സാഹസികമായ
സാധ്യതകൾ ബാക്കിവെക്കുന്നു,
ശ്രീലങ്ക
സാഹസികമായ സാധ്യതകൾ ബാക്കിവെക്കുന്നു, ശ്രീലങ്ക
"ശ്രീലങ്കയിൽ തമിഴ് ദേശീയതക്ക് ഉണര്‍വ് സംഭവിക്കുന്നുണ്ട്. ഇതിന്റെ മുതലെടുപ്പ് ഇന്ത്യയിലും നടക്കുന്നുണ്ട്. ഇന്ത്യക്കും ശ്രീലങ്കക്കുമിടയില്‍, തമിഴ് ദേശീയതയെ അടിസ്ഥാനമാക്കിയുള്ള ഒരു ഹിന്ദു സ്‌റ്റേറ്റാണ്, ഒരു ബഫര്‍ സ്‌റ്റേറ്റിനെയാണ് ബി.ജെ.പി. പ്രമോട്ട് ചെയ്യാന്‍ ശ്രമിക്കുന്നത്. അതില്‍ പഴയ എല്‍.ടി.ടി.ഇ.ക്കാര്‍ക്കും അനുഭാവമുണ്ട്." - ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് 78-ലെ ലേഖനത്തിന്റെ പുനഃപ്രസിദ്ധീകരണം.
11 Jul 2022, 11:03 AM
ശ്രീലങ്ക ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയെ, ആ രാജ്യത്തിന്റെ മാത്രം പ്രശ്‌നമായി കാണാനാകില്ല. ആഗോളതലത്തില്‍, സമീപകാലത്ത് സാമ്പത്തികമേഖലയിലടക്കം വലിയ പ്രതിസന്ധികളുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ പുറത്തുവന്ന ലോകബാങ്ക് റിപ്പോര്‍ട്ടനുസരിച്ച് 65 രാഷ്ട്രങ്ങള്‍ അതിസങ്കീര്‍ണമായ സാമ്പത്തിക പ്രതിസന്ധിയിലാണ്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ മെക്‌സിക്കോ, ബ്രസീല്‍, എല്‍ സാല്‍വഡോര്‍, ചിലി, ആഫ്രിക്കന്‍ രാജ്യങ്ങളായ ഘാന, ദക്ഷിണാഫ്രിക്ക, ടെന്‍സാനിയ, ഏഷ്യന്‍ രാജ്യങ്ങളായ നേപ്പാള്‍, പാകിസ്ഥാന്‍, ശ്രീലങ്ക, യൂറോപ്യന്‍ രാജ്യമായ തുര്‍ക്കി എന്നിവിടങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്.
ചൈനയുടെ ‘സ്വന്തം' ശ്രീലങ്ക
ശ്രീലങ്കയിലെ സവിശേഷ പ്രശ്‌നം, കടമെടുപ്പുമായി ബന്ധപ്പെട്ടതാണ്. അതിനിടയിലാണ് കോവിഡും യുക്രെയ്ന്‍ യുദ്ധവുമെല്ലാം വന്നത്. കോവിഡ് ടൂറിസത്തെയും യുദ്ധം, ഭക്ഷണലഭ്യതയെയും രൂക്ഷമായി ബാധിച്ചു. ഗോതമ്പ് കൂടുതല്‍ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളാണ് റഷ്യയും യുക്രെയ്‌നും. ഭക്ഷണദൗര്‍ലഭ്യമായിരിക്കും സമീപഭാവിയിലെ വലിയ പ്രശ്‌നമെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഇന്ത്യ, ഈയിടെ ഗോതമ്പ് കയറ്റുമതി നിരോധിച്ചുവല്ലോ. വിവിധ തലങ്ങളില്‍ ഇത്തരമൊരു പ്രതിസന്ധി ആഗോളതലത്തില്‍ തന്നെയുണ്ട്. 2007-2009 കാലത്ത്, ഒരു ആഗോള സാമ്പത്തിക പ്രതിസന്ധിയിലൂടെയും ലോകം കടന്നുപോയിരുന്നു. ഇത്തരം ആഗോള സാഹചര്യങ്ങള്‍ ഏറ്റവും വേഗം ബാധിച്ച, അതിന്റെ ഏറ്റവും വലിയ ഇരയായ രാജ്യമാണ് ശ്രീലങ്ക.
ശ്രീലങ്കയുടെ സമ്പദ്‌വ്യവസ്ഥ അടിസ്ഥാനപരമായി ടൂറിസത്തിലധിഷ്ഠിതമാണ്. ആഭ്യന്തരയുദ്ധത്തിനുശേഷം, അവര്‍ ടൂറിസത്തെ ഏറ്റവും വലിയ വരുമാനപദ്ധതിയെന്ന നിലയില്‍ ഹൈലൈറ്റ് ചെയ്യാന്‍ തുടങ്ങി. അതിനുവേണ്ടി വന്‍നിക്ഷേപങ്ങള്‍ നടത്തി.

