ്ക്കും വേണ്ടിയുള്ള സമ്മർദ്ദതന്ത്രം പരസ്യമായി പയറ്റാൻ തുനിയുന്നവർക്ക് പിന്തുണയുമായി വികസന വാദികളുടെ പട തന്നെയുണ്ട്.

മുണ്ടക്കൈ ദുരന്ത പാശ്ചാത്തലത്തിൽ പൂഴിത്തോട് റോഡിനുള്ള മുറവിളി ഉയരുന്നതിന് പിന്നിൽ ഗൂഢ താല്പര്യങ്ങളുണ്ട്. ചുരമില്ലാ പാതയെന്ന വിശേഷണം നൽകിയാണ് ഈ റോഡിനു വേണ്ടിയുള്ള പ്രചാരണം. ബാണാസുര സാഗർ ഡാമിൽ നിന്ന് കുറ്റ്യാടി പദ്ധതിയിലേക്ക് ജലം ഒഴുക്കുന്ന ടണലിനടുത്തു കൂടെയാണ് ഈ പാതയും നിർമ്മിക്കേണ്ടത്. ബാണാസുര മലനിരയിൽ കാപ്പിക്കളത്തുണ്ടായ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ പതിനൊന്ന് പോരാണ് അന്ന് കൊല്ലപ്പെട്ടത്. ഇനിയുമൊരുൾപൊട്ടലുണ്ടായാൽ ഡാമിൻ്റെ സുരക്ഷയെ അത് ഗുരുതരമായി ബാധിക്കും. മണ്ണണയായ ബാണാസുര സാഗറിനെ സംബന്ധിച്ച ഈ ആശങ്ക നിലനിൽക്കെ ഈ മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ കർശനമായി തടയണമെന്ന് പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിരുന്നു. വനാന്തർഭാഗത്ത് സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള തോട്ടങ്ങൾ ടൂറിസ്റ്റ് കേന്രങ്ങളാക്കുകയെന്ന ഉദ്ദേശ്യമാണ് പുഴിത്തോട് റോഡിനായുള്ള ആവശ്യത്തിന് പിന്നിലെ യഥാർത്ഥ താല്പര്യമെന്ന് സണ്ണി ജോസഫ് പറയുന്നു.

സണ്ണി ജോസഫ്
സണ്ണി ജോസഫ്

കേരളത്തിലെ പശ്ചിമഘട്ട മലനിരകളാകെ ദുർബലപരിസ്ഥിതി പ്രദേശമാണെന്നിരിക്കെ, ഇവിടങ്ങളിലെ കൂറ്റൻ നിർമ്മിതികൾ ഗുരുതര ദുരന്തങ്ങൾക്ക് ഹേതുവാകുമെന്നതിൽ ആർക്കും വിയോജിപ്പുണ്ടാവില്ല. എന്നാൽ ഇതുൾക്കൊള്ളാൻ ഭരണകൂടങ്ങൾ തയ്യാറല്ല. അവർ കയ്യേറ്റക്കാരുടെയും ധനാർത്തരുടെയും അഭിലാഷങ്ങൾ പൂർത്തീകരിക്കാൻ സഹായം ഒരുക്കുകയാണ്. നിർദ്ദിഷ്ട തുരങ്കപ്പാതുക്കുവേണ്ടിയുള്ള ഇപ്പോഴത്തെ മുറവിളിയെ ഇവ്വിധം വിലയിരുത്താനേ കഴിയൂ. അതീവ ദുർബലമായ ഭൂഘടന നിലനിൽക്കുന്ന മുണ്ടക്കൈ ഉൾപ്പെടെയുള്ള പ്രദേശങ്ങളുടെ നിലനിൽപ് തന്നെ അപകടത്തിലാണെന്ന ശാസ്ത്ര മുന്നറിയിപ്പുകൾ അവഗണിച്ചാണ് ടണൽ റോഡ് എന്ന ആശയം വീണ്ടും ഉന്നയിക്കുന്നത്. ആഗോളതാപനം, കാലാവസ്ഥാവ്യതിയാനം തുടങ്ങിയ പ്രകൃതിപ്രതിഭാസങ്ങളാണ് ദുരന്ത ഹേതുവെന്ന് കരുതുകയും മനുഷ്യജന്യമായ കാരണങ്ങൾ തള്ളിക്കളയുകയും ചെയ്യുന്ന പക്ഷത്താണ് മുഖ്യധാരാ കക്ഷികളും അവരെ പിന്താങ്ങുന്ന വിദഗ്ധരും. ഇവരെ സഹായിക്കാൻ സമ്പന്നരുടെ നിര തന്നെ മുന്നിലുണ്ട്. സർക്കാർ നിയോഗിച്ച സമിതിയുടെ കണ്ടെത്തലും ഈ കാഴ്ചപ്പാടിനോട് സാമ്യമുള്ളതാണ്. അതുകൊണ്ട് വികസനപക്ഷ നിലപാടാണിതെന്ന് വിധിയെഴുതുന്ന സാഹചര്യമുണ്ട്.

