Photo: District Information Office Wayanad

ഉരുൾപൊട്ടലിന്റെ ഉത്തരവാദിയാര്,
സാധ്യതാ പഠനങ്ങളുടെ വിശ്വാസ്യതയെത്ര?

ഉരുൾപൊട്ടലും പരിസ്ഥിതി സംരക്ഷണവുമായി ബന്ധമുണ്ടോ? ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കിയാൽ പിന്നെ ഉരുൾപൊട്ടലുണ്ടാകില്ലേ? ഉരുൾപൊട്ടൽ പ്രവചനം സാധ്യമാണോ? സാധ്യതാ പഠനമാപ്പിന് വിശ്വാസ്യതയുണ്ടോ? വയനാട് ദുരന്തത്തിൻെറ പശ്ചാത്തലത്തിൽ കേരളം അഭിസംബോധന ചെയ്യേണ്ട ചോദ്യങ്ങളാണിവ- ഡോ. അലക്സ് സി.ജെ എഴുതുന്നു.

കൊടുങ്കാട്ടിലും ഉരുൾപൊട്ടലുണ്ടാകില്ലേ? ഉരുൾപൊട്ടലും പരിസ്ഥിതി സംരക്ഷണവുമായി ബന്ധമുണ്ടോ? ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കിയാൽ പിന്നെ ഉരുൾപൊട്ടൽ ഉണ്ടാകില്ലേ? ഉരുൾപൊട്ടൽ പ്രവചനം സാധ്യമാണോ? ഉരുൾപൊട്ടൽ സാധ്യതാ പഠനമാപ്പിന് വിശ്വാസ്യതയുണ്ടോ? വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൻെറ പശ്ചാത്തലത്തിൽ കേരള സമൂഹം ചർച്ച ചെയ്യുന്ന വിഷയങ്ങളാണ് ഈ പറഞ്ഞതെല്ലാം. ഇവയെല്ലാം അഭിസംബോധന ചെയ്യപ്പെടേണ്ടവ തന്നെയാണ്.

കേരളത്തിലെ ഉരുൾപൊട്ടൽ സാധ്യത കൂടുതലുള്ള രണ്ട് ജില്ലകളുടെ (ഇടുക്കി, മലപ്പുറം) ഉരുൾപൊട്ടൽ സാധ്യതാ പഠനത്തിന് ജിയോ ഇൻഫർമേഷൻ സിസ്റ്റം, റിമോട്ട് സെൻസിംഗ് സാങ്കേതിക സഹായം (GlS & RS) നൽകിയ അനുഭവത്തിൻെറ ബലത്തിലാണ് ഈ ലേഖനം എഴുതുന്നത്.

ഉഷ്ണമേഖലാ രാജ്യങ്ങളിലെ 90%  ഉരുൾപൊട്ടലിൻ്റെയും ട്രിഗറിങ്ങ് ഫാക്ടർ (Triggering Factor) അഥവാ ഏറ്റവും പ്രധാന പ്രേരക ഘടകം ശക്തമായ മഴയാണെന്നാണ്  എല്ലാ പഠനങ്ങളും പറയുന്നത്. Photo: District Information Office Wayanad
ഉഷ്ണമേഖലാ രാജ്യങ്ങളിലെ 90% ഉരുൾപൊട്ടലിൻ്റെയും ട്രിഗറിങ്ങ് ഫാക്ടർ (Triggering Factor) അഥവാ ഏറ്റവും പ്രധാന പ്രേരക ഘടകം ശക്തമായ മഴയാണെന്നാണ് എല്ലാ പഠനങ്ങളും പറയുന്നത്. Photo: District Information Office Wayanad

ഉരുൾപൊട്ടലിൻ്റെ
പരമപ്രധാന കാരണം

ഉഷ്ണമേഖലാ രാജ്യങ്ങളിലെ 90% ഉരുൾപൊട്ടലിൻ്റെയും ട്രിഗറിങ്ങ് ഫാക്ടർ (Triggering Factor) അഥവാ ഏറ്റവും പ്രധാന പ്രേരക ഘടകം ശക്തമായ മഴയാണെന്നാണ് എല്ലാ പഠനങ്ങളും പറയുന്നത്. മേഘവിസ്ഫോടനമെന്നോ പേമാരിയെന്നോ ഒക്കെ പേരിട്ട് വിളിക്കുന്ന മഴ. ഉരുൾപൊട്ടൽ ട്രിഗറിംങ് ഫാക്ടറുകളുടെ ബാക്കി 10 ശതമാനത്തിൽ ഭൂമികുലുക്കം, പാറകളുടെ ബല നഷ്ടം, ടെക്ടോണിക്ക് ആക്ടിവിറ്റി, ഖനനത്തിനും, റോഡ് നിർമാണത്തിനും നടത്തുന്ന വൻ സ്ഫോടനങ്ങൾ തുടങ്ങിയവ വരും. കേരളത്തിൽ ഇതുവരെയുണ്ടായ ഉരുൾപൊട്ടലിൻ്റെ പരമപ്രധാന കാരണം അതിശക്തമായ മഴ തന്നെയാണ്. ശക്തമായ മഴയില്ലെങ്കിൽ കേരളത്തിൽ ഉരുൾപൊട്ടലിന് 99% സാധ്യതയില്ല.

കേരളത്തിൽ, മലനാട്ടിലെ ഭൂഘടനാ സാഹചര്യങ്ങളനുസരിച്ച് ഒരു ദിവസം തുടർച്ചയായി ഏഴു സെ.മീറ്ററിൽ കൂടുതൽ മഴ പെയ്താൽ തന്നെ അത് ട്രിഗറിങ്ങ് ഫാക്ടറായി പ്രവർത്തിക്കാം. മണിക്കൂറിൽ 10 സെ.മീറ്ററിൽ കൂടുതൽ പെയ്യുന്ന മഴയാണല്ലോ മേഘവിസ്ഫോടനം (Cloud Bursting). അപ്പോൾ മേഘവിസ്ഫോടനം ഉണ്ടായാലുള്ള സാഹചര്യം പറയുകയും വേണ്ട. ശക്തമായ മഴയുണ്ടെങ്കിൽ പിന്നീട് ഉരുൾപൊട്ടലിന് കാരണമാകുന്ന 11 ഘടകങ്ങൾ പ്രാധാന്യമനുസരിച്ച് ചുവടെ ചേർക്കുന്നു.

1. പ്രദേശത്തിൻ്റെ ചെരിവ് (Slope).
2. നിന്മോന്നത (Relative Relief).
3. പാറക്കു മുകളിലെ മണ്ണിൻ്റെ ആഴം (Soil Thickness).
4. മണ്ണിൻ്റെ / പാറയുടെ ഘടന (Soil Type/Rock Type).
5. നീർചാൽ സാന്ദ്രത (Drainage Density).

മുകളിൽ പറഞ്ഞ അഞ്ചു ഘടകങ്ങളിൽ മനുഷ്യർക്ക് പ്രത്യേകിച്ച് ഒരു നിയന്ത്രണവുമില്ല. എന്നാൽ ഇനി വരുന്ന ഘടകങ്ങളിൽ മനുഷ്യരുടെ പങ്ക് വലുതാണ്.

1. ഭൂവിനിയോഗത്തിൽ വരുത്തുന്ന മാറ്റങ്ങൾ (വന നശീകരണം).
2. നീർച്ചാലുകളെ പരിഗണിക്കാതെയുള്ള നിർമിതികൾ (റോഡ്, കെട്ടിടങ്ങൾ, മതിലുകൾ, തുടങ്ങിയവ).
3. കൃഷിയ്ക്കായി നീർച്ചാലുകൾ ഇല്ലാതാക്കൽ / ഒഴുക്ക് നിയന്ത്രണം/ ഗതി മാറ്റൽ
4. റബ്ബർ തോട്ടങ്ങളുടെ പുതുക്കൽ പ്രക്രിയ (പഴയ റബ്ബർ വെട്ടിമാറ്റി പുതിയവ നടൽ).
5. പാറ ഖനനത്തിനായി നടത്തുന്ന വലിയ സ്ഫോടനങ്ങൾ.
6. കാട്ടുതീ (മനുഷ്യർ കാരണമായുള്ളത്).

വരൾച്ച, കീടങ്ങളുടെ ആക്രമണം, രോഗങ്ങൾ, അധിനിവേശ സസ്യങ്ങളുടെ കടന്നുകയറ്റം തുടങ്ങിയ കാരണങ്ങളാൽ വനത്തിൻ്റെ ആരോഗ്യം ക്ഷയിക്കുന്നതും വനങ്ങൾക്കുള്ളിലുള്ള ഉരുൾപൊട്ടലിന് കാരണമാകുന്നുണ്ട്. ആയതിനാൽ വനങ്ങൾക്കുള്ളിലുണ്ടാകുന്ന ഉരുൾപൊട്ടലിലും മനുഷ്യർക്ക് ചെറിയ തോതിൽ പങ്കുണ്ടെന്ന് വേണമെങ്കിൽ വാദിക്കാം. Photo: District Information Office Wayanad
വരൾച്ച, കീടങ്ങളുടെ ആക്രമണം, രോഗങ്ങൾ, അധിനിവേശ സസ്യങ്ങളുടെ കടന്നുകയറ്റം തുടങ്ങിയ കാരണങ്ങളാൽ വനത്തിൻ്റെ ആരോഗ്യം ക്ഷയിക്കുന്നതും വനങ്ങൾക്കുള്ളിലുള്ള ഉരുൾപൊട്ടലിന് കാരണമാകുന്നുണ്ട്. ആയതിനാൽ വനങ്ങൾക്കുള്ളിലുണ്ടാകുന്ന ഉരുൾപൊട്ടലിലും മനുഷ്യർക്ക് ചെറിയ തോതിൽ പങ്കുണ്ടെന്ന് വേണമെങ്കിൽ വാദിക്കാം. Photo: District Information Office Wayanad

ഉരുൾപൊട്ടലിൽ, രണ്ടാമത് സൂചിപ്പിച്ച ആറു ഘടകങ്ങൾക്കുള്ള സ്വാധീനം, മനുഷ്യർക്ക് നിയന്ത്രണമില്ലാത്ത ഘടകങ്ങളെ അപേക്ഷിച്ച് കുറവാണെങ്കിലും, മനുഷ്യവാസമുള്ള പ്രദേശങ്ങളിലെ ഉരുൾപൊട്ടലിന്, ഈ ഘടകങ്ങളുടെ സ്വാധീനം, ആദ്യത്തെ അഞ്ചു ഘടകങ്ങൾ കൂടി ചേർന്നുവരുമ്പോൾ ഏറെ നിർണായകമാകാറുണ്ട്.

കൊടുങ്കാട്ടിലും
ഉരുൾപൊട്ടലുണ്ടാകില്ലേ?

അതിശക്തമായ മഴ പെയ്യുകയാണെങ്കിൽ മനുഷ്യരുടെ ഇടപെടലില്ലെങ്കിലും ആദ്യത്തെ അഞ്ചു ഘടകങ്ങളുടെ സ്വാധീനത്തിൽ തന്നെ ഉരുൾപൊട്ടലുണ്ടാകാം. ‘വനത്തിനുള്ളിൽ ഉരുൾപൊട്ടലുണ്ടാകുന്നില്ലേ, പിന്നെ വനം നശിപ്പിച്ചതാണ് ഉരുൾപൊട്ടലുണ്ടാകാൻ കാരണം എന്ന് മിണ്ടിയേക്കരുത്’ എന്നുപറഞ്ഞ് എന്നെ കല്ലെറിയാൻ വന്നേക്കരുതേ. വരൾച്ച, കീടങ്ങളുടെ ആക്രമണം, രോഗങ്ങൾ, അധിനിവേശ സസ്യങ്ങളുടെ കടന്നുകയറ്റം തുടങ്ങിയ കാരണങ്ങളാൽ വനത്തിൻ്റെ ആരോഗ്യം ക്ഷയിക്കുന്നതും വനങ്ങൾക്കുള്ളിലുള്ള ഉരുൾപൊട്ടലിന് കാരണമാകുന്നുണ്ട്. ആയതിനാൽ വനങ്ങൾക്കുള്ളിലുണ്ടാകുന്ന ഉരുൾപൊട്ടലിലും മനുഷ്യർക്ക് ചെറിയ തോതിൽ പങ്കുണ്ടെന്ന് വേണമെങ്കിൽ വാദിക്കാം.

ഞങ്ങൾ 2017- ൽ നടത്തിയ ഒരു പഠനത്തിൽ കേരളത്തിലാകെ അന്ന് പ്രവർത്തിച്ചിരുന്നതും താല്ക്കാലികമായി പ്രവർത്തനം നിർത്തിയതും സ്ഥിരമായി ഉപേക്ഷിക്കപ്പെട്ടതുമായ 5900- ത്തോളം കരിങ്കൽ ക്വാറികളുണ്ടെന്ന് കണ്ടെത്തിയിരുന്നു.

റബ്ബർ കൃഷിയ്ക്കും ജെ സി ബിക്കുമെല്ലാം ഉരുൾപൊട്ടലിൽ എന്തുകാര്യം?

കാർഷിക കേരളത്തെ പട്ടിണിയിൽനിന്ന് കരകയറ്റിയ പ്രധാന മറുനാടൻ മരങ്ങളിലൊന്ന് റബ്ബറാണ് എന്ന അറിവോടെ തന്നെ പറയട്ടെ, റബ്ബർ റീ-പ്ലാൻ്റേഷൻ നടത്തിയ പല സ്ഥലങ്ങളിലും അത് ഉരുൾപൊട്ടലിന് കാരണമായെന്നത് അനുഭവമാണ്. അതിനുപിന്നിലെ ശാസ്ത്രം ഇതായിരുന്നു. പാറയുടെ മുകളിലെ മണ്ണിനെ പിടിച്ചു നിർത്തുന്നതിൽ മണ്ണിൻ്റെ ഘടനയോടൊപ്പം മരങ്ങളുടേയും കുറ്റിച്ചെടികളുടേയും വേരുകളുടെ ശൃംഖലയ്ക്കും വലിയ പങ്കുണ്ട്. ആദ്യ പ്രാവശ്യം റബ്ബർ വെക്കുമ്പോൾ റബ്ബർ ബോർഡിൻ്റെ സബ്സിഡി ലഭിക്കാൻ തോട്ടത്തിലെ എല്ലാ നാട്ടുമരങ്ങളും കാട്ടുമരങ്ങളും മുറിച്ചുമാറ്റണമായിരുന്നു. അങ്ങനെ ചെയ്തിട്ടാണ് മിക്കവരും റബ്ബർ വെച്ചത്. ചെരിവുള്ള പ്രദേശങ്ങളിലാണെങ്കിൽ പ്ലാറ്റ്ഫോം വെട്ടിയാണ് റബ്ബർ വെച്ചിരുന്നത്.

ആദ്യത്തെ പ്രാവശ്യം ഈ പണിയെല്ലാം കൈക്കോട്ട്, കൊത്തി, പിക്കാസ് തുടങ്ങിയ ലഘു യന്ത്രങ്ങളുടെ സഹായത്താൽ മനുഷ്യ അദ്ധ്വാനം കൊണ്ടാണ് ചെയ്തിരുന്നത്. അന്ന് പ്ലാറ്റ്ഫോം നിർമിക്കുമ്പോൾ നീർച്ചാലുകളെയും പാറകളെയും കൽക്കെട്ടുകളെയുമെല്ലാം പരിഗണിച്ചിരുന്നു. പ്ലാറ്റ്ഫോമുകൾക്കെല്ലാം തുല്യ വീതിയും നീളവും വേണമെന്നും റബ്ബർ തൈകൾ വരിയും നിരയും ഒപ്പിച്ച് കൃത്യം നേർരേഖയിൽ തന്നെ നടണമെന്നും ആർക്കും നിർബ്ബന്ധമില്ലായിരുന്നു. നീർച്ചാൽ കടന്നു പോകുന്നതും ഉറച്ച പാറകളുള്ളതുമായ തോട്ടത്തിലെ ചില ഭാഗങ്ങളിൽ തൈ നടാതെ ഒഴിവാക്കിയുമിരുന്നു. ഏറ്റവും പ്രാധാന്യം ആ പ്രദേശത്തെ നീരൊഴുക്കും, വെള്ളക്കെട്ടും, മണ്ണിൻ്റെ പ്രത്യേകതകളും നന്നായി അറിയാവുന്നവർ തന്നെയായിരുന്നു പണിക്കാർ, അല്ലെങ്കിൽ പണിക്ക് നേതൃത്വം നൽകിയിരുന്നവർ എന്നതാണ്.

കാർഷിക കേരളത്തെ പട്ടിണിയിൽനിന്ന് കരകയറ്റിയ പ്രധാന മറുനാടൻ മരങ്ങളിലൊന്ന് റബ്ബറാണ് എന്ന അറിവോടെ തന്നെ പറയട്ടെ, റബ്ബർ റീ-പ്ലാൻ്റേഷൻ നടത്തിയ പല സ്ഥലങ്ങളിലും അത് ഉരുൾപൊട്ടലിന് കാരണമായെന്നത് അനുഭവമാണ്. Photo: JOHN ABRAHAM / flickr
കാർഷിക കേരളത്തെ പട്ടിണിയിൽനിന്ന് കരകയറ്റിയ പ്രധാന മറുനാടൻ മരങ്ങളിലൊന്ന് റബ്ബറാണ് എന്ന അറിവോടെ തന്നെ പറയട്ടെ, റബ്ബർ റീ-പ്ലാൻ്റേഷൻ നടത്തിയ പല സ്ഥലങ്ങളിലും അത് ഉരുൾപൊട്ടലിന് കാരണമായെന്നത് അനുഭവമാണ്. Photo: JOHN ABRAHAM / flickr

എന്നാൽ, റബ്ബർ റീ പ്ലാൻ്റ് ചെയ്തപ്പോൾ പ്ലാറ്റ്ഫോം വെട്ടലും നിലമൊരുക്കലും, തൈ നടാനുള്ള കുഴിയെടുത്തതുമെല്ലാം ജെ സി ബി മുതലായ വലിയ യന്ത്രങ്ങളുടെ സഹായത്തോടെയാണ് ചെയ്തത്. ജെ സി ബി ഡ്രൈവറും ജോലിക്ക് നേതൃത്വം നൽകുന്നവരും ആ പ്രദേശം അറിയുന്നവരായിരിക്കണമെന്നില്ല. മാത്രമല്ല നീർച്ചാലുകൾ വറ്റിവരണ്ട വേനൽക്കാലത്തായിരിക്കും നിലമൊരുക്കൽ ചെയ്യുക. ആയതിനാൽ ജെ സി ബി ഉപയോഗിച്ച് പ്ലാറ്റ്ഫോമുകൾ വെട്ടുമ്പോൾ വേരുകൾ ഇളക്കി മാറ്റപ്പെടുന്നു എന്നുമാത്രമല്ല നീർച്ചാലുകളെ പരിഗണിക്കാതെയും ഉറച്ച പാറകളെ സ്ഥാനഭ്രംശം നടത്തിയുമെല്ലാം കൃത്യമായ വീതിയിലും നീളത്തിലുമൊക്കെ പ്ലാറ്റ്ഫോമുകൾ വെട്ടിയായിരിക്കും പുതിയ റബ്ബർ തൈകൾ നടുന്നത്.

ഒന്നോ രണ്ടോ വർഷങ്ങൾക്കുള്ളിൽ തന്നെ പഴയ റബ്ബറിന്റെ വേരുകൾ ചിതല് പിടിച്ച് പോവുകയും ആ വിടവിലൂടെ വെള്ളം മണ്ണിനടിയിലേക്ക് കുത്തിയിറങ്ങാനിടവരുകയും ചെയ്യുന്നു. മുൻപ് സൂചിപ്പിച്ച പോലെ മണ്ണിനെ പാറയുടെ മുകളിൽ ഉറപ്പിച്ച് നിർത്തുന്നതിൽ വലിയ പങ്കുള്ള വേരുപടലം പൂർണമായും ഇല്ലാതാകുന്നത് ഉരുൾപൊട്ടൽ സാധ്യത വർദ്ധിപ്പിക്കുന്നു. അതോടൊപ്പം, വേരുകൾ ചിതൽ പിടിച്ചുപോയ പോടുകളിലൂടെ ജലം ആഴ്ന്നിറങ്ങുന്നത് ‘സോയിൽ പൈപ്പിംഗ്’ (മണ്ണൂതിപ്പോകൽ) എന്ന പ്രതിഭാസത്തിന് കാരണമാകുന്നു. ‘സോയിൽ പൈപ്പിംങ്’ എന്ന പ്രതിഭാസമാണ് കേരളത്തിലെ പല ഉരുൾപൊട്ടലുകളിലും നിർണായകമായിട്ടുള്ളത്. റബ്ബർ കൃഷി മാത്രമല്ല, ഏലം, കശുമാവ്, തുടങ്ങി ചെരിഞ്ഞ പ്രദേശത്ത് പ്ലാറ്റ്ഫോമുകൾ വെട്ടി ചെയ്യുന്ന എല്ലാ കൃഷിയും ഒരു പരിധിവരെ ഉരുൾപൊട്ടൽ സാധ്യത കൂട്ടുന്നുണ്ട് എന്നുതന്നെ പറയാം. ശക്തമായ കാട്ടുതീ ഉണ്ടായ പ്രദേശങ്ങളിൽ മരങ്ങളും കുറ്റിച്ചെടികളും ഇല്ലാതാകുന്നതും മുകളിൽ സൂചിപ്പിച്ച പ്രതിഭാസങ്ങൾക്ക് കാരണമാകാറുണ്ട്.

ക്വാറികൾക്ക് ഉരുൾപൊട്ടലിൽ നേരിട്ടും പരോക്ഷമായും അവഗണിക്കാനാകാത്ത പങ്കുണ്ട്. ക്വാറികളിൽ നടത്തുന്ന വൻ സ്ഫോടനങ്ങളുടെ പ്രകമ്പനങ്ങൾ കിലോമീറ്ററോളം ദൂരത്തേക്ക് പോകാം.

കരിങ്കൽ ക്വാറികളും
ഉരുൾപൊട്ടലും

ക്വാറികൾക്ക് ഉരുൾപൊട്ടലിൽ നേരിട്ടും പരോക്ഷമായും അവഗണിക്കാനാകാത്ത പങ്കുണ്ട്. ക്വാറികളിൽ നടത്തുന്ന വൻ സ്ഫോടനങ്ങളുടെ പ്രകമ്പനങ്ങൾ കിലോമീറ്ററോളം ദൂരത്തേക്ക് പോകാം. പണ്ടുകാലത്ത് പാറയിലുണ്ടാക്കുന്ന കുഴികളിൽ വെടിമരുന്ന് നിറച്ച് ഓരോ കുഴിയിലെ തിരികളും പരസ്പരം ബന്ധിപ്പിച്ച് ഒരു കുഴിയിലെ സ്ഫോടനത്തിനുശേഷം മറ്റൊന്ന് എന്ന രീതിയിലാണ് പാറപൊട്ടിക്കൽ നടന്നു കൊണ്ടിരുന്നത്. അതിൽനിന്ന് വ്യത്യസ്തമായി ഇപ്പോൾ ക്വാറികളിൽ ഇലക്ട്രിക്ക് തോട്ട എന്ന സംവിധാനമാണ് ഉപയോഗിക്കുന്നത്. കരിങ്കൽ പാറകളിൽ യന്ത്രസംവിധാനങ്ങൾ ഉപയോഗിച്ച് കുഴിക്കുന്ന 50 - 100 വരെ കുഴികളിൽ ഒരേസമയം സ്ഫോടനം നടത്തുന്ന രീതിയാണിത്. ഇത്തരം സ്ഫാടനങ്ങളുടെ പ്രകമ്പനങ്ങൾ കിലോ മീറ്ററുകളോളം സഞ്ചരിക്കുന്നതായി ക്വാറിക്കടുത്ത് വീടുള്ളവരുടെയെല്ലാം അനുഭവമാണ്. ക്വാറിയ്ക്ക് ഒരു കിലോമീറ്റർ പരിധിയിലുള്ള വീടുകളുടെ ചുവരുകളിൽ വരെ വിള്ളലുണ്ടാക്കിയ അനവധി ഉദാഹരണങ്ങളുണ്ട്. അപ്പോൾ ഈ പ്രകമ്പനങ്ങൾ ആ പ്രദേശത്തെ മണ്ണടരുകളേയും ബാധിക്കുമെന്ന് ഉറപ്പാണല്ലോ?

ക്വാറി പ്രദേശത്തും ക്വാറിയിലേക്കുള്ള റോഡ് നിർമാണത്തിനുമൊക്കെയായി നടത്തുന്ന വന നശീകരണം, ക്വാറികളിലേക്കുള്ള റോഡ് നിർമാണത്തിനായി മണ്ണ് നീക്കൽ, നീർച്ചാലുകളെ തടയൽ, ക്വാറികളിലേക്കുള്ള ഭാരവാഹനങ്ങളുടെ ഗതാഗതം ഇതെല്ലാം പരോക്ഷമായി ഉരുൾപൊട്ടലിന് കാരണമാകുന്നുണ്ട്.

ഞങ്ങൾ 2017- ൽ നടത്തിയ ഒരു പഠനത്തിൽ കേരളത്തിലാകെ അന്ന് പ്രവർത്തിച്ചിരുന്നതും താല്ക്കാലികമായി പ്രവർത്തനം നിർത്തിയതും സ്ഥിരമായി ഉപേക്ഷിക്കപ്പെട്ടതുമായ 5900- ത്തോളം കരിങ്കൽ ക്വാറികളുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ആ പഠനത്തെ ആശ്രയിച്ച് കേരളത്തിലെ ഉരുൾപൊട്ടലുകൾക്കെല്ലാം ക്വാറികളാണ് കാരണം എന്ന നിലയിൽ പല വിമർശനങ്ങളും ഉയർന്നിരുന്നു. എന്നാൽ അത്തരമൊരു വിലയിരുത്തൽ വസ്തുതകൾക്ക് നിരക്കുന്നതല്ല.

കവളപ്പാറ ഉരുൾപ്പൊട്ടൽ, പ്രദേശത്തിൻ്റെ ചുറ്റുമുള്ള 30-ഓളം ക്വാറികളുടെ പ്രവർത്തനഫലമായാണെന്ന തെറ്റായ ഒരവലോകനവും വന്നിരുന്നു. എന്നാൽ ഉരുൾപ്പൊട്ടലുണ്ടായ കവളപ്പാറയുടെ രണ്ടു കി.മീറ്റർ ചുറ്റളവിൽ പോലും ഒരു ക്വാറിയും പ്രവർത്തിച്ചിരുന്നില്ല. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ കേരളത്തിൽ സജീവമായ ക്വാറികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഉരുൾപ്പൊട്ടലുകളിൽ സജീവവും ഉപേക്ഷിച്ചതുമായ ക്വാറികളുടെ സ്വാധീനം പഠന വിധേയമാക്കേണ്ടതുണ്ട്. കരിങ്കൽ ക്വാറിയിംങ്ങിലെ പരിസ്ഥിതി ആഘാതം പരമാവധി കുറയ്ക്കാനുള്ള നടപടികൾ ഉണ്ടാകണം.

ഗാഡ്ഗിൽ റിപ്പോർട്ടും
ഉരുൾപൊട്ടലും

പശ്ചിമഘട്ടം സംരക്ഷിക്കാൻ സ്വീകരിക്കാവുന്ന മികച്ച ചില പൊതു നിർദ്ദേശങ്ങളും രീതിശാസ്ത്രവും മുന്നോട്ടുവെച്ച പഠനമാണ് പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട് (WGEEP Report) അഥവാ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട്. ആ റിപ്പോർട്ട് അതേപടി നടപ്പിലാക്കണം എന്ന നയം ആ റിപ്പോർട്ടിന്റെ തന്നെ ഉള്ളടക്കത്തിൽ ഇല്ല. കേരളം, തമിഴ്നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ ആറ് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന, 1.3 കോടി ഹെക്ടറിലുള്ള ഒരു ഭൂപ്രദേശത്തെ കുറിച്ച് ചുരുങ്ങിയ കാലം കൊണ്ട് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർബന്ധിതമായതിനാൽ, ശരിയായ പ്രാദേശിക പരിശോധനകളുടേയും അവലോകനങ്ങളുടേയും അഭാവമുണ്ടായിട്ടുണ്ട് എന്നത് ആ റിപ്പോർട്ടിൽ തന്നെ അംഗീകരിച്ചിട്ടുള്ള വസ്തുതയുമാണ്.

വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ പ്രദേശം ഗാഡ്ഗിൽ - കസ്തൂരിരംഗൻ കമിറ്റി റിപ്പോർട്ടുകളിലെ പരിസ്ഥിതി ദുർബല പ്രദേശത്താണ്
വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ പ്രദേശം ഗാഡ്ഗിൽ - കസ്തൂരിരംഗൻ കമിറ്റി റിപ്പോർട്ടുകളിലെ പരിസ്ഥിതി ദുർബല പ്രദേശത്താണ്

ഗാഡ്ഗിൽ റിപ്പോർട്ടിലെ രീതിശാസ്ത്രം ആശ്രയിച്ച ‘9 Km x 9 Km’ (8100 ഹെക്ടർ) എന്ന അവലോകന ഗ്രിഡ് വലുപ്പവും, താലൂക്ക് അതിർത്തി എന്ന മാനേജ്മെൻ്റ് യൂണിറ്റും കേരളം പോലെയുള്ള അതിഭൂ വൈവിധ്യമുള്ള, ജനവാസമേറെയുള്ള പ്രദേശത്തിന് തീർത്തും യോജിച്ചതല്ല. ഈ രണ്ടു വലിയ പോരായ്മകൾ ഇല്ലായിരുന്നെങ്കിൽ ആ റിപ്പോർട്ട് വലിയ വിമർശനമില്ലാതെ തന്നെ നടപ്പിലാക്കപ്പെടുമായിരുന്നു. പരിസ്ഥിതി സംരക്ഷണം ലാക്കാക്കിയുള്ള റിപ്പോർട്ടിൽ ഒരു ജില്ലയെ മൊത്തമായും അല്ലെങ്കിൽ വനങ്ങളിൽ നിന്ന് അഞ്ചു കി.മീ അകലെയുള്ള ജനസാന്ദ്രമായ പട്ടണങ്ങളെയുമെല്ലാം അതീവ പരിസ്ഥിതി ദുർബല പ്രദേശമാക്കി നിയന്ത്രണങ്ങൾ നിർദ്ദേശിച്ചാൽ ആ റിപ്പോർട്ടിനെതിരെ എതിർപ്പ് ഉണ്ടാകാതിരുന്നെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.

പരിസ്ഥിതി പരിപാലന സോണുകൾ നിർണയിച്ച്, പ്രാദേശിക കൃത്യതയോടെ ഗാഡ്ഗിൽ റിപ്പോർട്ടിലെ പൊതുനിർദ്ദേശങ്ങൾ ജനകീയ കൂട്ടായ്മയോടെ നടപ്പിലാക്കിയാൽ ശേഷിക്കുന്ന പശ്ചിമഘട്ട ജൈവവൈവിധ്യം നിലനിർത്താനും സംരക്ഷിക്കാനും മനുഷ്യ കാരണങ്ങൾ കൊണ്ടുണ്ടാകുന്ന ഉരുൾപൊട്ടലുകളെ ഒരു പരിധിവരെ തടയാനും കഴിയും

ഗാഡ്ഗിൽ റിപ്പോർട്ട് ആശ്രയിച്ച ‘9 Km x 9 Km’ ഗ്രിഡ് വലുപ്പത്തിനുപകരം 1 Km x 1 Km (100 ഹെക്ടർ) അവലോകന ഗ്രിഡ് വലുപ്പവും താലൂക്ക് അതിർത്തിക്കു പകരം ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റി വാർഡ് അതിർത്തി അല്ലെങ്കിൽ ഉപനദീതടം (Sub River Basin) എന്ന മാനേജ്മെൻ്റ് യൂണിറ്റാക്കി ഉയർന്ന സ്കെയിലിലുള്ള (Large Scale) പഠനങ്ങൾ നടത്തി, പരിസ്ഥിതി പരിപാലന സോണുകൾ നിർണയിച്ച്, പ്രാദേശിക കൃത്യതയോടെ ഗാഡ്ഗിൽ റിപ്പോർട്ടിലെ പൊതുനിർദ്ദേശങ്ങൾ ജനകീയ കൂട്ടായ്മയോടെ നടപ്പിലാക്കിയാൽ ശേഷിക്കുന്ന പശ്ചിമഘട്ട ജൈവവൈവിധ്യം നിലനിർത്താനും സംരക്ഷിക്കാനും മനുഷ്യ കാരണങ്ങൾ കൊണ്ടുണ്ടാകുന്ന ഉരുൾപൊട്ടലുകളെ ഒരു പരിധിവരെ തടയാനും കഴിയും. (ഇതിന് സമാനമായ നിർദ്ദേശം ഗാർഡ്ഗിൽ റിപ്പോർട്ടിൽ തന്നെ ഉള്ളതുമാണ്). ഇതിനായി വിപുല പഠനങ്ങളും ഗവേഷണങ്ങളും അവലോകനങ്ങളും ആവശ്യമാണ്. വലിയൊരു ശാസ്ത്രപ്രയത്നവും വർഷങ്ങൾ നീണ്ടുനിൽക്കുന്ന വിപുലമായ വിവരശേഖരണവും ഇതിനായി വേണ്ടി വരുമെങ്കിലും കേരളത്തിൽ അതിന് വൈദഗ്ദ്യമുള്ളവരുടെ ആൾബലമുണ്ട്.

വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ പ്രദേശം ഗാഡ്ഗിൽ - കസ്തൂരിരംഗൻ കമിറ്റി റിപ്പോർട്ടുകളിലെ പരിസ്ഥിതി ദുർബല പ്രദേശത്താണ് (മേപ്പ് കാണുക).

ഉരുൾപൊട്ടൽ സാധ്യതാ ഭൂപടങ്ങൾ നിർമിക്കുന്നതെങ്ങനെ?

ജ്യോഗ്രഫിക്ക് ഇൻഫർമേഷൻ സിസ്റ്റം (GIS), റിമോട്ട് സെൻസിംഗ് എന്നീ സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് ഇപ്പോൾ ഉരുൾപൊട്ടൽ സാധ്യതാ പഠനങ്ങളും അതിൻ്റെ ഭാഗമായ ഉരുൾപൊട്ടൽ സാധ്യതാ ഭൂപടങ്ങളുടെ നിർമാണവും നടക്കുന്നത്. പഠനപ്രദേശത്തിൻ്റ ചെരിവ്, ചെരിവിൻ്റെ ദർശനം (Aspect), നിമ്നോന്നത, മണ്ണിൻ്റെ ആഴം, മണ്ണിൻ്റെ ഘടന, പാറകളുടെ ഇനം (Rock Type), നീർച്ചാലുകളുടെ സാന്ദ്രത (Drainage Density), നീർച്ചാലിൽ നിന്നുള്ള അകലം, റോഡ് ശൃംഖലയിൽ നിന്നുള്ള അകലം, ഭൂവിനിയോഗം (Land Use) എന്നീ ഭൂവിവരങ്ങളാണ് ഉരുൾപൊട്ടൽ സാധ്യതാ മേഖലകൾ കണ്ടെത്തുന്നതിനായി ഉപയോഗിക്കുക. GIS പ്ലാറ്റ്ഫോമിൽ ഈ വിവരങ്ങൾ വ്യത്യസ്ത തീമാറ്റിക്ക് റാസ്റ്റ്ർ ലെയറായി (Thematic Raster Layer) കൊണ്ടുവന്ന് ഓരോ ലെയറിൻ്റെയും റാസ്റ്റർ മൂല്യം വ്യത്യസ്ത ക്ലാസുകളാക്കി തിരിച്ച് ഉരുൾപൊട്ടൽ സാധ്യതയ്ക്കനുസരിച്ച് 0 - 10 വരെ മാർക്ക് (റാങ്ക്) കൊടുക്കുന്നു. പിന്നീട് എല്ലാ തീമാറ്റിക്ക് ലെയറും ഒന്നിനു മുകളിൽ ഒന്നായി അടക്കി (Overlay) എല്ലാ ലെയറിലേയും റാസ്റ്റർ റാങ്ക് മുല്യങ്ങൾ കൂട്ടി കിട്ടുന്നതാണ് ഉരുൾപൊട്ടൽ സാധ്യതാ ഭൂപടം.

വയനാടിൻ്റെ ഡിജിറ്റൽ എലിവേഷൻ മാപ്പ്
വയനാടിൻ്റെ ഡിജിറ്റൽ എലിവേഷൻ മാപ്പ്

പ്രദേശത്തിൻ്റെ ചെരിവ് ഉദാഹരണമായെടുക്കാം. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ (NASA) യുടെ ASTER GDEM മിഷനിൽ നിന്ന് ഭൂമിയിലെ 99% പ്രദേശങ്ങളുടേയും സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം (Elevation From The Mean Sea Level) റാസ്റ്റർ ലെയറുകളായി ലഭ്യമാണ്. (വയനാടിൻ്റെ ഡിജിറ്റൽ എലിവേഷൻ മാപ്പ് കാണുക - മേപ്പ് 2) ഓരോ 23 സെൻ്റ് സ്ഥലത്തിനും ഒരു അളവ് എന്ന തോതിൽ വരെയുള്ള റെസല്യൂഷനിൽ ലഭ്യമായ ഈ ഡാറ്റയിൽ നിന്നാണ് ഒരു പ്രദേശത്തിൻ്റെ ചെരിവിൻ്റെ റാസ്റ്റർ ലെയർ ഉണ്ടാക്കിയെടുക്കുന്നത്. ഒരു പ്രദേശത്തിൻ്റെ ചെരിവ് നിരപ്പായ സ്ഥലത്തിൻ്റെ പൂജ്യം ഡിഗ്രി മുതൽ ചെങ്കുത്തായ സ്ഥലങ്ങളുടെ ഏകദേശം 70 ഡിഗ്രി വരെയായിരിക്കും. പിന്നീട് ചെരിവിൻെറ അളവിനെ 0 - 2, 2 - 8, 8 - 15, 15 - 30, 30 - 45, 45 - 60, > 60 എന്നിങ്ങനെ ക്ലാസുകളായി തിരിച്ച് ഉരുൾപൊട്ടൽ സാധ്യതയ്ക്കനുസരിച്ച് റാങ്കുകൾ നൽകുന്നു. (വയനാടിൻ്റെ ചെരിവ് മാപ്പ് കാണുക - മേപ്പ് 3).

ചെരിവ് 15 ഡിഗ്രി മുതൽ 45 ഡിഗ്രി വരെ, ചെരിവ് കൂടുന്തോറും, ഉരുൾപൊട്ടൽ കൂടുതലാകുന്നതാണ് കാണാറുള്ളത്. അപ്പോൾ 30 - 45 ഡിഗ്രി വരെയുള്ള ക്ലാസിന് ഏറ്റവും ഉയർന്ന മാർക്ക് ലഭിക്കും. 15 - 30 ക്ലാസിന് ഉയർന്ന മാർക്കും 0 - 2 ക്ലാസിന് ഏറ്റവും കുറഞ്ഞ മാർക്കും ലഭിക്കും. ഇതു പോലെ മറ്റ് തീമാറ്റിക്ക് ലെയറുകളേയും ക്ലാസുകളായി തിരിച്ച് ഉരുൾപൊട്ടൽ സാധ്യതയനുസരിച്ച് റാങ്ക് / മാർക്ക് നൽകി എല്ലാ തീമാറ്റിക്ക് ലെയറിനും കിട്ടിയ മാർക്ക് കൂട്ടി ലഭിക്കുന്ന ലെയറിനെ വീണ്ടും വിവിധ ക്ലാസുകളാക്കി തിരിക്കുന്നതാണ് ഉരുൾപൊട്ടൽ സാധ്യതാ ഭൂപടം (ചിത്രം 1). ഏറ്റവും ഉയർന്ന മാർക്ക് ലഭിക്കുന്ന ഇടങ്ങളിലായിരിക്കും ഉരുൾപൊട്ടൽ സാധ്യത കൂടുതൽ.

വയനാടിൻ്റെ ചെരിവ് മാപ്പ്
വയനാടിൻ്റെ ചെരിവ് മാപ്പ്

ഉരുൾപൊട്ടൽ സാധ്യതാ പഠനത്തിലെ പോരായ്മകൾ

ഡിസാസ്റ്റർ മാനേജ്മെൻ്റ് അതോറിറ്റി പ്രസിദ്ധീകരിച്ച ഉരുൾപൊട്ടൽ സാധ്യതാ മേഖലാ മാപ്പിൻ്റെ വലിയ പോരായ്മ കൂടി വിളിച്ചോതുന്നതാണ് വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം. 2010-ൽ നാഷണൽ സെൻ്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (NCESS) നടത്തിയ പഠനത്തെ ആശ്രയിച്ച് (KSDMA) പ്രസിദ്ധീകരിച്ച വയനാട്ടിലെ ഉരുൾപൊട്ടൽ സാധ്യതാമേഖലകളിൽ, കുറഞ്ഞ ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലയിൽ പോലും മുണ്ടക്കൈ ഉരുൾപൊട്ടൽ നടന്ന പ്രദേശം ഉൾപ്പെടുന്നില്ല (മാപ്പ് - 4). ഇത് വ്യക്തമാക്കുന്നത്, നിലവിലെ ഉരുൾപൊട്ടൽ പഠനത്തിലെ വലിയ പോരായ്മ തന്നെയാണ്. വിവിധ പഠനങ്ങളുടേയും സർക്കാർ ഏജൻസികളുടെ പ്രൊജക്ടുകളുടെയും ഭാഗമായി കേരളത്തിലെ ഉരുൾപൊട്ടൽ സാധ്യതയുള്ള എല്ലാ ജില്ലകളുടെയും ഉരുൾപൊട്ടൽ സാധ്യതാ ഭൂപടം തയ്യാറാക്കപ്പെട്ടിട്ടുള്ളതാണ്. എന്നാൽ, നിലവിലെ പഠനങ്ങളുടെ രീതിശാസ്ത്രവും പഠനങ്ങൾക്കായി ആശ്രയിച്ചിട്ടുള്ള അടിസ്ഥാന ഡാറ്റകളും വിമർശന വിധേയമാക്കണം. 1:2500 എന്ന ഉയർന്ന റെസല്യൂഷനിലുള്ള പല ഭൂഡാറ്റകളും സൗജന്യമായി ലഭ്യമാകുന്ന ഈ കാലത്ത് പോലും 1:50000 എന്ന വളരെ കുറഞ്ഞ റെസല്യൂഷനിലുള്ള ഭൂഡാറ്റകളാണ് നിലവിലെ മിക്ക പഠനങ്ങളും റിപ്പോർട്ടുകളും ആശ്രയിച്ചിട്ടുള്ളത്. ഈ സ്ഥിതിയ്ക്ക് മാറ്റമുണ്ടായേ തീരൂ.

2010-ൽ നാഷണൽ സെൻ്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (NCESS) നടത്തിയ പഠനത്തെ ആശ്രയിച്ച് (KSDMA) പ്രസിദ്ധീകരിച്ച വയനാട്ടിലെ ഉരുൾപൊട്ടൽ സാധ്യതാമേഖലകളിൽ, കുറഞ്ഞ ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലയിൽ പോലും മുണ്ടക്കൈ ഉരുൾപൊട്ടൽ നടന്ന പ്രദേശം ഉൾപ്പെടുന്നില്ല ഇത് വ്യക്തമാക്കുന്നത്, നിലവിലെ ഉരുൾപൊട്ടൽ പഠനത്തിലെ വലിയ പോരായ്മ തന്നെയാണ്.
2010-ൽ നാഷണൽ സെൻ്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (NCESS) നടത്തിയ പഠനത്തെ ആശ്രയിച്ച് (KSDMA) പ്രസിദ്ധീകരിച്ച വയനാട്ടിലെ ഉരുൾപൊട്ടൽ സാധ്യതാമേഖലകളിൽ, കുറഞ്ഞ ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലയിൽ പോലും മുണ്ടക്കൈ ഉരുൾപൊട്ടൽ നടന്ന പ്രദേശം ഉൾപ്പെടുന്നില്ല ഇത് വ്യക്തമാക്കുന്നത്, നിലവിലെ ഉരുൾപൊട്ടൽ പഠനത്തിലെ വലിയ പോരായ്മ തന്നെയാണ്.

ഒരു കാലത്ത് ഏറ്റവും വ്യക്തതയുള്ള ഭൂവിവര ഡാറ്റയായിട്ടാണ് സർവ്വേ ഓഫ് ഇന്ത്യയുടെ ടോപ്പോഷീറ്റുകളെ (Toposheet) കരുതിയിരുന്നത്. നിലവിലെ പഠനങ്ങളും പല ഭൂഡാറ്റകൾക്കുമായി ആശ്രയിച്ചിരിക്കുന്നതും ടോപ്പോഷീറ്റിനെ തന്നയാണ്. ഭൂഡാറ്റകളുടെ ത്രിമാനീകരണത്തിനും ജി.പി.എസ് ട്രാക്കിങ്ങിനും ഇന്ന് ആശ്രയിക്കുന്നത് ‘WGS - 1984’ എന്ന കോർഡിനേറ്റ് പ്രൊജക്ഷൻ സിസ്റ്റമാണ്. എന്നാൽ 1830-ൽ ഇന്ത്യൻ മേഖലയ്ക്കായി പ്രത്യേകം തയ്യാറാക്കിയ എവറസ്റ്റ് മോഡിഫൈഡ് എന്ന കോർഡിനേറ്റ് പ്രൊജക്ഷൻ സിസ്റ്റമാണ് ടോപ്പോഷീറ്റുകളിൽ ഉപയോഗിച്ചിരിക്കുന്നത് (ചിത്രം 2). 1970- കളിൽ പ്രസിദ്ധീകരിച്ച ടോപ് ഷീറ്റിന്റെ അടിസ്ഥാന സർവ്വേ അതിനും ഏറെ മുമ്പാണ് നടത്തിയത്. അതുകൊണ്ടുതന്നെ നിലവിലെ പഠനങ്ങൾക്ക് 1: 50000 അല്ലെങ്കിൽ 1: 25000 സ്കെയിലിലുള്ള ടോപ്പോഷീറ്റുകളെ ആശ്രയിക്കുന്നത് പഠനഫലങ്ങളിൽ വലിയ പിഴവുകൾ വരുന്നതിനിടയാക്കുന്നുണ്ട്. ടോപ്പാഷീറ്റുകൾ പുതിയ സർവ്വേകൾ നടത്തി കാലികമാക്കേണ്ടിയിരിക്കുന്നു.

ചെരുവ് കൂടിയ പ്രദേശങ്ങളിൽ ഉറച്ച പാറയുടെ മുകളിൽ മണ്ണിൻ്റെ കട്ടി എത്ര കൂടുന്നോ അത്രയും ഉരുൾപൊട്ടൽ സാധ്യത കൂടുന്നു എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

ഉരുൾപൊട്ടൽ സാധ്യതാപഠനത്തിൽ ഏറെ പ്രാധാന്യമുള്ള നീർച്ചാലുകളുടെ ഭൂപടത്തിന് ടോപ്പോ ഷീറ്റുകളെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്. 1960-കളിലെ നീർച്ചാലുകൾക്ക് 2024-ൽ എത്രത്തോളം മാറ്റമുണ്ടായിട്ടുണ്ടാകുമെന്ന് ഊഹിക്കാം. കേരളത്തിലെ നീർച്ചാലുകളുടെ പുതിയ സർവ്വേ നടത്തി പുതുക്കിയ നീർച്ചാൽ ഭൂപടം തയ്യാറാക്കുന്നത് നിലവിലെ കാലാവസ്ഥാ സാഹചര്യത്തിൽ അതിപ്രാധാന്യമുള്ള കാര്യമാണ്. പാറയ്ക്കു മുകളിലെ മണ്ണിൻെറ ആഴമാണ് ഉരുൾപൊട്ടലിന് കാരണമാകുന്ന പ്രധാനപ്പെട്ട മറ്റൊരു ഘടകം. ചെരുവ് കൂടിയ പ്രദേശങ്ങളിൽ ഉറച്ച പാറയുടെ മുകളിൽ മണ്ണിൻ്റെ കട്ടി എത്ര കൂടുന്നോ അത്രയും ഉരുൾപൊട്ടൽ സാധ്യത കൂടുന്നു എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. മണ്ണിന്റെ ആഴം (Soil Thickness), ഘടന (Soil type), പാറയുടെ ഇനം (Rock type) തുടങ്ങിയവ ലഭ്യമാകുന്ന ഉയർന്ന റെസലൂഷനിലുള്ള മാപ്പുകളും കേരളത്തിനില്ല.

ചെരിവ് 15 ഡിഗ്രി മുതൽ 45 ഡിഗ്രി വരെ, ചെരിവ് കൂടുന്തോറും,  ഉരുൾപൊട്ടൽ കൂടുതലാകുന്നതാണ്  കാണാറുള്ളത്.
ചെരിവ് 15 ഡിഗ്രി മുതൽ 45 ഡിഗ്രി വരെ, ചെരിവ് കൂടുന്തോറും, ഉരുൾപൊട്ടൽ കൂടുതലാകുന്നതാണ് കാണാറുള്ളത്.

ഭൂവിനിയോഗ വൈവിധ്യം (Landuse Diversity) ഏറ്റവും കൂടുതലുള്ള പ്രദേശമാണ് കേരളം. കേരളത്തിലെ ഭൂവിനിയോഗത്തിന്റെ 25 ശതമാനം പോലും ലഭ്യമാകാത്ത ഭൂവിനിയോഗ മാപ്പുകളാണ് നിലവിലുള്ളത്. നിലവിലെ ഭൂവിനിയോഗ ഭൂപടവും അതിൻ്റെ രീതിശാസ്ത്രവും ഉടച്ചുവാർക്കേണ്ടതുണ്ട്. ഉയർന്ന റസല്യൂഷനിലുള്ള കൃത്യമായ ഭൂവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഉരുൾപൊട്ടൽ സാധ്യതാഭൂപടങ്ങൾ തയ്യാറാക്കുന്നതെങ്കിൽ അതിന് 90 ശതമാനത്തിലേറെ കൃത്യതയുണ്ടാകും.

പഞ്ചായത്ത് വാർഡ് അടിസ്ഥാനത്തിൽ ഉരുൾപൊട്ടൽ സാധ്യതാഭൂപടവും, ആ മേഖലകളിലെ ജനവാസ ഡാറ്റാ ഭൂപടവും വീടുകളുടെ ജി.പി.എസ് ഡാറ്റയും തയ്യാറാക്കേണ്ടതുണ്ട്. ജനവാസമുള്ള അതിതീവ്ര ഉരുൾപൊട്ടൽ സാധ്യതാ മേഖലകളിൽ ശക്തമായ ഭൂവിനിയോഗ നിയന്ത്രണങ്ങളും, വീടുകൾ മാറ്റി പാർപ്പിക്കൽ അടക്കമുള്ള കാര്യങ്ങളും ചെയ്യേണ്ടതുണ്ട്. ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനങ്ങൾ ഒരുക്കേണ്ടതുമുണ്ട്.

ഉരുൾപൊട്ടൽ
പ്രവചിക്കാനാവുമോ?

അതിശക്തമായ മഴ പെയ്താൽ ഉരുൾപൊട്ടലുണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങൾ 70 - 80 ശതമാനം കൃത്യതയോടെ മനസ്സിലാക്കാം എന്നല്ലാതെ ഈ സ്ഥലത്ത് ഇന്ന ദിവസം ഉരുൾപൊട്ടലുണ്ടാകും എന്ന് കൃത്യമായി പ്രവചിക്കാനുള്ള ഒരു ശാസ്ത്രസംവിധാനവും നിലവിലില്ല. ഉരുൾപൊട്ടൽ സാധ്യതാമേഖലകളിൽ മണ്ണിലെ ജലത്തിൻ്റെ സാന്ദ്രത പരിധിയിൽ കൂടുതലായാൽ മുന്നറിയിപ്പ് തരുന്ന സംവിധാനങ്ങളുണ്ട്. ജനവാസ മേഖലകളിൽ ഇത്തരം മുന്നറിയിപ്പ് സംവിധാനങ്ങൾ ഒരുക്കുന്നത് ഒരു പരിധി വരെ ഉപകരിക്കപ്പെട്ടേക്കാം.

ഒരു കാലത്ത് ഏറ്റവും വ്യക്തതയുള്ള ഭൂവിവര ഡാറ്റയായിട്ടാണ് സർവ്വേ ഓഫ് ഇന്ത്യയുടെ  ടോപ്പോഷീറ്റുകളെ (Toposheet) കരുതിയിരുന്നത്.
ഒരു കാലത്ത് ഏറ്റവും വ്യക്തതയുള്ള ഭൂവിവര ഡാറ്റയായിട്ടാണ് സർവ്വേ ഓഫ് ഇന്ത്യയുടെ ടോപ്പോഷീറ്റുകളെ (Toposheet) കരുതിയിരുന്നത്.

ഒരു ദുരന്തം വരുമ്പോൾ മാത്രം പരിസ്ഥിതി സംരക്ഷണം, ദുരന്തനിവാരണ മാർഗങ്ങൾ തുടങ്ങിയവയയെ കുറിച്ച് വലിയ ചർച്ചകളുണ്ടാവുകയും അതിനുശേഷം സൗകര്യപൂർവ്വം ഇതെല്ലാം മറക്കുകയും ചെയ്യുന്ന നമ്മുടെ സ്ഥിരം രീതി മാറുക എന്നതാണ് ഏറ്റവും പ്രാധാന്യമുള്ള കാര്യം. ഉണ്ടാകാൻ സാധ്യതയുള്ള ദുരന്തങ്ങളെക്കുറിച്ച് മുൻകൂട്ടി ചിന്തിക്കണം. ആധുനിക സാങ്കേതികത ഉപയോഗിച്ച് അതിൻ്റെ ലഘൂകരണത്തിനായി പ്രവർത്തിക്കണമെന്ന് സാരം.


Summary: who is responsible for wayanad landslides how reliable are the feasibility studies dr alex cj


ഡോ. അലക്സ് സി. ജെ.

ICLEI - South Asia ജൈവ വൈവിധ്യ ഡിവിഷൻ ഡെപ്യൂട്ടി മേനേജർ, ജി ഐ.എസ് അനലിസ്റ്റ്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ നിന്ന് പരിസ്ഥിതി പഠനത്തിൽ പിഎച്ച് ഡി, കേരള വനഗവേഷണ സ്ഥാപനത്തിൽ ലാന്റ് സ്കേപ്പ് ഇക്കോളജിയിൽ പ്രവൃത്തിപരിചയം.

Comments