2005-ലാണ് മഹിന്ദ രാജപക്‌സെ പ്രസിഡന്റായി സ്ഥാനമേറ്റത്. അന്നുമുതല്‍, ശ്രീലങ്കയെ ലോകത്തിലെ ഏറ്റവും വലിയ ടൂറിസം ഡെസ്റ്റിനേഷനാക്കാന്‍ വലിയ കാമ്പയിനുകള്‍ നടക്കുന്നുണ്ട്. അതിനുവേണ്ട ഇന്‍ഫ്രാസ്ട്രക്ചര്‍, ആഭ്യന്തരയുദ്ധശേഷം, 2010 ഓടെ വികസിപ്പിക്കാന്‍ തുടങ്ങി. ചൈനീസ് പക്ഷക്കാരനായ മഹിന്ദ, ഇന്ത്യയേക്കാള്‍ കൂടുതല്‍ ആശ്രയിച്ചത് ചൈനയെയാണ്. ആഭ്യന്തരയുദ്ധത്തില്‍ തകര്‍ന്ന മേഖലകളെ പുനരുദ്ധരിക്കാന്‍ ചൈനയെ ആശ്രയിക്കുകയും മെഗാ ഇന്‍ഫ്രാസ്ട്രക്ചര്‍ പോളിസി കൊണ്ടുവരികയും ചെയ്തു. അങ്ങനെയാണ് ഹമ്പന്‍ടോട്ടയെപ്പോലുള്ള തുറമുഖങ്ങള്‍ വികസിപ്പിക്കുന്നത്. കൊളംബോ പോര്‍ട്ട് സിറ്റി എന്ന പേരില്‍, ചൈനീസ് നിക്ഷേപത്തില്‍, 269 ഏക്കര്‍ കടല്‍ നികത്തി നിര്‍മിക്കുന്ന തുറമുഖനഗരമാണ് മറ്റൊരു മെഗാ പ്രൊജക്റ്റ്.
കടല്‍ഭൂമി നികത്തിയെടുക്കനുള്ള ചുമതല ചൈന ഹാര്‍ബര്‍ എഞ്ചിനീയറിങ് കമ്പനിക്കാണ്. കടല്‍ നികത്താന്‍ മാത്രം ചൈനീസ് കമ്പനി മുടക്കിയത് 10,653 കോടി രൂപയാണ്. ഇതിനുപകരം, തുറമുഖത്തിന്റെ ഭൂരിഭാഗം ഓഹരിയും ചൈനീസ് കമ്പനിക്ക് 99 വര്‍ഷത്തെ പാട്ടത്തിന് നല്‍കുമെന്നാണ് രണ്ടുവർഷം മുമ്പ് തീരുമാനിച്ചത്. എന്നാൽ, ചൈനയുമായുള്ള ‘ഡീൽ’ 99 വർഷത്തേയ്ക്കുകൂടി നീട്ടാനുള്ള വ്യവസ്ഥയും നൽകിയിട്ടുണ്ടെന്ന റിപ്പോർട്ടും വന്നിട്ടുണ്ട്.

ഇത്തരം മെഗാ പദ്ധതികളിലൂടെ, ശ്രീലങ്കയുടെ ഇപ്പോഴത്തെ കടം 55 ബില്യന്‍ ഡോളര്‍ വരും. അതിന്റെ പത്തുശതമാനം ചൈനയില്‍നിന്നാണ്. ഇത് ഔദ്യോഗിക കടമാണ്. ഇതുകൂടാതെ, സ്വകാര്യസ്ഥാപനങ്ങള്‍ എടുത്ത കടമുണ്ട്.
ഇത്തരം മെഗാ പദ്ധതികള്‍ വരുന്നുണ്ടെങ്കിലും അതുകൊണ്ട് രാജ്യത്തിന് കാര്യമായ ഗുണമുണ്ടായില്ല. ഉദാഹരണത്തിന്, ഹമ്പന്‍ടോട്ടയില്‍ അതിഗംഭീരമായ അന്താരാഷ്ട്ര വിമാനത്താവളമുണ്ടാക്കി. ലോകത്ത്, ആളുകള്‍ ഉപയോഗിക്കാത്ത ഏക അന്താരാഷ്ട്ര വിമാനത്താവളമാണിത്. കടം തിരിച്ചടക്കാന്‍ പറ്റാത്തതുകൊണ്ട്, ഹമ്പന്‍ടോട്ട പോര്‍ട്ട് ചൈനയ്ക്ക് 99 വര്‍ഷത്തെ പാട്ടത്തിന് കൊടുത്തു. പോര്‍ട്ട് ഏതാണ്ട് ചൈനയുടെ കൈയിലായിക്കഴിഞ്ഞു. പോര്‍ട്ടുമായി ബന്ധപ്പെട്ട കരാറുകളൊക്കെ, സര്‍ക്കാറുമായിട്ടല്ല, രജപക്‌സെ കുടുംബാംഗങ്ങളുമായിട്ടാണ്. അവരാണ്, ഓഹരിയുടമകള്‍. പോര്‍ട്ട് അടക്കമുള്ള വന്‍കിട പദ്ധതികള്‍ ഒരു ഫാമിലി ബിസിനസ് കൂടിയായിരുന്നു. അതായത്, രാജ്യത്തിന്റെ പ്രോപ്പര്‍ട്ടി ചൈനയ്ക്ക് കൈമാറുന്ന സ്ഥിതി വന്നു.
ദേശീയത, കുടുംബാധിപത്യം
യു.എന്നിന്റെ സാമ്പത്തിക റിപ്പോര്‍ട്ടനുസരിച്ച്, കിഴക്കന്‍ യൂറോപ്പിന് സമാനമായ വളര്‍ച്ചാനിരക്കുണ്ടായിരുന്ന രാജ്യമായിരുന്നു ശ്രീലങ്ക. ആഭ്യന്തരയുദ്ധത്തിനുശേഷം, ഒരു ബൂമിന്റെ പ്രവണതയും പ്രകടമായിരുന്നു. ഇക്കാലത്ത്, മഹിന്ദ രാജപക്‌സെ പലതരം തന്ത്രങ്ങള്‍ പ്രയോഗിച്ച് സാമ്പത്തികസ്ഥിതി ഭദ്രമാക്കാന്‍ നോക്കി. അതോടൊപ്പം, സിംഹള ദേശീയത ശക്തമാക്കാന്‍ ശ്രമിച്ചു. തമിഴ് ദേശീയയെ തകര്‍ത്തശേഷം പുതിയ ശത്രുവിനെ കണ്ടെത്തി; ഇസ്‌ലാം.
ശ്രീലങ്കയുടെ ജനസംഖ്യയില്‍ എട്ടുശതമാനമാണ് മുസ്‌ലിംകളുള്ളത്. എല്‍.ടി.ടി.ഇ.യുടെ ഏറ്റവും വലിയ പരാജയം, തമിഴ് സംസാരിക്കുന്ന മുസ്‌ലിംകളെ ഒപ്പം കൂട്ടിയില്ല എന്നതാണ്. കാരണം, തമിഴരുടെ അത്ര ശക്തമായിരുന്നു മുസ്‌ലിം വിഭാഗവും. തമിഴരും മുസ്‌ലിംകളും ഒരുമിച്ച് നില്‍ക്കുകയായിരുന്നുവെങ്കില്‍, ആഗോളതലത്തില്‍ അതൊരു വലിയ ഇഷ്യു ആകുമായിരുന്നു. ഇസ്‌ലാമിനെ മാറ്റിനിര്‍ത്തിയതുകൊണ്ടാണ് എല്‍.ടി.ടി.ഇ.ക്ക് ഇത്ര വലിയ പ്രതിസന്ധിയുണ്ടായത്. എല്‍.ടി.ടി.ഇ.യെ അനുകൂലിക്കുന്ന തമിഴ്‌നെറ്റ് എന്നൊരു പത്രമുണ്ട്. അത് എന്നെ ഇന്റര്‍വ്യൂ ചെയ്തിരുന്നു. എന്തുകൊണ്ട് എല്‍.ടി.ടി.ഇ. പരാജയപ്പെട്ടു എന്നതിന് കാരണമായി ഞാന്‍ ആ അഭിമുഖത്തില്‍ പറഞ്ഞത് ഇക്കാര്യമാണ്. തുടക്കത്തില്‍, മുസ്‌ലിംകളും ഹിന്ദു തമിഴരും ഒന്നിച്ചായിരുന്നു. എന്നാല്‍, എല്‍.ടി.ടി.ഇ. ശക്തമായതോടെ, മുസ്‌ലിംകളെ ഇവര്‍ ഒഴിവാക്കി. ജാഫ്‌നയില്‍ നിന്ന് മുസ്‌ലിംകള്‍ക്ക് പലായനം ചെയ്യേണ്ടിവന്നു. എല്‍.ടി.ടി.ഇ. ഇല്ലാതായശേഷം, മുസ്‌ലിംകള്‍ വ്യാപാരത്തിലൊക്കെ ഏര്‍പ്പെട്ട് വലിയ സംഘര്‍ഷമില്ലാതെ കഴിയുന്നതിനിടെയാണ്, ഇസ്‌ലാമോഫോബിയയുടെ അന്തരീക്ഷം സൃഷ്ടിച്ച് മഹിന്ദ, അവരില്‍നിന്ന് പുതിയ ശത്രുവിനെ സൃഷ്ടിച്ചെടുത്തത്. അങ്ങനെ, അതിശക്തമായ ഒരു സിംഹള ദേശീയതയുടെ പിന്‍ബലത്തില്‍, ഒരെതിര്‍പ്പുമില്ലാതെ ഭരിക്കുകയായിരുന്നു ഈ കുടുംബം.
സൈനികവത്കരിക്കപ്പെട്ട ജനത
2010-ല്‍, ടൂറിസം സമ്പദ്വ്യവസ്ഥയെക്കുറിച്ച് പഠിക്കാന്‍ ഞാൻ സുഹൃത്ത് സുമേഷുമൊത്ത് ശ്രീലങ്കയില്‍ പോയിരുന്നു. ആ പഠനത്തില്‍ ഒരു കാര്യം ശ്രദ്ധയില്‍പെട്ടിരുന്നു. 2009-ല്‍ എല്‍.ടി.ടി.ഇ.യെ പൂര്‍ണമായും ഇല്ലാതാക്കിയശേഷം ശ്രീലങ്കയ്ക്ക് പുറമെനിന്ന് ശത്രുക്കളുണ്ടായിരുന്നില്ല. അതിര്‍ത്തിയില്‍ ഭീഷണികളില്ല. പക്ഷെ, ശ്രീലങ്കയുടെ മിലിറ്ററി ഇക്കോണമി നോക്കിയപ്പോള്‍, യുദ്ധത്തിനുശേഷം ഓരോ വര്‍ഷവും, സൈനിക ചെലവ് കൂടിക്കൂടി വരികയാണ്. 2010-ല്‍, വരുമാനത്തിന്റെ പ്രധാന പങ്കും മിലിറ്ററിക്കുവേണ്ടിയാണ് ചെലവാക്കുന്നത്. സത്യത്തില്‍, ഈ ചെലവിന് യാതൊരു യുക്തിയുമുണ്ടായിരുന്നില്ല. പതിനായിരക്കണക്കിനുപേരെ റിക്രൂട്ട് ചെയ്യുന്നു, ആയുധങ്ങള്‍ സമാഹരിക്കുന്നു, മിലിറ്ററി ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനം നടത്തുന്നു. അങ്ങനെ, വൻതോതിലുള്ള സൈനിക ബജറ്റാണ് ശ്രീലങ്കയ്ക്കുണ്ടായിരുന്നത്. ഇതിനെല്ലാം ചൈനയെയാണ് ആശ്രയിക്കുന്നത്.

ദക്ഷിണേഷ്യയിലെ ഏറ്റവും ഉയർന്ന പ്രതിശീർഷ സൈനികശക്തിയുള്ള, ഏറ്റവും മിലിറ്ററെസ് ചെയ്യപ്പെട്ട രാഷ്ട്രവും ജനതയുമായി ശ്രീലങ്ക മാറിയിരിക്കുകയാണ്. ഇന്ത്യയില്‍ 1000-ല്‍ മൂന്നുപേരാണ് മിലിറ്റിയിലുള്ളതെങ്കില്‍ ശ്രീലങ്കയിൽ, 10 പേരുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍, ആളോഹരി (per capita) നോക്കിയാല്‍, ഏറ്റവും കൂടുതല്‍ പേര്‍ സൈന്യത്തിലുള്ളത് ശ്രീലങ്കയിലാണ്. ഈയൊരു സാഹചര്യം കൂടി, ഇപ്പോഴത്തെ പ്രതിസന്ധിയോടു ചേര്‍ത്തുവക്കണം- അതായത്, സൈനികച്ചെലവിലെ വര്‍ധന, കോവിഡ് പ്രതിസന്ധി, ചൈനയുടെ കടന്നുവരവ്, കൂടാതെ, ആഗോള പ്രതിസന്ധികളും.
രാസവളം ചേര്‍ത്ത ഓര്‍ഗാനിക് ഭരണം
ശ്രീലങ്കയുടെ രാഷ്ട്രീയ കാലാവസ്ഥ കൂടി ഈ പ്രതിസന്ധിക്കൊപ്പം പരിഗണിക്കേണ്ടതുണ്ട്. പ്രതിപക്ഷം തീര്‍ത്തും ദുര്‍ബലമാണ്. യു.എന്‍.പി. പിളര്‍ന്ന് സജിത് പ്രേമദാസയുടെ നേതൃത്വത്തില്‍ എസ്.ജെ.ബി. എന്ന പുതിയ പാര്‍ട്ടിയുണ്ടായി. ജനത വിമുക്തി പെരമുന പലതരം പിളര്‍പ്പുകള്‍ക്ക് വിധേയമായി. ലിബറല്‍ പാര്‍ട്ടി എന്നുപറയാവുന്ന ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടി ഇല്ലാതായി. തമിഴ് പാര്‍ട്ടികളില്‍നിന്നുപോലും ശക്തമായ എതിര്‍പ്പില്ലാതായയോടെ, ഭരണത്തില്‍ രജപക്‌സെ കുടുംബാധിപത്യം സമ്പൂര്‍ണമായി. മഹിന്ദ, എതിര്‍ക്കപ്പെടാത്ത നേതാവായി.
മഹിന്ദ എതിരില്ലാത്ത ശക്തിയായി മാറിയപ്പോള്‍, രാജപക്‌സെ കുടുംബം, ഭരണതലം സമ്പൂര്‍ണമായി പിടിച്ചടക്കി. മഹിന്ദയും സഹോദരന്‍ ഗോതാബയയും പ്രധാനമന്ത്രിയും പ്രസിഡന്റുമായി. രാജപക്‌സെ കുടുംബത്തിലെ ഏറ്റവും അടുത്ത പത്തുപന്ത്രണ്ടുപേരാണ് സര്‍ക്കാറില്‍ വന്നത്, അതില്‍ അഞ്ചുപേര്‍ ഒരു ഗര്‍ഭപാത്രത്തില്‍നിന്നായിരുന്നു! മഹിന്ദയുടെയും ഗോതാബയയുടെയും ഇളയ സഹോദരന്‍ ബേസില്‍ രാജപക്‌സെയായിരുന്നു ധനമന്ത്രി. ഇവരൊക്കെയാണ് രാജ്യം അടക്കിഭരിച്ചത്. ഇതിനിടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഒരുവര്‍ഷം മുമ്പ് ഇതിന്റെ പ്രവണത പ്രത്യക്ഷപ്പെട്ടുതുടങ്ങി. അവശ്യസാധന ക്ഷാമം രൂക്ഷമായി. ശ്രീലങ്കയ്ക്ക് ഏറ്റവും ആശ്രയിക്കാന്‍ കഴിയുമായിരുന്ന ഇന്ത്യയുമായുള്ള ബന്ധം അകന്നതും പ്രശ്‌നം രൂക്ഷമാക്കി. ട്രേഡ് അടക്കമുള്ള കാര്യങ്ങളില്‍ ഇന്ത്യയായിരുന്നു ശ്രീലങ്കയെ ഏറ്റവും കൂടുതല്‍ സഹായിച്ചിരുന്നത്. അത് ഇല്ലാതായി. (അവസാനഘട്ടത്തില്‍ പോലും ഇന്ത്യയാണ് സഹായത്തിനെത്തിയത് എന്നോര്‍ക്കുക).

ചൈനയ്ക്ക് കടം തിരിച്ചുകൊടുക്കേണ്ട സമയമായി, പ്രതീക്ഷിച്ചത്ര വരുമാനമുണ്ടായില്ല. സാമ്പത്തിക പ്രതിസന്ധിയും കുടുംബാധിപത്യ ഭരണവും ഒപ്പം, ആഗോളതലത്തിലുള്ള നിയോലിബറല്‍ നയങ്ങളുടെ ആഘാതവും ചേര്‍ന്നപ്പോള്‍, ജനുവരിയില്‍ പ്രശ്‌നം രൂക്ഷമായി. പണപ്പെരുപ്പം റെക്കോർഡ് തലത്തിലേക്കുയർന്നു. ഖജനാവ് വറ്റിവരണ്ടു. എട്ടു ബില്യൻ ഡോളറിലധികം ചൈനീസ് വായ്പ തിരിച്ചടയ്ക്കാൻ ശ്രീലങ്കൻ സർക്കാർ പാടുപെടുകയായിരുന്നു ഈ സമയം. കടം തിരിച്ചടക്കാനുള്ള ഡോളര്‍ റിസര്‍വ് ഇല്ലാതായി. അവശ്യസാധനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ കഴിയാതായി. ആദ്യം ബാധിച്ചത് ഇന്ധനത്തെയാണ്, പെട്രോള്‍- ഡീസല്‍ ക്ഷാമം രൂക്ഷമായി. പിന്നീട്, ഊര്‍ജപ്രതിസന്ധി. വൈദ്യുതി ഇല്ലാതായി. ഇതിനിടെ, രാജ്യത്തെ കൃഷിരീതി പൊടുന്നനെ ഓര്‍ഗാനിക് ആക്കിയത് വന്‍ തിരിച്ചടിയായി. രാസവളം നിരോധിക്കുകയും ചെയ്തു. ഓര്‍ഗാനിക് കൃഷിക്ക് ആഗോളതലത്തില്‍ വലിയ മാര്‍ക്കറ്റാണ്, ടൂറിസത്തിനും ഇത് സഹായകമാകും എന്ന പ്രതീക്ഷയിലായിരുന്നു സര്‍ക്കാര്‍ നടപടി. ഉദാഹരണത്തിന്, ശ്രീലങ്കയുടെ ഓര്‍ഗാനിക് ടീ ആഗോളതലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അന്താരാഷ്ട്ര മാര്‍ക്കറ്റിലേക്ക് മത്സ്യ- കൃഷി ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി ശ്രീലങ്കയെ സംബന്ധിച്ച് വളരെ പ്രധാനമാണ്. എന്നാല്‍, കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഉല്‍പാദനത്തില്‍ വന്‍ കുറവുണ്ടായി.
ഈ സമയത്ത്, ചൈനയുമായുള്ള ബന്ധം ഉലച്ച ഒരു സംഭവം കൂടിയുണ്ടായി. മുഴുവന്‍ ഓര്‍ഗാനിക് വളവും ചൈനയില്‍നിന്നാണ് ഇറക്കുമതി ചെയ്തിരുന്നത്, അത് വന്‍തോതിലുള്ള ഇറക്കുമതിയായിരുന്നു. ചൈനയില്‍നിന്നെത്തിയ ഓര്‍ഗാനിക് വളത്തിന്റെ വലിയൊരു കണ്‍സൈന്‍മെൻറ്, പരിശോധിച്ചപ്പോള്‍ അത് കെമിക്കലുമായി മിക്‌സ് ചെയ്തതായിരുന്നു എന്ന് കണ്ടെത്തി. തുടര്‍ന്ന്, ആ വലിയ ചരക്ക് തിരിച്ചയച്ചു. ശ്രീലങ്ക അതിന് പണം കൊടുത്തില്ല. അന്നുമുതല്‍, രാജപക്‌സെ സര്‍ക്കാര്‍ ചൈനയുമായി അകലാന്‍ തുടങ്ങി. അതോടെ, ചൈന നിലപാട് കര്‍ക്കശമാക്കി. ചൈന ചില മേഖലകള്‍ കൈയടക്കിതുടങ്ങിയപ്പോള്‍, ശ്രീലങ്കന്‍ ദേശീയത ഉണരാന്‍ തുടങ്ങി. ഹമ്പന്‍ടോട്ട, കൊളേംബോ തുറമുഖങ്ങള്‍ ചൈനക്ക് വിട്ടുകൊടുക്കുന്നു എന്ന മട്ടില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ കാമ്പയിനുകളുണ്ടായി. ശ്രീലങ്കയിലെ ചില ഭാഗങ്ങളില്‍ യാത്ര ചെയ്യാന്‍ ചൈനീസ് മിലിറ്ററി വിസ ചോദിക്കുന്ന എന്ന പ്രചാരണം വന്നു. അതുവരെ, സിംഹള ദേശീയതയെയാണ്, തമിഴരെയും മുസ്‌ലിംകളെയും അടിച്ചമര്‍ത്താന്‍ രാജപക്‌സെ ഭരണകൂടം ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍, ദേശീയതയുടെ സ്വഭാവം മാറി, ദേശീയതയൊന്നാകെ രാജപക്‌സക്കെതിരായി. ബുദ്ധിസ്റ്റുകളുടെയും ദേശീയവാദികളുടെയും കണ്ണില്‍, രാജപക്‌സെ, ചൈനീസ് സാന്നിധ്യത്തിന്റെ സിംബലായി മാറി. അതിനിടയില്‍, എല്ലാ അധികാരവും പ്രസിഡന്റില്‍ കേന്ദ്രീകരിക്കുന്ന 21ാം ഭരണഘടനാ ഭേദഗതി വന്നു, പ്രസിഡൻറ് എക്‌സിക്യൂട്ടിവ് പ്രസിഡന്റായി. പ്രസിഡന്റിന്റെ അധികാരം ശക്തമായി, ഏത് സര്‍ക്കാര്‍ വരണം, പിരിച്ചുവിടണം തുടങ്ങിയ അധികാരങ്ങള്‍ പ്രസിഡന്റില്‍ നിക്ഷിപ്തമായി.

റനില്‍ ഒരു പ്രതീക്ഷ
ശ്രീലങ്കയിലുണ്ടായ പ്രതിഷേധം ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയല്ല സംഘടിപ്പിച്ചത്, അത് ആള്‍ക്കൂട്ടങ്ങളില്‍നിന്ന് പൊടുന്നനെ പൊട്ടിപ്പുറപ്പെടുകയായിരുന്നു. ജനകീയമായ ആവശ്യങ്ങളിലൂന്നിയുള്ള സമരങ്ങളായിരുന്നു അവ. പ്രസിഡൻറ് മാറണം എന്ന ആവശ്യവും പ്രതിഷേധക്കാര്‍ ഉന്നയിച്ചു. സൈന്യം തെരുവിലിറങ്ങി, പൊലീസ് ജനങ്ങള്‍ക്കൊപ്പം നിന്നു, രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും പ്രതിഷേധിച്ചു. ഒരു ആഭ്യന്തരയുദ്ധം, അല്ലെങ്കില്‍ രാജപക്‌സെക്കുവേണ്ടി സൈന്യം അധികാരത്തിലെത്തുക എന്നീ രണ്ടു സാധ്യതകളാണ് ജനുവരിയില്‍ മുന്നില്‍ കണ്ടത്.
കലാപത്തിന്റെ തുടക്കത്തില്‍, മഹിന്ദയെ വച്ചുകൊണ്ടുതന്നെ ദേശീയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമം നടന്നു. എന്നാല്‍, നേതൃത്വം ഈ കുടുംബത്തിന്റെ തന്നെ കൈയിലായിരിക്കുമെന്നതിനാല്‍ അതിന് പ്രധാന പ്രതിപക്ഷനേതാവായ സജിത് പ്രേമദാസെയും എസ്. ജെ. ബിയും അനുകൂലമായിരുന്നില്ല. ഈ സാഹചര്യത്തില്‍ കലാപം മൂര്‍ച്ഛിക്കുകയും മഹിന്ദ രാജിവച്ച് ട്രിങ്കോമാലിയിലെ നേവല്‍ ക്യാമ്പില്‍ ഒളിവില്‍ പോകുകയും ചെയ്തു.
ഇപ്പോഴത്തെ നേതൃത്വത്തില്‍ ഏറ്റവും സ്വീകാര്യനായ നേതാവ് റനില്‍ വിക്രമസിംഗെയാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ യു. എന്‍. പിക്ക് ഒരു എം.പിയേയുള്ളൂ. എങ്കിലും, രാഷ്ട്രീയത്തിനുപരി, ആളുകള്‍ ആദരിക്കുന്ന ഒരു ഫിഗറാണ് അദ്ദേഹം. പാശ്ചാത്യ രാജ്യങ്ങളുമായി നന്നായി നെഗോഷിയേറ്റ് ചെയ്ത് പരിചയമുണ്ട്. ഇന്ത്യയും ചൈനയുമായും നല്ല ബന്ധമാണ്. പ്രതിഷേധക്കാര്‍ക്ക് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. ആവശ്യങ്ങള്‍ പരിശോധിക്കാന്‍ ഒരു കമ്മിറ്റിയെയും നിയോഗിച്ചു. പ്രസിഡന്റിന് അമിതാധികാരം നല്‍കുന്ന 21ാം ഭരണഘടനാഭേദഗതിക്കെതിരായ ഒരു ബില്ലും പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയാണ്. ഇത്തരം നടപടികളിലൂടെ, കഴിഞ്ഞ ഒരാഴ്ചയായി കലാപാന്തരീക്ഷത്തിന് അയവുവന്നിട്ടുണ്ട്.

225 അംഗ പാര്‍ലമെന്റില്‍, 73കാരനായ റനിലിന്റെ പാര്‍ട്ടിക്ക് ഒരു അംഗമേയുള്ളൂ എങ്കിലും രാജപക്‌സെയുടെ ശ്രീലങ്ക പൊതുജന പെരമുന പാര്‍ട്ടിയും സ്വതന്ത്രരും റനിലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴത്തെ അവസ്ഥയില്‍ ഇത്തരം ഒത്തുതീര്‍പ്പുകള്‍ രാജ്യത്തിന് ഗുണം ചെയ്യും. സ്ഥാനമേറ്റശേഷം റനില്‍ ആദ്യമായി ചര്‍ച്ച നടത്തിയത് ഇന്ത്യ, ചൈന അംബാസഡര്‍മാരുമായിട്ടാണ്. രാജ്യത്തെ ആദ്യം സുസ്ഥിരതയിലേക്ക് കൊണ്ടുവരിക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. റനിലിന്റേത് ആളില്ലാ പാര്‍ട്ടിയായതുകൊണ്ട് ശരിക്കും ഭരിക്കാന്‍ പോകുന്നത് ഗോതാബയയായിരിക്കുമെന്നാണ് ചില പ്രതിപക്ഷകക്ഷികള്‍ പറയുന്നത്. ഗോതാബയ പ്രസിഡന്റുസ്ഥാനം രാജിവച്ച് പുതിയ ബദലുണ്ടാക്കുകയാണെങ്കില്‍ സഹകരിക്കാമെന്നാണ് അവരുടെ പക്ഷം. മറ്റൊരു ഓപ്ഷന്‍, ഗോതാബയ രാജിവെച്ച് ഇടക്കാല പ്രധാനമന്ത്രിയായി നിലനില്‍ക്കുക, എന്നിട്ട് ഇലക്ഷന്‍ പ്രഖ്യാപിക്കുക. ഏതായാലും, സംഘര്‍ഷാവസ്ഥക്ക് ഇപ്പോഴൊരു അര്‍ധവിരാമമുണ്ട്.
ഇതുവരെയുള്ള സ്ഥിതിഗതികള്‍ പരിശോധിച്ചാല്‍, അവശേഷിക്കുന്ന സാധ്യതകളെക്കുറിച്ചുകൂടി പറയാം. ഒന്നുകില്‍, പ്രസിഡൻറ് ഗോതാബയ പെട്ടെന്ന് മാറാനുള്ള സാധ്യത കാണുന്നു. അല്ലെങ്കില്‍, പ്രസിഡന്റിനെ മാറ്റണമെന്നാവശ്യപ്പെട്ട് ജനം വീണ്ടും പ്രതിഷേധത്തിനിറങ്ങും. മറ്റൊന്ന്, മിലിറ്ററിവല്‍ക്കരിക്കപ്പെട്ട ഒരു രാജ്യത്ത്, ആയിരത്തില്‍ പത്തുപേരും മിലിറ്ററിയിലുള്ള ഒരു രാജ്യത്ത്, ഒരു സൈനിക ഇടപെടലിന്റെ സാധ്യതയാണ്. രാജപക്‌സെയുടെ പിന്തുണയോടെയുള്ള ഒരു സൈനിക ഇടപെടലോ അല്ലെങ്കില്‍, രാജപക്‌സയെ മറികടന്ന്, സൈന്യത്തിന്റേതുമാത്രമായ ഒരു ഇടപെടലോ. ഇത് അതിസാഹസികമായ ഒരു സാധ്യതയായിരിക്കാം. എങ്കിലും ഇത്മുന്നില്ക്കണ്ടായിരിക്കാം, അരാജകത്വം ഒഴിവാക്കാന്‍ പ്രതിപക്ഷം ഒന്ന് പിന്‍വാങ്ങിനില്‍ക്കുന്നത്.

അണ്ണാമലൈ, ഒരു തമിഴ് ദേശീയവാദി പിറക്കുന്നു
ഇതിനുസമാന്തരമായി നടക്കുന്ന മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്, തമിഴ് ദേശീയതയുടെ ഉണര്‍വ്. ആഗോള ഫണ്ട് സ്വീകരിച്ച് എല്‍. ടി. ടി.ഇ ഒരു റീഗ്രൂപ്പിംഗ് നടത്തുന്നുണ്ട്. എല്‍. ടി. ടി. ഇയോട് അനുഭാവമുള്ള തമിഴ് നാഷനല്‍ അലയന്‍സ് (ടി.എന്‍.എ) എന്ന പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ പത്ത് അംഗങ്ങളുണ്ട്. തമിഴ് ദേശീയതയോടുള്ള സിമ്പതി ശ്രീലങ്കന്‍ മണ്ണില്‍ അവശേഷിക്കുന്നുമുണ്ട്. ഈ സിമ്പതിയുടെ മുതലെടുപ്പ് ഇന്ത്യയിലും നടക്കുന്നുണ്ട്. തമിഴ്‌നാട് ബി. ജെ. പി ഘടകം പ്രസിഡൻറ് കെ. അണ്ണാമലൈയാണ് ഈ നീക്കത്തിന് നേതൃത്വം കൊടുക്കുന്നത്. ഡി. എം. കെ ഒഴിച്ചുള്ള തമിഴ് പാര്‍ട്ടികള്‍ ദുര്‍ബലമാകുകയും എ. ഐ. എ .ഡി.എം.കെയിലടക്കമുള്ള പാര്‍ട്ടികളില്‍ രണ്ടാം നിര നേതൃത്വം ഇല്ലാതാകുകയും ചെയ്ത സാഹചര്യത്തിലാണ്, തമിഴ്‌നാട്ടില്‍ ഒരു പുതിയ ബി. ജെ. പി നേതാവ് ഉയര്‍ന്നുവരുന്നത്. ഇന്ത്യക്കും ശ്രീലങ്കക്കുമിടയില്‍ ഒരു തമിഴ് ഹിന്ദു സ്‌റ്റേറ്റാണ് ബി. ജെ. പി വിഭാവനം ചെയ്യുന്നത്. തമിഴ് ദേശീയതയെ അടിസ്ഥാനമാക്കിയുള്ള ഒരു ഹിന്ദു സ്‌റ്റേറ്റാണ്, ഒരു ബഫര്‍ സ്‌റ്റേറ്റിനെയാണ് അവര്‍ പ്രമോട്ട് ചെയ്യാന്‍ ശ്രമിക്കുന്നത്. അതില്‍ പഴയ എല്‍.ടി.ടി.ഇക്കാര്‍ക്കും അനുഭാവമുണ്ട്. എല്‍. ടി. ടി. ക്ക് എപ്പോഴും ഒരു പ്രോ ഹിന്ദു സ്വഭാവമുണ്ടായിരുന്നു എന്നും ഓര്‍ക്കുക.

2009ല്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ മുല്ലൈത്തീവിൽ നടത്തിയ തമിഴ് കൂട്ടക്കൊലയിലെ രക്തസാക്ഷികളെ ആദരിക്കാന്‍ ഈയിടെ ചെന്നൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അണ്ണാമലൈ പ്രസംഗിച്ചത് ഇങ്ങനെയാണ്: ‘‘2007- 08 കാലത്ത് നരേന്ദ്രമോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നുവെങ്കില്‍, ശ്രീലങ്കന്‍ തമിഴരുടെ ഭാഗധേയം മറ്റൊന്നാകുമായിരുന്നു.''
മുഖ്യമന്ത്രി സ്റ്റാലിന്റെ ശക്തമായ ബി.ജെ.പി- സംഘ്പരിവാര്‍ നിലപാടിനെതിരെ കൂടിയാണ് ബി.ജെ.പിയുടെ തന്ത്രപരമായ നീക്കം. ബി.ജെ.പി കാമ്പയിനെതിരെ തമിഴ്‌നാട്ടിലെ ലെഫ്റ്റ്, ലിബറല്‍ കക്ഷികള്‍ പ്രചാരണം നടത്തുന്നുണ്ട്. എന്തായാലും, തമിഴ് ദേശീയത എവിടെയോ ഉണര്‍ന്നുവരുന്നുണ്ട്. ഇത്, ഭാവിയിലെ തമിഴ്‌നാട് രാഷ്ട്രീയത്തെ സ്വാധീനിച്ചേക്കാം. ഈയിടെ നടന്ന തദ്ദേശ സ്ഥാപനതെരഞ്ഞെടുപ്പുകളില്‍ തങ്ങള്‍ ‘ചരിത്രപരമായ വിജയം' നേടിയതായി ബി.ജെ.പി പ്രചരിപ്പിക്കുന്നുമുണ്ട്. ഈ വിജയത്തോടെ, തമിഴ്‌നാട്ടിലെ ഏറ്റവും വലിയ മൂന്നാമത്തെ പാര്‍ട്ടിയായി ബി.ജെ.പി മാറിയെന്നാണ് അണ്ണാമലൈ പ്രഖ്യാപിച്ചത്. ചുരുക്കത്തില്‍, ശ്രീലങ്കയില്‍ തമിഴ് ദേശീയതയുടെ ചലനം ദൃശ്യമാകുന്നു, ഇന്ത്യയില്‍നിന്ന് ഇത്തരം ഫ്രിഞ്ച് എലമെന്റുകള്‍ അതിനെ പ്രമോട്ട് ചെയ്യുന്നു എന്നത് ശ്രദ്ധിക്കേണ്ട സംഭവവികാസമാണ്. ഇതുവരെ ശ്രീലങ്കന്‍ പ്രാദേശിക രാഷ്ട്രീയത്തില്‍ ഡി.എം.കെ കക്ഷിയായിരുന്നില്ല, എ.ഐ.എ.ഡി.എം.കെയും കോണ്‍ഗ്രസും ആയിരുന്നു കക്ഷികള്‍. എന്നാലിപ്പോള്‍, ഇതുവരെയില്ലാത്ത ഒരു പ്ലെയറാണ് വരുന്നത്, ഒരു ഹിന്ദു പാര്‍ട്ടി.

ഇന്ത്യ എന്തുചെയ്യും?
ശ്രീലങ്കന്‍ പ്രശ്‌നത്തില്‍ ഇന്ത്യക്ക് എന്ത് നിലപാട് എടുക്കാന്‍ കഴിയും എന്നത് പ്രധാനമാണ്. മുമ്പത്തെ പോലെ ഒരു സമാധാന സേനയെ അയക്കാനൊന്നും ഇന്ത്യക്ക് ഇപ്പോള്‍ കഴിയില്ല. 1971ല്‍ ജനതാ വിമുക്തി പെരമുന, സിരിമാവോ ഭണ്ഡാരനായകേക്കെതിരായ കലാപത്തില്‍, അധികാരം പിടിച്ചെടുക്കുന്നതിന് അടുത്തെത്തിയതാണ്. ഒരുപക്ഷെ, ദക്ഷിണേഷ്യയിലെ ആദ്യ മാര്‍ക്‌സിസ്റ്റ് ഭരണമായി അത് മാറിയേനെ. ഇന്ത്യന്‍ സൈന്യമാണ് അതിനെ തകര്‍ത്തത്. ഇന്ത്യന്‍ സൈന്യത്തിന്റെ ആദ്യ വിദേശ ഇടപെടല്‍ അതായിരുന്നു. ഇപ്പോള്‍ ഇത്തരം റിസ്‌ക് ഇന്ത്യ ഏറ്റെടുക്കില്ല. പകരം, വംശീയതയിലൂന്നിയുള്ള രാഷ്ട്രീയ ഓപ്പറേഷനുകളായിരിക്കും വരാന്‍ പോകുന്നത്.
ശ്രീലങ്കയുടെ കാര്യത്തില്‍ ചൈന ഇത്ര താല്‍പര്യം കാണിക്കുന്നതിനുപുറകില്‍ ജിയോ പൊളിറ്റിക്‌സിന്റെ സ്ട്രാറ്റജിക്കല്‍ പ്രാധാന്യം കൂടിയുണ്ട്. ഒന്ന്, ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ നിയന്ത്രണം. ഇന്ത്യക്കും അതില്‍ താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍, ഇന്ത്യ ഇടപെടാത്തതുകൊണ്ട്, തന്ത്രപരമായ പാളിച്ച പറ്റി. ചൈന ഇടിച്ചുകയറിയത് അതുകൊണ്ടാണ്. ചൈനയുടെ മെഗാ ഇന്‍വെസ്റ്റുമെൻറ് ഫോഴ്‌സ് ഇന്ത്യക്കില്ല എന്നും ഓര്‍ക്കുക.
ചൈന ശ്രീലങ്കയില്‍നിന്ന് പിന്മാറാന്‍ സാധ്യതയില്ല. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ഒരു ഒത്തുതീര്‍പ്പിലേക്ക് പോകാനാണ് സാധ്യത. മറിച്ച്, ഒരു സൈനിക ഇടപെടല്‍ വരികയാണെങ്കില്‍ അത് ചൈനക്ക് അനുകൂലമായിരിക്കും. കാരണം, മിലിറ്ററി ട്രെയിനിങ്ങും ആയുധങ്ങളുമെല്ലാം ചൈനയില്‍നിന്നാണ്. എല്‍. ടി .യെ തകര്‍ത്തത് ചൈനീസ് ആയുധങ്ങളുപയോഗിച്ചാണ്. ഇതൊരു അപകടകരമായ സാധ്യത കൂടിയായിരിക്കും, പ്രത്യേകിച്ച് ഇന്ത്യയെ സംബന്ധിച്ച്- ഒരു മിലിറ്ററി ഭരണകൂടം അധികാരത്തില്‍ വരിക, അത് ചൈനീസ് പക്ഷത്തായിരിക്കുക എന്നത്. ഇതുവരെ സമാധാനപരമായി നിലനിന്ന ഒരു മേഖല നിതാന്ത സംഘര്‍ഷഭൂമിയായി മാറാനുള്ള സാധ്യത തല്‍ക്കാലം ഇല്ലെന്നുതന്നെ പ്രതീക്ഷിക്കാം.
കെ. സഹദേവന്‍
Mar 24, 2023
5 Minutes Read
എസ്. മുഹമ്മദ് ഇര്‍ഷാദ്
Mar 14, 2023
3 Minutes Read
കെ. അരവിന്ദ്
Feb 11, 2023
10 Minutes Read
Think
Feb 03, 2023
10 Minutes Read
ഡോ. രശ്മി പി. ഭാസ്കരന്‍
Feb 03, 2023
6 Minutes Read
കെ. സഹദേവന്‍
Jan 30, 2023
8 minutes read