നൂറ്റാണ്ടുകൾ നീളുന്ന പ്രകൃതി ചൂഷണത്തിൻ്റെ ഇരയാണ് പശ്ചിമഘട്ടവും അവിടുത്തെ മനുഷ്യരുമെന്ന ചിന്ത മുന്നോട്ടുവെക്കുന്നവരെ വികസന വിരുദ്ധരെന്ന് മുദ്രചാർത്തുന്ന പ്രവണതയും വ്യാപകമാണ്. ഇത്തരം വാദമുഖങ്ങൾ പ്രകൃതി സംരക്ഷണ യത്നങ്ങളെ വയനാട്ടിൽ ദുർഘടമാക്കുകയാണ്. പ്രകൃതി സംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്ന ഒരു സംഘടന ഈയിടെ വയനാട്ടിൽ സംഘടിപ്പിച്ച ശാസ്ത്രസമ്മേളനം പരാജയപ്പെടുത്തുകയെന്ന താല്പര്യത്തോടെ സമീപത്ത് തന്നെ മറ്റൊരു പരിപാടി നടത്തുന്നത് ഏതാണ്ട് നൂറോളം സംഘടനകളുടെ പിന്തുണയോടെയാണ്. ഇവയിൽ ഭൂരിഭാഗവും കടലാസ് സംഘടനകളാണെങ്കിലും അവർ ഉന്നയിച്ച വാദമുഖങ്ങൾ വിചിത്രമായിരുന്നു. ‘സുരക്ഷിത വയനാട്’ എന്ന പരിപാടിയുടെ പേര് തെറ്റിദ്ധാരണ സൃഷ്ടിക്കാൻ പോന്നതായിരുന്നെന്ന് പിന്നീട് വ്യക്തമായി. ടൂറിസം രംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് സർക്കാർ ആവിഷ്കരിച്ച പരിപാടിയ്ക്കും സമാന നാമം തന്നെയാണ് ഉപയോഗിക്കുന്നത്. ഒരർത്ഥത്തിൽ തികച്ചും അപകടകരമായ ഒരിടത്തേക്ക് എന്ത് ലാഭത്തിൻ്റെ പേരിലായാലും മനുഷ്യരെ വിളിച്ചു വരുത്തുന്നത് ധാർമ്മീകമായി അംഗീകരിക്കാനാ വില്ല. അധാർമ്മീകമായ സംവിധാനങ്ങൾ ദീർഘകാലം നിലനിൽക്കില്ലെന്ന് പ്രകൃതി നിരന്തരം തെളിയിച്ചിട്ടുണ്ട്.

വളരെ പ്രസക്തമായ നിരവധി ചോദ്യങ്ങൾ ഇവിടെ ഉയരുന്നുണ്ട്. പ്രകൃതിയുടെ എക്കാലത്തേയും നിലനിൽപിനായി നിലകൊള്ളുന്നവരെ ശത്രുപക്ഷത്ത് പ്രതിഷ്ഠിക്കുന്നതിൻ്റെ പിന്നിലെ ഗൂഢലക്ഷ്യമെന്ത് എന്നതാണ് ഇതിലാദ്യത്തേത്. സമൂഹത്തിലെ ധനാർത്തരുടെ ഇംഗിതത്തിന് വഴങ്ങി പ്രകൃതിവിഭവങ്ങൾ കൊള്ളചെയ്യുന്നവരെ സംരക്ഷിക്കുന്ന രാഷ്ട്രീയ- മത ശക്തികൾ മനുഷ്യവംശത്തിൻ്റെ മുന്നോട്ടുള്ള പ്രയാണത്തെ അവരോഹണ ക്രമത്തിലേക്ക് തിരിച്ചയക്കുകയാണ്. വികസനത്തിൻ്റെയോ ജീവിക്കാനുള്ള അവകാശത്തിൻ്റെയോ പേരിൽ പ്രകൃതിയുടെ മേൽ മനുഷ്യൻ നടത്തുന്ന അതിക്രമങ്ങൾക്കുള്ള ശിക്ഷ ഏറ്റുവാങ്ങേണ്ടിവരുന്നത് ദുർബലരും നിരാശ്രയരുമായ പാർശ്വവൽകൃത ജനതയാണ്. മുണ്ടക്കൈയും ചുരൽമലയും മാത്രമല്ല പ്രകൃതി ദുരന്തങ്ങളെല്ലാം ഇതിനുള്ള ദൃഷ്ടാന്തങ്ങളാണ്.


Summary: The Condition of Mundakkai and Wayanad After the Landslide Disaster. What is behind the tourism call by the government? How can Wayanad survive future disasters? MK Ramadas writes.


എം.കെ. രാംദാസ്​

സ്വതന്ത്ര മാധ്യമ പ്രവർത്തകൻ. അച്ചടി, ദൃശ്യ, ഓൺലൈൻ രംഗങ്ങളിൽ മാധ്യമപരിചയം. ജീവിതം പ്രമേയമായി അഞ്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments